വിട്ടുവീഴ്ചയും മാപ്പ് നല്‍കലും
യഥാര്‍ഥ മുസ്‌ലിം വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് നല്‍കുന്നവനുമാണ്. മാനുഷികവും ഉദാത്തവുമായ ഒരു സ്വഭാവവിശേഷണമാണിത്. ഈ സ്വഭാവമുള്ളവരെ അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും തേടിയെത്തും. അവരെ സല്‍ക്കര്‍മകാരികളായി ഇസ്‌ലാം എണ്ണുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ ആശയത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ''കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണവര്‍. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു''’(ആലു ഇംറാന്‍ 134). ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടവര്‍ക്കേ ആ സ്ഥാനത്തേക്ക് എത്തിപ്പെടാന്‍ സാധ്യമാകൂ. ഒരാള്‍ക്ക് തന്റെ സഹോദരനില്‍ നിന്ന് വല്ല അക്രമവും നേരിട്ടാല്‍ ആത്മരക്ഷാര്‍ഥം അതുപോലെ തുല്യ അളവില്‍ തിരിച്ചടിക്കാന്‍ ഇസ്‌ലാം അവന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ അയാളോട് പ്രതികാരവും പകയും വിദ്വേഷവും വെച്ച് പുലര്‍ത്താതെ, വിട്ടുവീഴ്ചയോടെയും ക്ഷമയോടെയും വിനയത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ അതിന് മഹത്തായ പ്രതിഫലമാണുള്ളത്. അല്ലാഹു പറയുന്നു: ''ഒരു വിഭാഗം അവര്‍ക്ക് വല്ല മര്‍ദനവും ഏറ്റാല്‍ രക്ഷാ നടപടികള്‍ സ്വീകരിക്കുന്നു. ഒരു തിന്മക്കുളള പ്രതിഫലം അതുപോലുള്ള തിന്മയാകുന്നു. എന്നാല്‍, ആരെങ്കിലും മാപ്പ് നല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതിനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അതിക്രമകാരികളെ ഇഷ്ടപ്പെടുകയില്ല. ഒരാള്‍ മര്‍ദിക്കപ്പെട്ടതിന് ശേഷം രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അവര്‍ക്കെതിരില്‍ യാതൊരു വഴിയുമില്ല (കുറ്റം ചുമത്താന്‍). ജനങ്ങളോട് അനീതി കാണിക്കുകയും അന്യായമായി ജനങ്ങളോട് അതിക്രമം കാണിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും. ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിള്‍പ്പെട്ടതാകുന്നു''’(അശ്ശൂറാ 39- 43).
പ്രവാചക പത്‌നി ആഇശ(റ)യെക്കുറിച്ച് വ്യാജപ്രചാരണം ശക്തമായപ്പോള്‍ പിതാവ് അബൂബക്കര്‍ (റ) അത്തരം ആളുകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തല്‍ ചെയ്യുമെന്ന് സ്വയം ശപഥം ചെയ്തു. ആ സമയത്ത് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. ''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പ് നല്‍കുകയും വിട്ടു വീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപെടുന്നില്ലേ? അല്ലാഹു ധാരാളം പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (അന്നൂര്‍ 22).
വിശ്വാസി പകയും വിദ്വേഷവും പ്രതികാരവും വെച്ച് പുലര്‍ത്തുന്നവനായിരിക്കില്ല. പകരം, ക്ഷമയും വിട്ടുവീഴ്ചയും വിനയവുമായിരിക്കും കൈകൊള്ളുക. ഇസ്‌ലാം അത്തരം സ്വഭാവങ്ങളിലേക്കാണ് മനുഷ്യനെ നയിക്കുന്നത്.“''നല്ലതും ചീത്തയും സമമാവുകയില്ല. അതിനാല്‍ നന്മയാല്‍ തിന്മ തടയുക. അങ്ങനെ ചെയ്താല്‍ നീയുമായി ശത്രുതയുള്ളവന്‍ നിന്റെ ആത്മമിത്രം പോലെ ആയിത്തീരും. എന്നാല്‍, ക്ഷമാശീലര്‍ക്കല്ലാതെ അത് നേടാന്‍ സാധ്യമല്ല. അതീവ സൗഭാഗ്യവാനല്ലാതെ ആ പദവി ആര്‍ജിക്കുകയുമില്ല'' (ഫുസ്സ്വിലത്ത് 34,35).
തിന്മക്ക് പകരം തിന്മ എന്ന സമീപനം കൂടുതല്‍ പകയും വിദ്വേഷവുമാണ് ഉണ്ടാക്കുക. തിന്മക്ക് പകരം നന്മ, അതാണ് ഇസ്‌ലാമിന്റെ സമീപനം. അതുമുഖേന പകയും ശത്രുതയും ഇല്ലാതാക്കാനും മനുഷ്യ മനസ്സില്‍ സ്‌നേഹവും കാരുണ്യവും വര്‍ഷിക്കാനും കഴിഞ്ഞേക്കും. ആയത്തില്‍ സൂചിപ്പിച്ചതു പോലെ അതാണ് “മഹത്തായ വിജയം. യഥാര്‍ഥ മുസ്‌ലിമിനേ ആ പദവി ആര്‍ജിക്കാനാവൂ. ദേഷ്യവും പകയും ശത്രുതയുമുള്ള സമയത്ത് വിശ്വാസിയോട് ഇസ്‌ലാം ആവശ്യപ്പെടുന്നത് വിട്ടുവീഴ്ചയാണ്. ''അതിനാല്‍ മാന്യമാംവിധം നീ വിട്ടു വീഴ്ച ചെയ്യുക'' (അല്‍ഹിജ്ര്‍ 85). പ്രവാചകനോടുള്ള അല്ലാഹുവിന്റെ നിര്‍ദേശങ്ങളില്‍ ഇങ്ങനെ കാണാം: ''നീ വിട്ടുവീഴ്ച കൈകൊള്ളുകയും നന്മ കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക'' (അല്‍അഅ്‌റാഫ് 199). ''ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (നന്മയെ) പ്രതിരോധിക്കുക'' (ഫുസ്സിലത്ത് 34). ഇതുപോലെ വിട്ടുവീഴ്ചയുടെ പ്രാധാന്യവും മഹത്വവും വിളംബരം ചെയ്യുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്.
ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം. ''അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധവേളയിലല്ലാതെ - ഒരു സ്ത്രീയെയോ ഭൃത്യനെയോ യാതൊന്നിനെയും പ്രവാചകന്‍ തന്റെ കൈ കൊണ്ട് പ്രഹരിച്ചിട്ടില്ല, അപ്രകാരം തന്നെ പ്രവാചകന് വല്ല ബുദ്ധിമുട്ടും ഏല്‍പിച്ചവനെ അവിടുന്ന് ശിക്ഷിച്ചിട്ടുമില്ല. എന്നാല്‍, അല്ലാഹു ആദരിച്ച വല്ലതും അനാദരിക്കപ്പെട്ടാല്‍ അല്ലാഹുവിന് വേണ്ടി അവിടുന്ന് പ്രതികാര നടപടികള്‍ എടുത്തിരുന്നു'' (മുസ്‌ലിം).
അനസ് (റ) ഉദ്ധരിക്കുന്നു: ''ഒരിക്കല്‍ പ്രവാചകനോടൊപ്പം ഞാന്‍ നടന്നുപോവുകയായിരുന്നു. പരുക്കന്‍ കരവെച്ച ഒരു നജ്‌റാന്‍ വസ്ത്രമാണ് പ്രവാചകന്‍ ധരിച്ചിരിക്കുന്നത്. അന്നേരം ഒരു ഗ്രാമീണനായ അറബി പ്രവാചകനെ കണ്ടുമുട്ടി. അവിടത്തെ മുണ്ട് അയാള്‍ ശക്തിയായി പിടിച്ചുവലിച്ചു. ഞാന്‍ പ്രവാചകന്റെ പിരടിയിലേക്ക് നോക്കി. പിടിച്ചുവലിയുടെ ശക്തിയാല്‍ മുണ്ടിന്റെ കരയുടെ പാടുകള്‍ പ്രവാചകന്റെ പിരടിയില്‍ പതിഞ്ഞിരുന്നു. പിന്നീടയാള്‍ പറഞ്ഞു: ''അല്ലയോ മുഹമ്മദ്, താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍ നിന്ന് വല്ലതും എനിക്ക് അനുവദിച്ചു തരാന്‍ ഉത്തരവിടുക.'' ഉടനെ പ്രവാചകന്‍ അയാളോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ''ഇയാള്‍ക്ക് ദാനം കൊടുക്കുക'' (ബുഖാരി, മുസ്‌ലിം).
ദൗസ് ഗോത്രം അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനക്ക് കീഴടങ്ങാതിരുന്നപ്പോള്‍ തുഫൈലുബ്‌നു അംറ് ദോസ് പ്രവാചകന്റെയടുത്ത് വന്ന് പറഞ്ഞു: ''ദൗസ് ഗോത്രം ധിക്കാരം കാണിച്ചിരിക്കുന്നു. അതിനാല്‍ താങ്കള്‍ അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.'' ഉടനെ പ്രവാചകന്‍ ഇരുകൈ ഉയര്‍ത്തി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിച്ചു. ജനങ്ങളെല്ലാം ദൗസ് ഗോത്രം നശിച്ചേക്കുമെന്ന് വിധി എഴുതി. എന്നാല്‍, കാരുണ്യവാനും വിനയാന്വിതനുമായ പ്രവാചകന്‍ ദൗസ് ഗോത്രക്കാര്‍ക്ക് വേണ്ടി മൂന്ന് പ്രാവശ്യം പ്രാര്‍ഥിച്ചത് ഇപ്രകാരമായിരുന്നു: ''അല്ലാഹുവേ, ദൗസ് ഗോത്രത്തിന് നീ സന്മാര്‍ഗം നല്‍കുകയും അവരെ നല്ല വഴിക്ക് കൊണ്ടുവരികയും ചെയ്യേണമേ''’(ബുഖാരി, മുസ്‌ലിം).
ഇതെല്ലാം പ്രവാചകന്‍ കാണിച്ച വിശാല മനസ്‌കതയുടെയും വിട്ടുവീഴ്ചയുടെയും വിനയത്തിന്റെയും മകുടോദാഹരണങ്ങളാണ്. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അനുചരന്മാരെ ആ ഉത്കൃഷ്ട സ്വഭാവ ഗുണങ്ങള്‍ പിന്തുടരുന്നവരും അനുകരിക്കുന്നവരുമാക്കാന്‍ പ്രവാചകന്‍ സദാ ശ്രദ്ധ ചെലുത്തി.
വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍
Comments