നരഹത്യയുടെ സാങ്കേതികത്വം മറയാക്കി....
ഹരിണ്‍ പാണ്ഡ്യയുടെയും ശ്രീകുമാറിന്റെയും വഴികളിലൂടെ സഞ്ജീവ് രാജേന്ദ്ര ഭട്ട് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടി നരേന്ദ്ര മോഡിയുടെ കരാളമുഖം തുറന്നു കാട്ടാന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതോടെ ഗുജറാത്ത് കലാപം ചരിത്രത്തിലെ ഏറ്റവും കടുത്ത നിയമപരിശോധനകളിലൊന്നിനാണ് കാതോര്‍ക്കുന്നത്. മോഡിയുടെ ബംഗ്ലാവില്‍ 2002 ഫെബ്രുവരി 27ന് നടന്ന പ്രമാദമായ ആ ഗൂഢാലോചനാ യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിട്ടില്ല എന്നു തെളിയിച്ച് തടിരക്ഷപ്പെടുത്താന്‍ ശ്രമിച്ചും ആ യോഗത്തില്‍ സംബന്ധിച്ച കുറെ ഏറാന്‍മൂളി ഓഫീസര്‍മാരെ കൊണ്ട് ഭട്ടിനെതിരെ മൊഴി കൊടുപ്പിച്ചും ഇതിനകം ഏതാണ്ട് മോഡിയുടെ ചെരിപ്പിന്റെ വാറഴിച്ചു തുടങ്ങിയ രാഘവന്റെ എസ്.ഐ.ടി സംഘത്തിന്റെ 'കണ്ടെത്തലുകളെ' കോടതിയില്‍ തനിക്കനുകൂലമായി ദുരുപയോഗിച്ചുമാണ് മോഡി അവസാന അങ്കം തകര്‍ത്താടുന്നത്. ഗോധ്രാ സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഹിന്ദുക്കളെ കയറൂരി വിടണമെന്ന് ഈ യോഗത്തില്‍ മോഡി പോലിസ് ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായാണ് ഭട്ട് വെളിപ്പെടുത്തിയത്.
നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കും അതുവഴി ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലേക്കും ഉയര്‍ത്തിക്കാട്ടാനുള്ള ബി.ജെ.പിയുടെ നീക്കങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് 'നരഹത്യാനായക'ന്റെ തനിനിറവുമായി ഭട്ട് സുപ്രീംകോടതിയിലെത്തിയത്. അന്നേ ദിവസം കാലത്ത് ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാള്‍ മോഡിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായാല്‍ കൊള്ളാമെന്ന മോഹം പരസ്യമായി പ്രകടിപ്പിച്ചതിന്റെ ഏഴാം മണിക്കൂറിലായിരുന്നു ഈ ഹരജി വാര്‍ത്ത ദല്‍ഹിയില്‍ പുറത്തുവന്നത്. മോഡിയുടെ കാര്യത്തില്‍ കാവ്യനീതി പോലെ സംഭവിച്ചു കൊണ്ടിരുന്ന പലതരം വെളിപ്പെടലുകളുടെ തുടര്‍ച്ച മാത്രമായിരുന്നു ഇത്. ഗുജറാത്തിലെ മുസ്‌ലിംകള്‍ മോഡിയോടൊപ്പമാണെന്നും ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിംകളെക്കാളും വികസനപാതയില്‍ പത്ത് മടങ്ങ് മുമ്പിലാണ് ഗുജറാത്തിലെ മുസ്‌ലിംകളെന്നും മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടു വരുന്നതിനിടെയായിരുന്നു ഡോ: അബൂസാലെ ശരീഫിന്റെ പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഒറീസയിലെയും ബീഹാറിലെയും മുസ്‌ലിംകളുടെതിനേക്കാള്‍ വിശപ്പും ദാരിദ്ര്യവും സുരക്ഷിതത്വമില്ലായ്മയും തൊഴിലില്ലായ്മയും ഗുജറാത്തിലുണ്ടെന്ന് കണക്കുകള്‍ സഹിതം ഈ റിപ്പോര്‍ട്ട് തെളിയിച്ചു. ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഉദാഹരണമാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ദേശീയ തലത്തില്‍ നടക്കുന്നതുമായി തട്ടി നോക്കിയാല്‍ വെറും 5 ശതമാനമാണ് ഈ മേഖലയില്‍ ഗുജറാത്തിലെ ദരിദ്രര്‍ക്ക്, വിശിഷ്യ മുസ്‌ലിംകള്‍ക്ക് ലഭിച്ച തൊഴിലവസരം. ദല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ ഈ കണക്കുകള്‍ യു.പി, ബംഗാള്‍, ബീഹാര്‍, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ പൊതു ജീവിത നിലവാരത്തിന്റെ ഏറ്റവും ആനുകാലികമായ കണക്കുകളാണ് പുറത്തു വിടുന്നത്. ഗുജറാത്തിലെ മുസ്‌ലിംകളെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും നിശ്ശബ്ദരാക്കിയതിനു ശേഷം അവര്‍ തന്നോടൊപ്പമാണെന്ന് അവകാശപ്പെടുന്ന മോഡിക്കേറ്റ കനത്ത പ്രഹരങ്ങളിലൊന്നായിരുന്നു ഈ റിപ്പോര്‍ട്ട്. യു.പിയിലെ അസംഗഡില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കംപ്യൂട്ടര്‍ പരിശീലിക്കുന്നതിന്റെ ചിത്രമെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍ മുസ്‌ലിംകളെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിക്കുന്നു എന്ന പരസ്യം നല്‍കി കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോഡി നാണം കെട്ടതോര്‍ക്കുക. സ്വന്തം സംസ്ഥാനത്ത് അത്തരം ഒരു ഫോട്ടോ പോലും മോഡിക്ക് എടുക്കാനില്ലെന്നു കൂടിയാണ് ആ ചിത്രം അന്ന് വിളിച്ചു പറഞ്ഞത്.
ഗുജറാത്ത് കലാപത്തിന്റെ 23,000ത്തോളം ഇരകളാണ് ഇന്നും താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നത്. ഹിന്ദുത്വ ലാബോറട്ടറിയില്‍ 2002ല്‍ ചുട്ടെരിക്കപ്പെട്ട ഇവരുടെ കിടപ്പാടങ്ങള്‍ക്ക് ഒന്നിന് പതിനായിരം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം. ഏതാണ്ട് തത്തുല്യമായ തുകയാണ് ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തട്ടിപ്പറിച്ചെടുക്കുന്ന കൃഷിഭൂമിക്കും സാധാരണക്കാരന്റെ പുരയിടങ്ങള്‍ക്കും ഗുജറാത്തില്‍ ലഭിക്കുന്ന വില. ഓരോ വര്‍ഷവും പടിപടിയായി ഉയര്‍ന്ന് ഗുജറാത്തിലെ വിദേശ നിക്ഷേപം 2011ല്‍ 21 ലക്ഷം കോടി രൂപയോളമായെങ്കില്‍, അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണവും ബഹുകോടി വര്‍ധിക്കുകയാണ് ഈ സംസ്ഥാനത്ത് സംഭവിച്ചത്. 98 ശതമാനം ഗ്രാമങ്ങളിലും കരന്റും വെള്ളവും ഉണ്ടായിരിക്കാം. പക്ഷേ, ഝാര്‍ഖണ്ഡും ചത്തീസ്ഗഡും മധ്യപ്രദേശും മാത്രമാണ് വിശപ്പിന്റെ നിരക്കില്‍ ഗുജറാത്തിനേക്കാള്‍ താഴെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയെല്ലാമായിട്ടും സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ നരേന്ദ്ര മോഡിയെ വാഴ്ത്തിപ്പാടി ഗുജറാത്തില്‍ നിന്ന് പട്ടും വളയും തരപ്പെടുത്തുന്ന തിരക്കിലാണ്. ആരാധകരുടെ സ്തുതികള്‍ എഴുതി നിറച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക ബ്ലോഗില്‍ 2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ പോലുമുണ്ട്. മെയ് 5ന് പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ പറയുന്നത് ഗുജറാത്തിലെ മുസ്‌ലിം ഏരിയകളില്‍ 2002 മുതല്‍ ഇന്നേവരെ നടന്ന കത്തിക്കുത്തുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കലാപകാലത്ത് കൊല്ലപ്പെട്ടവരുടേതിനേക്കാള്‍ എത്രയോ തുഛമാണെന്നാണ്! കലാപത്തെ മറന്ന് മോഡി എന്ന വികസന നായകനെ രാഷ്ട്ര നേതൃത്വത്തിലേക്ക് ഉയര്‍ത്തേണ്ട സമയമായെന്നാണ് ഈ കുറിപ്പുകള്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കുകയാണെങ്കില്‍ മറക്കാനും മറച്ചു പിടിക്കാനും മോഡി ആഗ്രഹിക്കുന്ന, കുറെ വാടക പ്രചാരകര്‍ കരാറേറ്റെടുത്ത അദ്ദേഹത്തിന്റെ കപട പ്രതിഛായയുടെ നേര്‍ക്ക് ഉയര്‍ത്തപ്പെടുന്ന ഏറ്റവും കനത്ത വെല്ലുവിളികളിലൊന്നാണ് സഞ്ജീവ് ഭട്ട് കോടതിയില്‍ നല്‍കിയ ഹരജി.
സുപ്രീംകോടതി തന്നെ നിശ്ചയിച്ച അന്വേഷണ കമീഷന്റെ തലപ്പത്തുള്ള കെ. രാഘവനാണ് ഇന്ന് മോഡിയുടെ പ്രചാരണകമ്മിറ്റിയുടെ 'മുഖ്യതാര'മായി മാറുന്നത്. കൗസര്‍ബാനുവിന്റെ വയര്‍ വെട്ടിപ്പൊളിച്ച് ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്തെടുത്തതിന് 18 സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ് അവരെയെല്ലാം ഒഴിവാക്കി അതൊരു കള്ളക്കേസായിരുന്നുവെന്ന് തെളിയിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം അധ്യക്ഷനായുള്ള പ്രത്യേക അന്വേഷണ സംഘം. തുടക്കത്തില്‍ സഞ്ജയ് ഭട്ടിനെ ഒഴിവാക്കി മുന്നേറാനായിരുന്നു എസ്.ഐ.ടിയുടെ ശ്രമം. രാഘവന്‍ പറയുന്ന ആ സാങ്കേതികത്വം സുപ്രീം കോടതിക്കു ബോധ്യമാവുന്നില്ലെങ്കില്‍ സത്യം ജയിക്കും, അല്ലെങ്കില്‍ മോഡി.
Comments