Prabodhanm Weekly

Pages

Search

2011 മെയ് 14

മഹല്ലിനകത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

ഡോ. ഇസഡ്.എ അശ്‌റഫ്

ഒരു പ്രദേശത്തെ ജനതയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ കാര്യനിര്‍വഹണ-ഭരണ സംവിധാനമായിരുന്നു മഹല്ല് വ്യവസ്ഥ. പക്ഷേ, കാലാന്തരത്തില്‍ പല കാരണങ്ങളാല്‍ മഹല്ലുകളുടെ ഘടനയിലും സ്വഭാവത്തിലും മാറ്റം വരികയും മഹല്ല് കമ്മിറ്റികള്‍ കേവലം പള്ളിപരിപാലന കമ്മിറ്റികളായി ചുരുങ്ങിപ്പോവുകയും ചെയ്തു.
അടുത്തകാലത്തായി ചില മഹല്ലുകളെങ്കിലും ഈ ഒതുങ്ങിപ്പോവലിനെ തിരിച്ചറിയുകയും മഹല്ല് ഘടന ഒരു പ്രദേശത്തിന്റെ സമഗ്രമായ വികസന സംവിധാനമായി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെ ചില മഹല്ല് കമ്മിറ്റികള്‍ കാര്യക്ഷമമായി തന്നെ അഭിമുഖീകരിക്കുന്നുണ്ട്.
ഈ ഘട്ടത്തിലും ആഗോളാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന പ്രാദേശിക വികസന സൂചികകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ സ്വഭാവവും ശാസ്ത്രീയതയും ഉറപ്പുവരുത്താന്‍ കേരളത്തിലെ മഹല്ല് വ്യവസ്ഥകളൊന്നും തയാറായതായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
1990-കളിലാണ് യുനൈറ്റഡ് നാഷ്ന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി) ഒരു രാഷ്ട്രത്തിന്റെ മാനവ വികസനം സൂചിപ്പിക്കാന്‍ ഉതകുന്ന ലളിതവും ശാസ്ത്രീയവുമായ സൂചികകള്‍ വികസിപ്പിച്ചെടുക്കുന്നത്. മാനവ വികസന സൂചിക(എച്ച്.ഡി.ഐ) പോലുള്ള സൂചികകള്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തു.
ഇതിന്റെ ചുവട് പിടിച്ചുകൊണ്ട് ഒരു ഗ്രാമത്തിന്റെ അല്ലെങ്കില്‍ ഒരു പ്രദേശത്തിന്റെ വികസന സൂചിക തയാറാക്കാനുള്ള മാര്‍ഗങ്ങളും പല രാജ്യങ്ങളിലും ഉപയോഗിക്കപ്പെടുന്നു. ഈ അര്‍ഥത്തില്‍ ഒരു മഹല്ല് വികസന സൂചിക ഇനിയും രൂപപ്പെട്ടു വരേണ്ടതുണ്ട്.
ഒരു പ്രദേശത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകം എന്ന നിലയില്‍ വിദ്യാഭ്യാസ നിലവാരം ഇത്തരം സൂചകങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നു. സംസ്‌കാരവും തൊഴിലും കുടുംബാന്തരീക്ഷവും എല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏതൊരു സമൂഹത്തിലും വിദ്യാഭ്യാസം മുഖ്യ അജണ്ടയായി നിലകൊള്ളുന്നു.
ഒരു മഹല്ല് ഘടനയില്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി ആര്‍ജിക്കാന്‍ നടപ്പിലാക്കാവുന്ന ചില പ്രായോഗിക പരിപാടികള്‍ നിര്‍ദേശിക്കുക എന്നതാണ് ഈ എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ സമിതി
മഹല്ലിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഒരു വിദ്യാഭ്യാസ സമിതി രൂപവത്കരിച്ചുകൊണ്ടായിരിക്കണം. മഹല്ല് ഭരണസമിതിയുടെ ഒരു ഉപസമിതി എന്ന നിലയിലോ ഒരു സ്വതന്ത്ര കമ്മിറ്റി എന്ന നിലയിലോ ഇത്തരത്തിലുള്ള ഒരു സമിതിക്ക് സാധ്യതയുണ്ട്. നാട്ടില്‍ സ്ഥിരം ലഭ്യമായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചേര്‍ന്നതാവണം വിദ്യാഭ്യാസ സമിതി.
മഹല്ലിലെ ജനങ്ങളെ പൊതുവിലും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രത്യേകിച്ചും സ്വാധീനിക്കാന്‍ സാധിക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസസമിതിയുടെ പ്രഥമ കര്‍ത്തവ്യം.

മഹല്ല് വിദ്യാഭ്യാസ സര്‍വേ
ശാസ്ത്രീയമായ വിദ്യാഭ്യാസ പ്രവര്‍ത്തനം കേവലം ബോധവത്കരണ പരിപാടികളില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. മഹല്ലിലെ മുഴുവന്‍ നിവാസികളുടെയും വിദ്യാഭ്യാസ-തൊഴില്‍ സ്ഥിതി വിവരം ലഭിക്കുമ്പോള്‍ മാത്രമേ സമഗ്രവും സൂക്ഷ്മവുമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ശാസ്ത്രീയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ സമ്പൂര്‍ണ സര്‍വേ നടത്തണം. ഏറെ അധ്വാനവും അല്‍പം സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ് ഇതെങ്കിലും, ഇത്തരമൊരു സര്‍വേ മഹല്ലിന്റെ സര്‍വതോന്മുഖ വികസന ആസൂത്രണത്തിന് അനിവാര്യമാണ്.
മഹല്ല് സര്‍വേക്ക് ആവശ്യമായ സര്‍വേ ഫോറങ്ങളും ഡാറ്റ വിശകലനത്തിന് സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളും ഇന്ന് ലഭ്യമാണെന്നതിനാല്‍ ഓരോ മഹല്ലും ഇത്തരം ഫോറങ്ങളും സോഫ്റ്റ്‌വെയറുകളും ഉണ്ടാക്കേണ്ടതില്ല.
മഹല്ല് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുധാരണ ഉണ്ടാക്കാം എന്നതിനെക്കാളേറെ മഹല്ലിന്റെ സമ്പൂര്‍ണ ഡാറ്റാബേസ് കൊണ്ട് വേറെയും നേട്ടങ്ങളുണ്ട്. വിവിധ തൊഴില്‍ ഒഴിവുകളിലേക്ക് യോഗ്യരായവരെ നിര്‍ദേശിക്കാനും ഉപരിപഠന സാധ്യതകളിലേക്ക് വിദ്യാര്‍ഥികളെ പറഞ്ഞയക്കാനും ഈ ഡാറ്റാബേസ് ഉപയോഗപ്പെടുത്താം.

പഠന താല്‍പര്യവും പഠന പിന്നാക്കാവസ്ഥയും
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പ്രധാന മാര്‍ഗം കുട്ടിയില്‍ പഠനത്തോടുള്ള താല്‍പര്യവും ആഭിമുഖ്യവും വളര്‍ത്തുക എന്നതാണ്. കാര്യക്ഷമമായ പഠനരീതിയെക്കുറിച്ചുള്ള ശില്‍പശാലകളും ഗ്രാഹ്യശക്തി, ഓര്‍മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഒരു പരിധിവരെ പഠന താല്‍പര്യം വളര്‍ത്തും. ഈ മേഖലയില്‍ ഏറെ ശ്രദ്ധ പതിയേണ്ട മറ്റൊരു വിഷയമാണ് പഠന പിന്നാക്കാവസ്ഥ നേരിടുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നത്. പൊതുവെ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം നേരിടുന്ന ഭാഷ, ഗണിതം പോലുള്ള വിഷയങ്ങളില്‍ പരിഹാര ബോധന സംവിധാനം മഹല്ലിനകത്ത് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. മഹല്ലിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അടിസ്ഥാന ശേഷി നിര്‍ണയിക്കാനുള്ള പരീക്ഷകളോ പഠനാഭിരുചി നിര്‍ണയ പരീക്ഷകളോ നടത്തിയാല്‍ വിദ്യാര്‍ഥികളുടെ പഠന പിന്നാക്കാവസ്ഥ തിരിച്ചറിയാനും റെമഡിയല്‍ കോച്ചിംഗ് നല്‍കാനും സാധിക്കും.

ഉന്നത പഠന സാധ്യതകളും കരിയര്‍ ഗൈഡന്‍സ് സെന്ററും
ഒരു മഹല്ലില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സംവിധാനമാണ് കരിയര്‍ ഗൈഡന്‍സ് സെന്റര്‍. മറ്റേത് രംഗത്തേതുപോലെ തന്നെ, വ്യക്തമായ ആസൂത്രണവും തയാറെടുപ്പും ഉണ്ടെങ്കില്‍ മാത്രമേ മികച്ച കരിയറില്‍ കുട്ടികളെ എത്തിക്കാന്‍ സാധിക്കുകയുള്ളൂ. പത്ത്/പന്ത്രണ്ട് ക്ലാസ് കഴിഞ്ഞാല്‍ ഏതൊക്കെ ഉപരിപഠന സാധ്യതകളുണ്ട് എന്നത് മഹല്ലില്‍ ലഭിക്കേണ്ട വിവരങ്ങളായിരിക്കണം. കുട്ടിയുടെ നൈസര്‍ഗിക വാസനകളും താല്‍പര്യവും കണക്കിലെടുത്ത് വേണം കോഴ്‌സുകളും തൊഴില്‍ മേഖലകളും തെരഞ്ഞെടുക്കേണ്ടത്. പക്ഷേ, പലപ്പോഴും പൊതു പ്രവണതക്കനുസരിച്ച് ഒഴുകുകയോ രക്ഷിതാക്കളുടെ നിര്‍ബന്ധത്താല്‍ ഏതെങ്കിലും കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയോ ആണ് ഏറെ പേരും ചെയ്യുന്നത്.
എളുപ്പം ജോലി ലഭിക്കുക എന്ന പരിമിത ചിന്തയില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഹ്രസ്വകാല കോഴ്‌സുകളില്‍ ചേര്‍ന്ന് കരിയര്‍ മുരടിപ്പിക്കുന്നത് സാധാരണമാണ്. മറ്റു ചിലരാകട്ടെ ഡോക്ടര്‍/എഞ്ചിനീയര്‍ എന്ന ഫ്രെയിമിന് പുറത്തേക്ക് കടക്കാനാവാതെ കുടുങ്ങിക്കിടക്കുന്നു. ഈ അവസ്ഥയില്‍, കുട്ടിയുടെ അഭിരുചിക്കും താല്‍പര്യത്തിനും ഇണങ്ങുന്ന മേഖലയിലേക്ക് വഴിതിരിച്ചുവിടുക എന്നതാവണം മഹല്ല് കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ ഉത്തരവാദിത്വം. മഹല്ലിനകത്ത് തന്നെയുള്ള വിദ്യാഭ്യാസം ലഭിച്ച യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കിയാല്‍ കരിയര്‍ കൗണ്‍സിലര്‍ എന്ന രീതിയില്‍ അതേ മഹല്ലില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

സ്‌കോളര്‍ഷിപ്പ് വിഭാഗവും ഹെല്‍പ് ഡസ്‌ക്കും
കേരളത്തിലെ മുസ്‌ലിം ജനവിഭാഗം പൊതുവെ സാമ്പത്തികമായി എടുത്തുപറയത്തക്കവിധം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, സാമ്പത്തിക പ്രയാസം കാരണം പഠനം തുടരാന്‍ പ്രയാസപ്പെടുന്നവര്‍ നിരവധിയാണ്. പിന്നാക്ക വിഭാഗങ്ങളെ വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും മറ്റു സന്നദ്ധ സംഘടനകളും നിരവധി പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്. പക്ഷേ, ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടുന്ന ഭൂരിപക്ഷം പേര്‍ക്കും പല കാരണങ്ങളാല്‍ ഇത് നേടിയെടുക്കാന്‍ സാധിക്കാറില്ല.
വിവിധ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് യഥാസമയം മഹല്ല് നിവാസികളെ അറിയിക്കാനും അപേക്ഷ തയാറാക്കാന്‍ സഹായിക്കുന്നതിനും ഓരോ മഹല്ലിലും സ്‌കോളര്‍ഷിപ്പ് വിംഗ് പ്രവര്‍ത്തിക്കേണ്ടതാണ്. ആവശ്യമായ ഘട്ടത്തില്‍ ഹെല്‍പ് ഡസ്‌ക്കുകളിലൂടെ അപേക്ഷകരെ സഹായിക്കാനും ഇതുമൂലം സാധ്യമാവും.
ഏതെങ്കിലും കാരണത്താല്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതെ വരുന്ന, അല്ലെങ്കില്‍ മതിയാകാതെ വരുന്ന വിദ്യാര്‍ഥികളെ കണ്ടെത്താനും പ്രാദേശികമായി തന്നെ സ്‌പോണ്‍സര്‍മാരെ കണ്ടുപിടിക്കാനും ഈ വിംഗിലൂടെ സാധ്യമാവുന്നു.

മഹല്ല് ലൈബ്രറി/വായനശാല
അടുത്തകാലത്തായി ശ്രദ്ധയില്‍ പെട്ട, ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്, ചില പള്ളികളോടൊത്ത് ലൈബ്രറിയും പൊതുവായനശാലകളും സ്ഥാപിക്കപ്പെട്ടു എന്നത്. വായനശാലകളും ലൈബ്രറികളും ഒരു സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിദ്യാഭ്യാസവും കരിയറുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങളും ജേര്‍ണലുകളും മറ്റു ആനുകാലികങ്ങളും വായിക്കാനുള്ള ഒരു ശീലം ലൈബ്രറികളിലൂടെ ലഭിക്കുന്നു. മഹല്ല് കമ്മിറ്റികള്‍ തന്നെ മുന്‍കൈ എടുത്ത് ഇത്തരം പൊതു സ്ഥാപനങ്ങള്‍ തുടങ്ങുന്നത് സമൂഹത്തില്‍ സമുദായത്തെക്കുറിച്ച് മതിപ്പുളവാക്കുമെന്നതും ഉറപ്പാണ്.
മാത്രമല്ല, ഇത്തരം വായനശാലകളില്‍ കരിയര്‍ ന്യൂസ്, തൊഴില്‍ വാര്‍ത്തകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കൂടി ഉണ്ടാവുകയാണെങ്കില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുകയും അവരുടെ ചര്‍ച്ചകളെ ഗുണപരമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക
മഹല്ലിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നത് മഹല്ല് വിദ്യാഭ്യാസ സമിതി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. സ്ഥാപനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മഹല്ലിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായും അധ്യാപകരുമായും നല്ല ബന്ധം മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും വിദ്യാഭ്യാസ സമിതിക്കും ഉണ്ടായിരിക്കണം.
(സിജിയുടെ സെക്രട്ടറിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം