പശ്ചിമബംഗാളിലെ മുസ്‌ലിം രാഷ്ട്രീയം
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുസ്‌ലിം സമുദായം ഇടതുമുന്നണിയില്‍ നിന്നകന്നത് എന്തുകൊണ്ടാണ്?
ബംഗാളിലെ മുസ്‌ലിം സമുദായം നീതിയും തുല്യാവസരങ്ങളും ആഗ്രഹിക്കുന്നു. ഇത് രണ്ടും നല്‍കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. അകല്‍ച്ചയുടെ കാരണമിതാണ്.
ഇടതു സര്‍ക്കാറിന്റെ മനോഭാവം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണ്. സാമുദായിക പുരോഗതിയേക്കാള്‍ വര്‍ഗ പുരോഗതിക്കാണ് ഇടതുമുന്നണി പ്രാമുഖ്യം നല്‍കിയത്. മുസ്‌ലിം സമുദായത്തിലെ പുതിയ തലമുറ തങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു കിട്ടണമെന്നാഗ്രഹിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാറിനെ ഒരു പാഠം പഠിപ്പിക്കണമെന്ന മനസ്സാണ് അവര്‍ക്കിന്നുള്ളത്.
ഭൂമിയാണ് താങ്കളുടെ വകുപ്പ്. ബംഗാളി മുസ്‌ലിംകളെ ഏറെ പ്രകോപിപ്പിച്ചതും ഭൂപ്രശ്‌നങ്ങളാണ്?
അതെ, ഭൂപ്രശ്‌നം വളരെ പ്രധാന ഘടകം തന്നെയാണ്. ഏഴാം ഇടതു സര്‍ക്കാര്‍ 2006-ല്‍ അധികാരത്തില്‍ വരുന്നത് വ്യവസായവത്കരണ മന്ത്രം മുഴക്കിയാണ്. ഇതിന് ധാരാളം ഭൂമി ആവശ്യമായിരുന്നു. എന്നാല്‍, യാതൊരു ചര്‍ച്ചയും കൂടാതെ, ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ ചാടിയിറങ്ങിയതാണ് പ്രശ്‌നമായത്. ബംഗാളിലെ മുസ്‌ലിംകളധികവും ഭൂമിയെ ഉപജീവിക്കുന്നവരാണ്. സര്‍ക്കാറിന്റെ ഭൂനയം അവരെ ഭീതിയിലാഴ്ത്തി. കുടിയൊഴിപ്പിക്കല്‍ ഭീഷണി അവരെ മാനസികമായി തളര്‍ത്തിക്കളഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മുസ്‌ലിം വോട്ട് ഇടതുമുന്നണിയില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ അസംബ്ലി തെരഞ്ഞെടുപ്പിലും ഇത് തുടരുമോ?
അവസാനകാലത്ത്, തൊഴില്‍ സംവരണമടക്കം മുസ്‌ലിം സമുദായത്തിനുവേണ്ടി ഇടതു സര്‍ക്കാര്‍ പല പദ്ധതികളും തുടങ്ങിവെച്ചിട്ടുണ്ട്. യുവ മുസ്‌ലിംകളില്‍ ഇത് ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇടതുമുന്നണി വിട്ടവരില്‍ ചിലരെങ്കിലും തിരിച്ചുവന്നിട്ടുമുണ്ട്. എന്നാല്‍,സമുദായം മൊത്തത്തില്‍ ഇതിനെ വിശ്വാസത്തിലെടുത്തു എന്ന് പറയാനാവില്ല.
ഇത്തവണയും ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമോ?
തീര്‍ച്ചയായും. കാരണം ഞങ്ങള്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. തിരുത്തല്‍ പ്രക്രിയകള്‍ ആരംഭിച്ചിട്ടുമുണ്ട്. അത് തീര്‍ച്ചയായും സമയമെടുക്കുന്ന ഒന്നാണ്. നീതി ലഭ്യമാവാതെ മുസ്‌ലിംകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരില്ല എന്നു ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
അലീഗഢ് സര്‍വകലാശാല സെന്ററിന് മുര്‍ഷിദാബാദില്‍ സ്ഥലമനുവദിച്ചത് ഞങ്ങളുടെ സര്‍ക്കാര്‍ മാത്രമാണ്. സൗത്ത് 24 പര്‍ഗനാസില്‍ ആലിയ സര്‍വകലാശാലക്കും ഭൂമി ഏറ്റെടുക്കുന്നുണ്ട്. ന്യൂനപക്ഷത്തിന് സംരക്ഷണം മതേതരത്വമാണെന്ന് ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തുകയാണ്. ബാബരി തകര്‍ച്ചയുടെ സമയത്ത് കോണ്‍ഗ്രസ് കപട വിശ്വാസികളുടെ (മുനാഫിഖ്) കളിയാണ് കളിച്ചത്. ജ്യോതിബസു ആവശ്യപ്പെട്ടിട്ടും നരസിംഹറാവു പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചില്ല. തൃണമൂല്‍ കോണ്‍ഗ്രസും പുറത്ത് ഭാവിക്കുന്ന പോലെ, ഒട്ടും മതേതരമല്ല.
മുസ്‌ലിംകള്‍ക്ക്
ഇടതുപക്ഷത്തെ മടുത്തിരിക്കുന്നു
ഷഹന്‍ഷാ ജഹാംഗീര്‍
(മുസ്‌ലിം ലീഗ് ബംഗാള്‍ ഘടകം പ്രസിഡന്റ്, ദേശീയ സെക്രട്ടറി)
സ്വാതന്ത്ര്യത്തിനു ശേഷമുള്ള 28 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് പറയാമോ?
മുസ്‌ലിംകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ ഒരൊറ്റ മദ്‌റസയോ കോളേജോ യൂനിവേഴ്‌സിറ്റിയോ ആരംഭിച്ചില്ല. ദീനജ്പൂര്‍, മാല്‍ദ, മുര്‍ഷിദാബാദ് എന്നീ ജില്ലകള്‍ വിഭജനാനന്തരവും മുസ്‌ലിം ഭൂരിപക്ഷമായി തന്നെ തുടര്‍ന്നു. എന്നാല്‍, ഇവിടത്തെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ല. മറ്റു ജില്ലകളില്‍ ധാരാളം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കപ്പെട്ടപ്പോള്‍ ഈ ജില്ലകള്‍ പൂര്‍ണമായും തഴയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത്, 'ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍' പോലുള്ള നിയമങ്ങള്‍ കാരണം സ്വന്തം അസ്തിത്വം വെളിപ്പെടുത്താന്‍ പോലും മുസ്‌ലിംകള്‍ ഭയപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിരുന്നു. 1965-ലെ യുദ്ധത്തിനു ശേഷം തലയെടുപ്പുള്ള ധാരാളം മുസ്‌ലിം നേതാക്കള്‍ ജയിലിലടക്കപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് സയ്യിദ് ബദന്ദദുജയും ഇതില്‍ പെടും. കിഴക്കന്‍ ബംഗാളില്‍ നിന്ന് വന്നവര്‍ക്കാണ് ഉദ്യോഗങ്ങളില്‍ ഭൂരിഭാഗവും ലഭിച്ചത്. പശ്ചിമബംഗാളില്‍ തന്നെ നിലനിന്ന മുസ്‌ലിംകളെ അവര്‍ കണക്കില്ലാതെ പീഡിപ്പിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള 34 വര്‍ഷത്തെ ഇടതുഭരണത്തെക്കുറിച്ച്?
ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും നന്മ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ജനം ഇടതുപക്ഷത്തിന് വോട്ട് നല്‍കിയത്. കമ്യൂണിസ്റ്റുകാര്‍ എപ്പോഴും പാവങ്ങളെക്കുറിച്ച് പറയുന്നവരാണല്ലോ. എന്നാല്‍, ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും മോശപ്പെട്ട സര്‍ക്കാറായി അവര്‍ സ്വയം വെളിപ്പെടുകയായിരുന്നു, കഴിഞ്ഞ 34 വര്‍ഷങ്ങളില്‍. കൃഷി മുതല്‍ ധനകാര്യ-വിദ്യാഭ്യാസം വരെയുള്ള മേഖലകളില്‍ മുസ്‌ലിംകള്‍ 'സംപൂജ്യ'രാക്കപ്പെട്ടു.
ഇപ്പോള്‍ മുസ്‌ലിം വോട്ടുകള്‍ ഇടതുപക്ഷത്തുനിന്ന് ചോര്‍ന്നുകൊണ്ടിരിക്കുകയാണ്?
സച്ചാര്‍ റിപ്പോര്‍ട്ട് കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മീഡിയ എടുത്തുകാട്ടി. ഇപ്പോള്‍ മുസ്‌ലിംകള്‍ക്ക് ഇടതുപക്ഷത്തെ മടുത്തിരിക്കുന്നു. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുകയാണ്. ഇത്തവണ ഇടതുപക്ഷം വീഴും എന്നുറപ്പാണ്.
മുസ്‌ലിംകളുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ നിന്ന് മുസ്‌ലിം ലീഗിന് ഗുണം ലഭിക്കുമോ?
മുസ്‌ലിം ലീഗ് ബംഗാളില്‍ ഏറെ വേരോട്ടമുള്ള പാര്‍ട്ടിയാണ്. അത് സ്ഥാപിക്കപ്പെട്ടതുപോലും ബംഗാളിലായിരുന്നു. തങ്ങള്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ ലഭിക്കണമെന്ന് ഇന്ന് മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ശബ്ദമുണ്ടാവണം. സംസ്ഥാനത്തെ മുസ്‌ലിംകളെ യഥാവിധം പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി മുസ്‌ലിം ലീഗാണ്.
ഇടതുപക്ഷത്തിനെതിരെ കുപ്രചാരണം
അബ്ദുസ്സത്താര്‍
(ന്യൂനപക്ഷ വകുപ്പ് മന്ത്രി)
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മുസ്‌ലിം സമുദായം ഇടതുമുന്നണിയില്‍ നിന്നകന്നത് എന്തുകൊണ്ട്?
രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മുസ്‌ലിംകളുടെ ഭൂമി അപ്പാടെ സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രചാരണം. സ്വാതന്ത്ര്യത്തിനു ശേഷം ഭൂപരിഷ്‌കരണം ആദ്യമായി നടപ്പാക്കിയത് ബംഗാളിലായിരുന്നു. അന്ന്, മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ മുസ്‌ലിംകള്‍ക്ക് ഭൂമി അനുവദിച്ചതും ബംഗാളില്‍ തന്നെയായിരുന്നു. മുസ്‌ലിംകളുടെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു എന്ന് പ്രചാരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചില സംഘടനകളെയും പണ്ഡിതന്മാരെയും ചുമതലപ്പെടുത്തുകയായിരുന്നു.
രണ്ട്, സച്ചാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച തെറ്റായ പ്രചാരണം. കമ്മിറ്റി കണ്ടെത്തിയത് ബംഗാളിനെക്കുറിച്ച് മാത്രമായിട്ടാണെന്നായിരുന്നു കുപ്രചാരണം.
ഇടതുപക്ഷത്തുനിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ മുസ്‌ലിം വോട്ട് ചോര്‍ച്ച ഇത്തവണയും തുടരുമോ?
ചോര്‍ച്ചയുണ്ടായി എന്നത് ശരിയാണ്. എങ്കിലും, 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും തെറ്റായി നയിക്കപ്പെടുകയുമായിരുന്നുവെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നുണ്ട്. മുസ്‌ലിംകളുടെ ഭൂമി കൈയേറിയിട്ടില്ല. ഒരൊറ്റ പള്ളിയോ ഖബ്ര്‍സ്ഥാനോ തകര്‍പ്പെട്ടിട്ടില്ല. അതിലുപരിയായി, കഴിഞ്ഞ 34 വര്‍ഷങ്ങളില്‍, മറ്റേതൊരു സംസ്ഥാനത്തേക്കാളും ബംഗാളില്‍ സാമുദായിക സൗഹാര്‍ദം നിലനില്‍ക്കുന്നുണ്ട്. സംഘ്പരിവാര്‍ ബന്ധങ്ങളുള്ളവരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തൃണമൂല്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
മുസ്‌ലിം സമുദായത്തിനു വേണ്ടി ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്. ഞങ്ങള്‍ സര്‍വകലാശാലകളും ബി.എഡ് കോളേജുകളും ആരംഭിച്ചു. സച്ചാര്‍ റിപ്പോര്‍ട്ടുണ്ടാക്കിയത് പഴയ കണക്കുകള്‍ വെച്ചാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഇന്ന് കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ട്.
ഇത്തവണയും ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമോ?
സംശയമെന്തിന്? ഈ ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. മറ്റെല്ലാ പാര്‍ട്ടികളേക്കാളും മുസ്‌ലിം വോട്ടും ഞങ്ങള്‍ക്ക് തന്നെ ലഭിച്ചു എന്ന് തെരഞ്ഞെടുപ്പിനു ശേഷം തെളിയിക്കപ്പെടും.
വിവ: എം. സാജിദ്
Comments