ഉസാമയുടെ അന്ത്യം ഭീകരതയുടെ അന്ത്യമാകുമോ?
അല്‍ഖാഇദയുടെ സ്ഥാപക നേതാവ് ഉസാമാ ബിന്‍ലാദിന്റെ അന്ത്യം ലോകം, ഒരു പക്ഷേ അദ്ദേഹം ഉള്‍പ്പെടെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. ബിന്‍ലാദിന്റെ ജീവിതം പോലെ തന്നെ ദുരൂഹമായിരിക്കുന്നു അന്ത്യവും. ബിന്‍ലാദിനെ വധിച്ചുവെന്ന് അമേരിക്ക അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഘാതകരായ അമേരിക്കന്‍ ഭടന്മാരല്ലാതെ ആരും കണ്ടിട്ടില്ല. ഫോട്ടോകളും പുറത്തു വിട്ടില്ല. ഖബ്‌റിടവും എവിടെയുമില്ല. മൃതദേഹം കടലില്‍ കലക്കിയെന്നാണ് പറയുന്നത്. ഉസാമ മരിച്ചുവെന്നും കൊല്ലപ്പെട്ടുവെന്നുമൊക്കെ പണ്ടും പലവട്ടം അമേരിക്ക പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇപ്പോഴത്തെ പ്രഖ്യാപനത്തിലും സംശയിക്കുന്നവരില്ലാതില്ല. എങ്കിലും ഉസാമ കഥാവേശഷനായി എന്നുതന്നെയാണ് ലോകം പൊതുവില്‍ വിശ്വസിക്കുന്നത്.
ബിന്‍ലാദിന്‍ പടുത്തുയര്‍ത്തിയ അല്‍ഖാഇദയുടെ നടപടികളെ മുസ്‌ലിം സമൂഹം -മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും- തുടക്കത്തിലേ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. നിരപരാധികള്‍ ഹിംസിക്കപ്പെടുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും ഇസ്‌ലാമിന്റെ സമാധാന സങ്കല്‍പത്തിനും നൈതികമൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. അത്തരം നടപടികള്‍ ലോകത്ത് ഇസ്‌ലാമിനെക്കുറിച്ച് ഗുരുതരമായ തെറ്റുദ്ധാരണകള്‍ വളര്‍ത്തുകയും ഇസ്‌ലാംവിരുദ്ധര്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ന്യായീകരണമായിത്തീരുകയും ചെയ്യും. കൂടാതെ ഏതു പ്രശ്‌നം പരിഹരിക്കാനാണോ അല്‍ഖാഇദയും സമാന സംഘങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, ആ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഭയാനകമായ തലങ്ങളിലേക്ക് മൂര്‍ഛിപ്പിക്കാന്‍ മാത്രമേ അത് ഉതകുകയുള്ളൂ. ഈ ആശങ്കകളെല്ലാം ഇപ്പോള്‍ അനുഭവ യാഥാര്‍ഥ്യങ്ങളായി മാറിക്കഴിഞ്ഞു. ഉസാമയുടെ അന്ത്യം കൊണ്ട് ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെ ശ്രീലങ്കയിലെ എല്‍.ടി.ടി നിസ്‌തേജമായതുപോലെ, ഉസാമയുടെ അന്ത്യത്തോടെ അല്‍ഖാഇദ ശിഥിലമായിക്കൊള്ളുമെന്ന് പ്രത്യാശിക്കുന്നവരുണ്ട്. ഈ പ്രത്യാശ പുലരുകയാണെങ്കില്‍ പാശ്ചാത്യ സാമ്രാജ്യശക്തികള്‍ക്ക് അത് വലിയ നേട്ടം തന്നെ. പക്ഷേ, ബിന്‍ലാദിനും ബിന്‍ലാദിന്‍ വേട്ടക്കാരും മുസ്‌ലിം ലോകത്തിന് വരുത്തിവെച്ച കഷ്ടനഷ്ടങ്ങള്‍ക്കും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കും അതില്‍ ഒരു പരിഹാരവുമില്ല.
അഫ്ഗാനിസ്താനില്‍ സൈനികാധിനിവേശം നടത്തിയ സോവിയറ്റ് റഷ്യയെ അവിടെ നിന്ന് തുരത്താന്‍ അമേരിക്കയുടെ ഒത്താശയോടെ സംഘടിപ്പിക്കപ്പെട്ട, സ്വാതന്ത്ര്യ വാഞ്ഛയും ആത്മവീര്യവും ജിഹാദീ വികാരവുമുള്ള അറബി യുവാക്കളില്‍ പ്രഗത്ഭനായിരുന്നു ഉസാമാ ബിന്‍ ലാദിന്‍. അമേരിക്കയാണദ്ദേഹത്തെ സൈനികമായി പരിശീലിപ്പിച്ചതും ആയുധവത്കരിച്ചതും. അഫ്ഗാന്‍ വിമോചനാനന്തരം മേഖലയില്‍ തങ്ങളുടെ താളത്തിനു തുള്ളുന്ന ചാവേര്‍ പടയായി ഈ മുജാഹിദുകളെ ഉപയോഗിക്കാമെന്നായിരുന്നു അമേരിക്കയുടെ കണക്കുകൂട്ടല്‍. പക്ഷേ, അഫ്ഗാന്‍ മുജാഹിദുകള്‍ റഷ്യന്‍ സാമ്രാജ്യത്വത്തിന്റെ വിരോധികളും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിധേയരുമായിരുന്നില്ല; എല്ലാ സാമ്രാജ്യത്വത്തിന്റെയും വിരോധികളായിരുന്നു. മുസ്‌ലിം ലോകത്തെ പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അവിഹിതമായ ഇടപെടലുകളെ അവര്‍ ചോദ്യം ചെയ്തു. ഇറാഖ്-കുവൈത്ത് യുദ്ധത്തില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും പങ്കെടുത്തുന്നതും അറബ് രാജ്യങ്ങള്‍ അവര്‍ക്ക് സൈനികത്താവളങ്ങളനുവദിക്കുന്നതും അവര്‍ എതിര്‍ത്തു. 1988-ല്‍ ബിന്‍ലാദിന്‍ തന്റെ കൂടെയുള്ള മുജാഹിദുകളെ അല്‍ഖാഇദ എന്ന പേരില്‍ സംഘടിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ഇറാഖ്, സുഊദി അറേബ്യ, സുഡാന്‍ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളില്‍ അധിനിവേശം നടത്തുകയുമാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് അദ്ദേഹം തന്റെ അനുയായികളെ ബോധ്യപ്പെടുത്തി. ഈ വിപത്ത് തടയാന്‍ അദ്ദേഹം കണ്ട മാര്‍ഗം ലോകമെങ്ങുമുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ തകര്‍ക്കുകയാണ്. 'അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും കന്മതിലുകള്‍ വെടിയുണ്ടകള്‍കൊണ്ടല്ലാതെ തകര്‍ക്കാനാവില്ല'- ഉസാമ അനുയായികളെ ഉല്‍ബോധിപ്പിച്ചു. 1995 നവംബറില്‍ രിയാദിലെ നാഷ്‌നല്‍ ഗാര്‍ഡ് ആസ്ഥാനത്ത് നടത്തിയ ബോംബാക്രമണത്തോടെ അല്‍ഖാഇദ അവരുടെ ഓപ്പറേഷന്‍ ആരംഭിച്ചു. അതോടെ ഉസാമ ബിന്‍ലാദിന്‍ തീവ്രവാദിയും ഭീകരനുമായി. 1996-ല്‍ അല്‍ഖോബാറിലും '98-ല്‍ ടാന്‍സാനിയയിലും തുടര്‍ന്ന് കെനിയയിലും 2000-ത്തില്‍ യമനിലും അല്‍ഖാഇദ അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ കനത്ത ആക്രമണങ്ങള്‍ നടത്തി. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. 9/11-ലെ സംഭവത്തോടെ ഉസാമയെയും അല്‍ഖാഇദയെയും കുറിച്ച് മുഴുവന്‍ പരിഷ്‌കൃത ലോകത്തിന്റെയും ശത്രുവായ കൊടുംഭീകരന്‍ എന്ന പ്രതിഛായ ലോക മനസ്സില്‍ പതിപ്പിക്കുന്നതില്‍ അമേരിക്കയും സഖ്യകക്ഷികളും വിജയിച്ചു.
ആ ശത്രുവിനെ പിടികൂടാന്‍ ആദ്യം അഫ്ഗാനിസ്താനിലും പിന്നീട് ഇറാഖിലും സൈനികാധിനിവേശം നടത്തി. രണ്ട് രാജ്യങ്ങളും തകര്‍ത്തു തരിപ്പണമാക്കി. ദശലക്ഷക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അനേകായിരങ്ങളെ പിടിച്ചുകൊണ്ടുപോയി ഗ്വാണ്ടനാമോ പോലുള്ള തടവറകളില്‍ മൃഗീയമായി പീഡിപ്പിച്ചു. ഇതൊന്നും പക്ഷേ കൊടും ഭീകരത പോകട്ടെ, സാദാ ഹിംസയായിപ്പോലും ആരും കണ്ടില്ല. അഥവാ അങ്ങനെ കാണാന്‍ പാടില്ല. രാജ്യവും അധികാരവും വ്യവസ്ഥാപിത സൈന്യവും ആയുധവുമുള്ളവര്‍ ചെയ്യുന്നതൊക്കെ ന്യായം. അതൊന്നുമില്ലാതെ അവരെ ചെറുക്കുന്നവരാണ് ഭീകരന്മാര്‍. ആയിരക്കണക്കില്‍ നിരപരാധികളുടെ ദാരുണ മരണത്തിന് കാരണക്കാരായ ബിന്‍ ലാദിനും അല്‍ഖാഇദയും വിചാരണ ചെയ്യപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമാണെന്നതില്‍ സംശയമില്ല. അധികാരം, വ്യവസ്ഥാപിത സൈനികശക്തി എന്നീ ഘടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അതേ കുറ്റം അതിന്റെ ആയിരമിരട്ടി വ്യാപ്തിയിലും ഭീകരതയിലും ചെയ്തവരാണ് അമേരിക്കയുടെ സീനിയര്‍ ബുഷ് മുതല്‍ ഒബാമ വരെയുള്ള പ്രസിഡന്റുമാരും അവരുടെ സഖ്യ രാജ്യങ്ങളിലെ സാരഥികളും. അല്‍ഖാഇദ നിരപരാധികളായ ആയിരങ്ങളെ കൊന്നപ്പോള്‍ ദശലക്ഷങ്ങളെയാണക്കൂട്ടര്‍ കൊന്നൊടുക്കിയത്, ഇപ്പോഴും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ തുടരുന്നേടത്തോളം കാലം അല്‍ഖാഇദയെപ്പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ജനിക്കാനും ജീവിക്കാനുമുള്ള സാഹചര്യം നിലനില്‍ക്കും.
അടുത്തകാലത്തായി അറബ് ലോകത്ത് ഉയര്‍ന്നുവരുന്ന പുതിയ പ്രവണത ഈ അവസരത്തില്‍ ഏറെ ആശാവഹമാകുന്നു. ആയുധങ്ങള്‍ വെടിഞ്ഞ്, അഹിംസാത്മകമായ ജനകീയ സമരങ്ങളിലൂടെ അടിമത്തങ്ങളില്‍ നിന്നും ഏകാധിപത്യങ്ങളില്‍നിന്നും മോചനം നേടുകയാണത്. ഇത് നേരത്തെ ഇറാനില്‍ വിജയിച്ചതാണെങ്കിലും അറബ് ലോകത്തേക്ക് പടര്‍ന്നിരുന്നില്ല. ഇപ്പോള്‍ തുനീഷ്യയും ഈജിപ്തും ജനകീയ സമരമുറയിലൂടെ ഏകാധിപതികളെ നിഷ്‌കാസനം ചെയ്തിരിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ സംരംഭത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. തീവ്രവാദികളെ കൂടി ഈ ലൈനിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി മധ്യപൗരസ്ത്യ ദേശങ്ങളിലെ ഭീകരതാ വിപത്ത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments