Prabodhanm Weekly

Pages

Search

2011 മെയ് 14

ഖുര്‍ആനും തൗറാത്തും

ഇ.സി സൈമണ്‍ മാസ്റ്റര്‍

 

മൂസാ നബിയെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുക അദ്ദേഹം വഴി ലഭിച്ച തൗറാത്ത് എന്ന നിയമസംഹിത(ബൈബിളിലെ പഴയ നിയമം)യാണ്. മനുഷ്യ ജീവിതത്തിന്റെ ഒട്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ബൃഹത്തായ നിയമങ്ങളും ചട്ടങ്ങളും തൗറാത്തില്‍ നിന്ന് ലഭിച്ചു. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും സാന്മാര്‍ഗികവുമായ വിഷയങ്ങളില്‍ തൗറാത്തിലെ നിയമങ്ങളും കല്‍പനകളും മതങ്ങള്‍ക്കു മാത്രമല്ല സ്വീകാര്യമായത്, പല രാജ്യങ്ങളിലെയും നിയമഗ്രന്ഥങ്ങളില്‍ പോലും അവ സ്ഥാനം പിടിക്കുകയുണ്ടായി. പല രാജ്യങ്ങളുടെയും നിയമസംഹിതകളില്‍ ഇന്നും വലുതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് തൗറാത്ത് എന്ന പഴയ നിയമം.
അതുപോലെതന്നെ, നിരവധി രാജ്യങ്ങളിലെ നിയമക്രമങ്ങളില്‍ ഇന്നും വലുതായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതാണ് മുഹമ്മദ് നബി വഴി ലഭിച്ച ശരീഅത്ത് നിയമങ്ങള്‍ എന്ന ഇസ്‌ലാമിക നിയമവ്യവസ്ഥ. കുറ്റത്തിന്റെ ഗൗരവമനുസരിച്ചുള്ള ശിക്ഷാവിധികള്‍ അതില്‍ വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ബാധകമായ സ്വത്ത് നിയമം ഇന്നും പ്രാബല്യത്തിലുണ്ട്. പല മതസമൂഹങ്ങളിലും സ്ത്രീക്ക് സ്വത്തവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്തും ഇസ്‌ലാമിക നിയമമനുസരിച്ച് വ്യവസ്ഥാപിത രീതിയില്‍ അവര്‍ക്ക് സ്വത്തവകാശം നല്‍കിയത് ആ നിയമത്തിന്റെയും മതത്തിന്റെയും പുരോഗമന സ്വഭാവം കാണിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നവയാണ് ഇസ്‌ലാമിക നിയമങ്ങള്‍. തൗറാത്തിലെ നിയമങ്ങളുമായി ഖുര്‍ആനിലെ ശരീഅത്ത് നിയമങ്ങള്‍ക്കുള്ള അടുപ്പവും സാദൃശ്യവും കാണിക്കുന്നത് ആ രണ്ട് പ്രവാചകന്മാര്‍ തമ്മിലുള്ള അടുത്ത ബന്ധവും രണ്ട് നിയമങ്ങളുടെയും ഉറവിടം ഒന്നാണെന്നുമാണ്.
മൂസാ നബിക്ക് ഹീബ്രു ഭാഷയില്‍ തൗറാത്ത് ലഭിച്ചപ്പോള്‍ മുഹമ്മദ് നബിക്ക് കിട്ടിയത് അറബി ഭാഷയിലുള്ള ഖുര്‍ആന്‍. ഒന്ന് ദൈവത്തില്‍നിന്ന് നേരിട്ട് കല്ലില്‍ എഴുതിക്കിട്ടി. മറ്റേത് മാലാഖ വഴി ഓതിക്കേള്‍പ്പിച്ച് പഠിപ്പിച്ചു എന്നേയുള്ളൂ വ്യത്യാസം.
ഈജിപ്തുകാര്‍ ഇസ്രയേല്‍ക്കാരോട് ചെയ്ത അതിക്രമങ്ങള്‍ക്ക് രണ്ട് വിധത്തില്‍ അല്ലാഹു അവരോട് പ്രതിക്രിയ ചെയ്തതായി പെസഹാ പെരുന്നാള്‍ സംഭവത്തില്‍ കാണുന്നു. ഫറവോന്‍ ചെയ്ത ക്രൂരതകളില്‍ ഏറ്റവും കടുത്തതായി ബൈബിളും ഖുര്‍ആനും എടുത്തുപറയുന്നത് ഇസ്രയേല്‍ക്കാരുടെ ആണ്‍മക്കളെ ശൈശവത്തില്‍ തന്നെ ഈജിപ്തുകാര്‍ കൊന്നുകളയുകയായിരുന്നെന്നും പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിച്ചെന്നുമാണ്. ഇസ്രയേല്‍ക്കാരെ മോചിപ്പിക്കാന്‍ അന്തിമമായി തീരുമാനിച്ച ദൈവം അതിനു വഴിയൊരുക്കിയത് ഈജിപ്തുകാര്‍ക്ക് ഏറ്റവും കടുത്ത ഒരു ശിക്ഷ കൊടുത്തുകൊണ്ടായിരുന്നു. പെസഹാ ദിവസം സന്ധ്യക്ക് ദൈവത്തിന്റെ മാലാഖ എല്ലാ ഈജിപ്ഷ്യന്‍ ഭവനങ്ങളുടെയും സമീപത്തു കൂടി കടന്നുപോയി എന്നും ആ പോകുന്ന സമയം മുഴുവന്‍ ഈജിപ്തുകാരുടെ വീടുകളിലെയും ആദ്യ പുത്രന്മാരെ മാലാഖ വധിച്ചുകളഞ്ഞെന്നും എന്നാല്‍ ഇസ്രയേല്‍ ഭവനങ്ങളെ ഒഴിവാക്കി മാലാഖ കടന്നുപോയി എന്നുമാണ് ബൈബിള്‍ വിവരണം. ആ സംഭവത്തെ അനുസ്മരിച്ച് 'കടന്നുപോവുക' എന്നര്‍ഥമുള്ള 'Pass Over' എന്നും പെസഹാ ദിനത്തിനു പേരുണ്ട്. കുടില്‍ മുതല്‍ കൊട്ടാരം വരെ എല്ലാവര്‍ക്കും അനുഭവപ്പെട്ട ദൈവശിക്ഷയുടെ ഭയാനകവേദന. ഫറവോന്റെ കൊട്ടാരത്തിലും മുഴങ്ങി അതിന്റെ ദീനരോദനം.
ഇസ്രയേല്‍ക്കാരെ കീഴ്‌പ്പെടുത്തി 400 കൊല്ലം കഷ്ടപ്പെടുത്തി കൂലി കൊടുക്കാതെ നിര്‍ബന്ധമായി അടിമപ്പണി ചെയ്യിച്ചതിന് ദൈവം അവരില്‍ നിന്ന് 'നഷ്ടപരിഹാരം' വാങ്ങി ഇസ്രയേല്‍ക്കാര്‍ക്ക് കൊടുപ്പിച്ചതിന്റെ വിവരണവും അതിലുണ്ട്. ദൈവം കൊടുത്ത വാഗ്ദത്ത ഭൂമിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അയല്‍വീട്ടുകാരായ ഈജിപ്തുകാരില്‍ നിന്ന് കിട്ടാവുന്നത്ര സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വായ്പ വാങ്ങാന്‍ ദൈവം ഇസ്രയേല്‍ക്കാരോട് നിര്‍ദേശിച്ചു. കടുത്ത ശിക്ഷ വന്നെത്തിയത് മുതല്‍ ഇസ്രയേല്‍ക്കാരോട് ഈജിപ്തുകാര്‍ക്ക് വലിയ മതിപ്പാണെന്നും അതുകൊണ്ട് ചോദിക്കുന്നത് മുഴുവന്‍ കിട്ടുമെന്നും ദൈവം അറിയിച്ചു. അതനുസരിച്ച് ധാരാളം സ്വര്‍ണം അവര്‍ വായ്പ വാങ്ങി. വാഗ്ദത്ത ഭൂമിയില്‍ ചെന്ന ശേഷം മൂസാ നബി അറിയാതെ ആ സ്വര്‍ണം ഉരുക്കി അവരൊരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. സമീരി എന്നൊരാളായിരുന്നു അതിന്റെ സൂത്രധാരന്‍. വിവരമറിഞ്ഞ് മൂസാ നബി കോപിഷ്ഠനായി. ജനങ്ങളെ വേണ്ടത്ര നിയന്ത്രണത്തില്‍ നിര്‍ത്താതിരുന്നതിന് സഹോദരനായ ഹാറൂന്‍ നബിയെ മൂസാ നബി കുറ്റപ്പെടുത്തി. സഹോദരന്‍ പറഞ്ഞു: ''എന്റെ ഉടപ്പിറന്നവനേ, എന്റെ താടിയും മുടിയും പിടിച്ചു വലിക്കല്ലേ! 'എന്റെ വാക്കുകള്‍ക്കു കാത്തിരിക്കാതെ ഇസ്രാഈല്യരെ ഭിന്നിപ്പിച്ചുകളഞ്ഞു' എന്ന് നീ പറയുമോ എന്നു ഞാന്‍ പേടിച്ചു''
ജനങ്ങളോടും അദ്ദേഹം കാരണം ആരാഞ്ഞു. ''അവര്‍ പറഞ്ഞു: നിനക്കു തന്ന വാക്ക് ഞങ്ങള്‍ കരുതിക്കൂട്ടി ലംഘിച്ചതല്ല. എന്നാല്‍ വന്നുഭവിച്ചതങ്ങനെയാണ്. ഈ ജനതയുടെ ആഭരണങ്ങളുടെ ചുമടുകള്‍ ഞങ്ങള്‍ വഹിക്കേണ്ടിവന്നിരുന്നുവല്ലോ. ഞങ്ങളത് ഉരുക്കിപ്പണിയാന്‍ തീയിലിട്ടു. അതുപോലെ സാമിരിയും ചെയ്തു. സാമിരി അവര്‍ക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു പശുക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസായുടെ ദൈവവും ഇതുതന്നെ. മൂസയിത് പറയാന്‍ മറന്നുപോയതാണ്'' (20:87,88).
ഇസ്രയേല്‍ക്കാരെ ചൂഷണം ചെയ്ത് ഈജിപ്തുകാരുണ്ടാക്കിയ സമ്പത്തായിരുെന്നങ്കിലും ഒരുപക്ഷേ അവര്‍ക്കത് ലഭിച്ചത് ഹലാലായ രീതിയില്‍ ആയിരിക്കുകയില്ല. ഹറാമായതുകൊണ്ടാവാം നല്ല കാര്യത്തിനുപയോഗിക്കാതെ അവരത് വിഗ്രഹ നിര്‍മാണത്തിന് ഉപയോഗിക്കാനിടയായത്.സ്വര്‍ണപ്പശുക്കുട്ടിയെ ആവട്ടെ പൊടിച്ച് കടലില്‍ തള്ളുകയും ചെയ്തു.
ബൈബിളില്‍ ദീര്‍ഘമായി വിവരിച്ച സംഭവങ്ങളുടെ ആശയങ്ങള്‍ നഷ്ടപ്പെടാതെ ഏറ്റവും ചുരുക്കിക്കൊള്ളിച്ചതാണ് ഖുര്‍ആന്‍ സൂക്തം 20:87. 'ആഭരണങ്ങളുടെ ഒരു വലിയ ഭാരമാണ് ഞങ്ങള്‍ ചുമക്കേണ്ടിവന്നത്' എന്നു പറഞ്ഞപ്പോള്‍ ധാരാളം സ്വര്‍ണം അവരുടെ കൈവശം ഉണ്ടായിരുന്നു എന്നു തന്നെയാണ് അര്‍ഥം. അതിശയോക്തി കലര്‍ത്തി ഇല്ലാത്തതൊന്നും ഖുര്‍ആന്‍ പറയുന്ന പതിവില്ല. അനവധി തലമുറകളായി കടുത്ത ദാരിദ്ര്യവും പീഡനങ്ങളും സഹിച്ച് അടിമകളായി ജീവിച്ച ഒരു ജനതക്ക് എങ്ങനെ കിട്ടി ഇത്രയധികം സ്വര്‍ണം? അവരുടെ ദൈവത്തെ ആരാധിക്കുന്നതിനു വേണ്ടി ഒരു ദൂരസ്ഥലത്തേക്ക് യാത്ര പോവുകയാണെന്നും അതിനാല്‍ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആവശ്യമുണ്ടെന്നുമാണ് അവര്‍ ഈജിപ്തുകാരോട് കാരണം പറഞ്ഞത്. മുന്‍ പതിവുപോലെ അഭിമാനം നശിച്ച കഴിവുകെട്ട ഇസ്രയേല്‍ക്കാരനെന്ന നിലയിലല്ല ഇപ്പോള്‍ അവര്‍ ചെല്ലുന്നത്. ഇസ്രയേല്‍ സന്തതികളുടെ ആണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കി അനേക കൊല്ലം അവരെ കണ്ണീരു കുടുപ്പിച്ച യജമാന വര്‍ഗത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ആദ്യ ജാതരായ എല്ലാ ആണ്‍മക്കളെയും ഒരൊറ്റ അടിക്ക് കൂട്ടമായി സംഹരിച്ച് വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നുപോലെ ദുഃഖത്തിലാഴ്ത്തി പരാജയപ്പെടുത്തിയ ശക്തനായ ദൈവത്തിന്റെ പ്രത്യേക സംരക്ഷണയിലുള്ള ഇസ്രയേല്‍ക്കാര്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുവാങ്ങി വിജിഗീഷുക്കളായാണ് ഇത്തവണ ഈജിപ്തുകാരുടെ മുമ്പില്‍ ചെന്നത്. യാത്രക്കു വേണ്ടി അവര്‍ ആഭരണം ചോദിച്ചു. ഈജിപ്തുകാര്‍ കൊടുത്തു. മടികൂടാതെ ധാരാളം കൊടുത്തു. അങ്ങനെ കിട്ടിയതാണ് അവര്‍ക്ക് ആ സ്വര്‍ണക്കൂമ്പാരം. സമ്പന്നരായ ഈജിപ്തുകാര്‍ക്ക് അതൊരു പ്രയാസപ്പെട്ട കാര്യവുമായിരുന്നില്ല. അങ്ങനെ ഖുര്‍ആന്‍ വാക്യം ശരിയെന്ന് തെളിയുന്നു; ബൈബിള്‍ വിവരണവുമായി യോജിക്കുകയും ചെയ്യുന്നു.

ക്രൈസ്തവരെക്കുറിച്ച് ഖുര്‍ആന്‍
ക്രൈസ്തവരെപ്പറ്റി നല്ലത് പലതും പറയുന്നുണ്ട് ഖുര്‍ആന്‍. ''മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും ലോക പരിത്യാഗികളായ പുരോഹിതന്മാരുമുണ്ടെന്നതും അവര്‍  അഹന്ത നടിക്കുന്നില്ലെന്നതുമാണതിനു കാരണം.
സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?'
അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്'' (5:82-85).
നബിയുടെ കാലത്ത് മക്കയില്‍ ഇസ്‌ലാമിനെതിരായ എതിര്‍പ്പും മര്‍ദനവും അസഹ്യമായപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനായി അവര്‍ അബിസീനയയില്‍ (സുഊദി അറേബ്യയുടെയും യമന്റെയും അടുത്തുള്ള എത്യോപ്യയുടെ പഴയ പേര്) അഭയം തേടി. ക്രൈസ്തവരായിരുന്ന അബിസീനിയക്കാര്‍ മുസ്‌ലിംകള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എക്കാലത്തേക്കും ബാധകമായ നല്ലൊരു സ്‌നേഹസ്മരണയും സൗഹൃദബന്ധവും നിലനിര്‍ത്തുന്നതിന് ആ സംഭവം ഇടയാക്കി.
ക്രൈസ്തവ-മുസ്‌ലിം ആത്മബന്ധത്തിന് മറ്റൊരുദാഹരണം: എ.ഡി 615-ല്‍ പേര്‍ഷ്യക്കാരുമായുണ്ടായ ഒരു യുദ്ധത്തില്‍ ക്രൈസ്തവ റോമാ സാമ്രാജ്യത്തിന് ജറൂസലം നഷ്ടപ്പെട്ടു. അവിശ്വാസികളായ മക്കക്കാര്‍ ക്രൈസ്തവരുടെ പരാജയത്തില്‍ വിജയാഹ്ലാദം നടത്തി. നബിയോടും വിശ്വാസികളോടുമുള്ള എതിര്‍പ്പും അവര്‍ വര്‍ധിപ്പിച്ചു. അതിശക്തരായ ക്രൈസ്തവ സാമ്രാജ്യത്തെ അവിശ്വാസികളായ പേര്‍ഷ്യക്കാര്‍ക്ക് പരാജയപ്പെടുത്താന്‍ സാധിച്ചുവെങ്കില്‍ അവരുടെ വിജയം ആഗ്രഹിച്ചവരായ നബിയെയും മുസ്‌ലിംകളെയും ഇവിടെ മക്കയിലും പരാജയപ്പെടുത്തി തങ്ങളുടെ ആധിപത്യം നിലനിര്‍ത്താമെന്നായിരുന്നു അവരുടെ വ്യാമോഹം. എന്നാല്‍, ആ സംഭവത്തില്‍ ഉടന്‍ തന്നെ ഖുര്‍ആന്‍ സൂക്തം ഇങ്ങനെ പ്രഖ്യാപിച്ചു: ''റോമക്കാര്‍ പരാജിതരായിരിക്കുന്നു. അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം വരിക്കും.
ഏതാനും കൊല്ലങ്ങള്‍ക്കകം ഇതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും.
അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക. അവനിഛിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ പ്രതാപിയും പരമ ദയാലുവുമാണ്'' (30:2-5).
അവിശ്വാസികളായ പേര്‍ഷ്യക്കാര്‍ക്ക് അധിക നാള്‍ വിജയം നിലനിര്‍ത്താനായില്ല. ഖുര്‍ആന്‍ പ്രവചിച്ച പോലെ ഏറ്റവും കുറഞ്ഞ ഒരു കാലഘട്ടത്തിനുള്ളില്‍, അതായത് ഏഴെട്ടു കൊല്ലങ്ങള്‍ക്കുള്ളില്‍ തന്നെ റോമക്കാര്‍ പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി സ്ഥലം വീണ്ടെടുത്തു.
പുറമെനിന്നു നോക്കുന്ന ഒരാള്‍ക്ക് ക്രൈസ്തവരെ സംബന്ധിച്ച് ഒറ്റ മതമായി തോന്നുമെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ല. അനേകം ജാതികളും ഉപജാതികളും ഉള്ളതാണ് ആ മതം. പരസ്പരം അംഗീകരിക്കാത്ത മതവിഭാഗങ്ങളും അതിലുണ്ട്. ക്രൈസ്തവരിലെ ഏറ്റവും വലുതും പ്രബലവുമാണ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയെങ്കിലും അവരെ ക്രിസ്ത്യാനികളായി അംഗീകരിക്കാത്ത ക്രൈസ്തവ സഭകളുമുണ്ട് എണ്ണത്തിലും വണ്ണത്തിലും കുറവാണെങ്കിലും വേറെ പലതും. അവര്‍ തമ്മില്‍ വിവാഹബന്ധവും നിരോധിക്കപ്പെട്ടിരിക്കുകയാണ്.
എന്നാല്‍, ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ക്രൈസ്തവ സ്ത്രീകളുമായി വിവാഹം അനുവദിച്ചിരിക്കുന്നു. വ്യത്യസ്ത ക്രൈസ്തവ സഭകള്‍ പരസ്പരം വിവാഹം പാടില്ലെന്നു നിഷേധിച്ചിരിക്കുമ്പോഴാണ് ഈ ഖുര്‍ആന്‍ കല്‍പനയെന്നുള്ളത് ശ്രദ്ധേയം തന്നെ.
വേദക്കാരുടെ ഭക്ഷണം മുസ്‌ലിംകള്‍ക്കും അവരുടെ ഭക്ഷണം വേദക്കാര്‍ക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മദ്യവും പന്നിയിറച്ചിയും സ്വീകാര്യമല്ല. ക്രിസ്ത്യാനികള്‍ക്ക് നേരത്തെ തന്നെ നിഷിദ്ധമാക്കപ്പെട്ടതാണ് പന്നി മാംസം.
സാമ്പത്തിക കാര്യങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളില്‍ ഖുര്‍ആന്‍ ക്രിസ്ത്യാനികളെ കൃത്യമായി വിലയിരുത്തുന്നു, ഇങ്ങനെ: ''വേദവിശ്വാസികളിലൊരു വിഭാഗം നീയൊരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് തിരിച്ചുതരുന്നവരാണ്. മറ്റൊരു വിഭാഗമുണ്ട്. കേവലം ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിനക്ക് അവരത് മടക്കിത്തരില്ല- നീ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ'' (3:75).
(തുടരും)

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം