ഉള്‍വലിയുന്ന് ഭര്‍ത്താവ്
ചോദ്യം: മുപ്പത് വയസ്സുകാരിയായ വീട്ടമ്മയാണ് ഞാന്‍. കോളേജ് പഠനകാലത്ത് പരിചയപ്പെട്ട ഒരാളെയാണ് ഭര്‍ത്താവായി സ്വീകരിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, നല്ലൊരു ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. രണ്ട് കുട്ടികളുണ്ട്. ഞങ്ങളുടെ ആവശ്യത്തിന് തികയുന്ന ശമ്പളവും ഭര്‍ത്താവിനുണ്ട്. ഞാന്‍ കുടുംബകാര്യങ്ങള്‍ മാത്രം നോക്കികഴിയുകയാണ്.
ദാമ്പത്യത്തില്‍ തുടക്കത്തിലേ ഒരു നിസ്സാര പ്രശ്നമുണ്ടായിരുന്നു. അന്നത്ര കാര്യമാക്കിയില്ല. എന്നല്ല, എനിക്കത് ആഹ്ളാദകരമായി തോന്നുകയും ചെയ്തിരുന്നു. പ്രശ്നമിതാണ്: ഒട്ടുമിക്ക കാര്യങ്ങളും ഭര്‍ത്താവ് എന്നത്തന്നെ അങ്ങ് ഏല്‍പിക്കും. അതെന്തായി, ഇതെന്തായി എന്ന ചോദ്യം പോലും ഉണ്ടാവില്ല. ഇതിപ്പോള്‍ അത് മൂര്‍ഛിച്ച് കുടുംബഭാരം മുഴുവന്‍ എന്റെ തലയിലായിരിക്കുകയാണ്.
ഇപ്പോള്‍ എന്റെ ഭര്‍ത്താവ് വീട്ടിലെത്തിയാല്‍ രണ്ട് മൂന്ന് സംഗതികള്‍ മാത്രമാണ് ചെയ്യുക. പുറത്തേക്ക് പോവുകയാണെങ്കില്‍ ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുത്ത് ധരിക്കും. തിരിച്ച് വന്നാല്‍ വസ്ത്രം അഴിച്ച് അടുത്ത് കണ്ട കസേരയിലേക്ക് ഒരേറാണ്. ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടെങ്കില്‍ അതെടുത്ത് കഴിക്കും. പിന്നീട് റിമോട്ട് കണ്‍ട്രോളും പിടിച്ച് ടിവിയുടെ മുമ്പില്‍ ഒരിരിപ്പാണ്. ചാനല്‍ പരിപാടികളില്‍ കണ്ണുംനട്ട് എത്രനേരം വേണമെങ്കിലും അങ്ങനെ ഇരിക്കും. കുട്ടികളുടെ കാര്യം പറഞ്ഞ് ചെന്നിട്ടൊന്നും ഒരു കാര്യവുമില്ല. ഞാന്‍ പറയുന്നത് ശ്രദ്ധിക്കുകയേ ഇല്ല. നിങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള പണം ഞാന്‍ തരുന്നുണ്ടല്ലോ, ഇനിയും എന്താ വേണ്ടത് എന്ന മട്ട്.
ഈ നിസ്സംഗത കൊണ്ടുള്ള നഷ്ടങ്ങള്‍ പലതാണ്. ഭര്‍ത്താവിന്റെ കൂട്ടുകാരൊക്കെ ജോലിയിലായിരിക്കെ തന്നെ പുതിയ ബിരുദങ്ങളും യോഗ്യതകളും നേടി ഉയര്‍ന്ന നിലയിലെത്തി. ഞങ്ങളുടെ കുട്ടികളും പ്രശ്നത്തിലാണ്. പിതാവിന്റെ ഉപദേശമോ പരിലാളനയോ ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. ഒഴിവ് സമയങ്ങളില്‍ അവരും പോയി അദ്ദേഹത്തോടൊപ്പമിരുന്ന് ടിവി കാണും; വേണ്ടതും വേണ്ടാത്തതുമായ പരിപാടികളെല്ലാം.
ഇതെല്ലാം കാരണം ഞാന്‍ വളരെയധികം മാനസിക പിരിമുറുക്കത്തിലാണ്. ഏത് കാര്യത്തിലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഞാന്‍ ആരായാറുണ്ട്. പക്ഷേ, ഒന്നിനും ഒരു മറുപടിയുമില്ല. എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാന്‍ അങ്ങയുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: കുടുംബഭാരം ഭാര്യഭര്‍ത്താക്കന്മാര്‍ ഇരുവരും പങ്കിട്ടെടുക്കുക എന്നത് ദാമ്പത്യ വിജയത്തിന്റെ അനിവാര്യോപാധികളില്‍ ഒന്നാണ്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം, പരസ്പരം മനസ്സിലാക്കല്‍, ഒത്തൊരുമ എന്നിവയില്‍നിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് ഈ സന്നദ്ധത. അപ്പോള്‍ മാത്രമാണ് ഇരുവര്‍ക്കും തങ്ങളുടേതായ കുടുംബ ചുമതലകള്‍ ഭംഗിയായി, പൂര്‍ണതയോടെ നിര്‍വഹിക്കാനാവുകയുള്ളൂ. ഭാര്യ ചെയ്യുന്നത് ഭര്‍ത്താവിനും, ഭര്‍ത്താവ് ചെയ്യുന്നത് ഭാര്യക്കും സഹായകരമാവുന്ന വിധം പരസ്പര പൂരകമാണ് ഈ ബന്ധം. ഇതില്‍ എവിടെയോ വിള്ളല്‍ വീണിരിക്കുന്നു എന്നാണ് സഹോദരിയുടെ കത്തില്‍നിന്ന് മനസ്സിലാകുന്നത്.
കുടുംബ ജീവിതത്തില്‍ ഭര്‍ത്താവ് ഇന്നത് ചെയ്യണം, ഭാര്യ ഇന്നത് ചെയ്യണം എന്നൊന്നും കൃത്യമായി അക്കമിട്ട് പറയാനൊക്കില്ല. മതാധ്യാപനങ്ങളുടെയും പാരമ്പര്യ മൂല്യങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ നാം ഒരേകദേശ ധാരണ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. കാലത്തിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങളും ഓരോരുത്തരുടെയും റോള്‍ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കപ്പെടുകയും വേണം.
ഒരു സ്ഥാപനത്തില്‍ ഓരോ ജോലിക്കാരനും നിശ്ചിത ജോലിയുണ്ടാവും. ആ ജോലി കൃത്യമായി നിര്‍വഹിച്ചത് കൊണ്ട് മാത്രം സ്ഥാപനം ഭംഗിയായി നടന്നു പോകണമെന്നില്ല. നിശ്ചയിക്കപ്പെടാത്ത ചില ജോലികളും ഇടക്കിടെ ആ സ്ഥാപനത്തില്‍ ഉണ്ടാവും. ആ ജോലി കൂടി പരസ്പരം സഹകരിച്ച് അവര്‍ ഏറ്റെടുക്കുമ്പോഴേ സ്ഥാപനം വിജയിക്കൂ. കൂടുംബ ജീവിതത്തില്‍ വളരെ പ്രസക്തമായ സംഗതിയാണിത്. സന്ദര്‍ഭത്തിനനുസരിച്ച് ചില അധിക ജോലികളും ദമ്പതികളില്‍ ഓരോരുത്തരും ചെയ്യേണ്ടതായി വരും.
ഇനി ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഭര്‍ത്താവിന്റെ കാര്യമെടുക്കാം. പല കാരണങ്ങള്‍ കൊണ്ടാവാം ഭര്‍ത്താവ് ഈ നിലയില്‍ എത്തിയിട്ടുണ്ടാവുക. ആ കാരണങ്ങള്‍ ഭാര്യ അന്വേഷിച്ച് കണ്ടെത്തണം. എങ്കിലേ 'ചികിത്സ' ഫലപ്രദമാവൂ.
ഭര്‍ത്താവിന്റെ നിസ്സംഗതക്ക് താഴെ പറയുന്നവയാകാം കാരണങ്ങള്‍:
1) കുടുംബഭാരമെല്ലാം മാതാവ് ഏറ്റെടുക്കുന്ന ഒരു കുടുംബത്തിലാവാം താങ്കളുടെ ഭര്‍ത്താവ് ജനിച്ചത്. അവിടെ വീട് ചെലവിനുള്ള പണം കണ്ടെത്തുന്ന ആള്‍ മാത്രമാണ് ഭര്‍ത്താവ്. ഒരുപക്ഷേ ആ മാതൃകയാവാം താങ്കളുടെ ഭര്‍ത്താവ് പിന്തുടരുന്നത്.
2) ചെറുപ്പത്തിലേ ഒരു ഉത്തരവാദിത്വവും ഏറ്റെടുത്ത് ശീലിച്ചിട്ടുണ്ടാവില്ല. കുട്ടികളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കാതെ, ഒരു ഉത്തരവാദിത്വവും ഏല്‍പിക്കാതെ വളര്‍ത്തിക്കൊണ്ട് വരുന്നതാണ് ചില മാതാപിതാക്കളുടെ രീതി. മക്കളെ സ്നേഹിക്കേണ്ടത് ഇങ്ങനെയാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഇത്തരം കുടുംബങ്ങളില്‍ വളര്‍ന്നുവരുന്നവര്‍ വിവാഹം കഴിഞ്ഞാലും മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയാനാവും ഇഷ്ടപ്പെടുക.
3) ഒരുപക്ഷേ, വീട്ടമ്മ എന്ന നിലക്ക് എല്ലാ കാര്യത്തിലും മുന്‍കൈയെടുക്കുന്നതും മുന്നിട്ടിറങ്ങുന്നതും താങ്കളായതുകൊണ്ട് ഭര്‍ത്താവില്‍ ഉണ്ടായിത്തീര്‍ന്ന സ്വഭാവമാറ്റവുമാകാം ഇത്. കുടുംബത്തിന്റെ ഒരു ഭാരവും താങ്കള്‍ ഭര്‍ത്താവിനെ അറിയിക്കാറുണ്ടായിരുന്നില്ലല്ലോ. ഒരുപക്ഷേ, തുടക്കത്തില്‍ അദ്ദേഹം ചില നിര്‍ദേശങ്ങളും ഉപദേശങ്ങളുമൊക്കെ നല്‍കിയിട്ടുണ്ടാവാം. അതൊന്നും താങ്കളില്‍ ഏശുന്നില്ലെന്ന് കണ്ട് സ്വയം പിന്മാറിയതാവാം, എല്ലാ ഭാരവും താങ്കളില്‍ ഏല്‍പിച്ചുകൊണ്ട്.
4) അല്ലെങ്കില്‍ മാനസിക പിരിമുറുക്കത്തിന്റെ ഒരു ഘട്ടത്തിലൂടെയാവാം താങ്കളുടെ ഭര്‍ത്താവ് കടന്നു പോകുന്നത്. അത് ഏതെങ്കിലും സാമൂഹിക പ്രശ്നമാവാം, അല്ലെങ്കില്‍ തൊഴില്‍ സ്ഥലത്തെ പ്രശ്നമാവാം. ഈ പ്രശ്നങ്ങളിലും വേവലാതികളിലും തന്റെ ഭാര്യ ഭാഗഭാക്കാവുന്നില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിനുണ്ടാവാം. ഈ ടെന്‍ഷനാകാം ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന് പ്രേരണയാകുന്നത്.
കുടുംബഭാരം ചുമലിലേല്‍ക്കുന്ന കാര്യത്തിലുള്ള പാകപ്പിഴവും പൊരുത്തക്കേടും ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും. പരിഹാരം കണ്ടില്ലെങ്കില്‍ അത് പൊട്ടിത്തെറിയില്‍ കലാശിക്കും. വഴിപിരിയുകയേ പിന്നെ മാര്‍ഗമുണ്ടാവൂ. കുട്ടികളുടെ മാനസിക നിലയെ അത് പ്രതികൂലമായി ബാധിക്കും. കുടുംബത്തില്‍ പിതാവിന് ഒരു റോള്‍ നിര്‍വഹിക്കാനുണ്ട്; മാതാവിനും ഒരു റോള്‍ നിര്‍വഹിക്കാനുണ്ട്. ഇതില്‍നിന്ന് രണ്ടിലേതൊരാള്‍ പിന്മാറിയാലും അത് കുട്ടികളുടെ മനോനിലയെ തകരാറിലാക്കും എന്നറിയുക.
പരിഹാരം
തന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും വലിയ തകരാറുണ്ട് എന്ന് ഭര്‍ത്താവിന് ബോധ്യപ്പെടുകയാണ് ആദ്യം വേണ്ടത്. ഈ ബോധ്യപ്പെടലും അതിനനുസരിച്ച് സ്വഭാവത്തെ മാറ്റിയെടുക്കലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുക. മണിക്കൂറുകള്‍ കൊണ്ടോ ചിലപ്പോള്‍ മിനുട്ടുകള്‍ കൊണ്ടോ അദ്ദേഹത്തിന് കാര്യം ബോധ്യപ്പെട്ടേക്കാം. പക്ഷേ, അതിനനുസരിച്ച് സ്വഭാവരീതികള്‍ മാറണമെങ്കില്‍ മാസങ്ങള്‍ എടുത്തെന്ന് വരും. ബോധ്യപ്പെട്ട സംഗതി ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കുറച്ചധികം സമയമെടുക്കും. വ്യക്തി വളര്‍ന്ന് വന്ന പശ്ചാത്തലം, അയാള്‍ക്ക് ലഭിച്ച ശിക്ഷണരീതികള്‍, വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായിത്തീര്‍ന്ന പ്രത്യേക സ്വഭാവരീതികള്‍ ഇതൊക്കെ ഓരോ ആളിലും വ്യത്യസ്ത രീതിയിലും അളവിലുമൊക്കെ ആയിരിക്കും. അതൊക്കെ ഒറ്റയടിക്ക് മാറ്റിയെടുക്കുക പ്രായോഗികമല്ല. അതിനാല്‍ സഹോദരി ഉന്നയിച്ച പ്രശ്നത്തിന് അത്ഭുത പരിഹാരങ്ങളൊന്നും നിര്‍ദേശിക്കാന്‍ കഴിയില്ല. പക്ഷേ, താഴെ പറയുന്ന രീതി ഘട്ടംഘട്ടമായി താങ്കള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
1) തെറ്റ് സ്വയം ബോധ്യപ്പെടുക എന്നതാണല്ലോ ഒന്നാമത്തേത്. അതിന് പറ്റുന്ന പുസ്തകങ്ങള്‍ ഭര്‍ത്താവിന് സമ്മാനിക്കാം. അല്ലെങ്കില്‍ കുടുംബത്തില്‍ ഭര്‍ത്താവിന്റെ ഉത്തരവാദിത്വങ്ങള്‍ വിവരിക്കുന്ന ക്ളാസുകളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാം. ഭര്‍ത്താവെന്ന നിലക്കും പിതാവെന്ന നിലക്കും താന്‍ ചില കാര്യങ്ങള്‍ ചെയ്തേ പറ്റൂ എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതാവണം പുസ്തകങ്ങളും ക്ളാസുകളും.
2) അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് കല്‍പിക്കുന്നത് തീര്‍ത്തും ഒഴിവാക്കണം. വളരെ തന്ത്രപരമായ രീതിയില്‍, നേര്‍ക്ക് നേരെയല്ലാതെ ഉത്തരവാദിത്വങ്ങളില്‍ അദ്ദേഹത്തെ പങ്കാളിയാക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, താങ്കള്‍ വീട്ടു ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ മക്കള്‍ വന്ന് പാഠ്യവിഷയങ്ങളില്‍ ചില സംശയങ്ങള്‍ ചോദിക്കുന്നു. 'ഉപ്പയോട് ചോദിക്കൂ' എന്ന് പറഞ്ഞ് അവരെ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് വിടാം.
3. പതുക്കപ്പതുക്കെ താങ്കളുടെ ഭര്‍ത്താവിന്റെ സ്വകാര്യ ലോകത്തേക്ക് നുഴഞ്ഞു കയറുക. അദ്ദേഹത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുക. എന്നിട്ട് സമയവും സന്ദര്‍ഭവും അദ്ദേഹത്തിന്റെ മാനസികാവസ്ഥയുമൊക്കെ നോക്കി ഇന്നയിന്ന കാര്യങ്ങളില്‍ താങ്കളുടെ സഹായം എനിക്കാവശ്യമുണ്ടെന്ന് പറഞ്ഞുനോക്കുക.
4. കുടുംബഭാരം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ചെയ്യുന്ന ഏത് പ്രവൃത്തിയെയും അകമഴിഞ്ഞ് പ്രശംസിക്കുകയും അടുപ്പക്കാരോട് അതെക്കുറിച്ച് പുകഴ്ത്തിപ്പറയുകയും ചെയ്യുക.
Comments