ജനസംഖ്യയുടെ ദൈവശാസ്ത്രം സെന്‍സസ് 2011നെ മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ഡി. ചന്ദ്രമൗലിയും ചേര്‍ന്ന് ദല്‍ഹിയില്‍ പുറത്തുവിട്ട സെന്‍സസ് 2011ന്റെ പ്രാഥമിക കണക്കുകള്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്നത് ഏപ്രില്‍ ഒന്നിനാണ്. അന്നു തന്നെയാണ് സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇഹലോകവാസം വെടിയുന്നത്. നിയതിയുടെ എന്തെങ്കിലും കുസൃതി ഈ യാദൃഛികതക്ക് പിന്നിലുണ്ടോ? അങ്ങനെ ആലോചിക്കുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. കാരണം, ജനസംഖ്യാ ശാസ്ത്രത്തെ (ഡെമോഗ്രഫി) ഗൗരവത്തിലെടുത്ത അപൂര്‍വം മലയാളികളിലൊരാളായിരുന്നു കര്‍ദിനാള്‍ വിതയത്തില്‍. ഇന്ത്യ തുടര്‍ന്നു പോരുന്ന ജനസംഖ്യാ നയത്തിന്റെ നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭക്കകത്ത് പുതിയ ജനസംഖ്യാ നയം ആവിഷ്‌കരിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിലെ നേരെ ചൊവ്വെ പരിപാടിയില്‍ ജോണി ലൂക്കോസുമായുള്ള അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന്:
ജോണി ലൂക്കോസ്: കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള ആളുകള്‍ കൂടുതല്‍ മക്കളെ വളര്‍ത്തണം എന്ന നിര്‍ദേശമുണ്ടായിരുന്നു. അത് റാഡിക്കലായി ചിന്തിക്കുകയാണെങ്കില്‍ ഭാരതത്തിന്റെ മൊത്തം അവസ്ഥ നോക്കിയാല്‍ അത് പോളിസിക്കെതിരാണ്; കേന്ദ്രനയത്തിനെതിരാണ്. അപ്പോള്‍ അതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?
മാര്‍ വര്‍ക്കി വിതയത്തില്‍: ഞാനൊരു ട്രഡീഷനലിസ്റ്റ് ആയതുകൊണ്ടൊന്നുമല്ല. ഞങ്ങളുടെ കാലത്ത് പത്തും പതിനഞ്ചും മക്കള്‍; എട്ടും പത്തും മക്കള്‍ നോര്‍മലായിരുന്നു. അങ്ങനെ പോകണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ, ഇന്ത്യക്ക് അല്ലെങ്കില്‍ കേരളത്തിന് കൂടുതല്‍ ജനങ്ങളെ, വ്യക്തികളെ തീറ്റാന്‍ സാധിക്കുന്നില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അത് അണ്‍സയന്റിഫിക് ആണ്. സയന്റിഫിക് ആയി കൃഷി ചെയ്താല്‍ ഈ ലോകത്തെ മൂന്നു പ്രാവശ്യം തീറ്റാനുള്ള ഗോതമ്പ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. അപ്പോള്‍ ഇവരീ ഡമോഗ്രഫി വെച്ച് പറയുകയാണ് നമുക്ക് പറ്റില്ല, ആളുകള്‍ ഒരുപാട് ആയാല്‍ എന്ന്. ഞാനത് വിശ്വസിക്കുന്നില്ല. കേരളത്തില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച്, മരിക്കുന്നതിനനുസരിച്ച് ജനിക്കുന്നില്ല. 2.1 പിള്ളേരുണ്ടെങ്കിലേ മരിക്കുന്നിടത്തോളം ആളുകളുണ്ടാകൂ. ഈ സ്റ്റൈലില്‍ പോയിക്കഴിഞ്ഞാല്‍ കുറേക്കഴിയുമ്പോഴേക്ക്, പുരോഗമനവാദമെന്നൊക്കെപ്പറഞ്ഞ് പോയാല്‍ ഇവിടെ കുറെ മൃഗങ്ങളും മരങ്ങളുമേ ഉണ്ടാകൂ. ആളുകളെയൊന്നും കാണില്ല. എന്തിനാണിത്ര ഭയപ്പെടുന്നത്. കേരളത്തിനു വേണ്ടിയോ ഭാരതത്തിനുവേണ്ടിയോ അല്ല. ഹീ ഈസ് എ മാന്‍ ഓഫ് ദ വേള്‍ഡ്, എ ഹ്യൂമന്‍ റേസ്. അതിനെ തടുക്കേണ്ട യാതൊരു ആവശ്യവുമുണ്ടെന്നു തോന്നുന്നില്ല. ഗവണ്‍മെന്റിന് അങ്ങനെ വലിയ പ്രശ്‌നമുണ്ടെങ്കില്‍ ജനങ്ങളെ അറിയിക്കാം. ഇങ്ങനെ ഡമോഗ്രഫിക് പ്രോബ്‌ളമുണ്ടെന്നൊക്കെ. പക്ഷേ അവസാന തീരുമാനമെടുക്കേണ്ടത് ഭാര്യാ ഭര്‍ത്താക്കന്മാരാണ്; തിരുസഭയുമല്ല, ഗവണ്‍മെന്റുമല്ല. ഉത്തരവാദിത്വപൂര്‍വം ഞങ്ങള്‍ക്കെത്ര കുട്ടികളെ ജനിപ്പിച്ച് ശരിയായി വളര്‍ത്താന്‍ സാധിക്കുമോ എന്നുള്ളത്. അല്ലാതെ എലി പെറ്റുപെരുകുന്നതുപോലെ പത്തും പതിനഞ്ചും എണ്ണത്തിനെ തിരുസഭ പറയുന്നില്ല; ഞാനും പറയുന്നില്ല. പക്ഷേ, നല്ല ആരോഗ്യവും സാമ്പത്തിക ശേഷിയുമുണ്ടെങ്കില്‍ വെറും സ്വാര്‍ഥതക്കുവേണ്ടി മാത്രം കുട്ടികളെ ജനിപ്പിക്കാതിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍, എന്നെ പഴഞ്ചന്‍ എന്ന് വിളിച്ചാലും എനിക്കു കുഴപ്പമില്ല; ഞാനതിനോട് യോജിക്കില്ല.
സ്‌ട്രൈറ്റ് ഫ്രം ഹാര്‍ട്ട് ആണ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഏക പുസ്തകം. പോള്‍ തേലക്കാട്ടുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങളാണ് 230 പേജുള്ള ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത് (പ്രസാധനം, ദ ബോംബെ സെന്റ് പോള്‍ സൊസൈറ്റി). കുടുംബം, വിവാഹം, സന്താനോല്‍പാദനം എന്നിവയെക്കുറിച്ചാണ് ഒന്നാമധ്യായത്തില്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത്. കുട്ടികള്‍ കുറയുന്നത് കൊണ്ട് യൂറോപ്പും കേരളത്തിലെ കത്തോലിക്കാ സമൂഹവും അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം പറയുന്നു. ഭൗതിക അതിപ്രസരം നിമിത്തം കുഞ്ഞുകുടുബങ്ങളിലേക്ക് കൂടുമാറുന്ന പുതിയ തലമുറ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ബ്രഹ്മചാരിയായ അങ്ങ് വിവാഹത്തെക്കുറിച്ചും സന്താനോല്‍പാദനത്തെക്കുറിച്ചും സംസാരിക്കുന്നതിലെ വൈരുധ്യത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ബ്രഹ്മചാരികളാണെങ്കിലും ഈ കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ പുരോഹിതന്മാര്‍ക്ക് കഴിയുമെന്നാണ് വിതയത്തിലിന്റെ അഭിപ്രായം. ചുരുക്കത്തില്‍, സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ജനസംഖ്യാ നിയന്ത്രണത്തെയും കുടുംബാസൂത്രണത്തെയും യുക്തിയും ദൈവശാസ്ത്രവും ഉപയോഗിച്ച് ചോദ്യം ചെയ്യുകയാണ് അദ്ദേഹം.
പ്രോലൈഫ് മിനിസ്ട്രി എന്ന പേരില്‍ ഒരു സംവിധാനം ക്രിസ്തീയ സഭകള്‍ക്ക് കീഴിലുണ്ട്. ജീവിതനിഷേധത്തിനെതിരെ ജീവിത സ്വീകാരമാണ് പ്രസ്തുത സമിതിയുടെ (മിനിസ്ട്രി) മുദ്രാവാക്യം. ദയാവധം, ഗര്‍ഭഛിദ്രം, ആത്മഹത്യ, കുടുംബാസൂത്രണം എന്നിവക്കെതിരായ പ്രചാരണവും വലിയ കുടുംബത്തെക്കുറിച്ചുള്ള ബോധവത്കരണവുമൊക്കെയാണ് ഇതിന്റെ പ്രവര്‍ത്തന മേഖല. 2008 ജൂണ്‍ 11ന് ഇതുമായി ബന്ധപ്പെട്ട് കേരളാ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെ.സി.ബി.സി) സുപ്രധാനമായൊരു യോഗം കൊച്ചിയില്‍ ചേര്‍ന്നു. കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്ന കാര്യത്തില്‍ സഭാവിശ്വാസികളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് യോഗം സ്വീകരിച്ചു. യോഗത്തിന്റെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ: 1) ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന ശസ്ത്രക്രിയ എന്നിവ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ചെയ്യരുത്. ഈ ആവശ്യവുമായി വരുന്നവരെ കൗണ്‍സലിംഗ് നടത്തി മനസ്സ് മാറ്റാന്‍ ശ്രമിക്കണം. 2) മൂന്ന് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സാമ്പത്തിക, വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കും. മൂന്നാമത്തെ കുഞ്ഞിന് പകുതി ഫീസും നാലാമത്തെ കുഞ്ഞിന് മുഴുവന്‍ ഫീസും സൗജന്യമാക്കാനാണ് പ്രോലൈഫ് സമിതി നിര്‍ദേശിച്ചത്. 3) നാലും അതിലധികവും മക്കളുള്ള അമ്മമാരെ ആദരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കും. 4) യുവ ദമ്പതിമാര്‍ക്ക് ജീവന്റെ മഹത്വം വെളിവാക്കുന്ന പ്രേരണാ ക്ലാസുകള്‍ സംഘടിപ്പിക്കും. 5) ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയവര്‍ക്ക് വീണ്ടും മക്കള്‍ ഉണ്ടാകാനുള്ള ശസ്ത്രക്രിയ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ സൗജന്യ നിരക്കില്‍ ചെയ്ത് കൊടുക്കും. കേരള ജനസംഖ്യയില്‍ കുട്ടികള്‍ കുറഞ്ഞുവരുന്നതിനെ കടുത്ത ആശങ്കയോടെയാണ് അന്നത്തെ യോഗം വിലയിരുത്തിയത്. ഈ ആശയങ്ങളുടെ പ്രചാരണത്തിന് 'കൂടുതല്‍ മക്കള്‍, കൂടുതല്‍ ഭദ്രത' എന്നൊരു പരസ്യവാചകവും അംഗീകരിക്കപ്പെട്ടു. തെക്കന്‍ കേരളത്തിലെ പല പള്ളികളോട് ചേര്‍ന്നും ഈ മുദ്രാവാക്യമെഴുതിയ സചിത്ര ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. സഭയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം 'കൂടുതല്‍ കുട്ടികള്‍' എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ കത്തോലിക്ക ജനസംഖ്യ ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ അമ്പത് വര്‍ഷത്തിനിടയില്‍ സഭ തന്നെ ഇല്ലാതായിപ്പോവുമെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, തൃശൂരില്‍ നടന്ന അതിരൂപത കുടുംബകൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചത് (2009 ജനുവരി 08) ഈ പശ്ചാത്തലത്തിലാണ്.
കെ.സി.ബി.സിയുടെ തീരുമാനത്തെത്തുടര്‍ന്ന് സഭാവിശ്വാസികള്‍ക്കിടയില്‍ ഈ വിഷയകമായി വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. നിരവധി കൈപ്പുസ്തകങ്ങളും ഡസന്‍ കണക്കിന് ലഘുലേഖകളും വിതരണം ചെയ്യപ്പെട്ടു. ജോര്‍ജ് എഫ് സേവ്യര്‍ എഴുതി, കൊല്ലത്തെ മെല്‍ക്കിസെദക് മൂവ്‌മെന്റ് ഫോര്‍ ലൈഫ് (എം.എം.എല്‍) പ്രസിദ്ധീകരിച്ച ഓമനത്തിങ്കള്‍ കിടാവേ എന്ന പുസ്തകം ഇതില്‍ പെടും. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള ദിവസങ്ങള്‍ നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുന്ന പുസ്തകം, അങ്ങനെയുള്ള ദിവസങ്ങള്‍ എളുപ്പം മനസ്സിലാക്കാനുതകുന്ന വിശദമായ ചാര്‍ട്ട് തയാറാക്കുകയും ചെയ്തിരിക്കുന്നു (പേജ് 59). രണ്ടിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പിഴ നിര്‍ദേശിക്കുന്ന, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ കേരള നിയമപരിഷ്‌കരണ സമിതിയുടെ ശിപാര്‍ശക്കെതിരെ അതിരൂക്ഷമായാണ് ഈ ലഘുലേഖകള്‍ പ്രതികരിച്ചത്.
കൊല്ലം രൂപതയുടെ കീഴിലുള്ള ഫാമിലി അപോസ്തലേറ്റ് പ്രസിദ്ധീകരിച്ച 'ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിനായി' എന്ന ലഘുലേഖയില്‍ ഇങ്ങനെ വായിക്കാം: ''ജനസംഖ്യാ ഘടനയില്‍ പ്രത്യാഘാതങ്ങളുണ്ടാകാതിരിക്കാന്‍ ശരാശരി 2.2 മക്കള്‍ ഓരോ കുടുംബത്തിലും ഉണ്ടായിരിക്കണമെന്ന് യു.എന്‍ നിഷ്‌കര്‍ഷിക്കുന്നു. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം ഇന്നത്തെ കാലഘട്ടത്തില്‍ 10 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് മക്കളുളള കുടുംബങ്ങളില്‍ മൂന്നോ അതിലധികമോ കുഞ്ഞുങ്ങള്‍ ജനിക്കണം. കേരളത്തില്‍ 2.17 ആയിരിക്കണം ജനന നിരക്ക്. എന്നാല്‍, ഇന്നത്തെ ജനന നിരക്ക് 1.8 ആണ്. ഇത് തന്നെ മലപ്പുറം ജില്ല 4.32 ജനന നിരക്ക് രേഖപ്പെടുത്തുന്നത് കൊണ്ടാണ്. അങ്ങനെയെങ്കില്‍ മറ്റ് ജില്ലകളിലെ ജനന നിരക്ക് 1.8ലും എത്രയോ കുറവായിരിക്കും. ലോകത്തിലെ 79 രാജ്യങ്ങള്‍ ജനസംഖ്യാ കുറവ് കാരണം ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. 1.3 ജനന നിരക്കുണ്ടായ റഷ്യയില്‍ മുന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജനന നിരക്ക് ഉയര്‍ത്താന്‍ കാറും ഫ്രിഡ്ജുമൊക്കെ സമ്മാനം പ്രഖ്യാപിച്ചു. കേരളത്തിലോ ശിക്ഷയും.... മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൃദ്ധന്മാരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠന റിപ്പോര്‍ട്ട്. വൃദ്ധന്മാരുടെ എണ്ണത്തിനാനുപാതികമായി കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണം. ശിശുമരണ നിരക്ക് 1000ത്തില്‍ 13 എണ്ണം മാത്രം. വാര്‍ധക്യസഹജമായ മരണം എട്ടായി കുറയുകയും ചെയ്തിരിക്കുന്നു. അങ്ങനെ വന്നാല്‍ കുട്ടികള്‍ രണ്ടോ മുന്നോ മതി എന്ന കുടുംബാസൂത്രണ മുദ്രാവാക്യം ആവര്‍ത്തിക്കണമോ? കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ച ജര്‍മന്‍ പ്രതിനിധി സംഘം ഇവിടുത്തെ ഗര്‍ഭഛിദ്രത്തിന്റെയും വന്ധ്യംകരണത്തിന്റെയും നിരക്ക് കണ്ട് അദ്ഭുതം കൂറി. അമ്പത് കൊല്ലം കഴിഞ്ഞാല്‍ കേരളത്തില്‍ അപ്പൂപ്പന്മാരും അമ്മൂമ്മമാരും മാത്രമേ ഉണ്ടാകൂ എന്നായിരുന്നു അവരുടെ പ്രതികരണം...ദൈവമാണ് ജീവന്റെ ഉടയവന്‍. ജീവന്‍ നല്‍കുന്നതും എടുക്കേണ്ടതും ദൈവം തന്നെ. ദൈവവുമായി സൃഷ്ടി കര്‍മത്തില്‍ സഹകരിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ദൈവത്തോടൊരുമിച്ച് എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന് മാതാപിതാക്കള്‍ തീരുമാനിക്കട്ടെ. ജീവന്‍ നല്‍കുന്നത് ദൈവമാകയാല്‍ മനുഷ്യന്‍ ആ അധികാരം കൈയിലെടുക്കുന്നത് തിന്മയാണ്.
ചങ്ങനാശ്ശേരി ബിഷപ് ഹൗസിന് കീഴിലുള്ള ഫാമിലി അപോസ്തലേറ്റ് പ്രസിദ്ധീകരിച്ച (രചന, എബ്രഹാം പുത്തന്‍കളം) ജീവന്‍ സംരക്ഷിക്കാനും സമൃദ്ധമാക്കാനും എന്ന പുസ്തകത്തില്‍ നിന്ന്: ''ഇന്ന് നമ്മുടെ സമൂഹത്തില്‍ രണ്ട് കുട്ടികളെ കൈയില്‍ പിടിച്ച് ഒരു ഗര്‍ഭിണി നടക്കുന്നത് കണ്ടാല്‍ ജനം അവരെ പുഛിക്കാനും വേദനിപ്പിക്കാനും തുടങ്ങും. രവീന്ദ്രനാഥ ടഗോര്‍ പറയുന്നത് ഓരോ ഗര്‍ഭിണിയും ദൈവം ഇപ്പോഴും ലോകത്തെ സ്‌നേഹിക്കുന്നുവെന്നതിന്റെ അടയാളമാണെന്നാണ്. ദൈവത്തിന്റെ രക്ഷാകാര പദ്ധതി തലമുറകളില്‍ തുടരുന്നതിന് ദൈവം അയക്കുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നത് ദൈവത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ദൈവപദ്ധതിയെ തകര്‍ക്കാനുള്ള സാത്താന്റെ പദ്ധതി തിരിച്ചറിയാതെ മക്കള്‍ക്ക് ജന്മം കൊടുക്കാതിരിക്കുന്നത് വലിയ തെറ്റാണെന്ന് തിരിച്ചറിയണം. കേരളത്തില്‍ എല്ലാ സമൂഹത്തിലും മക്കളുടെ എണ്ണം വളരെ കുറയുന്നുണ്ടെങ്കിലും നായര്‍ സമൂഹത്തിലും സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലുമാണ് ജീവന്റെ കുറവ് ഏറ്റവും അധികമായി കാണുന്നത്. കുടുംബത്തിന്റെ ദൈവിക പദ്ധതികള്‍ മറന്ന് കൊണ്ട് ധനസമ്പാദനത്തിനും സുഖത്തിനും സ്വാര്‍ഥതക്കും അധികപ്രാധാന്യം നല്‍കുന്നതിലൂടെ കുടുംബങ്ങള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും ഇതിന്റെ പ്രാധാന്യം മനസ്സിലാവുന്നില്ല. കേരളത്തില്‍ ചില വിഭാഗങ്ങളുടെ ഇടയില്‍ 10വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനന നിരക്ക് 1.5 ആയിരുന്നു. ഇന്ന് അത് 1.4 വരെയായി എന്നും കേള്‍ക്കുന്നു. ഈ കണക്കിന് മുന്നോട്ട് പോയാല്‍ മൂന്ന് തലമുറ കഴിയുമ്പോള്‍ ഈ സമൂഹങ്ങള്‍ അന്യം നിന്നു പോവും.''
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ കെ.സി. സക്കറിയ തയാറാക്കിയ ദ സിറിയന്‍ ക്രിസ്റ്റ്യന്‍സ് ഓഫ് കേരള, ഡമോഗ്രാഫിക് ആന്റ് സോഷ്യോ എക്‌ണോമിക്‌സ് ട്രാന്‍സിഷന്‍ ഇന്‍ ദ ട്വന്റീന്‍ത് സെഞ്ച്വറി എന്ന പ്രബന്ധം (നവംബര്‍ 2001) സഭയുടെ ജനസംഖ്യാ നയം രൂപീകരിക്കുന്നതില്‍ പ്രധാനപ്പെട്ടൊരു രേഖയാണ്. സഭയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ഈ ഗവേഷണ പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു (2005, ഏപ്രില്‍ 01-15). കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ പാര്‍സി സിന്‍ഡ്രം അനുഭവിക്കാന്‍ പോവുന്നുവെന്നാണ് കെ.സി സക്കറിയ തന്റെ പ്രബന്ധത്തില്‍ പ്രധാനമായും മുന്നറിയിപ്പ് നല്‍കുന്നത്. കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറക്കാന്‍ മുമ്പ് പാര്‍സികള്‍ തീരുമാനിച്ചിരുന്നുവത്രെ. ഈ തീരുമാനം നടപ്പിലാക്കിയതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ പാര്‍സി സമൂഹം നാമാവശേഷമായത്. ഇതാണ് പാര്‍സി സിന്‍ഡ്രം കൊണ്ടുദ്ദേശിക്കുന്നത്. നേരത്തെ സൂചിപ്പിച്ച സഭാ ലഘുലേഖകളിലെല്ലാം പാര്‍സി അനുഭവത്തെക്കുറിച്ച മുന്നറിയിപ്പുകള്‍ നിര്‍ബാധം നല്‍കിയിട്ടുണ്ട്.
ക്രിസ്ത്യന്‍ ജനസംഖ്യയെക്കുറിച്ചുള്ള, പ്രത്യേകിച്ചും സുറിയാനി ക്രിസ്ത്യാനികളുടെ ജനസംഖ്യാ ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളാണ് സഭാരേഖകള്‍ പ്രധാനമായും പങ്കുവെക്കുന്നത്. എങ്കിലും ഇത് ക്രിസ്ത്യാനികളുടെ മാത്രമോ സുറിയാനികളുടെ മാത്രമോ ആയ പ്രശ്‌നമായല്ല; മറിച്ച് കേരളത്തിന്റെ തന്നെ പ്രശ്‌നമായി കാണണമെന്ന് അവര്‍ പറയുന്നു. സഭാ താല്‍പര്യമല്ല, സാമൂഹിക താല്‍പര്യമാണ് മെത്രാന്‍ സമിതിയെ നയിക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. അതേ സമയം, ക്രിസ്ത്യന്‍ സമൂഹത്തിനകത്ത് നിന്ന് തന്നെ ജനസംഖ്യാ വര്‍ധന നീക്കത്തിനെതിരെയുള്ള ശബ്ദങ്ങളും ഉയര്‍ന്നുവന്നിരുന്നു. സഭയില്‍ എപ്പോഴും വിമത ശബ്ദമുയര്‍ത്താറുള്ള ജോസഫ് പുലിക്കുന്നേല്‍ പരിഹാസപൂര്‍വം 'കൂടുതല്‍ കുട്ടികള്‍' പദ്ധതിയെ വിമര്‍ശിക്കുകയുണ്ടായി. ''പ്രസവം സഭയുടെ ഉത്തരവാദിത്തമല്ല. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മമേകാന്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞാല്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ ബോണസ് കുട്ടികളാവും. അത് കുട്ടിക്കും അപ്പനമ്മമാര്‍ക്കും നാണക്കേടാണ്. അതവന്റെ വ്യക്തിസ്വത്വത്തെ ബാധിക്കും. സഭ അവനെ ദത്തെടുക്കും പോലെയാണത്. സഭക്ക് ആളെക്കൂട്ടണമെങ്കില്‍ 35,000 കന്യാസ്ത്രീകളെ വിവാഹം കഴിപ്പിക്കുകയാവും നല്ലത്''- ഇങ്ങിനെ പോവുന്നു പുലിക്കുന്നേലിന്റെ വാദങ്ങള്‍ (ഇന്ത്യാ ടുഡേ, 2008 ജൂലൈ 02). ചെറുപ്പക്കാരുടെ/കുട്ടികളുടെ കമ്മി സഭയെ മറ്റൊരര്‍ഥത്തിലും പ്രയാസപ്പെടുത്തുന്നുണ്ട്. പുരോഹിതന്മാരും കന്യാസ്ത്രീകളുമാവാന്‍ പുതിയ തലമുറയില്‍ നിന്ന് ആളുകളെ കിട്ടുന്നില്ലെന്നതാണത്. ഇത് ഒരേ സമയം, ഇരട്ട പ്രതിസന്ധിയാണ്. ഒരു വശത്ത് പൗരോഹിത്യത്തിലേക്കും ബ്രഹ്മചര്യത്തിലേക്കും ചെറുപ്പക്കാരെ ക്ഷണിക്കുന്ന സഭ, അതേ സമയം തന്നെ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്നു.
ഏതായാലും ജനസംഖ്യാ രംഗത്ത് വരുന്ന മാറ്റങ്ങളെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയെന്നത് ഏതാനും വര്‍ഷങ്ങളായി സഭയുടെ പ്രധാനപ്പെട്ടൊരു മുന്‍ഗണനയാണ്. കുടുംബാസൂത്രണം, ജനസംഖ്യാ നിയന്ത്രണം എന്ന ഭരണകൂട നയത്തിന് വിരുദ്ധമായി, ജനസംഖ്യാ വര്‍ധനവ് എന്നതാണ് സഭ സ്വീകരിച്ചിരിക്കുന്ന നയം. ഈ നയം നടപ്പിലാക്കാനുള്ള ആത്മീയവും ഭൗതികവുമായ വിപുലമായ പദ്ധതികളും സഭ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കുടുംബാസൂത്രണം, ചെറിയ കുടുംബം എന്നൊക്കെയുള്ളത് നമ്മുടെ ദേശീയ നയമാണ്; പഴയതുപോലെ സര്‍ക്കാര്‍ ഇത് തീവ്രമായി പ്രചരിപ്പിക്കുന്നില്ലെങ്കിലും. പ്രസ്തുത ദേശീയ നയത്തിനെതിരാണ് സഭകളുടെ പ്രചാരണവും നിലപാടും. പരസ്യമായി, ജനസംഖ്യാ വര്‍ധനവിന് ആഹ്വാനം ചെയ്യുകയാണവര്‍. ഇങ്ങനെയൊരു ആഹ്വാനവും തുടര്‍നടപടികളും മുസ്‌ലിംകളുടെ ഭാഗത്ത് നിന്നാണുണ്ടായതെങ്കില്‍ അതുണ്ടാക്കുന്ന പുകിലുകള്‍ നമുക്കാലോചിക്കാവുന്നതേയുള്ളൂ. പല കാരണങ്ങളാല്‍, ജനസംഖ്യാ വര്‍ധനവിനായുള്ള ക്രിസ്ത്യന്‍ പദ്ധതി വലിയ ഒച്ചപ്പാടൊന്നുമുണ്ടാക്കിയിട്ടില്ല.
കുടുംബാസൂത്രണം, ചെറിയ കുടുംബം എന്നൊക്കെയുള്ളത് ആധുനികതയുടെ പ്രധാനപ്പെട്ട മോഹന മുദ്രാവാക്യമായിരുന്നു. വിദ്യാഭ്യാസം, പുരോഗമന സ്വഭാവം, ആധുനിക ശാസ്ത്രം എന്നിവയോടൊക്കെ ചേര്‍ത്ത് പറഞ്ഞിരുന്ന ആശയങ്ങളായിരുന്നു അത്. എന്നാല്‍, ഈ വിഷയങ്ങളിലെല്ലാം മുന്നേറിയ സഭ തന്നെയാണ്, യാഥാസ്ഥിതികമെന്ന് പുരോഗമനവാദികളാലും വിദ്യാസമ്പന്നരാലും മുദ്രകുത്തപ്പെട്ടിരുന്ന, വലിയ കുടുംബമെന്ന പഴഞ്ചന്‍ ആശയത്തെ ഇപ്പോള്‍ ഏറ്റവും ഉയരത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നത് ചരിത്രത്തിലെ വലിയൊരു കൗതുകമായി തോന്നിയേക്കാം. പക്ഷേ, ഇത് സഭയുടെ മാത്രം പ്രശ്‌നമല്ല. ലോകത്ത് ശാസ്ത്രീയവും ഭൗതികവുമായ പുരോഗതി നേടിയ ഡസന്‍ കണക്കിന് രാജ്യങ്ങള്‍ ഇന്ന് ഇതേ നയം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ പ്രചാരണം നടത്തുക മാത്രമല്ല, അത്തരം കുടുംബങ്ങള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് പല ഭരണകൂടങ്ങളും. ചരിത്രം ശരിക്കും ഒരു പിരിയന്‍ ഗോവണിയാണെന്ന് നമ്മെ വീണ്ടും ബോധ്യപ്പെടുത്തുന്ന അനുഭവം. ജനസംഖ്യാ വര്‍ധനവ് ത്വരിതമാക്കാന്‍ 5300 കോടി ഡോളര്‍ ചെലവിട്ടതായും ഇനിയും കൂടുതല്‍ ശക്തമായി ആ നയവുമായി മുന്നോട്ട് പോവുമെന്നും റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 21നാണ്. കമ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് ശക്തിയുപയോഗിച്ച് നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതികളുടെ ദുഷ്ഫലം ഇപ്പോഴാണ് റഷ്യ പ്രകടമായി അഭിമുഖീകരിക്കുന്നത്. അതേ സമയം, ഒന്നിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നതടക്കമുള്ള ജനസംഖ്യാ നയവുമായി ശക്തമായി മുന്നോട്ട് പോവുകയാണ് കമ്യൂണിസ്റ്റ് ചൈന. സാമാന്യ ബുദ്ധി പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് എപ്പോഴും സമയമെടുക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രം.
(തുടരും)
[email protected]
Comments