Prabodhanm Weekly

Pages

Search

2011 മെയ് 14

മഹല്ലുകള്‍ തലമുറകള്‍ക്ക് വഴികാട്ടിയാവുന്നു


വിശ്വാസിസമൂഹത്തിന്റെ ധാര്‍മികാധ്യാപനങ്ങളുടെ ആണിക്കല്ലാണ് മഹല്ലുകള്‍. വ്യക്തിയെ സമൂഹത്തിന്റെ ഭാഗമാക്കേണ്ടതും അതിലുപരി കുടുംബത്തിനുംസമൂഹത്തിനും രാഷ്ട്രത്തിനും പാത്രീഭൂതനായ വ്യക്തിയെ വളര്‍ത്തേണ്ടതും മഹല്ല് സംവിധാനത്തിലാണ്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് വിദ്യാഭ്യാസം. വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് നിദാനമാകുന്ന വിധത്തിലുള്ള വിദ്യാഭ്യാസവും അതുപോലെ അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ കഴിയണം. കുട്ടികളുടെ പഠനവൈകല്യത്തിനുള്ള പരിഹാരം കാണാനും, കോഴ്‌സുകള്‍ക്കും ഉപരിപഠനത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഇന്ന് പല മഹല്ലുകളിലും സംവിധാനങ്ങളില്ല. ഇത് യഥാവിധം മഹല്ലുകള്‍ക്ക് എളുപ്പത്തില്‍ നടത്താന്‍ കഴിയുന്നതാണ്. പക്ഷേ, നമുക്ക് കാണാന്‍ കഴിയുന്ന മഹല്ല് വ്യവസ്ഥിയില്‍ ഇടംപിടിച്ചിട്ടുള്ളത് തേങ്ങ പറിക്കലും മാസം മുറിയാതെ പിരിവ് നടത്തലുമാണ്. ഇതിനെ ഇകഴ്ത്തുകയല്ല. പക്ഷേ, അതിപ്രാധാന്യമര്‍ഹിക്കുന്ന വ്യവസ്ഥയെ ഇകഴ്ത്തുന്ന നിലപാടുകള്‍ മഹല്ലുകള്‍ തിരുത്തേണ്ടതുണ്ട്.
സമൂഹത്തിന്റെ ആധാരശിലയായ വിദ്യാര്‍ഥി സമൂഹത്തെ നേരായ രീതിയില്‍ നയിക്കാനുള്ള വ്യവസ്ഥയോ ഏര്‍പ്പാടുകളോ നമ്മുടെ മഹല്ല് സംവിധാനത്തില്‍ ഇല്ല. വന്‍തകര്‍ച്ചയാണ് ഇതുമൂലമുണ്ടാകുന്നത്. സമൂഹ നന്മയും ഭാവിയും മെച്ചപ്പെടുത്താന്‍ വിഭാവനം ചെയ്യപ്പെടേണ്ട സമൂഹം മുഖ്യധാരയില്‍ നിന്ന് മായ്ക്കപ്പെടുകയാണ്.
നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് ധാര്‍മിക അധ്യാപനങ്ങള്‍ ലഭിക്കണം, അവരുടെ അഭിരുചികള്‍ കണ്ടെത്തി അതിനുള്ള വാതിലുകള്‍ തുറക്കപ്പെടണം. പഠന നിലവാരത്തിന് ഗൈഡന്‍സ് നല്‍കപ്പെടണം. പക്ഷേ, പ്രസ്തുത വിഷയം ഏറ്റവും അര്‍ഥവത്തായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ക്രിസ്തീയ സമൂഹമാണ്. പരീക്ഷ സമയങ്ങളില്‍ കുട്ടികള്‍ക്ക് കോച്ചിംഗ് നല്‍കുകയും വൈകല്യമുള്ള കുട്ടികള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ആ സമയത്ത് നമ്മളോ, വഅ്‌ള് പരമ്പര, കോഴിക്കോട് അങ്ങാടിയില്‍ പീടിക ഉദ്ഘാടനം എന്നിത്യാദി ജഡത്വ പൂര്‍ണമായ പരിപാടികളിലാണ് ഏര്‍പ്പെടുന്നത്.
എങ്ങനെ നമുക്ക് ഉപയോഗപ്പെടുത്താം. ഏറ്റവും ലളിതമായ രണ്ട് ഉദാഹരണങ്ങള്‍ വെക്കാം. 1. മദ്‌റസ: രാവിലെ ആരംഭിച്ചാല്‍ പത്ത് മണിയോടെ അവസാനിക്കുന്നതാണ് മിക്ക മദ്‌റസകളും. ബാക്കിയുള്ള സമയം വെറുതെ അടച്ചിരിക്കുന്നു. ഇത് മാറണം. ശിഷ്ട സമയം മദ്‌റസകള്‍ മറ്റു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം.
2. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍: ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ മഹല്ലുകളില്‍ ഉണ്ട്. ഇവരെ ഫലവത്തായ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇവര്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കാനും അവരുടെ പഠന നിലവാരം മെച്ചപ്പെടുത്താനും കഴിയണം.
ഒരു വായനക്കാരന്‍

തെരഞ്ഞെടുപ്പ് നയം ശരിയായോ?
ഞാന്‍ കുറേക്കാലമായി പ്രബോധനത്തിന്റെ വായനക്കാരനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സാംസ്‌കാരിക പരിപാടികളില്‍ സംബന്ധിക്കാറുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ധാരാളം പ്രവര്‍ത്തകരുമായി അടുത്ത ബന്ധവുമുണ്ട്.
എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ പ്രസ്ഥാനം അതിന്റെ രാഷ്ട്രീയ നിലപാടുകളില്‍ കാണിച്ച ചില അടവുകള്‍ ശരിയായെന്ന് തോന്നുന്നില്ല.
കേരളത്തിലെ കക്ഷിരാഷ്ട്രീയക്കാര്‍, മതങ്ങളോട് കൈക്കൊള്ളുന്ന നിലപാടുകള്‍ പലപ്പോഴും മതങ്ങളുടെ ആത്മീയ നയവുമായി ബന്ധപ്പെട്ടതല്ല. വോട്ട് ലഭിക്കാന്‍ സാധ്യതയുള്ള ഏതു പ്രസ്ഥാനത്തെയും പ്രലോഭിപ്പിക്കാനും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കൂടെ നിര്‍ത്താനുമാണ് അവര്‍ക്ക് താല്‍പര്യം. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം ധാര്‍മികതയുമായി ബന്ധപ്പെട്ടതാണെങ്കില്‍, ഈ കാലഘട്ടത്തില്‍ ഇവിടെയുള്ള ഇരു മുന്നണികളെയും അംഗീകരിക്കാനും വിജയിപ്പിക്കാനും ശ്രമിച്ചുകൂടാ. കേരളം ഭരിക്കുന്ന രണ്ട് മുന്നണികളും ധാര്‍മികതയുടെ കാര്യത്തില്‍ തികച്ചും അവഗണനയുള്ളവരാണ്. ഇവിടത്തെ ഏറ്റവും വലിയ റവന്യൂ വരുമാനം മദ്യനികുതിയാണ്. ചൂതാട്ടത്തിന് സമാനമായ ഭാഗ്യ ലോട്ടറികളാണ് അവരുടെ സാമ്പത്തിക സ്രോതസ്സ്. ആന്ധ്രയിലും കര്‍ണാടകത്തിലുമുള്ള കര്‍ഷകര്‍ പണിപ്പെട്ടുണ്ടാക്കുന്ന അരി സൗജന്യ നിരക്കില്‍ നല്‍കി  വോട്ടാക്കാനുള്ള പരക്കം പാച്ചിലിലാണ് ഇരു മുന്നണിയും. ഉല്‍പാദന ചെലവു പോലും ലഭിക്കാത്ത നിലയില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് തികഞ്ഞ അധാര്‍മികതയാണ്. സബ്‌സിഡി എന്ന ഓമനപ്പേരില്‍ ഖജനാവ് കൊള്ളയടിക്കുന്ന ഇവര്‍ക്ക് വോട്ട് നല്‍കണമെന്ന് പറഞ്ഞത് ശരിയായില്ല.
പട്ടേരി കുഞ്ഞികൃഷ്ണന്‍ അടിയോടി
കരിയാട്

 'മുടി'യാനായിത്തീര്‍ന്നോ മുസ്‌ലിം ഉമ്മത്ത്?

അഞ്ചുനേരം നമസ്‌കരിക്കുക, മൂന്നു നേരം തിന്നുക, രണ്ടു നേരം ഉറങ്ങുക-ഇത്രയും ചെയ്തിട്ട് മക്കനയോ തൊപ്പിയോ അണിഞ്ഞാല്‍ മുസ്‌ലിമായി! പിന്നെ സാമൂഹിക പരിഷ്‌കര്‍ത്താക്കളാകണമെങ്കില്‍ ചില സംവാദങ്ങളിലേര്‍പ്പെടുക, കാലാകാലങ്ങളില്‍ വിവാദങ്ങള്‍ പൊക്കിയെടുത്ത് ചര്‍ച്ച സംഘടിപ്പിക്കുക, അങ്ങനെ ജനശ്രദ്ധ പിടിച്ചുപറ്റി മീഡിയയില്‍ നിറഞ്ഞുനില്‍ക്കുക, നാളുകളോളം ദീനീ സ്വരൂപങ്ങളെ വിഡ്ഢികളാക്കി പടച്ചോനെയും പ്രവാചകന്മാരെയും സംരക്ഷിക്കുന്ന പ്രക്രിയ ഏറ്റെടുക്കുക. ഇങ്ങനെയൊക്കെ ജീവിതം മുഴുവനും പാഴാകുന്നു എന്ന് അറിഞ്ഞോ അറിയാതെയോ സ്വബോധമില്ലാതെ ഒരു സമൂഹം ഈ ദുനിയാവില്‍ ജീവിക്കുന്നുവല്ലോ!!
നാല്‍പത് കോടിയുടെ പള്ളി പണിത് - ഇനി പ്രവാചകന്റേതുതന്നെയാണെങ്കില്‍ പോലും- ഒരു മുടി സംരക്ഷിക്കാന്‍ ഖുര്‍ആന്റെ അനുയായികള്‍ക്കെങ്ങനെ കഴിയും? അര്‍ഥശൂന്യമായ ഇത്തരം ജല്‍പനങ്ങള്‍ ഏറ്റുപിടിച്ച് അതിനു വേണ്ടി പ്രയത്‌നിച്ച് സമയം പാഴാക്കലാണോ മുസ്‌ലിമിന്റെ ദൗത്യം? അഗതികളെയും അശരണരെയും അനാഥരെയും സംരക്ഷിക്കാത്തവന്‍ ദീനിനെ കളവാക്കുന്നവനാണെന്ന് ഖുര്‍ആന്‍. ജീവിക്കുന്ന ഖുര്‍ആനായി മാതൃക കാട്ടിയ പ്രവാചകന്‍. ഖുര്‍ആന്‍ ജീവിതവ്യവസ്ഥയായി അംഗീകരിച്ച വിശ്വാസിക്ക് ഇത്തരം സന്ദര്‍ഭങ്ങള്‍ ഓരോന്നെടുത്ത് പറഞ്ഞ്, അതിനെതിരായി പ്രവര്‍ത്തിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്നു പറഞ്ഞു പ്രവാചകന്‍. എന്നാല്‍, 'എനിക്കു ശേഷം എന്റെ മുടിയും തടിയും സംരക്ഷിച്ചുകൊള്ളുക' എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇങ്ങനെയാണോ പ്രവാചക സ്‌നേഹം കാണിക്കേണ്ടത്? പ്രവാചകന്റെ നിര്‍ദേശാനുസരണം ജീവിച്ച് മാതൃക കാട്ടുന്നവരല്ലേ പ്രവാചകസ്‌നേഹികള്‍ എന്ന വിവക്ഷയില്‍ വരിക?
സമ്പത്തിന്റെ ലക്ഷ്യം അതിന്റെ അഭാവം കൊണ്ടുണ്ടാകുന്ന കഷ്ടതകള്‍ പരിഹരിക്കുക എന്നതുതന്നെയാണ്. എന്നാല്‍, ദൈവംതമ്പുരാന്‍ ആ സമ്പത്ത് തുല്യനിലയില്‍ വിതരണം നടത്താതെ, അതിന്റെ നീതിയുക്തമായ കൈകാര്യകര്‍തൃത്വം മനുഷ്യനെ ഏല്‍പിച്ചിരിക്കുന്നു. പണം കൈയിലുള്ളവരും അത് പിരിച്ചെടുക്കുന്നവരും ശ്രദ്ധിക്കേണ്ടത് നീതിയുക്തമായ ആ കൈകാര്യ കര്‍തൃത്വമാണ്. അവിടെയാണ് പ്രവാചക സ്‌നേഹം കാട്ടേണ്ടത്. തിരിച്ചറിവിന്റെ ഈ നൂറ്റാണ്ടിലും ഇത്തരം 'മതവിഭ്രാന്തികള്‍'ക്ക് പിന്നാലെ പോകുന്ന സ്ത്രീ പുരുഷന്മാര്‍ എത്ര മൂഢരാണ്!
നാല്‍പത് കോടി പിരിച്ചെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:
* നിങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഇരുന്നൂറോളം പേരെങ്കിലും മാറാരോഗം ബാധിച്ച് വേദന കടിച്ചമര്‍ത്തി നിസ്സഹായരായി കഴിയുന്നവരുണ്ട്, അവശ്യത്തിനു മരുന്നോ ഭക്ഷണമോ ഇല്ലാതെ. ഭരണകര്‍ത്താക്കള്‍ ഇവരെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. നമ്മള്‍ ഓരോരുത്തരും അത് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്ത് ഒരു സാന്ത്വന പരിചരണ കേന്ദ്രം തുടങ്ങുക. ഒരു പണിയും ഇല്ലാതെയും ഉള്ള പണി ചെയ്യാതെയും നടക്കുന്ന യുവതയെ വഴിതെറ്റിക്കാതെ ഈ അശരണരുടെ അടുത്തേക്ക് പറഞ്ഞയക്കുക.
* തങ്ങളുടെ പ്രദേശത്ത് ദാരിദ്ര്യ നിര്‍മാര്‍ജനം ഉദ്ദേശിച്ച് ചെറുകിട തൊഴില്‍ശാലകള്‍ പ്രവര്‍ത്തിപ്പിക്കുക. പട്ടിണിപ്പാവങ്ങള്‍ക്ക് അതില്‍ തൊഴില്‍ നല്‍കുക. ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക.
* നിരാശ്രയരായ വൃദ്ധജനങ്ങളെയും രോഗത്തിന്റെ പിടുത്തത്തില്‍ നിന്നു ഒരയവ് ലഭിച്ചവരെയും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്വയം തൊഴിലില്‍ ഏര്‍പ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരിക.
നാളെ പരലോക വിചാരണയുടെ ഒരു രംഗമിതാ. അല്ലാഹു: 'ഹേ മനുഷ്യാ, ഞാന്‍ രോഗിയായി കിടന്നു. നീയവിടെ വന്നോ?' മനുഷ്യന്‍: 'സുബ്ഹാനല്ലാഹ്! നീ സര്‍വലോക രക്ഷിതാവല്ലേ. നിനക്ക് രോഗമോ?' അല്ലാഹു: 'നിന്റെ ദേശത്ത് ഇന്നയാള്‍ രോഗിയായി കിടന്നു. നീയവിടെ പോയിരുന്നെങ്കില്‍ എന്നെ നിനക്കവിടെ കാണാമായിരുന്നു.' അല്ലാഹു: 'അല്ലയോ മനുഷ്യാ, ഞാന്‍ വിശന്നപ്പോള്‍ നിന്നോടു ഭക്ഷണമിരന്നു. നീയെനിക്കു തന്നില്ല. നീയെന്റെ വിശപ്പു ശമിപ്പിച്ചിരുന്നെങ്കില്‍ എന്നെ നിനക്കവിടെ കാണാമായിരുന്നു.' ഇങ്ങനെയായിരിക്കും വിചാരണ.
എങ്കില്‍ നമുക്കിടയിലുള്ള അശരണരും അഗതികളും രോഗികളും നമ്മളാല്‍ അവഗണിക്കപ്പെടുന്നത് എത്ര ഗുരുതരമായിരിക്കും? അതുകൊണ്ട് സംഭാവന നല്‍കുന്നവരോട് ഒരു വാക്ക്: 'മുടി'യാനായി സംഭാവന നല്‍കാതിരുന്നുകൂടെ? പകരം, മേല്‍പറഞ്ഞ വിചാരണ ഓര്‍ത്തുകൊണ്ട് നിങ്ങളുടെ സംഭാവന ബുദ്ധിപൂര്‍വം നല്‍കുക. പുണ്യകര്‍മങ്ങള്‍ എന്നു പറയുന്നത് മനുഷ്യര്‍ക്കിടയിലാണ്.
എ.യു റഹീമ പാലക്കാട്

ചരിത്രസത്യങ്ങളെ വളച്ചൊടിക്കുമ്പോള്‍
ഈയിടെ പുറത്തിറങ്ങിയ 'ഉറുമി' എന്ന ചലിച്ചിത്രം പതിനാറാം നൂറ്റാണ്ടില്‍ മലബാര്‍ തീരത്ത് വിദേശശക്തികള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തെ മറ്റൊരു രൂപത്തില്‍ വളച്ചൊടിച്ച് സവര്‍ണ താല്‍പര്യങ്ങള്‍ക്കനുസൃതമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. എ.ഡി 1500 മുതല്‍ 1605 വരെ ഒരു നൂറ്റാണ്ട് കാലം നാല് കുഞ്ഞാലി മരയ്ക്കാര്‍മാര്‍ മലബാര്‍ തീരത്ത് നടത്തിയ ചെറുത്തുനില്‍പ് എല്ലാ ചരിത്രകാരന്മാരും അംഗീകരിച്ചതാണ്. എന്നാല്‍, ഈ ചലച്ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ക്ക് പകരം ഒരു കേളു നായരെയാണ് പടനായകനായി രംഗത്ത് അവതരിപ്പിക്കുന്നത്. കൂട്ടിന് മമ്മാലി എന്ന ഒരു കഥാപാത്രവും രംഗത്ത് വരുന്നുണ്ട്. അറക്കല്‍ രാജവംശത്തിലെ ഒരു മുസ്‌ലിം യുവതിയെ കേളുവിന്റെ കാമുകിയായി വളരെ വികലമായ രീതിയില്‍ ചിത്രത്തില്‍ നായികയായി വേഷം ചെയ്യിക്കുന്നു.
ചരിത്ര യാഥാര്‍ഥ്യങ്ങളെ ഇത്ര ക്രൂരമായ രീതിയില്‍ തമസ്‌കരിച്ച് പുതിയ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നവര്‍ ആരുടെ താല്‍പര്യങ്ങളെയാണാവോ സംരക്ഷിക്കുന്നത്? ചതിയന്മാരെയും ഒറ്റുകാരെയും ദേശാഭിമാനികളാക്കുകയും വിദേശ ശക്തികള്‍ക്കെതിരെ മാതൃഭൂമിയെ മോചിപ്പിക്കുന്നതിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്തവരെ ചെറുതാക്കി രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന ഇത്തരം ചരിത്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കെ. അശ്‌റഫ്, തിരൂര്‍-2


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം