Prabodhanm Weekly

Pages

Search

2011 മെയ് 14

ഇസ്ലാമിനെ ജീവിതത്തില്‍ പുനഃപ്രതിഷ്ഠിക്കുക

വി.പി. അഹ്മദ് കുട്ടി/ പി.കെ അബ്ദുല്‍ ഗഫൂര്‍

ഇസ്ലാമിനെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും പ്രസക്തമാവുന്ന ഒരു ഘടകം അതിന്റെ സംവേദനക്ഷമതയാണെന്നതില്‍ അഭിപ്രായാന്തരമില്ല. മനുഷ്യകുലത്തിനാകമാനം മാര്‍ഗദര്‍ശകവും മാനവരാശിയെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്ക വിശാലവുമായ ഒരു  പ്രത്യയശാസ്ത്രത്തിന് അതിജീവനത്തിന്റെ രസതന്ത്രം അന്യമാവുക സംഭവ്യമല്ല. സ്രഷ്ടാവിന്റെ കാരുണ്യകടാക്ഷത്തില്‍ സൃഷ്ടികളഖിലവും അവയുടെ വൈജാത്യങ്ങളോടൊപ്പം വിലയംചെയ്യപ്പെട്ടിട്ടുള്ളതുപോലെ ദൈവപ്രോക്ത ദര്‍ശനവും വീക്ഷണ വൈവിധ്യങ്ങള്‍ക്കുപരിയായി മാനവകുലത്തെ അഭിസംബോധന ചെയ്യുന്നു. വാക്കുകള്‍ കൊണ്ട് ആശയപ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുന്ന ഖുര്‍ആന്റെ ശൈലിയും, വ്യാഖ്യാന വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകന്റെ ദീര്‍ഘദൃഷ്ടിയും ഇസ്ലാം എന്ന ജീവിതവ്യവസ്ഥയെ കാലാതിവര്‍ത്തിയാക്കുന്നു.
ഖുര്‍ആന്റെ ആശയപ്രപഞ്ചം മനുഷ്യമസ്തിഷ്കത്തിന്റെ പരിമിതികളില്‍ തളച്ചിട്ട് ചില്ലുകൂട്ടിലെ വാര്‍പ്പ് മാതൃകയായി ലോകത്തിന് മുന്നില്‍ കാഴ്ചവെക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ദിവ്യപ്രോക്ത വ്യവസ്ഥിതിയുടെ ആത്മചൈതന്യമാണ്. കാലപ്രവാഹത്തില്‍ ഈ വാര്‍പ്പുമാതൃകകള്‍ക്കുപോലും അംഗഭംഗം സംഭവിച്ചപ്പോള്‍ ഇസ്ലാം എന്ന പേരില്‍ ലോകം കാണുന്നത് മറ്റെന്തിനെയോ ആണ്. ഇന്ന് ഇസ്ലാമിനെക്കുറിച്ച് അഭിപ്രായസമന്വയങ്ങള്‍ നടത്തപ്പെടുന്നത് ഇത്തരം രൂപങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. അനുയായികളാല്‍ തന്നെ വികലമാക്കപ്പെടുകയും അങ്ങനെ മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഒരു വ്യവസ്ഥയെ പ്രായോഗികതയുടെ ഭൂമികയില്‍ നിന്നുകൊണ്ട് എപ്രകാരം പുനര്‍വായിക്കാമെന്ന് കാലഘട്ടത്തോടൊപ്പം മുന്നേറുന്ന ഒരു പണ്ഡിതന്‍ വിശദീകരിക്കുന്നു.
പുനരാഖ്യാനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അറിവിന്റെ കണ്ണികള്‍ അറ്റുപോകില്ലൊരിക്കലും. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പിന്‍ഗാമികള്‍ തന്നെ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അത്തരം സാന്നിധ്യങ്ങളിലൊന്നായി എണ്ണപ്പെട്ട മഹദ് വ്യക്തിത്വമാണ് വി.പി അഹ്മദ് കുട്ടിയെന്ന മറുനാടന്‍ മലയാളി. പ്രായം ചെന്നെങ്കിലും വാക്കിലും ചിന്തയിലും യൌവനത്തിന്റെ പ്രസരിപ്പോടെ അദ്ദേഹം കര്‍മനിരതനാകുന്നു. ടൊറണ്ടോ ഇസ്ലാമിക് ഇന്‍സ്റിറ്റ്യൂട്ടില്‍ സീനിയര്‍ ലക്ചററായ അദ്ദേഹം ഉംറ നിര്‍വഹിക്കാനായി പത്നിയോടൊത്ത് ജിദ്ദയിലെത്തിയപ്പോള്‍, തന്നെ സന്ദര്‍ശിച്ച അറബ്ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് സീനിയര്‍ മെമ്പര്‍ പി.കെ ഗഫൂറുമായി സാര്‍വലൌകികതയിലൂന്നിയ ഇസ്ലാമികദര്‍ശനത്തെക്കുറിച്ച തന്റെ വീക്ഷണങ്ങള്‍ പങ്കുവെച്ചു.
ഉഹുദുമലയെ നോക്കി താന്‍ സ്നേഹിക്കുന്ന മലയെന്ന് വിശേഷിപ്പിച്ച, ഒട്ടകത്തിന്റെ കണ്‍കളില്‍ നോക്കി അതിന്റെ ദൈന്യത വായിച്ചറിഞ്ഞ പ്രവാചകന്റെ അനുയായികളും ഭീകരതയുമായിട്ടെന്തു ബന്ധം? ഹൃദയം നിറയെ ആര്‍ദ്രതയും സഹാനുഭൂതിയും കാത്തുസൂക്ഷിച്ച പ്രവാചകന്‍ ഒരു ദിവസം പോലും തീവ്രവാദിയായിരുന്നിട്ടില്ല. സകലവിധ തിന്മകള്‍ക്കെതിരെയുള്ള പടവെട്ടലാണ് ഇസ്ലാമിലെ ജിഹാദ്. അനീതിക്കും അക്രമങ്ങള്‍ക്കുമെതിരിലുള്ള നിരന്തര സമരം! ജിഹാദ് ധര്‍മസമരമാവുമ്പോള്‍ അതില്‍ പടയണിചേരുന്നവരോ നന്മയെ സ്നേഹിക്കുന്നവരും. നന്മതിന്മകള്‍ തമ്മിലുള്ള നിരന്തര സമരമാണ് മനുഷ്യചരിത്രം. തിന്മയുടെ മേല്‍ നന്മ നേടിയ വിജയങ്ങളാണ് ചരിത്രത്തിലെ നാഴികക്കല്ലുകള്‍.
നാം കെട്ടിയുയര്‍ത്തിയ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നമ്മെത്തന്നെ തളച്ചിടുമ്പോള്‍ നഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് നമ്മെ അറിയാനുള്ള അവസരങ്ങളാണ്. ഹൃദയംഗമമായ ഇടപെടലുകളിലൂടെ തന്റെ ആദര്‍ശത്തിന്റെ യാഥാര്‍ഥ്യം സഹജീവിയെ ബോധ്യപ്പെടുത്താനായില്ലെങ്കില്‍, താത്ത്വികാടിത്തറയുടെ പിന്‍ബലത്തില്‍ മാത്രം ജനങ്ങള്‍ അതിനെ പരിചയപ്പെടണമെന്ന് കരുതുന്നത് അബദ്ധമാണ്.
ഇസ്ലാമികാധ്യാപനങ്ങള്‍ പടര്‍ന്നുപന്തലിക്കുന്നത് സഹവര്‍ത്തിത്വത്തിന്റെ ഭൂമികയിലാണ്. നല്ല ഇണകള്‍, നല്ല മാതാപിതാക്കള്‍, നല്ല സന്താനങ്ങള്‍, നല്ല കുടുംബം, നല്ല സുഹൃത്തുക്കള്‍, നല്ല അയല്‍ക്കാര്‍-സമാധാനപൂര്‍ണമായ സഹവാസത്തിലൂടെ ഒരുത്തമ സമൂഹസൃഷ്ടി. ഇതാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. ഈ സഹവര്‍ത്തിത്വം മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല; പ്രകൃതിയുമായി, ജീവജാലങ്ങളുമായി, പ്രപഞ്ചവുമായി എല്ലാം....
മനുഷ്യന്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോള്‍ പ്രപഞ്ചം ഏറ്റവും മനോഹരമായ വാസസ്ഥലമായി പരിണമിക്കുന്നു. അങ്ങനെ പരലോകത്തു മാത്രമല്ല, ഈ ലോകത്തും സ്വര്‍ഗം പണിയുന്നു ഇസ്ലാം.....
ആധുനികലോകം ആധ്യാത്മികരംഗത്ത് വലുതായ ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ ശൂന്യത നികത്താന്‍ പര്യാപ്തമായ തത്ത്വശാസ്ത്രദര്‍ശനങ്ങള്‍ ഇസ്ലാമിന്റേതായി ഉണ്ടെങ്കിലും പ്രവാചകന്‍ പരിചയപ്പെടുത്തിയ ജീവിക്കുന്ന മാതൃകകളുടെ അഭാവം അതിന്റെ സ്വീകാര്യതക്കുമുന്നിലെ തടസ്സമായി നില്‍ക്കുന്നു. പ്രവാചകന്റെ പാഠശാലകള്‍ കേവലം തിയറികള്‍ പഠിപ്പിക്കുന്ന ക്ളാസ് മുറികളായിരുന്നില്ല; മറിച്ച് തിയറികള്‍ക്ക് ജീവന്‍ നല്‍കുന്ന ലബോറട്ടറികളായിരുന്നു. ഈ ലബോറട്ടറികളില്‍നിന്ന് പുറത്തിറങ്ങുന്നവരോ, ആദര്‍ശത്തിന്റെ പത്തരമാറ്റുള്ള വ്യക്തിത്വങ്ങളും.
ആത്മീയ ദാരിദ്യ്രം അനുഭവിക്കുന്ന ലോകത്തിന്റെ പ്രതീക്ഷക്കൊത്തുയരാന്‍ മുസ്ലിം സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

വര്‍ഷങ്ങളായി ഇസ്ലാമിക പ്രബോധന രംഗത്താണല്ലോ താങ്കള്‍. ഈ രംഗത്തെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ?
അക്കാദമിക തലത്തില്‍ ടൊറണ്ടോ ഇസ്ലാമിക് ഇന്‍സ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ പാഠ്യപദ്ധതികള്‍ രൂപകല്‍പന ചെയ്യുകയും ചിട്ടപ്പെടുത്തുകയും ക്ളാസുകളെടുക്കുകയും ചെയ്യുന്നു. ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സത്യാന്വേഷികള്‍ക്കായി പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജുമുഅ ഖുത്വ്ബകളിലൂടെയും ഇസ്ലാം ഓണ്‍ലൈന്‍ പോലുള്ള സൈറ്റുകളിലൂടെയും ദൌത്യം നിര്‍വഹിക്കുന്നു. കൂടാതെ 'ആസ്ക് ദ സ്കോളര്‍' എന്ന പേരില്‍ സ്വന്തമായി ഒരു വെബ് സൈറ്റ് കൈകാര്യം ചെയ്യുന്നു.
എന്നാല്‍, പ്രായോഗികതലത്തില്‍ എന്റെ ജീവിതം തന്നെയാണ് എന്റെ പ്രബോധനം. എനിക്ക് ക്രിസ്ത്യാനിയായ ഒരു അയല്‍വാസിയുണ്ട്. വീട്ടുജോലികളിലും മറ്റും ഞങ്ങള്‍ പരസ്പരം സഹായിക്കുന്നു. ഇസ്ലാം എന്താണെന്ന് എന്റെ ജീവിതത്തിലൂടെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.

താങ്കളുടെ പ്രവര്‍ത്തന പരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എന്ത് ഉപദേശമാണ് ഇസ്ലാമിക പ്രബോധകര്‍ക്ക് നല്‍കാനുള്ളത്?
ഇസ്ലാമിക പ്രബോധകന്‍ ഒന്നാമതായി ആര്‍ജിക്കേണ്ടത് സമൂഹത്തിന്റെ സ്വീകാര്യതയാണ്. നല്ല വ്യക്തിത്വങ്ങളായി മാറാന്‍ കഴിയുകയെന്നതാണ് ഇതിന്റെ ആദ്യ പടി. ഇസ്ലാമിനെക്കുറിച്ച് നാം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നമ്മുടെ സമൂഹത്തില്‍ സകലവിധ അസംബന്ധങ്ങളും അരങ്ങുതകര്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട്, ഇസ്ലാം അതാണ്- ഇതാണ് എന്നൊക്കെപ്പറയുന്നത് പരിഹാസ്യമാണ്. നമ്മുടെ വ്യക്തിജീവിതത്തില്‍ പോലും അത് നടപ്പാക്കുന്നതില്‍ നാം പരാജയപ്പെടുന്നു. ഇസ്ലാമിന്റെ ജനാധിപത്യ വീക്ഷണവും കൂടിയാലോചനാ സമ്പ്രദായവും സ്വകുടുംബത്തില്‍ പോലും നാം പിന്തുടരുന്നില്ല. ഭാര്യമാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു. മക്കള്‍ പിതാക്കളെ സമീപിക്കുന്നത് ഭീതിയോടെയാണ്. ഇതായിരുന്നോ പ്രവാചകന്റെ മാതൃകയെന്ന് ഒരു നിമിഷം നാം ആലോചിക്കേണ്ടതുണ്ട്. തനിക്ക് ബോധ്യം വരാത്ത എല്ലാ കാര്യങ്ങളിലും നബിപത്നി ആഇശ അദ്ദേഹത്തെ ചോദ്യം ചെയ്യുമായിരുന്നു. പ്രവാചകന്‍ അതിനെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. കുഞ്ഞുങ്ങളോട് അങ്ങേയറ്റത്തെ അനുകമ്പ പുലര്‍ത്തി. ഒരു സുഹൃത്തിനെപ്പോലെ അവരുമായി ഇടപഴകി. കാരുണ്യത്തിന്റെ നിറകുടമായിരുന്നു അദ്ദേഹം. മനുഷ്യരോട് മാത്രമല്ല, പക്ഷിമൃഗാദികളോടും സസ്യലതാദികളോടും വരെ ആ കാരുണ്യഹസ്തം നീണ്ടു. എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളെയും ശക്തിയായെതിര്‍ത്തു.

താങ്കളുടെ വീക്ഷണത്തില്‍ ഇസ്ലാമിക പ്രബോധനത്തിന്റെ രീതിശാസ്ത്രം എപ്രകാരമായിരിക്കണം?
വാക്കും പ്രവൃത്തിയും തമ്മിലുള്ള യോജിപ്പിലാണ് ഇസ്ലാമിക പ്രബോധനത്തിന്റെ വിജയം കുടികൊള്ളുന്നത്. ആത്മാര്‍ഥവും ഊഷ്മളവുമായ സ്നേഹബന്ധങ്ങളിലൂടെ ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് ഇസ്ലാമികാദര്‍ശം. ദാരിദ്യ്ര നിര്‍മാര്‍ജനം, സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയുള്ള നവോത്ഥാന സംരംഭങ്ങള്‍ വഴി ഇസ്ലാം സ്വയം വെളിപ്പെടേണ്ടതുണ്ട്.

മുസ്ലിം സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഒരു മാറ്റം എങ്ങനെ സാധ്യമാക്കാം?
ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. സ്വഭാവ സംസ്കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതി രൂപകല്‍പന ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ധാര്‍മികവത്കരണത്തിലൂടെ ഒരുത്തമ തലമുറയെ വാര്‍ത്തെടുക്കാനാവും. മാറ്റം സാധ്യമാകും. പരിസ്ഥിതിപഠനം ഒരു വിഷയമായിത്തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
സ്ത്രീ ശാക്തീകരണ രംഗത്തുണ്ടാകേണ്ട മുന്നേറ്റമാണ് മറ്റൊരു പ്രധാന ഘടകം. സമൂഹത്തിന്റെ അര്‍ധാംശമായ സ്ത്രീ വര്‍ഗത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടൊരു സാമൂഹിക മാറ്റവും സാധ്യമല്ല. അവരെ രണ്ടാംതരം പൌരന്മാരായി കാണുന്നത് അവസാനിപ്പിക്കണം. ഇസ്ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ എക്കാലത്തും സജീവ സാന്നിധ്യമായിരുന്നു. പ്രവാചകത്വത്തിന്റെ ഒന്നാം ദിനം മുതല്‍ സ്ത്രീകളുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. സ്ത്രീകളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

ഇതര വിശ്വാസികളോടുള്ള ഇസ്ലാമിന്റെ സമീപനം വ്യക്തമാക്കാമോ?
ഖുര്‍ആന്‍ ബഹുസ്വരതയെ അംഗീകരിക്കുകയും ഒരു യാഥാര്‍ഥ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വ്യത്യസ്ത മത വിഭാഗങ്ങള്‍ സഹവസിച്ചിരുന്ന ഒരു മാതൃകാ രാജ്യമായിരുന്നു മദീന. മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലും നാനാ ജാതി മതസ്ഥര്‍ ഒരുമിച്ചു താമസിച്ചിരുന്നു. മുസ്ലിംകളുമായുള്ള ഇടകലരലിലൂടെ സാവകാശത്തിലും സ്വാഭാവികവുമായ പരിവര്‍ത്തനങ്ങളാണ് ഇവിടങ്ങളിലെല്ലാം നടന്നിട്ടുള്ളത്. വളരെ വ്യക്തമാണ് ഖുര്‍ആന്റെ വിശ്വാസ സ്വാതന്ത്യ്ര പ്രഖ്യാപനം. ഇതര വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെയും മത ചിഹ്നങ്ങളുടെയും സംരക്ഷണം മുസ്ലിമിന്റെ ബാധ്യതയാക്കിയിരിക്കുന്നു ഖുര്‍ആന്‍. ഇസ്ലാമിന്റെ ബഹുസ്വരതയോടുള്ള സമീപനത്തിന് ഇതിലും വലിയ തെളിവ് വേണ്ടതുണ്ടോ?

ഇസ്ലാമോഫോബിയയെക്കുറിച്ച്?
ഇസ്ലാമോഫോബിയ ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊരു വെല്ലുവിളിയായിക്കണ്ട് വിവകത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രവാചകന്‍ പരിചയപ്പെടുത്തിയ അതിജീവനത്തിന്റെ സമവാക്യങ്ങളിലൂടെയല്ലാതെ മറ്റൊന്നിലൂടെയും ഈ വെല്ലുവിളിയെ നേരിടാനാവില്ല. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിനു പകരം വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള പക്വത നാം ആര്‍ജിക്കേണ്ടതുണ്ട്.
(മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനിച്ച ശൈഖ് വി.പി അഹ്മദ് കുട്ടി ശാന്തപുരം ഇസ്ലാമിയാ കോളേജ്, സുഊദിയിലെ മദീനാ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ഇസ്ലാമിക പ്രബോധകനായി കനഡയിലെത്തിയത്. കനേഡിയന്‍ പൌരത്വമുണ്ട്) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം