Prabodhanm Weekly

Pages

Search

2011 മെയ് 14

ബിന്‍ലാദിന്‍: ദീര്‍ഘസമരം പ്രതീക്ഷിത പരിണതി

യാസിര്‍ സആതിറ


ഉസാമാ ബിന്‍ലാദിന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വശം സുപ്രധാനമൊന്നുമല്ല. എങ്കിലും ഇസ്‌ലാമാബാദില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അബറ്റാബാദ് നഗരത്തിലെ അദ്ദേഹത്തിന്റെ താമസസ്ഥലം കണ്ടെത്തിയത് അമേരിക്കയെ സംബന്ധിച്ചേടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പറഞ്ഞുകൂടാ. അമേരിക്കന്‍ പ്രചാരണയന്ത്രങ്ങള്‍ അമ്മട്ടില്‍ അങ്ങനെ അവതരിപ്പിക്കാന്‍ എത്രതന്നെ കിണഞ്ഞു ശ്രമിച്ചാലും ശരി.
ഒരു വ്യക്തിയെ, അയാള്‍ ആരാകട്ടെ, പിടികൂടാന്‍ ലോകത്തെ ഒരു വന്‍ശക്തിക്ക് പത്തു വര്‍ഷത്തോളം ഊര്‍ജിതമായി വേട്ടയാടേണ്ടിവരിക എന്നത് തീര്‍ച്ചയായും അയാളെ സംബന്ധിച്ചേടത്തോളമെങ്കിലും ഒരു അത്ഭുതസിദ്ധിയാണ്; വേട്ടക്കാരനെ സംബന്ധിച്ചേടത്തോളം നേര്‍ വിപരീതവും.
പാകിസ്താന്‍ സുരക്ഷാ സൈനിക സ്ഥാപനങ്ങളുമായി പൂര്‍ണ ഏകോപനത്തോടു കൂടിയാണ് ഈ ഓപറേഷന്‍ നടന്നത് എന്ന് വിശ്വസിക്കാനാണ് കൂടുതല്‍ ന്യായം. പാകിസ്താന്‍ സൈന്യത്തില്‍ ചുരുങ്ങിയപക്ഷം അതിലെ പരിമിത വൃത്തങ്ങള്‍ക്കെങ്കിലും ബിന്‍ലാദിന്റെ താമസസ്ഥലത്തെക്കുറിച്ച് മുന്നറിവുണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചുരുങ്ങിയപക്ഷം അവസാനകാലത്തെങ്കിലും അവരത് മനസ്സിലാക്കിയിട്ടുണ്ടാകണം. എന്നാല്‍, അയാളെ പിടികൂടുന്നത് അവരുടെ താല്‍പര്യത്തിന് അനുഗുണമായിരുന്നില്ല. താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെയും ഇതര നേതാക്കളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
ഓപറേഷന്‍, യു.എസ്-പാകിസ്താന്‍ ബന്ധത്തില്‍ ഒരു വഴിത്തിരിവിലേക്കുള്ള സൂചനയാകാം. മറ്റൊരു വശത്ത് പാകിസ്താനെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ അഫ്ഗാനിസ്താനിലെ അവസ്ഥയുമായി ബന്ധപ്പെട്ട് ഉഭയ വിഭാഗങ്ങള്‍ക്കുമിടയില്‍ നടന്ന ഒരു ഇടപാടിലേക്കുള്ള സൂചനയുമാകാം.
യു.എസിനു വേണ്ടി ഓപറേഷന്‍ നടത്തുക എന്നത് ആ രാജ്യത്തിന് നിഷ്പ്രയാസം കഴിയുന്ന ഒരു ദൗത്യമായിരുന്നു. എന്നിട്ടും പാകിസ്താനെ അമേരിക്ക ആ ദൗത്യത്തില്‍ നിന്ന് ഒഴിവാക്കി എന്നത് മുന്‍ ചൊന്ന ഇടപാടിന്റെ അവിഭാജ്യ ഘടകമായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അമേരിക്കന്‍ ജനതയെ പ്രീണിപ്പിക്കാനും പ്രചാരണപരമായ ലക്ഷ്യങ്ങള്‍ക്കും അത് അനിവാര്യമായതാകാം കാരണം. അല്ലാത്തപക്ഷം, അല്‍ഖാഇദയുടെയും താലിബാന്റെയും ഇതര നേതാക്കളെ പിടിച്ചുകൊടുത്തത് പോലെ ഈ ദൗത്യവും പാകിസ്താന് നിറവേറ്റി കൊടുക്കാമായിരുന്നു.
ബിന്‍ലാദിനെ കൊല്ലുന്നതിനു പകരം അറസ്റ്റ് ചെയ്യാന്‍ അമേരിക്കക്ക് സാധിക്കുമായിരുന്നു. കാരണം, താമസസ്ഥലത്തുള്ളവരെ മുഴുവന്‍ വാതകം പീച്ചി മയക്കാന്‍ കമാന്റോകള്‍ക്ക് സാധിക്കുമായിരുന്നു. അങ്ങനെ അവരെ കസ്റ്റഡിയിലെടുക്കാമായിരുന്നിട്ടും വധമാണ് യു.എസ് തെരഞ്ഞെടുത്തത്. കാരണം, ജയിലില്‍ കഴിയാനനുവദിക്കുന്നതിനേക്കാള്‍ ആ ഐക്കണ്‍ മായ്ച്ചു കളയാന്‍ അവരുടെ ദൃഷ്ടിയില്‍ ഏറ്റവും ഉചിതമായ മാര്‍ഗം അതായിരുന്നു.
ഒരിക്കലും ബന്ധനത്തിലകപ്പെടരുതെന്നായിരുന്നു ഉസാമയുടെ പരമമായ ആഗ്രഹം. ഈ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച മുന്‍കരുതലുകളെക്കുറിച്ച് ഒട്ടേറെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍, ജീവനോടെ പിടികൂടാന്‍ ഒരിക്കലും കഴിയില്ല എന്ന് അതിന് അര്‍ഥമില്ല. ഇത്തരമൊരു സംഘട്ടനത്തിലൂടെയുള്ള അന്ത്യം ഉസാമക്കും അനുയായികള്‍ക്കും പ്രതിഛായ വര്‍ധിപ്പിച്ചുവെന്ന് ന്യായമായി പറയാം. ഓപറേഷനില്‍ പങ്കെടുത്ത ഒരു ഹെലികോപ്റ്റര്‍ നിലംപൊത്തി അതിലെ മുഴുവന്‍ കമാന്റോകളും കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിക്കപ്പെടുമ്പോള്‍ വിശേഷിച്ചും.
ഇനി കഥാനായകന്റെ ജീവിതാനുഭവങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ, പലര്‍ക്കും ചെഗുവേര എന്താണോ ഏതാണ്ട് അതിനു തുല്യമായ പ്രതിഛായ ബിന്‍ലാദിന് നല്‍കുന്നതാണ്. ശീതയുദ്ധം ജയിച്ച ശക്തിധ്രുവത്തോടുള്ള പോരാട്ടത്തിലേക്ക് മാറുന്നതിന് മുമ്പ് സോവിയറ്റ് അധിനിവേശകാലത്ത് സ്വമേധയാ ഭൗതിക സുഖാഡംബരങ്ങള്‍ ത്യജിച്ച് ജിഹാദിനിറങ്ങിയ വീരപുരുഷനെന്ന നിലയില്‍ വിശേഷിച്ചും.
സോവിയറ്റ് യൂനിയന്റെ പതനാനന്തരം പുതിയൊരു പ്രതിയോഗിയെ തേടിക്കൊണ്ടിരുന്ന യു.എസ് നയങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് രണ്ടാമത് പറഞ്ഞ അനുഭവമണ്ഡലം വേര്‍പ്പെടുത്തുക തീര്‍ച്ചയായും ദുഷ്‌കരം തന്നെ. സുഡാനിലായിരിക്കെ ബിന്‍ലാദിനെ വേട്ടയാടിയ അമേരിക്ക തന്നെയാണ് അദ്ദേഹത്തിന്റെ പോരാട്ട മുഖം തങ്ങളിലേക്ക് തിരിച്ചത്. 1998-ല്‍ നൈറോബിയിലെയും ദാറുസ്സലാമിലെയും യു.എസ് നയതന്ത്രാലയങ്ങള്‍ ബിന്‍ലാദിന്റെ ആക്രമണ ലക്ഷ്യമാവുന്നതോടെയാണ് അതിന്റെ തുടക്കം. പിന്നീട് 2000-ത്തില്‍ ഏഥന്‍ തീരത്തെ യു.എസ്.എസ് കോള്‍ സൈനിക കപ്പല്‍ തകര്‍ക്കപ്പെട്ടു. 2001 സെപ്റ്റംബര്‍ ആയപ്പോഴേക്ക് യു.എസ്സിന്റെ അഭിമാന സ്തംഭങ്ങളായ ഇരട്ട ഗോപുരങ്ങള്‍ നിലം പരിശാക്കുന്നേടത്തോളം ഇതെത്തി.
അറബ് ഭരണകൂടങ്ങളോട് പൊരുതാനായിരുന്നില്ല ഉസാമാ ബിന്‍ലാദിന്‍ തന്റെ സംഘടനക്ക് അടിത്തറയിട്ടത് എന്ന് എടുത്തോതേണ്ടതുണ്ട്. സോവിയറ്റ് അധിനിവേശത്തിന്റെ പരാജയാനന്തരഘട്ടത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കൊടിയ ശത്രുവെന്ന നിലയില്‍ യു.എസ് വിരുദ്ധ പോരാട്ടത്തിന്റെ അടിത്തറയിലാണ് അല്‍ഖാഇദയുടെ സംസ്ഥാപനം പ്രയോഗത്തില്‍ വരുന്നത്. 1998 തുടക്കത്തില്‍ 'കുരിശ്-ജൂതവിരുദ്ധ ലോക മുന്നണി' നിലവില്‍ വന്നതോടെ അതിന്റെ നാന്ദി കുറിക്കപ്പെട്ടു. പിന്നീട് ഉസാമയുടെ ചുറ്റും കൂടിയ ഗ്രൂപ്പ് അയ്മന്‍ സവാഹിരിയുടെ ഈജിപ്ഷ്യന്‍ അല്‍ ജിഹാദ് ഗ്രൂപ്പുമായി ചേര്‍ന്ന് 'അല്‍ഖാഇദ' നിലവില്‍ വരാന്‍ താമസമുണ്ടായില്ല.
സോവിയറ്റ് യൂനിയന് സംഭവിച്ചപോലെ യു.എസ്സിന്റെ രക്തവാര്‍ച്ചക്ക് വേണ്ടി ആ രാജ്യത്തെ അഫ്ഗാനിസ്താനിലേക്ക് ആകര്‍ഷിക്കുന്നതിനെക്കുറിച്ച് അല്‍ഖാഇദ സാഹിത്യങ്ങള്‍ പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നുണ്ട്. ഉസാമാ ബിന്‍ലാദിന്‍ ചിന്തിക്കാത്തരൂപത്തിലാണ് ഈ വലിച്ചിഴക്കല്‍ സിദ്ധാന്തം വികസിച്ചതെന്ന് വ്യക്തമാണ്. ജോര്‍ജ് ബുഷിന്റെയും ശിങ്കിടികളുടെയും ഇസ്രയേലി മിത്തുകളിലുള്ള ഭ്രമമാണ് ബുഷിനെ ഇറാഖിലേക്ക് തള്ളിവിട്ടത്. ഇറാഖി സ്വഭാവത്തോടെ അവിടെ നിലവിലുണ്ടായിരുന്ന അല്‍ഖാഇദ ബുഷിന് കെണി വിരിച്ചു കാത്തിരുന്നു. അമേരിക്കന്‍ യുദ്ധ പദ്ധതിയെ പരാജയപ്പെടുത്തുന്നതില്‍ അല്‍ഖാഇദ വഹിച്ച പങ്ക് ഒരു നീതിമാന്നും വിവേകിക്കും നിഷേധിക്കാന്‍ സാധിക്കുകയില്ല. സര്‍ഖാവിയുടെ നേതൃത്വത്തിലുള്ള 'അത്തൗഹീദ് വല്‍ ജിഹാദ്' സംഘടന അല്‍ഖാഇദയുമായി പിന്നീട് ലയിക്കുകയായിരുന്നുവെന്നത് ശരി തന്നെ. സെപ്റ്റംബര്‍ 11 ആക്രമണാനന്തരം സംഘടന സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അതിന്റെ പൊതുഗതി എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല.
ചുരുക്കാം. നേതൃത്വത്തിനും അനുയായികള്‍ക്കും ആത്മസംതൃപ്തി പ്രദാനം ചെയ്തുകൊണ്ട് അടിസ്ഥാന ലക്ഷ്യങ്ങളില്‍ പലതും സാക്ഷാത്കരിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ബിന്‍ലാദിന്റെ റെക്കോര്‍ഡ് ചെയ്ത പല സന്ദേശങ്ങളും ഇത് ഊന്നിപ്പറയുന്നത് കാണാം. ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളില്‍ യു.എസിനു നേരിടേണ്ടിവന്ന മനുഷ്യ ശക്തിയുടെയും സമ്പത്തിന്റെയും ഭീമമായ നഷ്ടത്തെക്കുറിച്ചാണ് ഈ റെക്കോര്‍ഡുകള്‍ സംസാരിക്കുന്നത്.
(അല്‍ജസീറ നെറ്റ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം