Prabodhanm Weekly

Pages

Search

2011 മെയ് 14

ശഫീഅ് മൂനിസ് സാഹിബ് തലമുറകളുടെ കണ്ണി

ടി.കെ അബ്ദുല്ല

മൌലാനാ ശഫീഅ് മൂനിസ് സാഹിബ് ഇന്ത്യന്‍ മുസ്ലിം സമൂഹത്തിലെ വലിയൊരു വ്യക്തിത്വമായിരുന്നു. ദേശീയ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് ഏറെകാലം പ്രവര്‍ത്തിച്ചതിനാല്‍ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒപ്പം ആ കാലഘട്ടത്തെക്കുറിച്ച അറിവിന്റെ വലിയ കലവറയുമായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി രൂപവത്കരിക്കപ്പെട്ട് അധികം വൈകാതെ തന്നെ അദ്ദേഹം പ്രസ്ഥാനത്തിന്റെ ഭാഗമായി. അതുകൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ ചരിത്രവുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രസ്ഥാനത്തിലെ ഒട്ടനേകം തലമുറകളോടൊപ്പം നിന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം വ്യക്തികളിലൊരാളാണ് മൂനിസ് സാഹിബ്. എല്ലാ അര്‍ഥത്തിലും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കാരണവരായിരുന്നു അദ്ദേഹം.
തന്റെ ചെറുപ്പകാലത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം എന്നോട് തമാശരൂപേണ ഒരു സംഭവം പങ്കുവെക്കുകയുണ്ടായി.
അന്ന് ഉത്തരേന്ത്യന്‍ മുസ്ലിംകളിലെ ഉയര്‍ന്ന കുടുംബങ്ങളില്‍ വിവാഹം നടക്കുമ്പോള്‍ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന രീതി ഏറെ വിചിത്രമായിരുന്നു. പല്ലക്കില്‍ ചുമന്നാണ് വധുവിനെ കൊണ്ടുപോകുന്നത്. ആദ്യം പല്ലക്ക് വധുവിന്റെ വീട്ടിലെ വാതില്‍ പാളിയോട് ചേര്‍ത്ത് വെക്കും. ഒരു പുരുഷനും കാണാതെ വധു മൂടപ്പെട്ട പല്ലക്കിനകത്തേക്ക് പ്രവേശിക്കും. ആളുകള്‍ അത് ചുമന്ന് അതേപോലെ വരന്റെ വീട്ടില്‍ കൊണ്ടുചെന്ന് വാതില്‍പ്പടിക്കല്‍ ചേര്‍ത്ത് വെക്കും. ആരാരും കാണാതെ വധു വീട്ടിനകത്തേക്ക് കടക്കുകയും ചെയ്യും. മൂനിസ് സാഹിബ് വിവാഹിതനായപ്പോള്‍ തന്റെ ഭാര്യയെയും കൂട്ടി അവളുടെ വീട്ടില്‍നിന്നിറങ്ങി സാമാന്യം ദൂരത്തുള്ള ബസ്സ്റോപ്പിലേക്ക് നടന്നുചെന്ന് ബസ് കേറി വീട്ടിലേക്ക് യാത്രയായത്രെ. ഇത് ആ സമൂഹത്തില്‍ വലിയ അമ്പരപ്പും കൌതുകവും സൃഷ്ടിച്ചു. ഒരു കാലഘട്ടത്തെയും തലമുറയെയും വായിച്ചെടുക്കാന്‍ കഴിയുന്നതാണ് അദ്ദേഹം സൂചിപ്പിച്ച ഈ സംഭവം.
ഉറുദു ഭാഷയില്‍ ആഴത്തില്‍ പ്രാവീണ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ശൂറയില്‍ പ്രമേയങ്ങളും മറ്റും പാസ്സാക്കിയാല്‍ പിന്നെ അതിന്റെ സൂക്ഷ്മ പരിശോധനക്കും ഭാഷാ പരിഷ്കരണത്തിനും അദ്ദേഹത്തെയാണ് സ്ഥിരമായി ചുമതലപ്പെടുത്തിയിരുന്നത്. ഉറുദു കവി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഒരു ഉറുദു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ശൂറയില്‍ തന്റെ നിലപാടിനുവേണ്ടി കണിശമായി വാദിക്കും. കൂടിയാലോചനകളില്‍ കണിശമായ നിലപാടുയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹം, ശൂറ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അത് കൃത്യമായി നടപ്പിലാക്കുന്നതിലായിരിക്കും പിന്നെ ശ്രദ്ധ. അത് ചിലപ്പോള്‍ തന്റെ നിലപാടിന് അനുകൂലമാകാം, പ്രതികൂലവുമാകാം. അപൂര്‍വവും ഉയര്‍ന്നതുമായ ഒരു മാനസികാവസ്ഥയാണിത്. ഇത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന നാള്‍വഴികളില്‍ വളരെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.
93-ാം വയസ്സില്‍ മരണപ്പെട്ട അദ്ദേഹത്തിന് ആ ദീര്‍ഘായുസ്സിനെ  താങ്ങാന്‍ കഴിയുന്ന കരുത്തുള്ള ശരീരവും ഉണ്ടായിരുന്നു എന്നത് അപൂര്‍വമായൊരു അനുഗ്രഹമാണ്. ആരോഗ്യവാനും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം അന്ത്യംവരെ.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഒരു സ്കൂളിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടുണ്ടായ ചില അസ്വാരസ്യങ്ങള്‍. ഇതിനെക്കുറിച്ച് കേരളത്തില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രം അദ്ദേഹത്തിനെതിരെ വളരെ തരംതാണ സ്വഭാവത്തിലുള്ള അപവാദാരോപണം ഒരുഘട്ടത്തില്‍ നടത്തുകയുണ്ടായി. അതിന്റെ നിജസ്ഥിതി വായനക്കാര്‍ അറിയേണ്ടതുണ്ട്. ദല്‍ഹി ഓഖ്ലയില്‍ ജമാഅത്തിന്റെ കേന്ദ്ര ഓഫീസ് കോമ്പൌണ്ടിനകത്ത് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കമ്മിറ്റിയുടെ കീഴില്‍ ജമാഅത്താണീ സ്ഥാപനം നടത്തുന്നത്. ഒരു ഘട്ടത്തില്‍ അതിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്മിറ്റിയുടെ ഭാരവാഹികളില്‍ പ്രധാനികളായിരുന്നു സ്വഫിയ്യ ഇഖ്ബാലും അവരുടെ ഭര്‍ത്താവ് ഇഖ്ബാലും. അവര്‍ നല്ല വിദ്യാഭ്യാസ യോഗ്യരും നടത്തിപ്പില്‍ വൈദഗ്ധ്യമുള്ള ആളുകളുമായിരുന്നു. സ്കൂളിന്റെ ഭരണചുമതല അതുകൊണ്ട് തന്നെ ക്രമേണ സമ്പൂര്‍ണമായും അവരുടെ കൈകളിലായി.
ക്രമേണ ചില ധാരണ പിശകുകളുടെ അടിസ്ഥാനത്തില്‍ ഈ ദമ്പതികള്‍ക്ക് തോന്നി, ഈ സ്കൂള്‍ യഥാര്‍ഥത്തില്‍ തങ്ങളുടേത് മാത്രമാണെന്ന്. അത് അവര്‍ക്കും ജമാഅത്തിനുമിടയില്‍ സ്വരചേര്‍ച്ചയില്ലായ്മക്കിടയാവുകയും കോടതിയില്‍ കേസായി തീരുകയും ചെയ്തു. കോടതി നടപടി ക്രമങ്ങള്‍ക്കിടയില്‍ ഇരുകൂട്ടര്‍ക്കും അനുകൂലവും പ്രതികൂലവുമായ വിധികള്‍ മാറിമാറി വന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ ഹൈക്കോടതിയില്‍നിന്ന് ജമാഅത്തിനനുകൂലമായ വിധിയെ തുടര്‍ന്ന് മൂനിസ് സാഹിബിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിവാദ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രവേശിച്ചു. വിധിയെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ അപ്പോഴത്തെ ഉദ്ദേശ്യം. എന്നാല്‍, കോടതിയില്‍ തോറ്റ സ്വഫിയ്യ ഇഖ്ബാല്‍ ഇതിനെ വലിയൊരു പ്രചാരണായുധമാക്കി. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന ഒരു കെട്ടിടത്തില്‍ പ്രവേശിച്ച് മൂനിസ് സാഹിബും സംഘവും തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന മട്ടിലായിരുന്നു പ്രചാരണം. ജമാഅത്ത് വിരുദ്ധരാവട്ടെ, കേട്ടപാതി ഇത് ഏറ്റുപിടിക്കുകയും ചെയ്തു. വന്ദ്യവയോധികനായ മൂനിസ് സാഹിബിനു നേരെ നടന്ന ഈ ആരോപണം കേരളത്തില്‍ സ്വാഭാവികമായും സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രം അശ്ളീല ചുവയോടെ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. എന്നാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ സ്ത്രീ അധികം താമസിയാതെ ജമാഅത്ത് നേതൃത്വത്തിന് മുമ്പാകെ വന്ന് സ്വമനസ്സാലെ സ്ഥാപനത്തിന്റെ താക്കോല്‍ സന്തോഷപൂര്‍വം ഏല്‍പിക്കുകയും മൂനിസ് സാഹിബിനോട് ക്ഷമചോദിക്കുകയും ചെയ്തു. അധികം താമസിയാതെ അവര്‍ ഇഹലോകജീവിതത്തില്‍ നിന്ന് യാത്ര തിരിക്കുകയും ചെയ്തു. അദ്ദേഹത്തിനെതിരെ നടന്ന ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തോട് സൂചിപ്പിച്ചാല്‍ നിര്‍വികാരമായൊരു പുഞ്ചിരിയായിരിക്കും അതിന്റെ മറുപടി.
കേരളത്തെക്കുറിച്ച് എന്റെ ഒരു അവകാശവാദത്തിന് മൂനിസ് സാഹിബ് പറഞ്ഞ മറുപടി ചരിത്രപരമായി ഓര്‍ത്തുവെക്കാന്‍ മാത്രം ആഴമുള്ളതാണ്. കേരളീയ മുസ്ലിംകള്‍ ജീവിതത്തിന്റെ പല മേഖലകളിലും വലിയ വളര്‍ച്ചയും പുരോഗതിയും ആര്‍ജിച്ചുകൊണ്ടിരിക്കുന്നതും, ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ഇപ്പോഴും തുടരുന്ന പതിതാവസ്ഥയും ഒരു പരിധിവരെ അവരവരുടെ തന്നെ സ്വയം സൃഷ്ടിയല്ലേ എന്ന എന്റെ വാദത്തെ സംബന്ധിച്ച് അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ ഇങ്ങനെയാണ് ഉറുദുവില്‍ പ്രതികരിച്ചത്.
"ഹേ, ബായീ, ഹിന്ദുസ്ഥാന്‍ കീ തഖ്സീം, കേരള മെ നഹീ ഹുയീ.''
ഇന്ത്യയുടെ വിഭജനം കേരളത്തിലല്ല സംഭവിച്ചത് എന്നുസാരം. വളരെ അര്‍ഥ തലങ്ങള്‍ അടക്കം ചെയ്ത ഒരു ചെറു വാക്യമാണീ മറുപടി.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയെതുടര്‍ന്ന് രാജ്യത്ത് വലിയ അളവില്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ജമാഅത്ത് നിരോധിക്കപ്പെടുകയും ചെയ്തപ്പോള്‍ ശഫീഅ് മൂനിസ് സാഹിബ് നടത്തിയ ചില ചുവടുവെപ്പുകള്‍ ഏറെ തിളക്കമുള്ളതാണ്. മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകരെയും മതേതര സ്നേഹികളെയും നിയമജ്ഞരെയുമെല്ലാം ഒരു പ്ളാറ്റ് ഫോമില്‍ അണി നിരത്തി ജമാഅത്ത് മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഫോറം ഫോര്‍ ഡമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി(എഫ്.ഡി.സി.എ)യുടെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചത് അദ്ദേഹമായിരുന്നു. വേദിയുടെ ആദ്യ പ്രസിഡന്റ് രാജ്യത്തെ അറിയപ്പെട്ട നിയമജ്ഞനായ ജസ്റിസ് താര്‍കുണ്ഡെയും സെക്രട്ടറി ജനറല്‍ ശഫീഅ് മൂനിസ് സാഹിബുമായിരുന്നു എന്ന വസ്തുത ഈ വക കാര്യങ്ങളില്‍ ആ വൃദ്ധനുള്ള അസാമാന്യമായ കഴിവും തന്റേടവുമാണ് കാണിക്കുന്നത്. പ്രസ്ഥാനത്തിനകത്ത് തലമുറകളുടെ കണ്ണിയായ അദ്ദേഹത്തിന്റെ നഷ്ടം വലിയൊരു വിടവ് തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം