Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ശാഹീന്‍ ബാഗ്

ഗഫൂര്‍ കൊടിഞ്ഞി

ഇന്ന് ഞാന്‍ 
ശാഹീന്‍ ബാഗില്‍ ഇന്ത്യയെ കണ്ടു.

ജുനൈദിനെയും 
രോഹിത് വെമുലയെയും സന്ധിച്ചു.

ആസിഫ കരഞ്ഞുകൊണ്ട്
എന്നെ പുണര്‍ന്നു.

അഖ്‌ലാഖ് 
ഒരു പൊതി ഇറച്ചിയുമായി
വിശപ്പിനെക്കുറിച്ച് സംസാരിച്ചു.

നജീബ് 
അജ്ഞാതവാസം കഴിഞ്ഞ്
സമരപ്പന്തലില്‍ തിരിച്ചെത്തി.

അഫ്‌റസൂല്‍ 
ചിതയില്‍നിന്നെണീറ്റ്
പുഞ്ചിരിച്ചുകൊണ്ട്
പ്രണയത്തെ കുറിച്ച് വാചാലനായി.

വേറെയും ആളുകളുണ്ടായിരുന്നു വേദിയില്‍;

കൈയില്‍ ഊന്നുവടിയും
കക്ഷത്തില്‍ ഗീതയും
അരയില്‍ ഇംഗര്‍ സോള്‍ വാച്ചുമായി
മഹാത്മാവ് മോണ കാട്ടി ചിരിച്ചു.

ഹൃദയത്തില്‍ 
പനിനീര്‍പൂവ് തുന്നിച്ചേര്‍ത്ത്
ചാച്ചാജിയും പിന്നില്‍ നിന്ന് മന്ദഹസിച്ചു.

തനിക്ക് തീര്‍ത്ത പ്രതിമക്കു നേരെ
താന്‍ തന്നെ വെടിയുതിര്‍ക്കുമെന്ന്
പട്ടേല്‍ സദസ്സിനെ കോരിത്തരിപ്പിച്ചു.

ഉയര്‍ത്തിപ്പിടിച്ച മുഷ്ടികളുമായി 
ഭഗത്‌സിംഗും ആസാദും സുഖ്‌ദേവും
ഇങ്ക്വിലാബ് വിളിച്ചുകൊണ്ട്
എവിടെനിന്നോ പോരാട്ടവേദിയില്‍ 
പ്രത്യക്ഷപ്പെട്ടു.

കാണെക്കാണെ അവര്‍
ചന്ദ്രശേഖറും കണ്ണനും കനയ്യയുമായി
രൂപാന്തരപ്പെടുന്ന ദൃശ്യം
രോമാഞ്ചജനകമായിരുന്നു.

അതിനിടക്കാണ്
ആരവത്തിനിടയിലേക്ക്
ആളുകളെ വകഞ്ഞ്
ആര്‍ത്തട്ടഹസിച്ചുകൊണ്ട്
കൈയില്‍ തോക്കുമായി
ഗോഡ്‌സെ അരങ്ങിലേറിയത്.

ഒടുവിലാണത് കണ്ടത്;
ചോരയില്‍ കുതിര്‍ന്ന
ഗീതയുടെ ഏടുമായി
ഒരു വൃദ്ധന്‍ വേദിയില്‍
ചലനമറ്റു കിടക്കുന്നു. 

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌