Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

മലക്കുകള്‍ എന്തിന് ?

മുശീര്‍

അല്ലാഹു ഏകനും എല്ലാറ്റിനും കഴിവുള്ളവനും ആയിരിക്കെ എന്തിനാണ് സര്‍വശക്തനായ നാഥന് സഹായികളായി മാലാഖമാര്‍? ലോകരക്ഷിതാവും  സര്‍വശക്തനുമായ അല്ലാഹുവിന് എന്തിനാണ് മാലാഖമാരുടെ സഹായം? 


നിരീശ്വരവാദികളും അജ്ഞേയവാദികളും പണ്ടുമുതല്‍ക്കെ ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ദൈവസങ്കല്‍പത്തില്‍ പിശകുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എത്തിച്ചേരുന്ന പല ചോദ്യങ്ങളില്‍ ഒന്ന്. ഇസ്‌ലാം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കാറില്ല. ഇസ്‌ലാമിക അഖീദയും  അടിസ്ഥാനപ്രമാണങ്ങളും മുന്നില്‍ വെച്ച്  ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയുമില്ല. ഈ അവസരം മുതലെടുത്തു കൊണ്ട്, ദൈവം സര്‍വശക്തനല്ല എന്നും മറ്റും  ഇവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇതിന്റെ  ഉത്തരം വളരെ ലളിതവും യുക്തിസഹവുമാണ്.
അല്ലാഹു എല്ലാ സൃഷ്ടികള്‍ക്കും അതിന്റേതായ ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. അല്ലാഹു സൂര്യനെ സൃഷ്ടിക്കുകയും ഊര്‍ജം നല്‍കുക എന്നത് അതിന്റെ ദൗത്യമായി  നിശ്ചയിക്കുകയും ചെയ്തു. മലിനമായ വായു വലിച്ചെടുക്കുകയും ശുദ്ധവായു വിതരണം ചെയ്യുകയുമാണ് സസ്യങ്ങളുടെ ദൗത്യം. ഭൂമിയുടെ ദൗത്യം ജീവസാധ്യത നിലനിര്‍ത്തുക എന്നതാണ്. ഇതു പോലെ തന്നെയാണ് അല്ലാഹു പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടിച്ചത്. ഓരോന്നിനും അതിന്റേതായ ദൗത്യമുണ്ട്. ഈ സൃഷ്ടികള്‍ അവയുടെ ദൗത്യങ്ങള്‍ നിര്‍വഹിക്കുമ്പോഴാണ് പ്രപഞ്ചം തകരാതെ, സന്തുലനം പാലിച്ചുകൊണ്ട് നിലനില്‍ക്കുക.
സൂര്യന്റെ സഹായമില്ലാതെയും അല്ലഹുവിന് ഊര്‍ജം നല്‍കാന്‍ സാധിക്കുമല്ലോ, സസ്യങ്ങളുടെ സഹായമില്ലാതെ അല്ലാഹുവിന് ശുദ്ധ വായു നല്‍കാനും കഴിയും. അതുപോലെ തന്നെ ഭൂമിയെ  സൃഷ്ടിക്കാതെ തന്നെ അല്ലാഹുവിന് ജീവസാധ്യത നിലനിര്‍ത്താന്‍ കഴിയും. ഈ പറഞ്ഞവയുടെയെല്ലാം ദൗത്യങ്ങള്‍ അവ ഇല്ലാതെത്തന്നെ എല്ലാം അല്ലാഹുവിന് നടപ്പിലാക്കാന്‍ കഴിയും. വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയുമെല്ലാം ദൗത്യങ്ങള്‍ എടുത്തുമാറ്റിയാല്‍ പിന്നെ പ്രപഞ്ചമെന്ന ഈ സത്യം നിലനില്‍ക്കുകയില്ല. അതിനാല്‍ അല്ലാഹുവിന് കഴിയുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ എന്തിനാണ് മാലാഖമാര്‍ എന്ന ചോദ്യത്തിന് ഒരര്‍ഥവുമില്ല. അതേ ചോദ്യം പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയെക്കുറിച്ചും ചോദിക്കേണ്ടതില്ലേ?
ചേതനവും അചേതനവുമായ എല്ലാ സൃഷ്ടികളും ചെയ്യുന്ന എല്ലാ പ്രവൃത്തികളും അല്ലാഹുവിനു ചെയ്യാനാവുന്നതു പോലെ, മലക്കുകളുടെ സഹായമില്ലാതെ മലക്കുകള്‍ ചെയ്യുന്ന എല്ലാ  പ്രവൃത്തികളും അല്ലാഹുവിന്  ചെയ്യാന്‍ കഴിയും. ഇവരെല്ലാം ചെയ്യുന്ന ജോലി അല്ലാഹു തന്നെ ചെയ്യുകയാണെങ്കില്‍ പിന്നെ പ്രപഞ്ച സംവിധാനമുണ്ടാവുകയില്ല. ഇനി മലക്കുകളുടെ ദൗത്യങ്ങള്‍ മാത്രം അല്ലാഹു ഏറ്റെടുക്കുന്നതുകൊണ്ട് പ്രപഞ്ചത്തിന് വല്ല ഭവിഷ്യത്തും സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കില്‍, അത് അല്ലാഹുവിന്റെ നാമവിശേഷണമായ അദ്‌ലിന് വിരുദ്ധമാകും. കാരണം, ആ വിശേഷണപ്രകാരം മലക്കുകളുടെ ദൗത്യം അല്ലാഹു ഏറ്റെടുക്കുമ്പോള്‍ മറ്റു സൃഷ്ടികളുടെ ദൗത്യവും  അല്ലാഹു ഏറ്റെടുക്കേണ്ടതായിവരും.
ഈ നിലയില്‍ കാര്യങ്ങള്‍ കണ്ടാല്‍ മലക്കുകളുടെ പ്രവൃത്തികള്‍ അല്ലാഹുവിന്റെ ഏകത്വത്തിനോ അവന്‍ സര്‍വശക്തനാണ് എന്ന വിശേഷണത്തിനോ എതിരല്ല എന്നും, അവയുടെ സൃഷ്ടിപ്പ് പ്രപഞ്ച സത്യത്തിന്റെ ഭാഗമാണ് എന്നും വ്യക്തമാകും.  

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌