Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

വംശഹത്യകള്‍ തിടംവെപ്പിക്കുന്ന ദേശീയത

എ. റശീദുദ്ദീന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ദിവസങ്ങളില്‍ തന്നെ ദല്‍ഹി നഗരം കത്തിയെരിഞ്ഞുവെന്നത് കേവലമായ യാദൃഛികതയായിരുന്നില്ല. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു തോറ്റ ഒരു നേതാവും അനുയായികളും നഗരം ചുട്ടെരിക്കാന്‍ രംഗത്തിറങ്ങുകയും കേന്ദ്രം ഭരിക്കുന്ന അവരുടെ വല്യേട്ടന്മാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയും ചെയ്തിടത്താണ് ദല്‍ഹി കലാപം ആസൂത്രിതമായിരുന്നുവെന്ന സംശയം ബലപ്പെടുന്നത്. 1984-നു ശേഷം ഇതാദ്യമായാണ് ദല്‍ഹിയില്‍ ഇങ്ങനെയൊരു വംശീയ കലാപം അരങ്ങേറുന്നത്. മുഴുവന്‍ ലോകരാഷ്ട്രങ്ങളും ഇന്ത്യയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന ആ ദിവസങ്ങളില്‍, ദാരിദ്ര്യം പോലും മതില്‍കെട്ടി മറച്ചും മതിലിനിപ്പുറത്ത് നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചുമൊക്കെ രാജ്യത്തിന്റെ മുഖം മിനുക്കുന്നതിനിടയില്‍ ഇങ്ങനെയൊരു അശ്ലീല നാടകത്തിന് ബി.ജെ.പിയെ പോലൊരു തീവ്രദേശീയവാദ പ്രസ്ഥാനം തുനിയുമോ എന്ന് സ്വാഭാവികമായും ആരും സംശയിച്ചുപോകും. ആ സംശയം ഉണ്ടാവുമെന്നതു തന്നെയായിരുന്നു കലാപകാരികളുടെ ഏറ്റവും വലിയ വിജയവും. നരേന്ദ്ര മോദി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെട്ടപ്പോഴൊക്കെ പാകിസ്താനെ സന്തോഷിപ്പിക്കാനും ഇന്ത്യയെ നാണം കെടുത്താനുമാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്താറുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. പ്രത്യേകിച്ചും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. ബാലാക്കോട്ട്, പുല്‍വാമ സംഭവം, പത്താന്‍കോട്ട് എയര്‍ബേസ്  ആക്രമണം ഇതിലൊക്കെ രാജ്യം പലവുരു ഈ വായ്ത്താരി കേട്ടിരുന്നിട്ടുണ്ട്. അങ്ങനെയുള്ള ബി.ജെ.പി ഇന്ത്യയെ അടിക്കാന്‍ പാകിസ്താനെന്ന് മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങള്‍ക്കും വടി കൊടുക്കുന്ന ഈ കലാപം എന്തിന് ആസൂത്രണം ചെയ്യണമെന്നത് തികച്ചും ന്യായമായ ഒരു ചോദ്യം മാത്രം. 
എന്നാല്‍ ആ പാര്‍ട്ടിയെ അടുത്തറിയുന്ന ആര്‍ക്കും ഇത്തരമൊരു സംശയത്തിന്റെ കണിക പോലും ഉണ്ടാവുന്നില്ല. ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാര്‍ഥത്തില്‍ ആ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത പ്രതിഛായയും പുറമെ അവര്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതും തമ്മില്‍ കടലും കടലാടിയും പോലെയുള്ള വൈജാത്യമുണ്ട്. നരേന്ദ്ര മോദി വികസന നായകന്‍ ആണെന്ന് അവകാശപ്പെട്ട് ഗ്രാമങ്ങളില്‍ ചെന്നാല്‍ ജനം ചെരിപ്പൂരി അടിക്കുന്ന അവസ്ഥയിലെത്തി എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കിപത്രം. മോദിക്കു മുമ്പ് പൊതുജനം ഗ്യാസടുപ്പും കക്കൂസും വൈദ്യുതിയുമൊന്നും കണ്ടിട്ടേ ഉണ്ടായിരുന്നില്ലെന്ന മട്ടിലുള്ള ഗീര്‍വാണങ്ങള്‍ വോട്ടര്‍മാരില്‍  ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നതാണ് വസ്തുതയും. എന്നാല്‍ ഇതേ പ്രധാനമന്ത്രി മോദിയെ ജനം തോളിലേറ്റി നടക്കുന്നുമുണ്ട്. മോദി എന്നാല്‍ മുസ്ലിം താല്‍പര്യങ്ങളുടെ അന്തകനാണെന്നാണ് ഉത്തരേന്ത്യയിലെ ഏതു സാധാരണക്കാരനോടു ചോദിച്ചാലും ലഭിക്കാനിടയുള്ള മറുപടി. ഈ വിശ്വാസത്തെ രൂഢമൂലമാക്കുന്നതല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തുനിന്നുണ്ടാവാതിരിക്കാന്‍ പ്രധാനമന്ത്രി ആകുന്നതിനു മുമ്പും ശേഷവും നരേന്ദ്ര മോദിയും ശ്രദ്ധിക്കുന്നുമുണ്ട്. ഇതോടൊപ്പം, ബി.ജെ.പി ഭരിച്ചാല്‍ ഇന്ത്യക്കാരന് നേട്ടമൊന്നുമില്ലെങ്കിലും മോദി പാകിസ്താനെ തകര്‍ക്കുമെന്ന പ്രതീക്ഷയും പൊതുജനത്തിനുണ്ട്. അവനവന്‍ നന്നായില്ലെങ്കിലും ആരാന്‍ നശിച്ചാല്‍ മതിയെന്നര്‍ഥം. ഓരോ വ്യക്തിയുടെയും ഇല്ലായ്മകളെ വര്‍ഗീയതയുമായി ചേര്‍ത്തുകെട്ടി മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണമാണ് ബി.ജെ.പിയെ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി നിലനിര്‍ത്തുന്നത്. വോട്ട് കിട്ടുന്നതിനുള്ള അടിസ്ഥാനങ്ങളെ ഇത്രയും കെട്ട നിലവാരത്തില്‍ ക്രമപ്പെടുത്തിവെച്ച ഒരു പാര്‍ട്ടിക്കെന്ത് ഇന്ത്യയുടെ പ്രതിഛായ! അവര്‍ക്കെന്ത് രാജ്യസ്നേഹം! എന്ത് ഡൊണാള്‍ഡ് ട്രംപ്!
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളുടെയും ശ്രദ്ധ വഴിമാറുമെന്ന് വംശഹത്യ ആസൂത്രണം ചെയ്തവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. പോലീസ് സംവിധാനങ്ങള്‍ വലിയൊരളവില്‍ ട്രംപിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്കു വേണ്ടി നിലയുറപ്പിക്കുമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു. പക്ഷേ ഏത് പെറ്റി ക്രിമിനലിനും നടത്താനാവുന്ന ഇത്തരം ലളിതമായ തയാറെടുപ്പുകള്‍ക്കപ്പുറം അസാധാരണമായ മാനങ്ങള്‍ ഈ വംശഹത്യയില്‍ അടങ്ങിയിരുന്നല്ലോ. കപില്‍ മിശ്ര എന്ന ബി.ജെ.പി നേതാവ് നടത്തിയ ആ വിദ്വേഷ പ്രസംഗത്തിനൊടുവില്‍ പൊടുന്നനെ പൊതുജനം തെരുവില്‍ ഇറങ്ങിയത് ഒരു വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങുന്നതല്ല. സാമാന്യ ജീവിതത്തില്‍ ഓരോ വ്യക്തിയും സദാ സമയത്തും കാറിന്റെയും സ്‌കൂട്ടറിന്റെയുമൊക്കെ ഡിക്കിയില്‍ പെട്രോള്‍ ബോംബും തോക്കും കല്ലും വടിവാളുമൊക്കെ കൊണ്ടു നടക്കുന്നുണ്ടെങ്കിലാണ് അങ്ങനെ സംഭവിക്കുക. അല്ലെങ്കില്‍ ആ പ്രസംഗത്തിനും എത്രയോ മുമ്പെ തന്നെ തുടങ്ങിയ തയാറെടുപ്പുകളുടെ സ്വാഭാവികമായ പരിസമാപ്തി മാത്രമായിരുന്നു പൊടുന്നനെ റോഡിലെത്തിയ ആയുധധാരികളായ ആ ആള്‍ക്കൂട്ടം. അങ്ങനെയൊരു വംശഹത്യക്ക് പദ്ധതിയിടുമ്പോള്‍ തന്റെ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം അതിന്റെ ഗൗരവം എന്താണെന്നും രാജ്യത്തിന്റെ പ്രതിഛായയില്‍ ഉണ്ടാക്കാന്‍ പോകുന്ന കളങ്കം എങ്ങനെ ആയിരിക്കുമെന്നും അറിയാത്ത കൂപമണ്ഡൂകമല്ല കപില്‍ മിശ്ര. കഴിഞ്ഞ തവണ ദല്‍ഹി സര്‍ക്കാറില്‍ മന്ത്രി ആയിരുന്ന, നാല് വര്‍ഷം ആം ആദ്മിയുടെ എം.എല്‍.എ ആയിരുന്ന, പിന്നീട് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന, ഭരണ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന ഈ നേതാവ് കാര്യങ്ങള്‍ തീരുമാനിച്ചത് ഒറ്റക്കായിരിക്കില്ലെന്ന് വ്യക്തം. പാര്‍ട്ടിക്കകത്തു നിന്നും പിന്തുണ കൊടുത്തിട്ടില്ലെങ്കില്‍ ഈ കലാപവാര്‍ത്ത പുറത്തുവന്ന ആ നിമിഷം അയാളുടെ രാഷ്ട്രീയ ഭാവി അവിടെ അവസാനിക്കേണ്ടതാണ്. അത് പാര്‍ട്ടിയെയും രാജ്യത്തെയും ബാധിക്കുന്ന ഒന്നാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വിദ്വേഷം വിളിച്ചുകൂവുന്ന മിശ്രക്ക് തൊട്ടരികെ തലയില്‍ ഹെല്‍മറ്റ് വെച്ച ഒരു പോലീസ് കമീഷണര്‍ ഉണ്ടായിരുന്നത്. സാഹചര്യത്തിന്റെ ഗൗരവം അവര്‍ക്കെല്ലാം നേരത്തേ അറിയാമായിരുന്നുവെന്ന് വ്യക്തം.
പാര്‍ട്ടിയുടെ പ്രതിഛായ കളങ്കപ്പെടുമെന്ന സാധാരണക്കാരന്റെ സംശയങ്ങള്‍ അവിടെ നില്‍ക്കട്ടെ. ഇന്ത്യക്കു പുറത്ത് കളങ്കപ്പെടാന്‍ മാത്രമുള്ള ഒരു പ്രതിഛായയും ബി.ജെ.പിക്ക്  ഇപ്പോഴില്ല. മാത്രവുമല്ല ബി.ജെ.പിയെ ഒരു മികച്ച രാഷ്ട്രീയ മാതൃകയായി അന്തസ്സുള്ള ഒരു രാജ്യവും അംഗീകരിക്കാനുമിടയില്ല. പശുവിന്റെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുകയും ഗോമൂത്രത്തില്‍നിന്നും ചാണകത്തില്‍നിന്നും പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാനാവുമെന്നും അതില്‍നിന്നുതന്നെ കാന്‍സറിന് മരുന്ന് കണ്ടെത്താനാവുമെന്നും വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും സ്വന്തം സര്‍ക്കാറിനെ കൊണ്ട് ബജറ്റില്‍ ഫണ്ട് പാസ്സാക്കിക്കുകയും ചെയ്യുന്ന പാര്‍ട്ടിക്കെന്ത് പ്രതിഛായ! രാജ്യത്തിന്റെ പ്രതിഛായ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തൊരിക്കലും അവരുടെ പ്രശ്നമായിരുന്നില്ല. ജാതിയും മതവും ഉണ്ടാക്കിത്തരുന്ന വോട്ട്ബാങ്ക് മാത്രമാണ് പരിഗണനയില്‍ ഉണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ട ഒരേയൊരു കാര്യം. അവിടെ ബി.ജെ.പിക്ക് നേരിട്ട സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയില്‍നിന്നായിരിക്കാം ഒരുപക്ഷേ ദല്‍ഹി കലാപം രൂപപ്പെട്ടത്. എട്ടുകാലിയെ എട്ടുകാലിയെന്ന് വിളിക്കാതിരുന്നാല്‍ അതൊരുവേള അന്യഗ്രഹ ജീവിയായി തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്ന് ഭയക്കുന്നതുകൊണ്ടാണ് ഒരു വളച്ചുകെട്ടലുമില്ലാതെ കാര്യം പറയുന്നത്. അനുരാഗ് താക്കൂര്‍, പര്‍വേഷ് സാഹിബ്, കപില്‍ മിശ്ര, ആദിത്യനാഥ് തുടങ്ങി ചെറുതും വലുതുമായ എല്ലാ നേതാക്കളെയും രംഗത്തിറക്കി ദല്‍ഹിയില്‍ ബി.ജെ.പി നടത്തിയ കൊടും വര്‍ഗീയ വിഷപ്രചാരണത്തെ ദല്‍ഹി പരാജയപ്പെടുത്തിയെന്ന് സമ്മതിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ നാല് ശതമാനം വോട്ട് കൂടിയ സ്ഥിതിക്ക് വര്‍ഗീയ പ്രചാരണത്തിന് കൂടുതല്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നേ ബി.ജെ.പിയെ പോലൊരു പാര്‍ട്ടി അന്തിമമായി വിലയിരുത്താന്‍ ഇടയുള്ളൂ. പക്ഷേ തോറ്റുവെന്നത് പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ യാഥാര്‍ഥ്യമായിരുന്നു. ഒന്നുകില്‍ അളിഞ്ഞ പ്രതികാര ബുദ്ധി. അല്ലെങ്കില്‍ ബിഹാറിലും മറ്റും തെരഞ്ഞെടുപ്പ് വരുന്നതിനു മുമ്പേ ഒരു 'മാസ്റ്റര്‍ സ്ട്രോക്ക്' നടത്തി ജയിച്ചുകയറാനാവുമോ എന്ന ഭാഗ്യപരീക്ഷണം. രണ്ടില്‍ ഏതോ ഒന്നു മാത്രമാണ് സംഭവിച്ചത്. ദല്‍ഹിയില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ ശാഹീന്‍ ബാഗില്‍ ആക്രമണമുണ്ടാവുമെന്ന് പലരും കരുതിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചിടത്തല്ല അത് സംഭവിച്ചതെന്നു മാത്രം. 
ദല്‍ഹി വംശഹത്യയുമായി ബി.ജെ.പിക്ക് നേര്‍ക്കുനേരെ ബന്ധമില്ലെങ്കില്‍, അല്ലെങ്കില്‍ ഇത്തരമൊരു കൂട്ടക്കൊലയും കൊള്ളിവെപ്പും അവര്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെ ദേശീയ നേതാക്കളുടെയും പ്രതികരണങ്ങളില്‍ അത് കാണേണ്ടതായിരുന്നു. ദല്‍ഹിയിലെ ക്രമസമാധാന നില കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള ചുമതലയിലായിട്ടും ഒരു പ്രസ്താവന പോലും ആദ്യത്തെ നാലു ദിവസങ്ങളില്‍ അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായില്ല. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലൊക്കെ തന്നെ പദവിയുടെ അന്തസ്സിനൊത്ത് കൃത്യമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലും പതിവ് തെറ്റിച്ചില്ല. നടക്കേണ്ടതെല്ലാം നടന്നു കഴിഞ്ഞതിനു ശേഷമായിരുന്നു ജനങ്ങളോട് സമാധാനം പാലിക്കാന്‍ ട്വിറ്ററിലൂടെ അദ്ദേഹം ആഹ്വാനം നല്‍കിയത്. ബി.ജെ.പി അവകാശപ്പെടുന്നതു പോലെ പൗരത്വ നിയമാനുകൂലികളും വിരോധികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ദല്‍ഹിയില്‍ ഉണ്ടായതെങ്കില്‍ ഇടപെടാതിരിക്കേണ്ട കാര്യം എന്തുണ്ടായിരുന്നു? കപില്‍ മിശ്രയാണ് കലാപത്തിന് ആഹ്വാനം നടത്തിയതെന്ന് സോഷ്യല്‍ മീഡിയ തെളിവ് നിരത്തുമ്പോള്‍, ഹൈക്കോടതി ഇക്കാര്യത്തില്‍ ദല്‍ഹി 
പോലീസിനെ ശാസിക്കുമ്പോള്‍ ഭരണകൂടം എന്ന വ്യവസ്ഥയുടെ മിനിമം മര്യാദ പാലിച്ച് മോദി സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഈ നേതാവിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് തീരുമാനിക്കുകയല്ലേ? ചെയ്തതോ? കപില്‍ മിശ്രയുടെ വിവാദ പ്രസംഗം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ കോടതി മുറിയില്‍ പോലീസിന് കേള്‍പ്പിച്ചുകൊടുത്ത് ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ രാത്രിക്കു രാത്രി നാടു കടത്തുകയാണ്. നിയമവാഴ്ചയുടെ തത്ത്വങ്ങളനുസരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ച ജഡ്ജിയെ സ്ഥലംമാറ്റുകയും നിയമം ലംഘിച്ച കപില്‍ മിശ്രയെ സംരക്ഷിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതുവരെ അയാളെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം തയാറായിട്ടില്ല. എന്നല്ല പൊതുഖജനാവിന്റെ ചെലവില്‍ മിശ്രക്ക് വൈ ഗ്രേഡ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയുടെ നേതാക്കളും അനുയായികളുമല്ല നഗരത്തില്‍ അഴിഞ്ഞാടിയതെങ്കില്‍ പാര്‍ലമെന്റില്‍ ഈ വിഷയം രണ്ടു ദിവസം ചര്‍ച്ചക്കെടുക്കുന്നതിനെ ഭയപ്പെട്ടതെന്തിന്?  പ്രതിപക്ഷത്തിനെ പൊളിച്ചടുക്കാന്‍ എന്തായിരുന്നു തടസ്സം? 
ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ അധ്യായമാവുകയാണ് ദല്‍ഹി. വംശീയ കലാപം നടത്തിയെന്ന് ആരോപണം നേരിട്ടവരെ നേതാക്കളാക്കി മാറ്റുന്ന രാഷ്ട്രീയ സംസ്‌കാരത്തിന് ബി.ജെ.പി അടിവരയിട്ടുകൊണ്ടേയിരിക്കുന്നു. സഞ്ജീവ് ബാലിയന്‍, ഹുക്കും സിംഗ്, സുരേഷ് റാണ, സംഗീത് സോം, രാഘവ് ലഖന്‍പാല്‍, ആദിത്യനാഥ്, പ്രതാപ്ചന്ദ്ര സാരംഗി, പ്രഗ്യാ സിംഗ് താക്കൂര്‍ തുടങ്ങിയവരുടെ ഈ പട്ടികക്ക് ബി.ജെ.പിയില്‍ നീളം കൂടിവരികയാണ്. ഗുജറാത്ത് കലാപത്തിന്റെ പാപക്കറ പേറുന്ന രണ്ട് വലിയ നേതാക്കള്‍ പുറമെയും. കലാപത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ, വര്‍ഗീയത പ്രചരിപ്പിക്കുകയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്നവരെ പാര്‍ട്ടി എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശവും, മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രോത്സാഹനവും നിരന്തരമെന്നോണം പൊതുസമൂഹത്തിന് നല്‍കിക്കൊണ്ടേയിരിക്കുന്നു. സമീപകാലത്ത് ബി.ജെ.പിയില്‍ ഉയര്‍ന്നു പൊന്തിയ ഒറ്റ നേതാവു പോലുമില്ല കലാപത്തിലൂടെയും ധ്രുവീകരണ അജണ്ടകള്‍ നടപ്പാക്കിയതിലൂടെയുമല്ലാതെ മാനവികമായ പ്രവൃത്തികളുടെ പേരില്‍ പൊതുജനശ്രദ്ധ പിടിച്ചു പറ്റിയവരായി. വംശഹത്യകളെ ന്യായീകരിക്കാനായി പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്നതും പൊതുജനം കണ്ടുകൊണ്ടേയിരിക്കുകയാണ്. അപകടകരമായ ദുര്‍വ്യാഖ്യാനങ്ങളാണ് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ദേശീയ മാധ്യമങ്ങളില്‍ ഈ വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ആം ആദ്മിയുടെ താഹിര്‍ ഹുസൈന്‍ മുതല്‍ ഉമര്‍ ഖാലിദ് വരെയുള്ളവരുടെ തലയില്‍ കലാപത്തിന്റെ പ്രേരണാകുറ്റം ചുമത്താനുള്ള ക്വട്ടേഷനാണ് ദേശീയ മാധ്യമങ്ങളുടേത്. ഏറ്റവുമൊടുവില്‍ ആകാശത്തേക്ക് വെടിവെച്ച ഒരു 'ഷാരൂഖു'മുണ്ട് പട്ടികയില്‍. അവന്റെ മാതാപിതാക്കളെ കുറിച്ച വിവരം പോലീസ് മറച്ചുവെക്കുകയാണ് ചെയ്യുന്നതെങ്കിലും. 
കലാപത്തിന് നേര്‍ക്കു നേരെ നേതൃത്വം കൊടുത്ത കപില്‍ മിശ്രയെയോ ഒപ്പമുണ്ടായിരുന്നവരെയോ താഹിര്‍ ഹുസൈന്റെ കാര്യത്തില്‍ ചെയ്തതു പോലെ മാധ്യമങ്ങള്‍ പൈശാചികവല്‍ക്കരിച്ചിട്ടില്ല. കലാപ സമയത്ത് രക്ഷപ്പെടുത്തിയെന്ന് പോലീസ് കമീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ച താഹിര്‍ ഹുസൈന്‍ പിന്നീട് മടങ്ങിയെത്തി വീടിനു മുകളില്‍ നിന്നും പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് തന്നെ സങ്കല്‍പ്പിക്കുക. അയാളുടെ വീടിനു ചുറ്റുമുള്ള ഏതാനും വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടത് താഹിര്‍ തന്നെയെന്നും ഒരു വാദത്തിന് സമ്മതിക്കുക. പക്ഷേ കലാപം താഹിര്‍ ഹുസൈന്‍ നില്‍ക്കുന്ന പ്രദേശത്തേക്ക് കടന്നു വരികയാണോ ഉണ്ടായത് അതോ അവിടെ നിന്നും ആരംഭിക്കുകയോ? ആരായിരുന്നു ബി.ജെ.പി ജയിച്ചു കയറിയ ആറ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ ശേഷിച്ച മുഴുവന്‍ പ്രദേശങ്ങളിലും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഴിഞ്ഞാടിയത്? മരണമടഞ്ഞ 46 പേരില്‍ 39 പേരും ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരായത് എന്തുകൊണ്ടാണ്? കപില്‍ മിശ്രയുടെ പ്രസംഗത്തിനു തൊട്ടുടനെ മൗജ്പൂരില്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന പന്തലിന് ജനക്കൂട്ടം തീയിടുകയും അവിടെ ധര്‍ണ നടത്തുന്നവരെ കല്ലെറിയുകയും ചെയ്തിരുന്നുവല്ലോ. അവര്‍ തടിച്ചുകൂടാനുണ്ടായ കാരണം മിശ്രയുടെ പ്രസംഗമായിരുന്നോ അതോ ഇതുവരെ രാജ്യം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മറ്റാരെങ്കിലും പുറകില്‍ ഉണ്ടായിരുന്നോ? മാധ്യമ സന്തുലനത്തിന്റെ പേരില്‍ കൊല്ലാനും കൊള്ളയടിക്കാനും വരുന്നവര്‍ക്ക് വേണ്ടി അസംബന്ധം ചമക്കേണ്ടുന്ന ദയനീയമായ ദുരവസ്ഥയിലേക്കാണ് ഒടുവില്‍ രാജ്യത്തെ എണ്ണം പറഞ്ഞ ടെലിവിഷന്‍ ചാനലുകള്‍ എത്തിപ്പെടുന്നത്. 
തരിമ്പിനു പോലും വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പാര്‍ട്ടി ആണ് ബി.ജെ.പിയെന്ന് ഈ വംശഹത്യ അടിവരയിട്ടു തെളിയിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ അല്‍പ്പമെങ്കിലും ബി.ജെ.പിയെ പിന്തുണച്ചിരിക്കാന്‍ ഇടയുള്ള പ്രദേശമാണ് ഇപ്പോള്‍ കപില്‍ മിശ്രയെന്ന പാര്‍ട്ടി നേതാവും അനുയായികളും അഴിഞ്ഞാടിയ വടക്കു കിഴക്കന്‍ ദല്‍ഹി. ബി.ജെ.പി ദല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരിയെ ജയിപ്പിച്ചയച്ച, ബിഹാരികള്‍ക്കും പൂര്‍വാഞ്ചല്‍ മേഖലയില്‍നിന്നുള്ളവര്‍ക്കും നിര്‍ണായക സ്വാധീനമുള്ള ഈ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എട്ട് അസംബ്ലി സീറ്റുകളും മുസ്ലിം ബാഹുല്യമുള്ളവയാണ്. അതേസമയം തന്നെ ഇവയില്‍ ആറെണ്ണവും ബി.ജെ.പിയാണ് ജയിച്ചു കയറിയത്. ശേഷിച്ച ദല്‍ഹിയിലെ 62 മണ്ഡലങ്ങളില്‍നിന്നായി വെറും രണ്ടെണ്ണം മാത്രമേ പാര്‍ട്ടിക്ക് കിട്ടിയിരുന്നുള്ളൂ. അക്കൂട്ടത്തില്‍പെട്ട ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ പോലും തരക്കേടില്ലാത്ത തോതില്‍ മുസ്ലിം വോട്ടര്‍മാരുണ്ടായിരുന്നു. രോഹിണി മാത്രമാണ് ഹിന്ദുത്വ വോട്ടുബാങ്കിന്റെ ബലത്തില്‍ മാത്രം ബി.ജെ.പി വിജയിച്ച ഏക മണ്ഡലം. ദല്‍ഹിയില്‍ മുസ്ലിംകള്‍ക്ക് ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ ശേഷിയുള്ള 22 മണ്ഡലങ്ങളില്‍ ആറിലും ജയിച്ച, എന്നാല്‍ ശേഷിച്ച മുഴുവന്‍ മണ്ഡലങ്ങളിലും ഹിന്ദുത്വ വോട്ടര്‍മാര്‍ തന്നെ പാര്‍ട്ടിയെ ചവിട്ടിത്തേച്ച അപമാനത്തിന് പകരം വീട്ടാനാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കെതിരെ കപില്‍ മിശ്ര കലാപം അഴിച്ചുവിടാന്‍ തീരുമാനിച്ചത്. ദല്‍ഹി പിടിച്ചടക്കാന്‍ സഹായിക്കുമെന്ന് ബി.ജെ.പി ഉറച്ചു വിശ്വസിച്ച ഒരു കൊടും വര്‍ഗീയ പ്രചാരണത്തെ പൊതുജനം പരമദയനീയമായി തോല്‍പ്പിച്ചു വിട്ടതിന് ഒരു പ്രത്യേക സമുദായമാണ് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത്; കലാപം എല്ലാവരെയും ബാധിച്ചുവെങ്കില്‍ കൂടിയും.  
കപില്‍ മിശ്രയെ പോലൊരാള്‍ക്ക് പൊതുസമൂഹത്തെ ഇങ്ങനെ ഇളക്കിവിടാന്‍ കഴിഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. പോലീസ് ചെയ്യുന്നില്ലെങ്കില്‍ താന്‍ പൊളിച്ചുമാറ്റുമെന്ന് ഒരു കമീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ധിക്കാരപൂര്‍വം മിശ്ര പറഞ്ഞ ജാഫറാബാദിലെയും മൗജ്പൂരിലെയും സമരപ്പന്തലുകളുടെ കാര്യത്തില്‍ കോടതിയോടുള്ള വ്യക്തമായ വെല്ലുവിളി കൂടി അടങ്ങിയിരുന്നു. ഈ പ്രഖ്യാപനം കാത്തു നിന്നതു പോലെ മിനിറ്റുകള്‍ക്കകം ജനം പെട്രോള്‍ ബോംബുമായി ഒരു സമൂഹത്തെ മാത്രം ലക്ഷ്യം വെച്ച് തെരുവിലിറങ്ങിയതും കൊലയും കൊള്ളിവെപ്പുമായി നാട് ചുട്ടെരിച്ചതും രണ്ടര്‍ഥത്തിലാണ് നോക്കിക്കാണേണ്ടത്. ഒന്ന് ആയുധങ്ങളടക്കം ഒരുക്കിവെച്ച് വളരെ കൃത്യമായ ആസൂത്രണം നടന്നിരുന്നു. റോഡു നിറയെ ആരോ കൊണ്ടിറക്കിയ ലോഡുകണക്കിന് കല്ലുകള്‍ ഈ മേഖലയില്‍ ഉടനീളം കാണാനുണ്ടായിരുന്നു. രണ്ടാമതായി, ശാഹീന്‍ ബാഗ് സമരത്തിനെതിരെ മീഡിയ ജനങ്ങളെ നേരത്തേ തന്നെ മാനസികമായി പരുവപ്പെടുത്തിവെക്കുകയും ചെയ്തിരുന്നു. മുസ്ലിമിന്റെ ജീവന്‍, അവരുടെ വീടുകളും കടകളും, ആരാധനാലയങ്ങള്‍ ഇവയൊക്കെ സംഘ്പരിവാര്‍ സംഘടനകളെങ്കിലും പകയോടെ വീക്ഷിക്കുന്ന രോഗാതുരമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. മുസ്ലിം സമൂഹത്തിനെതിരെ നടത്തുന്ന ഏതു നീക്കവും ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായി സമീപകാലത്ത് ബി.ജെ.പിയില്‍ അംഗീകരിക്കപ്പെടുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ട കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ആദരിക്കപ്പെടുന്നുണ്ടായിരുന്നു.  ഇത്തരം നികൃഷ്ടമായ കൊലപാതകങ്ങളിലടങ്ങിയ നിയമ പ്രശ്നങ്ങള്‍ക്ക് വലതുപക്ഷ ഭരണകൂടങ്ങളുടെയും പോലീസിന്റെയും അഭിഭാഷകരുടെയും പരസ്യമായ പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. മുസ്ലിമുമായി ബന്ധപ്പെട്ട എന്തിനെയും വെറുക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഇന്ത്യന്‍ മീഡിയ പൊതുസമൂഹത്തെ മാറ്റിയെടുക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ടൊക്കെയാണ് മുസ്ലിംകള്‍ മാധ്യമങ്ങളെ പേപ്പട്ടികളെ പോലെ ആട്ടിയകറ്റിയത്. ശാഹീന്‍  ബാഗിലെ സമരപ്പന്തലിലേക്ക്  അപൂര്‍വമായാണ് അവര്‍ ദേശീയ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നത്. ജാഫറാബാദില്‍ ഈ ലേഖകനെ ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന ഒറ്റക്കാരണം കൊണ്ട് വളഞ്ഞിട്ട് മര്‍ദിച്ചതിന്റെ കാരണവും അതായിരുന്നു. മുസ്ലിം വിഷയങ്ങളെ ഇന്ത്യന്‍ മീഡിയ ഒരിക്കലും സത്യസന്ധമായി അവതരിപ്പിക്കില്ല എന്ന ഉറച്ച ബോധ്യത്തിന്റെ ഭാഗമായിരുന്നു അത്; അവന്‍ ഏത് മതമായാലും ശരി, ഏത് ഭാഷക്കാരനായിരുന്നാലും ശരി. മറുപക്ഷത്ത് മാധ്യമ പ്രവര്‍ത്തകന്റെ മതം ചെറിയ തോതിലെങ്കിലും സംഘ്പരിവാര്‍ സങ്കേതങ്ങളില്‍  പരിഗണിക്കപ്പെട്ടിട്ടുണ്ട്. അതുതന്നെയും അവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യുന്നവരാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം. എന്‍.ഡി.ടി.വിയുടെ സവര്‍ണ ജാതിയില്‍പെട്ട ലേഖകര്‍ക്കു പോലും ക്രൂരമായ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നത് അവരുടെ ചാനലിന്റെ സ്വഭാവം പരിഗണിച്ചതുകൊണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കൊണ്ട് ദേശീയ മാധ്യമങ്ങള്‍ ഇന്ത്യയുടെ പൊതുബോധത്തെ വര്‍ഗീയവും സങ്കുചിതവും അപകടകരവുമാക്കി മാറ്റിയതിന്റെ അനന്തരഫലമായിരുന്നു ഇതെല്ലാം. 
ദല്‍ഹി വംശഹത്യക്കു ശേഷം ഭരണസ്വാധീനം ഉപയോഗിച്ച് ബി.ജെ.പി കപില്‍ മിശ്രയെ വെളുപ്പിച്ചെടുക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല. അരവിന്ദ് കെജ്‌രിവാളിനെ പോലെയുള്ള വര്‍ഗീയതയുടെ കാര്യത്തില്‍ വായ തുറക്കാന്‍ ശേഷിയില്ലാത്ത ഒരു മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി അത് സാധിച്ചെടുക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമായിരിക്കില്ല. ക്യാമറകളും സാക്ഷികളും രേഖപ്പെടുത്തിയതൊന്നുമായിരിക്കില്ല ഇനിയുള്ള ദിവസങ്ങളിലെ കഥകള്‍. ഒരുവേള വിദേശ രാജ്യങ്ങളുടെ പങ്കു പോലും വെളിപ്പെട്ടേക്കും. പുതിയ ഇന്ത്യയുടെ രൂപീകരണത്തിന് ഇനി രണ്ടു കൊല്ലമല്ലേ ബാക്കിയുള്ളൂ?

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌