Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

വിഭജനത്തിന്റെ പാപഭാരം പേറാന്‍ വിധിക്കപ്പെട്ടവര്‍

എ.ആര്‍

ഹിന്ദുത്വ രാഷ്ട്രവാദികളുടെ എക്കാലത്തെയും തുറുപ്പുചീട്ടാണ് മുസ്‌ലിംകള്‍ രാജ്യം പിളര്‍ത്തി പാകിസ്താന്‍ നിര്‍മിച്ചുപോയവരാണ്, അവശേഷിച്ച ഭാരതമെങ്കിലും ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നത് സാമാന്യ നീതിയുടെ താല്‍പര്യം മാത്രമാണ്, ഇവിടെയും മതേതരത്വത്തിന്റെ പേരില്‍ തുല്യാവകാശങ്ങള്‍ ചോദിച്ചും ഹിന്ദുരാഷ്ട്ര നിര്‍മിതിയെ തടസ്സപ്പെടുത്തിയും മതേതര പാര്‍ട്ടികള്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണനം നടത്തിയും മുന്നോട്ടുപോവുന്നത് ഇനി നോക്കിനില്‍ക്കാനാവില്ല എന്ന അവകാശവാദവും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആരംഭിച്ചത് ഈ ചരിത്രപരമായ 'തെറ്റു തിരുത്തല്‍' നപടികളാണ്. അതിന്റെ സുപ്രധാന ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ഖണ്ഡിക ഭരണഘടനയില്‍നിന്ന് നീക്കം ചെയ്തതും അതിന്റെതന്നെ ഭാഗമായിരുന്നു. 2020 ഡിസംബറില്‍ രാജ്യസഭയിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ ഇന്ത്യക്കാകെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനവും നടപ്പാകും. ഈ നീക്കങ്ങളില്‍നിന്ന് ആര്‍ എങ്ങനെ സമ്മര്‍ദം ചെലുത്തിയാലും പിന്തിരിയുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. സംഘ് പരിവാര്‍ പറയുന്നതാണ് ശരിയെന്നോ അതില്‍ ശരിയുണ്ടെന്നോ കരുതുന്നവര്‍ സംഘികളല്ലാത്ത രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളിലുമുണ്ടെന്നത് പരസ്യമായ രഹസ്യം. ഈ അവകാശവാദം മൗലികമായിത്തന്നെ അബദ്ധമാണെന്ന് തിരിച്ചറിയുന്നവര്‍ രാജ്യത്തില്ലാഞ്ഞിട്ടല്ല, പക്ഷേ തങ്ങളുടെ ദേശക്കൂറ് ചോദ്യം ചെയ്യപ്പെടുമെന്നോ തങ്ങളുടെ മേല്‍ രാജ്യദ്രോഹം ആരോപിക്കപ്പെടുമെന്നോ ഭയന്ന് മിക്കവരും മൗനികളാണ്. ആ ഭയപ്പാട് വ്യാപകമായി സൃഷ്ടിച്ചെടുക്കുന്നതിലാണ് സംഘ് പരിവാറിന്റെയും സര്‍ക്കാറിന്റെയും വിജയം.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ ഇന്ത്യയുടെ ചരിത്രം നിഷ്പക്ഷമായും സത്യസന്ധമായും പരിശോധിച്ചാല്‍ രാഷ്ട്രവിഭജനത്തിന്റെ കുറ്റം മുസ്‌ലിം സമുദായത്തിന്റെ പേരില്‍ ഏകപക്ഷീയമായി കെട്ടിയേല്‍പിക്കുന്നതില്‍ ന്യായമോ നീതിയോ ഇല്ലെന്ന് വ്യക്തമാവും. ഒരു ഭാഗത്ത് 1857-ലെ ഹിന്ദു-മുസ്‌ലിം കൂട്ടുകെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടക്കളത്തിലിറങ്ങിയ ധീരോദാത്തമായ 'ശിപായി ലഹള'യെത്തുടര്‍ന്ന് വിഭജിച്ചു ഭരിക്കുക എന്ന കുപ്രസിദ്ധ നിലപാട് ഇംഗ്ലീഷുകാര്‍ നടപ്പാക്കിത്തുടങ്ങി; മറുഭാഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകങ്ങളില്‍ വി.ഡി സവര്‍ക്കറും കെ.ബി  ഹെഡ്‌ഗേവാറും തുടര്‍ന്ന് എം.എസ്. ഗോള്‍വാള്‍ക്കറും പണിതുയര്‍ത്തിയ ഹിന്ദുത്വ വംശീയവാദവും രാജ്യവിഭജനത്തിന്റെ വിത്തുപാകി എന്ന ചരിത്രസത്യം അനിഷേധ്യമാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ സാരഥികളില്‍ തന്നെ നല്ലൊരു പങ്ക് അവരുടെ സ്വാധീനത്തിന് വിധേയരായിരുന്നു താനും.
1947 ആഗസ്റ്റ് 15-ന് വടക്കു പടിഞ്ഞാറ് പാകിസ്താനും കിഴക്ക് പിന്നീട് ബംഗ്ലാദേശായി മാറിയ പാകിസ്താനും ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് വിഭജനത്തെ അടയാളപ്പെടുത്തി. യഥാര്‍ഥത്തില്‍ ദ്വിരാഷ്ട്ര സിദ്ധാന്തവുമായി ജിന്ന രംഗത്തു വരുന്നതിന് എത്രയോ മുമ്പ് കേശവ ബലിറാം ഹെഡ്‌ഗേവാര്‍, ബാല്‍ ഗംഗാധര തിലക്, ലജ്പത് റായ് എന്നിവരും വി.ഡി സവര്‍ക്കറും ഹിന്ദു രാഷ്ട്രവാദം ഉന്നയിച്ചിരുന്നു. രാജ്യത്തെ മതപരമായ രേഖകളിലൂടെ രണ്ടു ഭാഗമായി വിഭജിക്കുന്ന ഒരു ഭൂപടം പോലും ലജ്പത് റായി വരച്ചിരുന്നു. മോശപ്പെട്ട ഒരു ശസ്ത്രക്രിയ ആയിരുന്നു അത്. അനസ്‌തേഷ്യ പോലും കൊടുക്കാതെ ഇന്ത്യയുടെ കരങ്ങള്‍ ഛേദിക്കപ്പെട്ടു. പഞ്ചാബ് എന്ന പേരില്‍ അറിയപ്പെട്ട അഞ്ച് നദികളുടെ പ്രതലത്തിലൂടെ രക്തധാരകള്‍ കുത്തിയൊഴുകി (Absolute Khushwant by Hamra Quraishi, ‘on Partition' എന്ന അധ്യായം, പേജ് 105,106).
മഹാത്മാ ഗാന്ധി മാത്രമാണ് വിഭജനത്തിന്റെ ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയതെന്നും അതിനോടുള്ള എതിര്‍പ്പ് കാരണം അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തില്ലെന്നും വിഖ്യാത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഖുശ്‌വന്ത് സിംഗ് ഓര്‍മിപ്പിക്കുന്നു. ഹിന്ദു മഹാ സഭയുടെ പ്രണേതാവ് വി.ഡി സവര്‍ക്കറോ ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗുരു ഗോള്‍വാള്‍ക്കറോ ഒന്നും ബ്രിട്ടീഷുകാരില്‍നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രംഗത്തിറങ്ങുകയോ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. സവര്‍ക്കറാകട്ടെ സ്വാമ്രാജ്യത്വ സര്‍ക്കാറിന് മാപ്പെഴുതിക്കൊടുത്ത് അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍നിന്ന് മോചിതനായ ഹിന്ദു രാഷ്ട്രവാദിയായിരുന്നു താനും. സ്വാതന്ത്ര്യസമര നായകനായി ഇന്ന് സംഘ് പരിവാര്‍ കൊണ്ടുനടക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലും രാജ്യവിഭജനത്തിനനുകൂലമായിരുന്നു എന്ന് നിര്‍ണായക വര്‍ഷങ്ങളില്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ സാരഥിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗും ദ്വിരാഷ്ട്രവാദം ഉന്നയിക്കുകയും പാകിസ്താന്‍ നിര്‍മിതിക്കു വേണ്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നില്ലെങ്കില്‍ പോലും ഹിന്ദുത്വ രാഷ്ട്രവാദം ശക്തിപ്പെടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുമായിരുന്ന സാമുദായിക ധ്രുവീകരണത്തിന്റെ ഫലമായി ഇന്ത്യാ ഉപഭൂഖണ്ഡം രണ്ടായി പിളരുമായിരുന്നു എന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നുവെച്ച് ഉപഭൂഖണ്ഡത്തിലെ ജനങ്ങളെ പൊതുവായും മുസ്‌ലിം ന്യൂനപക്ഷത്തെ വിശേഷിച്ചും തീരാ ദുരിതങ്ങളിലേക്കും അപരിഹാര്യ സമസ്യകളിലേക്കും തള്ളിവിട്ട, തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് വജ്രായുധം ഒരുക്കിക്കൊടുത്ത, നാല് യുദ്ധങ്ങള്‍ക്ക് വഴിയൊരുക്കിയ പാകിസ്താന്‍ രൂപവത്കരണത്തിനു വേണ്ടി ജിന്ന സാഹിബ് വാദിച്ചതും പ്രയത്‌നിച്ചതും ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഗണ്യമായ വിഭാഗം അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നതും ദീര്‍ഘദൃഷ്ടിയോ വിവേകമോ അവകാശപ്പെടാവുന്ന നടപടിയല്ലെന്ന് തുറന്നു സമ്മതിച്ചേ പറ്റൂ. മുസ്‌ലിം ലീഗ് പാകിസ്താന്‍ വാദം ഉന്നയിച്ചില്ലെങ്കില്‍ പോലും ഒരുവേള ഹിന്ദു-മുസ്‌ലിം രാഷ്ട്രങ്ങളായി രാജ്യം വിഭജിക്കപ്പെടുമായിരുന്നിരിക്കും. പക്ഷേ സ്വാഭാവിക പരിണതിയിലൂടെ അനിവാര്യമാക്കുന്ന വിഭജനവും ശക്തമായ പോരാട്ടത്തിലൂടെ നേടിയെടുത്ത വിഭജനവും തമ്മില്‍ ഭീമമായ അന്തരമുണ്ട്. 10 ലക്ഷം മനുഷ്യരെങ്കിലും മൃഗീയമായി കൊല്ലപ്പെടുകയും അതിലിരട്ടി ജനം പരസ്പരം അഭയാര്‍ഥികളായി പോവുകയും ചെയ്ത ഒരു വീതംവെപ്പിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇന്ന് ഏറ്റവുമധികം അനുഭവിക്കുന്നത് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷമാണെന്നതില്‍ സംശയമില്ല. അത്തരമൊരു ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയാണ് മൗലാനാ അബുല്‍ കലാം ആസാദും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെ എതിര്‍ത്തത്. 1947-നു  ശേഷം ജനിച്ചവരാണ് ഇന്ത്യന്‍ മുസ്‌ലിംകളില്‍ 90 ശതമാനവും. പക്ഷേ അവരിപ്പോഴും വിഭജനത്തിന്റെ പാപഭാരം പേറേണ്ടിവരുന്നതും പാകിസ്താനിലേക്കുള്ള സിഗ്നല്‍ നിരന്തരം കാണേണ്ടിവരുന്നതും ജീവപര്യന്തം ശിക്ഷയല്ലാതെ മറ്റെന്താണ്?

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌