Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ഡോ. മുഹമ്മദ് ഇമാറ

എ.പി ശംസീര്‍

ലോകപ്രശസ്ത ഇസ്‌ലാമിക ചിന്തകനും ഗ്രന്ഥകാരനുമായ ഡോ. മുഹമ്മദ് ഇമാറ കഴിഞ്ഞ ഫെബ്രുവരി 28-ന് വിടവാങ്ങി. മൂന്ന് ആഴ്ചയോളം  അസുഖബാധിതനായി കിടന്ന അദ്ദേഹം ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് അല്ലാഹുവിലേക്ക് യാത്രയായത്. മരണപ്പെടുമ്പോള്‍ 89 വയസ്സുണ്ടായിരുന്നു.
വേള്‍ഡ് ഉലമാ കൗണ്‍സില്‍ അംഗത്വമുള്‍പ്പെടെ ധാരാളം ഉന്നത പദവികളില്‍ അദ്ദേഹമുണ്ടായിരുന്നു. മകന്‍ ഖാലിദ് ഇമാറ പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഇങ്ങിനെ കുറിച്ചു: ''എന്റെ പ്രിയ പിതാവേ, അല്ലാഹുവിന്റെ കരുണ താങ്കളുടെ മേല്‍ വര്‍ഷിക്കട്ടെ. വേദനയോ പ്രയാസമോ അലട്ടാതെ താങ്കള്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. താങ്കള്‍ നമ്മുടെ കുടുംബത്തെ എപ്പോഴും സംരക്ഷിച്ചു.  ഉമ്മയെയും മുഴുവന്‍ മക്കളെയും പേരക്കുട്ടികളെയും പ്രിയപ്പെട്ടവരെയും വിളിച്ച് അവരോട് ഓരോരുത്തരോടും പറഞ്ഞു; ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഞാന്‍ നിങ്ങളെ സംബന്ധിച്ച് തൃപ്തനാണ്, നിങ്ങള്‍ എന്നെ കുറിച്ചും തൃപ്തരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന്.''
1931-ല്‍ ഈജിപ്തില്‍ ജനനം. അക്കാലത്ത് ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്ന പലരെയും പോലെ മതപരമായ ചിട്ടകളുള്ള കുടുംബമായിരുന്നു മുഹമ്മദ് ഇമാറയുടേത്. ആയതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി.
യൗവനത്തില്‍ മാര്‍ക്‌സിയന്‍  ചിന്തകളില്‍ ആകൃഷ്ടനായി. അന്ന് ഇസ്‌ലാമിക ചിന്ത മരവിച്ച നിലയിലായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആഗമനത്തിനു ശേഷം മാത്രമാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുമായി സംവാദ മുഖങ്ങള്‍ തുറക്കപ്പെടുന്നത്. മുഹമ്മദ് ഇമാറയുടെ യൗവനവും ചിന്താപരമായി പ്രക്ഷുബ്ധമായിരുന്നു. സോഷ്യലിസ്റ്റ് ചിന്തകളില്‍ ആകൃഷ്ടനായ അദ്ദേഹത്തെ ആദ്യകാലങ്ങളില്‍ ഇസ്‌ലാമിക ചിന്തയോ ഫിലോസഫിയോ ആകര്‍ഷിച്ചതേയില്ല.
പലതരം ചിന്താധാരകളിലൂടെ സഞ്ചരിച്ചു അദ്ദേഹം. കമ്യൂണിസ്റ്റ് ചിന്താധാരയെ നിരാകരിച്ച് പിന്നീട് ഇസ്‌ലാമിക ചിന്തകളില്‍ എത്തിപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീവിതം ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചു. പ്രമുഖ ഫ്രഞ്ച് ചിന്തകന്‍ റജാ ഗരോഡിയുടെ ജീവിത യാത്രകളുമായി ഏറെ സാമ്യതയുണ്ട് മുഹമ്മദ് ഇമാറയുടെ ജീവിതത്തിന്. റജാ ഗരോഡി കമ്യൂണിസ്റ്റ് ചിന്താധാരയിലൂടെ ഇസ്‌ലാമിന്റെ വഴിയിലേക്ക് കടന്നുവന്ന ധിഷണാശാലിയാണ്. ഇരുവരും കമ്യൂണിസത്തിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞതിനു ശേഷം ഇസ്‌ലാമിക തത്ത്വചിന്തയുടെ ആഴം അളന്നവരാണ്.
എഴുപതിലധികം ഗ്രന്ഥങ്ങള്‍ മുഹമ്മദ് ഇമാറയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക ചിന്ത, ഫിലോസഫി, ഇസ്‌ലാമിന്റെ സാമൂഹികത, രാഷ്ട്രീയ ഉള്ളടക്കം, സൂഫിസം, തീവ്രവാദം തുടങ്ങി പലതരം വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും അവക്ക് ചിന്താപരവും സൈദ്ധാന്തികവുമായ അടിത്തറയിട്ട നവോത്ഥാന നായകന്മാരെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചു. റശീദ് രിദാ, മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയ വ്യക്തിത്വങ്ങളെക്കുറിച്ചും അവരുടെ ചിന്താധാരകളെക്കുറിച്ചുമെല്ലാം ഒരു ക്രിറ്റിക്കല്‍ ഇന്‍സൈഡറായി നിലകൊണ്ട് അദ്ദേഹം എഴുതി. തന്റെ സമകാലികനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ വസത്വിയ്യത് എന്ന ആശയത്തെ മുന്‍നിര്‍ത്തി സംവാദ സ്വഭാവത്തിലുള്ള ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്.
'അത്തഫ്‌സീറുല്‍ മാര്‍കിസി ലില്‍ ഇസ്‌ലാം'  (ഇസ്‌ലാമിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം) എന്ന മുഹമ്മദ് ഇമാറയുടെ കൃതി ഡോ. നസ്ര്‍ ഹാമിദ് അബൂസൈദുമായുള്ള വൈജ്ഞാനിക സംവാദത്തിന്റെ ഭാഗമായി ഇസ്‌ലാമിന്റെ പക്ഷത്തു നിന്നുള്ള ചിന്തയാണ് അവതരിപ്പിക്കുന്നത്. ഇമാറയുടെ ഈ പുസ്തകം മാര്‍ക്‌സിസത്തെ നിരൂപണം ചെയ്യുന്ന കാര്യത്തില്‍ ഉപരിപ്ലവമായിപ്പോയി എന്ന വിമര്‍ശനമുണ്ട്. നസ്ര്‍ ഹാമിദ് അബൂസൈദിനെ പോലൊരാളോട് സംവദിക്കുമ്പോള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല എന്നും വിമര്‍ശിക്കപ്പെട്ടു. ഇതേ പുസ്തകത്തില്‍ തന്നെയാണ് മുഹമ്മദ് ഇമാറ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ തിരിച്ചറിവുകള്‍ വിശകലനം ചെയ്യുന്നതും. കമ്യൂണിസവും ഇസ്‌ലാമും വേര്‍പിരിയുന്നതെവിടെയെന്നതിനെക്കുറിച്ച് മൗലികമായ ചില കാഴ്ചപ്പാടുകള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നു.
അല്‍ ജസീറക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് തന്റെ ജീവിതം ഇസ്‌ലാമിക ചിന്തക്കു വേണ്ടി ധ്യാനനിമഗ്നനായി ചെലവഴിച്ചു എന്നാണ്. മുസ്‌ലിം ലോകത്ത് എണ്ണംപറഞ്ഞ ചിന്തകന്മാരെ ആവശ്യമുണ്ട്. അങ്ങനെയാണെങ്കില്‍ ഉമ്മത്ത് ഒരിക്കലും പ്രതിരോധത്തിലാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹിക ഉള്ളടക്കത്തെക്കുറിച്ചും ഇസ്ലാമിക ഖിലാഫത്തിനെക്കുറിച്ചുമെല്ലാം അദ്ദേഹം നിരന്തരമെഴുതി. വസത്വിയ്യത്ത് (മധ്യമ നിലപാട്) എന്ന അടിസ്ഥാന ആശയത്തില്‍ കേന്ദ്രീകൃതമായിരുന്നു അദ്ദേഹത്തിന്റെ ഈ വിഷയകമായ ചിന്തകള്‍ മുഴുവന്‍.
ഫലസ്ത്വീന്‍ വിഷയത്തില്‍ മുഹമ്മദ് ഇമാറ എണ്ണമറ്റ ലേഖനങ്ങളാണെഴുതിയത്. ഖുദ്‌സ് വിമോചിപ്പിക്കാതെ മുസ്ലിം ഉമ്മത്തിന് വിശ്രമമില്ല എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്ലാറ്റ്‌ഫോമിനകത്ത് കുറേയധികം പണ്ഡിതന്മാരുണ്ടാവുകയും എന്നാല്‍ ചിന്തകരുടെയും ദാര്‍ശനികരുടെയും എണ്ണം  തുലോം കുറഞ്ഞുപോവുകയും ചെയ്ത ഒരു കാലത്ത് മുഹമ്മദ് ഇമാറ ഇസ്‌ലാമിക ധിഷണയുടെ തിളക്കമുള്ള നക്ഷത്രം തന്നെയായിരുന്നു. 

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌