Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ചെറുത്തുനില്‍പ്പിന്റെ രീതിശാസ്ത്രം

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സമുദായം തങ്ങളുടെ നിയോഗലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും ആ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ നീണ്ടകാലത്തെ ചിട്ടയോടെയുള്ള കര്‍മപരിപാടികള്‍ അനിവാര്യമാണെന്നും മുമ്പൊരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. സമൂഹത്തിന്റെ പ്രയാണപാതയില്‍ രൂപപ്പെടുന്ന തടസ്സങ്ങളെ എങ്ങനെ തട്ടിമാറ്റാം, അതിക്രമങ്ങളുണ്ടാകുമ്പോള്‍ അവയെ ചെറുക്കുന്നതിനുള്ള രീതിശാസ്ത്രം എന്തായിരിക്കണം എന്നീ കാര്യങ്ങളാണ് ഈ ലേഖനത്തിന്റെ ചര്‍ച്ചാ വിഷയം. ഖുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും പൂര്‍വകാല പ്രവാചകന്മാരില്‍നിന്നും ഇക്കാര്യത്തില്‍ നമുക്ക് ലഭിക്കുന്ന മാതൃകയെന്ത് എന്നും പരിശോധിക്കാം.
അതിക്രമങ്ങളെയും കൈയേറ്റങ്ങളെയും ചെറുക്കുക എന്നത് മനുഷ്യന്റെയെന്നല്ല എല്ലാ ജീവികളുടെയും സഹജപ്രകൃതത്തിലുള്ളതാണ്. ഒരു ഉറുമ്പ് പോലും അതിനെ കൊല്ലാനോ അതിന്റെ വഴി തടസ്സപ്പെടുത്താനോ ശ്രമിച്ചാല്‍ അതിനെ ചെറുക്കും. വ്യക്തികളുടെയെന്ന പോലെ സമൂഹങ്ങളുടെയും നിലനില്‍പ് അതിക്രമങ്ങളെ ചെറുക്കാന്‍ അവര്‍ക്കെത്ര മാത്രം പ്രാപ്തിയുണ്ട് എന്നതിനെക്കൂടി ആശ്രയിച്ചുനില്‍ക്കുന്നു. ഓരോ അക്രമിയും ആക്രമിക്കപ്പെടുന്നവരില്‍നിന്ന് സമ്പൂര്‍ണ വിധേയത്വമാണ് ആവശ്യപ്പെടുന്നത്. അതില്‍ കുറഞ്ഞതൊന്നു കൊണ്ടും അക്രമി തൃപ്തനാവുകയില്ല. ഇങ്ങനെ അതിക്രമികള്‍ക്ക് സ്വയം കീഴ്‌പ്പെട്ടുകൊടുക്കുന്ന സമൂഹങ്ങള്‍ തകര്‍ന്ന് ശിഥിലമായിത്തീരും. ചരിത്രം പരിശോധിച്ചാല്‍, കൃത്യമായ ആസൂത്രണത്തോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയ സമൂഹങ്ങള്‍ മാത്രമേ അതിക്രമകാരികളില്‍നിന്ന് രക്ഷപ്പെട്ടിട്ടുള്ളൂ എന്നു കാണാം. അതിക്രമിയുടെ ദയാവായ്പ് കൊണ്ട് ജനസമൂഹങ്ങള്‍ രക്ഷപ്പെട്ടതിനും ചരിത്രത്തില്‍ തെളിവുകളില്ല. അതേസമയം, അതിക്രമത്തിനെതിരെ ധീരതയോടെ എഴുന്നേറ്റുനില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഓരോ കാലടി മുന്നോട്ടുവെക്കുമ്പോഴും ഒട്ടേറെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ബലിദാനങ്ങള്‍ നടത്തിക്കൊണ്ടല്ലാതെ ആ പ്രയാണം സാധ്യമാവുകയില്ല. അതിക്രമത്തിനു മുന്നില്‍ ഇങ്ങനെ ബലിയര്‍പ്പണം നടത്തിക്കൊണ്ടുള്ള പ്രയാണമല്ലാതെ മറ്റൊരു രക്ഷാ മാര്‍ഗം ഇല്ലതാനും.

ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍
മുസ്‌ലിം സമൂഹത്തിന്റെ സവിശേഷതയായി ഖുര്‍ആന്‍ എടുത്തുപറയുന്ന ഒരു കാര്യം, 'അതിക്രമിക്കപ്പെട്ടാല്‍ അവരതിനെതിരെ പ്രതിരോധം തീര്‍ക്കും' (അശ്ശൂറാ 39) എന്നതാണ്. ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ മൗലാനാ മൗദൂദി എഴുതുന്നു: ''ഇതും വിശ്വാസികളുടെ വിശിഷ്ട ഗുണങ്ങളില്‍പെട്ടതാകുന്നു. അവര്‍ അക്രമികളോടും നിഷ്ഠുരന്മാരോടും സൗമനസ്യം കാണിക്കുന്നവരാവുകയില്ല. അവരുടെ സൗമനസ്യവും വിട്ടുവീഴ്ചാ സ്വഭാവവും ദൗര്‍ബല്യത്തില്‍നിന്നുടലെടുക്കുന്നതല്ല. ഭിക്ഷാംദേഹികളെയോ സന്യാസികളെയോ പോലെ പതിതരായിരിക്കാന്‍ അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. അവരുടെ മാന്യതയുടെ താല്‍പര്യമിതാണ്: വിജയിക്കുമ്പോള്‍ പരാജിതരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുക, കഴിവുള്ളപ്പോള്‍ പ്രതികാരം ചെയ്യാതെ വിട്ടുവീഴ്ച ചെയ്യുക. കീഴിലുള്ളവരോ ദുര്‍ബലരോ ആയവരില്‍നിന്ന് വല്ല തെറ്റും സംഭവിച്ചാല്‍ അതിനുനേരെ കണ്ണടക്കുക. എന്നാല്‍, വല്ല ശക്തനും തന്റെ ശക്തിയുടെ ഹുങ്കില്‍ അവരെ കൈയേറ്റം ചെയ്യുകയാണെങ്കില്‍ അവനെ നിസ്സങ്കോചം നേരിടുകയും അവന്റെ പല്ല് കൊഴിപ്പിക്കുകയും ചെയ്യണം. സത്യവിശ്വാസി ഒരിക്കലും അക്രമിയാല്‍ അടിച്ചമര്‍ത്തപ്പെട്ടുകൂടാ. അഹങ്കാരികളുടെ മുന്നില്‍ തലകുനിച്ചുകൂടാ. അത്തരം ആളുകളുടെ മുന്നില്‍ അവര്‍ ഇരുമ്പുപോലെ കഠിനരായിരിക്കണം. അത് ചവച്ചരക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം അണപ്പല്ലു പൊട്ടിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.''
ഇസ്‌ലാം അംഗീകരിക്കുന്നവരെ സംബന്ധിച്ചേടത്തോളം അതിക്രമത്തിനെതിരെയുള്ള പ്രതിരോധം കേവലം പ്രകൃതിപരമായ അനിവാര്യതയല്ല. ഇസ്‌ലാം അവരോട് നടത്തുന്ന വിശിഷ്ടമായ ആഹ്വാനമാണത്. അത് ശിരസ്സാവഹിക്കുന്നവരുടെ സ്ഥാനവും മഹത്വവും ഒന്ന് വേറെത്തന്നെയാണ്. ഭൂമിയിലെ മുഴുവന്‍ മര്‍ദിതരെയും മര്‍ദകരില്‍നിന്ന് മോചിപ്പിച്ചെടുക്കുക എന്നതാണ് ഇസ്‌ലാം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. പീഡിതരായ മുസ്‌ലിംകളെ രക്ഷിക്കുക എന്നതില്‍ ആ ദൗത്യം ഒതുങ്ങിനില്‍ക്കുകയില്ല. അതിക്രമത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കലും നീതിയുടെ സംസ്ഥാപനവും ഇസ്‌ലാമിന്റെ സമുന്നത ലക്ഷ്യങ്ങളില്‍പെടുന്നു. ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്നു വെച്ചാല്‍, നീതിയുടെ സംസ്ഥാപനം മുഴുവന്‍ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു: ''നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളോടെയാണ് അയച്ചിരിക്കുന്നത്. അതിനൊപ്പം നാമവര്‍ക്ക് വേദവും ത്രാസും നല്‍കി; അവര്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധി നടത്താന്‍ വേണ്ടി'' (അല്‍ഹദീദ് 25). അതിക്രമങ്ങളെ ചെറുത്താല്‍ മാത്രം പോരാ എന്നാണ് മുസ്‌ലിം സമൂഹത്തോടും ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. പ്രവാചകന്മാരെപ്പോലെ അവര്‍ നീതിക്കു വേണ്ടി നിലകൊള്ളുകയും വേണം. എവിടെ അതിക്രമമുണ്ടോ അതിനെ ചെറുക്കാന്‍, കഴിയുന്നതൊക്കെ അവര്‍ ചെയ്തിരിക്കണം. ''വിശ്വാസികളേ, നിങ്ങള്‍ നീതിനിര്‍വഹണം നടത്തുന്നവരാവുക; അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാവുക'' (അന്നിസാഅ് 135). ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എഴുതി: ''പ്രവാചക ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ജനങ്ങള്‍ക്ക് മേലുണ്ടാവുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ്. അതിക്രമങ്ങള്‍ ജീവിതാവസ്ഥകളെ ദുഷിപ്പിച്ചുകളയും; ജീവിതത്തെ അത് ഞെരുക്കിക്കളയും. ഇതൊക്കെ വിശദീകരിക്കാതെത്തന്നെ എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്''1  അതിക്രമങ്ങള്‍ക്കു മുന്നില്‍ മൗനമവലംബിക്കുന്നതിനെ അതിശക്തമായ ഭാഷയില്‍ പ്രവാചകന്‍ അപലപിച്ചിട്ടുമുണ്ട്: ''ജനം അതിക്രമിയെ കാണുകയും എന്നിട്ടയാളുടെ കൈക്ക് പിടിക്കാതിരിക്കുകയും ചെയ്താല്‍ സകലര്‍ക്കും ദൈവശിക്ഷ ഇറങ്ങാറായിരിക്കുന്നു എന്ന് ഓര്‍ത്തുകൊള്ളുക.''2
നന്മ കല്‍പിക്കുക, തിന്മ തടയുക എന്നത് ഇസ്‌ലാമിന്റെ മര്‍മങ്ങളിലൊന്നാണ്. അതിക്രമത്തോടുള്ള ചെറുത്തുനില്‍പ്പ് തിന്മ തടയുക എന്ന തത്ത്വത്തിന്റെ സുപ്രധാന താല്‍പര്യമാണ്. ഇസ്രായേല്‍ സമൂഹത്തിന്റെ നാശത്തിന് വഴിവെച്ച പ്രധാന കാരണങ്ങളിലൊന്ന് അവര്‍ നന്മ കല്‍പിക്കുകയോ തിന്മ തടയുകയോ ചെയ്യാത്തതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ വിഷയകമായി വന്ന ഒരു നബിവചനത്തിന്റെ അവസാനം ഇങ്ങനെയാണ്: ''അല്ലാഹുവാണ, നിങ്ങള്‍ നന്മ കല്‍പിക്കണം, തിന്മ തടയണം. അതിക്രമിയുടെ കൈക്ക് നിങ്ങള്‍ പിടിക്കുകയും വേണം. നീതിയോടെയും ന്യായത്തോടെയും ഇടപെടാന്‍ അയാളെ നിങ്ങള്‍ നിര്‍ബന്ധിക്കണം. ഇതൊന്നും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങളെ അല്ലാഹു ശിഥിലമാക്കിക്കളയും, ഇസ്രായേല്‍ സമൂഹത്തെ ശപിച്ചതുപോലെ നിങ്ങളെയും അവന്‍ ശപിക്കും.''3 അതിനാലാണ് അതിക്രമത്തിന്റെയും കൈയേറ്റത്തിന്റെയും ഉന്മൂലനം പ്രവാചകന്മാരുടെ കര്‍മപരിപാടികളില്‍ മുഖ്യസ്ഥാനം പിടിച്ചത്. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പിന്റെയും ഈ വശം ഖുര്‍ആന്‍ ഏറെ ഊന്നിപ്പറഞ്ഞിട്ടുള്ളത് മൂസാ നബിയുടെ ജീവിതം വിവരിക്കുമ്പോഴാണ് (മൂസാ നബിയുടെ ജീവിതത്തെക്കുറിച്ച പരാമര്‍ശങ്ങളും സൂചനകളും വിശുദ്ധ ഖുര്‍ആനിലെ മുപ്പത് അധ്യായങ്ങളിലായി ഏതാണ്ട് നൂറിടങ്ങളിലായി വന്നിട്ടുണ്ട്). ഫറോവ കടുത്ത വംശീയവാദിയായ സര്‍വാധിപതിയായിരുന്നു. മൂസാ നബി ആഗതനാവുമ്പോള്‍ വംശീയ ഉന്മൂലനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു ഇസ്രായേല്‍ സമൂഹം. ഏതൊരു പ്രവാചകനെയും പോലെ മൂസാ നബിയുടെയും പ്രഥമ ദൗത്യം ഏകദൈവത്വത്തിലേക്കുള്ള പ്രബോധനമായിരുന്നു. ഒപ്പം മറ്റൊരു ദൗത്യം കൂടി അല്ലാഹു അദ്ദേഹത്തെയും സഹോദരനെയും ഏല്‍പിക്കുന്നു: ''നിങ്ങള്‍ രണ്ടു പേരും ഫറോവയുടെ അടുത്തേക്ക് ചെല്ലണം. എന്നിട്ട് അയാളോട് പറയണം: ഞങ്ങള്‍ രണ്ടു പേരും ദൈവദൂതന്മാരാണ്. ഞങ്ങള്‍ക്കൊപ്പം ഇസ്രായേല്‍ സമൂഹത്തെ അയക്കണം. അവരെ പീഡിപ്പിക്കരുത്'' (ത്വാഹാ 47). അക്രമത്തിന് അന്ത്യം കുറിക്കലും നീതി സംസ്ഥാപിക്കലും മുഹമ്മദ് നബി(സ)യും തന്റെ ദൗത്യത്തിന്റെ ഭാഗമായി എണ്ണിയിരുന്നു: ''അല്ലാഹുവാണ, ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ സ്വന്‍ആയില്‍നിന്ന് ഹളര്‍ മൗത്തിലേക്കുള്ള യാത്രികന് അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ യാത്ര ചെയ്യാനാവും.''4 പ്രവാചകത്വ ലബ്ധിക്കു മുമ്പ് മക്കയില്‍ വെച്ച് അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ഫുളൂല്‍ ഉടമ്പടിയില്‍ മുഹമ്മദ് നബി (സ) ഭാഗഭാക്കായിരുന്നു. അന്ന് അദ്ദേഹത്തിന് ഇരുപതു വയസ്സേ പ്രായമുള്ളൂ. പ്രവാചകനായ ശേഷം അവിടുന്ന് പറഞ്ഞത്, അത്തരമൊരു ഉടമ്പടിയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ ഇപ്പോഴും താന്‍ ആ ക്ഷണം സ്വീകരിക്കുമെന്നും അത് തനിക്ക് ചുവന്നൊട്ടകങ്ങളേക്കാള്‍ പ്രിയങ്കരമാണ് എന്നുമായിരുന്നു.
ഇസ്‌ലാമികചരിത്രത്തിലെ മഹാ പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും അതിക്രമങ്ങളോട് സന്ധിയില്ലാതെ പൊരുതിയവരായിരുന്നു എന്നു കാണാം. രാജാധിപത്യത്തിന്റെ നെറികേടുകളോടുള്ള ഇമാം ഹുസൈന്റെ പോരാട്ടമാണ് അദ്ദേഹത്തിന്റെ രക്തസാക്ഷ്യത്തില്‍ കലാശിച്ചത്. ഇതേ കാരണത്താല്‍ തന്നെ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജു ബ്‌നു യൂസുഫിന്റെ അതിക്രമങ്ങള്‍ക്കിരയായി. ഇമാം അബൂ ഹനീഫ തന്റെ കാലത്തെ ഭരണാധികാരികളുടെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയുണ്ടായി. തിന്മ തടയുക എന്ന തത്ത്വം ഭരണാധികാരികളുടെ അതിക്രമങ്ങള്‍ക്കെതിരെ പ്രയോഗിക്കണമെന്ന ഉറച്ച നിലപാടുകാരനായിരുന്നു അദ്ദേഹം. ഖുറാസാനിലെ പ്രമുഖ പണ്ഡിതന്‍ ഇബ്‌റാഹീം സ്വാഇഗുമായുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ ഇമാം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ഈ നിലപാട് കാരണം മൂന്ന് ഭരണാധികാരികളുടെ കൈയേറ്റങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. പലതവണ തടവറയില്‍ കിടക്കേണ്ടിവന്നു. മരണമടഞ്ഞതും തടവറയില്‍ വെച്ചുതന്നെ. ഇമാമിന്റെ ചില ജീവചരിത്രകാരന്മാര്‍ പറയുന്നത്, തടവറയിലായിരിക്കെ അധികാരികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നാണ്. മുഖം നോക്കാതെ അഭിപ്രായം പറഞ്ഞതിന് ഇമാം ഇബ്‌നുതൈമിയ്യയും പലതവണ തുറുങ്കിലടക്കപ്പെട്ടു. ദമസ്‌കസിലെ ജയിലിലായിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 'രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്‌കര്‍ത്താവ്' അഹ്മദ് സര്‍ഹിന്ദി ഗ്വാളിയോര്‍ കോട്ടയില്‍ തടവുകാരനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വലിയ ത്യാഗങ്ങള്‍ സഹിച്ച സയ്യിദ് അഹ്മദ് ശഹീദ്, സയ്യിദ് ഇസ്മാഈല്‍ ശഹീദ്, മൗലാനാ മഹ്മൂദ് ഹസന്‍ തുടങ്ങിയ നേതാക്കളെക്കൂടാതെ ആ ചരിത്രം ഒരിക്കലും പൂര്‍ണമാവുകയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിക്രമങ്ങള്‍ക്കെതിരെ രംഗത്തു വന്നതും അതിന്റെ പേരില്‍ കടുത്ത പീഡനപര്‍വങ്ങളിലൂടെ കടന്നുപോകേണ്ടിവന്നതും സമീപകാല ചരിത്രം. അതിക്രമങ്ങള്‍ക്കെതിരെ ഇത്രയധികം നിരന്തരമായ ചെറുത്തുനില്‍പുകള്‍ മറ്റൊരു സമൂഹത്തിന്റെ ചരിത്രത്തിലും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല.

സായുധ പോരാട്ടമല്ല, സമാധാനപരമായ പോരാട്ടം

അതിക്രമങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരിലുള്ള ഈ സകലമാന ത്യാഗപരിശ്രമങ്ങളെയും ഖുര്‍ആന്‍ ജിഹാദ് എന്നാണ് വിളിക്കുന്നത്. അതിനാല്‍ തന്നെ ജിഹാദ് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയായിത്തീരുന്നു. ജിഹാദിനെക്കുറിച്ച വിധികള്‍ വളരെ വ്യക്തമാണ്. അതിന് പല രൂപങ്ങളുമുണ്ടാവാം. സമാധാനപരമായ പോരാട്ടങ്ങള്‍ അതിന്റെ ഭാഗമാണ്; ഉപാധികള്‍ക്ക് വിധേയമായി ചിലപ്പോഴത് സായുധ യുദ്ധത്തിന്റെ രൂപമാര്‍ജിച്ചു എന്നും വരാം. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമാണ് ജിഹാദിന്റെ രൂപം ഏതെന്ന് നിശ്ചയിക്കുക. പക്ഷേ, അധര്‍മത്തിനും അനീതിക്കുമെതിരായുള്ള പോരാട്ടം ഏതു സന്ദര്‍ഭത്തിലും മുസ്‌ലിമിന്റെ ബാധ്യതയായിത്തന്നെ നിലനില്‍ക്കുന്നതാണ്.
അതിക്രമങ്ങള്‍ക്കെതിരെ സായുധ പോരാട്ടം എന്നത് പൊതുവെ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തത്തില്‍പെടുന്ന ഒന്നാണ്. അതിനാല്‍ സായുധ പോരാട്ടത്തിനുള്ള ഉപാധികള്‍ പോലുള്ള ചര്‍ച്ചകള്‍ നമ്മെ സംബന്ധിച്ച് പ്രസക്തമല്ല. മുസ്‌ലിം പൊതുജനങ്ങളെ സംബന്ധിച്ചേടത്തോളം ഒട്ടുമിക്ക അവസരങ്ങളിലും സമാധാനപരമായ പോരാട്ടങ്ങളെക്കുറിച്ചേ അവര്‍ ചിന്തിക്കേണ്ടതുള്ളൂ. സമരം സമാധാനപരമാകുമ്പോള്‍ ഉയര്‍ന്ന ധാര്‍മിക, നൈതിക തലം അതിന് കൈവരും. ജനാധിപത്യ സമൂഹങ്ങളില്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്ന നിലപാടായി അത് ഉയര്‍ന്നുവരും. അങ്ങനെ ശത്രുക്കള്‍ക്ക് തങ്ങളുടെ നിലപാട് കാലക്രമേണയാണെങ്കിലും മാറ്റേണ്ടിവരും. ഈയൊരു ധാര്‍മിക വിജയമാണ് അതിക്രമങ്ങളെ ചെറുക്കുന്നതിന് വളരെയേറെ സഹായകമാവുക. സമരം സമാധാനപരമാകുമ്പോള്‍ അത് കൂടുതല്‍ ജനകീയമായിത്തീരുന്നു. ഈ സമരത്തില്‍ പങ്കുചേരുന്നതിന് താരതമ്യേന റിസ്‌ക് കുറവായതിനാല്‍ ധാരാളമാളുകള്‍ ആ സമരപരിപാടികളില്‍ സംബന്ധിക്കും. അത്തരം സമരപ്രസ്ഥാനങ്ങള്‍ വളരെ വേഗത്തില്‍ വ്യാപിക്കുകയും ചെയ്യും. രാഷ്ട്രമീമാംസാ വിദഗ്ധരുടെ അഭിപ്രായത്തില്‍, സായുധ ചെറുത്തുനില്‍പിനേക്കാള്‍ സമാധാനപരമായ ചെറുത്തു നില്‍പ് വിജയം കാണാനുള്ള സാധ്യത പത്തിരട്ടി കൂടുതലാണ്. 1900 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം, ലോകത്താകമാനമുണ്ടായ സമാധാനപരമായ പോരാട്ടങ്ങളില്‍ അമ്പതു ശതമാനത്തിലധികം ലക്ഷ്യം കാണുകയുണ്ടായി. അതേസമയം സായുധ പോരാട്ട സംഘങ്ങളുടെ വിജയസാധ്യത തുലോം വിരളമാണ്.5
ഇന്നത്തെ രാഷ്ട്രങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങളുടെ വന്‍ കലവറയുണ്ട്, അവയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ശക്തമാണ്, യാത്രാ -വിനിമയ സംവിധാനങ്ങളും വളരെ സുസംഘടിതം.  പൊതുജനത്തിന് ഈ സംവിധാനങ്ങളോട് എതിരിടാനുള്ള കെല്‍പില്ല. പക്ഷേ അതിശക്തമായ ഈ ഭരണസംവിധാനത്തിനും ജനാഭിപ്രായത്തെ മാനിക്കാതിരിക്കാനാവില്ല. സായുധമായ ഏതു പ്രതികരണവും പരാജയത്തിലേ കലാശിക്കൂ എന്ന് പറയാനുള്ള കാരണമിതാണ്. സായുധനീക്കത്തെ തകര്‍ക്കാന്‍ എളുപ്പമാണ്. എന്നാല്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന ചെറുത്തുനില്‍പു പ്രസ്ഥാനങ്ങളെ തല്ലിക്കെടുത്തുക അത്ര എളുപ്പമല്ല. അത്തരം പ്രസ്ഥാനങ്ങള്‍ പുതിയ പുതിയ രൂപങ്ങളാര്‍ജിച്ച് സമരത്തെ മുന്നോട്ടുകൊണ്ടു പോകും. സമരം ശക്തിപ്പെടുന്നതിനനുസരിച്ച് ക്രമേണ സമൂഹത്തിലെ പ്രബല ഘടകങ്ങള്‍ അതിക്രമം നടത്തുന്ന ശക്തികളെ കൈവിടാന്‍ തുടങ്ങും. പ്രക്ഷോഭങ്ങള്‍ സാധാരണ അളവില്‍ ഹിംസാത്മകമായാല്‍ തന്നെ അവയെ അടിച്ചമര്‍ത്തുക പ്രയാസമുള്ള കാര്യമല്ല. അതിനാല്‍ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറി അവയെ രക്തപങ്കിലമാക്കട്ടെ എന്നാണ് അതിക്രമത്തിന്റെ ശക്തികള്‍ ആഗ്രഹിക്കുന്നത്. സമരത്തെ അക്രമാസക്തമാക്കാന്‍ അവര്‍ സകല അടവുകളും പുറത്തെടുക്കുകയും ചെയ്യും.
പൊതുജനം തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സായുധ നീക്കത്തിലൂടെയല്ല, സമാധാനപരമായ രീതികളിലൂടെയാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. മഹാത്മാ ഗാന്ധിയുടെ അഹിംസാധിഷ്ഠിതമായ സമരമുറകള്‍ ഇസ്‌ലാമികാശയങ്ങളാല്‍ പ്രചോദിതമായിട്ടാണ് എന്നു വരെ എഴുതിയ ഗ്രന്ഥകാരന്മാരുണ്ട്.6
ജനകീയ പ്രക്ഷോഭത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. അക്രമത്തെ അക്രമം തന്നെയെന്ന് വിളിക്കുക എന്നതാണ് ഇതിന്റെ ഒന്നാമത്തെ അടിസ്ഥാനം. അതിക്രമങ്ങളില്‍നിന്ന് പിന്തിരിയാന്‍ ഭരണാധികാരികളോട് ആവശ്യപ്പെടണം. അവരുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കണം. അവ കാരണം സമൂഹത്തിനും രാഷ്ട്രത്തിനും ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണം. 'ഏറ്റവും മികച്ച ജിഹാദ് അക്രമിയായ ഭരണാധികാരിക്ക് മുന്നില്‍ നീതിയുടെ വാക്ക് പറയലാണ്' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ ജനങ്ങള്‍ ചെയ്യുന്ന ദുഷ്‌കൃത്യങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ രീതി. പക്ഷേ, മര്‍ദിതര്‍ക്ക് അവ പരസ്യപ്പെടുത്താനും ചര്‍ച്ചയാക്കാനുമുള്ള അവകാശമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''തെറ്റായ വാക്കുകള്‍ പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. മര്‍ദിതന്‍ ഇതില്‍നിന്നൊഴിവാണ്'' (അന്നിസാഅ് 148).
ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് 'അഹ്‌സനുല്‍ ബയാന്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ ഇങ്ങനെ കാണാം: ''ഒരാള്‍ രഹസ്യമായി ദുഷ്‌കൃത്യങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അവ ചര്‍ച്ചയാക്കുകയല്ല വേണ്ടത്. ഒറ്റക്ക് വിളിച്ച് അയാളെ ഗുണദോഷിക്കണം. ദുഷ്‌കൃത്യങ്ങള്‍ പരസ്യമായി ചെയ്താലും രഹസ്യമായി ചെയ്താലും ഒരേ പോലെ കുറ്റകരം തന്നെയാണ്. പക്ഷേ ഒരാളത് ചെയ്യുന്നത് രഹസ്യമായിട്ടാണെങ്കില്‍, അത് മറ്റുള്ളവര്‍ പരസ്യപ്പെടുത്തുന്നത് മറ്റൊരു കുറ്റകൃത്യമായി മാറും. പക്ഷേ ഇതൊന്നും അതിക്രമിയുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതിന് തടസ്സമല്ല. ഇതിന്റെ ഒരു പ്രയോജനം, അക്രമി തന്റെ അക്രമപ്രവൃത്തികളില്‍നിന്ന് പിന്തിരിഞ്ഞേക്കാം എന്നതാണ്. അത് കാരണമുണ്ടായ നഷ്ടങ്ങള്‍ക്ക് അയാള്‍ പരിഹാരക്രിയ നടത്തുകയും ചെയ്‌തേക്കാം.''

അതിക്രമത്തിന്റെ സമകാലിക രൂപങ്ങള്‍

ഇതൊക്കെ ഇന്ന് ചര്‍ച്ചയാക്കാനുള്ള കാരണം നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളാണ്. ഇന്നാട്ടിലെ വംശീയ, വര്‍ഗീയവാദികള്‍ കുറേകാലമായി മുസ്‌ലിം ജീവിതത്തില്‍ അസ്വസ്ഥത പടര്‍ത്താന്‍ തുടങ്ങിയിട്ട്. ഇപ്പോഴത് അവരുടെ പൗരത്വത്തെ സംശയിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു. 'മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും' എന്ന എന്റെ പുസ്തകത്തില്‍, ഓരോ അതിക്രമിയായ ഭരണാധികാരിയും മനുഷ്യവിഭജന പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവനാണെന്ന് സ്ഥാപിക്കുന്നുണ്ട്. വംശം, മതം, വര്‍ണം, വര്‍ഗം, കുലം ഇതൊക്കെ വിഭജനത്തിന് അടിസ്ഥാനമാക്കപ്പെടാം. ഇങ്ങനെ വിഭജിച്ചുകഴിഞ്ഞാല്‍ അതിലൊരു പക്ഷം 'നമ്മുടെ' ആളുകളായിരിക്കും. മറുപക്ഷം 'അപരന്മാര്‍'. എല്ലാ നന്മകളും 'നമ്മുടെ' പക്ഷത്ത്. 'അപരന്മാ'രോട് മൃഗങ്ങളോട് പെരുമാറുന്നതിനേക്കാള്‍ മോശമായി പെരുമാറിയാലും ഒരു തകരാറുമില്ല. ഫറോവ ഇസ്രായേല്‍ സമൂഹത്തോട് പെരുമാറിയതുപോലെ (അല്‍ ഖസ്വസ്വ് 4).
തീര്‍ത്തും നീതിരഹിതമായ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിന്റെ ഒരു പ്രധാന ലക്ഷ്യം ഇന്ത്യന്‍ സമൂഹത്തില്‍ പിളര്‍പ്പും വിഭജനവുമുണ്ടാക്കുക എന്നതാണ്. അതിന് സ്വീകരിക്കുന്നതാകട്ടെ അതിക്രമത്തിന്റെ വഴികളും. ഇസ്‌ലാമിന്റെ സൈദ്ധാന്തിക ശേഷിയെ വരിഞ്ഞുകെട്ടുക എന്നതും അതിന്റെ ലക്ഷ്യമാണ്. പലരെയും ഇസ്‌ലാംഭീതി ബാധിച്ചിരിക്കുന്നതിനാല്‍ ഇസ്‌ലാമിന്റെ സാന്നിധ്യത്തെ ദുര്‍ബലപ്പെടുത്താന്‍ അവസരമൊരുങ്ങുകയും ചെയ്യുന്നു. ഇസ്‌ലാം കൈയൊഴിച്ച് ഇവിടത്തെ സംസ്‌കാരം സ്വീകരിച്ചാലേ ഇവിടെ നിലനിന്നുപോകാനാകൂ എന്നാണ് പ്രതിയോഗികള്‍ കാലങ്ങളായി പല രീതിയില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേ വര്‍ത്തമാനം പ്രവാചകന്മാര്‍ക്കും തങ്ങളുടെ പ്രതിയോഗികളില്‍നിന്ന് നിരന്തരം കേള്‍ക്കേണ്ടിവന്നിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അല്‍ അഅ്‌റാഫ് 88, അന്നംല് 56, ബനൂ ഇസ്രാഈല്‍ 76). അതിനാല്‍ ഈ പ്രതിസന്ധി വിശ്വാസിസമൂഹത്തെ സംബന്ധിച്ചേടത്തോളം പുതുമയുള്ളതല്ല. ഇത്തരം പ്രതിസന്ധികള്‍ പ്രവാചകന്മാരും അഭിമുഖീകരിച്ചിരുന്നു. അവര്‍ അത്തരം ഭീഷണികളെ എങ്ങനെ മറികടന്നു എന്നാണ് നാം ആലോചിക്കേണ്ടത്. ആ മാതൃകയാണ് നാമും പിന്തുടരേണ്ടത്.
സമൂഹത്തിലെ സകല തിന്മകളെയും പ്രവാചകന്മാര്‍ തുറന്നുകാണിച്ചിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പ്രവാചക പാത പിന്തുടരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിനും മറ്റൊരു പാത പിന്തുടരുക സാധ്യമല്ല. അതിക്രമങ്ങളെ ഇസ്‌ലാമിക പ്രസ്ഥാനം തുറന്നുകാണിക്കുകയും തുറന്നെതിര്‍ക്കുകയും ചെയ്യും. അതിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരും. അല്ലാത്ത പക്ഷം അത് പ്രവാചകന്മാരുടെ പാത കൈയൊഴിക്കുന്നതിനു തുല്യമാവും.
മറ്റൊരു കാര്യം, അതിക്രമങ്ങള്‍ക്കും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുമെതിരെ നടത്തുന്ന ഈ പ്രക്ഷോഭങ്ങള്‍ എല്ലാ തരത്തിലുള്ള തീവ്ര നിലപാടുകളില്‍നിന്നു മുക്തമായിരിക്കണം എന്നതാണ്. തീവ്ര നിലപാടിലേക്ക് പോവുകയില്ലെന്നു മാത്രമല്ല, തീവ്ര നിലപാടുകാരെ ഒപ്പം കൂട്ടുകയില്ല എന്നും തീരുമാനിക്കണം. സാമൂഹികവിരുദ്ധര്‍ പ്രക്ഷോഭങ്ങളിലേക്ക് ഒളിച്ചുകടക്കുന്നുണ്ടോ എന്നും അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ട്. ഈ പ്രക്ഷോഭവും ഇസ്‌ലാമിക പ്രബോധനത്തിന് തുറന്നുകിട്ടിയ അവസരമായി കാണണം. അതിനാല്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ യാതൊന്നും ഈ പ്രക്ഷോഭങ്ങളിലും ഉണ്ടാവരുത്. ഗോത്രപക്ഷപാതിത്വ ചുവയുള്ള മുദ്രാവാക്യങ്ങള്‍ യുദ്ധാവസരത്തില്‍ പോലും പ്രവാചകന്‍ വിലക്കിയിരുന്നുവെന്ന് ഓര്‍ക്കണം. വംശീയതക്കു വേണ്ടി ജീവന്‍ ത്യജിക്കുന്നവന്‍ ജാഹിലീ മരണമാണ് വരിക്കുന്നതെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഠിന ശത്രുക്കളോടു പോലും ഒരു കാരണവശാലും അനീതി ചെയ്യരുത് എന്നാണ് ഖുര്‍ആന്റെ കര്‍ശനമായ ആജ്ഞ (അല്‍മാഇദ 8). ഒരു സാമുദായിക, വംശീയ കൂട്ടുകെട്ട് എന്ന പ്രതീതി ജനിപ്പിക്കുന്നതാകരുത് അതിക്രമത്തിനെതിരെയുള്ള ഈ  ജനകീയ പ്രക്ഷോഭം. അതേസമയം മതേതര കക്ഷികള്‍ കൂടി അണിചേരുന്നതുകൊണ്ട് മുസ്‌ലിംകള്‍ അവരുടേതായ എല്ലാം മാറ്റിവെക്കണമെന്ന വാദവും സ്വീകാര്യമല്ല.
ഏറ്റവുമൊടുവില്‍ ഇസ്‌ലാമിക പ്രബോധകരെ ഉണര്‍ത്താനുള്ള കാര്യം വളരെ സുപ്രധാനമാണ്. മര്‍ദക ശക്തികള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തിനിടയില്‍ അവര്‍ തങ്ങളുടെ മൗലിക ലക്ഷ്യവും ദൗത്യവും മറന്നുപോകരുത് എന്നതാണത്. സംഘര്‍ഷമുണ്ടാക്കുന്നവരുടെ ലക്ഷ്യങ്ങളിലൊന്ന്, നീതിക്കു വേണ്ടി എഴുന്നേറ്റു നില്‍ക്കുന്നവരെ ആദര്‍ശപരമായി ദുര്‍ബലമാക്കുക എന്നതാണ്; മൗലിക ദൗത്യത്തില്‍നിന്ന് അവരെ അശ്രദ്ധരാക്കുക എന്നതാണ്. പ്രപഞ്ചനാഥന്‍ മനുഷ്യകുലത്തിന് നല്‍കിയിട്ടുള്ള ജീവിത വ്യവസ്ഥ തദ്ദേശവാസികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിക പ്രബോധകരുടെ മൗലിക ദൗത്യം. ആ ദൗത്യനിര്‍വഹണം വിജയിക്കുമ്പോഴേ സാക്ഷാല്‍ നീതി സ്ഥാപിതമാവുകയുള്ളൂ. പ്രയാണവഴിയിലെ താല്‍ക്കാലിക മാര്‍ഗതടസ്സങ്ങള്‍ അവരെ മറ്റേതോ വഴികളിലേക്ക് തള്ളിവിട്ടുകൂടാ. ഇസ്രായേല്‍ സമൂഹം വംശഹത്യക്ക് മുഖാമുഖം നില്‍ക്കെ, അതിക്രമങ്ങള്‍ക്കെതിരെ പടയണി ചേരണമെന്ന് മാത്രമല്ല അല്ലാഹു മൂസാ നബിയോടും സഹോദരന്‍ ഹാറൂന്‍ നബിയോടും ആവശ്യപ്പെടുന്നത്; ഈ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും മൗലിക ദൗത്യം മറന്നുപോകരുത് എന്നു കൂടിയാണ്: ''താങ്കളും താങ്കളുടെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ വീഴ്ച വരുത്തുകയുമരുത്'' (ത്വാഹാ 42). മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും നമുക്കിത് വ്യക്തമാവും. ശിഅ്ബ് അബീത്വാലിബ് കുന്നിന്‍ചെരുവില്‍ ഉപരോധിക്കപ്പെട്ട് കഴിയുമ്പോഴും, ഏത് നിമിഷവും ജീവനു നേരെ ഭീഷണി ഉയരാവുന്ന സാഹചര്യത്തില്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യുമ്പോഴും പ്രബോധന പ്രവര്‍ത്തനങ്ങളുടെ ചടുലതക്ക് ഒരു കുറവും വന്നിട്ടുണ്ടായിരുന്നില്ല. ഇതേ നിലപാടാണ് നാമും സ്വീകരിക്കുക. അക്രമത്തിനും അനീതിക്കുമെതിരെ നാം ശക്തമായി ശബ്ദിക്കും, പ്രതിരോധമുയര്‍ത്തും. അതേസമയം നമ്മുടെ മൗലികദൗത്യത്തില്‍നിന്ന് നാം അണു അളവ് പിന്നോട്ടു പോവുകയുമില്ല. 


കുറിപ്പുകള്‍
1. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി-ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, പേ. 2/234, ദാറുല്‍ ജീല്‍, ബൈറൂത്ത് (2005).
2. തിര്‍മിദി (കിതാബുല്‍ ഫിതന്‍)
3. തിര്‍മിദി (കിതാബുല്‍ മലാഹിം)
4. സ്വഹീഹുല്‍ ബുഖാരി (കിതാബുല്‍ മനാഖിബ്)
5. Chenoweth Erica, Stephen Maria  എന്നിവര്‍ ചേര്‍ന്നെഴുതിയ Why Civil Resistence Works: The Strategic Logic of Non violent Coflict (Columbia University Press, Newyork, 2011)  എന്ന പുസ്തകം വായിക്കുക. ഇവര്‍ തന്നെ എഴുതിയ How the World is proving Martin Luther (Washington Post January 18, 2016) എന്ന ലേഖനവും.
6. Chattarjee Margaret: Gandhi and the Chellenge of Religious Diversity (Promilla and Co. Puplishers, New Delhi, 2005) 119 മുതലുള്ള പേജുകള്‍.

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌