ഇസ്‌ലാമിനെ ദീപ്തമാക്കിയ ജീവിതം
പതിനായിരം വരുന്ന ദേശവാസികള്‍. വ്യാപാരത്തിനും തീര്‍ഥാടനത്തിനും വന്നുപോകുന്ന ആയിരങ്ങള്‍. അതാണ് നിയോഗകാലത്തെ ഉമ്മുല്‍ ഖുറാ. ദേശത്തിന്റെ തിലകമായി കഅ്ബാ മണിമന്ദിരം. ഇവിടെനിന്ന് കണ്‍പാര്‍ക്കും അകലത്തിലെ ഒരു പ്രൗഢമന്ദിരം. അതിനകത്തെ ദീനക്കിടക്കയില്‍ വേര്‍പാടിന്റെ തിക്തവേദന മരുക്കാറ്റ് പെയ്യുന്നു. കാല്‍ നൂറ്റാണ്ടിലേക്കായുന്ന ജീവിത സമ്മിശ്രത്തില്‍നിന്ന് വിധിയുടെ തീര്‍പ്പുനിയമങ്ങള്‍ രണ്ടു ജീവിതങ്ങളെ വിടര്‍ത്തിയെറിയാന്‍ കുതറി നില്‍ക്കുന്നു. പ്രവാചകനായ മുഹമ്മദും പത്‌നി ഖദീജയും. അത്രയേറെ വിവശയാണന്ന് ഖദീജ. ആ മുഖകമലങ്ങളില്‍ സ്വേദകണങ്ങള്‍ ഉറന്നൊഴുകുന്നു. അസഹ്യമായ നൊമ്പരം ചടുലതാളമെടുക്കുന്ന നെഞ്ചകം. കണ്ണുകള്‍ സ്വന്തം മക്കളെ കാണാന്‍ ഉഴറിപ്പരതുന്നു. വിമൂകത ഇരമ്പുന്ന വദനാംബുജവുമായി ഫാത്വിമ വന്നുനിന്നപ്പോള്‍ ആ കണ്ണുകള്‍ സജലങ്ങളായി. പ്രവാചകന്‍ പതിയേ തന്റെ മടിത്തട്ടിലേക്ക് അവരുടെ ശിരസ്സ് എടുത്തുവെച്ചു. അപ്പോള്‍ ഖദീജ പ്രവാചകന്റെ കരതലം തന്നിലേക്ക് ചേര്‍ത്ത ആ മുഖപ്രസാദത്തിലേക്ക് ആയാസത്തോടെ നോക്കിയിരുന്നു. അവരുടെ ബോധാബോധങ്ങളുടെ അതിര്‍രേഖകള്‍ മാഞ്ഞും മറിഞ്ഞും കഴിഞ്ഞു. മരണത്തെ പ്രതി അവര്‍ക്ക് ആശങ്കയില്ല. കാരണം ഖദീജയെ അല്ലാഹു നേരത്തേ ആദരിച്ചതാണ്. അല്ലാഹുവിന്റെ സാന്ത്വനോപചാരം ജിബ്‌രീല്‍ മാലാഖയിലൂടെ പ്രവാചകന്‍ അവരെ അറിയിച്ചതാണ്. സ്വര്‍ഗലോകത്ത് അവര്‍ക്കുള്ള പളുങ്കുമന്ദിരത്തെ പ്രതിയും.
ഒരിളംതെന്നല്‍ ഖദീജയെ തഴുകിക്കടന്നു. ആ ചുണ്ടുകളില്‍ ഒരു സ്മിതം വിരിഞ്ഞു. അവരുടെ ആത്മാവ് സ്വര്‍ഗലോകത്തേക്ക് പറന്നുയര്‍ന്നു. ഇസ്‌ലാമിന്റെ സ്ഥാപനവും പ്രവാചകന്റെ ജീവിതവും പക്ഷേ ഇത്രമേല്‍ സ്വാധീനപ്പെട്ടുനില്‍ക്കുന്ന ഒരു വ്യക്തിസാന്നിധ്യം ഖദീജയെപ്പോലെ മറ്റൊരാളില്ല. സഹനം, സമര്‍പ്പണം, ഉദാരത, കരുണ, ദാനം, ചിത്തസ്ഥിരത, ധനവിനിമയം, പ്രതീക്ഷ, സ്ഥൈര്യം ഇതുകൊണ്ടൊക്കെയും ഇസ്‌ലാമികപ്രസ്ഥാനത്തെ ഇത്രമേല്‍ ദീപ്തമാക്കിയ ഒരു ജീവിതം ചരിത്രത്തില്‍ ഖദീജയല്ലാതെ മറ്റൊരാളെ കാണില്ല. ഒരു ദശവര്‍ഷത്തോളമേ ആ ജീവിതത്തില്‍ ദൈവിക ദീനിന്റെ പരിസരമുള്ളൂ. പക്ഷേ അത് മതി. ആ വര്‍ഷങ്ങളിലുള്ള അവരുടെ പ്രതിനിധാനം അത്രമേല്‍ സാന്ദ്രത മുറ്റിയതാണ്. അതാണ് ഇസ്‌ലാമിന്റെ തായ്‌വേര് പടലം. ആ ജീവിതകഥ പറയുന്ന പുസ്തകമാണ് വി.കെ. ജലീലിന്റെ 'ഖദീജാബീവി: തിരുനബിയുടെ പ്രഭാവലയങ്ങള്‍' എന്ന ഐ.പി.എച്ച് പ്രസിദ്ധീകരണം.
രണ്ടു തവണ വിവാഹിതയാവുകയും അതിലൊക്കെ സന്താന സൗഭാഗ്യങ്ങള്‍ സംഭവിക്കുകയും ചെയ്‌തെങ്കിലും ഏതാണ്ട് യൗവനത്തിലേ ഖദീജ വൈധവ്യത്തിലേക്ക് വീണുപോയിരുന്നു. എന്നാല്‍ ദേശാന്തരങ്ങളിലേക്ക് വര്‍ത്തകസംഘങ്ങളെ നിയോഗിച്ച് നടത്താന്‍ മാത്രം ഇവര്‍ കുശലതയാര്‍ന്ന ഒരു സാമൂഹിക സാന്നിധ്യവുമായിരുന്നു. അക്ഷരാഭ്യാസവും ഉണര്‍ന്നു നില്‍ക്കുന്ന ലോകബോധവും ഇവര്‍ക്ക് സ്വന്തം. മാത്രമല്ല അന്ന് അപൂര്‍വമെങ്കിലും അറേബ്യയിലുണ്ടായിരുന്ന ഏകദൈവ വിശ്വാസികളില്‍ ഒരാളുകൂടിയായിരുന്നു ഖദീജ. ഇവര്‍ ഹനീഫുകള്‍ എന്നറിയപ്പെട്ടു. തന്റെ വിപുലമായ വണിക് സംരംഭങ്ങളുമായി മുഹമ്മദ് സഹവര്‍ത്തിത്തപ്പെട്ടതോടെ ആ ജീവിതത്തിന്റെ വിമല സാന്ദ്രിമയിലേക്ക് അവര്‍ കൗതുകപ്പെടുക സ്വാഭാവികം. അതൊരിക്കലും ജഡികമാത്രമായിരുന്നില്ല. അത്രമേല്‍ കാന്തിയോലുന്ന ഒരു അപൂര്‍വ വസന്തം ആ ജീവിത പ്രത്യക്ഷത്തിലാസകലം മിഴിവാര്‍ന്നു നില്‍ക്കുന്നത് സാത്വികയായ ഖദീജക്ക് കണ്ടെത്താനായി. അങ്ങനെത്തന്നെയാകണമെന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നെന്നാണ് ഗ്രന്ഥകാരനായ വി.കെ ജലീല്‍ നിരീക്ഷിക്കുന്നത്. വരാനിരിക്കുന്ന നിയോഗകാലം അത്രമേല്‍ കടുത്തതാകും. അന്ന് അദ്ദേഹത്തിന് സാന്ത്വനവും ശേഷിയും നിര്‍ഭയത്വവും സ്വാശ്രയത്വവും അനിവാര്യമാകും. അതിനുവേണ്ടി സ്രഷ്ടാവ് തന്നെ കരുതിവെച്ചതാണ് ഖദീജയെന്ന സാന്നിധ്യം.
നിസ്വനായ മുഹമ്മദിന് ഖദീജ തന്റെ സര്‍വ സമ്പത്തുകളും സര്‍വാത്മനാ സമര്‍പ്പിക്കുന്നു. 'ദരിദ്രനായിരുന്ന താങ്കളെ ഞാന്‍ ഐശ്വര്യവാനാക്കിയില്ലേ' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നതിന്റെ സൂചനയിതാണ്. നാലു പെണ്‍മക്കള്‍. കുഞ്ഞുനാളിലേ മരിച്ചുപോയ പ്രിയപുത്രന്‍. പുത്രിമാരുടെ ബാല്യകൗമാരങ്ങള്‍ നിര്‍നിമേഷയായി ആസ്വദിച്ചുനിന്ന മാതൃത്വം. സ്വപുത്രന്റെ അകാല അസ്തമയവും ഖിന്നതയോടെ സഹിച്ചു. എന്തൊക്കെ കൊടുങ്കാറ്റുകളാണ് ആ പവിത്രസമ്പന്നമായ സ്ത്രീജിവിതം ഏറ്റുവാങ്ങിയത്! അതൊക്കെയും പുസ്തകം വിശകലനത്തിനെടുക്കുന്നു.
ഇങ്ങനെ ഖദീജയുടെ ജീവിതത്തിലൂടെയുള്ള അത്യന്തം സ്‌തോഭജനകമായ ഒരു ആലക്തികസഞ്ചാരമാണീ പുസ്തകം. പ്രവാചക ജീവിതത്തില്‍ ഇനിയും ഖനിച്ചെടുക്കേണ്ട നിരവധി ആഴങ്ങളും വ്യാഖ്യാനിക്കേണ്ട മഹാമൗനങ്ങളും ഈ പുസ്തകത്തില്‍ ഏഴഴകു വിടര്‍ത്തി നൃത്തം ചെയ്യുന്നു. കാവ്യാത്മകമാണ് വി.കെ ജലീലിന്റെ ഭാഷ. ചരിത്രം പറഞ്ഞുപോകുമ്പോള്‍ നിര്‍ദോഷമായ മനോധര്‍മത്തെ എഴുത്തുകാരന്‍ ആശ്ലേഷിക്കുന്നതുകൊണ്ട് വായന ഏറെ നാടകീയമാവുന്നു. ഒറ്റയിരിപ്പിന് വായിച്ചുപോകുന്നതാണീ പുസ്തകം.
Comments