Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ഇസ്രാഉം മിഅ്‌റാജും

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതത്തിന്റെ ഒടുവില്‍ സംഭവിച്ച അത്യത്ഭുത സംഭവമാണ് ഇസ്രാഉം മിഅ്‌റാജും. ഒരേ സംഭവത്തിന്റെ രണ്ടു ഘട്ടങ്ങള്‍. നബി(സ)യുടെ രഹസ്യവും പരസ്യവുമായ പ്രബോധനം മുന്നോട്ടുപോകുന്നതിനനുസരിച്ച്, മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിലേക്ക് ആളുകള്‍ കുറേശ്ശ കുറേശ്ശ കടന്നുവന്ന്, സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ആദര്‍ശത്തിന് സര്‍വാത്മനാ സമര്‍പ്പിച്ചവരുടെ (മുസ്‌ലിംകള്‍) എണ്ണം കൂടിവരികയായിരുന്നു. ഇതിനനുസരിച്ച് പ്രതിയോഗികളുടെ നാനാവിധ എതിര്‍പ്പുകളും കൂടിക്കൂടിവന്നു. ഈ ഘട്ടങ്ങളിലെല്ലാം നബിക്ക് രണ്ടു പേരുടെ പിന്തുണ വലിയ ആശ്വാസമായിരുന്നു: ഒന്ന്, നബിയുടെ പ്രിയപത്‌നി ഖദീജ(റ)യുടെ പിന്തുണ. മറ്റൊന്ന് നബിയുടെ പിതൃവ്യന്‍ അബൂത്വാലിബിന്റെ താങ്ങും തണലും. അബൂത്വാലിബ് സത്യവിശ്വാസം ഉള്‍ക്കൊണ്ടിരുന്നില്ലെങ്കിലും സഹോദരപുത്രനായ മുഹമ്മദിനെ അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഒരു ദശകക്കാലം നബിക്ക് വലിയ പിന്‍ബലമായിരുന്നു ഈ രണ്ടു വ്യക്തിത്വങ്ങളും.
നുബുവ്വത്തിന്റെ പത്താം വര്‍ഷം രണ്ടു പേരും ഇഹലോകവാസം വെടിഞ്ഞു. ഈ വര്‍ഷത്തെ ചരിത്രകാരന്മാര്‍ സങ്കട വര്‍ഷം (ആമുല്‍ ഹുസ്ന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. നബി (സ) വളരെ ഖിന്നനായിരുന്നു. താങ്ങും തണലും നഷ്ടപ്പെട്ട ഈ ഘട്ടത്തില്‍ ആദര്‍ശ ശത്രുക്കള്‍ നബിക്കെതിരെ നടത്തിവന്ന നാനാവിധ എതിര്‍പ്പുകള്‍ക്ക് വീണ്ടും ശക്തി കൂടി. നബിയാകട്ടെ തന്നെ തള്ളിപ്പറയുന്നവരോടുള്ള ഗുണകാംക്ഷയാല്‍ അവര്‍ക്കു വേണ്ടി ഓടിക്കിതച്ച് പ്രബോധന പ്രവര്‍ത്തനവും മറ്റും നടത്തി സ്വന്തത്തെ തുലക്കുമാറ് (സൂറ അല്‍കഹ്ഫ് 6) നിരന്തരം ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. പലവിധ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തിലാണ് നബിക്ക് ആശ്വാസവും ആവേശവും പകര്‍ന്ന് മിഅ്‌റാജ് സംഭവിക്കുന്നത്. ഗുണപാഠ പ്രധാനവും ആവേശദായകവുമായ അത്യത്ഭുത കാഴ്ചകള്‍ക്ക്/ദൃഷ്ടാന്തങ്ങള്‍ക്ക് സാക്ഷിയാവുക വഴി നബിയുടെ ഉള്‍ക്കരുത്തും ഉള്‍ക്കാഴ്ചയും വര്‍ധിച്ചു; അത് മനക്കരുത്തും ധൈര്യവും പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ അത്ഭുത സംഭവത്തിന്റെ വിവരങ്ങള്‍ ഇരുപത്തഞ്ചോളം പ്രബല നിവേദനങ്ങളിലൂടെ ഹദീസുകളില്‍ വന്നിട്ടുണ്ടെന്ന് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. പ്രസ്തുത വിവരണങ്ങളുടെ ആകത്തുക ഏതാണ്ട് താഴെ പറയും പ്രകാരം സംക്ഷേപിക്കാം:
നബി (സ) കഅ്ബാലയത്തിന്റെ ചാരത്ത് വിശ്രമിക്കവെ, ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ജിബ്‌രീല്‍ (അ) വന്നു. ബുറാഖ് എന്ന പ്രത്യേക വാഹനത്തിന്മേല്‍ മക്കയില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് അതിശീഘ്രം (മിന്നല്‍വേഗതയില്‍) കൊണ്ടുപോയി (ബര്‍ഖ് എന്ന അറബി പദത്തിന് മിന്നല്‍ എന്നാണര്‍ഥം. മിന്നല്‍ വേഗതയില്‍ പോയതിനാലായിരിക്കാം പ്രസ്തുത വാഹനത്തിന് ബുറാഖ് എന്ന് നാമം വന്നത്). മസ്ജിദുല്‍ അഖ്‌സ്വായുടെ ഒരു തൂണില്‍ വാഹനത്തെ ബന്ധിച്ചതിനു ശേഷം പ്രസ്തുത ഭവനത്തില്‍ രണ്ടു റക്അത്ത് തഹിയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചു. അനന്തരം അവിടെ പ്രത്യക്ഷപ്പെട്ട ഒരു കോണിയിലൂടെ വാനലോകത്തേക്ക് ജിബ്‌രീലിനോടൊപ്പം കയറികയറിപ്പോയി (മിഅ്‌റാജ് എന്ന പദത്തിന് കോണി എന്നര്‍ഥം). എല്ലാ ആകാശത്ത് വെച്ചും നബി യഥോചിതം സ്വീകരിക്കപ്പെട്ടു. ഒന്നാം ആകാശത്തു വെച്ച് ആദിപിതാവായ ആദം (അ), രണ്ടാം ആകാശത്തില്‍ വെച്ച് ഈസാ (അ), യഹ്‌യാ (അ), മൂന്നാം വാനത്തില്‍  വെച്ച് യൂസുഫ് (അ), നാലില്‍ വെച്ച് ഹാറൂന്‍ (അ), അഞ്ചില്‍ വെച്ച് ഇദ്‌രീസ് (അ), ആറില്‍ വെച്ച് കലീമുല്ലാഹി മൂസാ (അ), ഏഴില്‍ വെച്ച് ഖലീലുല്ലാഹി ഇബ്‌റാഹീം (അ) എന്നിവരെയൊക്കെ കണ്ടു. പൂര്‍വിക പ്രവാചകന്മാരുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമായ നബിക്ക് ഈ ദര്‍ശനം നല്‍കിയ പ്രചോദനവും നിര്‍വൃതിയും വിവരണാതീതമായിരിക്കും. ഇബ്‌റാഹീം നബി(അ)യെ ബൈത്തുല്‍ മഅ്മൂര്‍ ചാരിയിരിക്കുന്ന അവസ്ഥയിലാണ് കണ്ടത്. തുടര്‍ന്ന് വീണ്ടും പ്രയാണം തുടര്‍ന്നു. പല സംഗതികളും (സ്വര്‍ഗ നരകങ്ങളുള്‍പ്പെടെ) കണ്ടു. അവസാനം സിദ്‌റത്തുല്‍ മുന്‍തഹാ എന്ന അതിര്‍ത്തിയിലെത്തി. ഇവിടെ വെച്ച് ജിബ്‌രീല്‍ വിടവാങ്ങി. നബിയോട് ഇനിയും മുന്നോട്ടു യാത്ര തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാലാഖമാര്‍ പോലും കടക്കാത്ത സ്ഥലങ്ങളിലൂടെയും നബി കടന്നുപോയി. ഒടുവില്‍ അല്ലാഹുവിന്റെ സന്നിധാനത്തിലെത്തി സംഭാഷണം നടത്തി. തദവസരത്തില്‍ അമ്പതു നേരത്തെ നമസ്‌കാരം സമുദായത്തിന് നിര്‍ബന്ധമാക്കപ്പെട്ടു. മൂസാ നബി(അ)യുടെ നിര്‍ദേശപ്രകാരം നബി (സ) അല്ലാഹുവിനോട് ലഘൂകരണം തേടുകയും പലതവണ ഇളവ് തേടി ഒടുവില്‍ പഞ്ച നേരങ്ങളിലായി നിജപ്പെടുകയും ചെയ്തു. ഇങ്ങനെ അഞ്ചു നേരം അനുഷ്ഠിച്ചാല്‍ അമ്പത് തവണ അനുഷ്ഠിച്ചതിന്റെ പുണ്യവും പ്രതിഫലവും കിട്ടുമെന്ന് നബി (സ) പറഞ്ഞത് റബ്ബിന്റെ അളവറ്റ ഔദാര്യത്തിന്റെ ഭാഗമാണ്.
ആകാശാരോഹണത്തിനും സന്ദര്‍ശനത്തിനും ശേഷം മടങ്ങി ബൈത്തുല്‍ മഖ്ദിസിലെത്തി. അവിടെ വെച്ച് പൂര്‍വിക പ്രവാചകന്മാര്‍ക്ക് ഇമാമായി നിന്നുകൊണ്ട് നമസ്‌കരിച്ചു. പിന്നീട് നേരം പുലരുന്നതിനു മുമ്പ് മക്കയില്‍ തിരിച്ചെത്തി. തന്റെ ഈ അനുഭവം നബി പിറ്റേദിവസം ജനങ്ങളുമായി പങ്കുവെച്ചു. തക്കം കിട്ടുമ്പോഴൊക്കെ നബിയെ പരിഹസിക്കാനും കുറ്റപ്പെടുത്താനും കുപ്രചാരണം നടത്താനും പരമാവധി പണിയെടുക്കുന്ന നബിയുടെ ശത്രുക്കള്‍ ഈ സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല. പല ഭാഗത്തും ഓടി നടന്ന് ഈ വര്‍ത്തമാനം പറഞ്ഞ് പരിഹസിക്കാനും നബിയില്‍ അവിശ്വാസം ജനിപ്പിക്കാനും ശ്രമിച്ചു. ഇക്കൂട്ടര്‍ അബൂബക്‌റി(റ)നോടും ഇത് പറഞ്ഞു; തദവസരത്തില്‍ അദ്ദേഹം ചോദിച്ചു: ''മുഹമ്മദ് (സ) അങ്ങനെ പറഞ്ഞുവോ?'' മുശ്‌രിക്കുകള്‍ അതേ എന്നു പറഞ്ഞു. തദവസരത്തില്‍ നബിയുടെ ബാല്യകാല സുഹൃത്തും ഉത്തമ അനുയായിയുമായ അബൂബക്ര്‍ (റ) പറഞ്ഞു: ''മുഹമ്മദ് അങ്ങനെ പറഞ്ഞെങ്കില്‍ അത് തികച്ചും സത്യം തന്നെ. ഇടക്കിടെ വാനലോകത്തു നിന്ന് അല്ലാഹുവിന്റെ സന്ദേശവുമായി മലക്ക് വരുന്നുണ്ടെന്ന് നബി പറയുന്നതപ്പടി അംഗീകരിക്കുന്നതിലപ്പുറമൊന്നുമല്ലിത്.'' ഇവ്വിധം ലവലേശം സംശയിക്കാതെ നബി(സ)യെ പൂര്‍ണമായും വിശ്വസിച്ചംഗീകരിച്ചതിന്റെ പേരിലാണ് 'സിദ്ദീഖ്' എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായത്. നേരത്തേ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിച്ച ചിലര്‍ നബിയെ പരിശോധിക്കാന്‍ ബൈത്തുല്‍ മഖ്ദിസിനെ പറ്റിയും അവിടത്തെ ചില അടയാളങ്ങളെപ്പറ്റിയും ചോദിച്ചപ്പോള്‍ നബിയുടെ മറുപടി വളരെ കൃത്യമായിരുന്നു. അതേപോലെ ശാമില്‍നിന്ന് വരാനുണ്ടായിരുന്ന യാത്രാ സംഘത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ ഇന്ന സ്ഥലത്തെത്തിയെന്നും ഇന്ന ദിവസം തിരിച്ചെത്തുമെന്നും നബി പറഞ്ഞതും സത്യമായി പുലര്‍ന്നു. എന്നാല്‍ വിശ്വാസത്തില്‍ അടിയുറപ്പില്ലാത്ത ചിലര്‍ ഈ മഹാത്ഭുതത്തില്‍ സംശയാലുക്കളായി മതപരിത്യാഗികളാവുകയുണ്ടായി.
സത്യത്തില്‍, വിശ്വാസികളുടെ ഈമാനിന്റെ ഉള്ളുറപ്പ് പരിശോധനാവിധേയമായ ഒരു സംഭവം കൂടിയായിരുന്നു ഇസ്രാഅ്-മിഅ്‌റാജ്. സംഭവ്യത, സാധ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വസ്തുത അംഗീകരിക്കുന്നതിലുപരി വഹ്‌യിന്റെ പിന്‍ബലവും ഉള്‍ക്കാഴ്ചയുമുള്ള സത്യസന്ധനായ നബിയുടെ വാക്കുകളും ഉപദേശങ്ങളും കര്‍മമാതൃകയും ഇടംവലം നോക്കാതെ യുക്തിയുടെയോ ബുദ്ധിയുടെയോ വിശകലനത്തിന് വിധേയമാക്കാതെ ഉള്‍ക്കൊള്ളുന്നതിലാണ് ഈമാനിന്റെ തികവും മികവും. അതാണ് അബൂബക്‌റി(റ)ന്റെ നിലപാടില്‍ നാം ദര്‍ശിക്കുന്നത്. സത്യവിശ്വാസികളില്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെ ഉടമയാണ് അബൂബക്ര്‍ സിദ്ദീഖ് എന്ന് നബി പറഞ്ഞത് സ്മരണീയമാണ്. മിഅ്‌റാജ് വേളയില്‍ നബിക്ക് കാണിച്ച കാഴ്ചകള്‍ ജനങ്ങള്‍ക്കുള്ള പരീക്ഷണമായിരുന്നെന്ന് വിശുദ്ധ ഖുര്‍ആന്‍ 17:60-ല്‍ പറയുന്നുണ്ട്.
ആകാശയാത്രയിലെ കാഴ്ചകളെ പറ്റി സൂറ അന്നജ്മിലെ പതിനെട്ട് സൂക്തങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. നബിയുടെ അന്‍പത്തിരണ്ടാമത്തെ വയസ്സിലാണ് ഈ മഹാത്ഭുത സംഭവം നടന്നതെന്നാണ് തഫ്ഹീമുല്‍ ഖുര്‍ആനില്‍ പറയുന്നത്. മക്കയില്‍നിന്ന് ബൈത്തുല്‍ മഖ്ദിസിലേക്കുള്ള നിശാ യാത്രക്കാണ് ഇസ്രാഅ് എന്ന് പറയുന്നത്. ഇതു സംബന്ധമായ പരാമര്‍ശം 17-ാം അധ്യായത്തിന്റെ പ്രഥമ സൂക്തത്തിലുണ്ട്. തുടര്‍ന്ന് മിഅ്‌റാജില്‍ നബി ദര്‍ശിച്ച ചിന്തോദ്ദീപകവും ഗുണപാഠപ്രധാനവുമായ കാഴ്ചകളെപ്പറ്റി നബി (സ) വിവിധ ഘട്ടങ്ങളിലായി പറഞ്ഞത് നബിവചനങ്ങളില്‍ പലയിടങ്ങളിലുണ്ട്. ഇസ്രാഇനെ പറ്റി 17:1-ല്‍ 'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ (ആയാത്ത്) കാണിച്ചുകൊടുക്കാന്‍്' എന്ന് പറഞ്ഞതും 'തീര്‍ച്ചയായും അദ്ദേഹം തന്റെ റബ്ബിന്റെ വലിയ ദൃഷ്ടാന്തങ്ങളില്‍ ചിലത് കണ്ടിട്ടുണ്ട്' (53:17) എന്ന് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്.
ഇസ്രാഅ്-മിഅ്‌റാജ് സംഭവം ശാരീരികമായിരുന്നോ അതല്ല ആത്മീയമായിരുന്നോ എന്ന ചോദ്യത്തിന് ശരീരസമേതം തന്നെയായിരുന്നുവെന്നതാണ് ഭൂരിപക്ഷാഭിപ്രായം. കേവലം ആത്മീയമായിരുന്നെങ്കില്‍ (ഏതാണ്ട് സ്വപ്‌നം പോലെ) ആളുകള്‍ അവിശ്വസിക്കുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല. ചിലര്‍ മതപരിത്യാഗികളാവുക വരെ ഉണ്ടായല്ലോ. ശാരീരികമായിരുന്നില്ലെങ്കില്‍ ഇത്രമാത്രം ബഹളവും തര്‍ക്കവും ഉണ്ടാകുമായിരുന്നില്ല. ഈ മഹാത്ഭുത സംഭവത്തിന്റെ കര്‍തൃത്വം നബിയിലേക്കല്ല ഖുര്‍ആന്‍ ചേര്‍ത്തുപറയുന്നത്, മറിച്ച് അല്ലാഹുവിലേക്കാണ്.
അല്ലാഹു സര്‍വശക്തനും സര്‍വജ്ഞനും പരിപൂര്‍ണനുമാണെന്നിരിക്കെ അവന്‍ തന്റെ ദാസനിലൂടെ നടപ്പാക്കിയ ഒരു സംഗതിയുടെ സംഭവ്യതയില്‍ സംശയം ലവലേശം വേണ്ടതില്ല. ഒരിളംപൈതല്‍ സ്വയം ഒരു വലിയ പര്‍വതത്തിന്റെ ശിഖരത്തിലെത്തി എന്നു പറഞ്ഞാല്‍ അവിശ്വസിക്കാം; എന്നാല്‍ ശിശു അതിന്റെ മാതാവിന്റെ ഒക്കത്തിരുന്ന്, മാതാവ് അതിനെയും കൊണ്ട് മുകളിലെത്തിയാല്‍ നാം അവിശ്വസിക്കില്ല. ഇങ്ങനെയാണ് ശൈഖ് മുതവല്ലി ശഅ്‌റാവി ഇക്കാര്യം ഉപമാരൂപത്തില്‍ മനസ്സിലാക്കിത്തരുന്നത്. ഇക്കാര്യം ഖുര്‍ആനിലൂടെ അറിയിക്കുന്നത് അല്ലാഹുവിനെ വാഴ്ത്തുന്ന വാക്യം (സുബ്ഹാന) പ്രയോഗിച്ചുകൊണ്ടാണ്. സാധാരണമോ അത്ഭുതകരമോ ആയ കാര്യം പറയുമ്പോഴാണിങ്ങനെ പ്രയോഗിക്കുക. 
ഇസ്രാഅ്-മിഅ്‌റാജ് സംഭവം വിവരിക്കുന്ന ഹദീസുകളില്‍ 'ബുറാഖ്' എന്ന വാഹനത്തെ പറ്റി പറയുന്നത് നബി ശരീരസമേതമായിരുന്നുവെന്നതിന് മറ്റൊരു തെളിവാണ്.
ഇസ്രാഅ്-മിഅ്‌റാജ് സംഭവം ആത്മീയമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരില്‍ നബിപത്‌നി ആഇശ (റ), മുആവിയ (റ) എന്നിവരുള്‍പ്പെടുന്നു. ഇത് നടന്ന കാലത്ത് ആഇശ നബിപത്‌നി ആയിട്ടില്ല. ചെറുപ്രായക്കാരിയായിരുന്നു. മുആവിയ അന്ന് മുസ്‌ലിം ആയിരുന്നുമില്ല. പ്രമുഖ സ്വഹാബിമാരും ആദ്യകാല പ്രാമാണിക പണ്ഡിതരും (ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു കസീര്‍ തുടങ്ങിയവരുള്‍പ്പെടെ) ആധുനിക കാലഘട്ടത്തിലെ മൗലാനാ മൗദൂദി, ശൈഖ് മുതവല്ലി ശഅ്‌റാവി (ഈജിപ്ത്) തുടങ്ങിയവരുമൊക്കെ ഇസ്രാഅ് -മിഅ്‌റാജ് ശരീരസമേതമായിരുന്നുവെന്ന വീക്ഷണക്കാരാണ്.
ഈ സംഭവം നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷമാണെന്നാണ് മൗലാനാ മൗദൂദി അഭിപ്രായപ്പെടുന്നത്. റജബ് മാസം 27-നാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും വേറെയും അഭിപ്രായങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം എന്തെങ്കിലും അനുഷ്ഠാനങ്ങളോ സുന്നത്ത് നോമ്പോ ഒന്നും നബി (സ) നിര്‍ദേശിച്ചിട്ടില്ല. നമസ്‌കാരത്തിനൊടുവിലെ തശഹ്ഹുദിലെ ആദ്യഭാഗം മിഅ്‌റാജില്‍ അല്ലാഹുവും നബിയും തമ്മില്‍ നടന്ന സംഭാഷണത്തിലെ ഭാഗമാണെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. നമസ്‌കാരത്തെ സത്യവിശ്വാസിയുടെ മിഅ്‌റാജ് എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇസ്രാഅ്-മിഅ്‌റാജിന്റെ ചരിത്രം അനുസ്മരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മസ്ജിദുല്‍ അഖ്‌സ്വാ സയണിസ്റ്റുകളുടെ ദംഷ്ട്രകളില്‍ കിടന്ന് പിടയുകയാണ്. ഖുദ്‌സിന്റെ മൂകവിലാപം തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ട്രംപിന് ദാസ്യവേല ചെയ്യുന്ന അറബ്-മുസ്‌ലിം രാഷ്ട്രനേതൃത്വങ്ങള്‍ അശക്തമാണെന്ന ദുഃഖസത്യം നമ്മെ വേദനിപ്പിക്കുന്നു.

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌