Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ജീവിതം അന്നോ ഇന്നോ?

ടി.കെ അബ്ദുല്ല

ജീവിതയാത്രയുമായി ബന്ധപ്പെടുത്തി അന്ന്, ഇന്ന് എന്ന പ്രയോഗം തികച്ചും ആപേക്ഷികമാണ്. 1929-ല്‍ ജനിച്ച് 2020-ല്‍ നില്‍ക്കുന്ന ഞാന്‍ അന്ന് എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത് പോയ നൂറ്റാണ്ടിന്റെ ആദ്യ അഞ്ചോ ആറോ പതിറ്റാണ്ടുകളാവാം. തുടര്‍ന്നുള്ള അര നൂറ്റാണ്ടിലേറെക്കാലം ഇന്ന് എന്ന വിശേഷണത്തിന്റെ ഭാഗമായും വരുന്നു. ഇതൊരു സാമാന്യവിഭജനം മാത്രമാണ്. ഇത്തരം അതിരടയാളങ്ങള്‍ക്ക് വഴങ്ങുന്നതല്ല കാലവും ജീവിതവും. കാര്യം മനസ്സിലാക്കാനുള്ള ഒരേകദേശ നിര്‍വചനം എന്നു കരുതിയാല്‍ മതി. ഇനി വിഷയത്തിലേക്ക്.
* അന്ന് ജീവിതം മിതവും ലളിതവും മന്ദവും ആയിരുന്നു. അതേസമയം, കഠിനവും ആയാസകരവുമായിരുന്നു. കായബലവും കൈക്കരുത്തുമായിരുന്നു മുഖ്യ അവലംബം. ഉപകരണങ്ങള്‍ പേരിന് മാത്രം.
ഇന്ന് ജീവിതം ത്വരിതവും ചടുലവും അനായാസവുമാണ്. ഉദ്ദേശിക്കുന്നതെന്തും കൈയെത്തും ദൂരെ വിരല്‍തുമ്പില്‍. ബുദ്ധിയും യന്ത്രങ്ങളുമാണ് നിര്‍ണായകം. എന്നാല്‍ അശാന്തവും വിഭ്രാന്തവും സങ്കീര്‍ണവുമാണ് ജീവിതം. 
* അന്ന് സമയം ബാക്കിയായിരുന്നു. വെള്ളം കോരല്‍, വിറക് വെട്ടല്‍, നെല്ല് കുത്തല്‍, അരി മസാലകള്‍ പൊടിക്കല്‍... അങ്ങനെ എല്ലാ കഠിനാധ്വാനങ്ങള്‍ക്കു ശേഷവും നേരത്തേ കിടന്നുറങ്ങാമായിരുന്നു. മാപ്പിളപെണ്ണുങ്ങള്‍ മഗ്‌രിബ് നമസ്‌കരിച്ച്, അതേ നമസ്‌കാര കുപ്പായത്തില്‍ ഇശാ നമസ്‌കാരത്തിന് കാത്തിരിക്കും. ഉമ്മമാര്‍, ഓതുകയോ ഖിസ്സ പറയുകയോ ചെയ്യും. ഇശാ നമസ്‌കരിച്ച് ഉള്ളത് ഉണ്ട്, നേരത്തേ ഉറങ്ങി, കാലത്തെഴുന്നേല്‍ക്കാം. 
സമയമില്ലായ്കയാണ് ഇന്നത്തെ പ്രശ്‌നം. ആര്‍ക്കും ഒന്നിനും നേരമില്ല. എല്ലാ ജോലികളും യന്ത്രങ്ങള്‍ ചെയ്തുതന്നാലും പണി ബാക്കി. ബഹളമയവും വിഹ്വലവും യാന്ത്രികവുമായ നെട്ടോട്ടമാണിന്ന് ജീവിതം.
* രാത്രി ഇരുട്ടായിരുന്നു അന്ന്. മുട്ടവിളക്ക്, തൂക്കുവിളക്ക്, നിലവിളക്ക്, മണ്‍ചെരാത്, പാനൂസ്, ശരറാന്തല്‍, കല്യാണാഘോഷങ്ങള്‍ക്കും മറ്റും കാന്തവിളക്ക് (ഗ്യാസ് ലൈറ്റ്/പെട്രോ മാക്‌സ്) അങ്ങനെ ചെറുതും വലുതുമായി പലതരം വിളക്കുകള്‍. ജര്‍മന്‍ വിളക്കുകളായിരുന്നു മുന്തിയ ഇനം. യാത്രക്കാര്‍ക്ക് ആശ്രയം ഓലച്ചൂട്ട്. പിന്നെപ്പിന്നെ ഞെക്കിവിളക്ക് (ടോര്‍ച്ച്) എന്ന അതിശയവും വന്നെത്തി. അപ്പോഴും മൂടിപ്പുതച്ചു നില്‍ക്കുന്നത് ഇരുട്ട് തന്നെ. അയല്‍ വീടുകളെ അടയാളപ്പെടുത്തുന്നത് മുനിഞ്ഞു കത്തുന്ന തിരിവെളിച്ചം. അന്ന് കൂരിരുട്ടില്‍ യാത്ര ചെയ്യുന്നവര്‍ തിരുടന്‍മാര്‍ മാത്രമല്ല, മുതിര അമ്മദ്ക്കായെ പോലുള്ളവരും  ഇരുട്ടിലാണ് നടക്കുക. 
ഇന്ന് വൈദ്യുതി പ്രളയമാണ്. കാശ് മുടക്കിയാല്‍ രാവിനെ പകലാക്കാം. എങ്ങാനും ഒരു കമ്പിക്കാല്‍ കണ്ണു ചിമ്മിയാല്‍ പുകിലായി, പ്രക്ഷോഭമായി. ഇടിമിന്നലെടുത്താല്‍ തടിറൂഹ് പോകുമെന്ന പേടിയും വൈദ്യുതിയുടെ നേട്ടം തന്നെ (അപ്പോഴും, വൈദ്യുതി എത്താത്ത മുക്കുമൂലകളും മലമടക്കുകളും കുറവല്ല എന്നത് വേറെക്കാര്യം).
* അന്ന് തീപ്പെട്ടി ഉണ്ടായിരുന്നില്ല. 1903-ലോ മറ്റോ തീപ്പെട്ടി കണ്ടുപിടിച്ചെങ്കിലും നാട്ടിലും വീട്ടിലും എത്താന്‍ വൈകി. തീപ്പെട്ടിപ്പാട്ട് ഓര്‍മ വരുന്നു:
തീപ്പെട്ടി പണ്ടില്ലതിനാല്‍ജ്ജനങ്ങള്‍-
ക്കേര്‍പ്പെട്ട കഷ്ടം പറയാവതല്ല.
ഇപ്പോളതിന്‍മാതിരിയൊന്നുമില്ല
തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല. 

തീപ്പെട്ടി പ്രചാരത്തില്‍ വന്ന കാലത്തെ പാട്ടാണിത്. എന്നിട്ടും കാലത്ത് പെണ്ണുങ്ങള്‍ അയല്‍വീട്ടില്‍ തീ വാങ്ങാന്‍ പോകുന്നത് പതിവായിരുന്നു (മഴക്കാലത്ത് തീപ്പെട്ടിക്കോല്‍ കത്താതെ വരും). തീ അണയാതിരിക്കാന്‍ ചില വീട്ടമ്മമാര്‍ രാത്രി ഞെരിപ്പോട്ടില്‍ ഉമിത്തീ സൂക്ഷിക്കാറുണ്ട്. ഉമിത്തീ കെടുകയുമില്ല, കത്തിപ്പാളുകയുമില്ല. 
* അന്നും കള്ളന്മാര്‍ ഉണ്ടായിരുന്നു. ചീപ്പവറാന്‍, കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി, മലമൂട്ടില്‍ അടിമ തുടങ്ങി കേരള ബ്രാന്‍ഡ് കള്ളന്മാര്‍ അര ഡസന്‍ മാത്രം. കൊച്ചുകൊച്ചു നാടന്‍ കള്ളന്മാര്‍ വേറെ. എന്നാല്‍ അന്ന് കള്ളന്‍ കൊലയാളി ആയിരുന്നില്ല, വെറുമൊരു മോഷ്ടാവ് മാത്രമായിരുന്നു. അതിനാല്‍ കള്ളനെപ്പേടിയല്ലാതെ ജീവനെപ്പേടി ഇല്ലായിരുന്നു. ആണുങ്ങള്‍ തുറന്ന വരാന്തയില്‍  കിടന്നുറങ്ങുന്നത് പതിവ്. ഗ്രില്‍സ് പ്രചാരത്തില്‍ വന്നിരുന്നില്ല. വെക്കേഷന്‍ കാലത്ത് വീട്ടില്‍ വരുമ്പോള്‍ ഞാനും പതിവായി ഗ്രില്‍സില്ലാത്ത വരാന്തയില്‍ കിടന്നുറങ്ങുമായിരുന്നു (അന്ന് മുതലാളിപ്പെണ്ണുങ്ങള്‍  കാത് നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുമായിരുന്നു. പേര് കേട്ടാല്‍ ചിരിക്കരുത്: അലിക്കത്ത്, കാതില, കൊമ്പന്‍, കൊമ്പന്‍താങ്ങി, മുര്‍ത്തിലാട്ടം, അലന്തക്കെട്ട്, തുലുങ്കി, കൊരണ്ട്.... അങ്ങനെയങ്ങനെ! ഈ ആഭരണങ്ങള്‍ക്കു വേണ്ടി കള്ളന്മാര്‍ പെണ്ണുങ്ങളുടെ കാത് അരിഞ്ഞെടുക്കുമത്രെ. അപ്പോഴും, കൊല്ലുന്ന പതിവില്ല).
ഇന്ന് കള്ളനെയല്ല, കൊല്ലുന്ന വില്ലനെയാണ് പേടി. ആളനക്കം കേട്ട് വീട്ടുകാര്‍ ഉറക്കം തെളിഞ്ഞുപോയാല്‍ സകലത്തെയും കൊന്നുതള്ളും. കളവ് ദേശസാല്‍ക്കരിക്കുകയും അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്ത ഇന്ന് ജ്വല്ലറിക്കളവും ബാങ്ക്‌കൊള്ളയുമൊക്കെ നിസ്സാരം. കോടിക്കോടി ബാങ്ക്കടമെടുത്ത് മറുനാട്ടിലേക്ക് മുങ്ങുന്ന വ്യവസായക്കള്ളന്മാരാണ് പുതിയ തിരുടന്‍മാര്‍. ബാങ്ക്- സര്‍ക്കാര്‍ ഒത്തുകളിയും ആരോപിക്കപ്പെടുന്നു. കര്‍ഷകന്റെ കഴുത്തിലോ തൂക്കുകയര്‍! 
* അന്ന് കൊടും ദാരിദ്ര്യമായിരുന്നു. കരമുര പട്ടിണി. രണ്ട് ലോക യുദ്ധങ്ങള്‍ കുടഞ്ഞെറിഞ്ഞ ജീവിതങ്ങള്‍ക്ക് അന്നം കിട്ടാക്കനിയായിരുന്നു. അരിയാഹാരം കിട്ടാത്തവന്‍ ചാമച്ചോറും കാട്ടുകനികളും തിന്ന് ജീവന്‍ നിലനിര്‍ത്തുമായിരുന്നു. 'വയറു നിറയെ ചോറ് തിന്നാന്‍ വയനാട്ടില്‍ പോയപ്പോള്‍ അവിടെ ചാമപ്പുത്തരി' എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇത്രയൊക്കെ ക്ഷാമമുള്ളപ്പോഴും നെല്‍കൃഷിക്കാര്‍ക്ക് അല്‍പം  ആശ്വാസമായിരുന്നു. സര്‍ക്കാറിന് ലെവി കൊടുത്ത് ബാക്കി സ്വന്തമാക്കാം. 
ഇന്നും മൂന്നാം ലോകം (പ്രത്യേകിച്ച് ആഫ്രിക്ക) പട്ടിണിയില്‍ തന്നെ. ലക്ഷക്കണക്കായ കുട്ടികള്‍ പോഷാകാഹാരം ലഭിക്കാതെ മരിക്കുന്നു. അതേസമയം, സമ്പന്ന രാജ്യങ്ങള്‍ക്ക് അമിതാഹാരത്തിന്റെ ദഹനക്കേടാണ്. 'വിശന്ന് ഭക്ഷണം കഴിക്കാന്‍' കൊതിയൂറുന്നവരാണ് സമ്പന്ന സമൂഹം. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഗ്യാസ്ട്രബഌദി ചെകുത്താന്മാരുടെ ശല്യത്താല്‍ ഫൈവ് സ്റ്റാര്‍ മേശപ്പുറത്തും അന്നം പാടില്ലാത്തവരുടെ കാര്യമാണ് കഷ്ടം.
* അന്ന് ഭക്ഷണത്തിന് ക്ഷാമമെങ്കിലും, ഉള്ളതിന് വല്ലാത്ത സ്വാദായിരുന്നു. എല്ലാം പ്രകൃതിസൗഹൃദം. നാടന്‍ വളം ചേര്‍ത്ത് വീട്ടുവളപ്പിലുണ്ടാക്കിയ പഴങ്ങളും പച്ചക്കറികളും, പെടപെടക്കുന്ന കടല്‍ മീനും പുഴമീനും, നാടന്‍ കോഴിയിറച്ചിയും മുട്ടയും, ആളുകള്‍ ഷെയര്‍ ചേര്‍ന്ന് അറുത്ത് പങ്കിട്ടെടുക്കുന്ന ഫ്രഷായ ആട്ടിറച്ചിയും മാട്ടിറച്ചിയും, ഉരലില്‍ കുത്തിയെടുക്കുന്ന തവിട് പോകാത്ത അരിച്ചോറും കൂട്ടുകറികളും ഇന്നും കൊതിയൂറുന്ന ഓര്‍മകളാണ്. അന്ന് ബിരിയാണി ഇല്ല. എങ്കിലും ചെമ്മീന്‍ ചോര്‍, ബിരിയാണിയെ വെല്ലും. 
ഇന്ന് എല്ലാം കൃത്രിമം. അപകടകാരിയായ രുചിക്കൂട്ടുകള്‍, ഐസിലിട്ട് അമോണിയവും ഫോര്‍മാലീനും ചേര്‍ത്ത മത്സ്യങ്ങള്‍, ഭൂമി തൊടാത്ത ബ്രോയിലര്‍ കോഴികള്‍, രാസവളവും കീടനാശിനിയും ചേര്‍ന്ന പഴങ്ങളും പച്ചക്കറികളും, മരുന്ന് തളിച്ച് പോളിഷ് ചെയ്ത അരിയും ഗോതമ്പും. ഈ വിഷക്കൂമ്പാരത്തിന്റെ മുകളിലാണ് നമ്മുടെ മഹത്തായ സംസ്‌കൃതിയും നാഗരികതയും! കുടിവെള്ളം പോലും കക്കൂസ് മാലിന്യത്തില്‍നിന്ന് മുക്തമല്ല. 
* അന്ന് കാല്‍നട യാത്രയായിരുന്നു. ഉള്‍നാടുകളില്‍ റോഡോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ചെറിയ ദൂരങ്ങളില്‍ സൈക്കിള്‍ യാത്രയാവാം. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ കാല്‍നടയാത്ര അന്ന് പ്രയാസമുള്ളതല്ല. ആയഞ്ചേരിയില്‍നിന്ന് വടകരയിലേക്ക് 13 കിലോമീറ്റര്‍ അങ്ങോട്ടും തിരിച്ച് ഇങ്ങോട്ടും കാല്‍നട പോകുന്നവര്‍ ധാരാളം. ചുമട്ടുതോഴിലാളികള്‍ ഇരുപതിരുപത്തഞ്ച് കിലോമീറ്റര്‍ ചുമടേന്തി പോകുന്നതും പതിവു കാഴ്ച. വന്‍നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമേ വാഹനഗതാഗതമുള്ളൂ. ബസും തീവണ്ടിയും കല്‍ക്കരിയിലാണ് ഓടുക. അതുകൊണ്ടാണ് 'തീവണ്ടി'യെന്ന് പേരുവന്നത്. തീവണ്ടിപ്പാട്ടുണ്ട്: 
വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണ്.

ഇന്ന് വാഹനപ്പെരുപ്പത്തില്‍ നാടും നഗരവും വീര്‍പ്പു മുട്ടുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കും അതുണ്ടാക്കുന്ന കാത്തിരിപ്പും കെട്ടിക്കിടപ്പും വര്‍ത്തമാനകാലത്തിന്റെ വലിയൊരു സമസ്യയാണ്. വേഗമെത്തണമെങ്കില്‍ ഇറങ്ങി നടക്കണമെന്നതാണ് സ്ഥിതി. ഓള്‍ഡ് ദല്‍ഹിയില്‍ മണിക്കൂറുകളോളം ഗതാഗതം ജാമാകുമ്പോള്‍, വാഹനങ്ങളുടെ 'പുറത്തു കയറി' കാല്‍നടക്കാരുടെ 'മുറിച്ചുകടക്കലുകള്‍' നല്ലൊരു കാഴ്ചയാണ്.
30 മിനിറ്റ് ബസ്‌യാത്രക്ക് മൂന്നു മണിക്കൂര്‍ കാല്‍നടയെന്നതാണ് ഒരു ശരാശരി അനുപാതം. പക്ഷേ ഒന്നുണ്ട്. പണ്ടു കാലത്ത് യാത്ര ഒരു അത്യാഹിതമോ മരണകാരണമോ അല്ല. ഇന്നാകട്ടെ, രണ്ടും കല്‍പിച്ചേ പുറപ്പെടാന്‍ പറ്റൂ. മടങ്ങിവന്നാല്‍ കാണാം, ഇന്‍ശാഅല്ലാഹ്!
* അന്ന് ജീവിതം അന്ധവിശ്വാസജഡിലമായിരുന്നു. കൊതിമന്ത്രത്തില്‍നിന്ന് തുടങ്ങാം. ഒരുവന്‍ തിന്നുന്നത് അപരന്‍ ആര്‍ത്തിയോടെ നോക്കിയാല്‍ കൊതികൂടും, വയറ് വീര്‍ക്കും. അതിന് കൈകണ്ട ഔഷധമാണ് കൊതിമന്ത്രം. ഉപ്പ്, ഉള്ളി, കുരുമുളക് മുക്കൂട്ട്, ബിസ്മിയും ചൊല്ലി വലിയുമ്മ മന്ത്രിച്ച് കൊടുത്തത് തിന്നാല്‍ ഏത് കൊതിച്ചെകുത്താനും പറപറക്കും (അല്ലെങ്കിലും, ഇത് ഗ്യാസ്ട്രബഌന് സിദ്ധൗഷധം തന്നെ!). അവിടുന്നങ്ങോട്ട് റൂഹാനി മുതല്‍ കുഞ്ഞിരായിനുപ്പാപ്പ വരെയുള്ള, പേടിപ്പെടുത്തുന്ന ഭൂത-പ്രേത-പിശാചാദി ക്ഷുദ്രശക്തികളുടെയും ഭീകര സ്വത്വങ്ങളുടെയും മാരക വിളയാട്ടം. 
ഇന്ന് ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍ സകലമാന അന്ധവിശ്വാസങ്ങളും കെട്ടുകെട്ടിയെന്നാണ് സങ്കല്‍പം. ഈ മേനിപറച്ചിലില്‍ സത്യത്തിന്റെ അംശമുള്ളത് ശരിയെങ്കിലും 'കുരങ്ങ് വളപ്പില്‍നിന്ന് പോയില്ല' എന്നതാണ് കൂടുതല്‍ ശരി. ശാസ്ത്രസിദ്ധിയുടെയും അധികാരകേന്ദ്രങ്ങളുടെയും പിന്‍ബലത്തില്‍ അന്ധവിശ്വാസം ഹൈടെക്ക് ആയി അന്താരാഷ്ട്രവല്‍ക്കരിക്കപ്പെട്ടതാണ് പുതിയ പ്രതിഭാസം. രതിയും മതവും ആത്മീയതയും കൈകോര്‍ത്ത് അന്ധവിശ്വാസത്തിന്റെ വാണിജ്യവല്‍ക്കരണം 4 ജി, 5 ജി കാലത്തിന്റെ വിജയകരമായ പരീക്ഷണമാണ്. ഇടക്കൊരു റാം റഹീമിനും സന്തോഷ് മാധവന്നും വിലങ്ങു വീണാലും, പിടിച്ചതിലും എത്രയോ വലുതാണ് മാളത്തിലുള്ളത്. ആയിരക്കണക്കിന് ഏക്കറുകളില്‍ പരന്ന് പന്തലിച്ച ആത്മീയ അധോലോകങ്ങളില്‍ രതിവൈകൃതങ്ങള്‍ മാത്രമല്ല, കൊലപാതക ഭീകരതകളും തേഞ്ഞുമാഞ്ഞുപോകുന്നു. കരിമ്പൂച്ചകളും ഗുണ്ടാസംഘങ്ങളുമാണ് ആശ്രമങ്ങളുടെയും ആത്മീയകേന്ദ്രങ്ങളുടെയും കാവല്‍ ഭടന്മാര്‍. ഈ തട്ടിപ്പുകളൊക്കെ തിരിച്ചറിഞ്ഞ ഒരു തലമുറ വളര്‍ന്നുവരുന്നു എന്നതില്‍ ആശ്വാസം കണ്ടെത്തുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ.
* അന്നും രോഗങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കോളറ, വസൂരി മുതലായ പകര്‍ച്ചവ്യാധികള്‍. ഇത്തരം മാരകരോഗങ്ങള്‍ക്ക് ഓത്ത് ബൈത്ത് മന്ത്രാദികളല്ലാതെ കാര്യമായ ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വന്ന ആള്‍ക്ക് പിന്നെ വരില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് അവരുടെ ശുശ്രൂഷ രോഗികള്‍ക്ക് ലഭിക്കുമായിരുന്നു. പകര്‍ച്ചവ്യാധികളില്‍ മരിച്ചവരുടെ മയ്യിത്ത് പാതിരാവിലും മറ്റുമാണ് മറമാടുക. അത് പ്രതിഫലം വാങ്ങി ചെയ്തുകൊടുക്കുന്നവരും ഉണ്ടായിരുന്നു. 
അന്ന് ഗര്‍ഭവും പേറും രോഗമായിരുന്നില്ല. മിക്കപ്പോഴും വീട്ടിലാണ് പ്രസവം. ശിശുമരണം കൂടുതലായിരുന്നു. ആളുകള്‍ അധ്വാനശീലരും ആരോഗ്യമുള്ളവരും ആയിരുന്നു. 
ഇന്ന് കൂട്ടമരണം വിതക്കുന്ന പകര്‍ച്ചവ്യാധികള്‍ നാടുനീങ്ങിയെന്നു പറയാം. നിപ, എലിപ്പനി, ഡങ്കിപ്പനി ഒക്കെയുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ജീവിതശൈലീ രോഗങ്ങളാണ് പുതിയ പ്രതിഭാസം. ഷുഗറും പ്രഷറും കൊളസ്‌ട്രോളും ഗ്യാസ് ട്രബ്‌ളും! ഇതൊന്നും ഇല്ലാത്തവര്‍ എന്തിനു കൊള്ളാം എന്നതാണ് സ്ഥിതി (എയ്ഡ്‌സിനെ മറക്കാം!). കാല്‍മുട്ടു വേദനയാണ് മറ്റൊരു വില്ലന്‍. മൂത്രരോഗങ്ങള്‍ വേറെ (എനിക്ക് പത്തു വയസ്സുള്ളപ്പോള്‍ കേട്ട ഒരു നാട്ടുവര്‍ത്തമാനം: വലിയ പീടികയില്‍ ചെക്കന്‍ മുതലാളിയുടെ ഭാര്യ, കീഴാറ്റില്‍ പാത്തുവിന് ഷുഗറാണ് പോലും! പ്രഷറും ഉണ്ടത്രെ! രണ്ടും ഒന്നിച്ച് വന്നാല്‍ കാര്യം പോക്കാണ്! നാട് കിടുകിടുത്തു പോയി! കാലവ്യത്യാസങ്ങളുടെ സൂചികയാണീ നാട്ടുവര്‍ത്തമാനം. അന്നും ഇന്നും എന്തൊരന്തരം!).
പകര്‍ച്ചവ്യാധികള്‍ പോയെങ്കിലും കാന്‍സറാണ് പുതിയ താരം. ആര്‍ക്കും എപ്പോഴും വരാമെന്ന ഭീതി. പണ്ട് കാന്‍സര്‍ ഒറ്റപ്പെട്ട അസാധാരണ രോഗമായിരുന്നു. അങ്ങനെ കാന്‍സര്‍ വന്ന ഒരാളായിരുന്നു വടക്കാങ്ങര അബ്ദുല്‍ഖാദര്‍ മൗലവി. അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സിച്ച് സുഖമായി, ഇരുപത്തഞ്ച് വര്‍ഷത്തിലധികം പിന്നെയും ജീവിച്ചു. വീണ്ടും അതേ രോഗത്താലാണ് മരണം. ഇന്ന് കാന്‍സര്‍ സാര്‍വത്രികമാണ്. രാജ്യത്തെ പല പ്രമുഖരും ഈ രോഗത്തിനിരയായിട്ടുണ്ട്. 
* അന്ന് കാലവസ്ഥ നിര്‍ണിതമായിരുന്നു. മഴക്കാലത്ത് മഴയും വെള്ളപ്പൊക്കവും. വേനല്‍കാലത്ത് വെയിലും ചൂടും. ശൈത്യകാലത്ത് മഞ്ഞും കുളിരും. ഇതാണ് പതിവു രീതി. വേനല്‍ കാലത്തും മഴക്കാലത്തും കാല്‍നടക്കാര്‍ കുട ചൂടും; തലക്കുട, കാല്‍ക്കുട, ശീലക്കുട. മഴക്കാലത്ത് കൃഷിപ്പണി. കോടമഴയില്‍ പട്ടിണിപുതച്ച് വീട്ടിലിരിക്കും. മഞ്ഞു കാലത്ത് ചണ്ടിചവറുകള്‍ കത്തിച്ച് തീ കായും. 
ഇന്നത്തെ പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമാണ്. വേനല്‍ക്കാലത്ത് കൊടും ചൂട്. മഞ്ഞിലും മഴയിലും ചൂട്. കൊടും ചൂടില്‍ മഞ്ഞുമലകളുരുകി സമുദ്രനിരപ്പ് ഉയരുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഭൂതലത്തില്‍ മനുഷ്യവാസം അസ്തമിക്കുമെന്നു വരെ ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ഇതൊന്നും വകവെക്കാതെ ചങ്ങാത്ത മുതലാളിത്തം മുന്നോട്ട്. ഭരണഘടനയില്‍ സോഷ്യലിസമെങ്കിലും ഭരണം മുതലാളിത്തം. കമ്മ്യൂണിസ്റ്റ് ഭരണവും മുതലാളിത്തം! പരിസ്ഥിതി കരാര്‍ലംഘനവുമായി സമ്പന്നരാഷ്ട്രങ്ങള്‍! ഇതിനെല്ലാം കുടപിടിച്ച് മുന്നില്‍ ട്രമ്പ് ഏമാന്‍! ശാസ്ത്ര-സാങ്കേതിക സിദ്ധികളുടെ വളര്‍ച്ചയാണ് പുതിയ ലോകത്തിന്റെ വിസ്മയമെന്നത് ശരി. പക്ഷേ, പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കും കാലാവസ്ഥാ മാറ്റങ്ങള്‍ക്കുമിടെ, എത്രവരെ എന്ന ചോദ്യം ബാക്കി. മുതലാളിത്ത വികസന സങ്കല്‍പമാണ് യഥാര്‍ഥ വില്ലന്‍:
ഉരുകുന്നു ഹിമവാന്മാര്‍, ഉയരുന്നുണ്ടലകടല്‍
പെരുകുന്ന കൊടുംചൂടും മറന്നുപോയോ
വികാസംപോലൊരുനാളില്‍ വരാനുണ്ട് വിനാശവും
വരുമന്ത്യമൊരുനാളും മറന്നുപോയോ

* അന്ന് കല്യാണത്തിന് ഇണയെ കണ്ടെത്തുന്നത് കുട്ടികളല്ല, രക്ഷിതാക്കളാണ്. രക്ഷിതാവ് തീരുമാനിച്ചാല്‍ പയ്യനും പെണ്ണിനും പൂര്‍ണ സമ്മതം! (വെറെന്ത് വഴി?). മംഗല്യത്തിനു മുമ്പ് പെണ്ണിനെ കാണുന്ന ഏര്‍പ്പാടൊന്നും അന്നില്ല. ചില കുസൃതിച്ചെറുക്കന്മാര്‍ പാത്തും പതുങ്ങിയും പെണ്ണിനെ 'ഒളിച്ചുകാണാന്‍' പോകാറുണ്ടത്രെ. കല്യാണപ്പിറ്റേന്ന്, പെണ്ണിനോട,് നിന്നെ ഞാന്‍ 'ഒളിച്ചു'കണ്ടിരുന്നെന്ന് മേനിയും പറയും. പെണ്ണല്‍പം തന്റേടിയാണെങ്കില്‍, നിങ്ങളെ ഞാനും കണ്ടിരുന്നു എന്നാവും മറുപടി. 
ഇത്തരം 'കാണാകല്യാണങ്ങള്‍' പൊട്ടിപ്പോവാറില്ല എന്നതാണ് പൊതുസ്ഥിതി. പെണ്ണുകാണല്‍ ഇല്ലെങ്കിലും കാശ്പണം(സ്ത്രീധനം) നിര്‍ബന്ധം. കല്യാണം പൊട്ടാതിരിക്കാന്‍ ഇതും ഒരു പ്രതിരോധമാകാം. 
ഇന്ന് സ്ഥിതിയാകെ മാറി. തീരുമാനാധികാരം തീര്‍ത്തും ദമ്പതികളുടെ കൈയില്‍. രക്ഷിതാക്കള്‍ നോക്കുകുത്തികള്‍. അവരും സംഭവത്തോട് ഏതാണ്ടൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞു. അല്ലാതെന്തു ചെയ്യാന്‍! വല്ല മൊരടന്‍ രക്ഷിതാവും മറുത്തുപറഞ്ഞാല്‍ ഒളിച്ചോട്ടം മുതല്‍ മതംമാറ്റം വരെ സംഭവിക്കാം. രജിസ്റ്റര്‍ വിവാഹവും കഴിഞ്ഞാണ് പിന്നെ പൊങ്ങുക. പ്രശ്‌നം ലൗ ജിഹാദാക്കിയാല്‍ കോടതിക്കും പണിയായി. സുപ്രീംകോടതി വരെ എത്താം. ഹാദിയ ഉദാഹരണം.
'പെണ്ണുകാണലാ'വട്ടെ, വെറുമൊരു കാണലല്ല. നീണ്ട ഇന്റര്‍വ്യൂകളാണ്. പെണ്ണും വിട്ടുകൊടുക്കുകയില്ല. പഠിപ്പില്‍ അവളാവും മുന്നില്‍. പെണ്ണുകാണല്‍ കഥകള്‍ പലതും കേട്ടറിയാം. സാമ്പിളിന് ഒന്നുമാത്രം! 
പതിനൊന്ന് പെണ്ണിനും സൗന്ദര്യം പോരാതെ വന്ന ഗള്‍ഫ് പയ്യന് പന്ത്രണ്ടാമത്തെ പെണ്‍കുട്ടിയെ വല്ലാതെയങ്ങ് പിടിച്ചു. സങ്കല്‍പത്തിലെ സൗന്ദര്യറാണി! സാക്ഷാല്‍ ഹൂറി! ഇന്റര്‍വ്യൂ കഴിഞ്ഞ് വീട്ടിലെത്തി ഉടന്‍ പെണ്‍വീട്ടിലേക്ക് അനുകൂല മറുപടി പോയി. രക്ഷിതാക്കള്‍ക്കും സന്തോഷം. പക്ഷേ, ഒരു ചെറിയ പ്രശ്‌നം. പെണ്ണിന് പയ്യനെ വേണ്ട! സൗന്ദര്യം പോരത്രെ...!(നമ്മുടെ ചെറുപ്പക്കാര്‍ കണ്ണാടി നോക്കാത്തതും പ്രശ്‌നമാണ്. പെണ്ണിനു മൊഞ്ച് വേണം. ശരി, തനിക്കോ...?)
* അന്ന് നാട്ടുമ്പുറത്തുകാരും സാധാരണക്കാരും കൈയില്‍ കത്തി കരുതുമായിരുന്നു. ആളെ കുത്താനല്ല, നിത്യജീവിതത്തിലെ വിവിധോദ്ദേശ്യങ്ങള്‍ക്ക് വേണ്ടി. ഇന്നും ആളുകളുടെ കൈയില്‍ 'കത്തി'യുണ്ട്. അതും വിവിധോദ്ദേശ്യാര്‍ഥം തന്നെ. ചിലപ്പോള്‍ 'കുത്തിക്കളിക്കിടെ' വല്ലാതെ മുറിവേല്‍പ്പിച്ചെന്നും വരാം. അതാണ് ഫോണ്‍. ഒരു(അറബി)ക്കവിത:
ജിറാഹാത്തുസ്സിനാനി ലഹ-ല്‍തിആമു
വലാ യല്‍താമു മാ ജറഹല്ലിസാനു
(അമ്പുകൊണ്ടുള്ള മുറിവ് ഉണങ്ങാം,
നാവുകൊണ്ട് മുറിഞ്ഞാല്‍ ഉണക്കമില്ല)

* പണ്ട് രാജവാഴ്ചയായിരുന്നു (നാടുവാഴിത്തവും). രാജാവിന്റെ നാവാണ് നിയമം. തിരുവായ്‌ക്കെതിര്‍വായില്ല. പ്രജകള്‍ കേട്ട് നടന്നാല്‍ മതി. പൗരാവകാശം, വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം- അങ്ങനെയൊന്നും നിഘണ്ടുവില്‍ പോലുമില്ല. പരമസുഖം. യഥാരാജാ തഥാ പ്രജാ.
ഇന്ന് ജനാധിപത്യമാണ്. ജനങ്ങളാണ് രാജാവ്. തെരഞ്ഞെടുപ്പ് ജയിക്കുന്ന ഭൂരിപക്ഷ കക്ഷിക്കാണ് ഭരണം. അഭിപ്രായ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, പൗരാവകാശം - അങ്ങനെയങ്ങനെ ജനങ്ങള്‍ക്ക്  ഒരുപാട് സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും. കേട്ടാല്‍ കൊതിയൂറും. പക്ഷേ ആരാണ് ജനം? ആരുടെ ഭൂരിപക്ഷം? ജനങ്ങളെല്ലാം ഒരേ ജാതിമതവംശമാണെങ്കില്‍ ശരി. അങ്ങനെയല്ല, പല മതജാതിവംശങ്ങളുടെ കൂട്ടായ്മയാണ് ജനമെങ്കിലോ? അതിലൊരു പ്രത്യേക ജാതിക്ക് ജന്മനാ മൃഗീയ ഭൂരിപക്ഷമാണെങ്കിലോ? ജനാധിപത്യത്തിന്റെ മേലൊപ്പില്‍ ആ പ്രത്യേക വംശമതജാതി ഭൂരിപക്ഷമാണ് ഭരണം പിടിക്കുന്നതെങ്കിലോ? 
അതാണിന്നത്തെ ലോകനീതി. അമേരിക്കയില്‍ വെളുത്തവന് ഭൂരിപക്ഷം, തൊലി കറുത്ത നീഗ്രോ വംശവെറിയുടെ ഇര. ശ്രീലങ്കയില്‍ സിംഹള, ബുദ്ധ ഭൂരിപക്ഷം. തമിഴനും മുസ്‌ലിമും അപരന്‍. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വമേ ഇല്ല (ചൈനയെ വിടാം!). ഇന്ത്യയിലെ കഥ പറയണമോ? പൗരാവകാശങ്ങളും മൗലികാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളുമൊക്കെ ഭരണഘടനയില്‍. ആ കിതാബ് തൊട്ടാണ് സത്യപതിജ്ഞ. പക്ഷേ, ദേശരക്ഷ പറഞ്ഞ് എല്ലാ പൗരാവകാശങ്ങള്‍ക്കും വിട. ഏത് പൗരനെയും ഭീകരമുദ്ര കുത്തി ഖിയാമത്തോളം തടവിലിടാം. പൗരത്വപട്ടികയില്‍ ലക്ഷം കോടി 'അപരന്മാരെ' പുറന്തള്ളാം. ഏത് ന്യൂനപക്ഷത്തെയും ദേശവിരുദ്ധരും രണ്ടാംകിട പൗരന്മാരുമാക്കാം. നേരം പുലരുമ്പോള്‍ ഒരു സംസ്ഥാനം തന്നെ  ഭൂപടത്തിന് പുറത്താവാം! ജുഡീഷ്യറിയും സ്വാധീനവലയത്തിലാവാം! എന്‍.ഐ.എ, യു.എ.പി.എ, ടാഡ, പോട്ട, മോക്ക, മക്കോക്ക..... എന്ത് നല്ല നിയമങ്ങള്‍! പോരാത്തതിന് പൗരത്വഭേദഗതിയും പൗരത്വപട്ടികയും! ആനന്ദലബ്ധിക്കിനിയെന്തുവേണം!
(നമ്മള്‍ ഏതു പക്ഷം? 'അന്നോ', 'ഇന്നോ'? നിഷ്പക്ഷമോ അതോ പ്രതിപക്ഷമോ? വായനക്കാരന് പ്രതികരിക്കാം).

ഓര്‍മിക്കാന്‍ ഒരു ഇഖ്ബാല്‍ കവിത

ഹംനെ പദ്ഷാഹീ കു പഹനായാ ഹെ ജുംഹൂരി കുബാ 
ജബ് ദറാ ആദം ഹുവാ ഹെ  ഖുദ്ശനാസ് വ ഖുദ്‌നിഗര്‍
(ഞങ്ങള്‍ രാജാധിപത്യത്തിന് ജനാധിപത്യത്തിന്റെ മേലങ്കിയണിയിച്ചു. മനുഷ്യന്‍ അല്‍പം ബോധവാനും കാഴ്ചയുള്ളവനും ആയെന്നു വന്നതോടെ). 

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌