Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

കെ.പി ഹൈദറലി സാഹിബ് (കുഞ്ഞുകാക്ക)

എം.ഐ അബ്ദുല്‍ അസീസ്

ദിവസങ്ങള്‍ക്കുമുമ്പ് കണ്ടുമുട്ടിയപ്പോള്‍ സലാം പറഞ്ഞ ഉടനെ കുഞ്ഞുകാക്കാക്ക് പറയാനുണ്ടായിരുന്നത് ഇങ്ങനെ: ''ഞങ്ങള്‍ വയസ്സന്മാരെയൊക്കെ ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറ്റി പകരം ചെറുപ്പക്കാരായ ആളുകളെ ആ സ്ഥാനങ്ങളില്‍ നിയോഗിക്കണം.'' 'വയസ്സന്മാരെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലല്ലോ, ചെറുപ്പക്കാരെ നമുക്ക് പുതുതായി എടുക്കാം' എന്ന് ഞാന്‍ പ്രതികരിച്ചു. തുടര്‍ന്നദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്്: ''ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ നാട്ടിലുണ്ടെങ്കില്‍ വരണം, എന്നിട്ട് നമസ്‌കാരത്തിന് നേതൃത്വം നല്‍കണം''. അതായിരുന്നു ശാന്തപുരത്തെ മര്‍ഹൂം കെ.പി ഹൈദറലി സാഹിബ്. നാട്ടിലും പ്രസ്ഥാന വൃത്തത്തിലും കുഞ്ഞുകാക്ക എന്നാണറിയപ്പെട്ടിരുന്നത്. വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴും മരണത്തെ സംബന്ധിച്ച് നിരന്തരം ഓര്‍ത്തുകൊണ്ടേയിരിക്കുക, അതിനെ അഭിമുഖീകരിക്കാന്‍ സദാ സന്നദ്ധനായി നിലകൊള്ളുക.
ഇസ്‌ലാമിക പ്രസ്ഥാനത്താല്‍ ഊട്ടപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിത്യവൃത്തിക്കുവേണ്ടിയുള്ള അധ്വാനത്തിനിടയിലും അക്ഷരാര്‍ഥത്തില്‍ തന്നെ പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും മുന്‍നിര പ്രവര്‍ത്തകനായി തീരുകയും ചെയ്തു. ശാന്തപുരം മഹല്ലിന്റെ എക്കാലത്തെയും സാരഥികളിലൊരാളായി അദ്ദേഹമുണ്ടാവും. മഹല്ല് കാരണവരായി, കമ്മിറ്റി അംഗമായി, ഏരിയാ ഓര്‍ഗനൈസറായി, ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് അംഗമായി, മറ്റനേകം ഉത്തരവാദിത്തങ്ങളുടെ ചുമതലക്കാരനായി. എന്നാല്‍ പ്രസ്ഥാന പരിപാടികളില്‍ സജീവമായ അദ്ദേഹം സമ്മേളനങ്ങളിലൊക്കെ ഓടിനടക്കുന്ന ഒരു വളന്റിയാറായിട്ടാണ് പ്രത്യക്ഷപ്പെടുക. 
ഹൈദറലി സാഹിബ് സാധാരണക്കാരനാണ്. ഒരു സാധാരണക്കാരനില്‍ ഇസ്‌ലാമിക പ്രസ്ഥാനം എന്ത് മാറ്റമുണ്ടാക്കണമെന്നാണോ ആഗ്രഹിക്കുന്നത്, അതിന് ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ് അദ്ദേഹം. ആദരണീയനായ സിദ്ദീഖ് ഹസന്‍ സാഹിബ് ഹല്‍ഖാ അമീര്‍ ആയിരിക്കെ രൂപീകരിച്ച ഐഡിയല്‍ റിലീഫ് വിംഗിന്റെ ആദ്യകാല വളന്റിയര്‍മാരില്‍ ഒരാളായിരുന്നു ഹൈദറലി സാഹിബ്. അന്നത്തെ ക്യാമ്പുകള്‍ക്ക് ഒരു പതിവുണ്ടായിരുന്നു. രണ്ട് ക്യാമ്പുകള്‍ക്കിടയില്‍ സേവനമേഖലയില്‍ താനര്‍പ്പിച്ച ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും ഹല്‍ഖാ അമീറിന്റെ സാന്നിധ്യത്തില്‍ സദസ്സുമായി പങ്ക് വെക്കണം. മറ്റുള്ളവര്‍ക്ക് ആവേശമാകാനും സേവനവേളകളെ കണ്ടെത്തുന്നതിനുള്ള മാനസിക സന്നദ്ധത വളര്‍ത്താനും സഹായകമാവുന്ന സെഷനായിരുന്നു ഇത്. അന്നൊരിക്കല്‍ കുഞ്ഞുകാക്ക പങ്കുവെച്ച ഒരനുഭവം: നാട്ടിന്‍പുറത്തെ ഡിസ്‌പെന്‍സറിയാണ് രംഗം. പ്രായമേറെയായ പിതാവിനെയും കൊണ്ടാണ് ആ മക്കളെത്തിയിരിക്കുന്നത്. വയറിനകത്ത് മലം പാറപോലെ കട്ടപിടിച്ചതാണ് പ്രശ്‌നമെന്ന് ഡോക്ടര്‍. അവ നീക്കം ചെയ്യാനായി കൈയില്‍ ഗ്ലൗസിട്ട് വനിതാ നഴ്‌സ് എത്തിയപ്പോള്‍ രോഗിക്ക് അല്‍പം നീരസവും അസ്വസ്ഥതയും. കുഞ്ഞുകാക്കാക്ക് കാര്യം മനസ്സിലായി. അദ്ദേഹം നഴ്‌സില്‍നിന്നും ആ ദൗത്യമേറ്റെടുത്തു. മക്കള്‍ നോക്കിനില്‍ക്കെ അദ്ദേഹം അക്കാര്യം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. സ്വന്തം മാതാപിതാക്കളുടെ മലമൂത്രം വൃത്തിയാക്കുന്നതില്‍ അറപ്പുള്ള മക്കളുള്ള കാലത്ത് സേവനം പതിയേണ്ട മേഖല പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുകാക്കയുടെ കൈകള്‍ കഴുകാന്‍ സഹായിക്കാനെത്തിയ മക്കളോട്: 'ദിവസവും ഒന്ന് രണ്ട് തവണ ഞാനിത് കൈയിലാക്കാറുണ്ട്, സ്വന്തമായി കഴുകാറുമുണ്ട്.' ആ മക്കള്‍ക്കെന്ന പോലെ ക്യാമ്പംഗങ്ങള്‍ക്കും വലിയൊരു ജീവിതപാഠം പകര്‍ന്നു നല്‍കുകയായിരുന്നു ആ സംസാരം.
എന്നും ശുഭപ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. പ്രസ്ഥാനമാര്‍ഗത്തില്‍ ധീരനായിരുന്നു. ഇസ്‌ലാമാണ് നമ്മുടെ കൈയിലുള്ളതെങ്കില്‍ നാം ദുര്‍ബലരോ തലതാഴ്‌ത്തേണ്ടവരോ ആകാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആരുടെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ച് അദ്ദേഹമത് പ്രയോഗവല്‍ക്കരിക്കുകയും ചെയ്തു. ശാന്തപുരത്തും മറ്റും ഒട്ടേറെ സന്ദിഗ്ധ ഘട്ടങ്ങളില്‍ ആ നിലപാട് ഏറെ സഹായകരമാവുകയും ചെയ്തിട്ടുണ്ട്.
അനുസരണത്തിന്റെ നല്ലൊരു മാതൃകയാണ് ഹൈദറലി സാഹിബ്. പ്രസ്ഥാനത്തിന്റെ നിലപാട് അറിഞ്ഞുകഴിഞ്ഞാല്‍, നേതൃത്വം ഒരു തീരുമാനമെടുത്താല്‍ പിന്നെ ആ വഴിയില്‍ കുഞ്ഞുകാക്ക കുതിച്ചുപായും. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിവിധ കാലങ്ങളിലെ നാസിമുമാര്‍ക്കും നേതാക്കള്‍ക്കും സംതൃപ്തമായ അനുഭവമാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. സമ്പൂര്‍ണമായി പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട കുടുംബമാണ് അദ്ദേഹത്തിന്റേത്. വലിയ ആത്മാഭിമാനത്തോടെ അക്കാര്യം അദ്ദേഹം പറയുകയും ചെയ്യും. എണ്‍പത്തിയേഴാം വയസ്സില്‍ വിടപറയുമ്പോള്‍ എണ്‍പത്തിയെട്ട് പേരമക്കളുണ്ട്. അവരോടെല്ലാം അദ്ദേഹം മുഖ്യമായും വസ്വിയ്യത്ത് കണക്കെ പറഞ്ഞ കാര്യങ്ങള്‍ മക്കള്‍ അനുസ്മരിക്കുന്നു: ''ദുന്‍യാവിന്റെ പിന്നാലെ ഓടരുത്, പരലോകത്തിനു വേണ്ടി പണിയെടുക്കണം.'' ഉപദേശത്തില്‍ അത് അവസാനിച്ചില്ല. അതിനവരെ പ്രേരിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു.
താനുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അദ്ദേഹം നല്‍കിയത് സംതൃപ്തിയായിരുന്നു. നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം. അദ്ദേഹത്തെ സംബന്ധിച്ച് അല്ലാഹുവി
നും സംതൃപ്തിയായിരിക്കും. അല്ലാഹു ഹൈദറലി സാഹിബിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തിന് ഇടം നല്‍കുമാറാകട്ടെ.

 

 

അബ്ദുല്ല കോയ

കോഴിക്കോട് ചേളന്നൂര്‍ 7/6-ലെ നാട്ടുകാരുടെ ഹാജ്യാരും പ്രബോധനം മുന്‍ ജീവനക്കാരനുമായിരുന്നു ഞങ്ങളുടെ പിതാവ് കാപ്പാട്ടരകത്ത് അബ്ദുല്ല കോയ.
2019 ഡിസംബര്‍ 14 ശനിയാഴ്ച ഫജ്ര്‍ നമസ്‌കാരത്തിനു മുമ്പ് സുന്നത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കെയായിരുന്നു മരണം. ഏറെക്കാലം വെള്ളയില്‍ ജമാഅത്ത് ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രാസ്ഥാനിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം മാതാവിന്റെ പരിചരണാവശ്യാര്‍ഥം കുറച്ചു കാലമായി പ്രവര്‍ത്തന രംഗത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്നില്ല.
പ്രബോധന പ്രവര്‍ത്തനങ്ങളായിരുന്നു ഇഷ്ട മേഖല. കേരള ഇസ്‌ലാമിക് മിഷന്റെ (കിം) അവധിക്കാല സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ സ്ഥിരാംഗമായിരുന്നു. തെക്കന്‍ കേരളത്തില്‍ നിരവധി ദഅ്‌വാ ബന്ധങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. അനവധി ആളുകളെ കിം പോസ്റ്റല്‍ ലൈബ്രറിയില്‍ അംഗമാക്കി. ഗള്‍ഫ് പര്യടന സമയത്ത് വിവിധ ഹല്‍ഖകളില്‍ ദഅ്‌വാ അനുഭവം പങ്കുവെച്ചത് പുതുതലമുറക്ക് ദഅ്‌വാ രംഗത്ത് കടന്നുവരാന്‍ ആവേശമായി. ദിവസം ഒരാള്‍ക്കെങ്കിലും ഇസ്‌ലാമിക സന്ദേശം എത്തിക്കുക എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. വീട്ടിലെത്തുന്നവരോട് കുറഞ്ഞ സമയത്തിനകം ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഐ.പി.എച്ചില്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങി പ്രബോധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.
അദ്ദേഹം നല്‍കിയ ഖുര്‍ആനാണ് താന്‍ ആദ്യമായി കൈകൊണ്ട് തൊട്ട വിശുദ്ധ ഗ്രന്ഥമെന്ന് നാട്ടിലെ ആദിവാസി മൂപ്പന്‍ പറയുന്നു. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് സംശയത്തിനും അദ്ദേഹം സമീപിക്കാറ് പിതാവിനെയാണ്. ഒരിക്കല്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍നിന്നും ഇറക്കിവിട്ടു. ഗേറ്റിനു പുറത്തു കടന്ന ശേഷം പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നബഇലെ അവസാന ആയത്ത് (78:40) ഓതി അര്‍ഥം പഞ്ഞുകൊണ്ട് പിതാവ് പറഞ്ഞു: 'ഈ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഞാന്‍ വന്നത്. ഇപ്പോള്‍ ഞാന്‍ പോകുന്നു. പിന്നെ വരാം.' തിരിഞ്ഞു നടന്ന പിതാവിനെ തിരിച്ചു വിളിച്ച് മണിക്കൂറുകളോളം സംസാരിച്ച് ചായയും നല്‍കിയാണ് ആര്‍.എസ്.എസ് നേതാവ് പറഞ്ഞയച്ചത്.
കോഴിക്കോടും വയനാടുമായിരുന്നു അദ്ദേഹത്തിന്റെ ജീവിത മേഖല. അടിയന്തരാവസ്ഥയില്‍ പ്രബോധനത്തിന്റെ പ്രസിദ്ധീകരണം തടയപ്പെട്ടപ്പോള്‍ ജോലി നഷ്ടപ്പെട്ട് വളരെയധികം ബുദ്ധിമുട്ടി. ആയിടക്കാണ് ചന്ദ്രികയില്‍ കമ്പോസിറ്ററായി ജോലിക്ക് പ്രവേശിച്ചത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ തൊഴിലിന്റെ ഭാഗമായി അച്ച് നിരത്തുമ്പോള്‍ മനോവേദന അനുഭവിക്കാറുണ്ടെന്ന് വീട്ടുകാരോട് പറയും.
ഖത്തര്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) സജീവ പ്രവര്‍ത്തകന്‍ കെ. ലുഖ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി അസെറ്റ് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നൂഹ്, പ്രവാസി വെല്‍ഫെയര്‍ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സലാഹുദ്ദീന്‍ എന്നിവരാണ് ആണ്‍മക്കള്‍. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗങ്ങളാണ് പെണ്‍മക്കള്‍. വനിതാ ഹല്‍ഖാ നാസിമത്താണ് ഭാര്യ സൈനബ ടീച്ചര്‍.
യാത്രാപ്രിയനും യാത്രാനുഭവങ്ങള്‍ വിവരിക്കാന്‍ തല്‍പരനുമായിരുന്നു. അദ്ദേഹത്തിന്റെ ഹജ്ജ് യാത്രാനുഭവമാണ് നാട്ടിലെ പലരെയും ഹജ്ജിന് പ്രേരിപ്പിച്ചത്. 
സമയനിഷ്ഠ കണിശമായിരുന്നു. ഹാജ്യാര്‍ അഞ്ച് വഖ്ത് പള്ളിയില്‍ പോകുന്നതാണ് ഞങ്ങള്‍ക്ക് സമയമറിയാനുള്ള സിഗ്നല്‍ എന്ന് അയല്‍വാസികള്‍ പറയുന്നു. ജനാസ നമസ്‌കാരത്തിന് തടിച്ചുകൂടിയ ജനങ്ങള്‍ ഒരു വലിയ നേതാവിനേക്കാള്‍ വാപ്പയെ മനസ്സിലേറ്റിയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ രാപ്പകലില്ലാതെ അദ്ദേഹത്തോടൊപ്പം സ്‌ക്വാഡ് നടത്തി.
ജമാഅത്തെ ഇസ്‌ലാമിയുടെ ഫര്‍ക യോഗം നടക്കുന്ന കാലത്ത് കോഴിക്കോട്ടു നിന്നും നടന്ന് കിലോമീറ്ററുകള്‍ അപ്പുറമുള്ള ബാലുശ്ശേരിയിലേക്ക് അദ്ദേഹം എല്ലാ ആഴ്ചയും പോകുമായിരുന്നു. ശാരീരിക പ്രയാസം മൂലം പള്ളിയില്‍ പോകാന്‍ സാധിക്കാതായപ്പോള്‍ വീട്ടിലുള്ളവരെ എല്ലാവരെയും ചേര്‍ത്ത് ജമാഅത്തായി നമസ്‌കരിക്കുമായിരുന്നു. 
ചേന്ദമംഗല്ലൂര്‍, വയനാട്, വെള്ളയില്‍, പാലത്ത്, ചേളന്നൂര്‍ എന്നിവിടങ്ങളില്‍ കുറച്ചു കാലമേ അദ്ദേഹം താമസിച്ചിട്ടുള്ളൂവെങ്കിലും പതിറ്റാണ്ടുകള്‍ ജീവിച്ചവരുടെ സുഹൃദ് ബന്ധം അദ്ദേഹം നേടിയെടുത്തിരുന്നു.

കെ. സലാഹുദ്ദീന്‍

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌