Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

തിരിച്ചു പിടിച്ചു ആ ബന്ധം

അബ്ദുര്‍ റസാഖ് പുലാപ്പറ്റ 

എം.ഐ അബ്ദുല്‍ അസീസ് സാഹിബ് സൂചിപ്പിച്ചത് (മുഖവാക്ക്, ലക്കം 3141) പോലെ പ്രബോധനം കൈയില്‍ കിട്ടാതാകുമ്പോള്‍ അസ്വസ്ഥനാകുന്നവരില്‍ ഒരാളാണ് ഞാന്‍. കുറച്ച് കാലം മുമ്പ്, ഏജന്റ് പ്രബോധനം കെട്ട് തുറക്കുന്നതിന് മുന്നേ കെട്ട് പൊട്ടിക്കുക, വണ്ടിക്കാരനോട് അന്വേഷിക്കുക, വൈകിയാല്‍ പ്രബോധനത്തില്‍ വിളിച്ച് ചോദിക്കുക തുടങ്ങിയ പണികളൊക്കെ ഉണ്ടായിരുന്നു. ഇടക്ക് വെച്ച് വായന പിന്നോട്ട് പോയപ്പോള്‍  പ്രബോധനവുമായും അല്‍പം അകന്നു. ഈ വര്‍ഷം മുതല്‍ ഒന്നിടവിടാതെ ആര്‍ത്തിയോടെ വായിക്കുന്ന  ആ ശീലം തിരിച്ച് പിടിച്ചിരിക്കുന്നു.
ബുധനാഴ്ച ഒരു പ്രത്യേക ദിവസമാണ്, പ്രബോധനം വരുന്നത് കൊണ്ട് മാത്രം. അടുക്കും തോറും നമ്മെ കൂടുതല്‍ ആകര്‍ഷിക്കുന്ന അത്ഭുതമാണ് പ്രബോധനം. സമകാലികമായി നാം ചിന്തിക്കുന്ന ഏത് വിഷയവും പ്രബോധനത്തിന്റെ താളുകളില്‍ ഇടം പിടിച്ചിട്ടുണ്ടാകും. വായിക്കാതിരിക്കുന്നത് വലിയ നഷ്ടമാണ്. ഈ വായനക്ക് ഒരുപാട് പരിമിതികളുണ്ട്. ആഴ്ച തോറും വിളമ്പുന്ന ഈ സദ്യ മലയാളി മുസ്‌ലിമിന് ഒഴിച്ചുകൂടാനാവാത്തതാണ്, സഹോദര സമുദായക്കാര്‍ക്കും. 


ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാര്‍

വളരെ വൈകിയാണേലും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു വിഷയം സദ്‌റുദ്ദീന്‍ വാഴക്കാട് ചര്‍ച്ച ചെയ്തതില്‍ ഏറെ സന്തോഷം തോന്നി. വിഭജനത്തിനുത്തരവാദി ആര്‍.എസ്.എസ്സാണെന്ന വസ്തുത ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയമാണ്. സവര്‍ക്കറെ പോലെ ഹിന്ദുത്വ കാഴ്ചപ്പാടുള്ള ആളുകള്‍ 1940-കള്‍ക്കു മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒന്നിച്ചുപോകാന്‍ സാധ്യമല്ല എന്നത്.
ഒരു ഇസ്‌ലാമിക രാഷ്ട്രവാദത്തിലേക്ക് പോകാനുള്ള ഇസ്‌ലാമിക ബോധമൊന്നും ജിന്നക്കില്ല എന്നത് ജിന്നയെ അറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മാത്രവുമല്ല ജിന്ന ഒരു ഭൗതികവാദിയും മതേതര കാഴ്ചപ്പാടുള്ള ആളുമായിരുന്നു എന്നതിന് പാകിസ്താന്‍ രൂപീകരിക്കപ്പെട്ട ആദ്യ പാക് അസംബ്ലിയിലെ ജിന്നയുടെ പ്രസംഗം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതൊരു മത പാകിസ്താനല്ല തികച്ചും മതേതര പാകിസ്താനാണെന്നാണ് അദ്ദേഹം അന്ന് പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍.പി മുഹമ്മദ് എഴുതിയ ചരിത്രപഠനത്തില്‍ ഈ കാര്യം വായിച്ചതായി ഓര്‍ക്കുന്നു. ഈയിടെ എം.എന്‍ കാരശ്ശേരിയും അതേ അഭിപ്രായം പറയുന്നത് കേള്‍ക്കുകയുണ്ടായി.
ഇന്നിപ്പോള്‍ നാഴികക്ക് നാല്‍പതു വട്ടം പാകിസ്താന്‍ പാകിസ്താന്‍ എന്ന് ആക്രോശിക്കുന്ന സംഘ് പരിവാരങ്ങളുടെ നിലപാടുകള്‍ അതിന് കൂടുതല്‍ തെളിവ് നല്‍കുന്നു. പാവപ്പെട്ട മുസ്‌ലിംകളുടെ നേരെ നോക്കി പാകിസ്താന്‍ എന്നു പറഞ്ഞ് ഭയപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിലെ ഹിന്ദുക്കളെയും അവര്‍ പാകിസ്താന്‍ പറഞ്ഞാണ് പേടിപ്പിക്കുന്നത്. അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പോലും ഇന്ന് പാകിസ്താന്‍ കാരണക്കാരാവുന്നു എന്നതല്ലേ ശരി.
ആര്‍.എസ്.എസ് മുസ്‌ലിംകള്‍ക്ക് എതിരാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി ആര്‍.എസ്.എസ്സിന്റെ രാഷ്ട്രീയ മുഖമാണെന്ന കാര്യത്തിലും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ഒരു പ്രസ്താവന വായിച്ചതായി ഓര്‍ക്കുന്നു; 'കടലില്‍ മുസ്വല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍.എസ്.എസ്സിനെ വിശ്വസിക്കാന്‍ പറ്റുകയില്ല' എന്ന്.
1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയില്‍ നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അവയൊന്നും വിസ്മരിക്കപ്പെടാനുള്ളതല്ല. പതിനായിരക്കണക്കിന് മുസ്‌ലിംകളെ കൊന്നു തള്ളിയ വര്‍ഗീയ ലഹളകളുടെ പിന്നില്‍ അന്നത്തെ ജനസംഘവും ആര്‍.എസ്.എസ്സുമാണെന്നാണ് എല്ലാ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകളിലും കാണാന്‍ കഴിഞ്ഞത്. ജംഷഡ്പൂര്‍, ജബല്‍പൂര്‍, റൂര്‍ക്കല, നെല്ലി, ബോംബെ അങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ മനപ്പൂര്‍വം ആര്‍.എസ്.എസ്സുകാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കുരുതികളായിരുന്നു അവ. അന്ന് ഇന്ത്യ മൊത്തം ഭരിക്കുന്നത് കോണ്‍ഗ്രസ് ഗവണ്‍മെന്റുകളായിരുന്നു. ഒരൊറ്റ അന്വേഷണങ്ങളും പുറംലോകം കണ്ടില്ല.
കശ്മീര്‍ പുല്‍വാമ ആക്രമണം കൊണ്ട് ആരാണ് നേട്ടം കൊയ്തതെന്ന് വളരെ പതുക്കെ രാഹുല്‍ ഗാന്ധി ചോദിക്കുകയുണ്ടായി. എന്നാല്‍ ആ വാദം ഏറ്റെടുക്കാന്‍ ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസുകാരെ പോലും രാഹുലിന് കിട്ടുകയില്ല എന്നതാണ് സത്യം. പുല്‍വാമയില്‍ അങ്ങനെ ഒരു ആക്രമണം നടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം ഇന്നിതാകുമായിരുന്നില്ല. അതിന്റെ നേട്ടം ബി.ജെ.പി കൊയ്‌തെടുത്തു.
വിഭജനം കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന് ലളിതമായി ചോദിച്ചാല്‍ നമുക്ക് മനസ്സിലാകും ഇന്നിവിടെ പാകിസ്താന്‍ പാകിസ്താന്‍ എന്ന് ആരാണോ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവര്‍ക്കാണതിന്റെ നേട്ടം. അതായത് സാക്ഷാല്‍ ഹിന്ദുത്വ ശക്തികള്‍ക്ക്.
ചുരുക്കത്തില്‍ ഹിന്ദുത്വ ശക്തികളും ബ്രിട്ടീഷുകാരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ഇന്ത്യാ വിഭജനം. നേതൃത്വ മോഹികളായ രാഷ്ട്രീയക്കാരുടെ പങ്കും നിഷേധിച്ചുകൂടാ.
ഈയൊരു വിഷയം തെളിവിന്റെയും പഠനത്തിന്റെയും വസ്തുതകള്‍ നിരത്തി കൂടുതല്‍ ശക്തമായി ചര്‍ച്ച ചെയ്യണം. ഈയൊരു ചര്‍ച്ച പ്രബോധനത്തിലൊതുക്കാതെ മാതൃഭൂമിയിലും മനോരമയിലും മാധ്യമത്തിലും ചന്ദ്രികയിലും ഒക്കെ പ്രസിദ്ധീകരിക്കണം. ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. ഹിന്ദുത്വ വര്‍ഗീയതയെ തുറന്ന് കാണിക്കണം. ഇന്ത്യാ രാജ്യത്തെ സ്വസ്ഥതയെ നഷ്ടപ്പെടുത്തിയതാരാണ്, സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സമര രംഗം സൃഷ്ടിച്ചതിന്റെ പിന്നില്‍ ഹിന്ദുത്വ ശക്തികളാണ്. അവര്‍ മറുപടി പറയേണ്ടിവരും. 

സി.കെ ഹംസ, ചൊക്ലി


മൗലാനാ മൗദൂദിയുടെ പ്രസക്തി

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മൗലാനാ മൗദൂദിയുടെ പ്രസക്തി ഏറിക്കൊണ്ടിരിക്കുന്നുവെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന മൗദൂദി വിമര്‍ശനങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. മൗദൂദി അര്‍ഹിക്കുന്ന വിമര്‍ശം മലയാളത്തില്‍ ഇനിയും ഉണ്ടായിട്ടില്ല.
....''കബീര്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന രണ്ട് സഹോദരന്മാരുടെ മാര്‍ക്‌സിസം സ്റ്റഡി ക്ലാസ്സില്‍ യുവാവായിരിക്കെ മൗദൂദി പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.... അക്കാലത്ത് കമ്യൂണിസ്റ്റ് മൗലാനയായി അറിയപ്പെട്ടിരുന്ന നിയാസ് ഫതഹ്പൂരിയുടെ കൂടെ പത്രപ്രവര്‍ത്തനം നടത്തിയ ചരിത്രവും മൗദൂദിക്കുണ്ട്. മൗദൂദി ഒരു കമ്യൂണിസ്റ്റായിരുന്നുവെന്നല്ല, ചുരുങ്ങിയത് താന്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ ചട്ടക്കൂട് നിര്‍മിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടനയാണ് അദ്ദേഹം മാതൃകയാക്കിയതെന്ന് ഇരു പാര്‍ട്ടികളുടെയും സ്വഭാവം താരതമ്യം ചെയ്താല്‍ ബോധ്യമാവും. കമ്യൂണിസ്റ്റ് വിരുദ്ധന്‍ തന്നെയായിരുന്നു മൗലാനാ മൗദൂദി.
... പാകിസ്താനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഏക മൗലാന അബുല്‍ അഅ്‌ലാ മൗദൂദിയായിരുന്നു. 'അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുറന്ന മൈതാനിയില്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തി കാണിച്ചുതരാം'- എന്നാണ് ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ജനാധിപത്യസമര മുന്നണികളുടെയെല്ലാം മുന്‍നിരയില്‍ മൗദൂദി ഉണ്ടായിരുന്നു.
....അയ്യൂബ് ഖാന്റെ കാലത്ത് പ്രതിപക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഫാത്വിമ ജന്നയെയായിരുന്നു. ജയിലിലായിരുന്ന മൗദൂദി മോചനം ലഭിച്ചയുടന്‍ ആദ്യം ചെയ്തത് ഫാത്വിമ ജിന്നക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങുകയായിരുന്നു. പട്ടാള ഏകാധിപത്യവും ജനാധിപത്യവും ഏറ്റുമുട്ടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തിന്റെ തിരിച്ചറിവാണ് ആ രാഷ്ട്രീയ നിലപാടില്‍ പ്രതിഫലിക്കുന്നത്. അവിടെ സ്ത്രീയുടെ ഭരണ നേതൃത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അദ്ദേഹം വാശിപിടിച്ചു നിന്നില്ല എന്നത് ശ്രദ്ധേയമാണ്.
...സൈനിക നടപടിയിലൂടെ ഹൈദറാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരെ നൈസാമിനെ അനുകൂലിക്കുന്ന മുസ്‌ലിംകള്‍ സായുധ ചെറുത്തുനില്‍പിന് ഒരുക്കം കൂട്ടി. പ്രശ്‌നം മൂര്‍ഛിച്ച സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് മുസ്‌ലിം നേതൃത്വത്തിന് മൗദൂദി കത്തയച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും വിവേകവും ആ കത്തില്‍ ഉടനീളമുണ്ടായിരുന്നു. 72 വര്‍ഷം മുമ്പാണ് മൗദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തെരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗങ്ങളില്‍നിന്ന് മുസ്‌ലിംകളെ വിലക്കിയതിന്റെയും മറ്റും പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൗദൂദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചു വായിക്കേണ്ടതാണ് മൗദൂദി മുന്നോട്ടുവെക്കുന്ന ഈ നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ലി-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്.
പരമ്പരാഗത ജനുസ്സില്‍പെട്ട മതപണ്ഡിതനായിരുന്നില്ല മൗദൂദി. വെറുതെയല്ല ആദ്യകാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മതപണ്ഡിതന്മാര്‍ പിന്നീട് രാജിവെച്ചൊഴിഞ്ഞത്. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വലിയൊരു ന്യൂനതയായി ആരോപിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ അതാണ് അദ്ദേഹത്തിന്റെ ഗുണം. ഏത് തരത്തിലുള്ളവരുമായും സംവദിക്കാനുള്ള ഒരു തുറസ്സ് അദ്ദേഹത്തിലുണ്ടായത് അതുകൊണ്ടാണ്.
...ഇന്ത്യാ വിഭജനവേളയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു കര്‍മപരിപാടി നിശ്ചയിച്ചുകൊണ്ട് മദ്രാസില്‍ മൗദൂദി സുദീര്‍ഘമായൊരു പ്രസംഗം ചെയ്തിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിടാന്‍ പോകുന്ന ഭീഷണികളും വെല്ലുവിളികളും ഈ പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.
ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ പ്രവചനങ്ങളായിരുന്നു അന്ന് അദ്ദേഹം നടത്തിയിരുന്നതെന്ന് കാണാം. ഇന്ത്യന്‍ ദേശീയതക്ക് പയ്യെപ്പയ്യെ ഹൈന്ദവ സാംസ്‌കാരിക ദേശീയതയുടെ നിറപ്പകര്‍ച്ച സംഭവിക്കുന്നത്, സോഷ്യലിസത്തിന്റെ മുന്നേറ്റം, പതനം, സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ മേല്‍ത്തട്ടില്‍ പിറന്നുവീണ വരേണ്യ വര്‍ഗം മേല്‍ക്കൈ നേടുന്നത്, ജാതി രാഷ്ട്രീയം വളര്‍ന്ന് ഹിന്ദുത്വ ശക്തികള്‍ക്കിടയിലെ ആഭ്യന്തര വൈരുധ്യങ്ങള്‍ മൂര്‍ഛിക്കുന്നത് തുടങ്ങി പ്രവചനാത്മകമായ നിരവധി നിഗമനങ്ങളിലൂടെ ഈ പ്രസംഗം കടന്നുപോകുന്നു.
....നമ്മുടെ സംഘടനയുടെ പ്രവര്‍ത്തന രംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞു നല്‍കിയ ഈ രാജ്യം തന്നെയാണ്. നാം ജനിച്ചുവളര്‍ന്ന മണ്ണു തന്നെയാണ് സ്വാഭാവികമായും നമ്മുടെ കര്‍മമണ്ഡലം. ഏത് ഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏത് ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏത് സമൂഹവുമായാണോ നമുക്ക് ജന്മബന്ധമുള്ളത്, അവിടം തന്നെയാണ് നമ്മുടെ കര്‍മഭൂമി. പ്രവാചകന്മാര്‍ക്കു പോലും ദൈവം കര്‍മമണ്ഡലമായി നിശ്ചയിച്ചത് സ്വന്തം ദേശമാണ്''  

(കടപ്പാട്: Moin Shakir, 'Khilafat to Partition - A Survey of Major Political Trends Among Indian Muslims During 1919- 1947').

മുനഫര്‍ കൊയിലാണ്ടി

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌