'ഉദ്ദതുല്‍ ഉമറാ' സയ്യിദ് ഫദ്‌ലുബ്‌നു അലിയുടെ സമര-ഭരണ തന്ത്രങ്ങള്‍
മമ്പുറം സയ്യിദ് ഫദ്ല്‍ ഇബ്‌നു അലിയുടെ 'ഉദ്ദത്തുല്‍ ഉമറാ' ഇസ്‌ലാമിന്റെ രാഷ്ട്രീയ സമര ഭരണ തന്ത്രങ്ങളെ അനാവരണം ചെയ്യുന്ന രചനകളുടെ സമാഹാരമാണ്. മുസ്ലിം ജ്ഞാന നേതൃത്വവും അധികാര നേതൃത്വവും താന്താങ്ങളുടെ ഉത്തരവാദിത്തം അറിഞ്ഞിരിക്കണം. രാഷ്ട്രീയമായ ഇസ്‌ലാമിന്റെ ദൗത്യം തിരിച്ചറിയണം. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ബുദ്ധിപൂര്‍വം ഇടപെടണം. ഇക്കാര്യങ്ങളാണ് സയ്യിദ് ഫദ്ല്‍ സമുദായത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഉദ്ദ:യിലെ ഒരു ലഘു കൃതിയാണ് അദ്ദുര്‍റുല്‍ മന്‍ളൂം ലി ദവില്‍ അഖ്‌ലി വല്‍ ഫുഹൂം. ശത്രുക്കളെ കീഴ്‌പ്പെടുത്തുകയും ദുര്‍ബലരും ശക്തരുമായ ജനങ്ങള്‍ക്കിടയില്‍ നീതി നടപ്പിലാക്കുകയും ചെയ്ത ഒരു രാജാവിന്റെ ഭരണ ക്രമീകരണ രീതിയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. രാജാവ് ആരാണെന്ന് വ്യക്തമാക്കുന്നില്ല. ചരിത്രത്തില്‍ എപ്പോഴെങ്കിലും കഴിഞ്ഞുപോയ ആളാണോ, സമകാലികനാണോ, അതല്ല തന്റെ ഭാവനയിലുള്ള ഒരു മാതൃകാ രാജ്യത്തെ ഭരണാധികാരിയാണോ എന്നൊന്നും വ്യക്തമല്ല. രാജ്യത്തുടനീളം നിശ്ചിത അകലത്തില്‍ നാടുകളും കോട്ടകളും സ്ഥാപിക്കുകയും, അവിടങ്ങളില്‍ മന്ത്രിമാരെയും മുഫ്തിമാരെയും അമീറുമാരെയും (പ്രവിശ്യാ ഗവര്‍ണര്‍മാര്‍) ന്യായാധിപന്മാരെയും അവരുടെ സഹായികളെയും സൈനികരെയും ഗുരുനാഥന്മാരെയും നിശ്ചയിക്കുകയും, ഓരോരുത്തര്‍ക്കും കൃത്യമായ ഉത്തരവാദിത്തവും അതിനെല്ലാം പ്രോട്ടോക്കോളും ഹൈറാര്‍ക്കിയും തീരുമാനിക്കുകയും ചെയ്ത രാജ്യഭരണരീതിയെക്കുറിച്ചാണ് ഇതില്‍ വിശദമായി രേഖപ്പെടുത്തുന്നത്. വ്യവസ്ഥാപിതവും ആസൂത്രിതവുമായ ഈ ക്രമീകരണം വഴി രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നു; സുഭദ്രമായിത്തീരുന്നു. ഭരണാധികാരി വിവരശൂന്യനും അധര്‍മിയും ആകുന്നതോടെ രാജ്യം എങ്ങനെയാണ് ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ കലുഷിതമാകുന്നതെന്നും ശത്രുക്കള്‍ രാജ്യം കീഴ്‌പ്പെടുത്തുന്നതെന്നും വിവരിക്കുകയാണ് തുടര്‍ന്ന്. ഇസ്‌ലാമിക രാജ്യതന്ത്രജ്ഞതയും രാഷ്ട്രമീമാംസയും പഠിക്കാനും പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലഘുകൃതി നല്ലൊരു തുടക്കമായിരിക്കും.
സയ്യിദ് ഫദ്ല്‍ അവതരിപ്പിക്കുന്ന രാജാവിന്റെ ഭരണക്രമീകരണം ഇങ്ങനെയാണ്: ഒരു മാസത്തെ വഴിദൂരത്തില്‍ രാജ്യമെങ്ങും ഗംഭീര ഭരണപ്രദേശങ്ങള്‍ ഉണ്ടണ്ടാക്കുന്നു. ഓരോ ഭരണപ്രദേശത്തും ഭദ്രമായ കോട്ടകളും. ഓരോ നാട്ടിലേക്കും മൂന്നു മന്ത്രിമാര്‍. അതിലൊരാള്‍ ഫത്‌വ നല്‍കാന്‍ പ്രാപ്തിയുള്ള ഇസ്ലാമിക പണ്ഡിതന്‍. ഓരോ നാട്ടിലെയും മന്ത്രാലയത്തിന് കീഴില്‍ അഞ്ചു ദിവസത്തെ വഴിദൂരത്തില്‍ രാജ്യമെങ്ങും പ്രവിശ്യാ അമീറുമാര്‍. ഓരോ അമീറിനു കീഴിലും ഒരു ദിവസത്തെ വഴിദൂരത്തില്‍ ഓരോ ഹാകിം (അധികാരി). ഈ ഹാകിമിനു കീഴില്‍ കാല്‍ദിവസത്തെ ദൂരത്തില്‍ ഓരോ നാഇബ് (അസിസ്റ്റന്റുമാര്‍). ഓരോ അമീറിന്റെ കൂടെയും ഒരു ഉന്നത ന്യായാധിപനും (ഖാളില്‍ ഖുളാത്ത്), ഓരോ ഹാകിമിന്റെ കൂടെയും ഒരു ജഡ്ജും (ഖാളി), നാഇബ്മാരോടൊപ്പം നാഇബ് ഖാളിമാരും ഉണ്ടായിരിക്കും.
അതത് പ്രദേശത്തെ വൃക്ഷങ്ങളുടെയും മഴകൊണ്ട് വളരുന്ന കൃഷിഭൂമികളുടെയും കിണറുകളുടെയും കൃഷിയിടങ്ങള്‍ അല്ലാത്ത ഭൂമികളുടെയും കണക്കുകള്‍ സൂക്ഷിക്കലും അന്നാട്ടിലെ പ്രജകളുടെ സെന്‍സസ് എടുക്കലും അവിടത്തെ നികുതി ശേഖരിക്കലും അസിസ്റ്റന്റുമാരുടെ ജോലിയാണ്. ഹാകിമിന് അപ്പപ്പോള്‍ നാഇബ് രേഖകള്‍ എത്തിക്കണം. ഹാകിം അതിന്റെ പകര്‍പ്പ് അമീറിനും അമീര്‍ മന്ത്രാലയത്തിലേക്കും രേഖകളുടെ പകര്‍പ്പ് എത്തിക്കുന്നു.
തന്റെ മുന്നില്‍ വരുന്ന കേസുകളില്‍ ഖിസ്വാസ് (പ്രതിക്രിയാ നടപടി) ആവശ്യമുള്ളതുണ്ടെങ്കില്‍ അല്ലാഹുവിന്റെ കിത്താബും അവന്റെ തിരുദൂതരുടെ സുന്നത്തും അവലംബമാക്കി വിധിക്കണം. പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടാല്‍ അമീറിന് റഫര്‍ ചെയ്യണം. അമീറിന് വഴങ്ങുന്നില്ലെങ്കില്‍ എല്ലാ വ്യവഹാര രേഖകളും സഹിതം മന്ത്രാലയത്തിലേക്ക്. അവര്‍ അന്തിമവിധിയില്‍ എത്തണം. അതെല്ലാം കൃത്യമായി രേഖപ്പെടുത്തിവെക്കണം. നാഇബ് ഖാളിമാരാണ് വിവാഹം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുക. ജനങ്ങള്‍ക്ക് മതവിദ്യാഭ്യാസം നല്‍കേണ്ടതും നാട്ടില്‍ നന്മ പ്രചരിപ്പിക്കേണ്ടതും തിന്മ വിലക്കേണ്ടതും ജനങ്ങളെ ജിഹാദിനെക്കുറിച്ച് ഉദ്‌ബോധിപ്പിക്കേണ്ടതും ഇവരുടെ ബാധ്യതയാണ്. സാമ്പത്തിക ഇടപാടുകള്‍ ഖാളിമാരാണ് നോക്കുക.
മന്ത്രിമാരെ നീക്കം ചെയ്യാനുള്ള അധികാരം സുല്‍ത്താന്നും അമീറുമാരെ നീക്കാനുള്ള അധികാരം മന്ത്രിമാര്‍ക്കും അങ്ങനെ താഴേക്കും നിശ്ചയിച്ചിരിക്കുന്നു. ഇപ്പറഞ്ഞ ഓരോ പദവിയിലുള്ളവര്‍ക്കും ഓഫീസ്, എഴുത്ത് ഉദ്യോഗസ്ഥര്‍, അംഗരക്ഷകര്‍, ശമ്പളം എന്നിവ ഉണ്ടാകും. ഓരോരുത്തരുടെയും അംഗരക്ഷകര്‍ക്ക് സവിശേഷ അടയാളം നല്‍കുന്നു.
ഓരോ രണ്ടു വര്‍ഷത്തിലും ഓരോ മന്ത്രിയും നാടുനീളെ ഇറങ്ങി സഞ്ചരിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. തന്റെ പരിധിയിലെ ഏതെങ്കിലും ഹാകിമുമാര്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്യായം/അനീതി/അക്രമം ചെയ്തതായി പരാതിയുള്ളവര്‍ക്ക് നേരില്‍ ആവലാതി ബോധിപ്പിക്കാന്‍ എല്ലാ പ്രദേശത്തും മന്ത്രി പ്രത്യേകം പ്രത്യേകം അദാലത്തുകള്‍ വിളിച്ചുകൂട്ടും. പരാതി വന്നാല്‍ അന്യായക്കാരനെയും പരാതിക്കാരനെയും വിളിച്ച് വിചാരണ ചെയ്ത്, പ്രശ്‌നത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയോ താക്കീതോ പിഴയോ എല്ലാം കൂടിയോ പരസ്യമായി നല്‍കും/വിധിക്കും. ഓരോ ആറു മാസത്തിലും പ്രവിശ്യാ അമീറുമാര്‍ സമാനമായ അദാലത്തുകള്‍ സംഘടിപ്പിക്കുകയും അതതിടങ്ങളിലെ ഹാകിമുമാരെ കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്.
മൂന്നു വര്‍ഷം കൂടുമ്പോള്‍ അമീറിന്റെ കാര്യാലയത്തില്‍നിന്നും ഒരുദ്യോഗസ്ഥന്‍ നാടുനീളെ കറങ്ങും. നികുതി പുതുക്കി നിശ്ചയിക്കുകയാണ് പ്രധാന ലക്ഷ്യം. കൃഷിഭൂമികള്‍ നിരീക്ഷിക്കുകയും അഭിവൃദ്ധി കണക്കാക്കുകയും ചെയ്യും. നികുതി വര്‍ധിപ്പിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വര്‍ധിപ്പിക്കും; കൃഷി തകര്‍ന്നവരോ വിളവ് കുറഞ്ഞവരോ ഉണ്ടെങ്കില്‍ നികുതിയില്‍ ഇളവ് രേഖപ്പെടുത്തും.
മന്ത്രാലയം രാജ്യമെങ്ങും എഞ്ചിനീയര്‍മാരെ പറഞ്ഞയക്കും; അവര്‍ റോഡുകള്‍ ശരിയാക്കും, നഗര നിര്‍മാണാസൂത്രണം ചെയ്യും. തണല്‍ തരുന്ന വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും. വഴികള്‍ വീതികൂട്ടും. വഴികളിലെ കുന്നും കുഴികളും നിരത്തി ചൊവ്വാക്കും. നാട് അലങ്കരിക്കാന്‍ ആവശ്യമായ ചിത്രങ്ങളും വിളക്കുകളും ഏര്‍പ്പാട് ചെയ്യും. കോട്ടകളുടെ കേടുപാടുകള്‍ പരിഹരിക്കും. പ്രജകള്‍ക്ക് ഗുണകരമായ കിണറുകള്‍, ഹൈവേകള്‍ പോലുള്ള നിര്‍മാണങ്ങള്‍ നടത്തും, വഖ്ഫുകള്‍ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തും.
നാല് വര്‍ഷത്തിലൊരിക്കല്‍ സുല്‍ത്താന്‍ തന്റെ അടുത്ത ഒരു ബന്ധുവിന്റെ നേതൃത്വത്തില്‍ മന്ത്രാലയങ്ങള്‍ പരിശോധിക്കാന്‍ സംഘത്തെ വിടും. സംഘത്തില്‍ ഒരു പണ്ഡിതനും ഒരു മന്ത്രിയും ഉണ്ടാകും. മന്ത്രാലയത്തില്‍ എത്തിയാല്‍, ഓരോ ഹാകിമിന്റെയും അടുക്കലേക്ക് ഒരു പരാതിപ്പെട്ടി കൊടുത്തയക്കും. കൂടെ നാല് നാഇബുമാര്‍ക്കുള്ള നാല് കത്തുകളും. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: 'ഇത് സുല്‍ത്താന്‍ പ്രജകള്‍ക്ക് എഴുതുന്ന കത്താണ്. ഹാകിമുമാരായ ആരെങ്കിലും നിങ്ങളെ ഏതെങ്കിലും നിലക്ക് ദ്രോഹിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ഭൗതികവും മതപരവുമായ കാര്യങ്ങളില്‍ നാം നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങള്‍/ ഉത്തരവാദിത്തങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ടെങ്കില്‍, മതപരമോ ഭൗതികമോ ആയ എന്തെങ്കിലും കാര്യം സുല്‍ത്താനെ അറിയിക്കാന്‍ ഉണ്ടെങ്കില്‍ വ്യക്തമായി എഴുതി ഈ പെട്ടിയില്‍ നിക്ഷേപിക്കേണ്ടതാണ്.' പത്തു ദിവസം സമയം നല്‍കും. പേര്‍ വെക്കാതെ ആളുകള്‍ പരാതികള്‍ പെട്ടിയിലിടും. ശേഷം പരാതിപ്പെട്ടി അതത് ദേശത്തെ മന്ത്രാലയത്തിലേക്ക് എടുപ്പിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇതുപോലെ പ്രജകളുടെ പരാതികള്‍ ശേഖരിക്കും. എല്ലാം സുല്‍ത്താന്റെ മുന്നിലെത്തും. അദാലത്ത് നടക്കും.
രാജ്യത്ത് സൈന്യങ്ങളെ വിന്യസിക്കും. ആവശ്യത്തിനു മാത്രം. കടലില്‍ നാവിക സേനയും ആവശ്യത്തിന്. ഓരോ ഇരുനൂറ് സൈനികര്‍ക്ക് ഒരു ധര്‍മോപദേശിയെ നിശ്ചയിക്കും. സൈനികരെ മത കാര്യങ്ങള്‍ പഠിപ്പിക്കുക, ദീനുല്‍ ഇസ്‌ലാമില്‍നിന്നും പുറത്തുപോകുന്ന വാക്കുകള്‍ വരാതിരിക്കാന്‍ താക്കീത് ചെയ്യുക, ജിഹാദിന് ആവേശം ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഉപദേശി ചെയ്യേണ്ടത്. ഒരു സൈനികന്‍ ശത്രുക്കള്‍ ആയിരം ഉണ്ടെങ്കിലും അത് കാര്യമായെടുക്കാതെ അവരെ നേരിടും. ഓരോ മാസത്തിന്റെ വഴിദൂരത്തിലും ഇതുപോലുള്ള സൈനിക ക്യാമ്പുകള്‍ ഉണ്ടായിരിക്കും.
ഇപ്രകാരമുള്ള ക്രമീകരണങ്ങള്‍ നിമിത്തം രാജാവ് വിശാലമായ പ്രദേശങ്ങള്‍ മൊത്തത്തില്‍ അധീനപ്പെടുത്തുന്നു, ഒരൊറ്റ രാജ്യത്തിലെ രാജാവെന്ന പോലെ. ശരീഅത്ത് അടിസ്ഥാനമാക്കിയായിരിക്കും എല്ലാ ഭരണനടപടികളും.
രാജാവ് ഒരു ഭരണപ്രദേശം സജ്ജമാക്കാന്‍ തീരുമാനിച്ചാല്‍ അവിടേക്ക് ഒരു എഞ്ചിനീയറെ പറഞ്ഞയക്കും. പുഴ/നദിക്കരികില്‍, കൃഷിപ്രദേശങ്ങള്‍ക്ക് ചാരെ മൃദുലമായ മന്ദമാരുതന്‍ ലഭിക്കുന്ന ഒരിടത്ത് കോട്ട പണിയാമെന്ന അഭിപ്രായത്തിലെത്തിയാല്‍ എഞ്ചിനീയര്‍ ആ പ്രദേശത്തിന്റെ മാപ്പും കോട്ടയുടെ ഘടനയും കാണിച്ച് രാജാവിന് അയക്കുന്നു. ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ പരിശോധിക്കുന്നു. അവരുടെ അഭിപ്രായങ്ങള്‍ രാജസന്നിധിയില്‍ വെക്കുന്നു. കൊള്ളാമെന്ന് തോന്നുന്ന സ്ഥലത്ത്, ഏറ്റവും നല്ല രൂപത്തില്‍ കോട്ട പണിയാന്‍ രാജാവ് കല്‍പന കൊടുക്കുന്നു. കടലിനോട് ചേര്‍ന്ന് ഒരു നിരീക്ഷണ കേന്ദ്രവുമുണ്ടാവും. നാടിന്റെ നാല് ഭാഗത്തും ഹാകിം ഓഫീസുകളും. വഴികള്‍ വെട്ടി യാത്രായോഗ്യമാക്കും. ഓരോ നിര്‍മാണ കലയിലും വൈദഗ്ധ്യമുള്ള രണ്ടു പേരെ അങ്ങോട്ടയക്കും. അവര്‍ ചേര്‍ന്ന് മനോഹരവും സുഭദ്രവുമായ ഒട്ടേറെ പട്ടണങ്ങള്‍ പണിയുന്നു.
മന്ത്രിമാര്‍ക്കെതിരില്‍ നടപടി ആവശ്യമായാല്‍ ഏതെങ്കിലും കപ്പലില്‍ നിശ്ചിത ദിവസം കടലില്‍ പാര്‍പ്പിക്കും. കപ്പല്‍ മാറ്റിക്കൊണ്ടിരിക്കും. ചിലപ്പോള്‍ മാസങ്ങള്‍/വര്‍ഷങ്ങള്‍ ഇങ്ങനെ കപ്പല്‍ തടവിലായിരിക്കും മന്ത്രി. എല്ലാ കടലുകളിലും രാജാവിന് കപ്പലുകള്‍ ഉണ്ടായിരിക്കും; അതിന്റെ പേര് ദൗറാ. ശരീഅത്ത് നിയമമനുസരിച്ച് കൊല്ലപ്പെടേണ്ട വ്യക്തിയെ അല്ലാതെ ആരെയും വധിക്കില്ല. 'ആര്‍ കൊല വര്‍ധിപ്പിക്കുന്നുവോ അയാളുടെ ആയുസ്സ് ചുരുങ്ങുകയും അധികാരം നശിക്കുകയും ചെയ്യുന്നതാണ്' എന്നൊരു ചൊല്ലുണ്ട്.
അധികാര പരിധിയിലെ ദ്വീപുകള്‍ ജനവാസ യോഗ്യമാക്കി വികസിപ്പിക്കാന്‍ അവിടേക്ക് മൂന്ന് മന്ത്രിമാരെയും വന്‍കിട കച്ചവടക്കാരെയും അയക്കുന്നു. ആ നാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. അവര്‍ക്ക് നികുതി ഒഴിവാക്കി കൊടുക്കുന്നു. മറ്റു പ്രദേശങ്ങളില്‍നിന്ന് നാടുകടത്തല്‍ ശിക്ഷ ലഭിച്ചവരെ മുഴുവന്‍ ഇങ്ങോട്ട് കടത്തുന്നു. അവര്‍ അവിടെ നിര്‍മിക്കുകയും പാര്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരം തന്നെ, ജനവാസമില്ലാത്തിടത്തെ തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കുന്നു. കൃഷിക്ക് യോജിച്ചതാണെന്ന് കണ്ടാല്‍ അവിടേക്ക് കച്ചവടക്കാരെ വിടുന്നു. പരിസരത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. നിശ്ചിത കാലത്തേക്ക് നികുതി ഒഴിവാക്കുന്നു. അവിടെ കൃഷി ചെയ്തു നേരത്തേ ലഭ്യമല്ലായിരുന്ന ധാരാളം ധാന്യങ്ങളും മറ്റും ഉല്‍പാദിപ്പിക്കുന്നു. അവരുടെ സ്വന്തം നാടുകളിലേക്ക് ധാന്യം നിറച്ച കപ്പലുകള്‍ എത്തുന്നു. ഇതിനെല്ലാമുള്ള ഉത്തരവാദിത്തം അവിടെ നിയോഗിക്കപ്പെടുന്ന മൂന്നംഗ മന്ത്രിസഭക്കാണ്. പഴയ നഗരങ്ങള്‍ ഏതെങ്കിലും വല്ലാതെ തകര്‍ന്നു കിടക്കുന്നുണ്ടെങ്കില്‍ അവിടെത്തന്നെ പുതുക്കിപ്പണിയാതെ പുതിയ നഗരത്തിന്റെ ഒരു ഭാഗത്തേക്ക് വിശിഷ്ട ശേഷിപ്പുകള്‍ നീക്കം ചെയ്യുകയും അവിടെ അത് പുനരാവിഷ്‌കരിക്കുകയും ചെയ്യും.
രാജ്യവും പ്രജകളും രാജാവിന് തന്റെ കുടുംബം പോലെയാണ്. എല്ലാ കുടുംബാഗങ്ങളുടെ കാര്യത്തിലും രാജാവിന് കൃത്യമായ ഉത്തരവാദിത്തമുണ്ട്. ഒരു എഞ്ചിനീയറെ നിയമിക്കുന്നതിനു മുമ്പ് രാജ്യത്തിന്റെ എല്ലാ ഭൂമിശാസ്ത്രവും അയാള്‍ക്ക് പരിചയപ്പെടുത്തുന്നു. മതനിഷ്ഠയില്‍ കണിശതയുള്ളയാളും പ്രശംസനീയവും പരിശുദ്ധവുമായ സ്വഭാവ ഗുണങ്ങള്‍ ഉള്ളയാളും, ഉപകാരപ്രദമായ അറിവും തികഞ്ഞ ബുദ്ധിയും വിവേകവും ഉള്ളയാളും ആയിരുന്നാലേ അയാളെ മന്ത്രിയായി നിയമിക്കുകയുള്ളൂ. രാജാവ് വിനയാന്വിതനും പണ്ഡിതന്മാരെയും സജ്ജനങ്ങളെയും ദുര്‍ബല ജനങ്ങളെയും സാധുക്കളെയും സ്‌നേഹിക്കുന്ന വ്യക്തിയും ആകുന്നു. അദ്ദേഹത്തിന്റെ ഭരണം അല്ലാഹുവിന്റെ കിത്താബിലും അവന്റെ അന്ത്യ ദൂതരുടെ സുന്നത്തിലും അധിഷ്ഠിതമായിരിക്കും. അവയുടെ ഒരു സേവകന്‍ മാത്രമാണ് രാജാവ്.
ഇങ്ങനെയൊരു ക്രമീകരണം ബുദ്ധിമാനായ രാജാവ് നടത്തിയാല്‍ അയാളുടെ രാജ്യം വികസിക്കും; ഭൂമിയും. എന്നാല്‍, രാജാവ് ശുഷ്‌ക ബുദ്ധിയാണെങ്കില്‍ അധികാരം ശുഷ്‌കമായിത്തീരും. വിജയ പരാജയങ്ങളുടെ ആത്യന്തിക അവലംബം അല്ലാഹുവിന്റെ വേദത്തിലും ദൂതരുടെ ചര്യയിലും തന്നെ. അതിനൊരു പകരമോ വകഭേദമോ സാധ്യമല്ല. ഇത്തരമൊരു സുന്ദരരാജ്യം ഭൂമുഖത്തു നിന്നും ഇല്ലാതാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചാണ് ഫദ്ല്‍ തങ്ങള്‍ തുടര്‍ന്ന് വിവരിക്കുന്നത്. വിഡ്ഢിയും വിവരമില്ലാത്തവനും ദുര്‍നടപ്പുകാരനും സ്വേഛാധിപതിയുമായ രാജാവ് നാടുവാഴാന്‍ തുടങ്ങുമ്പോഴാണ് നാശം ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന്, അന്നാട്ടില്‍ അനാചാരങ്ങളും പിഴച്ച വിശ്വാസങ്ങളും മദ്യപാനം പോലുള്ള നിഷിദ്ധങ്ങളും പതിയെപ്പതിയെ എല്ലാവിധ അരുതായ്മകളും പ്രത്യക്ഷപ്പെടുന്നു. സര്‍വാംഗീകൃത നിയമസരണികള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനും ഫത്‌വ ഇറക്കാനും സുല്‍ത്താന്‍ മുഫ്തികളെയും ഹാകിമുമാരെയും പ്രേരിപ്പിക്കുന്നു. തദ്വാരാ, ദീനിന്റെ ശത്രുക്കളായ ചില സംഘങ്ങള്‍ രംഗത്തു വരുന്നു. അവര്‍ വിശ്വാസകാര്യങ്ങളിലും നിയമകാര്യങ്ങളിലും പുതിയ സംഗതികള്‍ തിരുകിക്കയറ്റുന്നു. അങ്ങനെ നാട്ടില്‍ പന്ത്രണ്ടു കക്ഷികള്‍ സജീവമാകുന്നു. ഓരോന്നും മറ്റവരുടെ രക്തവും ധനവും ഹലാലാണെന്ന് സ്ഥാപിച്ചുകൊണ്ട് തമ്മിലടിക്കുന്നു. അവരുടെ ഹൃദയബന്ധം തകരുന്നു. അതായിരുന്നു സമുദായത്തിന്റെ സുരക്ഷിതമായ കോട്ട. അവരെ പിശാചുക്കളും കൂട്ടാളികളും ഭരിക്കുകയാണ്. ജനം മതകാര്യങ്ങളില്‍ അലസരായി മാറുന്നു. അവര്‍ സകല പ്രവാചകന്മാരെയും ദൂതന്മാരെയും വ്യജന്മാരാക്കുന്നു. സ്വഹാബികളും കഴിഞ്ഞുപോയ ജ്ഞാനികളും ഔലിയാക്കളും സത്യത്തിന്മേല്‍ ചരിച്ചവരല്ലെന്ന് പറയുന്നു. അവര്‍ ബുദ്ധിയും അറിവും ഇല്ലാത്തവരായിരുന്നുവെന്നും. ഇത്തരം നിലപാടുകള്‍ ഉണ്ടാവുക രണ്ടുതരം ആളുകളില്‍നിന്നാണ്. ഒന്നുകില്‍ ഇസ്ലാമികവേഷം ധരിച്ച കപടരില്‍നിന്ന്. അല്ലെങ്കില്‍ ദീന്‍ എന്താണെന്ന് മനസ്സിലാക്കാത്ത പരമ പാമരന്മാരില്‍നിന്നും.
സമുദായം ഇത്തരമൊരു സ്ഥിതിവിശേഷത്തിലെത്തിയാല്‍ ഇസ്ലാമിക രാജ്യം ദുര്‍ബലമാകും. ഹൃദയങ്ങള്‍ ഛിദ്രിക്കും. അപ്പോള്‍, അല്ലാഹു ഈ ദീനിനെ സംരക്ഷിക്കാന്‍ മറ്റൊരു ജനതയെ കൊണ്ടുവരും. എല്ലാ മുസ്‌ലിംകളും നബി(സ)യെയും സ്വഹാബികളെയും ഖുലഫാഉര്‍റാശിദുകളെയും അനുഗമിക്കണം, പഴയ മുസ്ലിം ഭരണാധികാരികള്‍ക്ക് സംഭവിച്ച ഗുരുതരമായ പിഴവുകള്‍ വര്‍ജിക്കണം എന്ന സന്ദേശമാണ് അവര്‍ക്ക് കണിശമായി പറയാന്‍ ഉണ്ടാവുക.
തുടര്‍ന്ന്, സയ്യിദ് ഫദ്ല്‍ ഒന്നാം സൈനുദ്ദീന്‍ മഖ്ദൂം രചിച്ച പ്രസിദ്ധമായ തഹ്‌രീള് എന്ന ജിഹാദീ കാവ്യത്തിലെ അവസാന ഭാഗത്തു നിന്ന് ഇരുപത് വരികള്‍ ഉദ്ധരിക്കുന്നു. തഹ്‌രീളില്‍നിന്നാണെന്ന് പറയുന്നില്ല. സമുദായം, വിശിഷ്യാ അധികാരികളും ജ്ഞാനികളും വഴികേടിലേക്ക് ആപതിക്കുമ്പോള്‍ സമുദായത്തിന് ഒരു വലിയ ശത്രു ജന്മം കൊള്ളുന്നു എന്ന പാഠം ഉദാഹരണസഹിതം പഠിപ്പിക്കുകയാണവിടെ.
നബി(സ)യുടെയും ചില താത്ത്വികരുടെയും അര്‍ഥഗര്‍ഭവും നയതന്ത്രങ്ങള്‍ അടങ്ങിയതും രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ടതുമായ ഏതാനും വചനങ്ങള്‍ ഉദ്ധരിച്ച് അനുവാചകരുടെ അകക്കാഴ്ച വികസിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ തുടര്‍ന്ന്. 'മിതവ്യയം ഉപജീവനത്തിനു വേണ്ട പകുതി ഉപാധികള്‍ തരുന്നു', 'ബുദ്ധിയുടെ അമ്പത് ശതമാനവും വെളിപ്പെടുന്നത് ജനങ്ങളുമായി സ്‌നേഹമസൃണമായി ഇടപഴകുന്നതിലാകുന്നു', 'നല്ല ചോദ്യം പകുതി അറിവാകുന്നു', 'ഓരോ യുദ്ധവും ഓരോ തന്ത്രത്തെ അടിസ്ഥാനമാക്കിയാകണം', 'വാര്‍ത്ത ദൃക്‌സാക്ഷിക്ക് സമമാകില്ല', 'വിശ്വസ്തനായിരിക്കണം കൂടിയാലോചകന്‍' എന്നിവ പ്രവാചകരുടെ പ്രസ്താവനകളാണ്. ചില തത്ത്വജ്ഞാനികള്‍ പറഞ്ഞു: 'ജീവനോപാധിയുടെ പകുതിയും ജീവിതക്രമീകരണത്തില്‍ ഉണ്ട്', 'ഒരു ഗോത്രത്തേക്കാള്‍ ഫലപ്രദമാണ് ഒരു സൂത്രം', 'മൂന്നു വിഭാഗം ആളുകളെ കീഴടക്കാന്‍ കഴിയുക മൂന്ന് സ്വഭാവ ഗുണങ്ങള്‍ കൊണ്ടത്രെ: രാജാവിനെ വശത്താക്കാന്‍ നല്ല മര്യാദയും അനുസരണയും കാണിക്കുക; പ്രതാപവാന്മാരെ വരുതിയിലാക്കാന്‍ സുന്ദര സ്വഭാവവും സുന്ദര സമീപനരീതിയും (മുദാറാ:) പാലിക്കുക; പൊതുജനങ്ങളെ സ്വര്‍ണ-വെള്ളി നാണയങ്ങള്‍ കൊണ്ട് വശപ്പെടുത്താം. ഇവ മൂന്നും ദീനിന്റെ ശത്രുക്കളില്‍നിന്നും ഉണ്ടാകുന്നത് ബുദ്ധിമാന്മാര്‍ സൂക്ഷിക്കട്ടെ', 'തന്റെ അധികാര പരിധിയില്‍ മറ്റൊരു രാജാവിനോടുള്ള സ്‌നേഹബഹുമാനം വളരുന്നത് കണ്ടാല്‍ മനസ്സിലാക്കുക, അയാള്‍ തന്റെ രാജ്യം പകുതിയും കൈയടക്കിയിരിക്കുന്നുവെന്ന്. തന്റെ മന്ത്രിമാരിലും വക്താക്കളിലും ഇത് പ്രകടമായാല്‍ മനസ്സിലാക്കുക, മൂന്നില്‍ രണ്ടും നഷ്ടപ്പെട്ടുവെന്ന്', 'വിദൂരത്തുള്ള എഴുപത് ശത്രുവിനേക്കാള്‍ അപകടകരമാണ് സമീപത്തെ ഒരു ശത്രു', 'ഒരിടത്ത് രണ്ടു രാജാക്കന്മാര്‍ ഉണ്ട്. അവരിലൊരാള്‍ മറ്റേയാളുടെ രാജ്യം പിടിച്ചടക്കണമെന്ന ആശയില്‍ കഴിയുന്നു. സ്വന്തം രാജ്യം വ്യവസ്ഥാപിതമായി നിയന്ത്രിക്കുക മാത്രമാണ് മറ്റേ രാജാവ്, അന്യ രാജ്യം പിടിക്കണമെന്ന ചിന്തയില്ല. എന്നാല്‍ വിദൂര ഭാവിയിലെങ്കിലും ആദ്യത്തെയാള്‍ രണ്ടാമത്തെ രാജ്യം പിടിച്ചെടുക്കും. ഒന്നാമന്‍ ദുര്‍ബലന്‍ ആണെങ്കില്‍ പോലും. ശക്തനാണെങ്കില്‍ വളരെ വേഗം കാര്യം നടക്കും; ഇത് അനുഭവയാഥാര്‍ഥ്യം.'
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ എഴുതിയ മുര്‍ശിദുത്ത്വുല്ലാബിലെ 'ജിഹാദ്' അധ്യായത്തില്‍നിന്ന് അദ്ദേഹത്തിന്റെ ജിഹാദീ ആഹ്വാനം പകര്‍ത്തിക്കൊണ്ട് ആദ്യഭാഗം അവസാനിപ്പിക്കുകയാണ്. അതിന്റെ തുടക്കം ഇങ്ങനെ:
''ജനങ്ങളേ, പ്രകടമായ മനക്കരുത്തോടെയും ഒരുക്കത്തോടെയും സമരത്തിന് തയാറായിക്കൊള്ളുക. നിങ്ങളുടെ ശത്രുക്കള്‍ക്കെതിരെ ഉത്സുകതയോടെ മുന്നോട്ടു വരുവിന്‍. നിശ്ചയമായും, നിങ്ങളുടെ സമരാവേശം നിങ്ങളുടെ അന്ത്യത്തെ അടുപ്പിക്കുന്നില്ല; സമരനീരസം ആയുസ്സ് കൂട്ടിത്തരുന്നുമില്ല. നിശ്ചയമായും അത് നിര്‍ണയിക്കപ്പെട്ട സമയപരിധി മാത്രമാണ്. എണ്ണപ്പെട്ട ശ്വാസങ്ങളും. എന്നെന്നും അവശേഷിക്കുന്ന ലാഭത്തിനു വേണ്ടി ആയുസ്സ് വിനിയോഗിക്കുക; കേവല നഷ്ടക്കച്ചവടത്തില്‍ അവയത്രയും ദുര്‍വിനിയോഗം ചെയ്യാതിരിക്കുക. നിത്യവാസത്തിനുള്ള സുരക്ഷിത കോട്ടയായി ഭൗതികലോകത്തെ വരിച്ചിട്ടുള്ളവരും ദൗര്‍ബല്യവും പിന്നാക്ക മനഃസ്ഥിതിയും അഭയകേന്ദ്രമായി തൃപ്തിപ്പെട്ടു ജീവിക്കുന്നവരുമായ ആളുകളെപ്പോലെ നിങ്ങള്‍ ആയിക്കൂടാ. എന്നിട്ടവര്‍ക്ക് എന്തു സംഭവിക്കുന്നു?! ഭൗതിക ജീവിതം അവരെ നിസ്സഹായതയിലേക്ക് തള്ളുന്നു; ദുര്‍ബലചിന്ത പതിതാവസ്ഥയിലേക്കും. ഭൗതികലോകത്ത് കൊതിച്ചതെന്തോ അതവര്‍ക്ക് ലഭിക്കുന്നില്ല; പരലോകത്ത് സംഭവിക്കാന്‍ പോകുന്ന ഏത് കാര്യമാണോ അവര്‍ അവഗണിച്ചത് അതവരെ കാത്തിരിക്കുകയും ചെയ്യുന്നു....''
മുസ്ലിം രാജ്യങ്ങള്‍ കീഴടക്കാന്‍ സത്യനിഷേധികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് സമുദായത്തെ ഉദ്ബുദ്ധമാക്കുന്ന ഭാഗമാണ് അടുത്തത്. തലവാചകം 'തന്‍ബീഹുല്‍ മുലൂക് മിന്‍ മക്‌രിസ്സ്വഅലൂക്' (ന്യൂനപക്ഷപ്രജകളുടെ കുതന്ത്രങ്ങളെ ക്കുറിച്ച് രാജാക്കന്മാരെ ജാഗ്രത്താക്കല്‍).
Comments