Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ഭരണാധികാരിയെ തിരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യത

റാശിദുല്‍ ഗന്നൂശി

നല്ല കാര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക, തിന്മകളെ തടുക്കുക എന്നത് പ്രമാണപരമായും യുക്തിപരമായും കര്‍ത്തവ്യവും ബാധ്യതയുമാണെന്ന് എല്ലാ കാലത്തെയും ഇസ്‌ലാമിക സമൂഹങ്ങള്‍ ഐകകണ്‌ഠ്യേന വ്യക്തമാക്കിയിട്ടുള്ളതാണ്.1 എന്നല്ല, മുഅ്തസില വിഭാഗം ആ കര്‍ത്തവ്യത്തെ ഇസ്‌ലാമിന്റെ അഞ്ച് മൗലിക അടിത്തറകളില്‍ ഒന്നായി എണ്ണുകയും ചെയ്യുന്നു. നമുക്ക് ഖുലഫാഉര്‍റാശിദുകളുടെ ചില പ്രസ്താവങ്ങള്‍ നോക്കാം. അധികാരമേറ്റയുടനെ അബൂബക്ര്‍ സ്വിദ്ദീഖ് നടത്തിയ ആദ്യ പൊതുപ്രഖ്യാപനത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: 'ഞാന്‍ ഭരണച്ചുമതല ഏല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളേക്കാള്‍ ഉത്തമനല്ല. ഞാന്‍ സത്യമാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ സഹായിക്കണം. വഴിതെറ്റി സഞ്ചരിക്കുമ്പോള്‍ എന്നെ തടയുകയും വേണം.... ഞാന്‍ അല്ലാഹുവിനെ അനുസരിക്കുമ്പോഴേ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതുള്ളു. ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ എന്നെ അനുസരിക്കേണ്ടതില്ല. ഞാന്‍ നേര്‍വഴിയില്‍ നടക്കുമ്പോള്‍ എന്നെ പിന്തുടരുക. പിഴച്ചുപോകുമ്പോള്‍ എന്നെ ശരിയായ ദിശയിലെത്തിക്കുക.'2 ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സംസാരത്തില്‍ ഇങ്ങനെ കാണാം: 'എന്നില്‍ വളവ് കണ്ടാല്‍ നിങ്ങളത് നിവര്‍ത്തണം.' അപ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ പറഞ്ഞു: 'താങ്കളില്‍ വളവ് കണ്ടാല്‍ ഞങ്ങള്‍ ഞങ്ങളുടെ വാള്‍ കൊണ്ടായിരിക്കും അത് ശരിപ്പെടുത്തുക.' അപ്പോള്‍ ഉമറിന്റെ പ്രതികരണം: 'ഉമറിന് തെറ്റിയാല്‍ അയാളെ വാള്‍ത്തലപ്പ് കൊണ്ട് ശരിപ്പെടുത്തുന്നവരെ ഈ സമൂഹത്തിന് നല്‍കി അനുഗ്രഹിച്ച അല്ലാഹുവിന് സ്തുതി.'3 വിമര്‍ശനവും ആവലാതികളും കൂടിവന്ന ഒരു ഘട്ടത്തില്‍ മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ പള്ളിയിലേക്ക് ചെന്ന്, താന്‍ വിചാരണക്ക് വിധേയനാവാനും വീഴ്ചകളില്‍ പശ്ചാതപിക്കാനും തയാറാണെന്ന് അറിയിക്കുന്നുണ്ട്. 'ഞാന്‍ പ്രസംഗപീഠത്തില്‍നിന്നിറങ്ങിയാല്‍ നിങ്ങളിലെ പ്രമുഖര്‍ എന്റെ അടുത്ത് വന്ന് തങ്ങളുടെ അഭിപ്രായങ്ങള്‍ ഞാനുമായി പങ്കുവെക്കട്ടെ' എന്നാണ് അദ്ദേഹം പറഞ്ഞത്.4
അപ്പോള്‍ ശൂറാ എന്നതുതന്നെ നന്മ കല്‍പ്പിക്കാനും തിന്മ തടയാനുമുള്ള ഒരു വേദിയാണ്. മതമൂല്യങ്ങള്‍ സംരക്ഷിക്കാനും ഭരണനടത്തിപ്പ് സുതാര്യമാവാനും മുസ്‌ലിം സമൂഹം എടുക്കുന്ന ജാഗ്രതയാണത്. എത്രത്തോളമെന്നു വെച്ചാല്‍, നന്മ പ്രോത്സാഹിപ്പിക്കാനും തിന്മ തടയാനും ആഹ്വാനം ചെയ്യുന്ന (അംറുന്‍ ബില്‍മഅ്‌റൂഫ് നഹ്‌യുന്‍ അനില്‍ മുന്‍കര്‍) ഖുര്‍ആനിക സൂക്തങ്ങളെയാണ് അദ്ദേഹം ശൂറാക്കുള്ള തെളിവായി നിരത്തുന്നത്. കാരണം, നന്മ പ്രമോട്ട് ചെയ്യുക/തിന്മ തടയുക എന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ദൗത്യങ്ങളില്‍ കേന്ദ്രസ്ഥാനത്ത് വരുന്നതും ആ സമൂഹത്തിന്റെ ശ്രേഷ്ഠ പദവിക്ക് നിദാനവുമാണ്. ആ ദൗത്യത്തില്‍നിന്ന് പിന്‍വാങ്ങിയാല്‍ അത് ശപിക്കപ്പെടാനുള്ള നിമിത്തമായിത്തീരുകയില്ലേ?5
തിന്മ ചെയ്യുന്നതിന്റെ ഗൗരവം അത് ചെയ്യാനിടവന്ന സ്ഥലവും സന്ദര്‍ഭവുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് ഒരാള്‍ വ്യഭിചരിക്കുന്നു. അത് ചെയ്യുന്നത് ഹറമില്‍ വെച്ച് ഹജ്ജിന്റെ ദിവസങ്ങളിലാണെങ്കിലോ! ചെയ്യുന്നത് ആര് എന്നതും തിന്മയുടെ ഗൗരവം വര്‍ധിപ്പിക്കും. ആ പാപം ചെയ്യുന്നത് ഒരു പണ്ഡിതനോ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമോ ആണെങ്കില്‍ എന്തായിരിക്കും സ്ഥിതി! ഇതിനേക്കാളൊക്കെ ഗുരുതരമായിരിക്കും ദൈവികനിയമങ്ങള്‍ക്കൊത്ത് ഭരണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്ത ഭരണാധികാരി അത് ലംഘിക്കുന്നത്. അപ്പോള്‍ അത്തരം വൃതിയാനങ്ങളെ തിരുത്തുക, ചോദ്യം ചെയ്യുക എന്നതായിത്തീരുന്നു സമൂഹത്തിന്റെ ഏറ്റവും അടിയന്തരമായ ഉത്തരവാദിത്തം. ആ ബാധ്യതാ നിര്‍വഹണമായിരിക്കും അല്ലാഹുവിങ്കല്‍ ഏറ്റവും പ്രതിഫലാര്‍ഹവും. നബി സ്ര) പറഞ്ഞുവല്ലോ; 'രക്തസാക്ഷികളുടെ നേതാവ് ഹംസയാണ്. അതുപോലെ, നന്മ ചെയ്യണമെന്നും തിന്മ ചെയ്യരുതെന്നും പറയാനായി ഭരണാധികാരിയുടെ അടുത്ത് ചെല്ലുകയും എന്നിട്ട് അയാളാല്‍ കൊല്ലപ്പെടുകയും ചെയ്ത വ്യക്തിയും.' അതാണ് ഏറ്റവും മികച്ച പോരാട്ടം എന്നും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അതിക്രമിയായ ഭരണാധികാരിക്ക് മുമ്പില്‍ സത്യം പറയുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്.
   ഈ വിശാലമായ അര്‍ഥത്തില്‍ നന്മ കല്‍പ്പിക്കാനും തിന്മ തടയാനും സമൂഹം മുന്നോട്ട് വരാതിരിക്കുകയും വലിയ തിന്മകളെ വിട്ട് ചെറിയ ചെറിയ തിന്മകള്‍ തടയാന്‍ ഔത്സുക്യം കാണിക്കുകയും ചെയ്തതാണ് മുസ്‌ലിം സമൂഹങ്ങളില്‍ ഏകാധിപത്യം വേരുകള്‍ പടര്‍ത്താനുണ്ടായ കാരണം എന്ന് മനസ്സിലാക്കണം. അതു കാരണം തന്നെയാണ് സര്‍വ മേഖലകളിലും അവര്‍ക്ക് പരാജയവും സ്തംഭനവും നേരിട്ടതും. 'ഈ സമൂഹത്തിന്റെ മുന്‍കാലക്കാര്‍ എന്തുകൊണ്ട് മികച്ചുനിന്നുവോ അതുകൊണ്ടു മാത്രമേ അതിന്റെ പില്‍ക്കാലക്കാര്‍ക്കും മികച്ചുനില്‍ക്കാനാവൂ' എന്നാണല്ലോ. നന്മയുടെ സംസ്ഥാപനവും തിന്മയുടെ ഉച്ചാടനവും എന്ന ഈ ദൗത്യം ചെറുതുവലുതുകള്‍ നോക്കാതെ ഏറ്റെടുക്കുകയും വലുതില്‍ നിന്ന് തുടങ്ങുകയും ചെയ്യുമ്പോള്‍ മാത്രമേ നവോത്ഥാനം സാധ്യമാവൂ എന്ന തിരിച്ചറിവ് ഉണ്ടാവണം.
താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും കുഴപ്പങ്ങള്‍ തടയാനുമാണ് ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കപ്പെടുന്നതെങ്കില്‍,6 ഭരണാധികാരിയെ നിയോഗിച്ചിരിക്കുന്നത് ശരീഅത്തെന്ന ഈ നിയമ വ്യവസ്ഥയുടെ സംരക്ഷണത്തിനാണ്. അങ്ങനെ മാത്രമേ നീതി പുലരൂ. നീതി പുലര്‍ന്നാലാണ് ക്ഷേമവും സുരക്ഷിതത്വവുമുണ്ടാവുക; മനുഷ്യന്റെ മാന്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുക. ഇനി ഭരണാധികാരി ജനങ്ങളുടെ അവകാശങ്ങളില്‍ കൈയേറ്റം നടത്തി നീതിനിര്‍വഹണത്തില്‍നിന്ന് പുറംതിരിഞ്ഞു നില്‍ക്കുകയും ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ അക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുകയുമാണെങ്കില്‍ അത് നേരത്തേ ആ ഭരണാധികാരി ജനങ്ങളുമായി ചെയ്ത പ്രതിജ്ഞക്ക് എതിരാണ്. അതിനാല്‍ ഭരണം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ ഭരണാധികാരിയെ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഇങ്ങനെ ഭരണാധികാരിയെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ബാധ്യത ഏതെങ്കിലുമൊരു വിഭാഗത്തില്‍ പരിമിതമല്ല. അത് മൊത്തം സമൂഹത്തിന്റെയും ബാധ്യതയാണ്. ദൈവപ്രതിനിധികളെന്ന നിലക്ക് ശരീഅത്ത് സംരക്ഷണം എല്ലാവരും ഏറ്റെടുക്കേണ്ട ദൗത്യമാണ്. പ്രതിജ്ഞാലംഘനമുണ്ടായാല്‍ അത് തിരുത്താനുള്ള ബാധ്യത സാമൂഹികം മാത്രമല്ല, വ്യക്തിപരം കൂടിയാണ്. ഇക്കാര്യത്തില്‍ ഓരോരുത്തര്‍ക്കും എന്ത് കഴിയുന്നുവോ അവരത് നിര്‍വഹിച്ചിരിക്കണം.
പണ്ഡിതന്മാരുടെ ബാധ്യത, ഭരണാധികാരിയുടെ വഴിതെറ്റലുകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ്. ആ ഭരണം എങ്ങനെയൊക്കെ ദൈവിക നിയമ വ്യവസ്ഥക്കും ഏകകണ്ഠ പണ്ഡിതാഭിപ്രായങ്ങള്‍ക്കും വിരുദ്ധമാവുന്നു എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. സമൂഹത്തില്‍ പടരുന്ന തിന്മകള്‍ക്കെതിരെ ശക്തമായി സംസാരിക്കുകയും അവക്കെതിരെ നടപടികളെടുക്കാന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യേണ്ട ബാധ്യത പള്ളിയിലെ ഖത്വീബുമാര്‍ക്കുണ്ട്. നഷ്ടപ്പെട്ട അവകാശങ്ങളെക്കുറിച്ചും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കണം. പൊ
തുജനാഭിപ്രായം രൂപവത്കരിക്കാന്‍ ഈ ബോധവല്‍ക്കരണം അത്യാവശ്യമാണ്. മാറ്റത്തിന്റെ ചാലകശക്തിയായി ജനപക്ഷത്തെ ഇങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടത്. ഒന്നുകില്‍ ഭരണം നേരെയാക്കുക, അല്ലെങ്കില്‍ രാജിവെച്ചൊഴിയുക എന്നതല്ലാത്ത ഒരു ഓപ്ഷനും ഇല്ലാത്തവിധം ജനകീയാഭിപ്രായത്തെ സമ്മര്‍ദശക്തിയായി ഉയര്‍ത്തിക്കൊണ്ടു വരണം. അപ്പോഴേ ഭരണാധികാരി നിയമവ്യവസ്ഥയെ മാനിക്കാന്‍ പഠിക്കൂ. തിന്മയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഭരണാധികാരിക്ക് അയാളുടെ ദൈവവിശ്വാസം പ്രചോദനമാവുന്നില്ലെങ്കില്‍, ജനങ്ങളെ പേടിച്ചെങ്കിലും അയാള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കും.
ഈ നിരീക്ഷണവും വിമര്‍ശനവും ചില വ്യക്തികളില്‍ ചുരുങ്ങിപ്പോകരുത്. പാര്‍ട്ടികളും കൂട്ടായ്മകളും ആ ചുമതല ഏറ്റെടുക്കണം. കാരണം ഭരണമെന്നത് ഒരു മഹാ യന്ത്രസംവിധാനമാണ്. സ്വന്തമായ സൈന്യവും സഹായികളും ധനസ്രോതസ്സുകളുമൊക്കെയുള്ള ഈ മഹാ സംവിധാനത്തിന്റെ ദിശ തിരിക്കാന്‍ കുറച്ച് വ്യക്തികള്‍ ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ട് ഒരു കാര്യവുമില്ല. അതുകൊണ്ടാണ് നന്മ കല്‍പി
ക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സംഘമായി (ഉമ്മഃ) നിങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് (3:104). ഇങ്ങനെ കൃത്യമായ നിരീക്ഷണനിരൂപണങ്ങള്‍ നടത്താനും
സമൂഹത്തെ അതിനായി ഒരുക്കാനും 'അംറുന്‍ ബില്‍ മഅ്‌റൂഫ് നഹ്‌യുന്‍ അനില്‍ മുന്‍കര്‍' എന്ന മൗലിക നിലപാടിന് അനുകൂലമായി പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനും തടസ്സമാവുന്ന ഒന്നും ഇസ്‌ലാമിക ശരീഅത്തില്‍ ഇല്ല എന്നതാണ് വാസ്തവം. ഈയൊരു ബോധവല്‍ക്കരണം നടക്കേണ്ടത് താഴെ തലങ്ങളില്‍നിന്ന് മുകളിലേക്കാണ്. ഇബ്‌നുഹസം പറയുന്നു: ''ഒരു തിന്മ പ്രകടമായിത്തുടങ്ങുന്നു, അതത്ര വ്യാപകമായിത്തുടങ്ങിയിട്ടില്ല എന്നാണെങ്കില്‍ അക്കാര്യം ഭരണാധികാരിയോട് സംസാരിച്ചാല്‍ മതിയാവും. അത് തടയണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടാം. അദ്ദേഹമത് തടയുകയും അതിന് കാരണക്കാരായവരെ ശിക്ഷിക്കാന്‍ തയാറാവുകയും ചെയ്താല്‍ പിന്നെ ആ ഭരണാധികാരിയെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. പക്ഷേ, ഈ കര്‍ത്തവ്യങ്ങളൊന്നും നിര്‍വഹിക്കാന്‍ അദ്ദേഹം തയാറായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റുക തന്നെ വേണം. പകരം, ഈ കര്‍ത്തവ്യങ്ങളൊക്കെ മുറപ്രകാരം ചെയ്യുന്ന മറ്റൊരാളെ ഭരണാധികാരിയായി കൊണ്ടുവരണം. ദൈവിക നിയമങ്ങളിലൊന്നും നഷ്ടപ്പെട്ടുപോകാന്‍ ഇടയാകരുത്. ഈ മേല്‍നോട്ടം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.''7
മുഹമ്മദ് അബ്ദുവിനെ ഉദ്ധരിക്കാം: ''ഖുര്‍ആനും സുന്നത്തുമനുസരിച്ച് ദൈവിക പ്രമാണങ്ങളില്‍ അധിഷ്ഠിതമായാണ് ഭരണമെങ്കില്‍ ഖലീഫ അനുസരിക്കപ്പെടേണ്ടവന്‍ തന്നെയാണ്. മുസ്‌ലിംകള്‍ അയാളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. നേര്‍പാതയില്‍നിന്ന് അയാള്‍ തെറ്റിയാല്‍ അതിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരണം. സദുപദേശങ്ങള്‍ നല്‍കിയാണ് തെറ്റുതിരുത്തേണ്ടത്. എല്ലാ അര്‍ഥത്തിലും അയാള്‍ ഒരു സിവിലിയന്‍ ഭരണാധികാരിയായിരിക്കും. ഇസ്‌ലാമില്‍ പ്രത്യേക തരത്തിലുള്ള മതാധികാര കേന്ദ്രമൊന്നുമില്ല. സദുപദേശവും നന്മയിലേക്കുള്ള ക്ഷണവും തിന്മ കൈവെടിയണമെന്നുള്ള ആഹ്വാനവുമൊക്കെയാണ് മാറ്റത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രീതികള്‍. ഈ അധികാരം ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കു വരെ ലഭിച്ചിരിക്കും. ഈ അധികാര ശക്തികൊണ്ട് അവര്‍ക്കു ഏത് ഉന്നതനെയും ചോദ്യം ചെയ്യാം. ആയതിനാല്‍ സത്യപന്ഥാവില്‍നിന്ന് വ്യതിചലിക്കുന്ന ഖലീഫക്കു മുമ്പില്‍ ഏതു സാധാരണക്കാരനും സത്യത്തിന്റെ വചനമുയര്‍ത്താം. അങ്ങനെ ശബ്ദമുയര്‍ത്തുന്നത് പുണ്യപ്രവൃത്തിയുമാണ്. ഏറ്റവും മികച്ച ജിഹാദ് അതിക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യവചനം ഉരുവിടലാണല്ലോ.''8 ഇമാമുല്‍ ഹറമൈനി പറഞ്ഞതായി ശറഹുല്‍ മഖാസ്വിദില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''ഭരണാധികാരി അതിക്രമിയാവുകയും അതിക്രമങ്ങള്‍ പ്രത്യക്ഷമാവുകയും ഇതിനെതിരെ സംസാരിക്കുന്നവര്‍ക്ക് അയാള്‍ കാതുകൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ 'കെട്ടാനും അഴിക്കാനും'
യോഗ്യതയുള്ള സമിതി അയാളെ പുറന്തള്ളണം; ആയുധമെടുത്തോ യുദ്ധം ചെയ്തിട്ടോ ആണെങ്കില്‍ പോലും.''
ഭരണാധികാരികളുടെ അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ധീരതയോടെ നിലയുറപ്പിച്ചവരാണ് പൂ
ര്‍വകാല പണ്ഡിതന്മാര്‍. ഒരു ഭരണാധികാരിക്ക് ഒരു പണ്ഡിതന്റെ ആജ്ഞാശക്തിക്കു മുമ്പില്‍ അടിമച്ചന്തയില്‍ പോയി വില്‍ക്കപ്പെടാനും പിന്നെ മോചിപ്പിക്കപ്പെടാനുമായി നിന്നുകൊടുക്കേണ്ടി വരെ ചെയ്തിട്ടുണ്ട്.

 

കുറിപ്പുകള്‍

1.    സലീം അല്‍ അവാ - ഫിന്നിളാമിസ്സിയാസി ലിദ്ദൗലതില്‍ ഇസ്‌ലാമിയ്യ, പേ: 173
2.    അല്‍ അയ്‌ലി - അല്‍ഹുര്‍രിയാതുല്‍ ആമ്മ; പേ: 234
3.    സുലൈമാനു അത്ത്വമാവി - ഉമറു ബ്‌നു
ല്‍ ഖത്ത്വാബ് വ ഉസ്വൂലുസ്സിയാസതി വല്‍ ഇദാറതില്‍ ഹദീസ (കൈറോ, ദാറുല്‍ ഫിക്‌രില്‍ അറബി, 1976) 2/281
4.    അല്‍ അയ്‌ലി -അതേ കൃതി, പേ: 235
5.    ഔദഃ - അല്‍ ഇസ്്‌ലാമു വ ഔളാഉനാ അല്‍ ഖാനൂനിയ്യ, പേ: 12
6.    ശാത്വിബി - അല്‍ മുവാഫഖാത് ഫീ ഉസ്വൂലിശ്ശരീഅ - (ബൈറൂത്ത്, ദാറുല്‍ മഅ്‌രിഫ) 2/6
7.    ഇബ്‌നു ഹസം - അല്‍ ഫസ്വ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നിഹല്‍ 4/175
8.    അല്‍ അയ്‌ലിയുടെ അല്‍ഹുര്‍രിയാത്തുല്‍ ആമ്മയില്‍നിന്ന് ഉദ്ധരിച്ചത്, പേ: 246
9.    'പണ്ഡിതരാജന്‍' എന്ന് വിളിപ്പേരുള്ള ഇമാം ഇസ്സുബ്‌നു അബ്ദിസ്സലാമിനെക്കുറിച്ച് ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. മംലൂകുകള്‍ ഈജിപ്
ത് ഭരിക്കുന്ന കാലമാണ്. അവരുടെ അതിക്രമങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍, ഇസ്‌ലാമിക നിയമപ്രകാരം മംലൂകുകളെ അനുസരിക്കേണ്ടതില്ലെന്ന് ഇമാം ഫത്‌വ നല്‍കി. കാരണം, 'മംലൂകുകള്‍' എന്നാല്‍ അടിമകളാണല്ലോ. മംലൂകുകള്‍ക്ക് ഉടമസ്ഥതയോ സ്വയംനിര്‍ണയാവകാശമോ ഇല്ലാത്തതിനാല്‍ അവരെ അനുസരിക്കേണ്ടതുമില്ലെന്ന ഫത്‌വക്ക് വന്‍ സ്വീകാര്യത ലഭിച്ചപ്പോള്‍, അന്നത്തെ മംലൂക് ഭരണാധികാരി അടിമച്ചന്തയില്‍ പോയി നിന്നുവത്രെ; അയാളെ ആരെങ്കിലും വിലയ്ക്ക് വാങ്ങി മോചിപ്പിച്ച് സ്വതന്ത്രനാക്കാന്‍!

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌