Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

വൈവാഹിക ജീവിതത്തിന് അഞ്ച് പ്രവാചക മാതൃകകള്‍

ഇബ്‌റാഹീം ശംനാട്

നിത്യജീവിതത്തിലെ പതിവു തിരക്കുകളില്‍ കൂലംകുത്തി ഒഴുകിപ്പോകുന്നവരാണല്ലോ നമ്മില്‍ പലരും. അത് നമ്മുടെ വൈവാഹിക ജീവിതത്തെ നിസ്സാരമായി കാണാനും വൃഥാ ലഭിച്ചതാണെന്ന ധാരണ ഉടലെടുക്കാനും നിമിത്തമാകുന്നു. സത്യവിശ്വാസികളുടെ ഭാഗ്യമാണെന്ന് പറയാം, വൈവാഹിക ജീവിതം ആനന്ദപ്രദമാവാന്‍ അല്ലാഹു അവര്‍ക്ക് വ്യക്തമായ ഒരു മാതൃക അവന്റെ പ്രവാചകനിലൂടെ കാണിച്ചുതന്നിട്ടുണ്ട്. നമ്മുടെ വൈവാഹിക ബന്ധങ്ങള്‍ പ്രശോഭിതമാകാന്‍ സഹായിക്കുന്ന പ്രവാചക ജീവിതത്തിലെ അഞ്ച് ശീലങ്ങള്‍ ചുവടെ:

1. പുഞ്ചിരി പതിവാക്കുക
അടഞ്ഞ ഹൃദയങ്ങളിലേക്കുള്ള ജാലകമാണ് പുഞ്ചിരി.  പൗര്‍ണമി പോലെ തിളങ്ങുന്ന പുഞ്ചിരി കൊണ്ട് നിരവധി പ്രയോജനങ്ങളാണ് നാമറിയാതെ നമുക്ക് ലഭിക്കുന്നത്. അതിലൂടെ ചുറ്റുമുള്ളവരുടെ  സ്‌നേഹം ആര്‍ജിക്കാന്‍ കഴിയുന്നു. നമ്മുടെ രക്ത സഞ്ചാരം വര്‍ധിക്കുന്നു. ശരിയായ രക്തസഞ്ചാരത്തിന്റെ അഭാവമാണ് ശരീരത്തിലെ മിക്ക വേദനകളുടെയും യഥാര്‍ഥ കാരണം. പുഞ്ചിരിയിലൂടെ ശരീരത്തിലെ പേശികളുടെ ചലനം വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. പുഞ്ചിരി സ്വയം തന്നെ ഒരു പ്രതിരോധ ചികിത്സയാണ്. തലവേദന ഇല്ലാതാവും. കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനാല്‍ നമ്മുടെ ഉന്മേഷം വര്‍ധിക്കുന്നു.
മിക്കപ്പോഴും പ്രവാചകന്‍ പുഞ്ചിരിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യേക്കാള്‍ കൂടുതല്‍ പുഞ്ചിരിക്കുന്ന ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അനുചരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോപം കലിതുള്ളുന്നവര്‍ക്കിടയില്‍ ഒരു ഇളം പുഞ്ചിരിയുടെ ശക്തി എത്ര മാത്രമാണെന്ന് വിവരിക്കുക അസാധ്യം. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പ്രക്ഷുബ്ധമായ ദിനങ്ങള്‍ ഉണ്ടാവുമല്ലോ. ദേഷ്യം വരുന്ന ആദ്യനിമിഷം തന്നെ സഹധര്‍മിണിയെ ശകാരിക്കുന്നതിനു പകരം, പുഞ്ചിരിച്ച് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചുനോക്കൂ. വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുഞ്ചിരിക്കുന്നത് ധര്‍മമാണെന്നും പ്രവാചകന്‍ അരുളുകയുണ്ടായി.

2. മധുരത്തില്‍ ചാലിച്ച സംസാരം
പലപ്പോഴും നമുക്ക് വശമില്ലാത്ത കാര്യമാണ് മധുരത്തില്‍ ചാലിച്ച സംസാരം. നമ്മുടെ രക്ഷിതാക്കള്‍ മുതല്‍ പോലീസ് വരെയും അധ്യാപകര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയും പരുഷ സംസാരത്തിന്റെ ഉടമകളാണ്. അപവാദങ്ങളുണ്ടാവാം.  ജാപ്പാനികള്‍ വളരെ നൈര്‍മല്യമുള്ള സ്വഭാവക്കാരാണെന്ന് കേട്ടിട്ടുണ്ട്. ആകാര സൗഷ്ഠവത്തിലല്ല, സ്വഭാവ നൈര്‍മല്യത്തിലാണ് മനുഷ്യസൗന്ദര്യം നിലകൊള്ളുന്നത്. ചായയില്‍ പഞ്ചസാര കൂടിയാല്‍, കറിയില്‍ അല്‍പം ഉപ്പ് കൂടിയാല്‍ തുടങ്ങി എന്തെല്ലാം നിസ്സാര പ്രശ്‌നങ്ങളാണ് ശകാരത്തിനും കലഹത്തിനും വഴിവെക്കുന്നത്.  പകരം നീ മുമ്പുണ്ടാക്കിയ ഒരു ചായ, അല്ലെങ്കില്‍ കറി എത്ര നന്നായിരുന്നു എന്ന് പറഞ്ഞാല്‍ തന്നെ സഹധര്‍മിണിക്ക് കാര്യങ്ങള്‍ പിടികിട്ടുമായിരുന്നു.
പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് സംസാരിക്കട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.' ഭാര്യയും ഭര്‍ത്താവും എപ്പോഴും ഒന്നിച്ചു കഴിയേണ്ടവരാണ്. തെറ്റുകള്‍ കണ്ടെത്തുന്നതിനു പകരം നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പുതുതായി കടന്നുവരുന്ന പെണ്‍കുട്ടിക്ക് പലതരം അസ്വസ്ഥതകളുണ്ടാവും. ഭര്‍തൃമാതാവിന്റെയും സഹോദരിമാരുടെയും കുത്തുവാക്കുകള്‍ കൂടി കേള്‍ക്കേണ്ടിവന്നാലുണ്ടാവുന്ന അവസ്ഥ ആലോചിച്ചു നോക്കു. അറിയാതെ എല്ലാ വീടുകളിലും സംഭവിച്ചു പോവുന്ന കാര്യങ്ങള്‍. നിത്യേന നല്ല വാക്കുകള്‍ സമ്മാനിച്ച് നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാം.

3. കോപിക്കരുത്
നാലാം ഖലീഫ അലി(റ) പ്രവാചകപുത്രി ഫാത്വിമയെ വിവാഹം ചെയ്തപ്പോള്‍ സാരഗര്‍ഭമായ നിരവധി ഉപദേശങ്ങള്‍ നബി(സ) അവര്‍ക്ക് നല്‍കിയതായി കാണാം. എന്നാല്‍ നാം നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി സഹധര്‍മിണിയോട് കോപിക്കുന്നു. പാത്രം കഴുകുന്നത് മുതല്‍ വീട് വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ശണ്ഠ കൂടുന്നു. കോപം കൊണ്ട് കലിതുള്ളുന്നതിനു പകരം സ്വയം തണുക്കുക. പുഞ്ചിരിക്കുക. പ്രവാചകന്‍ ഒരാളെ മൂന്ന് പ്രാവശ്യം ഉപദേശിച്ചു: 'നീ കോപിക്കരുത്.' കോപം നിയന്ത്രിക്കണമെന്നല്ല പ്രവാചകന്‍ പറഞ്ഞത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

4. ഒന്നിച്ചൊരു ഔട്ടിംഗ്
ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്ര ചെയ്യുന്നതും ഷോപ്പിംഗിനും ഔട്ടിംഗിനും പോവുന്നതും ബന്ധം നന്നാവാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളാണ്. ഇതെല്ലാം പഴയ കാലത്ത് അപരിചിതമായ കാര്യങ്ങളായിരുന്നുവെങ്കിലും, ഇന്നത്തെ സങ്കീര്‍ണ സാമൂഹിക ചുറ്റുപാടുകള്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. തന്റെ സമയത്തിന്റെ നല്ലൊരു പങ്ക് കുടുംബിനികളുമായി ചെലവഴിക്കാന്‍ പ്രവാചകന്‍ നീക്കിവെച്ചിരുന്നു. കുടുംബം വളരെ പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്.  കുടുംബത്തെ പുറംകാലുകൊണ്ട് ചവിട്ടുക എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ രീതിയാണ്; ഇസ്‌ലാമിന്റെ രീതിയല്ല. 
പ്രവാചകന്‍ ഭാര്യമാരൊന്നിച്ച് നടക്കുകയും യാത്ര നടത്തുകയും ചെയ്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് കാതു കൊടുക്കുമായിരുന്നു. വശ്യമായ സംസാരം കൊണ്ട് അവരെ പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാചകന്റെ മാതൃക മുന്നില്‍ വെച്ച് നമ്മുടെ നിലപാടുകള്‍ വിലയിരുത്തിയാല്‍ അവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതേയുള്ളൂ.  

5. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയാം
സഹധര്‍മിണിമാരോടുള്ള തന്റെ സ്‌നേഹം പ്രഖ്യാപിക്കാന്‍ പ്രവാചകന് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല. ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: 'എനിക്കു വേണ്ടി രണ്ടു പേര്‍ പരസ്പരം സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്റെ സ്‌നേഹം ഉറപ്പാണ്.'
തന്റെ ആദ്യ സഹധര്‍മിണി ഖദീജയെ കുറിച്ച് വളരെ സ്‌നേഹത്തോടുകൂടി മാത്രമേ പ്രവാചകന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. അവര്‍ തന്റെ സ്‌നേഹം എനിക്ക് പാഥേയമായി നല്‍കുകയായിരുന്നുവെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി. നമുക്കാണെങ്കില്‍ എപ്പോഴാണ് സഹധര്‍മിണിയോട് നല്ലൊരു വാക്ക് പറഞ്ഞത് എന്ന് പോലും ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് തുറന്നു പറഞ്ഞുതന്നെ മുകളില്‍ പറഞ്ഞ മറ്റു നാലു കാര്യങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കുക. എങ്കില്‍  ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ ഏറ്റവും മികച്ച നിലയിലെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.  ഇതില്‍ ഭാര്യക്കും നേതൃപരമായ പങ്കു വഹിക്കാവുന്നതാണ്. രണ്ടിലാരെങ്കിലുമൊരാള്‍ മുന്നോട്ടു വന്നാലല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ.

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌