Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

കളങ്കമേശാത്ത ഹൃദയവുമായി സമാധാന ഗേഹത്തിലേക്ക്

ഇ.എന്‍ ഇബ്‌റാഹീം

താലോലിക്കാന്‍ ഒരു സ്വപ്നം. ജീവിതത്തിന്റെ ചാലകശക്തിയാണത്. ഇതര ജന്തുജാലങ്ങള്‍ക്ക് സ്വപ്‌നമില്ല. അത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. സ്വപ്‌നങ്ങളില്ലെങ്കില്‍ മനുഷ്യന് ജീവിതം ഏറെ ദുഷ്‌കരമായിരിക്കും.
വിശ്വാസി വലിയ ഭാഗ്യവാനാണ്. അവന് ഒന്നല്ല ഒന്നിലധികം സ്വപ്‌നങ്ങളുണ്ട് താലോലിക്കാന്‍. ഭൗതിക ജീവിതവുമായും പാരത്രിക ജീവിതവുമായും ബന്ധപ്പെട്ട സ്വപ്‌നങ്ങള്‍. അവന്റെ ആശയതലം പോലെ തന്നെ പ്രവിശാലമാണ് അവന്റെ സ്വപ്‌നങ്ങളും. ഭൂമി തൊട്ട് സ്വര്‍ഗത്തോളവും അതിനപ്പുറവും വ്യാപിച്ചു നില്‍ക്കുന്ന സ്വപ്നം. അത് വിശ്വാസിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇസ്‌ലാം വിശ്വാസിക്ക് നല്‍കുന്ന വാഗ്ദാനം രണ്ടാണ്: ഒന്ന്, ഇഹലോക വിജയം. രണ്ട്, പരലോക വിജയം. ഇഹലോക വിജയം ചിലപ്പോഴെങ്കിലും നേടാനാവാതെ പോകാം. കാരണം ഇവിടെ ഒരു പരീക്ഷണാലയമാണ്. പരീക്ഷയില്‍ വിജയം മാത്രമല്ല, പരാജയത്തിനും സാധ്യതയുണ്ട്. കാരണം ഇവിടെ ലക്ഷ്യവും മാര്‍ഗവും നന്നായതുകൊണ്ട് മാത്രമായില്ല. മറ്റു പലതും ഒത്തുകൂടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഇവിടെ വിജയം പുല്‍കാനാവൂ.
പരലോക വിജയം അങ്ങനെയല്ല, ലക്ഷ്യവും മാര്‍ഗവും നന്നെങ്കില്‍ അവിടെ വിജയം സുനിശ്ചിതം. ഈ വിജയഗേഹത്തെ ദാറുസ്സലാം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. അഥവാ സമാധാന/രക്ഷാ ഗേഹം. ആ ഗേഹത്തിലേക്കുള്ള വഴിക്ക് 'സുബുലുസ്സലാം' എന്നാണ് ഖുര്‍ആന്‍ പേരിട്ടിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഇസ്‌ലാം. ഇസ്‌ലാമിലൂടെ അല്ലെങ്കില്‍ സുബുലുസ്സലാമിലൂടെ ദാറുസ്സലാമിലേക്ക്. സുബുലുസ്സലാമിലൂടെ ദാറുസ്സലാമിലേക്കുള്ള പ്രയാണത്തില്‍ അവനെ നയിക്കേണ്ടത് ഖല്‍ബുന്‍ സലീം/ കളങ്കമില്ലാത്ത ഹൃദയവും മനസ്സും. എല്ലാറ്റിന്റെയും അടിസ്ഥാനം സല്‍മ്, അല്ലെങ്കില്‍ സില്‍മ്. യഥാര്‍ഥ വഴിയേ സഞ്ചരിച്ചതുകൊണ്ടായില്ല, സഞ്ചാരി പ്രത്യേക യോഗ്യത നേടേണ്ടതുണ്ട്. അപ്പോഴാണ് അയാളുടെ ഖല്‍ബ്/ ഹൃദയം നിര്‍മലവും കളങ്കരഹിതവും (സലീം) ആയിത്തീരുന്നത്.
മനുഷ്യമനസ്സാണ് ഇവിടെ പ്രശ്‌നം. ഖല്‍ബ് സലീമാവുക എന്നാലെന്താണ്? ഇബ്‌റാഹീം നബിയുടെ പ്രതികരണ- പ്രാര്‍ഥനകളില്‍ അതിന്റെ ഉത്തരമടങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞുവല്ലോ: ''അവര്‍ എന്റെ ശത്രുക്കളാണ്. എന്നാല്‍ ലോകനാഥന്‍ മാത്രമുണ്ട് എന്റെ മിത്രമായി. എന്നെ സൃഷ്ടിച്ചവന്‍. അവന്‍ തന്നെയാണ് എനിക്ക് വഴികാണിക്കുന്നതും. എനിക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നവന്‍. ഞാന്‍ രോഗിയായാല്‍ അവന്‍ എനിക്ക് സൗഖ്യമുരളുന്നു. എന്നെ മരിപ്പിക്കുന്നവന്‍. പിന്നെയും എന്നെ അവന്‍ ജീവിപ്പിക്കുന്നു. വിചാരണാ നാളില്‍ എന്റെ പാപമോചന പ്രതീക്ഷ ഞാന്‍ ആരിലാണോ അര്‍പ്പിച്ചത് അവന്‍. നാഥാ, എനിക്ക് വേണ്ട വിധി-നിയമം- നീയാണ് നല്‍കേണ്ടത്. എന്നെ സജ്ജനങ്ങളോട് ചേര്‍ത്തുതരണം. പില്‍ക്കാലക്കാരിലും നിലനില്‍ക്കുന്നതും സ്വാധീനിക്കുന്നതുമായ സത്യ നാക്ക് എനിക്ക് പ്രദാനം ചെയ്താലും. അനുഗ്രഹത്തിന്റെ തോപ്പ് അനന്തരമെടുക്കുന്നവരില്‍ എന്നെയും ചേര്‍ത്തുതന്നാലും. എന്റെ പിതാവിനോട് പൊറുക്കണേ. അദ്ദേഹം വഴിതെറ്റിയവരില്‍ പെട്ടുപോയി. അവരെ ഉയിര്‍പ്പിക്കുന്ന നാളില്‍ എന്നെ നിന്ദ്യതക്ക് വശപ്പെടുത്തരുതേ! സമ്പത്തും സന്താനവും പ്രയോജനം ചെയ്യാത്ത ദിനം. സുരക്ഷ കൈവരിച്ച ഹൃദയവുമായി വന്നവന് മാത്രമാണ് രക്ഷ'' (അശ്ശുഅറാഅ് 77-89).
ഈ പറഞ്ഞതില്‍ ഏറ്റവും സുപ്രധാനം തൗഹീദ് തന്നെയാണ്. അല്ലാഹുവിനെക്കുറിച്ച് മനുഷ്യന്‍ പുലര്‍ത്തേണ്ട അടിസ്ഥാന ധാരണകള്‍. രണ്ടാമത് പ്രതീക്ഷ, അല്ലാഹുവിന്റെ കാരുണ്യത്തിലും അവന്‍ കനിഞ്ഞേകുന്ന പാപമോചനത്തിലുമുള്ള പ്രതീക്ഷ. ജീവിതവിധികള്‍ അല്ലാഹുവില്‍നിന്നാണ് ലഭിക്കേണ്ടതെന്ന ബോധവും ബോധ്യവും. സജ്ജനക്കൂട്ട്. സ്വന്തം ജീവിതത്തില്‍ മാത്രമല്ല മറ്റുള്ളവര്‍ക്കു കൂടി മാതൃകയാകാവുന്ന അവരെ കൂടി സ്വാധീനിക്കാന്‍ പോന്ന ആശയ പ്രസാരണം. പാപമോചനവും സ്വര്‍ഗവും ലഭിക്കണേ എന്നുള്ള ഉള്ളുരുകിയുള്ള പ്രാര്‍ഥന. വഴിതെറ്റിയവരുടെ കാര്യത്തിലുള്ള ഉത്കണ്ഠയും ആകുലതയും. എല്ലാറ്റിലുമുപരി ഇഹലോക ജീവിതത്തിലെ പകിട്ടിനോടും പത്രാസിനോടുമുള്ള അവഗണന. അഥവാ ഭൗതിക സൗകര്യങ്ങളല്ല പ്രധാനം എന്ന നിലപാട്. ഇത്രയും കാര്യങ്ങള്‍ ഉള്‍ക്കൊണ്ട മനസ്സാണ് സലീമായ, സത്യസംശുദ്ധമായ മനസ്സ്. 
രണ്ടു തരം ഉള്‍ക്കൊള്ളലിനെ സൂചിപ്പിക്കുന്നുണ്ട് സലീമായ ഖല്‍ബ് എന്ന പ്രയോഗം. ഒന്ന് അല്ലാഹുവിനെയാണെങ്കില്‍ രണ്ടാമത്തേത് സൃഷ്ടിയെയാണ്. 'അല്‍ ഖല്‍ഖ് ഇയാലുല്ലാഹ്' (സൃഷ്ടികള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്) എന്നാണ്. ആശ്രയം സ്രഷ്ടാവ് മാത്രം. സൃഷ്ടിക്ക് ആശ്രിതത്വം കൂടിയേ കഴിയൂ. മറ്റു സൃഷ്ടികളെപ്പോലെ തന്നെ താനും ഒരു സൃഷ്ടിയാണ്. അതുകൊണ്ടുതന്നെ എല്ലാ സൃഷ്ടികളുടെയും ആശ്രയമായ അതേ സ്രഷ്ടാവിന്റെ ആശ്രിതന്‍. അപ്പോള്‍ സ്വന്തം ക്ഷേമം മാത്രമല്ല, ഇതര സൃഷ്ടികളുടെ കൂടി ക്ഷേമവും സുസ്ഥിതിയും താന്‍ പരിഗണിച്ചേ പറ്റൂ. ഒന്നിന്റെയും നാശത്തിന് വഴിവെക്കാതെ നീങ്ങാന്‍ സഹായിക്കുന്ന മനസ്സ്. മനുഷ്യന്റെ കാര്യത്തിലാവുമ്പോള്‍ അതില്‍ കുറേക്കൂടി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ഒരാളും വഴിതെറ്റാന്‍ താന്‍ കാരണമായിക്കൂടാ. ആരോടും കുശുമ്പു കാട്ടരുത്. അസൂയ അരുത്. ആരെയും ദ്വേഷിക്കരുത്. ആര്‍ക്കെതിരിലും ഉപജാപങ്ങളിലേര്‍പ്പെടരുത്. ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത്. ആരുടെയും ജീവരക്തധനാദികള്‍ക്ക് മേല്‍ കൈയോങ്ങരുത്. ഇതിനൊക്കെ മനുഷ്യനെ പ്രേരിപ്പിക്കുന്നത് മനസ്സാണ്. അതുകൊണ്ടാണല്ലോ ഒരനുചരനെ നോക്കി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞ്; 'സ്വര്‍ഗപ്രവേശം ലഭിക്കുന്ന ആളെ കാണണമെങ്കില്‍ ഇയാളെ നോക്കൂ' എന്ന്.
തങ്ങള്‍ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഇയാള്‍ക്കുള്ളത്, അഥവാ തങ്ങള്‍ ചെയ്യാത്ത എന്ത് പ്രത്യേക സംഗതിയാണ് ഇയാള്‍ ചെയ്യുന്നത് എന്നറിയാന്‍ മറ്റുള്ളവര്‍ അയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. പ്രത്യേകമായ യാതൊന്നും അയാള്‍ ചെയ്തു കണ്ടില്ല. അപ്പോള്‍ എന്താവും അയാള്‍ക്കുള്ള പ്രത്യേകത? അത് കണ്ടെത്താന്‍ മറ്റു വഴിയൊന്നുമില്ല. നേരിട്ട് ചോദിക്കുക തന്നെ. അവരില്‍ ചിലര്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞു: 'ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ആരോടും വെറുപ്പില്ലാതെ എല്ലാവരുടെ കാര്യത്തിലും സദ്‌വിചാരം പുലര്‍ത്തുക- അതാണ് എന്റെ രീതി.' ഈ സദ്‌വിചാരമാണ് അയാളെ സ്വര്‍ഗത്തിനര്‍ഹനാക്കിയത്. എപ്പോഴും സലീമായ ഖല്‍ബുമായി കഴിയുക.
ഇത്തരം ആളുകള്‍ക്ക് ഇഹത്തിലും മരണവേളയിലും മരണാനന്തര ജീവിതത്തിലും ലഭിക്കുന്നത് അല്ലാഹുവിന്റെ പ്രീതി. ''അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു'' (98:8). ഈ പ്രീതിയാണല്ലോ പരമപ്രധാനം. ''അല്ലാഹുവിങ്കല്‍നിന്നുള്ള പ്രീതിയാണ് പരമ പ്രധാനം'' (9:72). 
മലക്കുകളുടെ സാന്നിധ്യവും സഹവാസവും: ''ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതില്‍ പിന്നെ തദനുസാരം നേരെ ചൊവ്വേ നിലകൊണ്ടവര്‍, അവരുടെ അടുത്ത് മലക്കുകള്‍ ഇറങ്ങിവരും. നിങ്ങള്‍ക്ക് ഭയക്കാനില്ല, നിങ്ങള്‍ക്ക് ദുഃഖിക്കേണ്ടിവരികയുമില്ല. ഇഹത്തിലും പരത്തിലും നിങ്ങളുടെ സഹകാരികളായി ഞങ്ങളുണ്ട്. ഇഛിക്കുന്നതെന്തും നിങ്ങള്‍ക്കവിടെ ലഭിക്കും. നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ലഭിക്കും. പാപം പൊറുക്കുന്ന, കരുണാവാരിധിയായിട്ടുള്ളവന്റെ വിരുന്ന്. ഇതാവും അവരോട് മലക്കുകള്‍ പറയുന്നത്'' (41: 30-32).
മരണവേളയിലെ മലക്കുകളുടെ അഭിവാദ്യം: ''വിശുദ്ധരായി മലക്കുകള്‍ മരിപ്പിക്കുന്നവര്‍, അവരോട് മലക്കുകള്‍ പറയും: നിങ്ങള്‍ക്ക് സലാം'' (16:32).
സ്വര്‍ഗകവാടത്തില്‍ സലാം: ''നാഥനെ സൂക്ഷിച്ച് ജീവിച്ചവരെ കൂട്ടത്തോടെ സ്വര്‍ഗത്തിലേക്ക് കൊണ്ടുവരും. അവര്‍ അവിടെ വന്നു ചേരുമ്പോഴേക്കും അതിന്റെ കവാടങ്ങള്‍ തുറന്നിട്ടിട്ടുണ്ടാവും. അതിന്റെ പാറാവുകാര്‍ അവരോട് പറയും: നിങ്ങള്‍ക്ക് സലാം. നിങ്ങള്‍ വിശുദ്ധരായിരിക്കുന്നു. അതിനാല്‍ ശാശ്വതമായി വസിക്കാന്‍ പാകത്തില്‍ അതില്‍ പ്രവേശിച്ചുകൊള്ളുക'' (39:73).
''എല്ലാ കവാടങ്ങള്‍ വഴിയും മലക്കുകള്‍ അവരുടെ അടുത്ത് വരും. നിങ്ങള്‍ ക്ഷണിച്ചത് കാരണം നിങ്ങള്‍ക്ക് സലാം എന്ന് അവര്‍ അഭിവാദ്യം ചെയ്യും'' (13:24). ''അവിടെ അവരുടെ അഭിവാദ്യം സലാം ആണ്'' (10:10). ''കാരുണ്യവാനായ നാഥന്‍ അരുളുന്നതും സലാം'' (36:58). ''അവിടെ അനാവശ്യ സംസാരം കേള്‍ക്കേണ്ടിവരില്ല. കുറ്റപ്പെടുത്തലുമില്ല. സലാം, സലാം എന്ന അഭിവാദ്യം മാത്രം'' (56:26). എന്തൊരു മഹിത സ്വപ്നം! ഈ സ്വപ്‌നമാണ് സാക്ഷാത്കരിക്കേണ്ടത്. ''ഇതിനാവട്ടെ മത്സരാര്‍ഥികള്‍ മത്സരിക്കുന്നത്'' (83:26). ''പണിയെടുക്കുന്നവര്‍ പണിയെടുക്കുന്നതും ഇതിനാവട്ടെ'' (37:61).
അതേ, സലാമിന്റെ സുബുലി-വഴി-ലൂടെ സലാമിന്റെ ഗേഹത്തിലേക്ക് സലീമായ ഖല്‍ബു-ഹൃദയം-മായി മുന്നേറുക. ഇതില്‍പരം മറ്റെന്തു സ്വപ്‌നം വേണ്ടൂ, വിശ്വാസിക്ക്!

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌