മങ്ങാടിക്കുന്നിലെ വിശുദ്ധരാത്രിയില്‍
മങ്ങാടിക്കുന്നില്‍ വെച്ച്
ഭൂമിയില്‍നിന്നും
പറന്നുപോയ റൂഹാനികള്‍ക്കായി
ആദ്യമായ്
ഒരു വിശുദ്ധ രാത്രി
നക്ഷത്രങ്ങള്‍
പൂത്ത് വിടര്‍ന്നു
നിലാവൊരു വെളുത്ത
പുഷ്പമായ് വിരിഞ്ഞു
ഭൂമിയും ആകാശവും
ചുംബിച്ച് നിന്നു
മങ്ങാടിക്കുന്നിലെ
പുതുവീട് നിറയെ
റാന്തല്‍വിളക്കുകള്‍
മിഴികള്‍ തുറന്ന്‌നിന്നു.
ചരക്കുമായ് കുന്നുകയറിയ
കാളവണ്ടി
ക്ഷീണത്താല്‍ മയങ്ങിപ്പോയി
വണ്ടിക്കാരന്‍ പാട്ടുകള്‍പാടി
കാളകള്‍ക്ക് കാവലിരുന്നു
ചുറ്റും പൂത്ത്‌നില്‍ക്കുന്ന
കാപ്പിമരങ്ങളും പുതുവീടും
മഞ്ഞിന്റെ മാറിലമര്‍ന്നു.
വിശുദ്ധരാത്രിയില്‍
പഴയ കണക്കുകള്‍
തീര്‍ക്കേണ്ടതുണ്ട്
വസൂരിശാപത്താല്‍ മരണം
കാത്തുകിടന്നവരുടെ
മറമാടാത്ത ജഡങ്ങള്‍
കഴുകനും പരുന്തും
കൊത്തിവലിച്ചതിന്റെ
പാപക്കറകള്‍ കഴുകി
കളയേണ്ടതുണ്ട്
പ്രാര്‍ഥനകള്‍
ആരംഭിക്കേണ്ടതുണ്ട്.
മുറ്റത്തെ പന്തലിനടിയില്‍
പുല്ലുപായയും മുസല്ലയും
മലര്‍ന്ന് കിടന്നു
സാമ്പ്രാണിയും ചന്ദനത്തിരിയും പുകഞ്ഞുയര്‍ന്നു
മൗലവി, മുല്ലാക്ക,
വീട്ടിലെയും നാട്ടിലെയും
ആണുങ്ങള്‍
ഒരു വൃത്തമതിലിനകത്തെ
ശൂന്യതയിലേക്ക് ദിക്‌റുകള്‍
ഊതിതുടങ്ങി
നിന്നും ഇരുന്നും
ചാഞ്ഞും ചെരിഞ്ഞും
ദിക്‌റുകള്‍ കാവ്യങ്ങളായ്
തസ്ബീഹിലെ മുത്തുമണികള്‍
ഒഴുകി നീങ്ങി
മുസ്്വഹഫിലെ ഏടുകള്‍
മറഞ്ഞ് മറഞ്ഞ് പോയ്
ഒരേ താളത്തില്‍ ഏകകാലത്തില്‍
ഉച്ചസ്ഥായിയില്‍
അഹ്മദിലെ 'മീം'
നിശബ്ദമായ് അഹദായ്.
നേര്‍ച്ചച്ചോറില്‍
വികാരങ്ങള്‍ വീണ്
വെന്ത് തുടങ്ങി
മയക്കത്തിലായിരുന്ന
റൂഹാനികള്‍ കണ്ണുകള്‍ തുറന്ന്‌നോക്കി
അവര്‍ പരസ്പരം പറഞ്ഞു.
'പഴുത്തുനാറിയ ശരീരങ്ങള്‍ക്ക് പകരം
ചിറകുകളില്‍ വെളിച്ചമുള്ള ആത്മാക്കളായിരിക്കുന്നു നാം.
ഒരു പുതിയ ഭാഷ കേള്‍ക്കുന്നു നാം
ഈ മങ്ങാടിക്കുന്നില്‍
വെളിച്ചം പരന്നൊഴുകുന്നു
ജീവന്‍ തുടിക്കുന്നു.'
എരിഞ്ഞമര്‍ന്ന ജീവിതങ്ങള്‍
ബാക്കിവെച്ച ആഗ്രഹങ്ങള്‍
അവര്‍ പ്രതീക്ഷയോടെ
പറന്നുയര്‍ന്ന്
ബൈത്തുകളുടെ ഇടയിലെത്തി
നശീദ ചൊല്ലുന്നവരുടെ
ഒപ്പമിരുന്നു;
അവിടെ സിംഹാസനത്തിലിരുന്ന
പുതിയപ്രവാചകനെ
കണ്ട് വണങ്ങി.
പ്രാര്‍ഥന തീര്‍ന്നു
ആളുകളൊഴിഞ്ഞു
പുതുവീട് ശൂന്യമായ്
കസ്തൂരിയുടെ ഗന്ധം
കാപ്പിപ്പൂക്കളെ പൊതിഞ്ഞു നിന്നു.
വര്‍ഷങ്ങളായ് തങ്ങള്‍
ഉറങ്ങിക്കിടന്നിരുന്ന
മണ്ണില്‍നിന്നും റൂഹാനികള്‍
പ്രവാചകനൊപ്പം കുന്നിറങ്ങി.
അപ്പോള്‍ കാളവണ്ടിക്കാരന്‍
ഇങ്ങനെ പാടുന്നുണ്ടായിരുന്നു
'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്
സമാധാനം
രോഗാതുരമായ
ആത്മാവുകള്‍
സുഖപ്പെടട്ടെ.'
***********************************************************************
(മങ്ങാടിക്കുന്ന്-വസൂരി ബാധിച്ചവരെ കൊണ് തള്ളിയിരുന്ന കുന്ന്, റൂഹാനി
- ആത്മാവ്, തസ്ബീഹ്-ജപമാല, മുസ്വ്ഹഫ്-വേദപുസ്തകം, ദിക്ര്‍-മന്ത്രം, ബൈത്ത്, നശീദ-പ്രാര്‍ഥനകള്‍, മീം-അറബി അക്ഷരം)
Comments