യസ്രിബിലേക്കുള്ള വഴിദൂരങ്ങള്‍
നമ്മുടെ പലായനങ്ങള്‍
പരാജയങ്ങളായിരുന്നോ ..?
കൂട്ടിനായി ഒരു സിദ്ദീഖും ഇല്ല
വിരിപ്പില്‍ കിടക്കാന്‍ അലിയും
ഉണ്ടായിരുന്നില്ല.
നമ്മള്‍ പാര്‍ത്ത സൗറില്‍
ചിലന്തികള്‍ വല കെട്ടിയില്ല
പല്ലികള്‍ ചിലച്ചുകൊണ്ടേയിരുന്നു...
ഗുഹാ മുഖത്തെ കാല്‍ പെരുമാറ്റങ്ങള്‍
പരിചിതരുടേതായിരുന്നു.
യസ്രിബിലേക്കുള്ള വഴിദൂരങ്ങള്‍ക്ക്
ദൈര്‍ഘ്യം കൂടുകയായിരുന്നു
ഭയം നമ്മുടെ യജമാനനും
നിഷിദ്ധങ്ങള്‍ നമ്മുടെ
സുഹൃത്തുക്കളുമായിരുന്നു.
ശത്രു വാളോങ്ങി അടുത്തെത്തിയതും
നമ്മുടെ ഒട്ടകത്തിന്റെ കാലുകള്‍
മരുപ്പറമ്പില്‍ താഴ്ന്നുപോയി
അങ്ങനെ ഉടമ്പടി ചെയ്ത് നാം
ശത്രുക്കളോട് ചേര്‍ന്നുനിന്നു
അതാണ് നമ്മുടെ ഹിജ്‌റകള്‍
പരാജയങ്ങളാകുന്നതും...
പലായനങ്ങള്‍ നന്മക്കായിട്ടാണെങ്കില്‍
ധര്‍മം ലക്ഷ്യമാണെങ്കില്‍
സിദ്ദീഖും അലിയും നമ്മളോടൊപ്പമുണ്ടാകും
ചിലന്തികളും പറവകളും ഐക്യപ്പെടും
അക്രമികള്‍ ഭൂമിയില്‍ താഴ്ന്നുപോകും
മുത്ത് നബിയുടെ 'ഹിജ്റ' വിജയങ്ങളായതും
ആട്ടിപ്പുറത്താക്കിയവര്‍
ചേര്‍ന്നുനില്‍ക്കാന്‍ കൊതിച്ചതും
സമാധാന സരണി ഒഴുകിപ്പരന്നതും
നമ്മെയത് ഓര്‍മപ്പെടുത്തുന്നുല്ലോ.
Comments