കൊളോണിയല്‍ ചിന്തകളെ പിഴുതെറിയുന്ന വിമോചനം
ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്നതിനും അതിനെ വായിക്കുന്നതിനും വിലയിരുത്തുന്നതിനും വ്യത്യസ്തവും വൈവിധ്യവുമായ രീതികളുണ്ട്. അവയില്‍ ചില രീതികള്‍ ഞാനിവിടെ പറയുകയാണ്. ഇസ്ലാമെന്നത് ഒരു പാരമ്പര്യം (ട്രഡിഷന്‍) ആണെന്നാണ് തലാല്‍ അസദ് പറയുന്നത്. പ്രത്യേക ഭാഷയായോ (ലാംഗ്വജ്) വ്യവഹാരമായോ ആണ് മനസ്സിലാക്കേണ്ടതെന്നാണ് സല്‍മാന്‍ സയ്യിദും ശഹാബ് അഹ്മദും മുന്നോട്ടുവെക്കുന്ന ചിന്ത. കാര്യങ്ങളെ മനസ്സിലാക്കാനുള്ള നിര്‍ണായക സൂചകം (മാസ്റ്റര്‍ സിഗ്നിഫെയര്‍) ആയാണ് സല്‍മാന്‍ സയ്യിദ് മറ്റു ചില സ്ഥലങ്ങളിലും ഹാമിദ് ദബ്ബാശിയും അതിനെ വിലയിരുത്തുന്നത്. വാഇല്‍ ഹല്ലാഖ് ഇസ്ലാമിനെ ഒരു നിയമകേന്ദ്രീകൃതമായ വ്യവസ്ഥ (നോമോക്രാറ്റിക് ഓര്‍ഡര്‍) ആയാണ് മനസ്സിലാക്കുന്നത്. ഇസ്ലാമൊരു മത-നിയമപാരമ്പര്യം (റിലീജിയോ-ലീഗല്‍ ട്രഡിഷന്‍) ആണെന്നാണ് മുഹമ്മദ് ഫദ്ല്‍, ഖാലിദ് അബുല്‍ ഫദ്ല്‍ എന്നിവര്‍ സങ്കല്‍പ്പിക്കുന്നത്. ഒവാമിര്‍ അന്‍ജൂമിനെ പോലുള്ള ചിന്തകര്‍ ഇസ്ലാം ഒരു വ്യാവഹാരിക പാരമ്പര്യം (ഡിസ്‌കേഴ്സീവ് ട്രഡിഷന്‍) ആണ് എന്നാണ് പറയുന്നത്.
ഇസ്ലാമിനെക്കുറിച്ച് എന്റെ ചില വീക്ഷണങ്ങളാണിനി പറയുന്നത്. ചില സങ്കല്‍പങ്ങളുടെ തിരുത്തലുകളും നിരാകരണങ്ങളുമാണ് ഞാന്‍ മുന്നോട്ടു വെക്കുന്നത്. ലാഇലാഹ ഇല്ലല്ലാ എന്നതിലേതുപോലെ ചിലത് സ്ഥാപിക്കുന്നതിനു മുമ്പ് നിലവിലുള്ള ചിലതിനെ നിരാകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
* ഇസ്ലാം ഒരു മതമല്ല.
* അതൊരു പാരമ്പര്യവുമല്ല.
* വ്യാവഹാരിക പാരമ്പര്യവുമല്ല.
* നിയമ മതകീയ പാരമ്പര്യവുമല്ല.
* വ്യവഹാരമോ ഭാഷയോ അല്ല.
* മാസ്റ്റര്‍ സിഗ്നിഫെയറുമല്ല.
* ഒരു നോമോക്രാറ്റിക് ഓര്‍ഡറുമല്ല.
നേരത്തേ പരാമര്‍ശിച്ച ചിന്തകരോട് പല അര്‍ഥത്തില്‍ കടപ്പെട്ടിരിക്കെ മേല്‍പറഞ്ഞ പോയിന്റുകളില്‍ നിന്നുകൊണ്ട് ഇസ്ലാമെന്ന സങ്കല്‍പത്തെ സംബന്ധിച്ച് ഞാന്‍ അവരോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഇസ്ലാം എന്നത് എന്താണെന്ന ചോദ്യത്തിനു മുന്നില്‍ ഖുര്‍ആനിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
'അല്ലാഹുവിങ്കല്‍ ദീന്‍ എന്നാല്‍ ഇസ്ലാമാകുന്നു' (ആലുഇംറാന്‍ 19) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇവിടെ ദീന്‍, ഇസ്ലാം എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു. ഇവ രണ്ടും എന്താണെന്ന് മനസ്സിലാക്കല്‍ ഇവിടെ അനിവാര്യമാണ്. പദനിഷ്പന്ന ശാസ്ത്രം (എറ്റിമോളജി) അനുസരിച്ച് ദീന്‍ എന്ന വാക്കിനുള്ള അര്‍ഥതലങ്ങള്‍ ആദ്യം നോക്കാം. ജാഹിലിയ്യാ കാലത്തെ അറബി കവിതകളില്‍ ദീന്‍ എന്ന വാക്ക് മൂന്ന് വ്യത്യസ്ത ആശയങ്ങളില്‍ ഉപയോഗിക്കാറുണ്ട് (ലിസാനുല്‍ അറബ്):
1. സമ്പ്രദായം, ആചാരം
2. പ്രത്യുപകാരം
3. അനുസരണം
സയ്യിദ് മുഹമ്മദ് നഖീബുല്‍ അത്താസിന്റെ ഇസ്ലാം ആന്റ് സെക്യുലരിസം എന്ന പുസ്തകത്തില്‍ ദീന്‍ എന്നതിന്റെ ആശയമായി അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്:
1. ചുമതല
2. കീഴ്വഴക്കം
3. നീതിന്യായ കേന്ദ്രം
4. പ്രകൃതിപരമായ ചായ്വ്, പ്രവണത
സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി തന്റെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തില്‍ ദീന്‍ എന്ന പദത്തിന് നാല് അര്‍ഥങ്ങളുണ്ടെന്നാണ് പറയുന്നത്. താഴെ പറയുന്നവയാണവ:
1. പരമാധികാരം, അധീശത്വം
2. അനുസരണം, അടിമത്തം
3. നിയമസംഹിത, രീതി, ആചാരസമ്പ്രദായം
4. പ്രതിഫലം, പ്രത്യുപകാരം, തീര്‍പ്പ്, വിചാരണ
ഇവിടെ ശ്രദ്ധേയമായ കാര്യം ദീന്‍ എന്ന വാക്ക് വിപരീതാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഒന്ന് അധികാരവും അധീശത്വവുമാണെങ്കില്‍ മറ്റൊന്ന് അനുസരണവും കീഴ്വഴക്കവുമാണ്.
ദീനിനെക്കുറിച്ചുള്ള വേറിട്ട ചിന്തകള്‍ മുന്നോട്ടു വെച്ച ഓറിയന്റലിസ്റ്റ് ചിന്തകനായിരുന്നു ജപ്പാന്‍കാരനായ തോഷിഷ്‌കോ ഇസുത്സു. ദീന്‍ ഒരേസമയം ആധിപത്യം കൈയാളുന്നവനെയും അതിന് വിധേയപ്പെടുന്നവനെയും ഉള്‍ക്കൊള്ളുന്നതാണെന്നാണ് ഇസുത്സു പറയുന്നത്. 'Ethico Religious Concepts in Quran'‑, 'God and Man in the Quran' തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അദ്ദേഹം വളരെ രസകരമായ ഒരു വ്യാഖ്യാന ശൈലി ഖുര്‍ആനിലെ പദങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഖുര്‍ആനിലെ സുപ്രധാനമായ പദം (കീ ടേം) കണ്ടെത്തി ഗ്രന്ഥത്തിനുള്ളില്‍നിന്നു തന്നെ അതുമായി ബന്ധപ്പെട്ട പദങ്ങള്‍ മാപ്പ് ചെയ്യുന്ന സെമാന്റിക് മാപ്പിംഗ് (Semantic Mapping) ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചത്.
സെമാന്റിക്സിന്റെ അടിസ്ഥാനത്തില്‍ ദീന്‍ എന്ന പദം നിഷ്പന്നമായ ദാല്‍, അലിഫ്, നൂന്‍ എന്നീ അക്ഷരങ്ങളുള്ള പദത്തിന്റെ അര്‍ഥതലങ്ങള്‍ ഖുര്‍ആനിലൂടെ പരിശോധിക്കാം. ഈ വാക്ക് ഖുര്‍ആനില്‍ പ്രയോഗിച്ച ഭാഗങ്ങളെല്ലാം തെരഞ്ഞെടുത്ത് അവ ചേര്‍ത്തുവെച്ച് പഠനം നടത്താം. മാത്രമല്ല ഈ വാക്കിനോട് ചേര്‍ത്ത് ഖുര്‍ആന്‍ ധാരാളം വേറെയും പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവും. അത്തരം വാക്കുകളെയും ഇതിനോട് ചേര്‍ത്ത് പഠനം നടത്തുകയാണിവിടെ.
ഇത്തരം പഠനങ്ങളെ വിലയിരുത്തിക്കൊണ്ട് എനിക്ക് പറയാനുള്ളത് ദീന്‍ എന്നത് നിലനില്‍ക്കുന്ന അധികാരബന്ധത്തെ സൂചിപ്പിക്കുന്ന ഒരു പദപ്രയോഗമാണ്. അതായത് അധികാരത്തിലുള്ള ആളും അയാളോട് കീഴ്പ്പെടുന്ന മറ്റൊരാളും തമ്മിലുള്ള പരസ്പരബന്ധത്തെയാണ് അത് സൂചിപ്പിക്കുന്നത്. അഥവാ അധികാരിയും അധീനപ്പെടുന്നവനും തമ്മിലുള്ള ലംബരൂപത്തിലുള്ള ഒരു ബന്ധത്തെയാണിത് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ട് മുസ്ലിംകള്‍ ഡികൊളോനിയാലിറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. മുസ്ലിംകള്‍ ഇതുവരെയും കൊളോണിയലിസത്തിന്റെ അജണ്ടകളില്‍നിന്ന് രക്ഷപ്പെട്ടിട്ടില്ല. 1492-ല്‍ അമേരിക്കയില്‍ കോളനിവത്കരണം നടന്ന് മൂന്ന് നൂറ്റാണ്ട് കഴിഞ്ഞാണ് മുസ്ലിം ലോകം കോളനീകരിക്കപ്പെടുന്നത്. ഇന്ന് നമ്മളെല്ലാവരും കൊളോണിയല്‍ / പോസ്റ്റ് കൊളോണിയല്‍ പ്രൊജക്ടിന്റെ ഭാഗമാണ്. കൊളോണിയലിസത്തിന്റെയും പോസ്റ്റ് കൊളോണിയലിസത്തിന്റെയും ജ്ഞാനാധികാരത്തെയും ഉല്‍പാദനാധികാരത്തെയും എതിര്‍ത്തുകൊണ്ടും ചോദ്യം ചെയ്തുകൊണ്ടുമാണ് ഡികൊളോണിയല്‍ ചിന്തകള്‍ ഉയര്‍ന്നുവരുന്നത്. ലോകത്ത് ഉയര്‍ന്നുവന്നിട്ടുള്ള ഡികൊളോണിയല്‍ ചിന്തകളെ മുസ്ലിം ലോകത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് നാം ചര്‍ച്ച ചെയ്യുന്നത്. അതായത് കൊളോണിയലിസത്തിന്റെ ചൂഷണങ്ങളില്‍നിന്ന് രക്ഷനേടി പുതിയൊരു ജ്ഞാനശാസ്ത്ര അധികാര സമവാക്യങ്ങളിലേക്കും പദ്ധതികളിലേക്കും മുന്നേറാനാവുമോ എന്നാണ് ഡികൊളോണിയാലിറ്റിയിലൂടെ നാം അന്വേഷിക്കുന്നത്. സമാന ചിന്തകളുള്ള വിവിധ ഡികൊളോണിയല്‍ ചിന്തകര്‍ അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിശദാംശങ്ങളിലുള്ള ഭിന്നതകള്‍ മാറ്റിവെച്ച് അടിസ്ഥാനകാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാകണം.
ഇസ്ലാമിക് ഡികൊളോണിയാലിറ്റിയെ മനസ്സിലാക്കാനാണ് നാമിവിടെ ശ്രമിക്കുന്നത്. അപ്പോള്‍ സമാന ചിന്ത പുലര്‍ത്തുന്നവരുടെ സംഭാവനകളും മനസ്സിലാക്കല്‍ അനിവാര്യമാണ്. സല്‍മാന്‍ സയ്യിദ്, ഹാതിം ബസ്‌യാന്‍ തുടങ്ങിയവരെല്ലാം ഈ മേഖലയില്‍ വലിയ സംഭാവനകളര്‍പ്പിച്ചവരാണ്.
കൊളോണിയല്‍ കാലത്തെ മുസ്ലിം കര്‍തൃത്വത്തിന്റെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് കാര്യമായി ചിന്തിച്ച ഒരാളാണ് ഹാതിം. ഡബ്ല്യു.ഇ.ബി ഡുബോയ്സ് എന്ന കറുത്ത വര്‍ഗക്കാരനായ ചിന്തകന്റെ ദ്വിത്വബോധ സിദ്ധാന്തം (ഡബ്ള്‍ കോണ്‍ഷ്യസ്നെസ് തിയറി) ഉപയോഗിച്ചുകൊണ്ട് മുസ്ലിം ലോകത്തെ പ്രശ്നങ്ങളെ ഹാതിം വിശകലനം ചെയ്യുന്നുണ്ട്. സ്വന്തത്തിലേക്ക് മറ്റൊരാളുടെ വീക്ഷണത്തിലൂടെ നോക്കുന്നതിനാണ് ഡബ്ള്‍ കോണ്‍ഷ്യസ്നെസ്സ് തിയറിയെന്ന് പറയുന്നത്. മുസ്ലിംകള്‍ തങ്ങളെ തന്നെ മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ നിര്‍മിച്ച ചട്ടക്കൂടുകളെയും അടിസ്ഥാനങ്ങളെയുമാണ് അവലംബിക്കുന്നത്. ജ്ഞാനശാസ്ത്ര(എപ്പിസ്റ്റമോളജി)പരമായാണ് ഇത്തരം നോട്ടങ്ങളെയും വീക്ഷണങ്ങളെയും (gaze) കാണേണ്ടത്. അതായത് ആധുനിക യൂറോകേന്ദ്രീകൃത ലോകക്രമത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട എല്ലാ ചിന്തകളെയും അതുപോലെ ഏറ്റെടുക്കുകയാണ് മുസ്ലിം ലോകം ചെയ്യുന്നത്. ജ്ഞാനശാസ്ത്രപരമായും വൈജ്ഞാനികമായും അതിനെ മറികടക്കുകയാണ് ഇസ്ലാമിക് ഡികൊളോണിയാലിറ്റിയിലൂടെ ചെയ്യേണ്ടതെന്നാണ് ഹാതിം പറയുന്നത്.
ഇവിടെ യൂറോകേന്ദ്രീകൃതമായ ലോകം മാത്രമാണ് എല്ലാം അറിയുന്നവരെന്ന് സ്ഥാപിക്കപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂതത്തിലും വര്‍ത്തമാനത്തിലും അതുമായി ബന്ധപ്പെടുന്ന എല്ലാതരം ആളുകളുടെയും ഉള്ളില്‍ ഒരു ഡബ്ള്‍ കോണ്‍ഷ്യസ് രൂപപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത്. അതിലൂടെ ഇന്നത്തെ ലോകക്രമത്തെ മുഴുവനായും യൂറോകേന്ദ്രീകൃതമാക്കി മാറ്റാനവര്‍ക്ക് സാധിച്ചു. ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, വാര്‍ത്താ മാധ്യമങ്ങള്‍ എല്ലാം യൂറോകേന്ദ്രീകൃതമാണ്. ആധുനിക ലോകത്ത് ജീവിക്കുന്ന മുസ്ലിംകള്‍ പോലും യൂറോകേന്ദ്രീകൃതമായ ഒരവസ്ഥയിലാണുള്ളത്. അതുപോലെത്തന്നെ മനുഷ്യന്‍, മനുഷ്യബോധം (കോണ്‍ഷ്യസ്നസ്) എന്നിവയുടെ നിര്‍വചനങ്ങളും യൂറോകേന്ദ്രീകൃത ജ്ഞാനശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍മിതമായിരിക്കുന്നത്. അപ്പോള്‍ ഇന്ന് മുസ്ലിം എന്ന വിഭാഗം തന്നെ യൂറോകേന്ദ്രീകൃതമായ മൂല്യവ്യവസ്ഥയുടെ ഭാഗമായി അവര്‍ അടിച്ചേല്‍പിച്ച സങ്കല്‍പങ്ങളനുസരിക്കുന്നവര്‍ മാത്രമായി ചുരുക്കപ്പെട്ടു. അഥവാ കോളനിവത്കരണം നടത്തിയവരുടെ കണ്ണിലൂടെയാണ് മുസ്ലിം എന്നതിനെ മുസ്ലിംകള്‍ തന്നെ മനസ്സിലാക്കുന്നത്. മാത്രമല്ല, കൊളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പിച്ച സങ്കല്‍പങ്ങള്‍ക്കനുസരിച്ചുള്ള മുസ്ലിമാണ് താനെന്ന് തെളിയിക്കാന്‍ ഇന്ന് ഓരോ മുസ്ലിമും മത്സരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
കൊളോണിയലിസം നിര്‍മിച്ചെടുത്ത കോണ്ടാക്ട് ലെന്‍സിലൂടെയാണ് മുസ്ലിംകള്‍ ഇന്ന് സ്വന്തത്തെ നിര്‍വചിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, ഒരാള്‍ ഉറങ്ങി എണീറ്റപ്പോള്‍ തന്റെ കണ്ണടയില്‍ മറ്റൊരു കോണ്ടാക്ട് ലെന്‍സ് ആരോ വെച്ചിട്ടുണ്ട്. ആ കോണ്ടാക്ട് ലെന്‍സിന്റെ പ്രത്യേകത സാധാരണ കാഴ്ചകള്‍ തലതിരിച്ചാണ് അവ കാണിക്കുക. എന്നാല്‍ രാവിലെ എണീറ്റ് ആ കണ്ണട ധരിക്കുന്ന ആള്‍ തലതിരിഞ്ഞ് കാണുന്ന കാഴ്ചകളെല്ലാം ശരിയാണെന്ന് കരുതുന്നു. കാരണം ആ കോണ്ടാക്ട് ലെന്‍സിനെ കുറിച്ച് അയാള്‍ അറിയുന്നില്ല. അയാളുറങ്ങുമ്പോഴാണ് അതവിടെ സ്ഥാപിക്കപ്പെട്ടത്. ഇതാണ് ഇന്നത്തെ മുസ്ലിം സമുദായത്തിന്റെയും അവസ്ഥ. കോളനിവല്‍ക്കരിച്ചവര്‍ തന്നെ രൂപപ്പെടുത്തിയ ചട്ടക്കൂടുകളിലൂടെയും കോണ്ടാക്ട് ലെന്‍സിലൂടെയുമാണ് അവര്‍ തങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ അത് മനസ്സിലാക്കുന്നുമില്ല.
ഇവിടെ ആധിപത്യശക്തികള്‍ നിര്‍മിക്കുന്ന നിര്‍വചനങ്ങള്‍ക്കനുസരിച്ച് തങ്ങളെ രൂപപ്പെടുത്താനും വിലയിരുത്താനുമാണ് മുസ്ലിംകള്‍ ശ്രമിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ബീയിഗ് മുസ്ലിം, ആക്ടിംഗ് മുസ്ലിം എന്ന വേര്‍തിരിക്കല്‍. സ്പിരിച്വാലിറ്റിയെ ജീവിതശൈലിയായി സ്വീകരിക്കുന്നതും (ബീയിഗ് സ്പിരിച്വല്‍) അഭിനയമായും താല്‍ക്കാലികമായും (ആക്ടിംഗ് സ്പിരിച്വല്‍) സ്വീകരിക്കുന്നതുമാണിവിടെ വേര്‍തിരിയുന്നത്. കൊളോണിയലിസത്തിന്റെ വാര്‍പ്പുമാതൃകകളെ അനുകരിക്കുന്ന ആക്ടിംഗ് മുസ്ലിമിന് സ്വീകാര്യത ലഭിക്കുമ്പോള്‍ യഥാര്‍ഥ സ്വത്വത്തെ പ്രദര്‍ശിപ്പിക്കുന്ന സ്പിരിച്വല്‍ മുസ്ലിം അപരവത്കരിക്കപ്പെടുകയാണിന്ന്. അപ്പോള്‍ ഇവിടെ മുസ്ലിംകള്‍ ചെയ്യുന്നത് കോളണൈസറുടെ കണ്ണില്‍ എന്തെല്ലാമാണോ നല്ല മുസ്ലിമിന് വേണ്ട ഗുണങ്ങള്‍, അവ ജീവിതത്തിലുണ്ടാക്കാന്‍ പരിശ്രമിക്കലാണ്. മറ്റു പരിഗണനകള്‍ ഇവിടെ അപ്രസക്തമാകുന്നു.
അപ്പോള്‍ ആരാണ് മുസ്ലിം എന്നത് വളരെ പ്രയാസമേറിയ ചോദ്യമായാണ് ഹാതിം ബസ്യാന്‍ വീക്ഷിക്കുന്നത്. കാരണം ഓരോ മുസ്ലിമിന്റെയും ഉള്ളില്‍ ഒരു ആന്തരികമായ കോളണൈസര്‍ (ഇന്റേണല്‍ കോളണൈസര്‍) പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പോള്‍ ഇവിടെ ആരാണ് മുസ്ലിം എന്ന് പൊതുവില്‍ പറയപ്പെടുന്നത് ഈയൊരു കോളണൈസറുടെ വീക്ഷണത്തിലൂടെയാണ്. അതിനെ തിരിച്ചറിയാതെ ഈ ചോദ്യത്തിന് ഉത്തരം തേടാനാവില്ല. അതാണ് ഡികൊളോണിയല്‍ ചിന്തകളിലൂടെ സാധ്യമാകേണ്ടത്.
കൊളോണിയാലിറ്റിയുടെ ഭാഗമായി മുസ്ലിംകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജ്ഞാനശാസ്ത്രപരവും അധികാരപരവുമായ എല്ലാ മേല്‍ക്കോയ്മകളും പോസ്റ്റ്കൊളോണിയല്‍ കാലത്തും നിലനില്‍ക്കുന്നുണ്ടെന്നാണ് ഹാതിം നിരീക്ഷിക്കുന്നത്. മുസ്ലിംകള്‍ തങ്ങളുടെ ഭൂതത്തെയും വര്‍ത്തമാനത്തെയുമെല്ലാം നോക്കിക്കാണുന്നത് ഈ വീക്ഷണകോണില്‍നിന്നു തന്നെയാണ്. ചുരുക്കത്തില്‍, കൊളോണിയല്‍ കോണ്ടാക്ട് ലെന്‍സ് മുസ്ലിംകളുടെ കണ്ണുകളില്‍ സ്ഥിരമായി സ്ഥാപിക്കപ്പെട്ടതുപോലെയാണ്. ഇസ്ലാം, ഇസ്ലാമികം എന്നെല്ലാം പറയുമ്പോള്‍ കൊളോണിയല്‍ എപ്പിസ്റ്റമോളജിയിലൂടെ തന്നെയാണ് മുസ്ലിംകള്‍ അവയെ മനസ്സിലാക്കുന്നത്. പ്രികൊളോണിയലായ ഒരു സങ്കല്‍പ്പത്തിലോ ജ്ഞാനശാസ്ത്രത്തിലോ ഇവയെ വായിക്കാന്‍ മുസ്ലിംകള്‍ ശ്രമിക്കുന്നില്ല.
ഖാലിദ് അബൂഫദ്ല്‍, വാഇല്‍ ഹല്ലാഖ് എന്നിവരുടെ ചിന്തകളിലും ഇക്കാര്യം ഊന്നിപ്പറയുന്നതായി കാണാവുന്നതാണ്. വാഇല്‍ ഹല്ലാഖ് Can the Sharia be Restored എന്ന പുസ്തകത്തില്‍ കൊളോണിയലിസത്തിന്റെ ഈ വ്യാപനത്തെ കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫിഖ്ഹ്, ശരീഅത്ത് നിയമങ്ങള്‍ എന്നിവ വ്യക്തിനിയമങ്ങളിലേക്ക് പരിമിതപ്പെട്ടതിന്റെ പ്രശ്നങ്ങളെ കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്. പ്രിമോഡേണായ ഒരു ഫിഖ്ഹിന്റെയും ശരീഅത്തിന്റെയും രീതികളിലേക്ക് മടങ്ങേണ്ടതിന്റെ അനിവാര്യതയും പുസ്തകം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നാം ചോദിക്കേണ്ട സുപ്രധാനമായ ചോദ്യം ഈ കോണ്ടാക്ട് ലെന്‍സ് സ്ഥിരമായി സ്ഥാപിക്കപ്പെട്ടതാണോ, അതല്ല താല്‍ക്കാലികമാണോ? ഈ ജ്ഞാനശാസ്ത്ര ചട്ടക്കൂടുകള്‍ പൂര്‍ണമായും സര്‍വാധിപത്യം പുലര്‍ത്തുന്നതാണോ അതല്ല താല്‍ക്കാലിക ആധിപത്യങ്ങളുടെ (ഹെജിമണിക് സ്ട്രക്ചര്‍) ഭാഗമാണോ? മാത്രമല്ല, ഇത്തരം ജ്ഞാനാധികാരങ്ങളുടെ വ്യാപ്തി എത്രത്തോളമാണ്? മറികടക്കാനാവുന്ന സ്വാധീനങ്ങളാണോ അതിന് നമുക്ക് മേലുള്ളത്? അതിനുമപ്പുറമാണോ? ചുരുക്കത്തില്‍, മറികടക്കാനും പ്രതിരോധിക്കാനും സാധിക്കുന്ന കാര്യങ്ങളാണോ ഇപ്പോള്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്? കൃത്യമായ പഠനങ്ങളിലൂടെയും ചിന്തകളിലൂടെയും നമുക്ക് മനസ്സിലാക്കാനാവുന്നത് ഈ ആധിപത്യ ശക്തികളെ നമുക്ക് മറികടക്കാനാവുമെന്നാണ്.
കൊളോണിയല്‍ അധികാരമെന്നത് സമഗ്രാധിപത്യ ഭാവമുള്ളതാണെന്ന വാദം സമഗ്രാധിപത്യം അല്ലാഹുവിനു മാത്രമാണെന്ന ഖുര്‍ആന്റെ കല്‍പനക്ക് വിരുദ്ധമാണ്. അല്ലാഹുവിനു പുറമെ സമഗ്രാധിപത്യം മറ്റു അധികാര ഘടനകള്‍ക്ക് വകവെച്ചുകൊടുക്കുന്നത് ശിര്‍ക്കാണ്. അഥവാ കൊളോണിയല്‍ അധികാരം സമഗ്രാധിപത്യ ഭാവമുള്ളതാണെങ്കില്‍ അതിന്റെ വാര്‍പ്പുമാതൃകകളെ അനുകരിക്കുന്നവര്‍ മുസ്ലിംകളാകട്ടെ അമുസ്ലിംകളാകട്ടെ അവര്‍ ശിര്‍ക്കില്‍ പങ്കുപറ്റുകയാണ്.
കോളനീകൃത അധികാരത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിന് ഹാതിം ബസ്യാന്‍ നല്‍കുന്ന നിര്‍ദേശം പ്രാഥമികമായി നമ്മുടെ മനസ്സുകളെ ഇന്റേര്‍ണല്‍ കോളണൈസേഷനില്‍നിന്ന് ഡികോളണൈസ് ചെയ്യുക എന്നതാണ്. നമ്മുടെയുള്ളില്‍ കൂടുറപ്പിച്ച കൊളോണിയല്‍ ചിന്തകളെ പിഴുതെറിയാന്‍ നമുക്കാവണം. അതാണ് വിമോചനത്തിന്റെ ആദ്യപടി. അഥവാ നമ്മുടെ കണ്ണുകള്‍ക്ക് മുമ്പിലുള്ള കോണ്ടാക്ട് ലെന്‍സുകള്‍ ഒഴിവാക്കുകയെന്നതാണ് നാമാദ്യം ചെയ്യേണ്ടത്.
എന്റെ ചോദ്യം ഇവയാണ്: എങ്ങനെ ഈ കൊളോണിയല്‍ അധിഷ്ഠിത മനോഘടനയെ നമ്മുടെ മനസ്സുകളില്‍നിന്ന് കുടിയൊഴിപ്പിക്കാം? ഏതു തരം ടൂളുകളാണ് നാം അതിന് ഉപയോഗിക്കേണ്ടത്? എവിടെ നിന്ന് നമുക്കവ കണ്ടെത്താം? യൂറോകേന്ദ്രീകൃതമായ ടൂളുകള്‍ ഉപയോഗിച്ച് അതിനെ എതിരിടല്‍ സാധ്യമാണോ?
കറുത്ത വര്‍ഗക്കാരിയായ ഫെമിനിസ്റ്റ് ചിന്തക ഓഡ്രി ലോര്‍ഡിന്റെ പ്രശസ്തമായൊരു വാചകം ഇവിടെ പ്രസക്തമാണ്: 'അധികാരത്തിന്റെ കോട്ടകളെ അധികാരിയുടെ ഉപകരണങ്ങള്‍ തകര്‍ക്കില്ല' (The master's tools will never dismantle the master's house). അഥവാ, കൊളോണിയലിസത്തിന്റെ ഉപകരണങ്ങളും ജ്ഞാനശാസ്ത്രവും ഉപയോഗിച്ച് ഒരു സമൂലമാറ്റം സാധ്യമാകില്ലെന്നാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. അധികാരികളുടെ ഉപകരണങ്ങള്‍ അവരെ സംരക്ഷിക്കാനുണ്ടാക്കപ്പെട്ടതാണ്. അതിലൂടെ അവരെ വെല്ലുവിളിക്കാനാവില്ല. അപ്പോള്‍ അവിടെ അധികാരികളുടേതല്ലാത്ത ടൂളുകള്‍ കണ്ടെത്താനാകുമോ എന്നാണ് നാം അന്വേഷിക്കേണ്ടത്.
ഹാതിം കൊളോണിയാലിറ്റിയുടെ ജ്ഞാനശാസ്ത്രങ്ങളില്‍നിന്ന് രക്ഷപ്പെടണം എന്ന് പറയുന്നേയുള്ളൂ. സല്‍മാന്‍ സയ്യിദ് കുറച്ചുകൂടി അതിനുള്ള ടൂളുകളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ Fundamental Fear, Recalling the Caliphate എന്നീ പുസ്തകങ്ങളില്‍ ചില ടൂളുകളെ കുറിച്ച് സംസാരിക്കുന്നുണ്ട്. പോസ്റ്റ് മോഡേണ്‍ ടൂളുകളെ അപനിര്‍മിക്കുന്നതിലൂടെ ഡികൊളോണിയല്‍ ടൂളുകളെ വികസിപ്പിക്കാനാണ് സയ്യിദ് ശ്രമിക്കുന്നത്. ഫൂക്കോ, ലക്കാന്‍, ഗ്രാംഷി തുടങ്ങിയ ചിന്തകരുടെ ടൂളുകളാണ് അതിന് അദ്ദേഹം ഉപയോഗിക്കുന്നത്. അപ്പോള്‍ ഇവിടെയുള്ള പ്രശ്നം കൊളോണിയാലിറ്റിയുടെ അതേ ടൂളുകള്‍ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നതാണ്. മാത്രമല്ല അത്തരം ടൂളുകളിലൂടെയാണ് നമ്മിലെ ഇന്റേര്‍ണല്‍ കൊളോണിയലിസവും യൂറോകേന്ദ്രീകൃതത്വവും നിലനില്‍ക്കുന്നത്. അതിനാല്‍ അവയുടെ ടൂളുകളുപയോഗിച്ച് നമുക്ക് അവയെ തന്നെ മറികടക്കാനാവുമോ എന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
ഷര്‍മന്‍ അബ്ദുല്‍ ഹകീം ജാക്സന്‍ ഡികൊളോണിയല്‍ ടൂളുകള്‍ വികസിപ്പിക്കാന്‍ പരിശ്രമിച്ച ഒരു പണ്ഡിതനാണ്. അമേരിക്കയില്‍നിന്നുള്ള കറുത്തവര്‍ഗക്കാരനായ ചിന്തകനായ അദ്ദേഹം തന്റെ Islam and the Black American എന്ന ഗ്രന്ഥത്തില്‍ വെള്ളക്കാരുടെ ആധിപത്യത്തെ (വൈറ്റ് സുപ്രീമസി) കുറിച്ചാണ് സംസാരിക്കുന്നത്. വൈറ്റ് സുപ്രീമസി എന്നത് കൊളോണിയാലിറ്റിയുടെ വംശീയമായ പ്രയോഗമാണ്. വംശീയതയുടെയും ഉത്തമബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള ചില ബിംബങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് വൈറ്റ് സുപ്രീമസി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത്തരം എല്ലാ അധികാരകേന്ദ്രങ്ങളെയും ബിംബങ്ങളെയും നാം നിരാകരിക്കണം. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ലാത്ത, ഉസ്സ, മനാത്ത പോലുള്ള എല്ലാ ബിംബവല്‍ക്കരിക്കപ്പെട്ട ശക്തികേന്ദ്രങ്ങളെയും അദ്ദേഹം നിരാകരിച്ചു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പ്രഖ്യാപനത്തിലൂടെ ഈ നിരാകരണമാണ് പ്രവാചകന്‍ മുന്നോട്ടുവെക്കുന്നത്. അതുതന്നെയാണ് നമുക്കും കൊളോണിയല്‍ ശക്തികളുടെ ബിംബങ്ങള്‍ക്കു മുന്നില്‍ പറയാനുള്ളത്. എല്ലാ തരത്തിലുള്ള ജ്ഞാനാധികാര സങ്കല്‍പങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള മുന്നേറ്റത്തിനു മാത്രമേ മാറ്റം കൊണ്ടുവരാനാകൂ. ഇവിടെ ജാക്സന്‍ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം സ്വന്തമായ ടൂളുകള്‍ നല്‍കാന്‍ ശ്രമിക്കുന്നു എന്നതാണ്. കോളണൈസറും അടിച്ചമര്‍ത്തുന്നവനുമായ മനുഷ്യന് പകരം ദൈവത്തെ സ്ഥാപിക്കുക എന്നതാണ് ഒന്നാമതായി ജാക്സന്‍ ചെയ്യുന്നത്. അതിനു പുറമെ തഖ്വ, ഇഹ്സാന്‍ തുടങ്ങിയ ഘടകങ്ങളെ വൈറ്റ് സുപ്രീമസിയെയും കൊളോണിയലിസത്തെയും പ്രതിരോധിക്കുന്നതിനായുള്ള ടൂളുകളായി സമര്‍പ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
ഡികൊളോണിയാലിറ്റി സാധ്യമാക്കുന്ന ടൂളുകളായി ഞാന്‍ കാണുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇനി ചര്‍ച്ച ചെയ്യുന്നത്. കൊളോണിയാലിറ്റിയുടെ പദ്ധതികള്‍ തയാറാക്കപ്പെടുന്നത് ജ്ഞാനശാസ്ത്രപരവും ജ്ഞാനോല്‍പാദനപരവുമായ മേഖലകളിലാണ്. ഇവിടെ ജ്ഞാനശാസ്ത്രം കോളണൈസറുടെ കാഴ്ചകള്‍ക്കനുസരിച്ചാണ് നിര്‍മിക്കപ്പെടുന്നത്. ഇവിടെ ഖുര്‍ആനിന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്; ''അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്'' (അല്‍ഹജ്ജ് 46). ഇവിടെ അല്ലാഹു പറയുന്നത്, യഥാര്‍ഥത്തില്‍ ചുറ്റുപാടുകളെ കാണാനാവാത്ത തരത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, മറിച്ച് ഹൃദയങ്ങള്‍ക്ക് മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ നിര്‍മിച്ച വെറും കാഴ്ചകളില്‍നിന്ന് സ്വന്തം ഹൃദയത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെ കാര്യങ്ങള്‍ കാണാനാവണം എന്നാണ് അല്ലാഹു ഇവിടെ ഓര്‍മിപ്പിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന ജ്ഞാനശാസ്ത്രങ്ങളെ തിരിച്ചറിയണമെന്നാണിത് സൂചിപ്പിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച ആയത്തില്‍ മാറ്റം തുടങ്ങേണ്ടത് ഹൃദയങ്ങളില്‍നിന്നാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അവിടെ ഉപയോഗിച്ച ഖല്‍ബ് എന്ന വാക്കിനും ചില പ്രത്യേകതകള്‍ കാണാനാകും. നിഘണ്ടുകളില്‍ 'ഖലബ' എന്നതിന്റെ അര്‍ഥം മാറിമറിയുന്നത് എന്നാണ്. മാത്രമല്ല വിപ്ലവത്തെ സൂചിപ്പിക്കുന്ന ഇന്‍ഖിലാബ് എന്ന വാക്കും അതില്‍നിന്ന് നിഷ്പന്നമായതാണ്. അപ്പോള്‍ ഹൃദയമെന്നത് എപ്പോഴും വിപ്ലവവുമായും മാറ്റങ്ങളുമായും ബന്ധപ്പെടുന്ന ഒരു കാര്യമാണ്. അപ്പോള്‍ ഖല്‍ബിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങളും അല്ലാഹുവോടുള്ള ബന്ധവും സാമൂഹിക മാറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും സഹായകമാകണം. അതുപോലെ സൂഫിസമെന്നത് കൂടുതല്‍ തന്നിലേക്ക് ഒതുങ്ങി മനസ്സിന്റെ സംസ്‌കരണം സാധ്യമാക്കലല്ല, കൂടുതല്‍ സാമൂഹികമായ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടാവണം തസ്വവ്വുഫ് സാധ്യമാക്കേണ്ടത്. ആളുകളെ വിപ്ലവത്തിലേക്കും സാമൂഹിക ഇടപെടലുകളിലേക്കും മുന്നേറാന്‍ പ്രേരിപ്പിക്കുന്നതാകണം സൂഫിസം.
ഹൃദയത്തെ വിപ്ലവാത്മകമായ ഒരു അവയവമായാണ് ഞാന്‍ കാണുന്നത്. ഖല്‍ബ് എന്ന പദപ്രയോഗത്തിലൂടെ ഖുര്‍ആന്‍ അതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹുവിന്റെ അനുസരണത്തില്‍ മാറിക്കൊണ്ടിരിക്കുന്ന എന്റെ ഹൃദയത്തെ നീ ഉറപ്പിച്ചുനിര്‍ത്തണേ റബ്ബേ എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചത്. ഈ പ്രാര്‍ഥനയില്‍ വിപ്ലവവും സാമൂഹിക ഇടപെടലുകളും നടത്തുമ്പോഴുള്ള സ്ഥൈര്യവും ധൈര്യവും കൂടി ഉള്‍ക്കൊള്ളും. ഡികൊളോണിയല്‍ ചിന്തകളിലേക്ക് വികസിപ്പിക്കാനാവുന്ന കാര്യങ്ങളും ഇവിടെ ഉദ്ദേശ്യമാണ്. ഡികൊളോണിയല്‍ ചിന്തയുടെ സുപ്രധാന പ്രൊജക്ട് എന്നത് ജീവിതത്തെ സമര്‍പ്പിക്കുക എന്നതാണ്. എന്നാല്‍ കൊളോണിയല്‍ ചിന്തയുടെ അടിസ്ഥാനം ജീവിതത്തെ തകര്‍ക്കുക എന്നതാകുന്നു. മാത്രമല്ല എല്ലാ ശക്തികളുടെയും ഉറവിടമായി ഇസ്ലാം കാണുന്നത് അല്ലാഹുവിനെയാണ്. ഇവിടെയാണ് അല്ലാഹുവിനെയും ഖല്‍ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്ന ചില കാര്യങ്ങള്‍ പ്രസക്തമാകുന്നത്. ''വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ട്. അവസാനം അവന്റെ അടുത്താണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക'' (അല്‍അന്‍ഫാല്‍24). ഇവിടെ നിങ്ങളെ ജീവസ്സുറ്റ കാര്യത്തിലേക്ക് നയിക്കുന്നതിനെ കുറിച്ച് പറഞ്ഞ ശേഷം ഉണര്‍ത്തുന്നത് മനുഷ്യനും ഖല്‍ബിനും ഇടയില്‍ അല്ലാഹുവിന്റെ ഇടപെടലുകളുണ്ടെന്നാണ്. മാത്രമല്ല ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും പറയുന്ന കാര്യമാണ് 'ആത്മാര്‍ഥതയോടെ മനസ്സിനെ അല്ലാഹുവിലേക്ക് തിരിക്കുക' എന്ന്. ഇവിടെയെല്ലാം ഹൃദയത്തിന്റെ പ്രാധാന്യവും കാര്യങ്ങള്‍ ഹൃദയത്തിലേറ്റെടുക്കേണ്ടതിന്റെ ആവശ്യവുമാണ് ഉണര്‍ത്തുന്നത്.
ചുരുക്കത്തില്‍, Decolonisation ആരംഭിക്കേണ്ടത് ഹൃദയത്തിലാണ്. അതൊരിക്കലും ഒരു ആന്തരിക പരിവര്‍ത്തനമല്ല. മറിച്ച് ബാഹ്യമായ വിപ്ലവ പ്രചോദനമാണത്. അത് അധികാരിയായ ദൈവത്തിന്റെ വിളിക്ക് അടിമ നല്‍കുന്ന അനുയോജ്യമായ ഉത്തരമാണ്. ഇത്തരത്തില്‍ ഉത്തരം നല്‍കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ''എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം'' (അല്‍ബഖറ 186). ഫാനന്‍, ഗോര്‍ഡന്‍, വിന്റര്‍ എന്നീ ചിന്തകരുടെ അഭിപ്രായത്തില്‍ ഡികൊളോണിയാലിറ്റി ലക്ഷ്യം വെക്കുന്നത് പുതിയൊരു മാനവികതയുടെ (New Humanism) സൃഷ്ടിയാണ്.
ഡികൊളോണിയല്‍ അല്ലാത്ത ഒരു ഇസ്ലാം സാധ്യമാണോ? ഹാതിം ബസ്യാന്‍ കൊളോണിയല്‍ അധികാരത്തിന് വിധേയപ്പെട്ടു കഴിയുന്നവര്‍ക്കിടയില്‍ നോണ്‍ ഡികൊളോണിയല്‍ ഇസ്ലാമിന് സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇസ്ലാം അതിന്റെ മൗലിക രൂപത്തില്‍ തന്നെ ഡികൊളോണിയലാണ്. ഡികൊളോണിയലല്ലാത്ത ഒരു ഇസ്ലാം ഒരിക്കലും സാധ്യവുമല്ല. ഇസ്ലാം ദൈവികാധികാരത്തെ ചോദ്യം ചെയ്യുന്ന ഇടനിലക്കാരെയും, ത്വാഗൂത്തുകളെയും നിരാകരിക്കുകയും എല്ലാത്തരം കൊളോണിയല്‍ അധികാര ഘടനയോടും കലഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഇസ്ലാം സ്വയമേ ഡികൊളോണിയലാണ്; ഇസ്ലാം തന്നെയാണ് ഡികൊളോണിയാലിറ്റി.
(യു.കെ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ലെക്ചററാണ് ലേഖകന്‍. ഡി സ്‌കൂള്‍ ഓഫ് ഓക്‌സിഡന്റല്‍ ആന്റ് ആര്യന്‍ സ്റ്റഡീസ് സ്ഥാപകന്‍ കൂടിയാണ്. എസ്.ഐ.ഒ കേരള പുറത്തിറക്കിയ മുഖദ്ദിമ അക്കാദമിക് സമ്മിറ്റ് പ്രബന്ധ സമാഹാരത്തിലെ അദ്ദേഹത്തിന്റെ 'ഇസ്‌ലാമിക് ഡികൊളോണിയാലിറ്റി' എന്ന ലേഖനത്തിന്റെ അവസാന ഭാഗം)
Comments