ഭരണാധികാരികള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍
ലോകത്ത് ഏറ്റവും അധികാരമുള്ള വ്യക്തി ഇന്നിരിക്കുന്ന കസേരയില്‍ പണ്ടൊരു ജനസമ്മതനായ വ്യക്തി ഇരുന്നിരുന്നു. വിശ്വവിഖ്യാതനായ അദ്ദേഹം ജനാധിപത്യത്തെ നിര്‍വചിച്ചത് അത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങള്‍ക്കു വേണ്ടിയുള്ള, ജനങ്ങളുടെ ഭരണകൂടം ആണെന്നാണ്. തങ്ങളുടേതാണ് ഏറ്റവും ശക്തമായ ജനാധിപത്യമെന്നുറക്കെ വിളിച്ചുകൂവുന്ന അന്നാട്ടിലെ ഭരണാധികാരി ഇന്ന് ജനാധിപത്യത്തെ പുറംകാലുകൊണ്ട് തൊഴിക്കുന്നു. അബ്രഹാം ലിങ്കണും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഏറെ ദൂരമുണ്ട്.
ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതു കേള്‍ക്കാന്‍ തയാറാവുക, ചോദ്യകര്‍ത്താവിനോട് സഹിഷ്ണുത കാണിക്കുക, പ്രകോപിതനാവാതിരിക്കുക എന്നതെല്ലാം നേതൃത്വമികവിന്റെ ലക്ഷണങ്ങളാണ്. ചോദ്യം ചെയ്യപ്പെടുന്നത് ഒരു ഭരണാധികാരി കൂടിയാകുമ്പോള്‍ അയാള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ പ്രകടിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ മറ്റു പല ഭരണകര്‍ത്താക്കളാലും കോമാളിയെന്നു വിളിച്ചാക്ഷേപിക്കപ്പെടുന്ന ട്രംപ് വളരെ നിരുത്തരവാദപരമായിട്ടാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്.
വിമര്‍ശിക്കപ്പെടുക എന്നത് സ്വാഗതം ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍. വിമര്‍ശനങ്ങള്‍ അനുവദിക്കുകയും പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ ഭരണാധികാരിക്ക് ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത മനസ്സിലാക്കാനും അതിനനുസരിച്ച് പദ്ധതികളിലും പോളിസികളിലും മാറ്റങ്ങള്‍ വരുത്താനും സാധിക്കുകയുള്ളൂ. എന്നാല്‍ സ്തുതിപാഠകരാണ് ചുറ്റുമുള്ളതെങ്കില്‍ ഭരണം പുരോഗതി പ്രാപിക്കുകയേയില്ല. അതാണ് ചരിത്രത്തില്‍ പലകുറി സംഭവിച്ചിട്ടുള്ളത്.
അമേരിക്കന്‍ പത്രപ്രമുഖരായ സി.എന്‍.എന്നിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ജിം അക്കോസ്റ്റ, വൈറ്റ് ഹൗസില്‍ നടന്ന പത്രപ്രതിനിധികളുമായുള്ള അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം കൊണ്ട് നേരിട്ടപ്പോള്‍, രോഷം കൊണ്ട ട്രംപ് അദ്ദേഹത്തെ ആക്ഷേപിക്കുകയാണ് ചെയ്തത്. അക്കോസ്റ്റ വൈറ്റ് ഹൗസില്‍ കയറുന്നത് വിലക്കുകയും ചെയ്തു. ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട, പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യത്തെ അനുസരിക്കാത്തതിനാലല്ല, അദ്ദേഹത്തെ തടഞ്ഞ യുവതിക്കെതിരില്‍ ബലപ്രയോഗം നടത്തിയെന്ന കാരണവും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ മെനഞ്ഞുണ്ടാക്കി. അക്കോസ്റ്റയെ മാത്രമല്ല സി.എന്‍.എന്നിനെതിരെയും ട്രംപ് ആക്ഷേപങ്ങള്‍ ചൊരിഞ്ഞു.
തന്റെ നേരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നതായി ട്രംപിന്റെ പ്രവൃത്തി. വ്യക്തിപരമായും ആഗോളതലത്തിലും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞതാണ് വിചിത്രം: ''ട്രംപ് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്റെയും ഭരണകൂടത്തിന്റെയും നേരെയുള്ള കടുത്ത ചോദ്യങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ തന്റെ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയുടെ ദേഹത്ത് ഒരാള്‍ കൈവെക്കുന്നത് ഞങ്ങള്‍ക്ക് ക്ഷമിക്കാനാവില്ല.'' വാക്കുകള്‍ കൊണ്ട് തെമ്മാടിത്തത്തിന് മറയിടാന്‍ ശ്രമിക്കുന്ന, ഐക്യരാഷ്ട്രസഭയിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയുടെ പിന്‍ഗാമിയെന്നേ സാറയെ പോലുള്ളവരെ നിര്‍വചിക്കാനാവൂ. അക്കോസ്റ്റയുടെ കൈയില്‍നിന്നും മൈക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ച ഒരാളോട് സ്വാഭാവികമായി എങ്ങനെ പ്രതികരിക്കുമോ അതേ അദ്ദേഹം ചെയ്തിട്ടുള്ളൂ എന്ന് ആ വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാകും.
സമാനമായ സംഭവങ്ങള്‍ വേറെയും ഈയിടെ നടന്നു. അമേരിക്കയുടെ പോളിസി പ്ലാനിംഗ് ഡയറക്ടറായ, ഇറാന്‍ ഓപ്പറേഷന്റെ നേതൃത്വമേല്‍പിക്കപ്പെട്ട ബ്രയാന്‍ ഹുക് ഇറാന്‍ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിക്കവെ വേദിയിലേക്ക് മെഡാ ബെഞ്ചമിന്‍ എന്ന ഒരു വനിത കടന്നുചെന്ന് ഇറാന്‍ അധിനിവേശത്തിനുള്ള ഗൂഢ പദ്ധതിക്കെതിരെ ചോദ്യങ്ങളുതിര്‍ത്തു. കൃശഗാത്രിയായ മെഡായെ മല്ലന്മാരായ രണ്ട് സെക്യൂരിറ്റി ഓഫീസര്‍മാര്‍ പൊക്കിയെടുത്ത് പുറത്താക്കുകയാണുണ്ടായത്. ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സമരങ്ങള്‍ നടത്തിയ 'കോഡ് പിങ്ക് വിമന്‍ ഫോര്‍ പീസ്' എന്ന സംഘടനയിലെ പ്രമുഖ അംഗമാണ് മെഡാ ബെഞ്ചമിന്‍. പുരുഷന്മാര്‍ പോലും പ്രകടിപ്പിക്കാത്ത ആര്‍ജവത്തോടെ ഒട്ടും പ്രകോപിപ്പിക്കാതെ ശക്തമായ ഭാഷയില്‍ അമേരിക്കയുടെ ഇരട്ടത്താപ്പിനെ കുറിച്ച് ഉറക്കെ വിളിച്ചുപറയുന്നുണ്ട് അവര്‍. അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ ബ്രയാന്‍ ഹുക്ക് തല കുമ്പിട്ടിരിക്കുന്ന കാഴ്ച വളരെ പരിഹാസ്യമാണ്.
ഇന്നത്തെ അമേരിക്കയേക്കാള്‍ വിസ്തൃതിയുണ്ടായിരുന്ന ഒരു സാമ്രാജ്യത്തിന്റെ അധിപനായ ഒരു വിശിഷ്ട ഭരണാധികാരിയുണ്ടായിരുന്നു പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്. അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ റോമയും പേര്‍ഷ്യയും ഉള്‍പ്പെട്ടിരുന്നു. ആര്‍ക്കും ഏതു സമയത്തും ഏതാവശ്യവുമായി അദ്ദേഹത്തിനടുത്തേക്ക് കടന്നുവരാന്‍ അനുവാദമുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങളുടെ ബാധ്യത സ്വയം ഉള്‍ക്കൊണ്ടതുകൊണ്ട് ഉറക്കം വരാത്ത രാവുകളില്‍ പ്രജാക്ഷേമ കാര്യങ്ങളന്വേഷിച്ച് തെരുവില്‍ കറങ്ങി നടന്ന ഒരു സാത്വികന്‍, ഭക്ഷണമായാലും വസ്ത്രമായാലും തന്റെ പ്രജകളില്‍ എല്ലാവര്‍ക്കും പ്രാപ്യമായതേ തനിക്കും വേണ്ടൂ എന്ന് ദൃഢപ്രതിജ്ഞയെടുത്ത നിഷ്‌കാമ കര്‍മി, എല്ലാവരും ദൈവത്തിന്റെ മുന്നില്‍ തുല്യരാണെന്നും താന്‍ അവരുടെ പ്രതിനിധി മാത്രമാണെന്നും ഉറച്ചു വിശ്വസിച്ച ദയാലു, മുഖസ്തുതി പറഞ്ഞവരെ താക്കീതു ചെയ്ത ഉല്‍പതിഷ്ണു. ഇംഗ്ലണ്ടുകാരനായ ജെഫ്രി ആര്‍ച്ചറുടെ നോവലിന്റെ തലക്കെട്ടു പോലെ First Among Equals. തുല്യരില്‍ ഒന്നാമത്തെ വ്യക്തി. അതായിരുന്നു അദ്ദേഹം. ഭരണാധികാരി വിമര്‍ശനാതീതനല്ലെന്നു മാത്രമല്ല, വിമര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉമറെന്ന ഭരണാധികാരിയുടെ മാതൃക അദ്വിതീയം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരനുഭവം നോക്കൂ. പ്രസംഗമധ്യേ തല ഒരു വശത്തേക്ക് ചരിച്ചുകൊണ്ട് അദ്ദേഹം മുന്നിലിരുന്നവരോട് ചോദിച്ചു: ''ഇപ്രകാരം ഞാന്‍ എന്റെ ശിരസ്സ് ഐഹിക ജീവിത വിഭവങ്ങളിലേക്ക് തിരിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?''
'ഞങ്ങളത് വാളുകൊണ്ട് നേരെയാക്കും' എന്നാണ് സദസ്യരിലൊരാള്‍ മറുപടി പഞ്ഞത്.
അതു കേട്ട് പ്രകോപിതനാവുകയല്ല, മറിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് ആ മാതൃകാ ഭരണാധികാരി: ''അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, എന്റെ വക്രത വാളുകൊണ്ട് നിവര്‍ത്താന്‍ കഴിവുള്ളവരെ അനുചരന്മാരായി നല്‍കിയ അല്ലാഹുവിന് സ്തുതി.''
ഖലീഫ ഉമറിനെ ഭരണീയര്‍ പരസ്യമായി ചോദ്യം ചെയ്ത അവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഖാലിദുബ്‌നുല്‍ വലീദിനെ സൈന്യാധിപ സ്ഥാനത്തു നിന്ന് ഉമര്‍ പുറത്താക്കിയപ്പോള്‍ മഖ്‌സൂം ഗോത്രക്കാരിലൊരാള്‍ ചോദ്യം ചെയ്തത്, ഉമര്‍ ധരിച്ചിരുന്ന വസ്ത്രത്തിന് തുണിയല്‍പം കൂടുതലായി കണ്ടപ്പോള്‍ അതിന്റെ കാരണം ബോധിപ്പിക്കാന്‍ സദസ്സിലൊരാള്‍ ആവശ്യപ്പെട്ടത്, ഒരു ഗവര്‍ണര്‍ അകാരണമായി തന്നെ മൊട്ടയടിച്ചുകൊണ്ട് ശിക്ഷിച്ചു എന്നു പറയാന്‍ വന്ന ഒരാള്‍ ഉമറിനു നേരെ മുടി എറിഞ്ഞത് എന്നിങ്ങനെ അനവധി സംഭവങ്ങള്‍. അപ്പോഴൊക്കെ അക്ഷോഭ്യനായി മാത്രമേ ഉമര്‍ പ്രതികരിച്ചിട്ടുള്ളൂ.
തനിക്ക് പിഴവുപറ്റുമ്പോള്‍ ആളുകള്‍ അത് തിരുത്താതിരിക്കുമോ എന്ന് ആശങ്കപ്പെട്ട ആളാണദ്ദേഹം. അതദ്ദേഹം പലവുരു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമി അബൂബക്‌റും ഖലീഫ സ്ഥാനം ഏറ്റെടുത്ത് ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴും അതുതന്നെയാണ് സാധാരണക്കാരോട് ആവശ്യപ്പെട്ടത്; 'ഞാന്‍ തെറ്റു ചെയ്താല്‍ എന്നെ തിരുത്തുക.' വിശാലമായ കാഴ്ചപ്പാടും ഭരണാധികാരിയുടെ യഥാര്‍ഥ ബാധ്യതയും ശരിയാംവണ്ണം ഗ്രഹിച്ചവര്‍ക്കേ അങ്ങനെ പറയാന്‍ സാധിക്കൂ.
ഭരണം കൈയാളുന്നവര്‍ തിരുത്തപ്പെട്ടില്ലെങ്കില്‍ മുഴുവന്‍ ജനങ്ങളെയും അത് ദോഷമായി ബാധിക്കുമെന്നതിനാല്‍ ഒരു സാധാരണ വ്യക്തിയേക്കാളും ഭരണാധികാരി തിരുത്തപ്പെടേണ്ടതുണ്ട്. അതിലുപരി ഭരണാധികാരി അഹങ്കാരി കൂടി ആവുകയും ചെയ്താലോ? അത്തരം അഹങ്കാരികളോട് നേര്‍ക്കുനേരെ ചോദിക്കാന്‍ കെല്‍പുള്ളവരാവണം ഭരണീയര്‍. അപ്പോള്‍ മാത്രമേ ഭരണാധികാരി ജനപ്രതിനിധിയാവുകയുള്ളൂ. അതുകൊണ്ടാണ് അഹങ്കാരിയായ ഫറോവയുടെ അടുത്തേക്ക് പോകാനും അവനെ ഉപദേശിക്കാനും അല്ലാഹു മൂസാ നബിയോട് ആവശ്യപ്പെട്ടത്. 'ഫിര്‍ഔന്‍ അഹങ്കാരിയായിത്തീര്‍ന്നിരിക്കുന്നു, അവനരികിലേക്ക് പോവുക' എന്ന് അല്ലാഹു മൂസാ നബിയെ ഉപദേശിക്കുന്നുണ്ട്.
മനുഷ്യാവകാശത്തിന്റെ മൊത്തക്കച്ചവടക്കാരായി അഭിനയിക്കുമ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് അധികാരപ്രമത്തരാവുകയാണിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത അധികാരികള്‍. ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രവും ഇക്കാര്യത്തില്‍ ഒരേ നിലപാട് തന്നെയാണ് പുലര്‍ത്തുന്നത്.
Comments