Prabodhanm Weekly

Pages

Search

2019 ജനുവരി 11

3084

1440 ജമാദുല്‍ അവ്വല്‍ 4

യേശുവിന്റെ ദിവ്യത്വം

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

( യേശുവിനെ സ്‌നേഹിച്ച് സ്‌നേഹിച്ച് .... 11)

എല്ലാ കാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന ദൈവമാണ് യേശു എന്ന് വിശ്വസിക്കുന്നവര്‍ ക്രൈസ്തവ സമൂഹത്തിലുണ്ട്. അവരുടെ വിശ്വാസപ്രകാരം, ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ യേശു രണ്ടായിരത്തിലധികം വര്‍ഷം മുമ്പ് കന്യകയായ മര്‍യം വഴി ജനിച്ച് ഒരു മനുഷ്യശരീരത്തില്‍ പ്രത്യക്ഷനായി. സുവിശേഷങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ, ഈ വിശ്വാസം യേശുവിലേക്ക് ചേര്‍ത്തിപ്പറയുന്ന വാക്കുകള്‍ക്ക് വിരുദ്ധമാണ്. യേശു ഒരിക്കലും ദിവ്യത്വം വാദിച്ചിരുന്നില്ല എന്നതാണ് വസ്തുത. ദൈവത്തിന്റെ ദിവ്യത്വം ഊന്നിപ്പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. തന്റെ ചുറ്റുമുള്ളവരോട് അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ എന്തിന് എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു? ആ ഒരുവനല്ലാതെ, ദൈവമല്ലാതെ മറ്റൊരു നല്ലവന്‍ ഇല്ല'' (മാര്‍ക്കോസ് 10:18). തന്നെ ഏീീറ (നല്ലവന്‍) എന്ന് വിശഷിപ്പിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന യേശു ഏീറ (ദൈവം) എന്ന് വിശേഷിപ്പിക്കുന്നത് ഇഷ്ടപ്പെടുമോ? ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ യേശു അവനെ വിശേഷിപ്പിക്കുന്നത്, 'എന്റെ പിതാവ്, നിങ്ങളുടെ പിതാവ്; എന്റെ ദൈവം, നിങ്ങളുടെ ദൈവം' (യോഹന്നാന്‍ 20:17) എന്നിങ്ങനെയാണ്.

തനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് യേശു കരുതിയിരുന്നില്ല. താന്‍ ചെയ്യുന്നതൊക്കെ തന്നെ അയച്ച ദൈവത്തിന്റെ ഇഛ പ്രകാരമാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്: ''എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല.1 കേള്‍ക്കുന്നത് പോലെ ഞാന്‍ വിധിക്കുന്നു. എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്'' (യോഹന്നാന്‍ 5:30). താന്‍ പറയുന്ന വാക്കുകളൊന്നും തന്റേതല്ലെന്നും തന്നെ പ്രവാചകനായി അയച്ചവന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്: ''ഞാന്‍ സ്വയം പറഞ്ഞതല്ല ഇത്. എന്നെ അയച്ച പിതാവ് തന്നെയാണ് എന്ത് പറയണം, എങ്ങനെ പറയണം എന്ന് എന്നോട് കല്‍പിച്ചിരിക്കുന്നത്'' (യോഹന്നാന്‍ 12:49). യോഹന്നാന്റെ സുവിശേഷത്തില്‍ തന്നെ (7:17,18) യേശു ഇങ്ങനെയും പറയുന്നുണ്ട്: ''അവന്റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്, ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് മനസ്സിലാക്കാം. സ്വമേധയാ സംസാരിക്കുന്നവന്‍ തന്റെ തന്നെ മഹത്വം അന്വേഷിക്കുന്നു. തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവനാണ് സത്യവാന്‍. അവനില്‍ അസത്യം കുടികൊള്ളുന്നില്ല.''  ദൈവം തന്നേക്കാള്‍ മഹത്വമുള്ളവനാണെന്ന് യേശു വ്യക്തമാക്കിയിട്ടുമുണ്ട്: ''ഞാന്‍ പിതാവിലേക്ക് പോകുന്നു, കാരണം എന്റെ പിതാവ് എന്നേക്കാള്‍ വലിയവനാണ്'' (യോഹന്നാന്‍ 14:28). തന്നെ അയച്ചവന്റെ തൃപ്തിക്ക് വേണ്ടിയായിരുന്നു യേശുവിന്റെ കര്‍മങ്ങളത്രയും. ''എന്നെ അയച്ചവന്‍ എന്റെ കൂടെയുണ്ട്. അവന്‍ എന്നെ തനിയെ വിട്ടിട്ടില്ല. കാരണം, അവന് പ്രീതികരമായിട്ടുള്ളത് ഞാന്‍ എപ്പോഴും ചെയ്യുന്നു'' (യോഹന്നാന്‍ 8:29,20). ഇത് പറഞ്ഞപ്പോള്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു (യോഹന്നാന്‍ 8:29,30). ലൂക്കോസിന്റെ സുവിശേഷത്തില്‍ (4:43) ദൈവരാജ്യം പ്രഖ്യാപിക്കാനാണ് യേശു വന്നതെന്ന് പറയുന്നുണ്ട്: ''അവന്‍ അവരോട് പറഞ്ഞു: ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു നഗരങ്ങളിലും എനിക്ക് പ്രബോധനം ചെയ്യണം. കാരണം എന്നെ അയച്ചിട്ടുള്ളത് അതിനു വേണ്ടിയാണ്.''

ദൈവരാജ്യത്തിലേക്കുള്ള പ്രവേശം ദൈവേഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും യേശു അറിയിച്ചിട്ടുണ്ട്: ''കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുന്നവരെല്ലാം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഛ നിറവേറ്റുന്നവനാരോ അവനേ അവിടെ പ്രവേശിക്കൂ''2 (മത്തായി 17:21). വീണ്ടും അദ്ദേഹം പറയുന്നു: ''ദൈവേഛ നിറവേറ്റുന്നവനാരോ അയാളാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും'' (മാര്‍ക്കോസ് 3:35). ഈ പ്രപഞ്ചത്തിന്റെ അന്ത്യവിനാഴികയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും യേശു അറിയിക്കുന്നു: ''ആ ദിവസമോ മണിക്കൂറോ പിതാവിന്നല്ലാതെ ആര്‍ക്കും, സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കോ പുത്രനോ പോലും, അറിഞ്ഞുകൂടാ''3 (മാര്‍ക്കോസ് 13:32).

ലൂക്കോസില്‍ (13:33,34) യേശു സ്വയം പരിചയപ്പെടുത്തുന്നത് പ്രവാചകന്മാരിലൊരാളായിട്ടാണ്: ''എനിക്ക് ഇന്നും നാളെയും അതിനു ശേഷമുള്ള ദിവസവും യാത്ര തുടരേണ്ടതുണ്ട്. കാരണം ജറൂസലമിന് പുറത്തു വെച്ച് ഒരു പ്രവാചകന്‍ മരിക്കാന്‍ പാടില്ലല്ലോ. ജറൂസലമേ, ജറൂസലമേ, പ്രവാചകന്മാരെ കൊല്ലുന്നവളേ, നിന്റെ അടുക്കലേക്ക് അയക്കപ്പെട്ടവരെ കല്ലെറിയുന്നവളേ...''

ഈ വചനങ്ങളത്രയും സാക്ഷ്യപ്പെടുത്തുന്നത്, ദൈവവുമായി താരതമ്യം ചെയ്യുമ്പോള്‍ യേശു മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണ് എന്നാണ്. അദ്ദേഹം സ്രഷ്ടാവല്ല; ആദമിനെപ്പോലെ സൃഷ്ടി മാത്രം. അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട് (മാര്‍ക്കോസ് 1:35, 14:35, ലൂക്കോസ് 5:16). അതിനര്‍ഥം അദ്ദേഹം ഉറപ്പായും പ്രവാചകന്‍ തന്നെയാണ്, ദൈവമല്ല എന്നാണ്. കാരണം ദൈവത്തിന് ആരോടും പ്രാര്‍ഥിക്കേണ്ട കാര്യമില്ലല്ലോ. യേശു ദൈവത്തെ സ്തുതിക്കാറുമുണ്ടായിരുന്നു: ''സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, ഞാന്‍ നിനക്ക് നന്ദി പറയുന്നു'' (മത്തായി 11:25).

സുവിശേഷങ്ങളില്‍ യേശുവിന്റേതായി വന്ന വചനങ്ങളിലൊന്നും തന്റെ ദിവ്യത്വത്തെ സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളില്ല. ത്രിയേകത്വം പോലെ തന്നെ യേശുവിന്റെ ദിവ്യത്വമെന്ന ആശയവും അദ്ദേഹത്തിന്റെ വിടവാങ്ങലിനു ശേഷമാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. അത് ബഹുദൈവാരാധനാ സംസ്‌കാരത്തില്‍നിന്ന് ക്രൈസ്തവതയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്നാണ്. ക്രൈസ്തവതക്ക് മുമ്പുള്ള മതങ്ങളില്‍, പല ആചാര്യന്മാരും ദൈവങ്ങളായി കണക്കാക്കപ്പെടാറുണ്ടായിരുന്നു. ഹിന്ദുക്കള്‍ കൃഷ്ണനെക്കുറിച്ച്, ബുദ്ധമതക്കാര്‍ ബുദ്ധനെക്കുറിച്ച്, പേര്‍ഷ്യക്കാര്‍ മിത്രയെക്കുറിച്ച്, പുരാതന ഈജിപ്തുകാര്‍ ഓഡിറിസിനെക്കുറിച്ച്, ഗ്രീക്കുകാര്‍ ബാക്കസി(Bacchus) നെക്കുറിച്ച്, ബാബിലോണിയക്കാര്‍ ബാലിനെ(Baal)ക്കുറിച്ച്, സിറിയക്കാര്‍ അഡോണിസിനെക്കുറിച്ച്, യേശു ക്രിസ്തുവിനെക്കുറിച്ച് ക്രിസ്താനികള്‍ പറയാറുള്ളതുപോലെ പറയാറുണ്ടായിരുന്നു. അത്തരം ബഹുദൈവത്വപരമായ സകല ആശയങ്ങളെയും നിരാ

കരിക്കുകയാണ് ഇസ്‌ലാം. ദൈവം അവതാരമെടുക്കില്ലെന്നും തന്റെ ഒരു സൃഷ്ടിയുമായും കൂടിച്ചേരില്ലെന്നും ഇസ്‌ലാം അസന്ദിഗ്ധമായി അതിന്റെ അനുയായികളെ പഠിപ്പിക്കുന്നു.

യേശുവെന്നല്ല, മറ്റൊരു മനുഷ്യനും ദൈവമാകില്ലെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ദൈവം അവതാരമെടുക്കുന്നതിനെയും മറ്റൊന്നുമായി കൂടിച്ചേര്‍ന്നു വരുന്നതിനെയും അത് തള്ളിക്കളയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അഞ്ചാം അധ്യായം 75-ാം സൂക്തത്തില്‍, മറ്റെല്ലാ പ്രവാചകന്മാരെയും പോലെ യേശുവും പ്രവാചകനായിരുന്നുവെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ സദ്‌വൃത്തയായ മാതാവും 'ആഹാരം കഴിക്കുന്നവരായിരുന്നു' എന്നും പറയുന്നുണ്ട്. യേശുവാകട്ടെ, മുഹമ്മദാകട്ടെ, മറ്റേതൊരു പ്രവാചകനാവട്ടെ ആഹാരം കഴിക്കുന്നുണ്ടോ, എങ്കില്‍ ദൈവമാകാന്‍ പറ്റുകയില്ല. ഒരാള്‍ തിന്നുന്നു എന്നതിന്റെ അര്‍ഥം പുറത്തുനിന്നുള്ള ഒന്ന് അയാള്‍ക്ക് ആവശ്യമുണ്ടെന്നാണ്, അയാള്‍ അതിനെ ആശ്രയിക്കുന്നു എന്നാണ്. ഭക്ഷണം അകത്തു ചെന്നാല്‍ ശരീരത്തില്‍ അതിന്റേതായ പ്രക്രിയകള്‍ നടക്കും. അപ്പോള്‍ വിസര്‍ജിക്കേണ്ടിവരും. ഇതൊന്നും ദൈവമഹത്വവുമായി ചേര്‍ന്നുപോകുന്നതല്ല.

പല ജനസമൂഹങ്ങളും, അവര്‍ എത്രതന്നെ പ്രാകൃത വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണെങ്കിലും, ദൈവത്തില്‍നിന്നുള്ള പ്രവാചകന്‍ തങ്ങളെപ്പോലെ 'ഭക്ഷണം കഴിക്കുന്നവന്‍' ആകാന്‍ പാടില്ല എന്ന് വാദിക്കുന്നവരായിരുന്നു. ഇത് പറഞ്ഞാണ് പല ജനസമൂഹങ്ങളും തങ്ങളുടെ പ്രവാചകനെ താറടിച്ചിരുന്നത്. നോഹയുടെ ജനത അദ്ദേഹത്തോട് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ഇവനും നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നത് തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നത് കുടിക്കുന്നു'' (23:33). മുഹമ്മദ് നബിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജനത ഇതേ വാദഗതി ഉന്നയിച്ചിരുന്നു: ''അവര്‍ പറയുന്നു: ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു, അങ്ങാടിയിലൂടെ നടക്കുന്നു!'' (25:7). പ്രവാചകനായ യേശുവില്‍ ദിവ്യത്വം ആരോപിക്കുന്നവര്‍, സര്‍വലോക സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഭക്ഷണം കഴിക്കുന്ന മനുഷ്യനെപ്പോലെ കണ്ട് ദൈവിക മഹത്വത്തെ ഇടിച്ചുതാഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ ഖുര്‍ആന്‍ (5:72) യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്നു: ''മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ''ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.'' വീണ്ടും: ''സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് യേശുവിന്റെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് 'ഉണ്ടാവുക' എന്ന് കല്‍പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു'' (3:59)4 ഖുര്‍ആന്‍ എപ്പോഴും യേശുവിനെ മറ്റു പ്രവാചകന്മാരെപ്പോലെ, വളരെ വിശുദ്ധനും സദ്‌വൃത്തനുമായ പ്രവാചകനായിട്ടാണ് കാണുന്നത്. പക്ഷേ എപ്പോഴും അദ്ദേഹം മനുഷ്യന്‍ തന്നെ. യേശു പറയുന്നു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപു

സ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു'' (19:30).

അപ്പോസ്തല പ്രവൃത്തികളില്‍ (3:13) പറയുന്നു: ''അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി'' (New Testament, Catholic Edition).

ഈ വിവരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമായി. ഖുര്‍ആന്‍ മാത്രമല്ല യേശുവിന്റെ ദിവ്യത്വത്തെ നിഷേധിക്കുന്നത്;  ബൈബിള്‍ വചനങ്ങളും അതു തന്നെയാണ് ചെയ്യുന്നത്. Credo  എന്ന ബ്രിട്ടീഷ് ടെലിവിഷന്‍ ഷോ നടത്തിയ ഒരു കണക്കെടുപ്പില്‍, ആംഗ്ലിക്കന്‍ ചര്‍ച്ചിലെ 31 ബിഷപ്പുമാരില്‍ 19 പേരും പറഞ്ഞത്, യേശു ദൈവമാണെന്ന് വിശ്വസിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് ബാധ്യതയില്ലെന്നാണ്.5

(തുടരും)

 

കുറിപ്പുകള്‍

1. ഇത് യേശു സ്വന്തത്തെക്കുറിച്ച് പറയുന്നത്. ദൈവത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: ''ദൈവത്തിന് എല്ലാം സാധ്യമാണ്'' (മാര്‍ക്കോസ് 10:27).

2. 'കര്‍ത്താവ്' എന്നത് Lord  എന്നതിന്റെ പരിഭാഷയാണ്. യഥാര്‍ഥത്തില്‍ അവിടെ പ്രയോഗിച്ച പദം റബ്ബി എന്നാണ്. ആ വാക്കിന്റെ ശരിയായ അര്‍ഥം 'യജമാനന്‍' എന്നാണ് (കിംഗ്  ജെയിംസ് വേര്‍ഷന്‍- KVJ). അല്ലെങ്കില്‍ ഗുരു/ അധ്യാപകന്‍ (The New KVJ)  എന്ന്. ബൈബിളില്‍ ഇങ്ങനെ കാണാം: അവര്‍ തന്നെ പിന്തുടരുന്നതു കണ്ട് യേശു തിരിഞ്ഞുനിന്ന് അവരോട് ചോദിച്ചു: 'നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?' അവര്‍ അവനോട് പറഞ്ഞു: 'റബ്ബീ, (ഗുരു എന്നര്‍ഥം) അങ്ങ് എവിടെയാണ് താമസിക്കുന്നത്?' (യോഹന്നാന്‍ 1:38).

3. മത്തായിയുടെ സുവിശേഷത്തില്‍ (12:50) നാമിങ്ങനെ വായിക്കുന്നു: ''എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇംഗിതം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.'' മത്തായി ഇവിടെ 'ദൈവം' എന്ന വാക്ക് ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി 'എന്റെ പിതാവ്' എന്നാക്കി മാറ്റുകയാണ്. കിസ്മന്‍ (Kisman)  പറയുന്നത്, ദൈവശാസ്ത്ര ലക്ഷ്യങ്ങള്‍ക്കായി ലൂക്കോസും മത്തായിയും മാര്‍ക്കോസിന്റെ ടെക്സ്റ്റ് നൂറുകണക്കിന് തവണ മാറ്റിയിട്ടുണ്ട് എന്നാണ്.

4. മെല്‍ക്കിസെദകി (Melchisedec)നെക്കുറിച്ച് ബൈബിള്‍ പറയുന്നു: ''അയാള്‍ക്ക് പിതാവോ മാതാവോ വംശാവലിയോ ഇല്ല. ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല...'' (എബ്രായര്‍ 7:3). എന്നിട്ടും അയാള്‍ക്ക് ദിവ്യത്വമുണ്ടെന്ന് ആരും വാദിക്കുന്നില്ല.

5. Daily News ജൂണ്‍ 25, 1984

Comments

Other Post

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ട വിധം
ഫാത്വിമ കോയക്കുട്ടി

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (30-31)
എ.വൈ.ആര്‍