Prabodhanm Weekly

Pages

Search

2019 ജനുവരി 11

3084

1440 ജമാദുല്‍ അവ്വല്‍ 4

സമകാലിക ഇന്ത്യയോട് ഇസ്‌ലാമിന് പറയാനുള്ളത്

സയ്യിദ് സആദത്തുല്ല ഹുസൈനി

നഷ്ടപ്പെട്ട മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനെയാണ് നവോത്ഥാനം എന്ന് വിളിക്കുന്നത്. സാംസ്‌കാരിക ചരിത്ര പഠനങ്ങള്‍ ഈ വീണ്ടെടുപ്പിനും മനുഷ്യവിമോചനത്തിനും ശ്രമിക്കുന്ന പ്രസ്ഥാനങ്ങളെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന് അടയാളപ്പെടുത്തുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് വ്യക്തമായ പ്രത്യയശാസ്ത്ര അടിത്തറകള്‍ ഉണ്ടായിരിക്കും. പൊതു മണ്ഡലത്തിന് പുതിയ ആശയങ്ങളും പ്രതീക്ഷകളും അവ സമര്‍പ്പിക്കുകയും ചെയ്യും.

ഇസ്‌ലാമും ഇന്ത്യയും തമ്മിലുള്ള ബന്ധം  അഭേദ്യമാണ്. ഇസ്‌ലാമിന്റെ ശോഭനമായ ഒരുപിടി ചിത്രങ്ങള്‍ ഇന്ത്യയുടെ മണ്ണുമായി ഗാഢമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പ്രതിഭാധനരും പ്രഗത്ഭരുമായ ധാരാളം ഇസ്‌ലാമിക പണ്ഡിതരെയും ചിന്തകരെയും ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും സുപ്രധാന പങ്കാണ് ഇസ്‌ലാമിനുള്ളത്. ഈ രാജ്യത്തിന്റെ സംസ്‌കാരവും ജീവിത ശൈലിയും രൂപപ്പെടുത്തുന്നതിലുമൊക്കെ ഇസ്‌ലാം വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവും അതിന്റെ തെളിമയാര്‍ന്ന ആദര്‍ശവും നിയമങ്ങളുമൊക്കെ രാജ്യവാസികളുടെ ഹൃദയങ്ങളെ ഏറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മൂല്യങ്ങളിലൂടെ ഇന്നും രാജ്യത്ത് കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാനും മാനവിക വിമോചനത്തിന്റെ ഉദാത്ത മാതൃകയാക്കി ഇന്ത്യയെ മാറ്റിയെടുക്കാനും കഴിയും.

നവോത്ഥാനം പലപ്പോഴും സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ടാണ് ഉയിരെടുക്കുന്നത്. പ്രതിസന്ധികള്‍ തീക്ഷ്ണമാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ പുതിയ പരിഹാരങ്ങള്‍ക്കായി അന്വേഷണം ആരംഭിക്കുന്നു. ഈ അന്വേഷണങ്ങള്‍ നിലവിലുള്ള മൂടുറച്ച ധാരണകളെയും പൂതലിച്ച വ്യവസ്ഥകളെയും പൊളിച്ച് പുതിയ പ്രത്യയശാസ്ത്രങ്ങളുടെയും ആശയങ്ങളുടെയും ഉയിരെടുപ്പിലേക്ക് നയിക്കും. 

രാജ്യം വ്യത്യസ്തങ്ങളായ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഇവക്കെല്ലാം കൃത്യമായ പരിഹാരങ്ങള്‍ ഇസ്‌ലാമില്‍ കാണാന്‍ കഴിയും. നമ്മുടെ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ് അസമത്വം. ഇന്ത്യ ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അതേസമയം തന്നെ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും കുതിച്ചുയരുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ ലോകത്തെ അതിസമ്പന്ന കുത്തകകളുമായി മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഇവിടത്തെ ചേരികള്‍ ലോകത്തെ ഏറ്റവും ദുര്‍ഗന്ധപൂരിതമായ ചേരികളുമായി പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ കോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെത്തന്നെ ദരിദ്ര നാരായണന്മാരുടെ ലിസ്റ്റിലേക്ക് നമ്മുടെ രാജ്യത്തുനിന്ന് ദിനംപ്രതി ലക്ഷങ്ങള്‍ തള്ളിമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കെത്തന്നെ ആഗോള ദാരിദ്ര്യ സൂചിക ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ മൂന്നു രാഷ്ട്രങ്ങളിലൊന്ന് ഇന്ത്യയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ വലിയൊരു ശതമാനം സമ്പത്ത് ചെറിയൊരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ അമര്‍ന്നിരിക്കുന്നു. വലിയൊരു ശതമാനം പൗരന്മാര്‍ അഷ്ടിക്ക് വകയില്ലാത്തവരായി ജീവിതം തള്ളിനീക്കുകയും ചെയ്യുന്നു. ഈ വൈരുധ്യങ്ങളും അസമത്വങ്ങളും രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇത്തരം അസമത്വങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വളരെ വേഗം അരാജകത്വത്തിലേക്കും അസമാധാനത്തിലേക്കും വലിച്ചെറിയപ്പെടും.

അഴിമതിയാണ് നമ്മുടെ രാജ്യം നേരിടുന്ന മറ്റൊരു മഹാ വിപത്ത്. അഴിമതി തടയാനുള്ള എല്ലാ മാര്‍ഗങ്ങളും തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ ഈ വര്‍ഷം ഉണ്ടായത് അമ്പതു ശതമാനത്തിന്റെ വര്‍ധനവാണ്. രാജ്യത്തെ അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഗവണ്‍മെന്റ് നീക്കിവെക്കുന്ന ഫണ്ടുകളുടെ നാല്‍പതു ശതമാനം മാത്രമേ അവരിലേക്ക് എത്തിച്ചേരുന്നുള്ളൂ. ബാക്കി  അറുപത് ശതമാനം ബ്യൂറോക്രാറ്റുകളുടെയും ഇടനിലക്കാരുടെയും കീശയിലേക്കാണ് ചെന്നെത്തുന്നത്. അഴിമതിനിര്‍മാര്‍ജനത്തിനായി വിവിധ കോണുകളില്‍നിന്ന് ധാരാളം സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും ഈ ഭീഷണിയെ വേണ്ടവിധം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി എങ്ങനെ നിയന്ത്രിക്കുമെന്നത് ഇന്നും രാജ്യത്തിനു മുന്നിലെ വലിയ ചോദ്യചിഹ്നമാണ്. 

രാജ്യത്തെ സ്ത്രീകളുടെ നില ഒട്ടും ശുഭകരമല്ല. മുത്ത്വലാഖിനെ കുറിച്ച് പാര്‍ലമെന്റിലും പുറത്തും ചൂടേറിയ ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ പ്രദേശമാണ് ഇന്ത്യ എന്ന് സൂചിപ്പിക്കുന്ന തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഈ അരക്ഷിതത്വത്തിനു കാരണം ഏതായാലും മുത്ത്വലാഖല്ല. മറിച്ച് സ്ത്രീപീഡനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍, ശൈശവ വിവാഹങ്ങള്‍, ഭ്രൂണഹത്യ തുടങ്ങിയവയാണ്. ഇന്ത്യയിലെ നഗരങ്ങള്‍ ലോകത്തെ ബലാത്സംഗത്തിന്റെ തലസ്ഥാന നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ തെരുവുകളില്‍ മാത്രമല്ല സ്ത്രീ അരക്ഷിതയായിട്ടുള്ളത്. മറിച്ച് ഭൂമിയിലെ ഏറ്റവും സുരക്ഷിത ഇടമായി കണക്കാക്കാവുന്ന അമ്മയുടെ ഗര്‍ഭാശയത്തില്‍ പോലും പെണ്‍കുഞ്ഞിന് രക്ഷയില്ല. 6.3 കോടി പെണ്‍കുട്ടികള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍നിന്ന് അപ്രത്യക്ഷരായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാം ലോക യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടേതിനേക്കാള്‍ കൂടുതലാണ് നമ്മുടെ രാജ്യത്ത് ഗര്‍ഭാശയങ്ങളില്‍ വെച്ച് കൊല്ലപ്പെടുന്നവരുടെ എണ്ണം. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും സ്ത്രീ-പുരുഷ അനുപാതം ഭീമമായി വര്‍ധിച്ചുവരുന്നത് കാണാന്‍ കഴിയും. ഈ അന്തരം ഗുരുതരമായ പ്രതിസന്ധികളാണ് സൃഷ്ടിക്കാന്‍ പോകുന്നത്. 

ദേശീയതലത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്താണ് സെലക്ടീവായ ശ്രദ്ധയും സെലക്ടീവായ അശ്രദ്ധയും. ഉന്നതര്‍, മധ്യവര്‍ഗക്കാര്‍, ബുദ്ധിജീവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ ഇവരിലൊക്കെ ഈ വിപത്തിന്റെ സൂചനകള്‍ ദൃശ്യമാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും പറ്റിയതും തങ്ങളുടെ ജാതി-മത താല്‍പര്യങ്ങളുമായി 

പൊരുത്തപ്പെടുന്നതുമായ വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുക എന്ന തെറ്റായ കീഴ്‌വഴക്കം അങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 

ഇവിടെ നിലനില്‍ക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് നാം ആഗ്രഹിക്കുന്നു. പക്ഷേ, സുഖാസ്വാദനങ്ങളെ ത്യജിക്കാന്‍ നാം ഒട്ടും തയാറുമല്ല. ബലാത്സംഗത്തിനും സ്ത്രീപീഡനത്തിനും അറുതി വരുത്തണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ അതിലേക്ക് നയിക്കുന്ന അശ്ലീല ചിത്രങ്ങളെ നിരോധിക്കാന്‍ നാം ഒട്ടും തല്‍പരരല്ല. സ്ത്രീപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍ മദ്യനിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ നമുക്ക് കഴിയുന്നില്ല. അഴിമതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ കാര്യസാധ്യത്തിനായി നിര്‍ലോഭം കൈക്കൂലി നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ഇന്ത്യ ഒരു നവോത്ഥാനത്തെയും പ്രതിസന്ധികള്‍ പരിഹൃതമായ പുതിയൊരു പ്രഭാതോദയത്തെയും തേടിക്കൊണ്ടിരിക്കുന്നു. ധാര്‍മികതയിലും ആത്മീയതിലുമൂന്നിയ സമഗ്ര മാറ്റത്തിലൂടെ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ആത്യന്തികമായി പരിഹരിക്കാന്‍ കഴിയൂ. 

ഇസ്‌ലാം സമ്പൂര്‍ണ മാറ്റത്തെ കുറിച്ചുള്ള സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. കേവല നിയമ ഭാഷകൊണ്ട് മാത്രം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ വലിയ മാറ്റങ്ങള്‍ സാധ്യമാകൂ എന്നത് യാഥാര്‍ഥ്യമാണ്. 

ചരിത്രപരമായി തന്നെ ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ വിമോചക ശക്തിയാണ്. പരിഷ്‌കൃത ലോകം അടിമ സമ്പ്രദായം നിരോധിക്കുന്നതിനുമുമ്പു തന്നെ ഇസ്‌ലാം ആ മാര്‍ഗത്തില്‍ മാതൃക കാട്ടിയിട്ടുണ്ട്. വംശീയവും വര്‍ഗീയവുമായ മുഴുവന്‍ മുന്‍ധാരണകളെയും തിരുത്തി സകല മനുഷ്യര്‍ക്കും അത് തുല്യാവകാശം നല്‍കുന്നു. പ്രവാചകന്റെ അനുചരന്മാര്‍ തങ്ങളുടെ വിമോചന ദൗത്യത്തെ കുറിച്ച് കൃത്യമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. റുസ്തമിന്റെ കൊട്ടാരത്തില്‍ വെച്ച് രിബിയ്യിബ്‌നു ആമിര്‍ 'മനുഷ്യരുടെ അടിമത്തത്തില്‍നിന്ന് ദൈവത്തിന്റെ അടിമത്തത്തിലേക്കും ഇഹലോകത്തിന്റെ കുടുസ്സില്‍നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ ചൂഷണത്തില്‍നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും മനുഷ്യരെ വിമോചിപ്പിക്കാന്‍ ദൈവമയച്ചവരാണ് ഞങ്ങള്‍' എന്ന് പ്രഖ്യാപിക്കുന്നത് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ മുതുകുകളെ ഞെരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കലും അവരെ വരിഞ്ഞുമുറുക്കുന്ന ചങ്ങലക്കെട്ടുകളെ തകര്‍ത്തെറിയലും പ്രവാചക ദൗത്യത്തിന്റെ ഭാഗമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഇസ്‌ലാമിന്റെ വിമോചനപരത ദിവ്യവെളിപാടിന്റെ പ്രകാശത്തില്‍ രൂപപ്പെട്ടതാണ്. കേവല നിയമശാസനകള്‍ക്കപ്പുറം സംസ്‌കരണവും ദൈവവുമായി ഇഴയടുപ്പമുള്ള ആത്മബന്ധവും ഈ വിമോചനത്തിന്റെ അടിത്തറകളാണ്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാനുള്ള പ്രധാന കാരണം അവന്‍ സ്വയം നിര്‍മിച്ചെടുത്ത ഔന്നത്യഭാവമാണ്. ഈ സ്വയംനിര്‍മിത ഔന്നത്യഭാവത്തെ ഇസ്‌ലാം ശക്തമായി തിരുത്തുന്നു. മനുഷ്യസമത്വം ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിലൊന്നാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. പരസ്പരം തിരിച്ചറിയുന്നതിനായി നിങ്ങളെ നാം ഗോത്രങ്ങളും ജനതകളുമാക്കി തിരിച്ചിരിക്കുന്നു. തീര്‍ച്ചയായും ദൈവത്തിന്റെയടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ ഏറ്റവും ദൈവഭക്തിയുള്ളവരാണ്'' (49:13). നബി(സ) പറഞ്ഞു: ''മനുഷ്യര്‍ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ്.'' 

വികസനോന്മുഖവും നീതിയിലധിഷ്ഠിതവുമായ സാമ്പത്തിക വ്യവസ്ഥയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. സോഷ്യലിസ്റ്റ് സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കുമ്പോള്‍, മുതലാളിത്ത രീതി സമ്പത്ത് ചില കേന്ദ്രങ്ങളിലേക്ക് മാത്രം കുമിഞ്ഞുകൂടാന്‍ കാരണമാക്കുന്നു. എന്നാല്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സന്തുലിത സാമ്പത്തിക നയം അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരമാണ്. സകാത്ത്, പലിശരഹിത സംവിധാനങ്ങള്‍ എന്നിവ സമ്പത്തിന്റെ വികേന്ദ്രീകരണത്തിനും പ്രതിസന്ധികള്‍ മറികടക്കുന്നതിനും സഹായകമാകുന്നു. ചൂഷണോപാധികളായ ലോട്ടറി, ചൂതാട്ടം തുടങ്ങിയവയെ ഇസ്‌ലാം കര്‍ശനമായി വിലക്കുന്നു. ലോട്ടറിയെയും ചൂതാട്ടത്തെയും കുറിച്ച് വാറണ്‍ ബഫറ്റിനെ പോലുള്ളവര്‍ പറയുന്നത് കൂട്ട നശീകരണ ശേഷിയുള്ള മാരകായുധങ്ങള്‍ എന്നാണ്. ഇസ്‌ലാമിനു മുമ്പുള്ള അറേബ്യയില്‍ സ്ത്രീകള്‍ അടിമകളേക്കാള്‍ മോശമായി കൈകാര്യം ചെയ്യപ്പെടുകയും ക്രൂര പീഡനങ്ങള്‍ക്കും നിന്ദ്യതകള്‍ക്കും കുഴിച്ചുമൂടലുകള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്തിരുന്നു. ഈ അവസ്ഥകളില്‍ പലതും പരിഷ്‌കൃതലോകത്ത് നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. പട്ടണങ്ങളിലും മെട്രോപൊളിറ്റന്‍ നഗരങ്ങളിലുമാണ് സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതത്വം അനുഭവിക്കുന്നത്. മീ ടൂ  കാമ്പയിനിന്റെ ഏതാണ്ടെല്ലാ ഇരകളും പരിഷ്‌കാരികളായ നഗര ജീവികളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആറാം നൂറ്റാണ്ടിലെ സ്ത്രീയെ വിമോചിപ്പിച്ച ഇസ്‌ലാമിന് ഇന്നും അവള്‍ക്ക് വിമോചനവും സുരക്ഷിതത്വവും പകര്‍ന്നുനല്‍കാനുള്ള കെല്‍പ്പും ആന്തരിക ശക്തിയുമുണ്ട്. പുരുഷനെ പോലെ തന്നെ ആത്മീയോന്നതി അവള്‍ക്കും സാധ്യമാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഖുര്‍ആന്‍ അവള്‍ക്ക് അനന്തര സ്വത്തില്‍ വിഹിതം അനുവദിച്ചു. മുഹമ്മദ് നബി(സ) സ്ത്രീക്കും പുരുഷന്നും ഒരുപോലെ വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. പെണ്‍കുഞ്ഞിനെ പോറ്റിവളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗത്തില്‍ തന്നോടൊപ്പം തന്നെ സ്ഥാനമുണ്ടെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. സ്ത്രീകളുടെ ഹിജാബ് അടിച്ചമര്‍ത്തലിന്റെ അടയാളമായി ചിത്രീകരിക്കപ്പെടാറു്. യഥാര്‍ഥത്തില്‍ ഹിജാബ് മുസ്‌ലിം സ്ത്രീക്ക് അഭിമാനവും മാന്യതയും അന്തസ്സും പകര്‍ന്നുനല്‍കുകയാണ്. ക്രൈസ്തവര്‍ ആദരിക്കുന്ന മേരിയും ഹൈന്ദവര്‍ ആദരിക്കുന്ന സീതയും ധരിക്കുന്ന മാന്യ വസ്ത്രമാണിത്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാതൃകാ സമൂഹത്തിന്റെ മനോഹരചിത്രം പ്രവാചക വചനങ്ങളില്‍ നമുക്ക് കാണാം.  സ്വന്‍ആ മുതല്‍ ഹളറ മൗത്ത് വരെ ദൈവത്തെ അല്ലാതെ ആരെയും ഭയപ്പെടാതെ സഞ്ചരിക്കുന്ന നാളുകള്‍. തെരുവിലും വീട്ടിലും ഗര്‍ഭാശയത്തിലും സ്ത്രീ-സുരക്ഷിതമായ സമൂഹം. 

 തയാറാക്കിയത്: ജമാല്‍ പാനായിക്കുളം

Comments

Other Post

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ട വിധം
ഫാത്വിമ കോയക്കുട്ടി

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (30-31)
എ.വൈ.ആര്‍