Prabodhanm Weekly

Pages

Search

2019 ജനുവരി 11

3084

1440 ജമാദുല്‍ അവ്വല്‍ 4

എ.എം സ്വാബിര്‍ അന്‍സാരി

പി. അനീസുര്‍റഹ്മാന്‍

മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശി എ.എം അബൂബക്കര്‍ സാഹിബിന്റെ മക്കളില്‍ മൂന്നാമനായ എ.എം സ്വാബിര്‍ അന്‍സാരി (57) കഴിഞ്ഞ ഡിസംബര്‍ 5-ന് അല്ലാഹുവിലേക്ക് യാത്രയായി. കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സുപരിചിതനായിരുന്നു അദ്ദേഹം. 

ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഇന്നും നമ്മോടൊപ്പമുള്ള ചുരുക്കം ചിലരില്‍ ഒരാളായ എ.എം അബൂബക്കര്‍ എന്ന അബു സാഹിബിന്റെ മകനായ സ്വാബിര്‍ അന്‍സാരി ജനിച്ചത് പ്രസ്ഥാന കുടുംബത്തിലായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്ന പ്രസ്ഥാന നേതാക്കളുടെ സ്നേഹവാത്സല്യങ്ങളും പരിലാളനകളും ഏറ്റ് വളരാന്‍ സാബിര്‍ക്കക്ക് സാധിച്ചു. 

മലപ്പുറം കോട്ടപ്പടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കാലത്തു തന്നെ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചടുലതയുള്ള പ്രവര്‍ത്തകനായിരുന്നു. ഇടക്കാലത്ത് 25 വര്‍ഷം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചെങ്കിലും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആറു മാസത്തെ അവധിക്കെത്തിയാല്‍ കര്‍മരംഗത്ത് സജീവമാകും. അതുകൊണ്ടുതന്നെ പ്രസ്ഥാനപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും സ്വാബിറിനെ പ്രവാസിയായി അനുഭവപ്പെട്ടിരുന്നേയില്ല. കുട്ടിക്കാലം മുതലേ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രാസ്ഥാനിക സാഹിത്യങ്ങളും വായിച്ചു ശീലിച്ച സ്വാബിറിന് ലോക ഇസ്ലാമിക ചലനങ്ങളെക്കുറിച്ചും ദേശീയരാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉണ്ടായിരുന്നു. അങ്ങനെ ആളുകളോട് ആര്‍ജവത്തോടെ സംവദിക്കാനുള്ള കഴിവും ശേഷിയും അദ്ദേഹം സ്വന്തമാക്കി. സംഘടനാ-കക്ഷിവ്യത്യാസങ്ങള്‍ക്കതീതമായി ഒരു വലിയ സുഹൃദ്‌വലയം ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. ആരോടും അകലം പാലിക്കാതെ അടുത്തിടപഴകി. കുട്ടികളോടും വലിയവരോടും പ്രസ്ഥാന നേതാക്കളോടും സഹപ്രവര്‍ത്തകരോടും സര്‍വോപരി കുടുംബാംഗങ്ങളോടുമൊക്കെ ആ സൗഹൃദം മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു. 

മൂന്നു മാസം മുമ്പ് മാതാവ് എ. ആമിനയും തൊട്ടടുത്ത ദിവസം സഹോദരി എ.എം ആഇശയും മരണപ്പെട്ടതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുമ്പാണ് സ്വാബിറിന്റെ വിയോഗം. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയുടെ രൂപീകരണം തൊട്ട് നേതൃരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ അഞ്ചാം തീയതി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കലക്ഷനുമായി ബന്ധപ്പെട്ട് രാവിലെ 7 മണിക്ക് യാത്രതിരിച്ച സ്വാബിര്‍ കൊണ്ടോട്ടിയില്‍ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവുമൊത്ത് കര്‍മരംഗത്തായിരുന്നു. ഇടക്ക് അല്‍പനേരം വിശ്രമിച്ച് വീണ്ടും മറ്റൊരു പരിപാടിക്ക് തയാറെടുക്കവെ അസ്ര്‍ നമസ്‌കാരത്തിന് കൊണ്ടോട്ടി മസ്ജിദ് ഇഹ്സാനില്‍ കയറി. നമസ്‌കാരത്തിനിടക്ക് മൂന്നാമത്തെ റക്അത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ കര്‍മവീഥിയില്‍, അവസാനം നാഥന്റെ ഭവനത്തില്‍ നാഥനുമായുള്ള സംഭാഷണമധ്യേ അവനിലേക്ക് മടക്കം.

മരിച്ചാലും മനസ്സില്‍നിന്ന് മായാത്ത ചില ജീവിതങ്ങളുണ്ട്. അവരടയാളപ്പെടുത്തുന്ന മുദ്രകള്‍ മായ്ച്ചുകളയാനാവാത്ത വിധം നമ്മില്‍ അവശേഷിക്കുകയും ചെയ്യും. അങ്ങനെയുള്ള ചുരുക്കം ചിലരില്‍ ഒരാളായിരുന്നു നിറഞ്ഞ സ്നേഹസാന്നിധ്യമായിരുന്ന സ്വാബിര്‍ അന്‍സാരി. ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷനും സ്വാബിര്‍ സാഹിബിന്റെ അടുത്ത കൂട്ടുകാരില്‍ ഒരാളുമായ പി. മുജീബുര്‍റഹ്മാന്‍ സാഹിബിന്റെ വാട്ട്‌സ്ആപ് മെസ്സേജില്‍ സൂചിപ്പിച്ച പോലെ, ബന്ധപ്പെടുന്നവര്‍ക്കൊക്കെയും തന്നോട് കൂടുതല്‍ അടുപ്പമുള്ള ആള്‍ എന്ന് തോന്നിപ്പിച്ചിരുന്നു സ്വാബിര്‍ക്ക. 

അല്ലാഹുവേ, അദ്ദേഹത്തിന്റെ ന്യൂനതകള്‍ മാപ്പാക്കി നിന്റെ ഇഷ്ടദാസരിലേക്ക് സ്വീകരിച്ചാനയിക്കണേ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യഥയനുഭവിക്കുന്ന കുടുംബാംഗങ്ങള്‍, പ്രസ്ഥാന ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊക്കെയും സമാധാനവും ആശ്വാസവും നല്‍കേണമേ. 

Comments

Other Post

ഹദീസ്‌

പരീക്ഷണങ്ങളെ നേരിടേണ്ട വിധം
ഫാത്വിമ കോയക്കുട്ടി

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (30-31)
എ.വൈ.ആര്‍