മറ്റു മതങ്ങള്‍
[മുഹമ്മദുന്‍ റസൂലുല്ലാഹ്-83]
ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും പുറമെ പ്രാഗ്-ഇസ്‌ലാമിക് അറേബ്യയില്‍ മാഗിയന്മാരും സാബിയന്മാരും കേവല ഭൗതികവാദികളും നിരീശ്വരവാദികളുമൊക്കെ ഉണ്ടായിരുന്നു. പിന്നെ ബിംബാരാധകരും തന്ത്രമന്ത്രാദികളില്‍ വിശ്വസിക്കുന്നവരും പ്രകൃതിപൂജകരും. ഇവര്‍ക്കായിരുന്നു ഭൂരിപക്ഷം.
മാഗിയന്മാര്‍
മാഗിയന്മാരെ (സൊരാഷ്ട്രിയന്മാര്‍) ഖുര്‍ആന്‍ ഒരിക്കലേ പരാമര്‍ശിക്കുന്നുള്ളൂ, അതും സന്ദര്‍ഭവശാല്‍: ''സത്യത്തില്‍ ദൃഢമായി വിശ്വസിക്കുന്നവര്‍, ജൂതന്മാര്‍, സാബിയന്‍മാര്‍, മാഗിയന്മാര്‍ (മജൂസികള്‍) - ഇവര്‍ക്കിടയില്‍ അല്ലാഹു തീര്‍പ്പ് കല്‍പ്പിക്കുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും സാക്ഷി'' (22:17). ഇവിടെ ഖുര്‍ആന്‍ അവരുടെ മതവിശ്വാസത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഇത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. കാരണം അറേബ്യയില്‍ ആ വിഭാഗക്കാര്‍ ധാരാളമുണ്ടായിരുന്നു. മാത്രമല്ല, അറേബ്യയുടെ അയല്‍പക്കത്തുള്ള ഏറ്റവും പ്രബലമായ സാമ്രാജ്യങ്ങളിലൊന്ന് -സാസ്സാനി സാമ്രാജ്യം- അവരുടേതായിരുന്നു. അറബികള്‍ക്ക് അവരുമായി നൂറ്റാണ്ടുകളായി ബന്ധങ്ങളുമുണ്ട്. ഇറാനിലെ സൊരാഷ്ട്രിയന്‍ മാഗിയന്മാരും മസ്ദകിയന്മാരും തമ്മിലെ പോര് ആ മതത്തെ ചൈതന്യരഹിതവും പ്രയോജനരഹിതവുമാക്കി മാറ്റിയതുകൊണ്ടാവാം ഖുര്‍ആന്റെ ഈ സമീപനം. എന്തെങ്കിലുമാവട്ടെ. ഏതായിരുന്നാലും, ഇസ്‌ലാം അതിനെ ഭയക്കേണ്ട ഒരു പ്രതിയോഗിയായി കണ്ടിരുന്നില്ല. ആ മതത്തോടുള്ള നിലപാട് കൃത്യമായി അറിയാന്‍ നമുക്ക് പ്രവാചക വചനങ്ങളെ ആശ്രയിക്കേണ്ടിവരും.
പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്: ''വേദക്കാര്‍ക്ക് നല്‍കുന്ന അതേ പരിഗണന മാഗിയന്മാര്‍ക്കും നല്‍കുക.''1 ബഹ്‌റൈന്‍-ഹജര്‍ ഗവര്‍ണര്‍ക്ക് പ്രവാചകന്‍ എഴുതുന്ന ഒരു കത്തില്‍ മാഗിയന്മാരെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അവര്‍ സ്വീകരിക്കുന്നുവെങ്കില്‍ അവര്‍ക്ക് നമ്മെപ്പോലെ എല്ലാ അവകാശബാധ്യതകളും ഉണ്ടായിരിക്കും. അവര്‍ക്ക് സമ്മതമില്ലെങ്കില്‍ അവര്‍ ആള്‍വരിപ്പണം നല്‍കണം. നാം അവര്‍ അറുത്തത് ഭക്ഷിക്കുകയില്ല. അവരുടെ സ്ത്രീകളെ വിവാഹം ചെയ്യുകയുമില്ല.''2 വേദക്കാര്‍ (ഉദാഹരണമായി ജൂതരും ക്രിസ്ത്യാനികളും) പാകം ചെയ്ത ഭക്ഷണം (പ്രത്യേകിച്ച് മാംസം) അനുവദനീയമാണെന്നും അവരുടെ സ്ത്രീകളെ വിവാഹം ചെയ്യാമെന്നും ഖുര്‍ആന്‍ 3 സൂചിപ്പിക്കുന്ന കാര്യം ഇവിടെ ഓര്‍ക്കാം. മൃഗങ്ങളെ കൊല്ലുമ്പോള്‍ ഇസ്‌ലാമിന്റെ രണ്ട് നിബന്ധനകള്‍ മാഗിയന്മാര്‍ പാലിക്കാത്തതാവാം കാരണം. ഒന്ന്, അറുക്കുമ്പോള്‍ ദൈവനാമം ഉച്ചരിക്കണമെന്നത്. രണ്ട്, ആ കര്‍മം വളരെ വൃത്തിബോധത്തോടെ നടത്തണമെന്നത്. അവരുമായി വിവാഹം പാടില്ലെന്ന് പറഞ്ഞത്, കുടുംബ/പൈതൃക വിശുദ്ധിക്ക് ഇസ്‌ലാം നല്‍കുന്ന വലിയ പ്രാധാന്യം കാരണമാവാം. Khuvedhavagdasഎന്നൊരു സമ്പ്രദായമുണ്ടായിരുന്നു അവര്‍ക്കിടയില്‍. സ്വന്തം സഹോദരിമാരെയും പെണ്‍മക്കളെയും മാത്രമല്ല, സ്വന്തം മാതാക്കളെപ്പോലും വിവാഹം കഴിക്കുന്ന ആചാരം.4 അങ്ങനെയുള്ള ബന്ധത്തില്‍ പിറന്ന കുട്ടി മകനായിട്ടാണോ സഹോദരി പുത്രനായിട്ടാണോ പേരക്കുട്ടിയായിട്ടാണോ സഹോദരനായിട്ടാണോ പരിഗണിക്കപ്പെടുക? ജാഹിലീ കാലത്തെ അറബി ബദുക്കള്‍ വരെ അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹ (ളൈസന്‍-incest)ത്തെ വെറുത്തിരുന്നു. ഔസുബ്‌നു ഹജര്‍ എന്ന കവിയുടെ ആക്ഷേപഹാസ്യങ്ങളില്‍ അത്തരം പരാമര്‍ശങ്ങള്‍ കാണാം.5
പ്രവാചകന്റെ കാലത്തുള്ള ചില രേഖകളില്‍ 6 മാഗിയന്മാരുടെ ഉമാനിലെ അഗ്നിക്ഷേത്രത്തെക്കുറിച്ച് (ആട്ടുയന്ത്രങ്ങളെക്കുറിച്ചും) പരാമര്‍ശമുണ്ട്. ഇതുസംബന്ധമായി കൗതുകമുണര്‍ത്തുന്ന ചില വിവരങ്ങള്‍ നല്‍കുന്നുണ്ട് അബൂദാവൂദ്:7 ''അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള ഭാര്യമാരുമായി ലൈംഗിക ബന്ധം വിലക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചതാണ്. പക്ഷേ, ഈ രീതി ബൈസാന്റിയക്കാരിലും പേര്‍ഷ്യക്കാരിലും പ്രചാരത്തിലുണ്ടെന്നും അതുകൊണ്ട് കുട്ടികള്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാകുന്നില്ലെന്നും ഞാന്‍ ഓര്‍ത്തു.''
അവസാനമായി ഒരൊറ്റ കാര്യം കൂടി. ഇന്ത്യയിലെ പാര്‍സികള്‍ (മാഗിയന്മാര്‍), പ്രവാചകന്‍ കൈമാറിയ ഒരു രേഖ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നു. പേര്‍ഷ്യക്കാരനായ മുസ്‌ലിം സല്‍മാനുല്‍ ഫാരിസിയുടെ ഇടപെടല്‍ കാരണം കിട്ടിയതാണത്രെ അത്. പക്ഷേ, അത് ആധികാരികമാകാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
സാബിയന്മാര്‍
സാബിയന്മാരെ ഖുര്‍ആന്‍ മൂന്ന് തവണ9 പരാമര്‍ശിക്കുന്നുണ്ട്; ഇസ്‌ലാമല്ലാത്ത ക്രൈസ്തവത, ജൂതായിസം പോലുള്ള മതദര്‍ശനങ്ങളെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍. അവരുടെ വിശ്വാസത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഖുര്‍ആനോ ഹദീസോ യാതൊരു വിശദാംശങ്ങളും നല്‍കുന്നില്ല. നക്ഷത്രപൂജയായിരുന്നു ഈ മതദര്‍ശനത്തിന്റെ കാതല്‍ എന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, മുഹമ്മദ് നബിയുടെ കാലമായപ്പോഴേക്കു തന്നെ അറേബ്യയില്‍ മാത്രമല്ല സാബിഇസത്തിന്റെ ജന്മനാടായ ഇറാഖില്‍ പോലും അത് ഇല്ലാതായിക്കഴിഞ്ഞിരുന്നു.
ബിംബാരാധകര്‍, 'പങ്കു ചേര്‍ക്കുന്നവര്‍'
ഈ വിഭാഗങ്ങളോടാണ് ഖുര്‍ആന്‍ രൂക്ഷമായിത്തന്നെ കലഹിക്കുന്നത്. കല്ലുകൊണ്ടോ മരംകൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ച പ്രതിമകളെ ആരാധിക്കുന്നവര്‍ അക്കാലത്ത് അറേബ്യയിലുണ്ടായിരുന്നു. പ്രത്യേക ആകൃതിയൊന്നും വരുത്താത്ത കല്ലുകളെയും മരങ്ങളെയും മൃഗങ്ങളെയും (പ്രത്യേകിച്ച് കുതിരകളെ) അവര്‍ ആരാധിച്ചെന്നു വരും. അതത് വിഭാഗങ്ങളുടെ പ്രാകൃത രീതികള്‍ക്കനുസരിച്ച്, ഇങ്ങനെ പലതും അവരുടെ ആരാധനാ മൂര്‍ത്തികളാവും. ഫലഭൂയിഷ്ഠമായ നജ്ദ് മേഖലയില്‍ പാര്‍ത്തിരുന്ന ബനൂഹനീഫ ഗോത്രക്കാരെക്കുറിച്ച് നാം നേരത്തേ പറഞ്ഞിട്ടുണ്ട്. ധാന്യപ്പൊടികളും ഈത്തപ്പഴവും കൂട്ടിക്കുഴച്ച് അവര്‍ ഭീമാകാരന്‍ ബിംബത്തെ ഉണ്ടാക്കിവെക്കും. പട്ടിണിക്കാലം വന്നാല്‍ ആ ബിംബത്തെ മുറിച്ച് കഷ്ണങ്ങളാക്കി തിന്നുകയും ചെയ്യും. അവരുടെ പ്രതിയോഗി ഗോത്രങ്ങള്‍ 'സ്വന്തം ദൈവത്തെ കഷ്ണിച്ച് തിന്നുന്നവര്‍' എന്നവരെ പരിഹസിക്കാറുണ്ടായിരുന്നു.10 മതപരിവര്‍ത്തനം, മതസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിലപാട് കൂടുതല്‍ ആഴത്തില്‍ അറിയുന്നതിന്, ഈ ഖുര്‍ആനിക വാക്യം സാധാരണയായി ഉദ്ധരിക്കപ്പെടാറുണ്ട്: ''അല്ലാഹുവല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും.''11
ബുദ്ധന്മാര്‍
മുഹമ്മദ് നബിയുടെ കാലത്ത് ബുദ്ധമതം സുപ്രധാന ലോകമതങ്ങളിലൊന്നായി സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമൊക്കെ ബുദ്ധമതക്കാരായ കച്ചവടക്കാര്‍ തെക്കു-കിഴക്കന്‍ അറേബ്യയിലെയും മറ്റും കച്ചവടച്ചന്തകളില്‍ വരാറുണ്ടായിരുന്നു. ഭാഷാപരമായ തടസ്സങ്ങളും വരുന്ന ആളുകള്‍ നന്നെ കുറവായതും അവരുടെ നാടുകള്‍ വളരെ വിദൂരത്തായതും കാരണം അറബികള്‍ക്ക് അവരെക്കുറിച്ച് കാര്യമായി അറിവൊന്നും ഉണ്ടായിരുന്നില്ല. ഖുര്‍ആന്‍ അവരെ വ്യക്തമായി പരാമര്‍ശിക്കുന്നുമില്ല. അതേസമയം ഖുര്‍ആനില്‍ പേരു പറയപ്പെട്ട ദുല്‍കിഫ്ല്‍ എന്ന പ്രവാചകന്‍ ബുദ്ധിസത്തിലേക്കുള്ള സൂചനയാണെന്ന് വാദിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമുണ്ട്.12 മറ്റൊരു നിലയില്‍ അര്‍ഥം വ്യക്തമാവാത്ത ഈ പ്രയോഗത്തിന്റെ അര്‍ഥം 'കിഫ്‌ലില്‍ നിന്നുള്ള ആള്‍' എന്നാണ്. കിഫ്ല്‍ എന്നാല്‍ ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തുവാണ് എന്നത്രെ ഈ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പക്ഷം. 'ദുല്‍കിഫ്ല്‍' എന്നാല്‍ ഭക്ഷണം നല്‍കി പരിപോഷിപ്പിക്കുന്നവന്‍ എന്നും അര്‍ഥമാകാവുന്നതാണ്. ഫിലിയോസാറ്റ് (Filliozat) തന്റെ ഘ'കിറല രഹമശൈൂൗ (രണ്ടാം ഭാഗം, പേ: 268-9) എന്ന പുസ്തകത്തില്‍, ബുദ്ധന്റെ പിതാവായ കപിലവസ്തുവിലെ രാജാവിനെ ശുദ്ധോധന എന്ന് വിളിക്കാറുണ്ടായിരുന്നുവെന്നും ആ വാക്കിന്റെ അര്‍ഥം 'ശുദ്ധ ഭക്ഷണം ഉണ്ടാക്കുന്നവന്‍' എന്നാണെന്നും പറയുന്നുണ്ട്. ഖുര്‍ആനിലെ ഇനിപ്പറയുന്ന സൂക്തങ്ങളെക്കുറിച്ചും ചില വ്യാഖ്യാതാക്കള്‍ക്ക് ഇതേ അഭിപ്രായമുണ്ട്: ''അത്തിയും ഒലിവും സാക്ഷി, സീനാ മല സാക്ഷി, നിര്‍ഭയമായ ഈ മക്കാനഗരം സാക്ഷി.''13 'നിര്‍ഭയ നഗരം' മക്കയാണ്. മുഹമ്മദ് നബിയുടെ ജന്മദേശം. സീനാമല പ്രവാചകന്‍ മോസസിലേക്കുള്ള സൂചനയാണ്. ഒലിവ് എന്ന വാക്ക് ഒലിവ് മരക്കുന്നിനെയും ക്രിസ്തുവിനെയും ഓര്‍മിപ്പിക്കുന്നു. അത്തിയോ? ചിലര്‍ പറയുന്നത് അത് ബുദ്ധനിലേക്കുള്ള സൂചനയാണെന്നാണ്. കാട്ടിലെ അത്തിമരച്ചുവട്ടില്‍വെച്ചാണ് അദ്ദേഹത്തിന് ദിവ്യവെളിപാടുണ്ടാകുന്നത്.
ഇന്ത്യയിലെയും ചൈനയിലെയും മറ്റു മതങ്ങള്‍
ബല്‍ഹാരിസ് ഗോത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, പ്രവാചകന് ഇന്ത്യന്‍ വസ്ത്രങ്ങള്‍ തിരിച്ചറിയാമായിരുന്നു എന്ന് നാം പറഞ്ഞു. പക്ഷേ, ഖുര്‍ആനോ ഹദീസോ ഈ രണ്ട് വലിയ രാജ്യങ്ങളിലെയും മറ്റു മതങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. 'ചൈനയില്‍ പോയിട്ടെങ്കിലും വിദ്യ അഭ്യസിക്കുക, കാരണം ജ്ഞാനാന്വേഷണം മുസ്‌ലിമിന്റെ ബാധ്യതയാണ്' എന്നൊരു വചനം ചിലപ്പോള്‍ പ്രവാചകനിലേക്ക് ചേര്‍ത്തു പറയാറുണ്ട്.14 ഇസ്‌ലാം സ്വീകരിച്ച ഈ പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്ക് പ്രവാചകനുമായി ബന്ധങ്ങളുണ്ടായിരുന്നു എന്ന് വാദിക്കാറുണ്ട്. അത് അവരെ സംബന്ധിച്ചേടത്തോളം അഭിമാനകരമാണല്ലോ. ഇന്ത്യയിലെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള മലബാറിലെ ജനങ്ങള്‍ തങ്ങളുടെ പഴയ രാജാവായ ചേരമാന്‍ പെരുമാള്‍, പ്രവാചകന്റെ ഹിജ്‌റക്കു മുമ്പ് നടന്ന ചന്ദ്രന്‍ പിളര്‍ന്ന സംഭവം നേരില്‍ കണ്ടതായി വാദിക്കുന്നു. അദ്ദേഹം അറേബ്യയിലേക്ക് പോയി ഇസ്‌ലാം സ്വീകരിച്ചതായും അവര്‍ വിശ്വസിക്കുന്നു. തിരിച്ചുവരുമ്പോള്‍ യമന്‍ തുറമുഖമായ ളഫറില്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്.15 അതുപോലെ, തന്റെ ഒരടുത്ത അനുചരനെ പ്രവാചകന്‍ ചൈനയിലേക്കയച്ചു എന്നും, തന്റെ ഇസ്‌ലാമാശ്ലേഷം പ്രഖ്യാപിക്കാനായി ചൈനീസ് രാജാവ് ഒരു പ്രതിനിധി സംഘത്തെ മദീനയിലേക്കയച്ചുവെന്നും ചൈനക്കാരും അവകാശപ്പെടുന്നുണ്ട്.16
ചരിത്രവസ്തുതകളെന്ന് തെളിയിക്കപ്പെടുംവരെ ഇതൊന്നും നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളല്ല. ഇതുപോലുള്ള വേറെയും വിവരണങ്ങളുണ്ട്. തുര്‍ക്കിസ്താനിലെന്നപോലെ ഇന്ത്യയിലും പ്രവാചക കാലഘട്ടം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷം ജീവിച്ചവരും തങ്ങള്‍ പ്രവാചകനുമായി സഹവസിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിട്ടുണ്ട്. രത്തന്‍ ഹിന്ദി (ഇബ്‌നുഹജര്‍ - ഇസ്വാബ, No: 2759), സര്‍ബാതക് ഹിന്ദി (അതേ കൃതി No: 3739), മക്‌ലബ ബ്‌നു മക്‌ലാന്‍ അല്‍ ഖവാറസ്മി (അതേ കൃതി, ചീ: 8126) എന്നിവരൊക്കെ ആ ഗണത്തില്‍പെടുന്നവരാണ്.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
കുറിപ്പുകള്‍
1. അബൂ ഉബൈദ്: 78, മാലിക് - മുവത്വ, അധ്യായം സകാത്ത്, 17, No: 42
2. എന്റെ വസാഇഖ്, No: 61, അബ്
ദുര്‍റസാഖ് - മുസ്വന്നഫ്, No: 10028, ബൈഹഖി - അസ്സുനനുല്‍ കുബ്‌റാ 9/192
3. ഖുര്‍ആന്‍: 5:5
4. Christensen - Sassanidas പേ: 323
5. ഇബ്‌നു ഹബീബ് - മുഹബ്ബര്‍, പേ: 325
6. വസാഇഖ് No: 66
7. അബൂദാവൂദ് 27:16
8. വസാഇഖ്, No: 1 അബ്ദുല്‍ മുഈദ് ഖാന്‍ Islamic Culture (ഹൈദരാബാദ്) മാസികയില്‍ എഴുതിയ ലേഖനവും കാണുക (1943, ജനുവരി, പേ: 96-104).
9. ഖുര്‍ആന്‍ 2:62, 5:69, 22:17
10. ഇബ്‌നു കല്‍ബി-അല്‍ അസ്വ്‌നം,Lenmens- Betyles എന്നീ കൃതികള്‍ കാണുക. ബനൂ ഹനീഫയെക്കുറിച്ച അധ്യായത്തില്‍ നാമിത് സൂചിപ്പിച്ചിട്ടുണ്ട്.
11. ഖുര്‍ആന്‍ 6:108
12. ഖുര്‍ആന്‍ 21:85, 38:48
13. ഖുര്‍ആന്‍ 95:1-3
14. സുയൂത്വി ഇത് ഇബ്‌നു അദിയ്യില്‍ (കാമില്‍) നിന്നും, ബൈഹഖി ശുഅബുല്‍ ഈമാനിലും ഇബ്‌നു അബ്ദില്‍ ബര്‍റ് ഇല്‍മിലും ഉഖൈലി ദുഅഫാഇലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.
15. മഅ്ബരി - തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ബഅഌ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ No: 2807, fol, 15273
16. Broomhall - Islam in China, പേ: 66, 83-90.
Comments