ബ്രിട്ടീഷ് തെരുവുകളില്‍ പരക്കുന്നുണ്ട് സത്യസന്ദേശത്തിന്റെ സുഗന്ധം
ഇസ്‌ലാമിന് ഇക്കാലത്ത് കൂടുതല്‍ സാധ്യതകളുള്ളത് മുസ്‌ലിം-അറബ് ലോകത്തല്ല, യൂറോപ്പിലാണ് എന്ന ധാരണ ഒന്നുകൂടി ബലപ്പെട്ടു, ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍. ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍, മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, നിയമങ്ങളുടെ മുമ്പില്‍ സമത്വം, വിവേചനമില്ലായ്മ, ഉയര്‍ന്ന പെരുമാറ്റ മാര്യാദകള്‍, സഹിഷ്ണുത, സുരക്ഷിതത്വം തുടങ്ങി പശ്ചിമേഷ്യയിലെ സ്വേഛാധിപത്യ രാജ്യങ്ങള്‍ക്ക് പരിചയമില്ലാത്ത ഒട്ടേറെ മൂല്യങ്ങളുടെ സൂക്ഷിപ്പുകാരാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നതാണ് കാരണം.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ മൂല്യങ്ങളെയൊക്കെ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാമിന് സാധ്യത വര്‍ധിക്കുന്നത് സ്വാഭാവികം. റസിഡന്റ് പെര്‍മിറ്റുള്ള ഏതു വിദേശിക്കും വോട്ടവകാശം നല്‍കുന്ന ഒരു രാജ്യത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. സ്വദേശികളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയും അന്നം തേടി ഗള്‍ഫില്‍ പോയവര്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ കോടതി കയറേണ്ടിവരികയും ചെയ്യുന്ന ഇന്ത്യാ രാജ്യത്തിരുന്നുവേണം ഇതാലോചിക്കാന്‍. ബ്രിട്ടനിലുള്ള മലയാളികള്‍ക്ക് അവിടെ കോര്‍പ്പറേഷന്‍ - പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമായേ ബ്രിട്ടീഷുകാര്‍ക്ക് കാണാനാകൂ. കാരണം വിദേശികളും ഈ ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളോ ഇരകളോ ആണ്. അതുകൊണ്ട് അവരെ തെരഞ്ഞെടുക്കാനോ തെരഞ്ഞെടുക്കാതിരിക്കാനോ വിദേശികള്‍ക്കും അവകാശമുണ്ട്. അതുപോലെത്തന്നെ, വെള്ളക്കാരന്റെ മക്കളോടൊപ്പം വിദേശികളുടെ മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം. ഹെല്‍ത്ത് കെയര്‍, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളിലൊന്നും സ്വദേശി-വിദേശി വ്യത്യാസമില്ല. വിദേശിയായതുകൊണ്ട് നിങ്ങളെവിടെയും ഒരു വിവേചനവും നേരിടേണ്ടിവരില്ല. മുസ്‌ലിം നാടുകളിലെ എയര്‍പോര്‍ട്ടുകളില്‍ എമിഗ്രേഷന്‍ ക്യൂവില്‍ കാണുന്ന അറപ്പുളവാക്കുന്ന സ്വദേശി-വിദേശി വിവേചനം നിങ്ങള്‍ക്ക് ബ്രിട്ടനില്‍ കാണാനാകില്ല.
ഇസ്‌ലാം യൂറോപ്പിന് നല്‍കിയ മൂല്യങ്ങള്‍
എട്ടു നൂറ്റാണ്ടു കാലം യൂറോപ്പിനു വിജ്ഞാനവും സംസ്‌കാരവും നല്‍കിയത് ഇസ്‌ലാം തന്നെയായിരുന്നു. ടോയ്‌ലറ്റ് മുതല്‍ ആശുപത്രികള്‍ വരെ അവര്‍ പഠിച്ചെടുത്തത് മുസ്‌ലിംകളില്‍നിന്നാണ്. വിജ്ഞാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളിലും മുസ്‌ലിം ശാസ്ത്രജ്ഞന്മാരായിരുന്നു അവര്‍ക്ക് വഴികാട്ടിയത്. അതോടൊപ്പം ഇസ്‌ലാം അവര്‍ക്ക് ഉയര്‍ന്ന കുറേ മൂല്യങ്ങളും നല്‍കി. സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മൂല്യങ്ങള്‍. മുസ്‌ലിംകള്‍ വിജ്ഞാനം മാത്രമല്ല ആ മൂല്യങ്ങളും കൈയൊഴിഞ്ഞു. പക്ഷേ യൂറോപ്പ് അത് മുറുകെപ്പിടിച്ചു. അങ്ങനെ യൂറോപ്പ് മുന്നോട്ടു നടന്നു, മുസ്‌ലിം ലോകം പിന്നോട്ടും. കേവല വിശ്വാസം മാത്രമല്ല, ഉയര്‍ന്ന മാനുഷിക മൂല്യങ്ങള്‍ കൂടിയാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും ആധാരം. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന അതേ മൂല്യങ്ങളെ ഇന്നും മുറുകെപ്പിടിക്കുന്ന സമൂഹങ്ങള്‍ എന്ന അര്‍ഥത്തിലാണ് യൂറോപ്പിലേക്കുള്ള ഇസ്‌ലാമിന്റെ തിരിച്ചുവരവിന് കൂടുതല്‍ സാധ്യതകള്‍ തെളിയുന്നത്.
ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രു സ്വേഛാധിപത്യമാണ്. മുസ്‌ലിം സ്വേഛാധിപതികളുടെ ഏറ്റവും വലിയ ശത്രു ഇസ്‌ലാമും. സര്‍വ ലോകങ്ങളുടെയും അധിപനായ അല്ലാഹു അവന്റെ തത്ത്വശാസ്ത്രത്തിന്റെ കാര്യത്തില്‍, അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ സ്വേഛാധിപതികള്‍ അതേ ദര്‍ശനത്തിന്റെ കാര്യത്തില്‍ അതനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ആ സ്വാതന്ത്ര്യം ആവശ്യമുള്ള പലരും ഇന്ന് ജീവിക്കുന്നത് യൂറോപ്പിലാണ്. യൂറോപ്പ് ഇസ്‌ലാമിനെ സ്വീകരിച്ചതുകൊണ്ടല്ല, അത് സ്വീകരിക്കാനും നിരാകരിക്കാനും അല്ലാഹു നല്‍കിയ മനുഷ്യരുടെ അവകാശത്തെ മാനിക്കുന്നത് അവരാണ് എന്നതു കൊണ്ടാണത്. അതുകൊണ്ട് ഈജിപ്തിലെ പട്ടാള സ്വേഛാധിപതി ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെയും ബംഗ്ലാദേശിലെ ഹസീനാ വാജിദിന്റെയും സിറിയയിലെ ബശ്ശാറുല്‍ അസദിന്റെയും ഇതര മുസ്‌ലിം സ്വേഛാധിപതികളുടെയും വധശിക്ഷകളില്‍നിന്നും ജീവപര്യന്തം തടവുകളില്‍നിന്നും രക്ഷ തേടിയെത്തിയ പതിനായിരക്കണക്കിന് മുസ്‌ലിംകളുണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍. അതേയവസരം, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് തങ്ങളുടെ മതത്തെ സംരക്ഷിക്കാന്‍ അറബ്-മുസ്‌ലിം രാഷ്ട്രങ്ങളില്‍ അഭയം തേടിയ എത്ര മുസ്‌ലിംകളുണ്ട്?!
യൂറോപ്പിന്റെ ഈ പൊതു നന്മ ബ്രിട്ടനിലും പ്രകടമാണ്. മുസ്‌ലിം ലോകത്തെ സ്വേഛാധിപത്യ തേര്‍വാഴ്ചകളില്‍നിന്ന് ജീവനും കൊണ്ടോടിയ ഇസ്‌ലാമിസ്റ്റുകള്‍ക്ക് തുര്‍ക്കി പോലെത്തന്നെ ഒരു അഭയ കേന്ദ്രമാണ് ബ്രിട്ടന്‍. തുനീഷ്യയില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടിരുന്ന ശൈഖ് റാശിദുല്‍ ഗന്നൂശി ഏതാണ്ട് 20 വര്‍ഷക്കാലമാണ് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിഞ്ഞത്. അവസാന കാലത്ത് സ്വന്തം ഖബ്‌റിന് വേണ്ടി സ്ഥലമന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2011-ല്‍ തുനീഷ്യയില്‍ മുല്ലപ്പൂ വസന്തം പിറക്കുന്നതും സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കപ്പെടുന്നതും ഗന്നൂശിക്ക് തിരിച്ചു പോകാന്‍ അവസരമൊരുങ്ങുന്നതും. ഈജിപ്തിലെ സീസിയുടെ പട്ടാള അട്ടിമറിക്കു ശേഷം ലണ്ടനില്‍ അഭയം തേടിയെത്തിയ ഇഖ്‌വാനികളെ അവിടെയും പിന്തുടര്‍ന്ന സ്വേഛാധിപതികള്‍, ഇഖ്‌വാനെ നിരോധിക്കാന്‍ മറ്റുള്ളവരുടെ മേല്‍ ചെലുത്തിയ സമ്മര്‍ദം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഗവണ്‍മെന്റ് നിശ്ചയിച്ച സമിതി, ബ്രിട്ടനില്‍ ഇഖ്‌വാനെ നിരോധിക്കാന്‍ തെളിവുകളില്ലെന്നാണ് കണ്ടെത്തിയത്.
തങ്ങളുടെ രാജ്യത്ത് 1993-ല്‍ രാഷ്ട്രീയാഭയം തേടിയ, ബിന്‍ലാദിന്റെ യൂറോപ്യന്‍ അംബാസഡര്‍ എന്നറിയപ്പെട്ടിരുന്ന തീവ്ര സലഫി പ്രഭാഷകന്‍ അബൂ ഖതാദയെ പുറത്താക്കാന്‍ പോലും ബ്രിട്ടീഷ് ഗവണ്‍മെന്റിന് വല്ലാതെ പ്രയാസപ്പെടേണ്ടി വന്നു. ജോര്‍ദാന്‍കാരനായ അബൂ ഖതാദയെ വിചാരണക്കു വേണ്ടി അവസാനം ജോര്‍ദാന് വിട്ടുകൊടുത്തത് അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ട് തെളിവുകള്‍ ശേഖരിക്കുകയില്ല എന്ന് ജോര്‍ദാന്‍ ഗവണ്‍മെന്റില്‍നിന്ന് എഴുതിവാങ്ങിയ ശേഷം മാത്രമാണ്! അതും 20 വര്‍ഷത്തെ നിയമ യുദ്ധങ്ങള്‍ക്കു ശേഷം. അബ്ദുല്‍ഖാദിര്‍ മുല്ല, ഖമറുസ്സമാന്‍, മീര്‍ ഖാസിം അലി, മുതീഉര്‍റഹ്മാന്‍ നിസാമി ഉള്‍പ്പെടെ ബംഗ്ലാദേശില്‍ ഹസീനാ വാജിദ് ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റിയത് കുപ്രസിദ്ധമാണല്ലോ. ദില്‍വാര്‍ ഹുസൈന്‍ പോലുള്ള പല ജമാഅത്ത് നേതാക്കളും ഇപ്പോഴും തൂക്കുമരം കാത്ത് ജയിലിലുണ്ട്. ഇക്കൂട്ടത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്ത് നേതാവ് ചൗധരി മുഈനുദ്ദീന്‍ സാഹിബ് ലണ്ടനിലാണുള്ളത്. ഈജിപ്തിലെ ഇഖ്‌വാന്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെ ലണ്ടനില്‍ രാഷ്ട്രീയാഭയാര്‍ഥികളായുണ്ട്. സ്വന്തം നാട്ടില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനും ജയിലിലുള്ള നേതാക്കളുടെ മോചനത്തിനും അവര്‍ മാധ്യമങ്ങളിലൂടെയും നിയമ വഴികളിലൂടെയും തങ്ങളുടെ പോരാട്ടം തുടരുന്നത് ബ്രിട്ടനില്‍ നിന്നു കൊണ്ടാണ്.
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭൂമികയൊരുക്കുന്നതില്‍ ബ്രിട്ടന്‍ വേറെയും പങ്കു വഹിക്കുന്നുണ്ട്. ലോകത്ത് ഇസ്‌ലാമിന്റെ പക്ഷത്തു നിന്നുകൊണ്ട് ശക്തമായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അല്‍ ഹിവാര്‍ ടി.വി, മിഡില്‍ ഈസ്റ്റ് മോണിറ്റര്‍, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ലണ്ടന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തുടനീളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ഇടം നേടിയിട്ടുള്ള ഇസ്‌ലാമിക് റിലീഫിന്റെ ആസ്ഥാനവും ലണ്ടന്‍ തന്നെ. ഇസ്‌ലാമിക് ബാങ്കിംഗിന്റെ മികച്ച മാതൃകകള്‍ കാഴ്ചവെക്കുന്നിടത്തും ബ്രിട്ടന്‍ മുന്‍നിരയിലുണ്ട്.
ഇഴുകിച്ചേര്‍ന്ന മുസ്‌ലിം സമൂഹം
ബ്രിട്ടനിലെ മുസ്‌ലിം ജനസംഖ്യ ഏതാണ്ട് 4 മില്യനാണ്. മൊത്തം ജനസംഖ്യയുടെ 6 ശതമാനം. ലണ്ടനില്‍ 13 ശതമാനം മുസ്‌ലിംകളുണ്ട്. മറ്റു പല രാജ്യങ്ങളെയും പോലെ ബ്രിട്ടനിലും ഏറ്റവും വളര്‍ച്ച കാണിക്കുന്ന മതം ഇസ്‌ലാം തന്നെ. 2011-ല്‍ 3 മില്യനായിരുന്ന മുസ്‌ലിം ജനസംഖ്യയാണ് 6 വര്‍ഷം കൊണ്ട് 4 മില്യനായത്. മുസ്‌ലിം ജനസംഖ്യയില്‍ പകുതിയും 24 വയസ്സിനു താഴെയുള്ളവരാണ്. അതില്‍ തന്നെ മൂന്നിലൊന്ന് 15 വയസ്സിനു താഴെയുള്ളവര്‍. ഇത്തരം കണക്കുകളുടെ വെളിച്ചത്തില്‍ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ മുസ്‌ലിം ജനസംഖ്യയില്‍ വലിയ വളര്‍ച്ചയുണ്ടാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഒരേയവസരം പാശ്ചാത്യ സംസ്‌കാരത്തില്‍ അലിഞ്ഞു ചേരാതിരിക്കാനും എന്നാല്‍ ബ്രിട്ടീഷ് പൊതു സമൂഹത്തില്‍ ഇഴുകിച്ചേരാനും കാണിച്ച മിടുക്കാണ് ബ്രിട്ടീഷ് മുസ്‌ലിംകളുടെ പ്രത്യേകത. നിങ്ങള്‍ക്കൊരു ബ്രിട്ടീഷുകാരനാകാം, ഒപ്പം മുസ്‌ലിമും. 'ദ ഗാര്‍ഡിയന്‍' നടത്തിയ പഠനത്തില്‍, 85 ശതമാനം മുസ്‌ലിംകളും തങ്ങള്‍ ബ്രിട്ടീഷുകാരാണെന്നതില്‍ അഭിമാനിക്കുന്നുണ്ട്. 82 ശതമാനം മുസ്‌ലിംകള്‍ അന്യമതസ്ഥര്‍ അയല്‍വാസികളാകുന്നത് ഇഷ്ടപ്പെടുന്നവരാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേയവസരം, 94 ശതമാനം മുസ്‌ലിംകളും തങ്ങളുടെ മതവ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരുമാണ്. ബ്രിട്ടീഷ് ജനസംഖ്യയിലെ 48 ശതമാനം പേര്‍ മതവിശ്വാസികളല്ല എന്നതും ചര്‍ച്ചുകള്‍ വിജനമായിക്കൊണ്ടിരിക്കുന്നുവെന്നതും ഇതോട് ചേര്‍ത്തു വായിക്കുക.
സ്വന്തം മതകീയ സ്വത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ദേശീയധാരയില്‍ ഉള്‍ച്ചേരാന്‍ മുസ്‌ലിം ന്യൂനപക്ഷം കാണിച്ച മിടുക്ക് പൊതു സമൂഹത്തില്‍ നല്ല പ്രതിഫലനം സൃഷ്ടിച്ചു. ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെയാണ് നല്ലൊരളവോളം അത് അടച്ചുകളഞ്ഞത്. അവര്‍ക്കുനേരെ സംശയ ദൃഷ്ടിയോടെ നോക്കുന്ന സാഹചര്യം കുറവാണ്. നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനങ്ങളെക്കുറിച്ചല്ല, സമന്വയത്തെക്കുറിച്ചാണ് പൊതു വര്‍ത്തമാനങ്ങള്‍. ബ്രിട്ടീഷ് പൊതു സമൂഹത്തില്‍ മുസ്‌ലിം ന്യൂനപക്ഷം ഉള്‍ച്ചേര്‍ന്നതിന്റെ പ്രതിഫലനം രാഷ്ട്രീയത്തിലും കാണാം. ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏക മുസ്‌ലിം മേയറല്ല, കോര്‍പ്പറേഷനുകളില്‍ മേയര്‍മാരായി 29 മുസ്‌ലിംകളുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുമായി 15 മുസ്‌ലിം എം.പിമാരുണ്ട്.
ബ്രിട്ടനിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ കൗതുകകരമായി തോന്നി. പൊതുസമൂഹത്തില്‍ ഉള്‍ച്ചേരുന്ന മുസ്‌ലിം നിലപാടുകളുടെ നിദര്‍ശനമാണത്. അവരില്‍ ചിലര്‍ ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതു വേദിയായ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ (എം.സി.ബി) നേതാക്കളിലൊരാളായ ഡോ. സുവൈലിഹിനോട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: പ്രവര്‍ത്തകര്‍ ഏതു പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്ന് ഞങ്ങള്‍ നിര്‍ദേശിക്കാറില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ഇസ്‌ലാമിക മനസ്സാക്ഷിയനുസരിച്ച് തീരുമാനിക്കാം. ഇസ്‌ലാമിനോടും ഫലസ്ത്വീന്‍ പ്രശ്‌നം പോലുള്ള മുസ്‌ലിം വിഷയങ്ങളോടും കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ അധിക ഇസ്‌ലാമിസ്റ്റുകളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ലേബര്‍ പാര്‍ട്ടിയിലാണ്. അതിന്റെ നേതാവ് ജെറമി കോര്‍ബിന്‍ തന്റെ മുസ്‌ലിം അനുകൂല നിലപാടുകള്‍ കൊണ്ട് പ്രസിദ്ധനാണ്.
ബ്രിട്ടനിലെ ഇസ്‌ലാമിക പ്രസ്ഥാനം
മുസ്‌ലിം സ്വേഛാധിപത്യ രാജ്യങ്ങളില്‍നിന്ന് രാഷ്ട്രീയാഭയം തേടിയെത്തിയ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെ വലിയൊരു നേതൃനിര തന്നെയുണ്ട് ബ്രിട്ടനില്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഈജിപ്ത്, ലിബിയ, യമന്‍, സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയ ഇസ്‌ലാമിസ്റ്റുകള്‍, സ്വതന്ത്ര പ്രവര്‍ത്തന മേഖലകള്‍ തേടിയെത്തിയവര്‍, ഇങ്ങനെ ഇസ്‌ലാമിസ്റ്റുകളുടെ സജീവ സാന്നിധ്യം കൊണ്ട് സമൃദ്ധമാണ് ബ്രിട്ടന്‍. വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പൊതുവേദിയായ ദ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുന്നു.
ഇംഗ്ലണ്ടില്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നത് മറ്റു രാജ്യങ്ങളിലെന്നപോലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്. ലണ്ടനില്‍ അവര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈസ്റ്റ് ലണ്ടന്‍ മോസ്‌ക് ബ്രിട്ടീഷ് മുസ്‌ലിംകളുടെ പ്രധാന ലാന്റ് മാര്‍ക്കുകളിലൊന്നാണ്. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യവും ശക്തമാണ്. ഖുര്‍റം മുറാദ്, ഖുര്‍ശിദ് അഹ്മദ് പോലുള്ള നേതാക്കള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച പ്രസിദ്ധമായ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അവരുടെ സംഭാവനയാണ്. വിദ്യാഭ്യാസ - ഗവേഷണ - പുസ്തക പ്രകാശന മേഖലകളില്‍ ബ്രിട്ടനിലെ പ്രശസ്ത സ്ഥാപനം. ഫൗണ്ടേഷന്റെ മാര്‍ക്ക്ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ (എം.ഐ.എച്ച്.ഇ) ബര്‍മിംഗ്ഹാം ന്യൂമാന്‍ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക് എജുക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡിഗ്രി, പി.ജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 1996-ല്‍ നിര്യാതനായ ഖുര്‍റം മുറാദിന്റെ മകന്‍ ഫാറൂഖ് മുറാദാണ് ഇപ്പോള്‍ ഫൗണ്ടേഷന്റെ മേധാവി. ഖുര്‍റം മുറാദിന്റെ ആത്മീയ വ്യക്തിത്വം മകന്‍ ഫാറൂഖ് മുറാദിലുമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ഫൗണ്ടേഷനില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ലണ്ടനില്‍ പത്ത് ഏക്കര്‍ ഭൂമി സ്വന്തമാക്കി ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കായി ബ്രിട്ടീഷ് മാതൃകയില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിച്ചുവെന്നത് ഫൗണ്ടേഷന്‍ നല്‍കിയ വലിയ സംഭാവനയാണ്. പക്ഷേ, അതിനെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാമ്പത്തിക സ്രോതസ്സുകളുടെയും മനുഷ്യവിഭവ ശേഷിയുടെയും കുറവു മൂലമാകാം, അവര്‍ പ്രയാസപ്പെടുന്നതായി തോന്നി. പുതിയ കാലത്തിനുവേണ്ടി കുറേ നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നതും ഫൗണ്ടേഷന്റെ നേട്ടമായി പറയാം.
ഇന്ത്യയില്‍നിന്നുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരുടെ എണ്ണം താരതമ്യേന കുറവും അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതവുമാണ്. ഉത്തരേന്ത്യയില്‍നിന്നുള്ള പ്രവര്‍ത്തകരെ അപേക്ഷിച്ച് കേരളത്തില്‍ നിന്നെത്തിയ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ എണ്ണത്തില്‍ വളരെ കുറവാണെങ്കിലും പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മറ്റു മുസ്‌ലിം കൂട്ടായ്മകളുമായുള്ള അവരുടെ ബന്ധങ്ങള്‍ ഊഷ്മളമാണ്. അവര്‍ക്കിടയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കുള്ള സ്വീകാര്യത വ്യക്തിബന്ധങ്ങള്‍ സംഘടനാ ബന്ധങ്ങളെ സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവായി വേണം കാണാന്‍. മലയാളി ജമാഅത്തിനപ്പുറത്തേക്ക് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും ഇസ്‌ലാമിക പ്രവര്‍ത്തകരെയും വലിച്ചടുപ്പിക്കുന്നതില്‍ ഇപ്പോള്‍ ബ്രിട്ടനിലെ ലീഡ് യൂനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്ന ശഹീന്‍ കെ. മൊയ്തുണ്ണി വലിയ പങ്കാണ് വഹിക്കുന്നത്.
ജമാഅത്ത് നേതാക്കളുടെ കൂടെ
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമുഖരായ രണ്ട് നേതാക്കളെ കാണാന്‍ ലണ്ടന്‍ സന്ദര്‍ശനം അവസരം നല്‍കി. ഒരാള്‍ പാക് ജമാഅത്ത് നേതാവും ഫൈസല്‍ അവാര്‍ഡ് ജേതാവും മുന്‍ പാക് മന്ത്രിയുമായ പ്രഫസര്‍ ഖുര്‍ശിദ് അഹ്മദ് സാഹിബായിരുന്നു. രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന അദ്ദേഹത്തെ കാണാനാവുമെന്ന പ്രതീക്ഷയില്ലായിരുന്നുവെങ്കിലും അദ്ദേഹം സന്തോഷപൂര്‍വം സമയമനുവദിച്ചു. രോഗങ്ങള്‍ അദ്ദേഹത്തെ അവശനാക്കിയിട്ടുണ്ട്, പക്ഷേ ഓര്‍മക്കും ബുദ്ധിക്കും സംസാരത്തിനുമൊന്നും മാറ്റമില്ല. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്കറിയാമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. മൗദൂദി ചിന്തകളുടെ സ്‌പെഷ്യലിസ്റ്റായ ഖുര്‍ശിദ് അഹ്മദിന് പറയാനുണ്ടായിരുന്നത് മൗദൂദി ചിന്തകളുടെ അക്ഷരങ്ങള്‍ക്കപ്പുറത്തേക്ക് വായിക്കാനാവാത്ത പ്രവര്‍ത്തകര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനേല്‍പ്പിക്കുന്ന പോറലുകളെക്കുറിച്ചായിരുന്നു. അതേയവസരം, ഭാവിയെക്കുറിച്ച് തികഞ്ഞ ശുഭാപ്തിയാണ് ഖുര്‍ശിദ് അഹ്മദ് സാഹിബിനുള്ളത്.
മറ്റൊരാള്‍ ബംഗ്ലാ ജമാഅത്ത് നേതാക്കളിലൊരാളായ ചൗധരി മുഈനുദ്ദീന്‍ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ജമാഅത്ത് പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച, ബ്രിട്ടനിലെ പ്രസിദ്ധ പള്ളികളിലൊന്നായ ഈസ്റ്റ് ലണ്ടന്‍ മോസ്‌കില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ശിബ്‌റിന്റെ മുന്‍ അധ്യക്ഷന്‍ ഡോ. അമീനുല്‍ ഇസ്‌ലാമുമുണ്ടായിരുന്നു കൂടെ. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച അവര്‍ കേരള ജമാഅത്തിന്റെ വ്യത്യസ്തതകള്‍ കൗതുകത്തോടെ ആരാഞ്ഞു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളിലെ അബദ്ധങ്ങള്‍ ചൗധരി സാഹിബ് ചൂണ്ടിക്കാട്ടാതിരുന്നില്ല. ഖാലിദാ സിയക്കല്ലാതെ ഹസീനാ വാജിദിന് ഒരിക്കലും പിന്തുണ നല്‍കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചത് രാഷ്ട്രീയ വിഡ്ഢിത്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ഹസീനയുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കുകയും ജമാഅത്ത് വേട്ടക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും സ്വയംവിമര്‍ശനവും ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ കുറഞ്ഞുവരുന്നതിലുള്ള ആശങ്കയാണ് ഛാത്ര ശിബ്ര്‍ മുന്‍ അധ്യക്ഷന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്.
വിദ്യാഭ്യാസ മാതൃകകള്‍
വിദ്യാഭ്യാസ രംഗത്ത് ലോകത്ത് തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന ബ്രിട്ടന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങളായിരുന്നു ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ പ്രധാന പ്രചോദനങ്ങളിലൊന്ന്. ലോകത്തെ മുന്‍നിര യൂനിവേഴ്‌സിറ്റികളില്‍ നല്ലൊരു ഭാഗം അവിടെയാണ്. ഇസ്‌ലാമിക് സ്റ്റഡീസ് പല പേരുകളിലായി പല യൂനിവേഴ്‌സിറ്റികളിലുമുണ്ട്. പഴയകാല ഗ്രന്ഥങ്ങളുടെ വെറും വായനകള്‍ക്കപ്പുറം ഏതു വിഷയങ്ങളെയും സംഭവലോകത്തുനിന്ന് സമീപിക്കുന്നുവെന്നതാണ് ബ്രിട്ടീഷ് കരിക്കുലത്തിന്റെ പ്രത്യേകത. ഇസ്‌ലാമിക് സ്റ്റഡീസും ഭിന്നമല്ല. അറബ്-മുസ്‌ലിം ലോകത്തെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റികളുടെ സിലബസ്സുകളുമായി അതിനു വലിയ അന്തരങ്ങളുണ്ട്. പഴയതിനെ ചൊല്ലിപ്പഠിക്കുന്ന പരമ്പരാഗത രീതിയില്‍നിന്ന് ഭിന്നമായി ഗവേഷണാത്മക പഠന രീതികളിലൂടെ, ജീവിക്കുന്ന ലോകത്തിനു വേണ്ടി അക്ഷരങ്ങളെ വായിക്കാനും പഴയതിനെ പുനര്‍വായിക്കാനും പുതിയ കണ്ടെത്തലുകളിലും നിഗമനങ്ങളിലും എത്തിച്ചേരാനും സഹായിക്കുന്ന വിദ്യാഭ്യാസം. ഈ രീതി ഇന്ന് മുസ്‌ലിം ലോകത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഖത്തര്‍ ഫൗണ്ടേഷനാണ്.
സ്‌കൂള്‍ തലം മുതല്‍ തന്നെ ബ്രിട്ടീഷ് കരിക്കുലം വിദ്യാര്‍ഥികളെ ഈ ലക്ഷ്യത്തിന് പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാതെ സ്‌കൂളുകളില്‍ തന്നെ വെച്ചുപോരുന്ന വിദ്യാഭ്യാസം. ഹോംവര്‍ക്കിന്റെ ലോഡില്ലാത്ത രീതികള്‍. നാം സ്‌കൂള്‍ ബാഗുകളുടെ കനം കുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിട്ടേയുള്ളൂ. കുട്ടികളുടെ പരീക്ഷാ മാര്‍ക്കിനല്ല, അവരുടെ 'ക്രിയേറ്റിവിറ്റി'ക്കും 'ഇന്നവേഷനു'മാണ് പ്രാധാന്യം. പരമ്പരാഗത പഠന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് വിദ്യാര്‍ഥി പ്രകടിപ്പിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകര്‍ ചെയ്യുന്നത്. രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ പ്രോഗ്രസ് കാര്‍ഡല്ല, ഇത്തരം കഴിവുകളെയാണ് അധ്യാപകര്‍ എടുത്തു കാണിക്കുക.
ചുരുക്കത്തില്‍, മറ്റു പല കാര്യങ്ങളിലുമെന്ന പോലെ, പൊതു വിദ്യാഭ്യാസത്തിലും ഇസ്‌ലാമിക വിദ്യാഭ്യാസത്തിലും നാം സ്വീകരിക്കേണ്ട കുറേ മാതൃകകള്‍ ബ്രിട്ടന് സ്വന്തമായുണ്ട്.
Comments