പിശുക്ക് വിനാശത്തിന്റെ വിത്ത്
പിശുക്ക് മനുഷ്യനിലെ നന്മ നശിപ്പിച്ച് തമോഗുണങ്ങള്‍ വളര്‍ത്തുന്നു. ധനവ്യയത്തില്‍ കാണിക്കുന്ന പിശുക്കാണ് പൊതുവില്‍ ഈ പദത്തിന്റെ ശ്രവണ മാത്രയില്‍ മനസ്സിലേക്ക് കടന്നുവരിക. എന്നാല്‍ അറബിഭാഷയില്‍ 'ശുഹ്ഹ്' എന്ന് വ്യവഹരിക്കപ്പെടുന്ന ഈ ദുര്‍ഗുണം സര്‍വമേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്നതായി ഖുര്‍ആനും ഹദീസും ബോധ്യപ്പെടുത്തുന്നു. തന്റെ അധീനതയില്‍ ഉള്ളതോ മറ്റുള്ളവരുടെ കൈയിലുള്ളതോ ആയ നന്മകള്‍ നിഷേധിക്കുകയും ആര്‍ക്കും നല്‍കാതെ ലുബ്ധ് കാണിക്കുകയും ചെയ്യുന്ന ശീലമാണ് ഇസ്‌ലാമിക പ്രമാണങ്ങളിലെ 'ശുഹ്ഹ്.' കേവല സാമ്പത്തിക ലുബ്ധിനെ മാത്രമല്ല പദം സൂചിപ്പിക്കുന്നത്.
നബി(സ) പറഞ്ഞു: 'അക്രമം നിങ്ങള്‍ സൂക്ഷിക്കണം. കാരണം അക്രമം ഖിയാമത്ത് നാളില്‍ ഇരുട്ടാണ്. പിശുക്ക് നിങ്ങള്‍ സൂക്ഷിക്കണം. കാരണം നിങ്ങളുടെ പൂര്‍വികരെ നശിപ്പിച്ചത് പിശുക്കാണ്. അവരുടെ രക്തം ചിന്താനും നിഷിദ്ധ കാര്യങ്ങള്‍ ചെയ്യാനും അത് അവരെ പ്രേരിപ്പിച്ചു' (മുസ്‌ലിം). മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെ: 'ലുബ്ധ് നിങ്ങള്‍ സൂക്ഷിക്കണം. നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് പിശുക്ക് കൊണ്ടാണ്. ആ ലുബ്ധ്, പിശുക്കാന്‍ അവരോടാജ്ഞാപിച്ചു. അങ്ങനെയവര്‍ പിശുക്ക് കാണിച്ചു. ബന്ധങ്ങള്‍ വിഛേദിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചു. അവര്‍ ബന്ധങ്ങള്‍ അറുത്തെറിഞ്ഞു. അധര്‍മം പ്രവര്‍ത്തിക്കാന്‍ അത് അവരെ തോന്നിപ്പിച്ചു. അങ്ങനെ അവര്‍ അധര്‍മം പ്രവര്‍ത്തിച്ചു' (അബൂദാവൂദ്).
തനിക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയ സഹായങ്ങളും സേവനങ്ങളും ചെയ്തുകൊടുക്കാതെ സങ്കുചിതമനസ്‌കനായിത്തീരുന്നതും പിശുക്കിന്റെ വിവക്ഷയില്‍ പെടുന്നു. ഒരാള്‍ വന്ന് നബി(സ)യോട്: 'എന്റെ പറമ്പില്‍ ഒരാളുടെ ഈത്തപ്പന വളരുന്നുണ്ട്. അതിന്റെ പേരില്‍ അയാള്‍ എന്നെ ദ്രോഹിക്കുകയാണ്. അയാളുടെ ഈത്തപ്പന നില്‍ക്കുന്ന സ്ഥലത്തെച്ചൊല്ലി എന്നെ അയാള്‍ എപ്പോഴും ഇടങ്ങേറാക്കുന്നു.' നബി(സ) അയാളെ ആളയച്ചുവരുത്തി. 'ഇയാളുടെ തോട്ടത്തിലുള്ള നിങ്ങളുടെ ആ ഈത്തപ്പന എനിക്ക് വിറ്റുകൂടേ.' അയാള്‍: 'ഇല്ല.' നബി(സ): 'എങ്കില്‍ ആ ഈത്തപ്പന എനിക്ക് ദാനമായിത്തരാമോ?' അയാള്‍: 'പറ്റില്ല.' നബി(സ) വീണ്ടും: 'എങ്കില്‍ സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പനക്ക് പകരം നിങ്ങള്‍ അത് എനിക്ക് വില്‍ക്കുമോ?' അയാള്‍: 'ഇല്ല.' നബി(സ) പ്രതിവചിച്ചു: 'നിങ്ങളേക്കാള്‍ ഏറ്റവും പിശുക്കനായ ഒരാളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അതാരാണെന്നറിയാമോ? സലാം പറയുന്ന വിഷയത്തില്‍ പിശുക്ക് കാണിക്കുന്നവന്‍' (അഹ്മദ്).
പിശുക്ക് പല വിധത്തിലുണ്ട്. ഭരണ നേതൃത്വത്തിലുള്ളവരുടെ പിശുക്ക്. തങ്ങളുടെ അധികാരം ദീനിന്റെയും സമൂഹത്തിന്റെയും നന്മക്കും ക്ഷേമത്തിനും ഉപയോഗപ്പെടുത്താന്‍ അത്തരക്കാര്‍ക്ക് മനസ്സുണ്ടാവില്ല. സമൂഹത്തില്‍ സ്ഥാനവും പദവിയും സ്വാധീനവും ഉള്ളവരുടെ പിശുക്ക്, അവ ജനങ്ങള്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ വിനിയോഗിക്കാന്‍ ലുബ്ധ് കാണിച്ചായിരിക്കും. ആരോഗ്യവും സമ്പന്നതയുമുള്ളവരുടെ പിശുക്ക്, മറ്റുള്ളവരെ സേവിക്കുന്നതില്‍ അമാന്തം കാണിച്ചുകൊായിരിക്കും. അറിവിലുള്ള പിശുക്ക്, തീരുമാനങ്ങള്‍ തേടുന്നവരോടും സത്യാന്വേഷകരോടും മുഖം തിരിച്ചായിരിക്കും. ആരോഗ്യം, സല്‍സ്വഭാവം, ശാരീരിക ശേഷി, സാമ്പത്തിക കഴിവ് തുടങ്ങി ഏതു രംഗത്തുമുണ്ട് പിശുക്കിന്റെ സാധ്യതകള്‍.
പിശുക്കില്‍നിന്നുള്ള മോചനമാണ് വിജയനിദാനമെന്ന് അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു: ''ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തു രക്ഷിക്കപ്പെടുന്നുവോ, അത്തരക്കാര്‍ തന്നെയാകുന്നു വിജയം വരിച്ചവര്‍'' (ഹശ്ര്‍: 9).
അബുല്‍ ഹയ്യാതുല്‍ അസദി: ഞാന്‍ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പ്രാര്‍ഥിക്കുന്നത് ശ്രദ്ധയില്‍പെട്ടു: ''അല്ലാഹുവേ! എന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് എന്നെ നീ കാത്തുകൊള്ളേണമേ!'' ഈ ഒരു പ്രാര്‍ഥന മാത്രമാണ് അയാള്‍ ആവര്‍ത്തിച്ച് ഉരുവിടുന്നത്. കാരണം തിരക്കിയ എന്നോടയാള്‍: ''എന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് രക്ഷിക്കപ്പെട്ടാല്‍ പിന്നെ ഞാന്‍ മോഷ്ടിക്കില്ല, വ്യഭിചരിക്കില്ല, തെറ്റുകുറ്റങ്ങളൊന്നും ചെയ്യില്ല.'' ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ആ പ്രാര്‍ഥന നടത്തിയ ആള്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫാണ്' (ഇബ്‌നുജരീര്‍).
''നിങ്ങളുടെ കൂട്ടത്തിലുള്ള പ്രതിബന്ധം സൃഷ്ടിക്കുന്ന ആളുകളെയും തങ്ങളുടെ സഹോദരങ്ങളോട് 'ഞങ്ങളുടെ അടുത്തേക്ക് വരൂ' എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്; യുദ്ധത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ നാമമാത്രമായി പങ്കെടുക്കുന്നവരെ, നിങ്ങളുടെ കൂടെ നില്‍ക്കുന്നവരില്‍ ലുബ്ധരാകുന്നവരെ, ആപത്‌സന്ധികള്‍ വന്നെത്തുമ്പോള്‍ ആസന്ന മരണന്‍ മോഹാലസ്യപ്പെടുന്നതുപോലെ കണ്ണുകള്‍ ചുഴറ്റിക്കൊണ്ട് നിങ്ങളെ നോക്കുന്നവരെ (അവന്‍ അറിയുന്നുണ്ട്). എന്നാല്‍ ആപത്ത് അകന്നുപോയാല്‍ ഇതേയാളുകള്‍ തന്നെ ഭൗതിക നേട്ടങ്ങളില്‍ ആര്‍ത്തിപൂണ്ട് കത്രികപോലെ പിടക്കുന്ന നാവുകളുമായി നിങ്ങളെ സ്വീകരിക്കാനെത്തുന്നു. ഈയാളുകള്‍ ഒരിക്കലും വിശ്വാസം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ കര്‍മങ്ങളൊക്കെയും പാഴാക്കിക്കളഞ്ഞു.' അത് അല്ലാഹുവിന് എളുപ്പമാകുന്നു'' (അഹ്‌സാബ്: 18).
'നിങ്ങളുടെ കൂടെ നില്‍ക്കുന്നവരില്‍ ലുബ്ധരാകുന്നവരെ' എന്ന വാക്യം അബുല്‍ ഹസന്‍ അല്‍ മാവര്‍ദി വിശദീകരിക്കുന്നതിങ്ങനെ: ''അത് നാല് തരത്തിലുണ്ട്. നന്മയുടെ വിഷയത്തില്‍, നിങ്ങളോടൊപ്പമുള്ള യുദ്ധത്തില്‍, കിട്ടിയ ഗനീമത്തില്‍, ദൈവമാര്‍ഗത്തിലെ ധനവ്യയരംഗത്ത് കാണിക്കുന്ന പിശുക്കും സങ്കുചിതമനസ്സുമാകുന്നു ഉദ്ദേശ്യം'' (തഫ്‌സീര്‍ മാവര്‍ദി 3/312).
വ്യക്തികള്‍ വളരുന്ന സാഹചര്യം ഈ ദുര്‍ഗുണം വളര്‍ത്തുന്നതില്‍ പങ്കു വഹിക്കുന്നുണ്ട്. വീട്, കുടുംബം, സമൂഹം- ഈ ഘടകങ്ങള്‍ക്കെല്ലാം ഒരാളെ ലുബ്ധനാക്കിത്തീര്‍ക്കുന്നതില്‍ പങ്കുണ്ട്. ഭാവിയില്‍ വന്നേക്കാവുന്ന ദാരിദ്ര്യത്തെക്കുറിച്ച ആശങ്ക, ദൈവമാര്‍ഗത്തിലെ ത്യാഗപരിശ്രമങ്ങളില്‍ താല്‍പര്യരാഹിത്യം, അപരരോടുള്ള പകയും അസൂയയും, പ്രത്യാഘാതങ്ങളെ കുറിച്ച അജ്ഞത തുടങ്ങി നിരവധി വേറെയും കാരണങ്ങളുണ്ട് ലുബ്ധിനു പിന്നില്‍. വ്യക്തിയിലെ നന്മകളെല്ലാം നശിപ്പിക്കുന്നതാണ് പിശുക്ക്. എല്ലാ പാപങ്ങളിലും മ്ലേഛവൃത്തികളിലും മുഴുകാന്‍ അത് വഴിയൊരുക്കും. ലുബ്ധരുടെ മനസ്സ് ആശങ്കകളുടെയും അസ്വസ്ഥതകളുടെയും നടുവിലായിരിക്കും എപ്പോഴും. ലുബ്ധും പിശുക്കും മനുഷ്യനില്‍ വളര്‍ത്തുന്ന തമോഗുണങ്ങളും അത്തരമാളുകള്‍ ജനമധ്യത്തില്‍ പരിഹാസ്യരും ആക്ഷിപ്തരുമായിത്തീരുന്ന അനുഭവങ്ങളും ഓര്‍ത്തെടുക്കാന്‍ അനേകമുണ്ട്. വിശ്വാസിയുടെ ഉദാരമനോഭാവത്തിനും വിശാല മനസ്‌കതക്കും ചേരാത്ത ദുര്‍ഗുണമാണത്.
സംഗ്രഹം: പി.കെ ജമാല്‍
Comments