അളമുട്ടിയവന്റെ അരക്ഷിത ബോധം
'നിര്‍മിത പ്രതിഛായയില്‍ മോദി പൗരന്മാരെ കുരുക്കുന്നു' - രാമചന്ദ്ര ഗുഹയുമായുള്ള യാസിര്‍ ഖുതുബിന്റെ അഭിമുഖം (ലക്കം 3082) വായിച്ചു. തീവ്ര വലതു പക്ഷ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധികാരാരോഹണം ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വരുത്തിയ മാറ്റവും അസ്വസ്ഥതയും പിന്നാക്ക ജാതി-മതന്യുനപക്ഷങ്ങില്‍ വ്യാപകമാകുന്ന ഭീതികള്‍ വലിയൊരു പൊട്ടിത്തെറിയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത് എന്നതിന്റെ സൂചനയാണ്. അദ്ദേഹത്തെ പോലുള്ള ചരിത്രകാരന്മാരെ പോലും തങ്ങളുടെ ചൊല്‍പടിയില്‍ നിന്നില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്ന ഭീഷണി എത്ര ഭയാനകമല്ല! സാധാ ജനം പിന്നെന്തു ചെയ്യും. അളമുട്ടിയവന്റെ അരക്ഷിതബോധം വല്ലാതെ പരിധിവിടുമ്പോള്‍, തത്തുല്യമായ എതിര്‍ പ്രതിഫലനത്തിന്റെ ന്യൂട്ടന്‍ തിയറിയിലേക്ക് പ്രകൃതിയുടെ ഒരു പോക്കുണ്ട്. അവ കരകയറാനാകാത്ത വലിയ നാശത്തിലേക്കാണ് നാടിനെയും ജനങ്ങളെയും നയിക്കുക. അവ തിരിച്ചറിയുന്ന രാമചന്ദ്ര ഗുഹയെപോലുള്ള മുഖ്യധാരാ ബുദ്ധിജീവികളും സാഹിത്യ-സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള ധിഷണാശാലികളുയ മഹദ് വ്യക്തിത്വങ്ങളും നമുക്കുണ്ട് എന്നതാണ് അല്‍പമെങ്കിലും പ്രത്യാശക്ക് വകനല്‍കുന്നത്. അതിക്രമത്തിനെതിരെ അവരുയര്‍ത്തുന്ന കലഹം സാദാ പൗരന്മാരുടെ സ്വരമായി പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് ഫാഷിസം തോല്‍ക്കുക. ഫാഷിസ്റ്റ് അക്രമങ്ങള്‍ക്കെതിരെയുള്ള കലഹം. ധിഷണാശാലികളായ പലരും ആ കലഹത്തിലൂടെ രക്തസാക്ഷികളായിത്തീരുന്ന ഒരു കെട്ട ഭരണക്രമത്തിലാണ് നാമുള്ളത്.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാര, എം.എം ഖല്‍ബുര്‍ഗി, ജസ്റ്റിസ് ലോദി, ഗൗരി ലങ്കേഷ്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായ എം.എഫ് ഹുസൈന്‍ എന്ന പ്രതിഭാധനനായ ചിത്രകാരന്‍ വരെ ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ ഫാഷിസ്റ്റ് കൊലവിളികള്‍ക്കിടയിലും രാമചന്ദ്ര ഗുഹ മുതല്‍ ജസ്റ്റിസ് കഡ്ജുവരെ നിരന്തര കലഹത്തിന്റെ കാവലാളായി ഇനിയും അവശേഷിക്കുന്നു എന്നത് ചെറിയ കാര്യമല്ല. അതിന്റെ പ്രതിഫലനം അരുണ്‍ ഷൂറി മുതല്‍ ശത്രുഘ്‌നന്‍ സിന്‍ഹവരെ വ്യാപിക്കുന്നതും നാം കാണുന്നു.
ഗുഹയുടെ അഭിമുഖം വായിച്ചുകഴിഞ്ഞ് യാദൃഛികമായാണ് മാധ്യമം ആഴ്ചപ്പതിപ്പിലെ വിനോദ് കൃഷ്ണ എഴുതിയ കഥ 'വാസ്‌കോ പോപ്പ' (ഡിസംബര്‍ 24 പുസ്തകം 21 ലക്കം 1086) വായിക്കാനിടയാകുന്നത്. ബാബരി ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.എസ് മാധവന്‍ എഴുതിയ 'തിരുത്ത്' എന്ന കഥയെ ഓര്‍മിപ്പിക്കുന്ന രചന.
മോദിയുഗത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥ വിനോദ് കൃഷ്ണനെപ്പോലുള്ളവരെ ഭയപ്പെടുത്തുന്നു. സെര്‍ബിയന്‍ കവിയായ വാസ്‌കോ പോപ്പയുടെ രണ്ടാം ലോക യുദ്ധാനന്തര കവിതയിലെ, യുദ്ധഭീകരതയെ അതിജയിക്കാന്‍ ഏതു നിമിഷവും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള സാധ്യതക്കു മുന്നിലെ രക്ഷപ്പെടാനുള്ള കരുതിവെപ്പ്, 'കവിയുടെ ഏണി'.
അവസാനത്തെ പ്രതീക്ഷയായാണ് ആ ഏണിയെ കവി കാണുന്നത്. വാടക വീട്ടുടമയോട് ഏണിചാരിവെക്കാന്‍ ആവശ്യപ്പെടുന്നു. കവിയുടെ പ്രതീക്ഷയാണത്.
ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് പീഡനവിധേയനായ യുവാവ് തന്റെ മോചനത്തിനൊടുവില്‍ തന്റെ കെടുതിയുടെ നിത്യ സ്മരണക്കായി വിന്റേജ് കാറുശേഖരം പോലെ സൂക്ഷിച്ചു വെച്ച പഴയ ഒരു പോലീസ് ഇടിവണ്ടി. അയാളുടെ മരണശേഷം അയാളുടെ മകനെയും കയറ്റിപോകുന്ന പുതിയ പോലീസ് വണ്ടി. യാത്രയില്‍ മോദിയുഗത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭീകരതകള്‍ ഒന്നൊന്നായി ചുരുള്‍ നിവരുന്നു. പശു ഭീകര രാഷ്ട്രീയത്തിന്റെ ബീഭത്സത ഇടിവണ്ടിയുടെ താളത്തൊടൊപ്പം അനുവാചകനും അനുഭവിക്കുന്നു. ഏതു നിമിഷവും ഏറ്റുമുട്ടല്‍ കൊലപാതകത്തിലേക്ക് എടുത്തെറിയപ്പെടേണ്ടവരാണ് നമ്മള്‍ എന്ന വൈകാരിക തലം സൃഷ്ടിക്കാന്‍ കഴിയുന്നുവെന്നതാണ് കഥയുടെ വിജയം.
ഇടിവണ്ടിയിലൂടെ വളര്‍ന്നു വികസിക്കുന്ന കഥ. നാം വായിച്ചും കേട്ടും പരിചയിച്ച ഒരുപാട് കഥകളും കഥാപാത്രങ്ങളും സാന്ദര്‍ഭികമായി കടന്നുവരുന്നു. സാഹിത്യകാരന്മാരുണ്ട്, ബൂദ്ധിജീവികളുണ്ട്, കവിയുണ്ട്, സിനിമാ നടനുണ്ട്, ചിത്രകാരനുണ്ട്, വിശിഷ്ട സേവനം ചെയ്ത ഉദ്യോഗസ്ഥനുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അവരുടെ വാചകങ്ങളുണ്ട്.
വംശഹത്യ നടത്തിയ ആള്‍ രാജ്യം ഭരിക്കുമ്പോള്‍ എല്ലാ വീടുകളും ജയിലാവും. നാടും നഗരവും ഗ്രാമവും വാഹനങ്ങളും എല്ലാം.
വാക്കുകള്‍ സ്വാതന്ത്ര്യം നേടിത്തരും. അതിനാല്‍ നാം എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കണം.
അതേ, അതാണ് രാമചന്ദ്ര ഗുഹ പറഞ്ഞുകൊണ്ടിരിക്കുന്നത്. തമിഴ് നടന്‍ പ്രകാശ് രാജ് ഗര്‍ജിച്ചുകൊണ്ടിരിക്കുന്നത്. സുനില്‍ പി. ഇളയിടത്തിന്റെ രോദനമായി നമ്മുടെ കാതുകളില്‍ പതിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ ഇടിവണ്ടിയില്‍ കയറ്റപ്പെട്ടവരല്ലാം ഏറ്റുമുട്ടല്‍ കൊലപാതകത്തിലേക്ക് നയിക്കപെടുന്നു. അതിനു മുമ്പ് പോലീസ് ഏമാന്‍ നടത്തുന്ന ബുദ്ധിപരിശോധനാ ടെസ്റ്റുണ്ട്.
മുമ്പ് നാസി പോലീസുകാരന്‍ ചോദിച്ച ചോദ്യം തന്നെ. 'എന്റെ കണ്ണുകളില്‍ ഒന്ന് കൃത്രിമ കണ്ണാണ്...അത് ഏതെന്ന് പറഞ്ഞാല്‍ നിന്നെ വെറുതെ വിടാം...'
വിമല്‍ സര്‍ക്കാര്‍ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
കൂടുതലൊന്നും ആലോചിക്കാതെ തന്നെ അയാള്‍ മറുപടിപറഞ്ഞു. 'സാര്‍, താങ്കളുടെ വലത്തെ കണ്ണ് കൃത്രിമമാണ്.'
'ഉത്തരം ശരിയാണ്..പക്ഷേ അത് തനിക്കെങ്ങനെ മനസ്സിലായി?'
'ആ കണ്ണുകള്‍ക്കാണ് അല്‍പമെങ്കിലും ദയയുള്ളത്'- ഓഫീസര്‍ ഇത് കേട്ടു പൊട്ടിച്ചിരിച്ചു.
എല്ലാവരും ഇതേ ചോദ്യം തന്നെ പോലീസുകാരനില്‍ നേരിടുന്നു.
പലരും അവരവരുടെ ബുദ്ധികൂര്‍മതക്ക് അനുസരിച്ച് പല രൂപത്തില്‍ ശരിയുത്തരം കണ്ടെത്തുന്നു. അവരെല്ലാം ബുദ്ധിമാന്മാരാണെന്ന് തിരിച്ചറിയുന്ന നിമിഷം ഇടിവണ്ടിയിലെ ഏറ്റുമുട്ടല്‍ പ്രഹേളികയിലേക്ക് കയറ്റിയയക്കപ്പെടുന്നു.. ബോധപൂര്‍വം ഉത്തരം തെറ്റിച്ചു പറഞ്ഞ കഥാനായകനൊഴികെ... ഒപ്പം ഭരണകൂടത്തിന്റെ ആനുകൂല്യം കൊതിച്ചു നടന്ന തൊരപ്പനെലിയും.
കഥയിലെ സാരാംശം:
ഫാഷിസ്റ്റ് കാലത്ത് ബുദ്ധിക്കും സത്യത്തിനുമല്ല വില.
വിവരദോഷിയായി സ്വയം അവരോധിക്കുന്നതിലാണ്.
അതാണ് കഥയിലെ കറുത്ത ഫലിതവും.
വിവാഹം, ജീര്‍ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ഉത്തമസമുദായം
വിവാഹം എന്ന പരിപാവന കര്‍മത്തെ എത്രത്തോളം പരിഹാസ്യമാക്കാന്‍ കഴിയും എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്‌ലിംകളില്‍ ചിലര്‍ എന്ന് തോന്നിപ്പോകുന്നു ചില പേക്കൂത്തുകള്‍ കാണുമ്പോള്‍.
പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് മുസ്‌ലിം വിവാഹങ്ങള്‍ അധഃപതിച്ചിട്ട് കാലം കുറച്ചായെങ്കിലും അതും പിന്നിട്ട് മനോവൈകൃതത്തിന്റെയും പേക്കൂത്തുകളുടെയും പ്രദര്‍ശനശാലകളായി വിവാഹാഘോഷം ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 'ഉത്തമ സമുദായ'ത്തിന്റെ ഈ പോക്കില്‍ ഖേദമല്ല, ഭീതിയാണ് തോന്നുന്നത്.
പൊങ്ങച്ചക്കാരുടെ ഭക്ഷ്യമേളയും കഴിഞ്ഞ്, അതിലേറെ പരിഹാസ്യമായ ചില കൂത്താട്ടങ്ങള്‍ നെഞ്ചിടിപ്പോടെ മാത്രം പങ്കെടുക്കാനാവുന്ന ഒരു ചടങ്ങായി വിവാഹവേളകളെ മാറ്റിയിരിക്കുകയാണ്. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള 'തോന്ന്യാസങ്ങളും', വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും ചായം വിതറിയും തെറിപ്പാട്ട് പാടിയും വധുവിന്റെ പിതാവിനെയടക്കം 'റാഗ്' ചെയ്യുന്ന കുറേ ചെറുപ്പക്കാര്‍ (അത്ര ചെറുപ്പക്കാരൊന്നുമല്ല, വിവാഹിതരായ മുതുക്കന്മാര്‍ പോലും ഇതില്‍ ഉണ്ടാകും).
അത് കഴിഞ്ഞ് വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍, ലോറിയില്‍ കയറ്റിയും പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മത്തെ എത്രത്തോളം വികൃതമാക്കാമോ അതൊക്കെ ചെയ്യുന്നു. ആരുടെ ഭാവനയില്‍ ഉദിച്ചതാവുമെന്നറിയില്ല, സ്ത്രീകള്‍ പാട്ടുപാടി ഉരലില്‍ ഉലക്കയിട്ട് ഇടിക്കുന്ന ഒരു കലാപരിപാടിയും കണ്ടു.
മതസംഘടനകളും പള്ളികളും മത സ്ഥാപനങ്ങളും ചാനലുകളും പത്രങ്ങളും കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളും, ഉദ്‌ബോധനം നടത്തിയിട്ടും ജീര്‍ണതയില്‍നിന്ന് ജീര്‍ണതയിലേക്ക് കൂപ്പു കുത്തുന്ന ഒരു സമുദായമായി കേരളത്തിലെ മുസ്‌ലിം സമൂഹം മാറുന്നുവെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍...?
ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ചകള്‍ കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ വേണ്ടി പരക്കം പായുന്ന ഉള്ളുപൊള്ളയായ സമൂഹമായി മാറിയോ ചരിത്രത്താളുകളില്‍ അഭിമാനപൂര്‍വം മാത്രം വായിക്കാന്‍ കഴിയുന്ന മാപ്പിളമാര്‍?
ഗള്‍ഫ് കുടിയേറ്റം മൂലം ലഭിച്ച സമ്പത്ത് ഗുണപരമായ രീതിയില്‍ ചെലവാക്കാന്‍ പഠിക്കാതെ ധൂര്‍ത്തും ആഘോഷവും അലങ്കാരമായി കൊണ്ടുനടക്കുന്ന സമൂഹമായി നാം മാറിയോ? ഈ സമുദായത്തിന്റെ അജ്ഞതയും പൊങ്ങച്ച മനോഭാവവും കൊണ്ട് തഴച്ചു വളര്‍ന്നത് മലബാറിലെ ആശുപത്രി വ്യവസായവും സ്വര്‍ണക്കടകളും തുണിക്കടകളുമൊക്കെയാണ്.
മറക്കണ്ട, ബര്‍മയിലും സിംഗപ്പൂരിലും പോയി പണം വാരിക്കൂട്ടി നാട്ടില്‍ പത്രാസ് കാണിച്ച കാരണവന്മാര്‍ പിന്നീട് പാപ്പരായി ഇരന്നു നടന്ന കാലം ഏറെ മുമ്പൊന്നുമല്ല. ചടങ്ങുകളും മാമൂലുകളും കൊണ്ട് മുടിഞ്ഞുപോയ സമുദായങ്ങളുടെ കഥകള്‍ നമുക്കു ചുറ്റും എമ്പാടുമുണ്ട്. പള്ളികളും പര്‍ദക്കടകളും വര്‍ധിച്ചതുകൊണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആയത്തും ഹദീസും കണ്ടമാനം പ്രചരിപ്പിച്ചതുകൊണ്ടും ഈ സമുദായം 'ഉത്തമ'മാകുന്നില്ല. ജീവിതം തന്നെ സന്ദേശമാക്കിമാറ്റി ആദരവ് നേടാന്‍ കഴിയുമ്പോള്‍ മാത്രമേ ആ വിശേഷണത്തിന് അര്‍ഹത നേടൂ. ഇന്ന് ഈ സമുദായത്തില്‍പെട്ട ചിലര്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകള്‍ക്ക് പഴി മുഴുവന്‍ കേള്‍ക്കേണ്ടിവരുന്നതും പരിഹസിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്. തെറ്റ് തിരുത്താനല്ല ധാര്‍ഷ്ട്യത്തോടെ തുടരാനാണ് ഭാവമെങ്കില്‍ അനുഭവിക്കാന്‍ തയാറായിക്കൊള്ളുക.
സുനീര്‍ കെ. വടകര
അക്ഷരങ്ങളിലെ അറിവും നര്‍മവും
ഇപ്പോള്‍ പ്രബോധനം കൈയിലെത്തിയാല്‍ ഏറ്റവുമാദ്യം വായിക്കുന്നത് ഒ.അബ്ദുര്‍റഹ്മാന്റെ 'ജീവിതാക്ഷരങ്ങളാ'ണ്. അക്ഷരങ്ങളില്‍ നര്‍മം ചാര്‍ത്തിക്കൊണ്ടുള്ള ആ വരികള്‍ അത്യധികം സരസവും ആകര്‍ഷകവുമെന്നപോലെ വിജ്ഞാനപ്രദവുമാണ്. ലേഖകന്‍ ഊഷ്മളബന്ധം പുലര്‍ത്തിപ്പോന്നിരുന്ന മുന്‍ മന്ത്രി പി.എം അബൂബക്കറെകൂടി അനുസ്മരിക്കുന്ന ലക്കത്തില്‍ (3082) അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കൂടി ചേര്‍ക്കാമായിരുന്നു. ഈ ലക്കത്തിലെ ഷാജി മേലാറ്റൂരിന്റെ 'മരണവീടും' 'വീടക'വും നുറുങ്ങുകവിതകളാണെങ്കില്‍കൂടി അവ നല്‍കുന്ന ജീവിതസന്ദേശങ്ങള്‍ വളരെ വലുതും ചിന്തോദ്ദീപകവുമാണ്. പാരിസ്ഥിതികാവബോധത്തില്‍നിന്ന് ഉറവ പൊട്ടിയൊഴുകിയ, ദിലീപ് ഇരിങ്ങാവൂരിന്റെ 'ഏപ്രില്‍' ഉം ഫാസിലാ ഫസല്‍ നരിക്കുനിയുടെ 'ഒറ്റമര'വും നിലവാരം പുലര്‍ത്തി.
എന്‍.കെ ഹുസൈന്‍ കുന്ദമംഗലം
Comments