ഇസ്‌ലാഹിയയിലെ നാളുകള്‍
(ജീവിതാക്ഷരങ്ങള്‍-9 )
സ്‌കൂള്‍ വിദ്യാഭ്യാസം അഞ്ചാം ക്ലാസോടെ അവസാനിച്ചതായി തുടക്കത്തിലേ സൂചിപ്പിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പാഠ്യപദ്ധതി കൂടി ഭാഗികമായി ഉള്‍ക്കൊള്ളുന്ന മദ്‌റസാ വിദ്യാഭ്യാസമാണ് നേടാനായത്. എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഖത്തറില്‍ രണ്ടു വര്‍ഷത്തെ അംഗീകൃത തുടര്‍പഠനവും തരപ്പെട്ടു. ഇത്രയുമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആകത്തുകയെങ്കിലും അഞ്ചാം വയസ്സ് മുതല്‍ ഏഴ് പതിറ്റാണ്ടുകാലം പഠിക്കുക തന്നെയായിരുന്നു. ക്ലാസ് മുറിയില്‍ ഏതെങ്കിലും അധ്യാപകന്റെ സാന്നിധ്യത്തിലായിരുന്നില്ലെന്നു മാത്രം. വിശുദ്ധ ഖുര്‍ആന്‍, പ്രവാചക ചര്യ, ഇസ്‌ലാമിക കര്‍മശാസ്ത്രം അഥവാ ശരീഅത്ത്, ഇസ്‌ലാമിക ചരിത്രം, സോഷ്യോളജി എന്നിവയാണ് ഇഷ്ട വിഷയങ്ങള്‍. ഇതിലൊക്കെ അവഗാഹം നേടുക ലക്ഷ്യമായിരുന്നില്ല. വലിയ പണ്ഡിതനാവണമെന്ന മോഹവും ഉണ്ടായിരുന്നില്ല. വല്ലവരും മതവിധി ചോദിച്ചുവന്നാല്‍ തൃപ്തിപ്പെടുത്തി അയക്കുക എന്നതുപോലും അജണ്ടയായിരുന്നില്ല. എന്നാല്‍, കൈയാളേണ്ടിവരുന്ന വിഷയങ്ങളില്‍ വിവരദോഷിയോ, 'അതും ശരി, ഇതും ശരി' എന്നുപറയേണ്ട ഗതികേടില്‍ അകപ്പെട്ടവേനാ ആവരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. നന്നെച്ചുരുങ്ങിയത് വിവാദപരമായ വിഷയങ്ങളില്‍ സ്വന്തമായൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുക എന്നതുതന്നെ നിസ്സാര സംഗതിയല്ലല്ലോ. ആ നിലപാട് മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല. ആത്മ സംതൃപ്തിയാണ് പ്രധാനം. എന്നാല്‍, നേടിയെടുത്ത അറിവുകള്‍ എത്ര പരിമിതമാണെങ്കിലും തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുക താല്‍പര്യജനകമായ അനുഭവമാണ്. നമ്മുടെ അബദ്ധങ്ങള്‍ തിരുത്താനും അറിവിന്റെ ചക്രവാളം വികസിപ്പിക്കാനും അത് വഴിയൊരുക്കുമെന്നതാണ് ഏറ്റവും പ്രധാനം.
ഈ മാനസികാവസ്ഥയിലാണ് 1980 അവസാനത്തില്‍ ഞാന്‍ സ്വദേശത്തേക്കും ഇസ്‌ലാഹിയ സ്ഥാപനങ്ങളിലേക്കും മടങ്ങുന്നത്. കെ.സി അബ്ദുല്ല മൗലവി തന്നെയായിരുന്നു അന്ന് ഇസ്‌ലാഹിയ കോളേജ് പ്രിന്‍സിപ്പല്‍. സംഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ വേണ്ടതിലധികമുള്ള അദ്ദേഹത്തിന് ഈ ഭാരം കൂടി കൊണ്ടുനടത്തുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം എന്നെ ഖത്തറില്‍നിന്ന് തിരികെ വിളിക്കാന്‍ കിണഞ്ഞു ശ്രമിച്ചത്. ഞാന്‍ ഇസ്‌ലാഹിയ ഓഫീസിലെത്തിയ പാടേ കടലാസും പേനയുമെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചെയ്യേണ്ട ജോലികള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി.
ഭരണം, പാഠ്യപദ്ധതി പുനഃപരിശോധന, പരീക്ഷകളുടെ കൃത്യമായ നടത്തിപ്പ്, ചില വിഷയങ്ങളുടെ അധ്യാപനം തുടങ്ങി ഒരുപിടി കാര്യങ്ങള്‍ക്കു പുറമെ, അസോസിയേഷന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളുടെ മേല്‍നോട്ടം, സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഫോളോ അപ്, മാനേജിംഗ് കമ്മിറ്റി യോഗങ്ങള്‍ യഥാസമയം വിളിച്ചുചേര്‍ക്കല്‍, എക്കാലത്തെയും തലവേദനയായ ബജറ്റ് കമ്മി നികത്താന്‍ വഴികണ്ടെത്തല്‍- എല്ലാം കൂടി 17 ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: മതിയായി. അപ്പോഴദ്ദേഹം: 'ഒരൊറ്റ കാര്യം കൂടി. ദിനേന വൈകുന്നേരങ്ങളില്‍ അക്കൗണ്ട് ചെക്ക് ചെയ്യണം!' അത് കൂടിയായപ്പോള്‍ ഞാന്‍ പേന താഴെവെച്ച് ഉണര്‍ത്തിച്ചു: 'അക്കാര്യം എനിക്കൊട്ടുമേ വഴങ്ങുന്നതല്ല.' ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തപ്പോള്‍ ഏതാണ്ടെല്ലാ മാസവും ശമ്പളത്തില്‍ ഒരു ഭാഗം തിരിച്ചുകൊടുക്കേണ്ട ഗതികേടിലായിരുന്നു ഞാന്‍. കൃത്യമായി വരവു ചെലവുകള്‍ രേഖപ്പെടുത്താന്‍ സാധിക്കാത്തതിനാലായിരുന്നു അത്. 'കണക്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. ദയവായി അതിനെന്നെ നിര്‍ബന്ധിക്കരുത്. അതിന് നമുക്ക് മറ്റൊരാളെ കണ്ടെത്താം.' മനമില്ലാ മനസ്സോടെ കെ.സി സമ്മതിച്ചു. ഞാന്‍ പിറ്റേന്നു മുതല്‍ പണി തുടങ്ങി. കോളേജില്‍ ഡിഗ്രി ക്ലാസുകളിലായിരുന്നു ടീച്ചിംഗ്. വിദ്യാര്‍ഥികള്‍ സാമാന്യം ബുദ്ധിയുള്ളവരായിരുന്നതിനാല്‍ വലിയ അലമ്പില്ലാതെ അധ്യാപനം മുന്നോട്ടുപോയി. ജ്യേഷ്ഠന്‍ അബ്ദുല്ല കൂടി ദോഹയില്‍നിന്ന് തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതോടെ സ്ഥാപനത്തിന് വീണ്ടും ജീവന്‍ കൈവന്നു. കയ്‌റോവിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി അറബി മാതൃഭാഷയായ ഭാഷാധ്യാപകരെ വിവിധ രാജ്യങ്ങളിലേക്കയച്ചുകൊടുക്കുന്ന പദ്ധതിയില്‍ ഇസ്‌ലാഹിയ കോളേജിനെ കൂടി ഉള്‍പ്പെടുത്തിയത് ഭാഷാധ്യാപനം മെച്ചപ്പെടുത്താന്‍ സഹായകമായി. മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ഡെപ്യൂട്ടേഷനില്‍ മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്ന ഒ.പി അബ്ദുസ്സലാം മൗലവി (ഓമശ്ശേരി), എസ്. അബ്ദുര്‍റശീദ് (പാണാവള്ളി) എന്നിവരുടെ സേവനവും നന്നായി പ്രയോജനപ്പെട്ടു. ഫറോക്ക് റൗദത്തുല്‍ ഉലൂം പ്രിന്‍സിപ്പല്‍ ആയിരുന്ന മുഹമ്മദ് അബുസ്സ്വലാഹ്, എ. അബൂബക്കര്‍ മൗലവി (നന്മണ്ട), കെ.പി അഹമ്മദ് കുട്ടി മൗലവി (വെസ്റ്റ് കൊടിയത്തൂര്‍), മാപ്പിള കവി യു.കെ ഇബ്‌റാഹീം മൗലവി, ഇ.എന്‍ മുഹമ്മദ് മൗലവി മുതലായ പ്രഗത്ഭരും ഇടക്കാലത്ത് സ്റ്റാഫിലുണ്ടായിരുന്നു. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയ ആനക്കാംപൊയിലിലെ എം.ഒ മാണിയാണ് ഓര്‍മയില്‍ വരുന്ന യോഗ്യനായ ഇംഗ്ലീഷ് അധ്യാപകന്‍.
യോഗ്യരായ അധ്യാപകരും സമര്‍ഥരായ വിദ്യാര്‍ഥികളും ഉണ്ടായിരുന്ന കാല്‍ നൂറ്റാണ്ട് എ.ഐ.സിയുടെ പുഷ്‌കല കാലമായിരുന്നുവെന്ന് പറയാനാവും. അറബിക്കില്‍ പി.ജിയും ഇസ്‌ലാമിക വിഷയങ്ങളില്‍ അഗാധ പഠനം ലക്ഷ്യംവെച്ചുള്ള ഉസ്വൂലുദ്ദീന്‍ കോഴ്‌സും പ്രബോധകരെ വാര്‍ത്തെടുക്കാന്‍ സഹായകമായ ദഅ്‌വാ കോഴ്‌സുമൊെക്ക ഏര്‍പ്പെടുത്തിയതും ഈ കാലഘട്ടത്തിലാണ്. കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ് എന്നിവരുടെ സേവനവും ഇടക്കാലത്ത് പ്രയോജനപ്പെടുത്തി. പാഠ്യേതര വിഷയങ്ങളില്‍ കൂടി മികവ് തെളിയിച്ച നിരവധി വിദ്യാര്‍ഥികള്‍ കോളേജില്‍നിന്ന് പുറത്തിറങ്ങി. അവരില്‍ പലരും പിന്നീട് നാട്ടിനകത്തും പുറത്തും അധ്യാപനം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ ജോലികള്‍, ബിസിനസ് തുടങ്ങിയ മേഖലകളില്‍ കയറിപ്പറ്റിയതോടൊപ്പം ആദര്‍ശപ്രതിബദ്ധത തെളിയിക്കുക കൂടി ചെയ്തു. ഇന്നും ഇസ്‌ലാഹിയക്ക് അഭിമാനമായി അവരൊക്കെ നാനാ ജീവിതതുറകളില്‍ സേവനനിരതരാണ്. ക്വാലാലംപൂര്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റെടുത്ത ആര്‍. യൂസുഫ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ ഡോ. എന്‍. മുഹമ്മദലി, ജിദ്ദയിലെ അറബ് ന്യൂസ് സീനിയര്‍ ചീഫ് സബ് എഡിറ്റര്‍മാരായിരുന്ന ഗഫൂര്‍ ചേന്നര, ടി.പി ഹസന്‍, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയിലെ മുന്‍ സ്റ്റുഡന്‍സ് ഡീന്‍ അബ്ദുല്ല മന്‍ഹാം, 2016 മുതല്‍ ഇടതുമുന്നണി സര്‍ക്കാറില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍, മാധ്യമം ഓണ്‍ലൈന്‍ ഇന്‍ചാര്‍ജ് ഒ. ഉമറുല്‍ ഫാറൂഖ്, മാധ്യമം കോഴിക്കോട് ബ്യൂേറാ ചീഫ് ഉമര്‍ പുതിയോട്ടില്‍, എഴുത്തുകാരന്‍ പി.ടി കുഞ്ഞാലി, ഖത്തര്‍ ശാന്തിനികേതന്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.സി അബ്ദുല്ലത്വീഫ്, ഫാറൂഖ് കോളേജ് ഇംഗ്ലീഷ് ലക്ചറര്‍മാരായിരുന്ന പി.കെ അബ്ദുന്നാസിര്‍, എം. അബ്ദുല്‍ വഹാബ്, കേരള പോലീസ് സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍റഹീം, കുറ്റിയാടി ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഖാലിദ് മൂസാ നദ്‌വി, മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇക്കണോമിക്‌സ് ലക്ചറര്‍ ഡോ. ശഹീദ് റമദാന്‍, ഇസ്‌ലാഹിയ കോളേജ് പ്രിന്‍സിപ്പല്‍ ഒ. സഫറുല്ല, മാധ്യമം പബ്ലിഷര്‍ ടി.കെ ഫാറൂഖ് തുടങ്ങിയ ഒേട്ടറെ പേരുകള്‍ ഓര്‍മയില്‍ തെളിയുന്നു. അവരില്‍ മിക്കവരുടെയും അധ്യാപകനാവാന്‍ അവസരം ലഭിച്ചതും ചാരിതാര്‍ഥ്യത്തിന് വക നല്‍കുന്നു. കേരളത്തിനകത്തും പുറത്തും പലപ്പോഴും ചെയ്യുന്ന യാത്രകളില്‍ എന്റെ ശിഷ്യരാണെന്ന് പറയുന്ന ഒട്ടേറെ യുവാക്കളെയും യുവതികളെയും കണ്ടുമുട്ടുമ്പോള്‍ ഇസ്‌ലാഹിയയിലെ അധ്യാപനകാലം വ്യര്‍ഥമായില്ലെന്ന നിര്‍വൃതി അനുഭവിക്കാറുണ്ട്. ഇസ്‌ലാഹിയാ കോളേജ് സാരഥിയായിരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവൃത്തികള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കാന്‍ കഴിഞ്ഞതാണ് സംതൃപ്തിക്ക് വകനല്‍കുന്ന മറ്റൊരു കാര്യം. എന്‍.വി കൃഷ്ണവാര്യര്‍, സുകുമാര്‍ അഴീക്കോട്, എ.പി.പി നമ്പൂതിരി, എന്‍.പി മുഹമ്മദ്, തായാട്ട് ശങ്കരന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല, കെ.എ കൊടുങ്ങല്ലൂര്‍ തുടങ്ങി മലയാളത്തിലെ പ്രതിഭാധനരായ ഒട്ടേറെ സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി.
ഇസ്‌ലാഹിയ അസോസിയേഷന്‍ സെക്രട്ടറിയും കോളേജ് പ്രിന്‍സിപ്പലുമെന്ന നിലയില്‍ ജി.സി.സി രാജ്യങ്ങളിലും ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ നാടുകളിലും സന്ദര്‍ശനം നടത്താന്‍ അവസരമുണ്ടായിട്ടുണ്ട്. അനുഭവങ്ങളുടെയും ബന്ധങ്ങളുടെയും ചക്രവാളം വികസിപ്പിക്കുന്നതില്‍ ഈ യാത്രകള്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. 1986-ല്‍ കുവൈത്ത് ഇസ്‌ലാമിക് ബാങ്കിന്റെ പ്രതിനിധി സുല്‍ത്താന്‍ അബ്ദുല്ല അല്‍ കുലൈബ് കേരളം സന്ദര്‍ശിച്ചപ്പോള്‍ ചേന്ദമംഗല്ലൂരിലെ ഇസ്‌ലാഹിയ സ്ഥാപനങ്ങളും പര്യടനത്തില്‍ ഉള്‍പ്പെട്ടു. ഇസ്‌ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട് ഇസ്‌ലാഹിയക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നിയ അദ്ദേഹം, തിരിച്ചുപോയ ശേഷം കുവൈത്ത് ഗവണ്‍മെന്റിന്റെ ഔദ്യോഗിക സ്ഥാപനമായ സകാത്ത് ഹൗസിന്റെ അനാഥ സംരക്ഷണ പരിപാടിയില്‍ ഇസ്‌ലാഹിയയെ ഉള്‍പ്പെടുത്തിയതായി വിവരമറിയിച്ചു. 100 അനാഥരുടെ മുഴുവന്‍ വിവരങ്ങളും അറിയിച്ചാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും അറിയിച്ചു. ഇസ്‌ലാഹിയ പരസ്യം ചെയ്തതനുസരിച്ച് ലഭിച്ച അപേക്ഷകരില്‍നിന്ന് അര്‍ഹരായ 100 അനാഥരെ തെരഞ്ഞെടുത്ത് കുവൈത്ത് സകാത്ത് ഹൗസിന് അയച്ചുകൊടുത്തു. അവരത് അപ്പടി അംഗീകരിച്ചു. അനാഥരുടെ ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് തികച്ചും പര്യാപ്തമായ തുകയും ഗ്രാന്റായി വകയിരുത്തി. അനാഥാലയം നിര്‍മിച്ച് കുട്ടികളെ സംരക്ഷിക്കുന്നതിനുപകരം അവരെ സ്വന്തം വീടുകളില്‍ തന്നെ താമസിച്ച് പഠിക്കാന്‍ വിടുകയും ധനസഹായം പ്രതിമാസം ഉമ്മമാരെയോ രക്ഷിതാക്കളെയോ ഏല്‍പിക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്‌ലാഹിയ ഓര്‍ഫന്‍ കെയര്‍ വിംഗ് പരീക്ഷിച്ചത്. അനാഥാലയങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച പരാതികളാണ് അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, അനാഥ സംരക്ഷണത്തിന് നല്‍കുന്ന പണം ബന്ധുക്കള്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും തൃപ്തികരമായ വിദ്യാഭ്യാസമോ സൗകര്യങ്ങളോ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നും ബോധ്യപ്പെടാന്‍ ഒന്നുരണ്ട് വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ധാരാളം മതിയായി. കുവൈത്തില്‍ പോയി സകാത്ത് ഹൗസ് അധികൃതരെ വിവരം ധരിപ്പിക്കാമെന്നും പരിഹാരം തേടാമെന്നും തീരുമാനമായി. ഞാന്‍ കുവൈത്തിലെത്തി. ഓര്‍ഫന്‍ കെയര്‍ വിംഗ് ഉദ്ഘാടകനായിരുന്ന അന്നത്തെ ഇസ്‌ലാമിക കാര്യാലയ ഡയറക്ടര്‍ ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരിയെയും സകാത്ത് ഹൗസ് ഡയറക്ടറെയും മറ്റു ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദമായി ധരിപ്പിച്ചു. ഒരു മാതൃകാ അനാഥാലയം സ്ഥാപിച്ച് അതിലേക്ക് എല്ലാ അനാഥരെയും കൊണ്ടുവന്ന് താമസിപ്പിച്ച് സംരക്ഷണവും ശിക്ഷണവും ഉറപ്പുവരുത്തുകയായിരുന്നു എല്ലാവരും നിര്‍ദേശിച്ച പരിഹാരം. നാല് വര്‍ഷം മുമ്പ് ഈ ലോകത്തോട് വിടപറയുന്നതുവരെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും ഇസ്‌ലാഹിയ സ്ഥാപനങ്ങളെയും അങ്ങേയറ്റം സ്‌നേഹിക്കുകയും പരമാവധി സഹായിക്കുകയും ചെയ്ത ഉത്കൃഷ്ട പണ്ഡിതനായിരുന്നു ശൈഖ് നാദിര്‍ നൂരി. അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് കുവൈത്തില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച എന്റെ ഗുരുവര്യനും പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന കെ.എം അബ്ദുര്‍റഹീം സാഹിബും (പെരിങ്ങാടി) അദ്ദേഹത്തിന്റെ കൂട്ടുകാരനും പത്രപ്രവര്‍ത്തകനും പണ്ഡിതനുമായ പി.കെ. ജമാലും (വേങ്ങേരി) വഴി ആയിരുന്നു. പില്‍ക്കാലത്ത് കുവൈത്തില്‍ ചെന്നപ്പോഴൊക്കെ ഈ മഹത്തുക്കളുടെയും അകമഴിഞ്ഞ സഹകരണങ്ങളാണ് ദൗത്യം വിജയിപ്പിച്ചത്.
1989-ല്‍ കുവൈത്ത് സകാത്ത് ഹൗസ് നല്‍കിയ 25 ലക്ഷം രൂപ കൊണ്ട് കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന വലിയ തടായി കുന്നില്‍ അനാഥാലയങ്ങളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഒരു സ്ഥാപനം പണിയണമെന്നായിരുന്നു തീരുമാനം. 1978-ല്‍ വെറും 75,000 രൂപക്ക് കൊടിയത്തൂര്‍ അംശം അധികാരി എ.എം ഉണ്ണിമോയനില്‍നിന്ന് വാങ്ങിയ 12 ഏക്കര്‍ ഭൂമി അതുവരെ വെറുതെ കിടക്കുകയായിരുന്നു. വെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ കപ്പ കൃഷി പോലും നടന്നില്ല. കശുമാവ് മാത്രം അപവാദമായി വളര്‍ന്നു. അനാഥാലയം നിര്‍മിക്കാമെന്ന് തീരുമാനിച്ചതോടെ കെ.സി അബ്ദുല്ല മൗലവി ജന്മനാടായ കൊടിയത്തൂരിലെ പൗരപ്രമുഖരെ വിളിച്ചുചേര്‍ത്ത് റോഡും വെള്ളവും തന്നാല്‍ ഒരു മികച്ച അനാഥാലയവും അനുബന്ധ സ്ഥാപനങ്ങളും പണിയാമെന്ന് ഓഫര്‍ ചെയ്തപ്പോള്‍ പ്രതികരണം ആവേശകരമായിരുന്നു. വലിയ തടായിയുടെ താഴ്‌വരയില്‍ തന്റെ ഉടമസ്ഥതയിലുള്ള കുളം വിട്ടുതരാമെന്ന്, എന്റെ ഭാര്യയുടെ പിതൃസഹോദരന്‍ പുതിയോട്ടില്‍ അബൂബക്കര്‍ കാക്ക ഏറ്റു; നിലവിലെ ഹൈസ്‌കൂള്‍ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് നാട്ടുകാരും ഉറപ്പുനല്‍കി. വലിയ തടായി കുന്നിന് കാരുണ്യത്തിന്റെ താഴ്‌വര എന്നര്‍ഥം വരുന്ന വാദിറഹ്മ എന്ന് പേരിട്ടു. അനാഥാലയത്തിന് സകാത്ത് ഹൗസാണ് പേര്‍ നിര്‍ദേശിച്ചത്. ദാറുല്‍ ഇസ്‌ലാഹ് ലില്‍ ഐതാം എന്ന്. 1988-ല്‍ കെ.എം അബ്ദുര്‍റഹീം സാഹിബ് തറക്കല്ലിട്ട കെട്ടിടം ഉത്സവഛായ കലര്‍ന്ന സായാഹ്നത്തില്‍ പെരുമഴയത്ത് 1989 മെയ് 20-ന് അന്നത്തെ നിയമസഭാ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുല്ല മൗലവിയുടെ അനുജന്‍ കെ.സി കോയാമു ഹാജിയാണ് മാനേജറായി ചുമതലയേറ്റത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ദാറുല്‍ അസ്മാഅ് ബിന്‍ത് അബീബക്ര്‍ എന്ന പേരില്‍ പെണ്‍കുട്ടികളുടെ അനാഥാലയവും സകാത്ത് ഹൗസിന്റെ ചെലവില്‍ നിര്‍മിതമായി. 2004-ല്‍ രജത ജൂബിലി ആഘോഷിക്കുേമ്പാള്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച അനാഥശാലയായി വാദിറഹ്മ അല്‍ ഇസ്‌ലാഹ് അഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എസ്.എസ്.എല്‍.സിക്ക് സ്ഥിരമായി 99, 100 ശതമാനം വിജയം നേടിയതോടൊപ്പം പാഠ്യേതര വിഷയങ്ങളിലെ സംസ്ഥാനതല മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പും അല്‍ ഇസ്‌ലാഹ് നേടിയെടുത്തു. റസീവര്‍മാരോ പിരിവുകളോ ഇല്ലാതിരുന്ന വാദിറഹ്മ അനാഥാലയം കുവൈത്ത് സകാത്ത് ഹൗസിന്റെയും ഖത്തര്‍ ചാരിറ്റിയുടെയും കൃത്യമായ സ്‌പോണ്‍സര്‍ഷിപ്പിലാണ് പ്രയാസരഹിതമായി നടന്നുവന്നത്. ഓരോ അന്തേവാസിയുടെയും വരവും ചെലവും വെവ്വേറെ അക്കൗണ്ടില്‍ സൂക്ഷിച്ചു മിച്ചംവരുന്നത് തുടര്‍ പഠനത്തിനോ പെണ്‍കുട്ടികളുടെ വിവാഹത്തിനോ ഉപയോഗിക്കുക എന്ന വേറിട്ട സംവിധാനവും നടപ്പാക്കി.
വാദിറഹ്മയില്‍ തന്നെ തൊണ്ണൂറുകളുടെ ആരംഭത്തില്‍ തുടങ്ങിയ ഇംഗ്ലീഷ് സ്‌കൂള്‍ ക്രമത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സി.ബി.എസ്.ഇ സെക്കന്ററി സ്‌കൂളുകളിലൊന്നായി ഖ്യാതി നേടി. അതിനാവശ്യമായ കെട്ടിടങ്ങള്‍ പണിയാനുള്ള പണം ഖത്തറില്‍നിന്നാണ് സമാഹരിച്ചത്. കെ.സി മൊയ്തീന്‍ കോയയും പി.കെ അബ്ദുര്‍റസാഖും ധനസമാഹരണത്തിന് പ്രധാന പങ്കുവഹിച്ചു. ഇസ്‌ലാഹിയ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ സജീവ സാന്നിധ്യമാണ് ഇരുവരും. കെ.സി അബ്ദുല്ല മൗലവിയുടെ മൂത്ത മകനായ മൊയ്തീന്‍ കോയ പിതാവിന്റെ വിയോഗാനന്തരം ഇസ്‌ലാഹിയ സ്ഥാപനങ്ങളുടെ നടത്തിപ്പിലും വികസനത്തിലും ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. കെ.ടി അഹ്മദ് കുട്ടി കാക്കയുടെ നിര്യാണാനന്തരം അനുജന്‍ ഉണ്ണിമോയി ഹാജിയായിരുന്നു ഇസ്‌ലാഹിയയുടെ ട്രഷറര്‍. ഇപ്പോള്‍ മകന്‍ പി.കെ അബ്ദുര്‍റസാഖാണ് ആ ചുമതല വഹിക്കുന്നത്. അതിലുപരി നല്ലൊരു വ്യവസായിയും കര്‍ഷകനുമായ റസാഖ് സ്ഥാപനങ്ങളുടെ വികസനത്തില്‍ മികച്ച സേവനമാണ് നിറവേറ്റുന്നത്. വാദിറഹ്മ അല്‍ ഇസ്‌ലാഹ് സ്‌കൂളിന്റെ പുതിയ കെട്ടിടം റസാഖിന്റെ ശ്രമഫലമായി നിര്‍മിതമായതാണ്. പഴയ കെട്ടിടമാകട്ടെ മൊയ്തീന്‍ കോയയുടെ ശ്രമഫലവും. വാദിറഹ്മ അനാഥാലയത്തിന്റെ തുടക്കം മുതല്‍ രണ്ട് പതിറ്റാണ്ടുകാലം മാനേജറായി സേവനമനുഷ്ഠിച്ച കെ.സി കോയാമു ഹാജി കുട്ടികളുടെ വത്സല പിതാവായിരുന്നു. സ്ഥാപനം നേടിയ സല്‍കീര്‍ത്തിക്ക് മുഖ്യാവകാശി അദ്ദേഹമാണെന്നു പറയണം. അതേസമയം, അനാഥകളുടെ ചില്ലിക്കാശ് ദുര്‍വിനിയോഗം ചെയ്യപ്പെടാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തുകയും ചെയ്തു. അവശ്യസന്ദര്‍ഭങ്ങളില്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും മുഖ്യ സ്‌പോണ്‍സര്‍മാരായ കുവൈത്ത് സകാത്ത് ഹൗസുമായും ഖത്തര്‍ ചാരിറ്റിയുമായുമുള്ള ബന്ധങ്ങള്‍ ഊഷ്മളമായി നിലനിര്‍ത്തുകയുമായിരുന്നു എന്റെ റോള്‍. 1992-ല്‍ സദ്ദാം ഹുെൈസന്റെ ഇറാഖ് കുവൈത്തിനെ അപ്രതീക്ഷിതമായി പിടിച്ചുവിഴുങ്ങിയപ്പോള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായിരുന്നല്ലോ രാജകുടുംബവും മുഴുവന്‍ ഭരണസംവിധാനവും. അല്‍ ഇസ്‌ലാഹിന്റെ കണ്ണില്‍ ഇരുട്ട് കയറ്റിയ സംഭവമായിരുന്നു അത്. അതേവരെ സംഭാവന പിരിക്കുന്ന ഏര്‍പ്പാട് അനാഥശാലക്കുണ്ടായിരുന്നില്ലതാനും. പലരില്‍നിന്നും വായ്പകള്‍ തരപ്പെടുത്തി ദൈനംദിന ചെലവുകള്‍ ഒരുവിധം മാനേജ് ചെയ്യവെ കയ്‌റോയില്‍നിന്നെത്തിയ ഒരു കവര്‍ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. കുവൈത്തി പ്രവാസ സര്‍ക്കാര്‍ അനാഥശാലക്ക് നല്‍കിവന്ന സഹായത്തിന്റെ ഒരു ഗഡുവായിരുന്നു അത്. യഥാര്‍ഥത്തില്‍ സര്‍ക്കാറിന്റെ കീഴിലുള്ള സകാത്ത് ഹൗസ് അനാഥസംരക്ഷണം, പാവങ്ങള്‍ക്കുള്ള പാര്‍പ്പിടം, കുടിവെള്ള പദ്ധതി, മസ്ജിദ് നിര്‍മാണം, പ്രബോധകരുടെ വേതനം തുടങ്ങിയ എല്ലാ സേവന പ്രവര്‍ത്തനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന സകാത്ത് തുകയില്‍നിന്നാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ബജറ്റില്‍ അതിന് വകയിരുത്തിയിരുന്നില്ല. രാജ്യം തന്നെ സദ്ദാം തട്ടിയെടുത്തതോടെ ഈ വക സേവനങ്ങളൊന്നും തുടരാനാവാത്ത സാഹചര്യമുണ്ടായി. എന്നിട്ടും നടേപറഞ്ഞ അനാഥസംരക്ഷണ ഗഡു കയ്‌റോയില്‍നിന്ന് അയച്ചുകിട്ടിയത് അമീര്‍ ജാബിര്‍ അഹ്മദ് അസ്സബാഹിന്റെ പേഴ്‌സനല്‍ അക്കൗണ്ടില്‍നിന്നായിരുന്നുവെന്ന് പിന്നീടറിഞ്ഞു. 2017-ല്‍ ഇന്ത്യയില്‍ ബാലനീതി നിയമം നിലവില്‍ വന്നതില്‍പിന്നെ തെരുവു പിള്ളേര്‍ക്കായി നിര്‍മിച്ച കര്‍ക്കശ വ്യവസ്ഥകള്‍ അനാഥശാലകള്‍ക്കും ബാധകമാക്കി. കോടതിയെ സമീപിച്ചിട്ടുപോലും നിയമപരമായ ഇളവ് ലഭിക്കാതിരുന്നപ്പോള്‍ 500-ല്‍പരം മുസ്‌ലിം അനാഥശാലകള്‍ പൂട്ടേണ്ടിവന്നു. ഇസ്‌ലാഹിയ വാദിറഹ്മയിലെ സ്ഥാപനം ഹോസ്റ്റലാക്കി മാറ്റുകയും അനാഥ സംരക്ഷണം കുടുംബങ്ങളോടൊത്തു കഴിയുന്ന കുട്ടികള്‍ക്കായി പുനഃസംവിധാനം നടത്തുകയും ചെയ്തു. ഇതെഴുതുേമ്പാള്‍ 2000-ത്തിലധികമുണ്ട് സംരക്ഷിത വിദ്യാര്‍ഥികളുടെ എണ്ണം. അവരുടെ ആരോഗ്യകരമായ ജീവിതവും വിദ്യാഭ്യാസവും ഉറപ്പുവരുത്താന്‍ പി.കെ അബ്ദുര്‍റസാഖ് കണ്‍വീനറായി ഇഹ്‌സാന്‍ എന്ന പേരില്‍ പ്രത്യേക ബോഡിക്കും രൂപംനല്‍കി.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ 1967-ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു എന്‍.ജി.ഒ ആണ്. മതപരവും ലൗകികവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് നടത്തിക്കൊണ്ടുപോകലും ജനസേവനപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടലുമാണ് അസോസിയേഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഇസ്‌ലാഹിയാ കോളേജ്, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ (സെക്കന്ററി മദ്‌റസ), ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇസ്‌ലാഹിയാ മീഡിയ അക്കാദമി, വാദിറഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ (കൊടിയത്തൂര്‍), സയനോര അക്കാദമി, ഇസ്‌ലാഹിയാ ഹോസ്റ്റലുകള്‍ തുടങ്ങിയ ഒട്ടേറെ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഇന്ന് അസോസിയേഷന്റെ കീഴില്‍ നടന്നുവരുന്നുണ്ട്. പ്രധാനമായും ചേന്ദമംഗല്ലൂര്‍-കൊടിയത്തൂര്‍ മേഖലയിലെ പൂര്‍വ വിദ്യാര്‍ഥികളും വിദ്യാതല്‍പരരുമായ എഴുപത്തഞ്ച് പേരാണ് അസോസിയേഷന്‍ ജനറല്‍ ബോഡി അംഗങ്ങള്‍. സ്ഥാപിതമായതു മുതല്‍ ചിലരുടെ മരണവും ചിലരുടെ രാജിയും മൂലം വരുന്ന ഒഴിവുകളിലേക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്നവരെ മാനേജിംഗ് കമ്മിറ്റി നാമനിര്‍ദേശം ചെയ്യാറുണ്ട്. ആരെയും ഇന്നുവരെ പുറത്താക്കിയിട്ടില്ല. ആരുടെ പേരിലും നടപടി സ്വീകരിച്ചിട്ടുമില്ല. ഓരോ മൂന്നു വര്‍ഷത്തേക്കും 17 അംഗങ്ങളെ മാനേജിംഗ് കമ്മിറ്റിയിലേക്ക് ജനറല്‍ ബോഡി ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നു. അസൗകര്യങ്ങളോ അനാരോഗ്യമോ മൂലം സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നവരെ വീണ്ടും തെരഞ്ഞെടുത്തില്ലെന്നുവരാം. രക്തബന്ധമുള്ള ജനറല്‍ ബോഡി അംഗങ്ങളില്‍ ഒരാളെ മാത്രമേ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഒരു തവണ തെരഞ്ഞെടുക്കാവൂ എന്നതാണ് നിയമം. ഉദാഹരണമായി പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും ഒരേസമയം എം.സിയില്‍ ഉണ്ടാവുകയില്ലെന്നര്‍ഥം.
1980-ല്‍ നാട്ടില്‍ തിരിച്ചെത്തിയതു മുതല്‍ ഇസ്‌ലാഹിയ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു ഞാന്‍. ജനറല്‍ സെക്രട്ടറി പി.സി മുഹമ്മദ് സഗീര്‍ മൗലവിക്കു വേണ്ടി സെക്രട്ടറിയുടെ ചുമതലകള്‍ നിറവേറ്റുകയും ചെയ്തിരുന്നു. 1995-ല്‍ അദ്ദേഹം നിര്യാതനായതിനെ തുടര്‍ന്ന് ഔപചാരികമായിത്തന്നെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം അസോസിയേഷന്‍ മാനേജ്‌മെന്റിലുള്ള ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ മാനേജറായും നിയമിതനായി. മൂന്നു സ്ഥാപനങ്ങളുടെയും ആത്യന്തിക ഭാരം സെക്രട്ടറിയാണ് ചുമക്കേണ്ടിവന്നത്. സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണവും പിന്തുണയും ലഭിച്ചപ്പോള്‍തന്നെ അധ്യാപക നിയമനത്തിലും വിദ്യാര്‍ഥികളുടെ പ്രവേശനത്തിലും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വി. മാഞ്ഞു മാസ്റ്റര്‍ (ഉളിയില്‍), ടി.പി മുഹമ്മദലി മാസ്റ്റര്‍ (മോങ്ങം) എന്നിവര്‍ ഹൈസ്‌കൂളിന്റെ ഹെഡ് മാസ്റ്റര്‍മാരായിരുന്നു ദീര്‍ഘകാലം. രണ്ടു പേരും രണ്ടു വിധത്തില്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരവും അച്ചടക്കവും ഭദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. വിദ്യാര്‍ഥി സമരങ്ങള്‍മൂലം സ്‌കൂളുകള്‍ പ്രവര്‍ത്തനരഹിതമാവുക സര്‍വസാധാരണമായിരുന്ന കാലത്ത് ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളില്‍ മാത്രം സമരം അന്യമായിരുന്നത് എല്ലാവരെയും വിസ്മയിപ്പിച്ച സവിശേഷതയാണ്. ബന്ദും ഹര്‍ത്താലും പ്രഖ്യാപിക്കപ്പെടുേമ്പാഴൊക്കെ 'പാല്‍, പത്രം, ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളുകള്‍ എന്നിവ ഒഴിവായിരിക്കും' എന്ന തമാശ പോലും പ്രചാരത്തിലിരുന്നു. ന്യൂനപക്ഷ സ്വഭാവമുള്ള സ്‌കൂളെന്ന നിലയില്‍ നിയമനങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിന് പ്രത്യേക പരിഗണന നല്‍കിയതോടൊപ്പം തന്നെ മെറിറ്റും സ്വഭാവശുദ്ധിയും മാത്രമാണ് പ്രഥമ പരിഗണനക്കാധാരമായി നിശ്ചയിച്ചത്. കോടിക്കണക്കിന് രൂപ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കണ്ടെത്താന്‍ പാടുപെട്ടപ്പോഴും അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് ചില്ലിക്കാശ് വാങ്ങിയില്ല. കെ.സി അബ്ദുല്ല മൗലവി തുടങ്ങിവെച്ച മാതൃകാപരമായ ആ കീഴ്‌വഴക്കം ഇന്നും അഭംഗുരം തുടരുന്നു. അതേസമയം, സ്‌കൂളിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വികസനത്തിലും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും ആത്മാര്‍ഥമായി സഹകരിക്കുകയും ചെയ്യുന്നു.
1998-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രീഡിഗ്രി കോളേജുകളില്‍നിന്ന് വേര്‍പ്പെടുത്തി ഹൈസ്‌കൂളുകളെ പ്ലസ് ടു കൂടി ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അസോസിയേഷന്‍ ശ്രമം നടത്തി. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി. പച്ചയായ കച്ചവടമാണ് തിരശ്ശീലക്കു പിന്നില്‍ പൊടിപൊടിച്ചത്. ഓരോ ഘടകകക്ഷിക്കും ഓരോ ക്വാട്ട നിശ്ചയിച്ചിരുന്നു. സി.പി.എം തുറന്ന കച്ചവടത്തിന് തയാറായിരുന്നില്ല. ബാക്കിയുള്ളവരെല്ലാം മാനേജ്‌മെന്റുകളില്‍നിന്ന് പിടിപ്പത് പണവും നിശ്ചിത എണ്ണം അധ്യാപക നിയമനങ്ങളും വസൂലാക്കി. ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് പണം നല്‍കാനോ നിയമനങ്ങള്‍ വില്‍ക്കാനോ തയാറായില്ല. അതിനാല്‍തന്നെ +2-വിന്റെ പ്രഥമ പട്ടികയില്‍ പേര്‍ വന്നതുമില്ല. ഞാന്‍ തിരുവനന്തപുരത്ത് പോയി യഥാസമയം മന്ത്രി പി.ജെ ജോസഫിനെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായി. പിന്‍വാതിലിലൂടെ കേരള കോണ്‍ഗ്രസ്-ജെ കോഴിക്കോട് ജില്ലാ നേതൃത്വം ബ്രോക്കര്‍മാരെ വിട്ട് വിലപേശുകയും ചെയ്തു. ചില്ലിക്കാശ് കൊടുത്തിട്ട് ഞങ്ങള്‍ക്ക് +2 വേണ്ടെന്ന് തീര്‍ത്തുപറഞ്ഞതോടെയാണ് പട്ടികയില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നത്. എന്തുചെയ്യണമെന്ന് ജ്യേഷ്ഠന്‍ അബ്ദുല്ലയും ഞാനും ആലോചിച്ചു. ഒടുവില്‍ ജ്യേഷ്ഠന്‍ തിരുവനന്തപുരം വരെ പോയി. അന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ് അച്യുതാനന്ദനെ കണ്ട് ആവശ്യം അവതരിപ്പിക്കാമെന്ന് തീരുമാനിച്ചു. ഇടതുമുന്നണി ഏകോപന സമിതിയാണ് പട്ടികയില്‍ അന്തിമമായി തീരുമാനമെടുക്കേണ്ടത്. 'മാധ്യമം' തിരുവനന്തപുരം ബ്യൂറോ ചീഫ് വയലാര്‍ ഗോപകുമാറിനെ കൂട്ടി വി.എസിനെ ചെന്നുകണ്ട് ജ്യേഷ്ഠന്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിന്റെ ഉയര്‍ന്ന വിജയശതമാനവും പിന്നാക്ക-ദലിത് വിഭാഗങ്ങളാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളെന്ന വസ്തുതയും നിയമനം തീര്‍ത്തും കോഴമുക്തമാണെന്ന സത്യവുമൊക്കെ വിശദമായി ധരിപ്പിച്ചപ്പോള്‍ 'നിങ്ങള്‍ക്കുവേണ്ടി ഞാനൊന്ന് കലമ്പിനോക്കാം' എന്ന ഉറപ്പാണ് സഖാവില്‍നിന്ന് ലഭിച്ചത്.
എല്‍.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ വി.എസ് വിഷയം ഉന്നയിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും ക്വാട്ടകള്‍ 'വിറ്റുപോയിരുന്നു.' ഒടുവില്‍ മലബാറില്‍ ഒരു സ്‌കൂളും പട്ടികയിലില്ലാതിരുന്ന ആര്‍.എസ്.പി രക്ഷക്കെത്തി. ചന്ദ്രചൂഢന്റെ ഇടപെടലാണ് അവസാനമായി ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിനെ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്താന്‍ വഴിതുറന്നത്. മൂന്ന് സയന്‍സ്, രണ്ട് കൊമേഴ്‌സ്, ഒരു ഹ്യൂമാനിറ്റീസ് ഉള്‍പ്പെടെ ആറ് ഗ്രൂപ്പുകളും പ്രഥമ ഘട്ടത്തില്‍തന്നെ അനുവദിച്ചുകിട്ടി. അപ്പോഴാണ് ഇതിനൊക്കെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വേണമെന്ന പ്രശ്‌നം മുന്നില്‍ വന്നത്. തല്‍ക്കാലം ചേന്ദമംഗല്ലൂര്‍ ബസാറിനടുത്ത അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ ക്ലാസുകള്‍ തുടങ്ങാമെന്നും താമസിയാതെ ഹൈസ്‌കൂള്‍ കുന്നില്‍ കെട്ടിടം പണിയാമെന്നും ധാരണയായി. ഖത്തറിലെ ഇസ്‌ലാഹിയ പൂര്‍വവിദ്യാര്‍ഥികളാണ് രക്ഷക്കെത്തിയത്. സ്വന്തമായും പിരിവ് നടത്തിയും അവര്‍ പ്ലസ് ടു കെട്ടിടത്തിനാവശ്യമായ ധനം സമാഹരിച്ചു. രണ്ട് വര്‍ഷത്തിനകം പണിപൂര്‍ത്തിയായ കെട്ടിടത്തിലേക്ക് ഹയര്‍ സെക്കന്ററി സെക്ഷന്‍ മാറുകയും ചെയ്തു. മദ്‌റസ കെട്ടിടത്തില്‍ ഇല്ലായ്മകള്‍ക്കിടയില്‍ ആരംഭിച്ച പ്രഥമ ബാച്ചിന്റെ റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ വന്‍ വിജയശതമാനത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിയത് ഏറെ പ്രോത്സാഹജനകമായി. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും 98-100 ശതമാനമാണ് പ്ലസ് ടു ഫലം. ഒപ്പം മുഴുവന്‍ എ പ്ലസ് വാങ്ങിയവരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്തു. ഇത് ദൂരദിക്കുകളില്‍നിന്നടക്കം വിദ്യാര്‍ഥികളെ ഹഠാദാകര്‍ഷിച്ചു. ഏകജാലകം വഴിയുള്ള അപേക്ഷകരുടെ എണ്ണം വര്‍ഷം തോറും രണ്ടായിരത്തിനു പുറത്താണ്, പ്രവേശനം ലഭിക്കുന്നവര്‍ കേവലം 300-360-ഉം. 2017-ഓടെ ഹയര്‍ സെക്കന്ററിക്ക് സൗകര്യപ്രദമായ പുതിയ കെട്ടിടം പണിതു. ഓടുമേഞ്ഞ പഴയ ഹൈസ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി, പ്ലസ് ടു കെട്ടിടത്തിലേക്ക് മാറ്റി. നാലര കോടിയോളം ചെലവ് വന്ന നവീകരണ-പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. എന്റെ വിദ്യാഭ്യാസകാലം അവസാനിച്ച അതേ വര്‍ഷത്തിലാണ് ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതെങ്കിലും എന്റെ അഞ്ച് മക്കളും സാമാന്യം മികച്ച വിദ്യാഭ്യാസം നേടിയത് ഈ സ്ഥാപനത്തിലാണെന്നത് ചാരിതാര്‍ഥ്യത്തിന് വക നല്‍കുന്നു. ഇടക്കാലത്ത് സ്‌കൂളിന്റെ മാനേജ്‌മെന്റ് പിടിച്ചെടുക്കാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ചിലര്‍ പരമാവധി ശ്രമിച്ചുവെങ്കിലും കെ.സി അബ്ദുല്ല മൗലവിയുടെ നിശ്ചയദാര്‍ഢ്യവും എന്റെ ഇക്കാക്ക ഒ. മുഹമ്മദ്, നാട്ടിലെ പൗരപ്രമുഖനായ കെ.പി മുഹമ്മദാജി എന്നിവരുടെ ശക്തമായ പിന്തുണയും ആ നീക്കം വിഫലമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അക്കാലത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സ്വന്തം പാര്‍ട്ടിക്കനുകൂലമായ ഇടപെടലിനെ അതിജീവിക്കാന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ പിന്‍ഗാമി ചാക്കീരി അഹ്മദ് കുട്ടിയുടെ നീതിയുക്തമായ തീരുമാനമാണെന്ന് നന്ദിപൂര്‍വം അനുസ്മരിക്കണം. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് സ്‌കൂളിന്റെ ചരിത്രം സമഗ്രമായി വിവരിക്കുന്ന കെ.സിയുടെ കത്തും, ചാക്കീരിയുടെ മരുമകന്‍ പി.കെ ആലിക്കോയ സാഹിബിന്റെ ശക്തമായ സമ്മര്‍ദവും.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പല ഘട്ടങ്ങളിലായി വിദ്യാഭ്യാസ മന്ത്രിമാരായിരുന്നത് മുസ്‌ലിം ലീഗ് നോമിനികളായിരുന്നല്ലോ. സി.എച്ച് മുഹമ്മദ് കോയ, ചാക്കീരി അഹ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, പി.കെ അബ്ദുര്‍റബ്ബ് തുടങ്ങിയവരായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈയാളിയിരുന്ന ലീഗ് മന്ത്രിമാര്‍. കേരളത്തിലെ സുന്നി, മുജാഹിദ് സംഘടനകള്‍ക്ക് പൊതുവെ നേട്ടങ്ങളുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ ഭരണം സഹായിച്ചുവെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ള കമ്മിറ്റികള്‍ക്ക് പൊതുവെ അനുഭാവപൂര്‍വമായ സമീപനമല്ല നേരിടേണ്ടിവന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ജമാഅത്ത് നിലപാടുകളാണ് മുഖ്യ കാരണം. ഇസ്‌ലാഹിയ അസോസിയേഷനും ഈ വിവേചനത്തിന്റെ ഇരയാണ്. എങ്കിലും ഇ. അഹ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവരില്‍നിന്ന് സഹകരണാത്മകമായ സമീപനമാണുണ്ടായതെന്ന് നന്ദിപൂര്‍വം ഓര്‍ക്കട്ടെ. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി ഹൈസ്‌കൂളില്‍ പ്രഥമ കമ്പ്യൂട്ടര്‍ ലാബിനാവശ്യമായ തുക ഇ. അഹ്മദ് സാഹിബിന്റെ എം.പി ഫണ്ടില്‍നിന്നാണ് ലഭിച്ചത്. രണ്ടാമത്തെ കമ്പ്യൂട്ടര്‍ ലാബ് പി.വി അബ്ദുല്‍ വഹാബ് സാഹിബിന്റെ എം.പി ഫണ്ടില്‍നിന്നും. ഇണങ്ങിയും പിണങ്ങിയും പോന്ന ലീഗ്-ജമാഅത്ത് ബന്ധത്തിന്റെ പ്രതിഫലനങ്ങള്‍ ഇസ്‌ലാഹിയയുടെ പ്രയാണത്തിലും കാണാനാവുമെന്ന് ചുരുക്കം. സി.എച്ചിന്റെ കാലഘട്ടത്തില്‍ അദ്ദേഹവുമായി സുഹൃദ്ബന്ധം സ്ഥാപിക്കാനോ നിലനിര്‍ത്താനോ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങള്‍ ഉണ്ടായില്ലെന്നത് പോരായ്മയായി വിലയിരുത്താവുന്നതാണ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ജമാഅത്ത് കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ വന്ന ശേഷമാണ് പുറംലോകവുമായുള്ള ബന്ധങ്ങള്‍ ഊഷ്മളവും ഫലപ്രദവുമാവുന്നത്. ഇലക്ഷന്‍ നയത്തിലെ മാറ്റങ്ങളും പില്‍ക്കാലത്തെ ബന്ധങ്ങളുടെ സജീവതക്ക് കാരണമാവാം.
1987-ല്‍ 'മാധ്യമം' പത്രം ആരംഭിച്ചപ്പോള്‍ അതിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല വന്നുചേര്‍ന്നതുമുതല്‍ ഇസ്‌ലാഹിയ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞു. പക്ഷേ, 2013 വരെ പാര്‍ട്ട് ടൈം അധ്യാപകനായി തുടര്‍ന്നു. അസോസിയേഷന്റെ സെക്രട്ടറിയായി പതിറ്റാണ്ടുകള്‍ പണിയെടുക്കേണ്ടിവന്നതിനുശേഷം 2008-ല്‍ പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. പലതവണ ചുമതല ഒഴിയാന്‍ സമ്മര്‍ദം ചെലുത്തിനോക്കിയെങ്കിലും ശ്രമങ്ങളൊക്കെ വിഫലമായതിനാല്‍ ഇന്നും തദ്സ്ഥാനത്ത് തുടരുന്നു. പല വിഷയങ്ങളില്‍ ഡോകേ്ടററ്റ് നേടിയവരടക്കം ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍ ഇസ്‌ലാഹിയ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനുണ്ടെന്നിരിക്കെ അവരിലാരുടെയും മുഴുസമയ സേവനങ്ങള്‍ ലഭ്യമായാല്‍ തലയൂരാന്‍ കഴിയും. സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും വികാസത്തിനും വയോജന നേതൃത്വം ഒരു മുഖ്യ തടസ്സമാണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. അേതാടൊപ്പം കേരളത്തിലും ഗള്‍ഫിലും മെച്ചപ്പെട്ട പ്രതിഛായ നേടിയെടുക്കാന്‍ ഇസ്‌ലാഹിയക്ക് സാധിച്ചിട്ടുണ്ടെന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് മൂലധനമാക്കി പുതിയ തലമുറ രംഗത്തിറങ്ങുമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് പല നൂതന പരീക്ഷണങ്ങള്‍ക്കും തുടക്കമിട്ട ഇസ്‌ലാഹിയയെ കാലത്തോടൊപ്പം ചലിപ്പിക്കാന്‍ അവര്‍ക്കാവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. ഏറ്റവുമൊടുവില്‍ ഇസ്‌ലാഹിയ അലുംനി ആവിഷ്‌കരിച്ച 20-40 പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ശുഭോദര്‍ക്കമാണ്.
(തുടരും)
Comments