അതേ, തെരഞ്ഞെടുപ്പാഭാസം തന്നെ!
ഈ കോളത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിയതു തന്നെയാണ് കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് ബംഗ്ലാദേശില്‍ സംഭവിച്ചത്. ഏതൊരു പരിഷ്‌കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒന്നടങ്കം അട്ടിമറിച്ച ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം പ്രതിപക്ഷത്തെ ഫലത്തില്‍ ഉന്മൂലനം ചെയ്യുകയായിരുന്നു. 'തെരഞ്ഞെടുപ്പ്' നടന്ന 298 സീറ്റില്‍ 288-ഉം ഭരണകക്ഷിയായ അവാമി ലീഗിനു തന്നെ. ആ പത്തും കൂടി അങ്ങ് എടുത്തുകൂടായിരുന്നോ എന്നേ ഇത് കേള്‍ക്കുന്ന ഏതൊരാള്‍ക്കും ചോദിക്കാന്‍ തോന്നൂ. 80 ശതമാനം വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടത്രെ. എങ്കില്‍ പാര്‍ലമെന്റില്‍ 96 ശതമാനം സീറ്റുകളും നേടിയ ഭരണകക്ഷി എത്ര പോപ്പുലറായിരിക്കും! പക്ഷേ ബംഗ്ലാദേശിന്റെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം നല്‍കുന്ന യഥാര്‍ഥ ചിത്രം ഈ കള്ളക്കഥകളില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. നെടുകെ പിളര്‍ന്ന നിലയിലാണ് ബംഗ്ലാദേശീ സമൂഹം. ആ മുറിവുകളില്‍ വീണ്ടും വീണ്ടും ആഞ്ഞു വെട്ടുകയായിരുന്നു, തെരഞ്ഞെടുപ്പു പ്രക്രിയയുടെ ആദ്യഘട്ടം മുതല്‍ അവസാനഘട്ടംവരെ അതിഭീകരമായ കൃത്രിമങ്ങള്‍ നടത്തിക്കൊണ്ട് അവാമി ലീഗ് പ്രഭൃതികള്‍. ദേശീയ സമവായത്തിനുള്ള അവസരം അങ്ങനെ കളഞ്ഞുകുളിച്ചു. തൊണ്ണൂറ്റി ഒമ്പതേ പോയന്റ്... ശതമാനം വോട്ടുകള്‍ നേടിക്കൊണ്ടിരുന്ന സദ്ദാം, ഖദ്ദാഫി ഏകാധിപതികള്‍ക്കൊപ്പം ഹസീന വാജിദും ഇടം പിടിച്ചു എന്നേ പറയാനുള്ളൂ. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ സഖ്യമായ ജാതീയ ഒക്കിയ ഫ്രന്റിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമീഷണറോ ഹസീനാ വാജിദോ ചെവിക്കൊള്ളുമെന്ന യാതൊരു പ്രതീക്ഷയും ബാക്കിയില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പു തന്നെ മുഖ്യ പ്രതിപക്ഷമായ ബി.എന്‍.പിയുടെ നേതാവ് ഖാലിദ സിയയെ അഴിമതിക്കുറ്റങ്ങള്‍ ചാര്‍ത്തി ഇനി പുറത്തു വരാനാകാത്ത വിധം ജയിലറയില്‍ കുരുക്കി. ജനകീയാടിത്തറയുള്ള മറ്റൊരു പ്രധാന പ്രതിപക്ഷ സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാക്കളെ കള്ളക്കഥകള്‍ മെനഞ്ഞ് തൂക്കിലേറ്റി. മറ്റു പ്രതിപക്ഷ നേതാക്കളും പതിനായിരക്കണക്കിന് അണികളും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോലും തടവറകളില്‍. തെരഞ്ഞെടുപ്പ് ദിവസം മാത്രം നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവര്‍ 18. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെയും തടഞ്ഞുവെച്ചു. അവാമി ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു എങ്ങും. പല ബൂത്തുകളിലും പ്രതിപക്ഷ ഏജന്റുമാര്‍ തന്നെ ഉണ്ടായിരുന്നില്ല. ഇതൊന്നും പുറംലോകം അറിയാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കും വലിയ തോതില്‍ നിയന്ത്രണമേര്‍പ്പെടുത്തി. വിദേശ നിരീക്ഷകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വീക്ഷിക്കാന്‍ അവസരം നല്‍കിയില്ല. ഒരീച്ച കടക്കാന്‍ പറ്റാത്ത വിധത്തില്‍ പോലീസ്, പട്ടാളം പോലുള്ള സകല സുരക്ഷാ ഏജന്‍സികളെയും തെരുവുകളിലും ബൂത്തുകളിലും വിന്യസിച്ചു.
ഇത്രക്ക് പരിഹാസ്യമായ ഒരു തെരഞ്ഞെടുപ്പാഭാസം കണ്‍മുന്നില്‍ ആടിത്തിമര്‍ത്തിട്ടും 'ഹസീനക്ക് തകര്‍പ്പന്‍ ചരിത്ര വിജയം' എന്ന് വെണ്ടക്ക നിരത്തുന്നവരോട് സഹതാപമേയുള്ളൂ. അവര്‍ ബംഗ്ലാദേശിന്റെ തന്നെ മറ്റൊരു ചരിത്രസന്ദര്‍ഭം ഓര്‍ക്കണം. 1996-ല്‍ ഇന്ന് പ്രതിപക്ഷത്തുള്ള ബി.എന്‍.പി ഇതുപോലെ കൃത്രിമങ്ങള്‍ കാണിച്ച് 278 സീറ്റുകള്‍ അടിച്ചെടുത്തിരുന്നു. ദേശവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ ആ ഭരണകൂടം തൂത്തെറിയപ്പെടുകയാണുണ്ടായത്. അത്തരമൊരു പ്രക്ഷോഭം തന്നെയാകാം ഇപ്പോഴും ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്.
Comments