ആത്മീയ സൗന്ദര്യത്തിന്റെ സാംസ്‌കാരിക പ്രഖ്യാപനം തനിമ നയരേഖ പ്രകാശനം ചെയ്തു
സ്വര്‍ഗത്തിലേക്ക് പ്രവേശിക്കും മുമ്പ് അല്ലാഹു മനുഷ്യന് ഭാഷ അനുവദിച്ചുകൊടുത്തു. ആശയവിനിമയത്തിനും ആസ്വാദനത്തിനും അത് അനിവാര്യമാണ് എന്നതുകൊണ്ടായിരിക്കണം ആ ഔദാര്യം. എല്ലാം ആസ്വദിക്കണം എന്ന അമിതാവേശമാണ് മനുഷ്യനെ പറുദീസയില്‍നിന്ന് പുറത്തെത്തിച്ചത് എന്നും പറയാം. ഭൂമിയിലേക്കിറങ്ങിയ അവര്‍ കുടുംബവും സമൂഹവുമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലേ കലയുടെയും സാഹിത്യത്തിന്റെയും രൂപഭാവങ്ങളെന്ത് എന്നും അതിന്റെ സവിശേഷ ധര്‍മമെന്ത് എന്നും ആലോചിച്ചിരിക്കണം. ഏറ്റവും മികച്ചത് കണ്ടെത്താനുള്ള അന്വേഷണമായിരുന്നുവല്ലോ ഭൂമിയിലെ മനുഷ്യജീവിതം. മികച്ച കലയും മികച്ച സാഹിത്യവും സംസ്‌കാരത്തെ പ്രഫുല്ലമാക്കുന്നു. ജീവിതത്തെ സര്‍ഗാത്മകമാക്കുന്നു. മനുഷ്യന് ശാന്തിയും സമാധാനവും നല്‍കുന്നു. മനുഷ്യനെ പരിപൂര്‍ണ മനുഷ്യനാക്കി മാറ്റുന്നു. ആദമും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുപോയത് ഏതൊരു ആവേശത്തിലാണോ അതേ അമിതാവേശമാണ് ആസ്വാദനങ്ങളുടെ സകല അംശങ്ങളിലും ഭൂമിയില്‍ ഇബ്‌ലീസ് നിറച്ചുവെച്ചത്. അതുകൊണ്ടുതന്നെ സ്വര്‍ഗത്തിലേക്ക് തിരിച്ചെത്താന്‍ വിലക്കപ്പെട്ട മധുരങ്ങളോട് വെറുപ്പ് പ്രകടിപ്പിച്ചേ തീരൂ.
മനുഷ്യന്റെ ജീവിതത്തില്‍ പുലര്‍ത്തുന്ന, പുലര്‍ത്തണമെന്ന് സാധാരണ സമൂഹം ആഗ്രഹിക്കുന്ന സദാചാരവും ധാര്‍മികതയും കലാസാഹിത്യരംഗത്തും വേണമെന്ന് ഉറക്കെ പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. എന്നാല്‍, ധാര്‍മിക മൂല്യങ്ങളെക്കുറിച്ചും സദാചാരത്തെക്കുറിച്ചും സംസാരിക്കുന്നത് പുരോഗമനവിരുദ്ധമാണ് എന്ന് നിര്‍ണയിക്കപ്പെട്ട സാംസ്‌കാരിക ബോധമാണ് കലാസാഹിത്യരംഗം ഇന്ന് പേറുന്നത്. ധാര്‍മികത, മൂല്യം, സദാചാരം എന്നിവയൊക്കെ തെറിയായി മാറുകയും തെറിയെന്നു കരുതിയവയൊക്കെ സഭ്യമാവുകയും ചെയ്ത അതിസ്വതന്ത്ര സാമൂഹികക്രമം മനുഷ്യനുമേല്‍ അടിച്ചേല്‍പിക്കുകയായിരുന്നു അരാജകവാദികള്‍. ഈ നിര്‍ബന്ധിതസാഹചര്യത്തില്‍ പോലും ധീരമായി ധാര്‍മികമൂല്യങ്ങളെയും സാമൂഹിക സദാചാരത്തെയും സ്വന്തം നയനിലപാടുകളുടെ ഭാഗമായി കാണുന്നു എന്നതാണ് 'തനിമ'യുടെ വ്യത്യസ്തത.
അതുകൊണ്ടുതന്നെ തനിമ കലാസാഹിത്യവേദിയുടെ സംസ്ഥാന നയരേഖാ പ്രഖ്യാപന സമ്മേളനം ഉയര്‍ത്തിയ ധ്വനികള്‍ കേരളത്തിന്റെ കലാചരിത്രത്തില്‍ രേഖപ്പെടുത്തുക വ്യത്യസ്തമായ ഒരു പാഠമാണ്. കലാസാഹിത്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടന മാത്രമല്ല തനിമ കലാസാഹിത്യവേദി. സാംസ്‌കാരിക മേഖലയിലെ ഓരോ ചലനങ്ങളിലും കൃത്യമായ നിലപാടും നയവും ഉള്ള സംഘടനകൂടിയാണത്. കഴിഞ്ഞ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനകാലയളവില്‍ പല ഘട്ടങ്ങളിലും തനിമ അതിന്റെ നയനിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. അവയെ യഥോചിതം സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് നയരേഖാ പ്രകാശനത്തിലൂടെ പൂര്‍ത്തിയാകുന്നത്. 2018 ഡിസംബര്‍ 16-ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ ഒത്തുചേര്‍ന്ന തനിമ പ്രതിനിധികളെ സാക്ഷിനിര്‍ത്തി തനിമയുടെ സംസ്ഥാന മുഖ്യരക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ് ആണ് പ്രഖ്യാപനം നിര്‍വഹിച്ചത്. എഴുത്തുകാരുടെയും കലാ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തം ഏറെ വലുതാണ് എന്ന് അദ്ദേഹം പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം രചനകളെ ശുദ്ധീകരിക്കുന്നതോടൊപ്പം അത് സമൂഹത്തിന് ഗുണകരമാക്കി മാറ്റുക എന്ന ഇരട്ട ബാധ്യത എഴുത്തുകാര്‍ക്ക് ഇന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.ഡി രാമകൃഷ്ണന്‍ നടത്തിയ പ്രഭാഷണം സമകാലിക ഇന്ത്യ നേരിടുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. എഴുത്തുകാരെ വെടിവെച്ചുകൊല്ലുകയും എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ അധികാരശക്തി കേവലം ബാലറ്റ്‌കൊണ്ടുമാത്രം തോറ്റുപോകുന്നതല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യന്‍ അധീശവ്യവസ്ഥയില്‍ ആഴത്തില്‍ വേരോടിയ സവര്‍ണമൂല്യങ്ങളെ പിഴുതെറിയുക എന്നതാണ് കലയും സാഹിത്യവും യഥാര്‍ഥത്തില്‍ നടത്തേണ്ട സമകാലിക ധര്‍മം എന്ന് സൂചിപ്പിക്കുകയായിരുന്നു ടി.ഡി രാമകൃഷ്ണന്‍. തനിമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് നയരേഖാ സമര്‍പ്പണം നടത്തി. സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, സെക്രട്ടറി ഫൈസല്‍ കൊച്ചി, ടി. മുഹമ്മദ് വേളം, തനിമ ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ പെരിന്തല്‍മണ്ണ, സമ്മേളന ജന. കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സാംസ്‌കാരിക സംവാദത്തില്‍ 'മതം, കല, സാഹിത്യം' എന്ന വിഷയത്തില്‍ ടി.പി മുഹമ്മദ് ശമീം വിഷയമവതരിപ്പിച്ചു. ഡോ. വി. ഹിക്മത്തുല്ല മോഡറേറ്ററായ സംവാദത്തില്‍ കെ.ടി സൂപ്പി, വി.എ കബീര്‍, ഡോ. എം.സി അബ്ദുന്നാസര്‍, ഡോ എം. ഷാജഹാന്‍ എന്നിവര്‍ വിഷയത്തെ പല കോണുകളിലൂടെ നോക്കിക്കണ്ടു. സൈനബ് ചാവക്കാട് നന്ദിപറഞ്ഞു. പ്രതിഭാസംഗമം സംവിധായകന്‍ സകരിയ്യ ഉദ്ഘാടനം ചെയ്തു. തനിമയുടെ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഉറൂബിന്റെ 'പടച്ചോന്റെ ചോറ'് എന്ന കഥയുടെ നാടകാവിഷ്‌കാരം എന്നിവയും ഉണ്ടായിരുന്നു. അഞ്ച് പുസ്തകങ്ങളും ഒരു ചിത്രവും പ്രതിഭാസംഗമത്തില്‍ പ്രകാശനം ചെയ്തു. ഐ. സമീല്‍, നാസര്‍ കറുത്തേനി എന്നിവര്‍ സംസാരിച്ചു.
തനിമയുടെ പുതിയ പ്രവര്‍ത്തനകാലയളവിലേക്കുള്ള കൗണ്‍സില്‍ അംഗങ്ങളുടെ പ്രഖ്യാപനവും സമ്മേളനസമാപനവും നിര്‍വഹിച്ച് സംസ്ഥാന രക്ഷാധികാരി ടി. മുഹമ്മദ് വേളം പ്രസംഗിച്ചു. തനിമ മുന്‍ രക്ഷാധികാരി ടി.കെ ഹുസൈന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി. അബൂബക്കര്‍, സലീം കുരിക്കളകത്ത്, അജ്മല്‍ കാരകുന്ന്, ഹസ്‌ന തയില്‍, ഡോ. ജമീല്‍ അഹ്മദ് എന്നിവര്‍ സമാപനസമ്മേളനത്തില്‍ സംസാരിച്ചു.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു ചുവടുവെപ്പിനാണ് സാംസ്‌കാരിക കേരളം സാക്ഷിയായത്. കേരളത്തിന്റെ ചിന്താലോകത്ത് ഈ നയരേഖ മുന്‍നിര്‍ത്തി കാതലായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അത് പകരുന്ന ഊര്‍ജമാണ് തനിമയുടെ മുന്നോട്ടുള്ള കുതിപ്പിന് വേരും വളവും.
Comments