2018-ലും പരിഹാര മാര്‍ഗങ്ങള്‍ തെളിയാതെ ഫലസ്ത്വീന്‍
2018-ലും ഫലസ്ത്വീന്‍ ജനത അനുഭവിക്കുന്ന പീഡനപര്‍വത്തിന് പരിഹാരമൊന്നുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ അതിക്രമവും നരകയാതനയും അനുഭവിക്കുന്ന മുസ്ലിം സമൂഹം ഫലസ്ത്വീനികളാണ് എന്നത് ഇസ്‌ലാമിക ലോകത്തിന് അഭിമാനക്ഷതമായി തുടരുകയാണ്. 2 മില്യനിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായ ഗസ്സ മുനമ്പും, നിത്യേന അധിനിവേശത്തിനും ഇസ്രയേല്‍ ക്രൂരതക്കും വിധേയമാകുന്ന വെസ്റ്റ് ബാങ്കും, മസ്ജിദുല്‍ അഖ്സ്വാ അടങ്ങുന്ന ജറുസലമും രാഷ്ട്രീയ പരിഹാരം കാണാന്‍ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുന്നു. 2018-ല്‍ മാത്രം 980 കുട്ടികളും 175 സ്ത്രീകളുമടങ്ങുന്ന 5700-ലധികം ഫലസ്ത്വീനികളെയാണ് ഇസ്രയേല്‍ അനധികൃതമായി അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്നത് എന്ന് ഫലസ്ത്വീന്‍ പ്രിസണേഴ്‌സ് സെന്റര്‍ ഫോര്‍ സ്റ്റഡീസ് വ്യക്തമാക്കുന്നു. ഈ തടവുകാര്‍ക്കെതിരെയുള്ള മര്‍ദനമുറകളും പീഡനങ്ങളും അതിഭീകരമാണെന്നു ഖുദ്‌സ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 85 ശതമാനം തടവുകാരും ഇസ്രയേല്‍ തന്നെ സ്വതന്ത്രരാക്കിയവരാണ്. അതില്‍ 40 ശതമാനം ഫലസ്ത്വീന്‍ രാഷ്ട്രീയ പ്രതിനിധികളാണ് എന്നത് ഗൗരവതരമാണ്. 1987 മുതല്‍ 337,000 ഫലസ്ത്വീനികളെയാണ് ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ ആയുധങ്ങള്‍ ഫലസ്ത്വീന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിക്കുക, ശരീരമാസകലം തളര്‍ത്തിക്കളയുന്ന തരത്തില്‍ നിറയൊഴിക്കുക, അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ഫലസ്ത്വീനികള്‍ക്കായുള്ള സഹായം തടയുക എന്നിങ്ങനെ മനുഷ്യത്വവിരുദ്ധമായ ഇസ്രയേലിന്റെ നടപടികള്‍ തുടരുന്നത് മേഖലയില്‍ കൂടുതല്‍ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കും.
മുഹമ്മദ് ബെന്നീസിന് അറബ് ക്രിയേറ്റിവിറ്റി അവാര്‍ഡ്
മോറോക്കന്‍ കവി മുഹമ്മദ് ബെന്നീസ് 2018-ലെ അറബ് ക്രിയേറ്റിവിറ്റി അവാര്‍ഡിനര്‍ഹനായി. ഫ്രാന്‍സിലെ ലബനീസ് കള്‍ച്ചറല്‍ ഫോറമാണ് അറബ് സാഹിത്യത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. 1948-ല്‍ ഫെസില്‍ ജനിച്ച മുഹമ്മദ് ബെന്നീസ്, സിറിയന്‍ കവി അലി അഹ്മദ് സഈദ് എസ്ബര്‍ എന്ന അഡോണിസ്, ഫലസ്ത്വീന്‍ കവി മഹ്മൂദ് ദര്‍വേശ് എന്നിവരെപ്പോലെ ആധുനിക അറബി കാവ്യസാഹിത്യത്തിലെ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ്. ആധുനികതയുടെ ശക്തനായ വക്താവായ ബെന്നീസ് നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അറബ് ലോകത്തിലെ ഒട്ടുമിക്ക പത്രങ്ങളും അദ്ദേഹത്തിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊറോക്കോയിലെ സമകാലിക കാവ്യരചനകളെക്കുറിച്ച് ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ബെന്നീസിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള എല്‍ പ്രേമിയോ ഫെറോനിയ ഇന്റര്‍നാഷ്‌നണല്‍ അവാര്‍ഡും സംസ്‌കാരം, കല എന്നീ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ചതിന്റെ പേരില്‍ ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസില്‍നിന്ന് മെഡലും ലഭിച്ചിരുന്നു. 2000-ല്‍ യുനെസ്‌കോ മാര്‍ച്ച് 21 വാര്‍ഷിക കവിതാ ദിനമായി പ്രഖ്യാപിച്ചപ്പോള്‍, ആ പ്രഖ്യാപനത്തില്‍ ബെന്നീസിന്റെ സ്വാധീനമുണ്ടായിരുന്നു.
റാഡിക്കല്‍ ഇസ്‌ലാമല്ല, ഇസ്‌ലാം തന്നെ ലക്ഷ്യം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളായ വിദ്യാര്‍ഥികളോട് ഇസ്‌ലാമിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം. ഡിസംബര്‍ 20-ന് ഫ്ളോറിഡയില്‍ നടന്ന ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ വാര്‍ഷിക വിദ്യാര്‍ഥി സംഗമത്തിലാണ് ഇസ്‌ലാംഭീതി ഊട്ടിയുറപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. ട്രംപ് ഭരണകാലത്ത് കൂടുതല്‍ സ്വീകാര്യത ലഭിച്ച ഈ യാഥാസ്ഥിതിക ഗ്രൂപ്പിന്റെ സ്ഥാപകന്‍ ചാര്‍ലി കിര്‍ക് ട്രംപിന്റെ അടുത്ത സുഹൃത്താണ്. ടേണിംഗ് പോയിന്റ് യു.എസ്.എയുടെ ഇസ്രയേല്‍ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ മേധാവി സോഫിയ വിറ്റാണ് 'കാമ്പസുകളിലെ ഭീകരവാദം' എന്ന വിഷയത്തില്‍ സംസാരിക്കവെ 'എല്ലാ മുസ്ലിംകളും റാഡിക്കല്‍ ആയതിനാല്‍ ഇസ്‌ലാമിനെത്തന്നെയാണ് നേരിടേണ്ടത്' എന്ന് പ്രഖ്യാപിച്ചത്. 'റാഡിക്കല്‍ ഇസ്‌ലാം എന്നു വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇസ്‌ലാം എന്നു തന്നെയാണ് പറയേണ്ടത്. മോഡറേറ്റ് മുസ്ലിം എന്നൊന്നില്ല. ഒരുപക്ഷേ, ഇസ്‌ലാമികനിഷ്ഠ പാലിക്കാത്ത മുസ്ലിംകള്‍ ആയിരിക്കും കൂടുതല്‍ നല്ലവര്‍' എന്നിങ്ങനെ പ്രസംഗം കത്തിക്കയറി. അമേരിക്കന്‍ കാമ്പസുകളില്‍ ഇസ്രയേലിന്റെ സയണിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫലസ്ത്വീന്‍ അനുകൂല വിദ്യാര്‍ഥി സംഘടനകളെയും സോഫിയ വിറ്റ് അധിക്ഷേപിക്കുകയുണ്ടായി. ഈ വിദ്യാര്‍ഥി വിഭാഗങ്ങള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപിച്ചത്. അമേരിക്കന്‍ സമൂഹത്തില്‍ തീവ്ര വലതുകക്ഷികള്‍ക്കും ഇസ്‌ലാമോഫോബുകള്‍ക്കും പൊതുസമ്മിതി ലഭിക്കുന്നതിന്റെ ഉദാഹരണങ്ങളാണിവ. ഇസ്രയേല്‍ ലോബി ഈ രാഷ്ട്രീയ നീക്കങ്ങളിലൊക്കെ പങ്കാളിയാണ്.
അസദിനെ ഒപ്പം കൂട്ടാന്‍ അറബ് രാഷ്ട്രങ്ങള്‍
സിറിയയെ അറബ് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നീക്കം. അറബ് വസന്തത്തോടനുബന്ധിച്ച് സിറിയയില്‍ നടന്ന നരമേധത്തെതുടര്‍ന്നാണ് എട്ടു വര്‍ഷം മുമ്പ് അറബ് ലീഗ് സിറിയയെ പുറത്താക്കിയത്. ഈജിപ്തും ഗള്‍ഫ് രാഷ്ട്രങ്ങളുമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുമായുള്ള സിറിയയുടെ നയതന്ത്രബന്ധത്തില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ സഹായിച്ചുകൊ് അസദിനെ തങ്ങളുടെ ക്യാമ്പിലേക്ക് വശീകരിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.
ഡിസംബറില്‍ സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീര്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയത് അറബ് ഭരണകൂടങ്ങള്‍ക്കിടയില്‍ അസദിന്റെ സ്വീകാര്യത വര്‍ധിക്കുന്നതിന്റെ തെളിവാണ്. ഗവണ്‍മെന്റ് അനുകൂല മീഡിയ ഇരു നേതാക്കളും കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രം 'ഇനിയും കൂടുതല്‍ വരും' എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ സിറിയയുമായി അനുരഞ്ജനത്തിന് തയാറായി നില്‍ക്കുകയാണെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബ് മീഡിയക്ക് പൊതുവെ ഈ രാഷ്ട്രീയ നീക്കത്തോട് അനുഭാവപൂര്‍വമായ നിലപാടാണ്. അതുകൂടാതെ ജോര്‍ദാന്‍ സിറിയയിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറന്നുകൊടുത്തതും ഗോലാന്‍ കുന്നുകളിലെ സംഘര്‍ഷം കുറക്കാന്‍ റഷ്യയുമായി ഇസ്രയേല്‍ ചര്‍ച്ച നടത്തുന്നതും മേഖലയില്‍ സിറിയന്‍ അനുകൂല സാഹചര്യം രൂപപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ്. സിറിയയുടെ പുനര്‍നിര്‍മാണത്തിന് 250 മില്യന്‍ ഡോളര്‍ വേണ്ടി വരുമെന്നാണ് കണക്ക്. എന്നാല്‍ അസദ് യു.എന്നുമായുള്ള സമാധാന ചര്‍ച്ചക്ക് വഴങ്ങിയില്ലെങ്കില്‍ സാമ്പത്തിക സഹായത്തിന് യു.എന്‍ തയാറാവുകയില്ലെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു.
Comments