Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

നോട്ടമിടപ്പെട്ടവരുടെ സത്യവാങ്മൂലം

പി.ടി. കുഞ്ഞാലി

ഇസ്‌ലാംപേടി  പടിഞ്ഞാറന്‍ ലിബറലുകളുടെ മാത്രം മനോരോഗമല്ല. കമ്യൂണിസ്റ്റ് ചൈനയിലും സനാതന ബുദ്ധിസത്തിന്റെ മ്യാന്മറിലും ഇതേ മനോനില വിജ്രംഭിച്ചുനില്‍ക്കുന്നു. കൊളോണിയല്‍ ആധുനികത ഉടച്ചുനിര്‍മിച്ച ഇന്ത്യന്‍ ദേശീയതയിലാകട്ടെ ഈ ജീവിതഭാവം പശുവാദികളുടെ തിടംവെപ്പോടെ മത്താടി നില്‍ക്കുകയും ചെയ്യുന്നു. അന്യായങ്ങളോട് വിസമ്മതരാകാനുള്ള മുസ്‌ലിംകളുടെ സഹജ ഭാവം തന്നെയാണ് ഇങ്ങനെയൊരു അപരവല്‍ക്കരണത്തിന്റെ മൗലിക കാരണം. ഇന്ത്യയിലെ ഏറ്റവും സാംസ്‌കാരിക പ്രബുദ്ധരെന്ന് പറകൊട്ടിനില്‍ക്കുന്ന കേരളത്തില്‍ പോലും എത്ര സാന്ദ്രതയിലാണ് ഈ ഭയവും അതില്‍നിന്ന് ജാതമാകുന്ന അപരമാക്കലും സംഭവിക്കുന്നത് എന്ന് നമ്മുടെ സാംസ്‌കാരപ്രതലത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ബോധ്യമാവും.

ഉത്തരേന്ത്യന്‍ നഗരപ്രന്തങ്ങളിലും ഗ്രാമവിദൂരതകളിലും  ഈയൊരു അപരവിദ്വേഷത്തിന്റെ തീക്ഷ്ണത തീര്‍ത്തും നേര്‍ക്കുനേരാണ് സംഭവിക്കുന്നതെങ്കില്‍ നവോത്ഥാന കേരളത്തിലത് അത്രമേല്‍ ഗൂഢവും നിര്‍ദയവുമാണ്. വടക്കേ ഇന്ത്യയില്‍ നമുക്കീ ഭീതിസാധ്യതകളെ കരുതി നില്‍ക്കാം. പക്ഷേ ഇവിടെ തിരസ്‌കാരം പട്ടില്‍ പൊതിഞ്ഞതും അഭാവമാക്കല്‍ മധുരലേപനങ്ങളില്‍ മുക്കിപ്പിഴിഞ്ഞതുമാവുമെന്നു മാത്രം. ഈയൊരു സന്ദിഗ്ധതയിലാണ് ഡോ. വി. ഹിക്മത്തുല്ല എഡിറ്റ് ചെയ്ത 'ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍' എന്ന പുസ്തകം പ്രസക്തമാവുന്നത്. മത, മതേതര, ലിബറല്‍ പക്ഷത്തുനിന്നുള്ള ഇരുപതോളം പ്രഗത്ഭരാണ് പുസ്തകത്തില്‍ പ്രശ്‌നത്തെ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ നിരീക്ഷിക്കുന്നത്. 

പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു അവതരണം കെ. അശ്‌റഫിന്റേതാണ്. മുസ്‌ലിംകള്‍ ഇരകളായി വരുന്ന സന്ദര്‍ഭങ്ങളിലൊക്കെയും ആയതിന്റെ സര്‍വ കാരണങ്ങളും മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തിന്റെ നാനാതരം ഭേദങ്ങളില്‍ (ഉപവര്‍ഗം, ലിംഗം, പ്രാദേശികം, ജിവിതവിതാനം) ചാര്‍ത്തിക്കൊടുക്കുകയും മുസ്‌ലിംകള്‍ പ്രതികളാക്കപ്പെടുമ്പോള്‍ ഇസ്‌ലാംമതം തന്നെയാണ് ഇവരെ പ്രതികളാക്കുന്നത് എന്ന് വാദിച്ചുറപ്പിക്കുകയും ചെയ്യുന്ന അത്യന്തം അശ്ലീലമായ ഒരു മനോനില മതേതര പൊതുമണ്ഡലത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പ്രബുദ്ധകേരളത്തില്‍ വരെ ശ്രമങ്ങളുണ്ടാകുന്നതായി  അശ്‌റഫ് കണ്ടെത്തുന്നു. ഇതൊരു ഒഴുക്കന്‍ വര്‍ത്തമാനമായല്ല അശ്‌റഫ് എഴുതുന്നത്. നിരവധി സാക്ഷ്യങ്ങളും ന്യായങ്ങളും ഇതിനായി അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. 

പുസ്തകത്തിലെ ശ്രദ്ധേയമായ  മറ്റൊരു പ്രബന്ധം ചിന്തകനും  ആക്റ്റിവിസ്റ്റുമായ കെ.കെ. ബാബുരാജിന്റേതാണ്. ഇന്ത്യയില്‍ പശുവാദികളും മനുവാദികളും മുന്നോട്ടുവെക്കുന്ന ദേശീയതാ സങ്കല്‍പ്പം പൗരകേന്ദ്രീകൃതമല്ലെന്നും അത് അടിപടലോടെ വരേണ്യമാത്രമായ കേവല ദേശയുക്തിയില്‍ കൂര്‍ത്തുനില്‍ക്കുന്ന ഒന്നാണെന്നുമാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അപ്പോള്‍ ദേശത്തെ മുന്‍നിര്‍ത്തിയുള്ള അഖണ്ഡതാവാദത്തിന് ശേഷി കിട്ടണമെങ്കില്‍ ദേശത്തിന് ഒരു നേര്‍ശത്രുവിനെ നാട്ടിനിര്‍ത്തേണ്ടതുണ്ട്. അങ്ങനെ ദേശത്തിന് പ്രതിയോഗിയായി മുസ്‌ലിം അപരന്‍ അവതരിപ്പിക്കപ്പെടുന്നു. അപ്പോള്‍ പ്രശ്‌നം ദേശം മാത്രമാകും. ഇസ്‌ലാം എന്നാല്‍ ദേശശത്രുതയുടെ സര്‍വനാമവും.  ഈ ശത്രുത ഫാഷിസ്റ്റുകളിലാണ് മാരകമെങ്കിലും ഇതിന്റെ നേര്‍ത്ത ചങ്ങലത്തുരട് പുരോഗനവാദികളിലേക്കും ഉല്‍പ്പതിഷ്ണുക്കളിലേക്കും നീളുന്നത് ബാബുരാജ് തന്റെ പഠനത്തില്‍ അനാഛാദനം ചെയ്യുന്നുണ്ട്.  മതേതരനായ നെഹ്‌റുവും മതരഹിതനായ ഇ.എം.എസ്സും, ദേശവുമായി ഒത്തുപോകാത്ത ഒരു സത്തയായി തന്നെയാണ് ഇസ്‌ലാമിനെ കണ്ടതെന്ന് ബാബുരാജ് നിരീക്ഷിക്കുന്നു. ദലിത് പ്രസ്ഥാനങ്ങള്‍ അതിന്റെ ആദികാലങ്ങളില്‍ ഇസ്‌ലാമുമായി ഐക്യപ്പെട്ടുവെന്നും മഹാത്മാ ഫൂലെയും അംബേദ്കറും ഇതിന്റെ പ്രചാരകന്മാരായിരുന്നുവെന്നും ഇതുകൊണ്ടു മാത്രമാണ് പശുപ്രോക്ത കേരളീയ ബ്രാഹ്മണ്യം ഇവരുമായുള്ള സമീകരണങ്ങള്‍ അവസാനിപ്പിച്ചതെന്നും ചരിത്രത്തിന്റെ വെട്ടത്തില്‍ നിന്നാണ് ബാബുരാജ് നിരീക്ഷിക്കുന്നത്. 'പുരോഗമന'വാദികളിലും 'മാനവിക'വാദികളിലും അളിഞ്ഞടിഞ്ഞുകൂടിയ ഇസ്‌ലാംവിരുദ്ധതക്ക് ബാബുരാജ് ഒരു പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്. അത് തുറന്ന പൊതുമണ്ഡലത്തിലേക്കുള്ള മുസ്‌ലിംകളുടെ ധീരമായ  പ്രവേശനം തന്നെയാണ്.

ഏറെ കൗതുകമുള്ളതും ഒപ്പം ജ്വലിച്ചുനില്‍ക്കുന്നതുമായ കാഴ്ചകളാണ് പ്രഫ. അജയ് ശേഖര്‍ തന്റെ ലേഖനത്തില്‍ മുന്നോട്ടുവെക്കുന്നത്. മുസ്‌ലിം അവകാശങ്ങളെ പിന്തുണക്കുന്നതോടെ ഒരാള്‍ എത്ര പെട്ടെന്നാണ് അവരുടെ 'കോടികള്‍' കൈപ്പറ്റുന്ന സില്‍ബന്ധിയാക്കപ്പെടുന്നത്  എന്ന് സ്വന്തം അനുഭവപക്ഷത്തുനിന്ന്  അജയ് ശേഖര്‍ വെളിപ്പെടുത്തുന്നത് വായിക്കുമ്പോള്‍ നാം അമ്പരന്നുപോകും. തെളിഞ്ഞ കേരളത്തിനടിയില്‍ ഒളിഞ്ഞ കേരളത്തിന്റെ മഞ്ഞുമലയുണ്ട്. പെട്ടെന്നൊന്നും ദൃശ്യപ്പെടാത്ത മഞ്ഞുമല. ഈ മഞ്ഞുമല തട്ടി ന്യായത്തിന്റെ ഏത് സമുദ്രയാനവും എളുപ്പം തകരും. ഇതിനായി അജയ് നിരവധി രാഷ്ട്രീയ-സാമൂഹിക വ്യവഹാര ചരിത്രങ്ങള്‍ പരതുന്നുണ്ട്. ഇതിലൊന്ന് കഴിഞ്ഞ ജനകീയ സര്‍ക്കാര്‍ കാലത്ത് ഭരണത്തെ വേട്ടയാടിയ  സോളാര്‍ വിവാദമാണ്. ഈ വിവാദം നാം മലയാളികള്‍ നിരീക്ഷിച്ചത് കേവലമായ ഒരഴിമതിക്കഥ മാത്രമായാണ്. ലൈംഗികതയുടെ മാനം കൈവന്നപ്പോള്‍ പോലും നാം ഒരു  ഒളിഞ്ഞുനോട്ടത്തിന്റെ സുഖം തേടി എന്നതൊഴിച്ചാല്‍ ചര്‍ച്ച, വിവാദത്തില്‍ ഉള്‍പ്പെട്ടവരുടെ സാമുദായിക പരിസരത്തേക്കെത്തിയതേയില്ല. അഥവാ ഭദ്രാസനങ്ങളിലേക്കോ പെരുന്നയിലേക്കോ ആരും പ്രതികളെ തെരഞ്ഞുപോയില്ല. ഇതിലെ പ്രതികള്‍ മറ്റൊരു വംശത്തിലായിരുന്നെങ്കില്‍ എന്തായിരിക്കും പുകിലെന്നാണ് അജയ് കണക്കുകൂട്ടുന്നത്. ബോധപൂര്‍വമായ ഈ വ്യത്യസ്തതയാണ് മതേതര പൊതുമണ്ഡലത്തിന്റെ പ്രത്യേകത എന്ന വാദമാണ് അജയ് ശേഖര്‍ മുന്നോട്ടുവെക്കുന്നത്.

നമ്മുടെ സര്‍ഗാത്മ സാഹിത്യം എത്ര ശ്രമപ്പെട്ടാണ് മുസ്‌ലിം അപരരെ കൊത്തിയെടുക്കുന്നത് എന്നതാണ് ഡോ. ഉമര്‍ തസ്‌നീമും ഡോ. ഹിക്മത്തുല്ലയും അന്വേഷിക്കുന്നത്. ജ്ഞാനോദയത്തിന്റെ യുഗസംക്രമണം കണ്ട് വിഭ്രാന്തനാകുന്ന അല്ലാപിച്ച മൊല്ലാക്ക (ഖസാക്കിന്റെ ഇതിഹാസം - ഒ.വി. വിജയന്‍), വഞ്ചകനായ കൂട്ടുകച്ചവടക്കാരന്‍  സൈതാലി (നാലുകെട്ട് - എം.ടി) മുതല്‍ 'ബാലഭൂമി'യിലെ പീക്കിരിസ്ഥാനിലെ കില്ലുല്ലാഹും ഇങ്ങ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയും (മാതൃഭൂമി) വരെയുള്ള രചനാ പരിവൃത്തത്തില്‍നിന്നുകൊണ്ടാണ് ഡോ. തസ്‌നീം തന്റെ നിരീക്ഷണങ്ങള്‍ രാകിവെളുപ്പിക്കുന്നത്. നൂറ്റാണ്ടുകളായി ആദാനപ്രദാനങ്ങളിലൂടെ നിര്‍മിതമായ കേരളീയത എങ്ങനെ അപര വിദ്വേഷത്തിന്റെ സാംക്രമികരോഗത്താല്‍ കീഴ്‌പ്പെടുത്തപ്പെടുന്നുവെന്ന് തസ്‌നീമും ഹിക്മത്തും അന്വേഷിക്കുന്നു.  മലയാള സാഹിത്യത്തിലെ ഇസ്‌ലാംവിരോധത്തിന്റെ താവഴി സവര്‍ണാധിപത്യത്തിന്റെ പുലിമടയില്‍ തന്നെയാണ് അന്വേഷിക്കേണ്ടതെന്നാണ് ഡോ. ഹിക്മത്തുല്ലയുടെ പക്ഷം.

കേരളത്തിന്റെ സാംസ്‌കാരിക ഭാവുകത്വത്തില്‍ ഇസ്‌ലാംവിരുദ്ധത എത്ര തീക്ഷ്ണമാണെന്ന സൂക്ഷ്മപഠനമാണ് സമദ് കുന്നക്കാവ് നടത്തുന്നത്. കേരളത്തിന്റെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ പ്രബലമായ ഒരു വൈരുധ്യം നിലനില്‍ക്കുന്നതായി സമദ് കണ്ടെത്തുന്നു. അത് പ്രാഥമികമായി സവര്‍ണവും രണ്ടാമതായി മാത്രം ആധുനികവുമാണ് എന്നതാണത്. അതിനാല്‍ മതേതര ആധുനികരുടെയും യുക്തിവാദ പൗരോഹിത്യത്തിന്റെയും ഇസ്‌ലാംവിശകലനങ്ങള്‍ക്ക് സവര്‍ണതയുടെ ഒരു നിലപാടുതറ കാണുന്നുണ്ട്. ഇവരുടെ മതേതര മുന്‍കൈകള്‍ക്ക് എത്രമാത്രം  ശേഷി കൂടുന്നുവോ അതിനനുസൃതമായി അവരുടെ അകമേയുള്ള പൂന്താനവും മേല്‍പത്തൂരും പുറത്തുചാടും. അപ്പോള്‍ മതേതര ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് മതേതരത്വമെന്നത് ഇസ്‌ലാംവിമര്‍ശനത്തിനുള്ള ഉപകരണം മാത്രമാവും. ലോകാടിസ്ഥാനത്തില്‍ തന്നെ 'തീവ്രവാദം' വളരുന്നുണ്ടെന്നും  അത് ഇന്ത്യയിലേക്ക് പടരുന്നുണ്ടെന്നും അതിനെതിരെയുള്ള ജാഗ്രത്തായ പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നും ഇവര്‍ സ്വയം ധരിക്കുന്നു. ഇന്ത്യയിലെ ഇസ്‌ലാം എന്നത് ചരിത്രപരമായി അപരവല്‍ക്കരിക്കപ്പെട്ട ഒരു സത്തയാണെന്നും അപ്പോള്‍ അപരവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് അവരുടെ സ്വത്വത്തോട് തോന്നുന്ന വ്രണിതത്വവും ചേര്‍ച്ചയും ഒരു ജനാധിപത്യ സന്ദര്‍ഭത്തില്‍ വകവെച്ചുകൊടുക്കണമെന്നു പോലും ഇത്തരക്കാര്‍ക്ക് തോന്നാറില്ല. ഇതുതന്നെയാണ് കേരളീയ മതേതരത്വത്തിന്റെ ആന്തര ദൗര്‍ബല്യമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഉള്‍ക്കിടിലത്തോടെ മാത്രമേ നമുക്കീ  സമാഹാരം വായിച്ചുതീര്‍ക്കാനാവൂ. കാരണം അറിയാതെ പോലും ന്യൂനപക്ഷവിരുദ്ധത അകമേ സൂക്ഷിക്കാന്‍ നമ്മുടെ മതേതരത്വം അത്രമേല്‍ നിര്‍ബന്ധിതമാണ്. ഈയൊരു വികാരം കേരളത്തിനകത്ത് ആഴത്തില്‍ പ്രചണ്ഡമായത് എണ്‍പതുകള്‍ക്കു ശേഷമാണ്. അതോടെ സാംസ്‌കാരിക ദേശീയവാദവും  അഖണ്ഡ ദേശീയവാദവും  പൊതുഭാവനയായി മാറുകയും മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും ദേശീയതക്കകത്ത് ഇടമില്ലാത്തവരുമായി.  ഇങ്ങനെ നിഷ്‌കാസിതരാവുന്ന ഈ അപര യാഥാര്‍ഥ്യങ്ങളോട് ഐക്യപ്പെടുന്നതിനു പകരം   മുസ്‌ലിംകളുടെ സര്‍വ ഉണര്‍വുകളെയും  ന്യൂനപക്ഷ വര്‍ഗീയതയായി പൊട്ടിയാട്ടാന്‍ തീവ്രമായി ശ്രമിച്ചതിന്റെ നാനാതരം  ഉദാഹരണങ്ങളാണീ സമാഹാരത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഡോ. എം.ടി അന്‍സാരി, ഡോ. ഷെറിന്‍, വി.എ മുഹമ്മദ് അശ്‌റഫ്, കെ.ടി ഹുസൈന്‍, ഉമ്മുല്‍ ഫായിസ തുടങ്ങി അക്കാദമിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖരും അവരുടെ സൂക്ഷ്മനിരീക്ഷണങ്ങളുമായി ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നു. 

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍