Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

കുത്തഴിഞ്ഞ ലൈംഗികതയാണോ നമുക്ക് മാതൃക?

റഹ്മാന്‍ മധുരക്കുഴി

നൂറ്റാണ്ടുകളായി നിരാക്ഷേപം നാം അംഗീകരിച്ചു പോരുന്ന സദാചാര സംഹിതകള്‍ക്കും സംസ്‌കാരത്തിനും കടകവിരുദ്ധമായി, പാശ്ചാത്യര്‍ അനുവര്‍ത്തിച്ചു വരുന്ന നിയന്ത്രണമില്ലാത്ത ലൈംഗികതയുടെ ചുവട് പിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധത്തിന് സുപ്രീംകോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഉഭയ സമ്മതത്തോടെയാണെങ്കിലും പരസ്ത്രീ-പരപുരുഷ ലൈംഗിക ബന്ധം, ദാമ്പത്യ ബന്ധത്തില്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കോടതി മൗനം ദീക്ഷിച്ചിരിക്കുകയാണ്.

ലോകം ഏറെ ഭയപ്പാടോടെ നോക്കിക്കാണുന്ന എയിഡ്‌സ് എന്ന മഹാമാരിയുടെ മൂലകാരണം അവിഹിത ലൈംഗിക ബന്ധങ്ങളാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കടുത്ത ലൈംഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്ത് ഒരു കോടി എയിഡ്‌സ് രോഗികളുണ്ടാവുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മൃഗങ്ങളെപ്പോലെ, ആര്‍ക്കും ആരെയും ഭോഗിക്കാനുള്ള യൂറോപ്പിന്റെ ഫ്രീ സെക്‌സാണ് എയിഡ്‌സ് എന്ന മാരക രോഗത്തിന്റെ മുഖ്യഹേതു. വഴിവിട്ട ലൈംഗിക ജീവിതം മൂലം അമേരിക്കയില്‍ ഓരോ വര്‍ഷവും 15 മില്യനിലധികം പേര്‍ ലൈംഗിക രോഗികളായിത്തീരുന്നുണ്ടത്രെ. ഏഷ്യയില്‍ ഏറ്റവും എയിഡ്‌സ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. 'വേശ്യാവൃത്തി നിരോധിച്ചിരിക്കുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ എയ്ഡ്‌സ് രോഗികള്‍ തീരെ കുറവാണെന്ന് ആധുനിക ലോകത്തെ, പ്രത്യേകിച്ച് പാശ്ചാത്യ ലോകത്തെ കണ്ണ് തുറപ്പിക്കേണ്ടതാണ്' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു ലേഖനം (1988 ഒക്‌ടോബര്‍ 16-22) നിരീക്ഷിക്കുന്നുണ്ട്.

മുതലാളിത്ത ലോകം തങ്ങളുടെ വഴിവിട്ട ലൈംഗിക വേഴ്ചയുടെ അനിവാര്യഫലമായ എയിഡ്‌സിനെക്കുറിച്ച് ഭീതിപൂണ്ട് ആപത്തില്ലാത്ത സെക്‌സിനെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, പാശ്ചാത്യരില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ കൂട്ടാക്കാത്ത ചിലര്‍ നിയന്ത്രണമില്ലാത്ത ഫ്രീ സെക്‌സിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹപൂര്‍വ പരിചയം മാത്രമല്ല; ലൈംഗിക ബന്ധം തന്നെ ഉണ്ടാവണമെന്നും, ശരീരത്തിന്റെ ചോദനകളെ സ്വാഭാവികമായി കണ്ട്, സ്വതന്ത്രമായി അനുഭവിക്കാന്‍ അനുവദിക്കണമെന്നും കേരളത്തിലെ അറിയപ്പെടുന്ന ഒരു ചരിത്രകാരന്‍ എഴുതിയത് ഇപ്പറഞ്ഞതിന്റെ വ്യക്തമായ ഉദാഹരണം.

മൃഗസഹജമായ കാമത്തിന് മുകളില്‍ മനുഷ്യ സംസ്‌കാരം നേടിയെടുത്ത ഔന്നത്യമാണ് പ്രണയം. ജീവിതം കുത്തഴിഞ്ഞ പുസ്തകമാക്കരുതെന്ന് ഓരോ സമൂഹത്തിനും നിഷ്‌കര്‍ഷയുണ്ടാവണം. അതാവട്ടെ, സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. സമൂഹങ്ങളുടെ ആരോഗ്യപൂര്‍ണമായ നിലനില്‍പിനെയും അതിന്റെ നാശത്തെയും ശക്തമായി സ്വാധീനിക്കുന്ന പരമപ്രധാനമായ അടിത്തറയാണ് ലൈംഗിക ധാര്‍മികത എന്ന യാഥാര്‍ഥ്യം ചിന്തിക്കുന്ന സമൂഹത്തിന് തള്ളിക്കളയാനാവില്ല.

 

 

 

നാട്യങ്ങളില്ലാത്ത ഭൂപതി

'ഭൂപതി' എന്നാല്‍ രാജാവ് എന്നാണര്‍ഥം. തന്റെ പ്രതാപകാലത്ത് അക്ഷരാര്‍ഥത്തില്‍ 'ഭൂപതി'യായിരുന്നു എന്‍. അബൂബക്കര്‍ ഹാജി. എന്നാല്‍ ഒരു രാജാവിന്റെ തലക്കനമോ അഹങ്കാരമോ അദ്ദേഹത്തെ ലവലേശം തൊട്ടുതീണ്ടിയിരുന്നില്ല. വിനയത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍രൂപമായിരുന്നു അബൂബക്കര്‍ ഹാജി. നന്മയുടെ പൂമരമായി, ആശ്രിതര്‍ക്ക് തണലായി, പാവങ്ങള്‍ക്ക് അത്താണിയായി, നിരാലംബര്‍ക്ക് ആലംബമായി അദ്ദേഹം നിലകൊണ്ടു.

മരണത്തോടെ പലരുടെയും പേരും കുറിയും ആറടി മണ്ണില്‍ കുഴിച്ചുമൂടപ്പെടുന്നു. എന്നാല്‍ ചിലരുണ്ട്. അവര്‍ ഭൂമിയില്‍ നട്ടുനനച്ച് വളര്‍ത്തിയ നന്മ മരങ്ങളുടെ പേരില്‍ വര്‍ഷങ്ങളോളം ഓര്‍മിക്കപ്പെടും. വ്യാപാരവും ജനസേവനവും ഇസ്‌ലാമിക പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുനടന്ന അബൂബക്കര്‍ ഹാജി തന്റെ സുകൃതങ്ങള്‍ കാരണം ജനമനസ്സുകളില്‍ മായാതെ കിടക്കും. നാടിന്റെ പല ഭാഗങ്ങളില്‍ അദ്ദേഹം കൊളുത്തിവെച്ച പ്രകാശ നാളങ്ങള്‍ അണയാത്ത കാലത്തോളം അദ്ദേഹത്തെക്കുറിച്ച ദീപ്തമായ സ്മരണകളും ജ്വലിച്ചുനില്‍ക്കും.

വയനാടായിരുന്നു ഏറെക്കാലം അബൂബക്കര്‍ ഹാജിയുടെ തട്ടകം. പ്രസ്ഥാന വ്യാപനത്തിനുള്ള തിരക്കിനിടയില്‍ തന്റെ വ്യാപാരം പോലും വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വയനാട്ടിലും മറുനാടുകളിലുമായി നിരവധി പള്ളി മദ്‌റസകളുടെയും ഇസ്‌ലാമിക കലാലയങ്ങളുടെയും നിര്‍മിതിയില്‍ അശ്രാന്തം പരിശ്രമിച്ചു. പരേതരായ സി.കെ മൊയ്തു ഹാജി, വി.പി ഇസ്മാഈല്‍ ഹാജി എന്നിവരോടൊപ്പം പിണങ്ങോട്ട് ഐഡിയല്‍ കോളേജ് എന്ന മഹല്‍സ്ഥാപനം പടുത്തുയര്‍ത്തുന്നതില്‍ അനല്‍പമായ പങ്കു വഹിച്ചു. പിന്നാക്ക ജില്ലയായ വയനാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉന്നത ഇസ്‌ലാമിക കലാലയമായ ഐഡിയല്‍ കോളേജ് നടേ പറഞ്ഞ മൂവര്‍ സംഘത്തിന്റെ കഠിന യത്‌നത്തിന്റെ ഫലമാണ്.

സുബൈര്‍ കുന്ദമംഗലം

 

 

 

നജ്മല്‍ ബാബുവിന്റെ വാക്കുകളോട് നീതി പുലര്‍ത്തണം

'മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒരു വര്‍ക്കിംഗ് അറേഞ്ച്മെന്റ് ആദ്യമേ ഉണ്ടാകേണ്ടതാണ്. ഞങ്ങളാണ് പരിശുദ്ധ ഇസ്ലാം എന്ന വാദം ഇക്കാര്യത്തിലെങ്കിലും മാറ്റിവെക്കണം. കേരളത്തിലെ പ്രമുഖ കക്ഷികള്‍ ഫാഷിസത്തിനെതിരെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കണം. മുസ്ലിംകളെ ഞങ്ങള്‍ക്കു വേണം, എന്നാല്‍ അവരുടെ സംഘടനകളെ വേണ്ട എന്ന നിലപാട് ഇടതുപക്ഷം തിരുത്തണം. ഫാഷിസത്തിനെതിരെ ഗാന്ധി ബ്രിട്ടീഷുകാരെ പിന്തുണച്ചതുപോലെ മുസ്ലിം സംഘടനകളുമായി യോജിപ്പിനുള്ള വഴികള്‍ തേടണം' (പ്രബോധനം 2015, മെയ് 1). ടി.എന്‍ ജോയ് എന്ന നജ്മല്‍ ബാബു ഇസ്‌ലാം ആശ്ലേഷിച്ച വേളയില്‍ പ്രബോധനം വാരികക്ക് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗമാണ് ലക്കം 20 കവര്‍ സ്റ്റോറി വായിച്ചപ്പോള്‍ ഓര്‍മ വന്നത്.

ഇസ്‌ലാം പുല്‍കി കടന്നുവരുന്നവരുടെ ജീവിതം മാത്രമല്ല, അവരുടെ മരണവും  മരണാനന്തര ചടങ്ങുകളും കേരളത്തിനകത്തും പുറത്തും ചര്‍ച്ചക്കും സംവാദത്തിനും കാരണമാകുന്നു എന്ന പ്രബോധനത്തിന്റെ (ലക്കം 20) വിശകലനം അര്‍ഥവത്താണ്. അതില്‍ പറയുന്നതു പോലെ, മരണാനന്തരം പുതുതായി ഇസ്‌ലാമില്‍ കടന്നുവരുന്നവരുടെ, തന്റെ സ്വന്തമെന്ന് പറയാവുന്ന പലതും നട്ടുച്ചനേരത്തും പച്ചക്ക്, പരസ്യമായി കവര്‍ന്നെടുക്കപ്പെടുകയാണ്. കമലാ സുറയ്യയുടെ പേര് കവര്‍ന്നതു പോലെ, സൈമണ്‍ മാസ്റ്ററുടെയും നജ്മല്‍ ബാബുവിന്റെയും ശരീരം അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി  കവര്‍ന്നെടുത്തതു പോലെ. യഥാര്‍ഥത്തില്‍ അവരുടെ ഇസ്‌ലാമിക സ്വത്വം തന്നെയാണ് ഇക്കൂട്ടര്‍ കവരുന്നത്.

മരണാനന്തരമുള്ള ഇത്തരം ആസൂത്രിത  പ്രഹസനങ്ങള്‍ നാം ഇനിയും  അഭിമുഖീകരിക്കേണ്ടിവരും. യുക്തിവാദികളും ഇടതു പക്ഷങ്ങളും ഫാഷിസ്റ്റുകളും കൂടി ഒരുക്കുന്ന ഈ 'മതേതര ശവസംസ്‌കാര'ത്തെ പ്രതിരോധിക്കാന്‍ ക്രിയാത്മകവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമുദായ സംഘടനകള്‍ ഒന്നിച്ചിരുന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അത് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് നജ്മല്‍ ബാബു  2015-ല്‍ പ്രബോധനത്തിനുള്ള അഭിമുഖത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഒരു വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് ആദ്യമേ ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറഞ്ഞത്. അദേഹത്തിന്റെ ദീര്‍ഘവീക്ഷണം എത്ര കൃത്യം!  

കൊടുങ്ങല്ലൂരിനെ അത്രമേല്‍ അദ്ദേഹം സ്‌നേഹിച്ചിരുന്നു. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക പശ്ചാത്തലവും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ എന്ന വീരപുരുഷന്റെ ജീവിത വിശുദ്ധിയും അദ്ദേഹത്തിന്റെ സന്മാര്‍ഗ പ്രവേശത്തെ ഏറെ സ്വാധീനിച്ചതായി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഭാവിയില്‍ കൊടുങ്ങല്ലൂരിനെ ഫാഷിസ്റ്റ് വിരുദ്ധതയുടെ പ്രതീകമായി തന്റെ ഖബ്ര്‍ ചേരമാന്‍ പള്ളിപ്പറമ്പില്‍ ഉണ്ടാകണമെന്ന് അദേഹം ആഗ്രഹിക്കുകയും അത് അഭിമുഖത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്. ആ  വാക്കുകളോട് നമുക്ക് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ എന്നും സമുദായ നേതൃത്വം ഒറ്റക്കൊട്ടായി ആലോചിക്കണം. ഖബ്‌റടക്കം സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ജനോപകാരപ്രദമായ ഒരു പൊതു സ്മാരക മന്ദിരമെങ്കിലും അവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. അത് അസഹിഷ്ണുതാ വാദികള്‍ക്ക് ഒരു കൊട്ടായി തീരട്ടെ.

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

 

 

 

സഭാമര്യാദകള്‍ പാലിക്കാതെ ചായവിതരണവും ഫോണ്‍വിളിയും

ജാതിയോടുള്ള സമീപനമാണ് വിഷയം. പ്രൗഢമായ പ്രഭാഷണം. കേരളത്തിലെ അറിയപ്പെടുന്ന യുവജന സംഘടനയുടെ നേതാവാണ് പ്രസംഗകന്‍. മുന്നില്‍ നിന്ന് രണ്ടാം വരിയിലുള്ള ഞാന്‍ വെറുതെ പുറകോട്ട് നോക്കി. എല്ലാവരും കാതുകൂര്‍പ്പിച്ച് ഇരിക്കുകയാണ്. നര്‍മോക്തികളും കവിതകളും നുറുങ്ങു സംഭവങ്ങളുമായി പ്രസംഗം കത്തിക്കയറി. വിഷയം സമാപനത്തിലേക്ക് അടുക്കുകയാണ്. സമാപനം കേള്‍ക്കാനാണല്ലോ ശ്രോതാക്കള്‍ കാത്തിരിക്കുന്നത്. ഉടനെ, ദാ വരുന്നു രണ്ടു പേര്‍ ഒരു ട്രേ ചായയുമായി...!  പ്രസംഗകനും ഒന്നാമത്തെ വരിയും തമ്മില്‍ കഷ്ടിച്ച് മൂന്നടി ദൂരമേയുള്ളൂ. അവിടെ അവര്‍ 'ചായ വിതരണ അഭ്യാസം' തുടങ്ങി.

ഇത് അപ്പുറത്തേക്ക് കൊടുക്കൂ,

മധുരമില്ലാത്തത് ഉണ്ടോ? ചായക്ക് കടിയൊന്നും ഇല്ലേ?

അര ക്ലാസ് ചായയേ ഉള്ളല്ലോ... ആകെ ബഹളമയം!

തനിക്ക് അനുവദിക്കപ്പെട്ട മുക്കാല്‍ മണിക്കൂറിനുള്ളില്‍ ആറ്റിക്കുറുക്കിയെടുത്ത വിഷയം അവതരിപ്പിക്കുന്ന പ്രഭാഷകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അവിടെ അസ്വസ്ഥത മിന്നിമറയുന്നു. എങ്കിലും അയാള്‍ പ്രഭാഷണം നിര്‍ത്തിയില്ല. ആര്‍ത്തിയോടെ കേട്ടിരുന്ന സദസ്സും വിഷമത്തിലായി. പല കാര്യങ്ങളും ബഹളത്തില്‍ മുങ്ങിപ്പോയി. ചായ, കടി വിതരണക്കാര്‍ നിര്‍ബാധം ജോലി തുടര്‍ന്നു. അവസാനത്തെ ചായ വിതരണം കഴിഞ്ഞപ്പോഴേക്ക് പ്രസംഗം അവസാനിച്ചു.

അധ്യക്ഷന്‍ പറഞ്ഞു. ഇനി നമുക്ക് അഞ്ചു മിനിറ്റ് ബ്രേക്ക് ആണ്!

സദസ്സിന് ചില മര്യാദകള്‍ ഉണ്ട്. ആ മര്യാദകള്‍ കാറ്റില്‍ പറത്തപ്പെടുന്ന ഒട്ടേറെ ദുരനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് ഈയുള്ളവന്‍. ആരെങ്കിലും ഒരു ക്ലാസ് ഏല്‍പ്പിച്ചാല്‍ വിഷയവുമായി ബന്ധപ്പെട്ട ആലോചനകള്‍ പുകയും. ആ പുകച്ചില്‍ ഒരു കാളലായി വയറിലും മനസ്സിലും അസ്വസ്ഥത സൃഷ്ടിക്കും. നോട്ട് കുറിച്ച്, ഒന്നുകൂടി ഹോംവര്‍ക്ക് ചെയ്ത് പ്രാര്‍ഥനയോടെ ക്ലാസ് നടക്കുന്നിടത്തെത്തും. ഉദ്ദേശിക്കുന്ന വിഷയം ആളുകളുടെ മനസ്സിലേക്ക് പകരണമെന്ന നിയ്യത്തോടെ തുടങ്ങും. പക്ഷേ, ദീനീ മജ്ലിസ് ആണെന്ന ബോധമില്ലാതെയായിരിക്കും ചിലരുടെ പെരുമാറ്റം. ഫോണ്‍ ബെല്ലടിക്കും. അവിടെ വെച്ച് തന്നെ കാള്‍ എടുക്കും. അവരുടെ സംസാരവും പ്രഭാഷകന്റെ സംസാരവും ഇടകലര്‍ന്ന് അലോസരമുണ്ടാക്കും. കയറി വരുന്നവര്‍ക്ക് കസേര എടുക്കാന്‍ സദസ്സിലുള്ള മുക്കാല്‍ ഭാഗവും എണീക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്. ഇടക്ക് മുഖ്യാതിഥികള്‍ വന്നാല്‍ പിന്നെ കൈകൊടുക്കലും ആശീര്‍വദിക്കലും. പ്രഭാഷകനെ ഒട്ടും പരിഗണിക്കാതെ സ്റ്റേജില്‍ ഇരുന്നു ചിലര്‍ കലപില കൂട്ടും. ചായ കൊടുക്കലിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. സദസ്സിന്റെ മുന്നില്‍ തന്നെ ഇരുന്ന് കൂര്‍ക്കം വലിക്കുന്നവരെ കുറിച്ച് എന്തു പറയാനാണ്!

ഈ സമയത്തൊക്കെ ഏറ്റവും വിഷമിക്കുന്നത് സംസാരിക്കുന്നയാളാണ്. ഇസ്‌ലാം 'ആദാബുല്‍ മജ്‌ലിസ്' എന്ന പേരില്‍ സദസ്സില്‍ പാലിക്കേണ്ട ഒട്ടേറെ മര്യാദകള്‍ പഠിപ്പിച്ചിട്ടുണ്ട്. അവ കൂടി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

മാലിക് വീട്ടിക്കുന്ന്

 

 

 

പി.ടിക്ക് വേണ്ടി മാറ്റിവെച്ച വിഷയങ്ങള്‍

കണ്ണിറുക്കിയുള്ള ചിരി, ശാന്തസൗമ്യ മുഖഭാവം, വിനയം വിടാത്ത സംസാരം- പി.ടിയെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ഇതാണ്. വെള്ളിമാടുകുന്നിലെ ഐ.പി.എച്ചില്‍ ജോലി ചെയ്യുമ്പോഴാണ് ആ വലിയ മനുഷ്യനെ അടുത്തറിയുന്നത്. കവിതയുള്ള ഗദ്യഭാഷ ഇത്ര സുന്ദരമായി ഉപയോഗിച്ചു കണ്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയാണ്. പി.ടിയുടെ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ എടുത്തു വായിച്ചാല്‍ ആ ഭാഷയുടെ സൗരഭ്യം ആസ്വദിക്കാനാകും. 

പത്രങ്ങളുടെ മെയിന്‍ ഡെസ്‌കില്‍ ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടാവാറുണ്ട്. ഏതു വിഷയത്തിലും നിമിഷനേരം കൊണ്ട് ആര്‍ട്ടിക്ക്ള്‍ തയാറാക്കാന്‍ പ്രാപ്തിയുള്ള ആളുകള്‍. റോഡിനപ്പുറത്തെ മാധ്യമത്തില്‍ ആയിരുന്നെങ്കില്‍ പി.ടി ഡെസ്‌കില്‍ ഒരു മുതല്‍ക്കൂട്ടായേനെ! എന്നാല്‍ അപ്പോള്‍ ഇത്ര ഗഹനമായ ഗ്രന്ഥങ്ങളും രചനകളും നമുക്ക് അദ്ദേഹത്തില്‍നിന്ന് ലഭിച്ചെന്നു വരില്ല. അല്ലാഹു പരലോകത്തേക്കുള്ള മുതല്‍ക്കൂട്ടായി ഒരുപിടി പുസ്തകങ്ങള്‍ രചിക്കാന്‍ പി.ടിയെ ചുമതലപ്പെടുത്തുകയായിരുന്നു എന്നു വേണം കരുതാന്‍. 

ഫലസ്ത്വീനെക്കുറിച്ച് എനിക്ക് അല്‍പമെങ്കിലും പഠിക്കാന്‍ സാധിച്ചത് പി.ടിയുടെ വിവര്‍ത്തന ഗ്രന്ഥത്തിലൂടെയാണ്. ഞാനവിടെ പ്രൂഫ് റീഡറായിരുന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാവ് ശഹീദ് ഹസനുല്‍ ബന്നാ എത്ര ചിട്ടയോടെയാണ് അണികളെ വാര്‍ത്തെടുത്തതെന്നും ഇഖ്‌വാന്റെ പരിശീലന രീതികളും ആ പുസ്തകത്തില്‍ വായിച്ചത് ഇപ്പോഴുമോര്‍മയിലുണ്ട്. വിവര്‍ത്തിത ഭാഷയില്‍ ഗഹനമായി പാണ്ഡിത്യമുള്ളയാള്‍ക്കേ ഇത്ര ലളിതമായി മൊഴിമാറ്റാനാവൂ. പി.ടിക്ക് അതു കഴിഞ്ഞു. 

നാലുവര്‍ഷം നീണ്ട ഐ.പി.എച്ച് ജീവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നുമില്ല; വിശേഷിച്ച് പി.ടിയില്‍നിന്ന്. നല്ല നര്‍മബോധവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാലത് ആരെയും പരുക്കേല്‍പിക്കുന്നതായിരുന്നില്ല. ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ ചില വിഷയങ്ങള്‍ പി.ടിക്ക് വേണ്ടി മാറ്റിവെച്ചവയായിരുന്നു. അത് മറ്റൊരാള്‍ ചെയ്താല്‍ ശരിയാവില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് അറിയാം. 

 പി.ടിയെ ഓര്‍ക്കാന്‍  മാപ്പിള സാഹിത്യത്തില്‍ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. റഹ്മാന്‍ മുന്നൂര് സ്മാരക പുരസ്‌കാരം എന്നോ മറ്റോ പേരില്‍. മുന്നേ യാത്രയായ യു.കെ അബൂസഹ്‌ലയുടെ പേരില്‍ ഇങ്ങനെയൊന്ന് ഏര്‍പ്പെടുത്താന്‍ സാധിക്കാത്തതിന് അങ്ങനെ ഒരു പ്രായശ്ചിത്തമാകട്ടെ.  

റഫീഖ് റമദാന്‍, ചെറുവായൂര്‍, വാഴക്കാട്

 

 

 

മുന്നൂരിനെക്കുറിച്ച ഓര്‍മകള്‍

അല്ലാഹു താനിഷ്ടപ്പെടുന്ന ദാസന്മാരെ നേരത്തേ തന്നെ തന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ആ ഭാഗ്യവാന്മാരില്‍ പ്രിയപ്പെട്ട റഹ്മാന്‍ മുന്നൂരും ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്ന് കരുതാം. റഹ്മാന്‍ മുന്നൂര് അര്‍ഹിക്കുന്നത് പ്രബോധനവും നല്‍കിയിട്ടുണ്ട് (ലക്കം 3070).മുഖവാക്ക് മുതല്‍ ഫൗസിയ ഷംസിന്റെ കുറിപ്പ് വരെ വായിച്ചു പോവുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ. ആ സൗമ്യത. രണ്ടു വര്‍ഷക്കാലം ഈയുള്ളവനും അനുഭവിച്ചറിഞ്ഞതാണ് ആ സൗമ്യസാന്നിധ്യം. അടുത്തിടപഴകിയിട്ടും ഉച്ചത്തിലുള്ള ഒരു ശബ്ദം അദ്ദേഹത്തില്‍നിന്ന് എനിക്കൊരിക്കലും കേള്‍ക്കാനായിട്ടില്ല. എന്നും വിഷാദത്തിന്റെ ഒരു നിഴല്‍ ആ മുഖത്ത് കാണാമായിരുന്നു. കരുണാവാരിധിയായ റബ്ബ് വീഴ്ചകള്‍ പൊറുത്തുകൊടുത്ത് അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

മമ്മൂട്ടി കവിയൂര്‍

 

 

 

 

ആത്മീയതയുടെ കലാകാരന്‍

ആത്മീയതയും സര്‍ഗാത്മകതയും ഭിന്നധ്രുവങ്ങളാണെന്നും ആത്മീയത തീര്‍ത്തും പരിശുദ്ധവും സര്‍ഗാത്മകത മലീമസമാകാന്‍ സാധ്യതയുള്ളതുമാണെന്നത് പരമ്പരാഗത ചിന്തയാണ്. ആത്മീയതയില്‍ വിഹരിക്കുന്നവര്‍ക്ക് കൈവെക്കാവുന്ന മേഖലയല്ല സര്‍ഗാത്മകത, സര്‍ഗാത്മകതയുള്ളവര്‍ക്ക് ആത്മീയത വേണമെന്നില്ല എന്നൊക്കെ പലതരം വാദങ്ങള്‍. യഥാര്‍ഥത്തില്‍ കലയും ആത്മീയതയും രണ്ട് വഴിക്ക് പോകേണ്ടതല്ല. അത് രണ്ടും ദൈവികസരണിയാണ്, ഒരേ സരണിയാണ്. എവിടെ വെച്ചാണ് അവ വേര്‍തിരിഞ്ഞതെന്ന് അറിയില്ല. സൂക്ഷ്മവായനയില്‍ മനസ്സിലാക്കാന്‍ പറ്റും കലയിലെ ആത്മീയാംശം. അത്രയും ആര്‍ദ്രമായ മനസ്സിലാണ് ആത്മീയതയും കലയും വേരൂന്നുക. മാനവികതയോടുള്ള അതിരുകടന്ന സ്‌നേഹവായ്പ്പ് രണ്ടിലും കാണാം.

കലയുടെ രസതന്ത്രങ്ങള്‍ അറിയുന്ന ഒരാള്‍ ആത്മീയതയില്‍ കൂടി വ്യാപരിക്കുന്നുവെങ്കില്‍ സമൂഹത്തിന് അതിന്റെ ഗുണഫലം എത്രത്തോളമാകുമെന്ന് ആലോചിച്ചുനോക്കൂ. ദൈവസ്‌നേഹം പാടിനടക്കുകയും മോക്ഷത്തിനായി ജനങ്ങള്‍ക്ക് വഴികാണിക്കുകയും ചെയ്യുന്ന ഉദാത്തമായ ജോലി കലാകാരനേക്കാള്‍ മറ്റാര്‍ക്ക് നിര്‍വഹിക്കാനാകും!

ഇത്രയും പറയാന്‍ കാരണം, റഹ്മാന്‍ മുന്നൂര് എന്ന ഇസ്ലാമിക പണ്ഡിതനും കവിയും ഗാനരചയിതാവുമായ ആ സാത്വികനെ ഓര്‍ത്തപ്പോഴാണ്. സൂഫിസമെന്നാല്‍ വിരക്തിയല്ലെന്നും അത് കര്‍മകുശലമായ ജീവിതമാണെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നല്ലോ.

അനസ് മാള

 

 

 

വയോജനങ്ങളുടെ ജീവിതം

വയോജനദിനത്തെക്കുറിച്ച് ലേഖനം വായിക്കാനിടയായി. വയോജനങ്ങളായ സാധാരണ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വേി പ്രബോധനത്തില്‍ ഒരു പംക്തി ആരംഭിച്ചുകൂടേ? മരണപ്പെട്ടതിനു ശേഷം വരുന്ന അനുസ്മരണ കുറിപ്പുകള്‍ക്കു മുമ്പ് തന്നെ സാധാരണ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അവരുടെ അനുഭവങ്ങള്‍  പങ്കുവെക്കാന്‍ വാരികയില്‍ ഇടം ലഭിക്കുമെങ്കില്‍ അതാകും കൂടുതല്‍ പ്രയോജനപ്രദം.

ഓരോ പ്രദേശത്തെയും മുതിര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍, അവരുടെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിശിഷ്യാ കുടുംബക്കാരുടെയും മറ്റും സഹകരണവും നിസ്സഹകരണവുമെല്ലാം പങ്കുവെച്ചാല്‍ പുതിയ തലമുറക്കത് ആവേശം പകരുന്ന വായനയായിരിക്കും.

പി.വി മുഹമ്മദ് വാരം കണ്ണൂര്‍

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍