Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

മായാത്ത ഓര്‍മകളാണ് ഭൂപതി അബൂബക്കര്‍ ഹാജി

ആര്‍.സി മൊയ്തീന്‍ കൊടുവള്ളി

മായാത്ത ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ചാണ് ഭൂപതി അബൂബക്കര്‍ ഹാജി അല്ലാഹുവിങ്കലേക്ക് യാത്രയായത്. 1948- ലാണ് ആ ഓര്‍മകള്‍ തുടങ്ങുന്നത്. എനിക്കന്ന് വളരെ കുറഞ്ഞ പ്രായം. കൊടുവള്ളിക്കടുത്ത പറമ്പത്ത്കാവ് സ്‌കൂളില്‍ അധ്യാപകനായിരുന്നു അബൂബക്കര്‍ ഹാജി. അതിനാല്‍ കൊടുവള്ളിയിലെ പതിവ് സാന്നിധ്യമായിരുന്നു അദ്ദേഹം. അങ്ങനെയാണ്് ഞങ്ങള്‍ പരിചിതരാവുന്നത്. മെലിഞ്ഞ് നീളം കൂടിയ ഊര്‍ജസ്വലനായ ഒരു മനുഷ്യന്‍; അബൂബക്കര്‍ ഹാജിയെക്കുറിച്ച് അന്ന് മനസ്സില്‍ പതിഞ്ഞ ചിത്രം അതായിരുന്നു. ഞാന്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതിനുമുമ്പേ മൊട്ടിട്ട ഒരു സാധാരണ ബന്ധം പ്രസ്ഥാന പ്രവേശത്തിനുശേഷം ആത്മബന്ധമായി വളരുകയായിരുന്നു.  

ഏറെ ആകര്‍ഷണീയമായിരുന്നു അബൂബക്കര്‍ ഹാജിയുടെ വ്യക്തിത്വം. അദ്ദേഹത്തിന്റെ ദേഹപ്രകൃതിതന്നെ രസകരമായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ എല്ലാവരുടെ മനസ്സിലും ഒന്നുടക്കും. പിന്നെ അതൊരിക്കലും മാഞ്ഞുപോവില്ല. ആജാനുബാഹു. വശ്യസുന്ദരമായ സംസാരം. ഹൃദയം തുറന്ന ബന്ധം. പുഞ്ചിരി തൂവുന്ന മുഖം. അതിഥിയായി വന്ന് പലപ്പോഴും  ആതിഥേയനായിട്ടാണ് തിരിച്ചുപോവുക. കച്ചവടക്കാരനായിരുന്നു അബൂബക്കര്‍ ഹാജി. അതിനാല്‍ പൊതുസമൂഹവുമായി ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ വാഹനത്തില്‍ ബീഡി, സോപ്പ് പോലുള്ള സാധനങ്ങള്‍ കടകളില്‍ എത്തിച്ചുകൊടുക്കും. കച്ചവടത്തിനിടെ കണ്ടുമുട്ടുന്നവരുമായി  ഊഷ്മളബന്ധം സ്ഥാപിക്കും. വല്ലാത്തൊരു ജനസമ്പര്‍ക്കം. ആരുമായും പെട്ടെന്ന് അടുക്കുന്ന പ്രകൃതം. എതിരാളികളില്‍പോലും വലിയ മതിപ്പ് സൃഷ്ടിക്കാന്‍ ആ പ്രകൃതം കാരണമായി. അബൂബക്കര്‍ ഹാജിയുടെ സ്വഭാവം കുടുംബത്തില്‍നിന്ന് ഉറവപൊ  

ട്ടി സമൂഹത്തിലേക്കൊഴുകി. കുടുംബത്തോട് ചേര്‍ന്നുനിന്നുകൊണ്ടായിരുന്നു പ്രസ്ഥാനപ്രവര്‍ത്തനം. അതിനാല്‍ തന്നെ പ്രസ്ഥാനത്തിനെന്ന പോലെ കുടുംബത്തിനും ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായിരുന്നു അബൂബക്കര്‍ ഹാജി.  

പ്രസ്ഥാനപ്രവര്‍ത്തനങ്ങളുടെ പ്രാരംഭകാലം. ഞാനന്ന് പ്രസ്ഥാനത്തില്‍ എത്തിയിട്ടില്ല. എനിക്കുമുമ്പേ അബൂബക്കര്‍ ഹാജി പ്രസ്ഥാനത്തിലെത്തിയിട്ടുണ്ട്. ചുറ്റുപാടുനിന്നുമുള്ള എതിര്‍പ്പുകള്‍ ശക്തമായിരുന്നു അന്ന്. വീട്ടില്‍നിന്നൊക്കെ പിന്തുണ ഉണ്ടായി വരുന്നതേയുള്ളൂ. അബൂബക്കര്‍ ഹാജിയുടെ സഹോദരന്‍ മൊയ്തീന്‍ ഹാജി എതിര്‍ക്കുന്നില്ല എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ആശ്വാസം. വഅ്‌ള് പരിപാടികള്‍ക്കിടെ മൗദൂദി സംഘമിതാ എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ ആക്ഷേപിക്കും. എന്നാല്‍, എതിര്‍പ്പിനും ആക്ഷേപത്തിനും ചെവികൊടുക്കാതെ  പ്രസ്ഥാനമാര്‍ഗത്തില്‍ കര്‍മനിരതനായി അബൂബക്കര്‍ ഹാജി. 

ത്യാഗത്തിന്റെ തുടിക്കുന്ന മാതൃകകളാണ് അബൂബക്കര്‍ ഹാജി പകര്‍ന്നുനല്‍കിയത്. തുടക്കകാലത്ത് കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, ഓമശ്ശേരി പോലുള്ള സ്ഥലങ്ങളില്‍ പ്രസ്ഥാനത്തിന് ഘടകങ്ങളുണ്ടായിരുന്നില്ല. ഘടകങ്ങളുടെ രൂപീകരണം ലക്ഷ്യമിട്ട് അവിടങ്ങളിലൊക്കെ ഓടിനടന്നു അദ്ദേഹം. പ്രസ്ഥാനത്തിന് ഒരാളെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അതിനുവേണ്ടി കിലോമീറ്ററുകള്‍ താണ്ടുമായിരുന്നു. വ്യക്തികളുമായി കുറേയേറെ സംസാരിക്കും. ഇതിന്റെയൊക്കെ ഫലമെന്നോണം കുന്ദമംഗലത്ത് ഒരു ഘടകം രൂപീകൃതമായി. അത് വ്യവസ്ഥാപിതമായി നടന്നുപോന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അബൂബക്കര്‍ ഹാജിയായിരുന്നു ഘടകത്തിന്റെ ആദ്യ നാസിം.

പ്രസ്ഥാനമാര്‍ഗത്തില്‍ ഞാനും അബൂബക്കര്‍ ഹാജിയും ഒരുമിച്ച് ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്രക്കിടെ ഏതെങ്കിലുമൊരു സ്ഥലത്ത് ഇറങ്ങും. അവിടെ ക്ലാസുകളും സ്‌ക്വാഡുകളുമൊക്കെ നടത്തും. എപ്പോഴാണ് പ്രസ്ഥാനപ്രവര്‍ത്തനം അവസാനിക്കുകയെന്ന് തിട്ടപ്പെടുത്താനാവില്ല. വ്യക്തിസംസാരങ്ങള്‍ ചിലപ്പോള്‍ വളരെ നീണ്ടുപോകും. തിരികെ വീടണയുമ്പോള്‍ പാതിരയാവും. ആയിടക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കാം. കൊടുവള്ളിക്കടുത്ത് മടവൂരില്‍ ഒരു ദിവസം ഞങ്ങളൊന്നിച്ച് പ്രസ്ഥാനപ്രവര്‍ത്തനത്തിന് പോയി. ബൈക്കിലായിരുന്നു യാത്ര. തിരിച്ചുവരുമ്പോള്‍ ബൈക്കിന് പ്രശ്‌നം. എത്ര ശ്രമിച്ചിട്ടും സ്റ്റാര്‍ട്ടാവുന്നില്ല. ആളുകള്‍  ധാരാളം ചുറ്റും കൂടി. അവരാരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കാരണം ഞങ്ങള്‍ മൗദൂദീ ആശയക്കാരാണല്ലോ. വല്ലാത്തൊരു നിസ്സഹായാവസ്ഥ. അന്നത്തെ കാലം അതായിരുന്നു. പിന്നീട് ബൈക്ക് ഉന്തിയുന്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ചശേഷം കാല്‍നടയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍.

അക്കാലത്ത് ജമാഅത്ത് സമ്മേളനങ്ങള്‍ ആവേശം നല്‍കുന്ന അനുഭവങ്ങളായിരുന്നു. ഫര്‍ഖാ സമ്മേളനങ്ങള്‍ മുതല്‍ സ്റ്റേറ്റ് സമ്മേളനങ്ങള്‍ വരെയുണ്ടാവും. ഓരോ സമ്മേളനവും ആഘോഷം പോലെയായിരുന്നു. സമ്മേളനങ്ങളിലെ സജീവസാന്നിധ്യമായിരുന്നു അബൂബക്കര്‍ ഹാജി. സമ്മേളനവുമായി ബന്ധപ്പെട്ട് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും. സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ സഹായിയാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വളന്റിയര്‍ വകുപ്പിന്റെ തലവന്‍ അബൂബക്കര്‍ ഹാജിയായിരിക്കും. മുഴുവന്‍ വകുപ്പിനും ആവശ്യമായ സഹായങ്ങള്‍ അദ്ദേഹം എത്തിച്ചുകൊടുക്കും. ഭക്ഷണവകുപ്പിന്റെ ചുമതല എനിക്കും ലക്കി അഹ്മദ് കോയ ഹാജിക്കുമായിരിക്കും. ലക്കി ഭക്ഷണവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു. ആസൂത്രണം, നടത്തിപ്പ്, പന്തല്‍ നിര്‍മാണം തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ട് പലതുമുണ്ടാവും. ആവേശം പകര്‍ന്ന് ഇസ്മാഈല്‍ ഹാജി, കെ.പി.സി അഹ്മദ് തുടങ്ങിയവരും ഒപ്പമുണ്ടാവും. സമ്മേളനദിവസത്തിനുമുമ്പേ സമ്മേളന സ്ഥലങ്ങള്‍  സന്ദര്‍ശിക്കും. രാത്രി ഏറെ വൈകി തിരിച്ചുപോരും. എല്ലാറ്റിലും അബൂബക്കര്‍ ഹാജിയുടെ  ഒരു കണ്ണുണ്ടാവും. അന്നൊക്കെ എല്ലാവരുടെയും വരുമാനം തുഛമായിരുന്നു. കൂടാതെ കടുത്ത ദാരിദ്ര്യവും. പക്ഷേ, ആര്‍ക്കും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല.  

പ്രസ്ഥാന പ്രവര്‍ത്തന സൗകര്യാര്‍ഥം വയനാട്, കോഴിക്കോട് ജില്ലകള്‍ ഒരുമിച്ചാക്കിയ സന്ദര്‍ഭമുണ്ടായിരുന്നു. അബൂബക്കര്‍ ഹാജിക്കായിരുന്നു തുടക്കത്തില്‍ ഇരു ജില്ലകളുടെയും ചുമതല. പിന്നീടെനിക്കും. അന്ന് ഞങ്ങളൊന്നിച്ചാണ് പ്രവര്‍ത്തനത്തിനിറങ്ങുക. അബൂബക്കര്‍ ഹാജിയുടെ വാഹനത്തില്‍ വയനാട്ടിലേക്ക് തിരിക്കും. വയനാട് ജില്ലയിലെ വിവിധ കച്ചവടസ്ഥാപനങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ്. കച്ചവടക്കാര്‍ക്കാവശ്യമായ സാധനങ്ങള്‍ കൂടെ കരുതും. അവ വിതരണം ചെയ്യും. അതോടൊപ്പം പലരെയും പ്രബോധനത്തിന്റെ വരിക്കാരാക്കും. സൗഹൃദത്തിലൂടെ പ്രബോധിതന്റെ മനസ്സ് കീഴടക്കിയ ശേഷമാണ് പ്രസ്ഥാനത്തെ പരിചയപ്പെടുത്തുക. ഇത്തരം വ്യക്തിബന്ധങ്ങളിലൂടെ വയനാട് ജില്ലയില്‍ ഹല്‍ഖകള്‍ രൂപീകൃതമായിട്ടുണ്ട്. പിന്നീട് ഉത്തരവാദിത്തം എന്നിലായപ്പോള്‍ സഹായിയായി ഒപ്പം വരിക അബൂബക്കര്‍ ഹാജി തന്നെയായിരിക്കും. അദ്ദേഹം സ്ഥാപിച്ച ബന്ധങ്ങള്‍ തന്നെയാണ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായത്. 

അക്കാലത്ത് വായന നന്നായി നടക്കും. പഠനത്തിനായി സ്റ്റഡി സര്‍ക്ക്‌ളുകള്‍ രൂപീകരിച്ചിരുന്നു. ഒരു ഘടകത്തില്‍ ഒരു സ്റ്റഡി സര്‍ക്ക്ള്‍ വീതം. കൂടാതെ, സംയുക്ത സ്റ്റഡി സര്‍ക്ക്‌ളും. കുന്ദമംഗലം സംയുക്ത സ്റ്റഡി സര്‍ക്ക്‌ളിന്റെ കണ്‍വീനര്‍ ഏറെക്കാലം ഞാനായിരുന്നു. ഓമശ്ശേരിയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ വരെ അതിലുണ്ടാവും. വര്‍ഷകാലത്ത് നടന്നുപോയാണ് ക്ലാസില്‍ പങ്കുകൊള്ളുക. പോകുന്ന വഴിയില്‍ ഒരു പുഴക്കടവുണ്ട്. രാത്രി ഏറെ വൈകീട്ടേ തിരികെ വരുള്ളൂവെന്ന് കടവുകാരനോട് ശട്ടംകെട്ടും. സ്റ്റഡി സര്‍ക്ക്‌ളുകള്‍ സജീവമാക്കുന്നതില്‍ വലിയ പങ്കാണ് അബൂബക്കര്‍ ഹാജി നിര്‍വഹിച്ചത്. വായന പതിവാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സാഹിത്യങ്ങളും അല്ലാത്തവയും അദ്ദേഹം വായിച്ചു. സമയം അധികമെടുക്കാതെ വേഗത്തില്‍ വായിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്.

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു അബൂബക്കര്‍ ഹാജി. പ്രസ്ഥാനപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും മദ്‌റസാ അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ പ്രചോദിപ്പിച്ചു. ഒ.പി അബ്ദുസ്സലാം മൗലവി കൊടുവള്ളി മദ്‌റസയിലെ പ്രധാനാധ്യാപകനായ കാലം. മദ്‌റസയില്‍ അബൂബക്കര്‍ ഹാജി വരും. മദ്‌റസാ നടത്തിപ്പ് പരിശോധിക്കും. വിദ്യാര്‍ഥികളുമായി പരിചയം പുതുക്കും. എല്ലാവര്‍ക്കും ഊര്‍ജം കൊടുത്തിട്ടാണ് തിരികെ പോവുക. വാര്‍ഷികയോഗങ്ങളിലെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അതില്‍ വലിയ താല്‍പര്യമായിരുന്നു. ആംഗ്യപ്പാട്ട്, കഥാപ്രസംഗം, ഗാനം, സംഭാഷണം പോലുള്ളവ സ്വയം ആവിഷ്‌കരിക്കുകയും അവ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയെക്കൊണ്ട് കഥാപ്രസംഗമോ മറ്റോ നടത്തിച്ച ഓര്‍മ എനിക്കുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹം രചിച്ച ഗാനം വിദ്യാര്‍ഥിയെക്കൊണ്ട് ആലപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്കര്‍ ഹാജിയില്‍ ഒളിഞ്ഞിരിക്കുന്ന കലാകാരന്‍ വാര്‍ഷികയോഗങ്ങളിലാണ് പ്രത്യക്ഷപ്പെടുക. 

 

കേട്ടെഴുത്ത്:ശമീര്‍ബാബു കൊടുവള്ളി

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍