എം.കെ അബ്ദുല്‍ അസീസ്
തിരുവനന്തപുരത്തെ ആദ്യകാല പ്രവര്‍ത്തകനും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്നു എം.കെ അബ്ദുല്‍ അസീസ് സാഹിബ്(85). ആസ്ത്മ രോഗത്തിന്റെ മൂര്‍ധന്യതയില്‍ ഏതാനും മാസങ്ങളായി ശയ്യാവലംബിയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായിരുന്ന അദ്ദേഹം 1960 -കളുടെ അവസാനമാണ് പെരുമ്പാവൂരില്‍നിന്ന് തിരുവനന്തപുരത്തെത്തിയത്. അപ്പോഴേ ജമാഅത്തംഗമായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ കരിമഠം കോളനിയില്‍ താമസമാക്കിയ അദ്ദേഹം പാളയം ഘടകത്തിലാണ് പ്രവര്‍ത്തിച്ചത്. അയല്‍വാസിയായ സലീം സാഹിബിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലം സൗജന്യമായി നേടി അവിടെ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയക്ക് തുടക്കം കുറിക്കുന്നതിന് അസീസ് സാഹിബ് നേതൃത്വം വഹിച്ചു. മജ്ലിസിന്റെ അഫിലിയേഷനോടുകൂടിയ ഈ സ്ഥാപനം 1981-ല്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ഹൈദരാബാദ് സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച കേരളത്തിലെ സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത് ശ്രദ്ധേയമായിരുന്നു. മദ്‌റസ ആസ്ഥാനമായി രൂപംകൊണ്ട അട്ടക്കുളങ്ങര ഹല്‍ഖയുടെയും പ്രവര്‍ത്തകനായ അദ്ദേഹം വളരെക്കാലം ഹല്‍ഖയുടെ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചു.
കെ.എന്‍ അബ്ദുല്ല മൗലവി, കെ.ടി അബ്ദുര്‍റഹീം മൗലവി, മമ്മുണ്ണി മൗലവി, കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് എന്നിവരോടൊപ്പം പൂന്തുറ, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രസ്ഥാനപ്രവര്‍ത്തനത്തില്‍ സഹകാരിയും സഹായിയുമായി. ജില്ലയിലെ മുന്‍കാല പ്രവര്‍ത്തകരായ മദാര്‍ സാഹിബ്, ബി.ഡി.ഒ അബ്ദുസ്സലാം സാഹിബ്, പി.ജെ ഹനീഫ സാഹിബ്, പ്രഫ. പി.എ സഹീദ് സാര്‍, എ. അബ്ദുര്‍റഹ്മാന്‍ മൗലവി, ശൈഖ് അഹമ്മദ് സാഹിബ് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ഡോ. അബ്ദുല്‍ഖാദര്‍ (കാരക്കാമണ്ഡപം), എ മുഹമ്മദലി, എ. ശിഹാബുദ്ദീന്‍, എം. ബശീര്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച് പ്രസ്ഥാന പാരമ്പര്യവും തര്‍ബിയത്തും ആര്‍ജിച്ച വ്യക്തിത്വമായിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം 1978-ല്‍ പുത്തരിക്കണ്ടത്തു നടന്ന പുസ്തക പ്രദര്‍ശനത്തില്‍ ഐ.പി.എച്ച് സ്റ്റാള്‍ ഒരുക്കുന്നതിലും നടത്തിപ്പിലും അസീസ് സാഹിബ് നേതൃത്വം വഹിച്ചു. 1982-ല്‍ പൂന്തുറയില്‍ നടന്ന തബ്‌ലീഗ് സമ്മേളന നഗരിയില്‍ സ്റ്റാളിട്ടത് അദ്ദേഹമായിരുന്നു. സമ്മേളന സംഘാടകരുടെയും പ്രദേശവാസികളുടെയും എതിര്‍പ്പു കാരണം സ്റ്റാള്‍ ഒഴിവാക്കേണ്ടിവന്നു. കരിമഠം കോളനിയില്‍നിന്ന് ധാരാളം കുട്ടികളെ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും വാടാനപ്പള്ളി യതീംഖാനയിലും കോളേജിലും ചേര്‍ത്തു പഠിപ്പിക്കുന്നതില്‍ ഉത്സുകനായി. ട്രിവാന്‍ഡ്രം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് സെക്രട്ടറി, പാളയം ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം വഹിച്ചിരുന്നു. കിഴക്കേകോട്ടയിലെ പൊതു നിരത്തില്‍ ചെരുപ്പ് തട്ടുകച്ചവടം നടത്തിയാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. ചാല കലാപത്തിനു ശേഷം കരിമഠത്തെ വസതിയില്‍ മുറുക്കാന്‍കട നടത്തിയാണ് തുടര്‍ന്ന് ജീവിച്ചത്. 1994-ല്‍ പ്രസ്ഥാനം മുന്‍കൈയെടുത്ത് അദ്ദേഹത്തിന്റെ താമസം കോളനിയില്‍നിന്ന് സമീപ പ്രദേശമായ പരുത്തിക്കുഴിയിലേക്ക് മാറ്റുകയായിരുന്നു. പ്രഭാഷകനോ പണ്ഡിതനോ ആയിരുന്നില്ലെങ്കിലും അസീസ് സാഹിബ് ഇസ്‌ലാമിക പ്രബോധനരംഗത്തെ നിശ്ശബ്ദ സേവകനായിരുന്നു. എല്ലാറ്റിനും തുണയായി കൂടെയുണ്ടായിരുന്ന സഹധര്‍മിണി ആസ്യ ബീവി (65)യും ഇദ്ദ പൂര്‍ത്തിയാകുന്നതിന് ഏതാനും ദിവസം മുമ്പെ കഴിഞ്ഞ മാസം മരണപ്പെട്ടു. ശമീമ, സോഫിയ, സുമയ്യ, സാജിദ എന്നിവര്‍ മക്കളാണ്.
ഹാജി സുലൈമാന്‍ റാവുത്തര്‍
തിരുവനന്തപുരം പാളയം പ്രാദേശിക ജമാഅത്തംഗം, കെ.എസ്.ഇ.ബി റിട്ട. സീനിയര്‍ സൂപ്രണ്ട് കെ. സുലൈമാന്‍ സാഹിബ്(86) അല്ലാഹുവിങ്കലേക്ക് യാത്രയായി. കൊല്ലം പത്തനാപുരം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴയിലെ പഠനത്തിനു ശേഷം ജോലിയാവശ്യാര്‍ഥമാണ് തിരുവനന്തപുരത്തെത്തുന്നത്. പാളയത്ത് ആദ്യമായി 1963-ല്‍ ഫിത്വ്ര്‍ സകാത്ത് സംരംഭം കൊണ്ടുവന്നത് പാളയം ഹല്‍ഖയാണ്. ചീഫ് എഞ്ചിനീയറായിരുന്ന മര്‍ഹൂം ടി.പി കുട്ട്യാമു സാഹിബിന്റെ സഹകരണവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് പാളയം മഹല്ല് അതേറ്റെടുക്കുകയായിരുന്നു. അന്നുമുതല്‍ പതിറ്റാണ്ടുകളോളം അതിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചത് സുലൈമാന്‍ റാവുത്തറായിരുന്നു.
വളരെകാലം പാളയം മുസ്‌ലിം ജമാഅത്ത് പരിപാലന സമിതിയിലും തുടര്‍ന്ന് സെക്രട്ടറി (അഡ്മിനിസ്‌ട്രേഷന്‍), ചെയര്‍മാന്‍ (മഹല്ല് ഇലക്ഷന്‍ കമ്മിറ്റി), മഹല്ല് സകാത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍, തിരുവനന്തപുരം വള്ളക്കടവ് യതീംഖാന എന്നിവയുടെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. എന്തു കാര്യവും വെട്ടിത്തുറന്നു പറയുകയും മനസ്സില്‍ സൂക്ഷിക്കാതെ അപ്പോള്‍ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. പ്രായാധിക്യം കൊണ്ട് ഹല്‍ഖയില്‍ വരാതിരിക്കുമ്പോഴും ബൈത്തുല്‍മാല്‍ കൃത്യമായി എത്തിക്കുമായിരുന്നു.
എ. അബ്ദുല്‍ ഗഫൂര്‍, പാളയം തിരുവനന്തപുരം
Comments