പൊതു പൂര്‍വികനെ തെരഞ്ഞ് കാണാതെ
പ്രകൃതി തെരഞ്ഞെടുപ്പിലൂടെ ഒരു ജീവിക്കും അതിനു ദോഷമുണ്ടാക്കുന്ന ഒന്നും തന്നെ ആര്‍ജിക്കാന്‍ സാധ്യമെല്ലന്നും ഡാര്‍വിന്‍ പറയുന്നു: ''പ്രകൃതി തെരഞ്ഞെടുപ്പ് ഒരു ജീവിയിലും അതിനു ഹാനികരമായ ഒന്നും ഉണ്ടാക്കില്ല. കാരണം പ്രകൃതി തെരഞ്ഞെടുപ്പ് പ്രവര്‍ത്തിക്കുന്നത് ഓരോന്നിന്റെയും നന്മക്കു വേണ്ടിയാണ്'' (പേജ് 167). ഈ ആശയപ്രകാരം ഒരു ജീവിയിലും പാരമ്പര്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല, വാര്‍ധക്യമുണ്ടാകാന്‍ സാധ്യതയില്ല, മരണം സംഭവിക്കാനും പാടില്ല. പക്ഷേ ഈ ഭൂമുഖത്തുണ്ടായ ആദ്യ ജീവി തന്നെ മരണവുമായാണ് പ്രത്യക്ഷപ്പെട്ടത്!
ഡാര്‍വിന്‍ പറയുന്ന മറ്റൊരു കാര്യം, പ്രകൃതി തെരഞ്ഞെടുപ്പ് ഒരു സ്പീഷീസിലും മറ്റൊരു സ്പീഷീസിനു മാത്രം ഗുണം ചെയ്യുന്ന ഒരു മാറ്റവും ഉണ്ടാക്കില്ലെന്നാണ്. ഈ ആശയത്തെ കൂടുതല്‍ ഗൗരവമായിത്തന്നെയാണ് അദ്ദേഹം കാണുന്നത്: ''ഒരു ജീവിവര്‍ഗത്തിലെ ഏതെങ്കിലും ഘടനയുടെ ഭാഗം മറ്റൊരു സ്പീഷീസിന്റെ ഗുണത്തിനു മാത്രമായാണ് ഉണ്ടായതെന്നു തെളിയിക്കാമെങ്കില്‍ അത് എന്റെ സിദ്ധാന്തത്തെ ഉന്മൂലനം ചെയ്യും. കാരണം അത്തരമൊന്ന് പ്രകൃതി തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകാന്‍ സാധ്യമല്ല'' (പേജ്, 167). ധാരാളം തെളിവുകള്‍ ഈ പ്രവചനത്തിനെതിരായി കാണിക്കാനാവുന്നതാണ്. വാഴ അതുല്‍പാദിപ്പിക്കുന്ന പഴം മറ്റു ജീവികള്‍ക്കു വേണ്ടി മാത്രമാണ്. വാഴക്ക് ഒരു പ്രയോജനവുമില്ല. കപ്പയുണ്ടാക്കുന്ന കിഴങ്ങ് അതിനു വേണ്ടിയല്ല, മറ്റു ജീവികള്‍ക്കുവേണ്ടി മാത്രമാണ്. സ്ത്രീയുടെ ഗര്‍ഭപാത്രം ഉണ്ടായത് സ്വന്തത്തിന് വേണ്ടിയല്ല, കുട്ടിക്ക് വേണ്ടിയാണ്. ഇത്തരം ഉദാഹരണങ്ങള്‍ പ്രകൃതിയില്‍ ഏവര്‍ക്കും കണ്ടെത്താവുന്നതാണ്. ഒരു ജീവിയില്‍ അതിന് പ്രയോജനകരമായത് മാത്രമേ പ്രകൃതി തെരഞ്ഞെടുപ്പ് സൃഷ്ടിക്കുള്ളു എന്ന പ്രവചനത്തിനെതിരായ തെളിവുകളാണ് ഇവയൊക്കെ.
മറ്റൊരു പ്രവചനം മുന്‍ സ്പീഷീസുകള്‍ക്ക് അവയില്‍നിന്ന് പുതിയ സ്പീഷീസുകള്‍ പരിണമിച്ചുണ്ടാകുന്നതോടെ വംശനാശം സംഭവിക്കുമെന്നാണ്. ഡാര്‍വിന്‍ പറയുന്നത് കാണുക: ''ഓരോ പുതിയ ഇനവും, അന്തിമമായി ഓരോ പുതിയ സ്പീഷീസും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും അതുമായി മാത്സര്യത്തില്‍ വരുന്നവയേക്കാള്‍ ഏതെങ്കിലും പ്രകാരത്തില്‍ കൂടുതല്‍ മേന്മയുള്ളതുകൊണ്ടാണെന്നും അതുമൂലം അനുകൂലം കുറഞ്ഞ വര്‍ഗങ്ങളുടെ നാശം അനിവാര്യമാണെന്നുമുള്ള വിശ്വാസത്തിന്മേലാണ് പ്രകൃതി തെരഞ്ഞെടുപ്പ് സിദ്ധാന്തം നിലകൊള്ളുന്നത്'' (പേജ് 261-262). മറ്റൊരു സ്ഥലത്ത് പറയുന്നത് ഇപ്രകാരമാണ്: ''പഴയ സ്പീഷീസുകള്‍ക്ക് നാശം സംഭവിക്കണമെന്നത് പുതിയ സ്പീഷീസുകള്‍ ഉണ്ടാകുന്നതിന്റെ ഏതാണ്ട് അനിവാര്യമായ അനന്തരഫലമാണ്'' (പേജ് 280). ഈ പ്രവചനം പ്രകൃതി യാഥാര്‍ഥ്യങ്ങള്‍ക്കു കടകവിരുദ്ധമാണ്. ഏറ്റവും പ്രാചീനമായ സ്പീഷീസുകള്‍ (ഉദാ: ഏകകോശ ജീവികള്‍) വൈവിധ്യമാര്‍ന്ന എല്ലാ പ്രദേശങ്ങളിലും സുലഭമായി വ്യാപിച്ചു കിടക്കുന്നത് ഈ പ്രവചനം തീര്‍ത്തും തെറ്റാണെന്ന് അവിതര്‍ക്കിതമായി തെളിയിക്കുകയാണ്. പുതിയ സ്പീഷീസ് പരിണമിച്ചുണ്ടാകുമ്പോള്‍ മുന്‍ വര്‍ഗം നശിക്കുമെങ്കില്‍ ഏകകോശ ജീവികളും മറ്റു ജീവികളും ഈ ഭൂമുഖത്തുനിന്ന് എന്നോ അപ്രത്യക്ഷമാകേണ്ടിയിരുന്നു! മനുഷ്യന്‍ മാത്രമേ ഭൂമിയിലുണ്ടാവുകയുള്ളൂ!
പരിണാമ വൃക്ഷം
പരിണാമസിദ്ധാന്തം സങ്കല്‍പിക്കുന്ന ഒരു പൊതു പൂര്‍വികനില്‍നിന്ന് പരിണമിച്ചുണ്ടായ ജീവിവര്‍ഗങ്ങളുടെ പൈതൃക ചരിത്രത്തെ ജനിതകാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് പരിണാമ വൃക്ഷം.
വിവിധയിനം ജീവി വര്‍ഗങ്ങള്‍ അഥവാ സ്പീഷിസുകള്‍ എങ്ങനെയാണുണ്ടായതെന്നു വിശദീകരിക്കുന്ന സിദ്ധാന്തമായിട്ടാണ് പരിണാമ സിദ്ധാന്തത്തെ കാണുന്നതെങ്കിലും അതിന്റെ കര്‍ത്താവായ ഡാര്‍വിന്നോ, അതിനെ പിന്തുണക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കോ 'സ്പീഷീസ്' എന്താണെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. പരിണാമത്തിന്റെ ഏകകമാണ് സ്പീഷീസ്. ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ സ്പീഷീസിനെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഒരു ഡസനില്‍പരം നിര്‍വചനങ്ങള്‍ സ്പീഷീസിനുണ്ട്. ഇത് വ്യക്തമാക്കുന്നത് ജീവികളുടെ വംശപരമ്പര കാണിക്കുന്ന പരിണാമ വൃക്ഷം (Evolutionary Tree) വസ്തുനിഷ്ഠമല്ലെന്നും സ്പീഷീസിനെ എങ്ങനെ നിര്‍വചിക്കുന്നുവോ അതനുസരിച്ച് പരിണാമ വൃക്ഷത്തില്‍ സ്പീഷീസിന്റെ സ്ഥാനവും മാറുമെന്നാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജനിതകാടിസ്ഥാനത്തിലാണ് സ്പീഷീസിനെ നിര്‍വചിച്ചതെങ്കില്‍ മനുഷ്യന്‍ കുരങ്ങില്‍നിന്ന് പരിണമിച്ചുണ്ടായതെന്നായിരിക്കും ശാസ്ത്രജ്ഞന്മാര്‍ പറയുക. ആകാര (Morphological) സ്പീഷീസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീഷീസിനെ നിര്‍വചിച്ചതെങ്കില്‍ മറ്റൊരു വംശപരമ്പരയായിരിക്കും മനുഷ്യനു ലഭിക്കുക. പരിണാമവാദത്തിന്റെ അശാസ്ത്രീയ വശങ്ങളില്‍പെട്ട ഒരു വലിയ പ്രശ്‌നമാണിത്. കൂടാതെ ആണിനെയും പെണ്ണിനെയും വ്യത്യസ്ത സ്പീഷീസായിത്തന്നെ കാണേണ്ടിയും വരും.
വംശ പരമ്പരയിലൂടെയല്ലാത്ത സമാന്തര ജീന്‍ സ്ഥലമാറ്റവും (Horizontal Gene Transfer) ധാരാളം ജീവി വര്‍ഗങ്ങള്‍ക്കിടയില്‍ (കൂടുതലും സൂക്ഷ്മജീവികളില്‍) കണ്ടെത്തിയിട്ടുണ്ട്. ഒരു പൂര്‍വികനില്‍നിന്നുള്ള പരിണാമമാണ് ഡാര്‍വിന്റെ സിദ്ധാന്തം വിഭാവന ചെയ്യുന്നത്. അതായത് കുത്തനെയുള്ള വംശപരമ്പര. അങ്ങനെയാണ് പരിണാമ വൃക്ഷ(Evolutionary Tree)ത്തിന്റെ ഘടനയും. സമാന്തര ജീന്‍ സ്ഥലമാറ്റം പരിണാമ സിദ്ധാന്തത്തെയും പരിണാമ വൃക്ഷത്തെയും ചോദ്യം ചെയ്യുന്നു. കൂനിന്റെ മേല്‍ കുരുവെന്നപോലെ പരിണാമ ശാസ്ത്രജ്ഞന്മാരെ കുഴപ്പിക്കുകയാണ് ഈ വസ്തുതയും. ഏറെ അപാകതകളുള്ള പരിണാമ വൃക്ഷം ഇതും കൂടിയായപ്പോള്‍ ഒട്ടും പ്രസക്തമല്ലാതായി. പരിണാമ വൃക്ഷം പിഴുതുമാറ്റാറായില്ലേ എന്ന ചോദ്യം പരിണാമശാസ്ത്ര സാഹിത്യത്തില്‍ കൂടെക്കൂടെ ഉയരുന്നത് സ്വാഭാവികം (New Scientist 2692, 21 Jan 2009; PLOS Genetics | DOI:10.1371/journal. pgen.1005912 April 14, 2016‑).
ശാസ്ത്രതെളിവില്ലാത്ത പൊതുപൂര്‍വികന്‍
ഭൂമിയിലെ ജൈവ വൈവിധ്യം ഒരു പൊതു പൂര്‍വികനായ ജീവിയില്‍നിന്ന് പരിണമിച്ചുണ്ടായതാണെന്ന ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം തന്നെ ശാസ്ത്രത്തിനെതിരാണ്. ഇത് വിവക്ഷിക്കുന്നത് ജീവനില്ലാത്തതില്‍നിന്ന് ഒരു ജീവി ആദ്യം ഉണ്ടായെന്നാണ്. ജീവനില്ലാത്തതില്‍നിന്ന് ജീവനുണ്ടാകുമെന്നതിന് പ്രകൃതിയിലോ ശാസ്ത്രത്തിലോ ഒരു തെളിവുമില്ല. ഈ മേഖലയില്‍ ഇതുവരെ നടന്ന പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ക്രെയ്ഗ് വെന്ററുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങള്‍ ഇതിനുദാഹരണമാണ്. ഇനി ജീവനില്ലാത്ത വസ്തുക്കളില്‍നിന്ന് രാസപ്രക്രിയയിലൂടെ ജീവനുണ്ടാകുമെങ്കില്‍ പൊതു പൂര്‍വികനായ ഏകകോശ ജീവി മാത്രമല്ല ഭൂമിയിലെ മറ്റു ജീവികളും അങ്ങനെ ഉണ്ടായതാകാമല്ലോ. സസ്യങ്ങളും മൃഗങ്ങളും മനുഷ്യനുമെല്ലാം ഒരു കോശത്തില്‍നിന്ന് വളര്‍ന്നാണല്ലോ ഉണ്ടാകുന്നത്. പരിണാമപ്രക്രിയയുടെ ആവശ്യമില്ലല്ലോ. ഏതു കോണിലൂടെ നോക്കിയാലും പരിണാമ സിദ്ധാന്തം തെളിവില്ലാത്ത കേവലം സാങ്കല്‍പിക ആശയമായേ കാണാനാകൂ.
പരിണാമ കഥകള്‍
വിരോധാഭാസമെന്നു പറയട്ടെ, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ധാരാളം പരിണാമ കഥകളും അനുബന്ധ വിവരണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടുകൊിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക.
മനുഷ്യന്റെ മെച്ചപ്പെട്ട ബുദ്ധിവികാസത്തിന്റെ കാരണം താടിയെല്ലിന്റെ പേശികള്‍ക്കു ബലമില്ലാത്തതാണ്! ഇരുപത്തിനാല് ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു ജീന്‍ പരിവര്‍ത്തനം, താടിയെല്ലിന്റെ പേശികള്‍ക്കാവശ്യമായ ഒരു പ്രധാന പ്രോട്ടീന്‍ (MYH16) ഉല്‍പാദിപ്പിക്കാനുള്ള കഴിവ് ഇല്ലാതാക്കിക്കളഞ്ഞു. ഈ പ്രോട്ടീന്‍ ചിമ്പാന്‍സിക്കും ഗറില്ലക്കും ഉണ്ട്. ജീനിന് മാറ്റം സംഭവിച്ചതോടെ പ്രോട്ടീന്‍ ഉല്‍പാദനം നിലക്കുകയും താടിയെല്ലിന്റെ പേശികള്‍ ദുര്‍ബലമാകുകയും ചെയ്തു. ഈ അവസ്ഥയില്‍ നമ്മുടെ തലയോട്ടി ഇന്നത്തെ ഉരുണ്ട ആകൃതിയിലേക്കു വളരാന്‍ അതിനെ സ്വതന്ത്രമാക്കുകയും ചെയ്തിരിക്കണം. ബലമായ താടിയെല്ല് ശക്തമായ മസ്തിഷ്‌കവുമായി ഒത്തുപോകില്ലെന്നാണ് ഗവേഷകരുടെ വാദം.
ശരീരവണ്ണം കുറക്കാനുള്ള മാര്‍ഗം കണ്ടെത്താനുള്ള പഠനം ഗവേഷകരെ മറ്റൊരു പ്രോട്ടീനി(ASIP)ലേക്കാണ് ചെന്നെത്തിച്ചത്. ശരീരവണ്ണം കുറഞ്ഞ ഗിബ്ബണ്‍ കുരങ്ങുകള്‍ക്ക് ഈ പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാനുള്ള ജീനില്ലെന്ന് കാണാന്‍ കഴിഞ്ഞു. ഇതില്‍നിന്ന് മനസ്സിലാക്കിയത്, ഗിബ്ബണ്‍ കുരങ്ങുകള്‍ക്ക് മറ്റു വാലില്ലാ കുരങ്ങുകളില്‍നിന്ന് രണ്ടരകോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, പരിണാമ ദിശ മാറുന്നതിനു മുമ്പ് ഈ പ്രോട്ടീന്‍ നഷ്ടമായിരുന്നുവെന്നാണ്. തടികുറഞ്ഞ മൃഗങ്ങള്‍ക്കു തടികൂടിയതിനെ അപേക്ഷിച്ച് മരത്തിന്റെ ഒരു ശാഖയില്‍നിന്ന് മറ്റൊരു ശാഖയിലേക്ക് അനായാസം ചാടാന്‍ കഴിയുന്നു. ഇതായിരിക്കാം ഗിബ്ബണിനു മരമുകളിലെ ജീവിതം യോജിക്കാനിടയായതെന്ന് അനുമാനിക്കുന്നു!
മത്സ്യത്തിന്റെ ചെകിള പരിണമിച്ചു ചെവിയായ കഥ ശാസ്ത്രത്തെ പരിഹസിക്കുകയാണോ എന്നു തോന്നിപ്പോകും. ''ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് കടല്‍മൃഗങ്ങള്‍ക്ക്, കേള്‍ക്കാനുള്ള അവയവങ്ങള്‍ ഉണ്ടായിരുന്നു. അതുവെച്ച് അവ ശബ്ദങ്ങളെ തിരിച്ചറിഞ്ഞു. അവ പരിണമിച്ചു കരയില്‍ ജീവിക്കുന്ന മൃഗങ്ങളായപ്പോള്‍ അവക്ക് വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയേണ്ടിവന്നു. ഇത് ഒരു വെല്ലുവിളി സൃഷ്ടിച്ചു. കാരണം ദ്രാവകം നിറഞ്ഞതായ അവയുടെ ചെവികളുടെ ഉള്‍ഭാഗം അങ്ങനെത്തന്നെ നിലനിന്നിരുന്നു. ശബ്ദം ഒരു മാധ്യമത്തില്‍നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് (ഉദാ. വായുവില്‍നിന്ന് വെള്ളത്തിലേക്ക്) കടക്കുമ്പോള്‍ കുറച്ച് ഊര്‍ജം അതിന്റെ ഉപരിതലത്തുനിന്നു പ്രതിഫലിക്കപ്പെടുന്നതിനാല്‍ ആ ഊര്‍ജം ആ മാധ്യമത്തിലേക്ക് എത്താതെ പോകുന്നു. ഈ പ്രതിഫലനത്തെ കുറച്ച്, വായുവില്‍നിന്നു വരുന്ന ശബ്ദങ്ങളെ കൂടുതലായി ദ്രാവകം നിറഞ്ഞ ചെവിയുടെ ഉള്‍ഭാഗത്തെത്തിക്കാന്‍ കരയിലെ മൃഗങ്ങള്‍ ശബ്ദം ശേഖരിക്കാന്‍ പുറം ചെവികളും ശബ്ദം കൂട്ടാനായി മധ്യമ ചെവികളും പരിണമിപ്പിച്ചുണ്ടാക്കി. മധ്യമ ചെവിയുടെ ചെറിയ എല്ലുകള്‍ പരിണമിച്ചുണ്ടായത് ഇനി ആവശ്യമില്ലാത്ത ചെകിളയില്‍നിന്നാണെന്നത് കൗതുകമുളവാക്കുന്നു'' (http://www.bcm.edu/oto/research/cochlea/Volta/04.html‑).
വിസ്തരിച്ചു വിവരിക്കപ്പെട്ട, വളരെയേറെ പ്രചാരം ലഭിച്ച കഥയാണ് കുതിരയുടെ പരിണാമം. അതിന്റെ സത്ത ചുരുക്കം വരികളില്‍ ഇവിടെ കൊടുക്കുന്നു: അറുപത് മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പരിണമിച്ച കുതിരകളുടെ മേച്ചില്‍പ്രദേശം ഒരു കാലത്ത് മൃദുലമായ ഇലകളുള്ള പൊന്തകളായിരുന്നു. ഭൂമിയുടെ കാലാവസ്ഥ തണുത്ത് മര പ്രദേശങ്ങള്‍ ഏതാണ്ട് പുല്‍പ്രദേശങ്ങളായി മാറിയപ്പോള്‍ ചില കുതിരകള്‍ തുറന്ന പ്രദേശങ്ങളില്‍ മേയാന്‍ തുടങ്ങി. അത് സമൂല മാറ്റത്തിനു വഴിതെളിച്ചു. മേയുന്നതിനോട് പുല്ലുകള്‍ പ്രതികരിച്ചത് സിലിക്കയുടെ ചെറിയ അംശങ്ങള്‍ അവയുടെ ഇലകളില്‍ പരിണമിപ്പിച്ചാണ്.... കാലം പിന്നിട്ടപ്പോള്‍ അവ കുതിരകളുടെ പല്ലുകളെ തേയ്മാനമുണ്ടാക്കി നശിപ്പിച്ചു. അപ്പോള്‍ കുതിരകള്‍ക്ക് തിന്നാന്‍ വയ്യാതെയായി. അതു കാരണം കൂടുതല്‍ നീളമുള്ള ദന്തകാച(Enamel)മുള്ള കുതിരകള്‍ അതിജീവിച്ചു. സിലിക്കയുള്ള ഇലകളുടെ പരിണാമവും കുതിരകളുടെ പല്ലുകളുടെ പരിണാമവും ലക്ഷങ്ങളോളം വര്‍ഷങ്ങള്‍ ഒന്നിച്ചു തുടര്‍ന്നു. തല്‍ഫലമായി കുതിരകള്‍ കൂടുതല്‍ ദന്തകാചമുള്ള, വലുപ്പവും നീളവുമുള്ള പല്ലുകള്‍ പരിണമിപ്പിച്ചു. ആ പല്ലുകള്‍ക്കു യോജിച്ച വലിയ താടിയെല്ലുകളും ചവക്കാന്‍ വലിയ പേശികളും അേപ്പാള്‍ ആവശ്യമായിവന്നു. അങ്ങനെ കുതിരയുടെ മുഖം കൂടുതല്‍ നീണ്ടു ബലമുള്ളതായി വളര്‍ന്നു...വലുപ്പത്തിലും, ഓടാനുള്ള ശേഷിയിലും ചവക്കാനുള്ള ശേഷിയിലും ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ ഉണ്ടായ വര്‍ധനയാണ് 'കുതിര പരിണാമം' (http://www-gelogy.ucdavis.edu.8000/~gel3/coevolution.html).
ഇതുപോലുള്ള ധാരാളം കഥകള്‍ വിവിധ ശാസ്ത്ര ജേര്‍ണലുകള്‍ പൂര്‍വാധികം താല്‍പര്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടേയിരിക്കുന്നു. ഈ കഥകളൊക്കെ ശാസ്ത്രമാണെന്നാണ് നാസ്തിക ശാസ്ത്രജ്ഞരും യുക്തിവാദികളുമൊക്കെ പറയുന്നത്! ഇതിലും വലിയ വിഡ്ഢിത്തമുണ്ടോ? പരിണാമ ജീവശാസ്ത്രത്തില്‍ മാത്രമായി മുപ്പത്തിയഞ്ചിലേറെ അന്താരാഷ്ട്ര ജേര്‍ണലുകളുണ്ട്. കൂടാതെ ജീവശാസ്ത്രത്തില്‍ ആയിരക്കണക്കിനുള്ള മറ്റു ജേര്‍ണലുകളും ജൈവ പരിണാമം സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറയായ സങ്കല്‍പങ്ങളും പ്രവചനങ്ങളും അശാസ്ത്രീയവും പ്രകൃതി യാഥാര്‍ഥ്യങ്ങള്‍ക്ക് എതിരുമാണെന്ന് മേല്‍ വിശകലനം വ്യക്തമാക്കുന്നു. വളരെ ചുരുക്കം വസ്തുതകള്‍ മാത്രം ഉദാഹരണമായെടുത്താണ് ഇവിടെ വിശദീകരിച്ചത്. പൊതുവെ നോക്കുമ്പോള്‍ പരിണാമ സിദ്ധാന്തത്തിന്റെ ഒരു വശവും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. ഇത്രയും അശാസ്ത്രീയമായ പരിണാമ സിദ്ധാന്തത്തെയാണ് നാസ്തിക ലോബിയും യുക്തിവാദികളും ശാസ്ത്രം തെളിയിച്ച സിദ്ധാന്തമായി പ്രചരിപ്പിച്ച് ഈശ്വരവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത്.
(അവസാനിച്ചു)
Comments