ഗ്രാമത്തില്‍നിന്നൊരു ബാലന്‍
'മ്മേ, കുട്ടി!' വയറു നിറയെ വെള്ളം കുടിച്ചു മരിക്കാന്‍ പോവുകയായിരുന്ന കുട്ടിയെ ഇരുകൈകളും കൊണ്ട് പൊക്കിയെടുത്തുകൊണ്ട് ബിച്ചിപ്പാത്തുവിന്റെ നിലവിളി. അപ്പോഴാണ് അലക്കു കല്ലുമായി 'യുദ്ധ'ത്തിലേര്‍പ്പെട്ട ഉമ്മയുടെ ശ്രദ്ധ കുട്ടിയുടെ നേരെ തിരിഞ്ഞത്. മൂന്നോ നാലോ വയസ്സ് പ്രായമായപ്പോള്‍ ഇരുവഴിഞ്ഞിപ്പുഴയിലെ ഏത്തകല്ലിങ്ങല്‍ കടവില്‍ ഉമ്മയോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ നടന്ന ഈ സംഭവമാണ് കുട്ടിക്കാലത്തെക്കുറിച്ച ഓര്‍മകളില്‍ ആദ്യത്തേത്. ഒടുങ്ങാട്ട് മോയിന്‍ മുസ്‌ലിയാരുടെയും മാമ്പേക്കാടന്‍ ഫാത്തിമയുടെയും ഏഴ് ആണ്‍മക്കളില്‍ ഒടുവിലത്തെവനായി പിറന്ന ഈയുള്ളവനെ അന്ന് പുത്തന്‍പുരക്കല്‍ ബിച്ചിപ്പാത്തു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഇന്നീ വരികള്‍ എഴുതപ്പെടുമായിരുന്നില്ലെന്ന് കട്ടായം.
അതുപക്ഷേ, പരമ്പരയിലെ രണ്ടാമത്തെ സംഭവമാണെന്ന് ഉമ്മ പറഞ്ഞു. ആദ്യത്തേത് ഭൂമിയില്‍ പിറന്നുവീണ് ഏറെനാള്‍ കഴിയുന്നതിന് മുമ്പായിരുന്നു. കുന്നുമ്മല്‍തൊടി പറമ്പ് ബാപ്പ വിലയ്ക്കു വാങ്ങി കളപ്പുര മാത്രം ഓടിട്ടും വരാന്തയും ചായ്പും ഓലമേഞ്ഞും പണിതുയര്‍ത്തിയ വീടിന്റെ ഉമ്മറത്ത് കുഞ്ഞിനെ മടിയിലിരുത്തി എന്തോ പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു പരിചാരിക ഒടുങ്ങാട്ട് താച്ചുമ്മ. പൊടുന്നനെ താഴോട്ട് പതിച്ചുകൊണ്ടിരുന്ന വീടിന്റെ മേല്‍ക്കൂര ഒറ്റക്കൈകൊണ്ട് താങ്ങിനിര്‍ത്തിയ താച്ചുമ്മയുടെ നിലവിളി കേട്ടാണ് ഉമ്മ ഓടിയെത്തിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. പടച്ചവന്‍ രേഖപ്പെടുത്തിയ എക്‌സ്‌പെയറി ഡേറ്റ് മറ്റൊന്നായതുകൊണ്ട് ഇവനന്ന് സലാമത്തായി.
ജീവിതത്തിലേക്കുള്ള മൂന്നാമത്തെ തിരിച്ചുവരവ് 6-7 പതിറ്റാണ്ടുകള്‍ക്കു ശേഷമായതും ദൈവവിധി. ആലുവ വൈ.എം.സി.എയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അഭൂതപൂര്‍വമായ തിരക്ക്. എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളുടെ പണിമുടക്കായിരുന്നു കാരണം. നേരത്തേയെടുത്ത ടിക്കറ്റുമായി രണ്ടാം പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് ഓര്‍ത്തത്, രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയുടെ എനിക്ക് കയറേണ്ട കോച്ച് എവിടെയാണ് നിര്‍ത്തുകയെന്ന് ഞാന്‍ എന്‍ക്വയറിയില്‍ അന്വേഷിച്ചിരുന്നില്ല. വരുന്നതുവരട്ടെ എന്നു വെച്ച് ഞാന്‍ ഏതാ് പ്ലാറ്റ് ഫോമില്‍ മുന്‍ഭാഗത്ത് ഇരുപ്പുറപ്പിച്ചു. വണ്ടി ഓടിക്കിതച്ചെത്തി. എന്റെ കോച്ച് വളരെ പിന്നില്‍ സ്റ്റേഷനു പുറത്താണെന്നു കണ്ടപ്പോള്‍ നെട്ടോട്ടമായി. ഓരോ കോച്ചിലും കയറിപ്പറ്റാന്‍ നൂറുകണക്കില്‍ യാത്രക്കാരുടെ തിക്കും തിരക്കും. വണ്ടി ഉടന്‍ പുറപ്പെടുമെന്നായപ്പോള്‍ ഞാന്‍ മുന്നില്‍നിന്ന കോച്ചിന്റെ പടവുകളിലേക്ക് ഒറ്റക്കാല്‍ വെച്ചതും ട്രെയിന്‍ പുറപ്പെട്ടതും ഒരുമിച്ച്. ഗത്യന്തരമില്ലാതെ ഞാന്‍ പിന്‍വാങ്ങിയപ്പോള്‍ അടിതെറ്റി പാളങ്ങളില്‍ പതിക്കാതിരുന്നത് നടേ പറഞ്ഞ കാരണത്താല്‍ മാത്രം. എന്റെ കുടുംബത്തോടടക്കം എല്ലാവരോടും മുന്നറിയിപ്പ് നല്‍കാന്‍ ഒരിക്കലും വൈമനസ്യം കാണിച്ചിട്ടില്ലാത്ത മണ്ടത്തരം ഞാന്‍ തന്നെ യഥാസമയം മറന്നതിനെക്കുറിച്ച് മറ്റെന്തു പറയാന്‍!
ഇന്നത്തേതിന്റെ പത്തിലൊന്ന് മാത്രം ആള്‍പ്പാര്‍പ്പുണ്ടായിരുന്ന, ആണ്ടില്‍ നാലഞ്ചു തവണയെങ്കിലും പ്രളയത്തില്‍ മുങ്ങുന്ന കര്‍ഷകത്തൊഴിലാളികളും ബീഡിത്തെറുപ്പുകാരും പ്ലാവില വെട്ടുകാരും അതിജീവനത്തിനായി പൊരുതിയ, തോണിയല്ലാതെ മറ്റു ഗതാഗത സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ചേന്ദമംഗല്ലൂര്‍ എന്ന കുഗ്രാമം. ചേന്നാംകുന്ന്, ഒരങ്കുഴികുന്ന്, എടോളികുന്ന് എന്നീ കുന്നുകളുടെ താഴ്‌വാരത്തില്‍ വിശാലമായ നെല്‍വയലുകള്‍. കാലവര്‍ഷമാരംഭിക്കുന്നതോടെ ഇരുവഴിഞ്ഞി നിറഞ്ഞൊഴുകും. വയലുകളും വയലോരങ്ങളിലെ വീടുകളും പീടികകളും ചെമ്മണ്‍ റോഡും പ്രളയത്തില്‍ മുങ്ങും. നാല് കിലോമീറ്റര്‍ അകലെ മണാശ്ശേരിയില്‍ നടന്നെത്തിയാലേ ബസ് കയറാന്‍ പറ്റൂ. പനമ്പാത്തികൊണ്ട് നിര്‍മിതമായ പതിനൊന്ന് ഓവു പാലങ്ങളുള്ള ചെമ്മണ്‍ റോഡിലൂടെ ഭാരവാഹനങ്ങള്‍ ഓടിക്കൂടാ. കാളവണ്ടിയാണ് കരവഴി ചരക്കു കടത്തിന്റെ ഒരേയൊരവലംബം. അതിനാല്‍, ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും വലിയ തോണിയില്‍ കല്ലായി വഴി കോഴിക്കോട്ടുനിന്ന് കൊണ്ടുവരും. പ്ലാവിലയും ചക്കയും മാങ്ങയുമൊക്കെ തോണി അങ്ങോട്ടും കടത്തും.
പ്രളയകാലത്ത് തോണി ഗതാഗതം നിലക്കുന്നതോടെ നാട് കൊടും പട്ടിണിയില്‍ തന്നെ. പറമ്പുകളില്‍ മുറിച്ചുവീഴ്ത്തുന്ന പനത്തടികളാണ് നാട്ടുകാരുടെ വിശപ്പ് മാറ്റുന്നത്. കഷ്ണങ്ങളാക്കി മാറ്റിയ പനത്തടികള്‍ ചീളുകളാക്കി ഉണക്കി ഇടിച്ച് വലിയ കലങ്ങളില്‍ വാറ്റിയെടുക്കുന്ന പൊടി കൊണ്ടുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ക്ക് എന്ത് രുചിയാണെന്നോ? ഈന്ത്, കൂവ്വ മുതലായ സസ്യങ്ങളില്‍നിന്നും ഉണക്കിയെടുക്കുന്ന പൊടിക്കും വന്‍ ഡിമാന്റ്തന്നെ. തൊടികളില്‍ തനിയെ വളരുന്ന കാച്ചില്‍ കിഴങ്ങാണ് മറ്റൊരു ഭക്ഷ്യവസ്തു. മരച്ചീനി എന്ന കപ്പ എന്ന പൂളകൃഷി ഗ്രാമത്തില്‍ പ്രചാരം നേടുന്നത് മധ്യതിരുവിതാംകൂറിലെ 'ചേട്ടന്മാര്‍' തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി മേഖലകളില്‍ കുടിയേറിപ്പാര്‍ത്തതോടെയാണ്. ഭൂമിയും മനുഷ്യനും അതുമായി വേണ്ടവിധം ഇണങ്ങാത്തതുകൊണ്ടാവാം കപ്പ കഴിച്ചാല്‍ ഛര്‍ദിക്കുമായിരുന്നു.
നാട്ടില്‍ നല്ലൊരു ഭാഗം നെല്‍വയലുകളായിരുന്നെങ്കിലും പുറംനാട്ടുകാരായ ജന്മിമാരുടേതായിരുന്നു അതില്‍ സിംഹഭാഗവും. കൃഷിക്കാര്‍ പാടങ്ങള്‍ പാട്ടത്തിനെടുത്ത് കന്നുപൂട്ടി ഞാറ് നട്ട് ജലസേചനം നടത്തി കളപറിച്ച് ഒടുവില്‍ മകരമാസത്തില്‍ കൊയ്ത്തുകാലമായാല്‍ ദലിത്, മാപ്പിളപെണ്ണുങ്ങള്‍ കൊയ്ത്തരിവാളുമായി പാടം നിറയുകയായി. ഒരു പറ (പത്തിടങ്ങഴി) കൊയ്തുമെതിച്ചാല്‍ രണ്ടിടങ്ങഴി കൂലിയായി കിട്ടും. കൊയ്ത്തുകൂലി കഴിച്ച് ബാക്കിയില്‍നിന്ന് പകുതി ജന്മിമാര്‍ക്ക് പാട്ടം നല്‍കണം. അവിചാരിത പ്രകൃതികോപങ്ങളോ കാലാവസ്ഥാ വ്യതിയാനമോ സംഭവിച്ചാല്‍ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാറിന് പദ്ധതിയൊന്നുമില്ല. നെല്‍കൃഷിക്കാരന് റേഷന്‍ മുടക്കുക മാത്രമാണ് സര്‍ക്കാര്‍ സഹായം! നമ്മള്‍ കൊയ്യും വയലുകളെല്ലാം അമ്പതുകള്‍ക്കൊടുവില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനു ശേഷവും നമ്മുടേതായില്ല. വയലുടമകള്‍ അപ്പോഴേക്ക് പാട്ടക്കാരെ മുഴുവന്‍ ഒഴിപ്പിച്ചെടുത്തുകഴിഞ്ഞിരുന്നു.
തുടക്കത്തില്‍ ഏതാനും ആദി ആന്ധ്രര്‍ എന്ന കുശവന്മാരും കണക്കര്‍, പറയര്‍ മുതലായ ദലിത് വിഭാഗങ്ങളും പിന്നെ ഏതാനും നമ്പൂതിരി ഇല്ലങ്ങളും അവരുടെ കാര്യസ്ഥരായ നായന്മാരുമായിരുന്നുവത്രെ ചേന്ദമംഗല്ലൂര്‍ നിവാസികളിലധികവും. പിന്നീട് നമ്പൂതിരിമാര്‍ നാടുവിട്ടുപോയി. കൂടെ നായന്മാരില്‍ മിക്കവരും. പകരം കുടിയേറിയത് ഏറനാട്ടില്‍നിന്നുള്ള മാപ്പിളമാരാണ്. അപ്പോഴേക്ക് ഗ്രാമത്തിലെ പ്രധാന വ്യവസായമായ ചക്കുകളും ചക്കിങ്ങല്‍, ചക്കിട്ടക്കണ്ടി, എണ്ണത്താറ്റില്‍ തുടങ്ങിയ സ്ഥലപ്പേരുകള്‍ മാത്രം ബാക്കിനിര്‍ത്തി നാടുനീങ്ങിക്കഴിഞ്ഞിരുന്നു. ചെട്ടിയാന്മാര്‍ എന്ന് വിളിക്കപ്പെട്ട കുശവന്മാര്‍ പാര്‍ത്തിരുന്ന സ്ഥലങ്ങള്‍ ചെട്ടിയാന്‍തൊടിയുമായി. ഗ്രാമം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി മാറിയതോടെ പള്ളിയും ശ്മശാനവും മദ്‌റസയും അനിവാര്യമായി വന്നു. 1900-ലാണ് ഒതയമംഗലം ജുമാ മസ്ജിദ് സ്ഥാപിതമായത്. ഓത്തുപള്ളികളായിരുന്നല്ലോ മദ്‌റസകളുടെ ആദിരൂപം. ഇരുപതുകളില്‍ മദ്‌റസ നിലവില്‍ വന്നപ്പോള്‍ മതാധ്യാപകന്‍ അനുപേക്ഷ്യമായി. ഖുര്‍ആന്‍ ഓത്തും മതാനുഷ്ഠാനങ്ങളുടെ പ്രാഥമിക പരിചയവുമായിരുന്നു മദ്‌റസകളുടെ സാമാന്യ പാഠ്യപദ്ധതി. അത് വൃത്തിയായി പഠിപ്പിക്കാനറിയുന്നവരും നാട്ടിലുണ്ടായിരുന്നില്ല. ഇപ്പോള്‍ വെസ്റ്റ് ചേന്ദമംഗല്ലൂരായ അന്നത്തെ പടിഞ്ഞാറന്‍മുറിയില്‍ സി.ടി കോമുക്കുട്ടി മൊല്ലാക്ക (സി.ടി അബ്ദുര്‍റഹീമിന്റെയും സഹോദരന്മാരുടെയും പിതാവ്) ഒരേകാധ്യാപക മദ്‌റസ നടത്തിവന്നിരുന്നു.
ചേന്ദമംഗല്ലൂര്‍ ഒതയമംഗലം പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അന്‍സ്വാറുല്ലാഹ് സംഘത്തിന്റെ കീഴില്‍ സ്ഥാപിതമായ മദ്‌റസയില്‍ കൃത്യമായി അധ്യാപകരില്ലാതെ പഠനം മുടങ്ങിയപ്പോള്‍ പുറത്തുനിന്നൊരു മുസ്‌ലിയാരെ തേടിപ്പിടിക്കുകയല്ലാതെ ഗത്യന്തരമില്ലെന്നായി. തിരച്ചില്‍ ചെന്നെത്തിയത് ചെറുവാടിക്കാരന്‍ ഒടുങ്ങാട്ട് സീമാമുട്ടിയുടെ നാല് ആണ്‍മക്കളില്‍ രണ്ടാമനായ മോയിന്‍ മുസ്‌ലിയാരിലാണ്. അദ്ദേഹമന്ന് അന്നത്തെ പതിവനുസരിച്ച് ചാലിയപ്രത്ത് (മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്ത്) ദര്‍സ് വിദ്യാര്‍ഥിയാണ്. പതിനെട്ടു വയസ്സായ മോയിന് അക്ഷരശുദ്ധിയോടെ ഖുര്‍ആന്‍ ഓതാനറിയാം; കൂടാതെ മലയാളവും വഴങ്ങും. ഗ്രാമത്തില്‍ സ്‌കൂളില്ലാത്തതിനാല്‍ മദ്‌റസയിലാണ് മലയാള ഭാഷയും പഠിപ്പിക്കുന്നത്. അങ്ങനെ മോയിന്‍ മുസ്‌ലിയാര്‍ ബഹുഭാഷാധ്യാപകനായി! പിന്നീടദ്ദേഹം ചേന്ദമംഗല്ലൂരില്‍നിന്നു തന്നെ വിവാഹവും കഴിച്ചു. മാമ്പേക്കാടന്‍ ആലികാക്കയുടെ മൂത്തമകള്‍ പാത്തുമ്മയെ. തുടക്കത്തില്‍ ഭാര്യയെ ചെറുവാടിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് മക്കളായതില്‍പിന്നെ അദ്ദേഹം ചേന്ദമംഗല്ലൂരില്‍ വീടെടുത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഈ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമന്‍ ഉമര്‍ പതിനാറാം വയസ്സില്‍ നിര്യാതനായി. ആറാമനും ഏഴാമനുമാണ് യഥാക്രമം ഒ. അബ്ദുല്ലയും ഒ. അബ്ദുര്‍റഹ്മാനും.
എനിക്ക് ബോധമുദിക്കുന്നതിനു മുമ്പേ ബാപ്പ മതാധ്യാപക ജോലി മതിയാക്കിയിരുന്നു. ഒമ്പതംഗ കുടുംബത്തെ പോറ്റാന്‍ അതില്‍നിന്ന് കിട്ടുന്ന വേതനം തീര്‍ത്തും അപര്യാപ്തമായതാവാം കാരണം (അതുതന്നെ കൃത്യമായി കിട്ടുന്ന പതിവുമില്ല). മരക്കച്ചവടത്തിലും കാളപ്പൂട്ടലിലും തിരുത വേട്ടയിലും നായാട്ടിലുമൊക്കെയായി മുസ്‌ലിയാരുടെ ശ്രദ്ധയും താല്‍പര്യവും. തലമുറകളുടെ ഉസ്താദായതിനാല്‍ നാട്ടിന്റെ പൊതു ആദരവ് അദ്ദേഹം നേടിയെടുത്തിരുന്നു. നികാഹുകളില്‍ കാര്‍മികത്വവും തര്‍ക്കങ്ങളില്‍ മാധ്യസ്ഥവും വഹിച്ചുവന്നതോടൊപ്പം പാരമ്പര്യമായി ലഭിച്ച വിഷചികിത്സയും അദ്ദേഹം തുടര്‍ന്നു. അക്കാലത്ത് പാമ്പ് കടിയേറ്റാല്‍ വിഷഹാരികളെ സമീപിക്കുകയല്ലാതെ പോംവഴിയില്ലല്ലോ. മലമ്പ്രദേശങ്ങളില്‍നിന്ന് ശേഖരിക്കുന്ന പലതരം വേരുകളും ചില ഔഷധസസ്യങ്ങളും ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന ഗുളികകളാണ് ബാപ്പയുടെ മുഖ്യവിഷ പ്രതിരോധൗഷധം. ഒപ്പം പാമ്പിന്റെ ഇനമനുസരിച്ച് വ്യത്യസ്ത മരത്തോലുകള്‍ കൊണ്ട് നിര്‍മിച്ച ലേപനവും. പാമ്പ് കടിയേറ്റയാള്‍ക്ക് ചികിത്സ തേടി വരുന്ന ദൂതന്റെ നില്‍പും ഹാവഭാവങ്ങളും നോക്കിയാണ് ചികിത്സ സഫലമാവുമോ എന്ന് തീരുമാനിക്കുക. ഇത് തനി അന്ധവിശ്വാസമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ മന്ത്രിച്ചൂതിയ വെള്ളം കുടിപ്പിക്കുന്നതിന്റെ യുക്തി ബാപ്പയോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: 'വരുന്നവര്‍ക്ക് ഒരു മനസ്സമാധാനത്തിനാണ് മന്ത്രിച്ചൂതിയ വെള്ളം. മരുന്ന് കൊണ്ടേ വിഷം ഇറങ്ങൂ!' വിഷ ചികിത്സക്ക് പ്രതിഫലം വാങ്ങരുതെന്നാണ് ചട്ടം. സുഖപ്പെട്ടവരില്‍ ചിലര്‍ വാഴക്കുലയും മറ്റും പാരിതോഷികമായി കൊണ്ടുവരാറുണ്ട്.
അക്കാലത്തെ പതിവനുസരിച്ച് മുറുക്കും ബീഡിയും മുഖ്യാഹാരമായ ബാപ്പ-മുറുക്കിന്റെ കാര്യത്തില്‍ ഉമ്മ യഥാര്‍ഥ ജീവിത പങ്കാളിയായിരുന്നു- അമ്പതു വയസ്സ് പിന്നിട്ടപ്പോഴേക്ക് കാന്‍സര്‍ രോഗിയായി. വായക്കായിരുന്നു അര്‍ബുദം. അക്കാലത്ത് മദിരാശിയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദഗ്ധ ചികിത്സ ലഭ്യമാവുക. ബാപ്പ അഡയാറിലും പോയി. ആറേഴു വര്‍ഷം രോഗത്തോട് മല്ലടിച്ച ശേഷം, വെള്ളം പൊങ്ങിത്തുടങ്ങിയ ഒരു ജൂലൈയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ബാപ്പ ഈ ലോകത്തോട് വിട ചൊല്ലി. ഉമ്മയുടെ കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന ഞങ്ങള്‍ മക്കള്‍ അടുത്തെത്തുമ്പോള്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു ബാപ്പ. 1955-ലായിരുന്നു സംഭവം, എന്റെ പതിനൊന്നാം വയസ്സില്‍. ഏഴു മക്കളില്‍ അവസാനത്തെവനായതുകൊണ്ടാവാം മറ്റു മക്കളോടുള്ളതിനേക്കാള്‍ വാത്സല്യപൂര്‍ണമായിരുന്നു എന്നോടുള്ള പെരുമാറ്റം. ഉമ്മയാകട്ടെ അല്‍പം കര്‍ശനമായിത്തന്നെ മക്കളെ നിയന്ത്രിച്ചു. ഒമ്പതു മക്കളെയും പുറമെ രോഗിയായ ബാപ്പയെയും. വിറകുവെട്ടിയുണക്കിയും വെള്ളം കോരി കൊണ്ടുവന്നും നെല്ലുണക്കിയും ഉരലില്‍ കുത്തിയും അമ്മിയിന്മേല്‍ അരച്ചും വസ്ത്രങ്ങള്‍ അലക്കിയും വീടും പരിസരവും തൂത്തുവാരിയും വിരുന്നുകാരെ സല്‍ക്കരിച്ചും ബന്ധുക്കളെ സന്ദര്‍ശിച്ചും കല്യാണങ്ങളില്‍ കാരണവത്തിയായി പങ്കെടുത്തും ജീവിച്ച ഉമ്മ എന്ന മഹാത്ഭുതത്തെ അമ്പരപ്പ് കലര്‍ന്ന സ്‌നേഹാദരവുകളോടെയല്ലാതെ എനിക്കിപ്പോഴും ഓര്‍ക്കാന്‍ വയ്യ. വെറ്റില മുറുക്ക് എന്ന ദുശ്ശീലം ഒഴിച്ചുനിര്‍ത്തിയാല്‍ ആഹാരത്തില്‍ കര്‍ക്കശമായ ആത്മനിയന്ത്രണമായിരുന്നു അവര്‍ക്ക്. 1982-ല്‍ ഹജ്ജിന് ഉമ്മയെ കൂട്ടിപ്പോവാന്‍ അവസരമുണ്ടായി എനിക്ക്. ഒരു മാസം നീണ്ട യാത്രയിലും പ്രവാസത്തിലും ഒരിക്കല്‍ പോലും ഉമ്മ സ്വയം പാകം ചെയ്ത കഞ്ഞിയല്ലാതെ മറ്റൊന്നും കഴിച്ചില്ല. അവരുടെ ശോഷിച്ച ശരീരത്തിന് ഒന്നും സംഭവിച്ചുമില്ല. ത്വവാഫിനിടയില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കാന്‍ ഉമ്മ അതിയായി ആഗ്രഹിച്ചുവെങ്കിലും അതിഭയങ്കരമായ തിരക്കിനിടയില്‍ ഞാന്‍ അനുവദിക്കാതിരുന്നപ്പോള്‍ കടുത്ത പ്രതിഷേധമാണവര്‍ രേഖപ്പെടുത്തിയത്. 'നിജ്ജല്ലാത്ത മക്കളും എനിക്കുണ്ടല്ലോ. അവരോടൊപ്പം വന്നു ഞാന്‍ ഹജറുല്‍ അസ്‌വദ് മുത്തിക്കൊള്ളും' എന്ന് സങ്കടത്തോടെ പ്രതികരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഒരു തവണ നിങ്ങളെ ഞാന്‍ ജീവനോടെ മടക്കിക്കൊണ്ടുപോവട്ടെ, പിന്നെ വരുന്നതും ചെയ്യുന്നതുമൊക്കെ നിങ്ങളുടെ ഇഷ്ടം.' ഉമ്മയുടെ ആഗ്രഹം നടപ്പില്ലെന്ന് എനിക്കറിയാമായിരുന്നു. രണ്ടു തവണ ഹജ്ജും പലതവണ ഉംറകളും ചെയ്ത എനിക്കുപോലും അങ്ങനെയൊരു സാഹസത്തിന് ധൈര്യം വന്നിട്ടില്ല. കറുത്ത ശിലയെ മുത്തിയ മൂക്ക് തിരിച്ചുകിട്ടണമല്ലോ!
വെറ്റില മുറുക്ക് മൂര്‍ഛിച്ചപ്പോള്‍ ഉമ്മയുടെ വായില്‍ അസുഖം വന്നു. ഞാനവരെയും കൂട്ടി അന്ന് കോഴിക്കോട്ടെ ഇ.എന്‍.ടി വിദഗ്ധനായ ഡോ. സുബ്രഹ്മണ്യ അയ്യരുടെ അടുത്തുപോയി. വിശദമായ പരിശോധനക്കു ശേഷം അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ വലിയ കുഴപ്പമില്ല. മേലില്‍ സൂക്ഷിക്കണം. മുറുക്കൊക്കെ നിര്‍ത്താഞ്ഞാല്‍ അപകടമാണ്.' 'ഉം' ഉമ്മ മൂളി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉമ്മ ആദ്യം തിരഞ്ഞത് ചെല്ലപ്പെട്ടി! ഇതെന്ത് പണിയാണ് നിങ്ങളെടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഉമ്മയുടെ പ്രതികരണം: 'നിനക്കും അയാള്‍ക്കുമൊക്കെ പിരാന്താണ്.' എന്നിട്ട് ഗ്രാമത്തില്‍ മരിച്ച അഞ്ചെട്ടാളുകളുടെ പേരെണ്ണി പറഞ്ഞു, അവരെല്ലാവരും മുറുക്കുമായിരുന്നു. ഒരാളും കാന്‍സര്‍ മൂലമല്ല മരിച്ചത്. കാന്‍സര്‍ ബാധിച്ച അഞ്ചെട്ടാളുകളുടെ പേരും നിരത്തി. അവരാരും മുറുക്കിയിരുന്നില്ല! 76-മത്തെ വയസ്സില്‍, വെള്ളിമാടുകുന്നില്‍ വെള്ളിനക്ഷത്രമായി മാധ്യമം ഉദിച്ചുയര്‍ന്ന വര്‍ഷത്തില്‍ ഉമ്മ വിടപറഞ്ഞു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അസുഖം മൂലമായിരുന്നു അന്ത്യം. ആദ്യാവസാനം ഇളയമകനായ എന്റെ കൂടെ കഴിഞ്ഞ ഉമ്മ ഒരു രാത്രി പോലും മറ്റു എട്ട് മക്കളുടെ വീടുകളില്‍ താമസിച്ചില്ല. റോഡില്ലാത്ത തറവാടു വീട്ടില്‍നിന്ന് മാറി മറ്റൊരു പ്ലോട്ടില്‍ വീടുണ്ടാക്കാന്‍ ഞാനൊരുങ്ങിയപ്പോള്‍ അതും സമ്മതമായിരുന്നില്ല. ഒടുവില്‍ ഞാന്‍ പഴയ വീട് പൊളിച്ച് ആ സ്ഥലത്തുതന്നെ പുതിയൊരു വീടുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'വേരുകള്‍' ഓര്‍മിപ്പിക്കുന്ന ജീവിതാനുഭവം.
(തുടരും)
Comments