ക്രൈസ്തവരുമായുള്ള ബന്ധങ്ങള്‍
(മുഹമ്മദുന്‍ റസൂലുല്ലാഹ്-78)
ബഹുദൈവാരാധകര്‍ പാര്‍ത്തിരുന്ന നാടായിരുന്നു ഒരുകാലത്ത് മക്ക. അവിടെ ക്രിസ്ത്യാനികള്‍ വളരെ അപൂര്‍വമായിരുന്നു. പ്രവാചകന്റെ കാലത്ത് മക്കയിലുണ്ടായിരുന്ന പ്രമുഖ ക്രൈസ്തവ വിശ്വാസി വറഖത്തുബ്‌നു നൗഫല്‍ ആയിരുന്നു. നബിപത്‌നി ഖദീജയുടെ അടുത്ത ബന്ധു. അദ്ദേഹം സിറിയയില്‍ വെച്ച് ക്രിസ്തുമതം സ്വീകരിക്കുകയും പുരോഹിതന്മാര്‍ക്കൊപ്പം ചേര്‍ന്ന് സിറിയാക് ഭാഷയും മറ്റും പഠിക്കുകയും ചെയ്തു. സുവിശേഷത്തിന്റെ ചില ഭാഗങ്ങള്‍ അദ്ദേഹം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുക പോലുമുണ്ടായിട്ടുണ്ട്. ഈ വിവരങ്ങളൊക്കെ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പിന്നെ മക്കയിലുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ഏറക്കുറെ എല്ലാവരും അടിമകളായിരുന്നു.1
ഹിജ്‌റക്കു മുമ്പ് മക്കയില്‍ വെച്ച് പ്രവാചകനുമായി സന്ധിച്ച ഇരുപതംഗ ക്രിസ്ത്യന്‍ പ്രതിനിധി സംഘത്തെക്കുറിച്ച് ഇബ്‌നു ഇസ്ഹാഖ്2 പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു കേട്ടപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കാനാണ് സാധ്യത. ക്രിസ്ത്യാനിയായ തമീമുദ്ദാരി3 (സാഹസിക യാത്രകള്‍ കാരണമാവാം അദ്ദേഹത്തിന് ആ പേര് കിട്ടിയത്.4 'ദാരി' എന്നാല്‍ കടല്‍സഞ്ചാരി എന്നാണര്‍ഥം) ഇസ്‌ലാം സ്വീകരിച്ചതും ഹിജ്‌റക്കു മുമ്പാണെന്ന് പറയപ്പെടുന്നു.
പ്രവാചകന്‍ 'ഫാസിഖ്' എന്നു വിശേഷിപ്പിച്ച ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മദീനയിലുണ്ടായിരുന്നു. പേര് അബൂ ആമിര്‍ അര്‍റഹീബ്.5 പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ അയാള്‍ അവിടം വിട്ട് മക്കയില്‍ പാര്‍പ്പുറപ്പിച്ചു. ഉഹുദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ തന്റെ പതിനഞ്ച് (അല്ലെങ്കില്‍ അമ്പത്) കൂട്ടുകാരുമായി പങ്കെടുത്തു. ഇവരും ക്രിസ്ത്യാനികളായിരിക്കണം.
ബൈസാന്റിയ, ഗസ്സാന്‍, ഐലാ, ദൂമതുല്‍ ജന്‍ദല്‍, ത്വയ്യ് എന്നീ പ്രദേശങ്ങളുമായി/ഗോത്രങ്ങളുമായി ബന്ധപ്പെട്ട ക്രൈസ്തവരുമായുള്ള ബന്ധങ്ങളെക്കുറിച്ച് നാം പറഞ്ഞുകഴിഞ്ഞു. ധാരാളമായി ക്രിസ്ത്യാനികളുള്ള ഒരൊറ്റ ഗോത്രമേ ഉണ്ടായിരുന്നുള്ളൂ. ബന്‍ഹാരിസ് എന്നാണ് അത് അറിയപ്പെട്ടിരുന്നത് (ഈ വാക്ക് ബനുല്‍ ഹാരിസ് ബ്‌നു കഅ്ബ് എന്നതിന്റെ ചുരുക്കപ്പേരാണ്). യമനിലെ നജ്‌റാനിലുള്ള മദ്ഹിജ് ഗോത്ര സമൂഹത്തിന്റെ ഒരു താവഴിയാണിത്.
നജ്‌റാന്‍
നജ്‌റാന്‍ താഴ്‌വര ഫലപുഷ്ഠിക്ക് പേരു കേട്ടതാണ്. സ്ട്രാബോ (Strabo), പ്ലിനി (Pliny) എന്നീ ചരിത്രകാരന്മാര്‍ പറയുന്നത് ഏലിയസ് ഗാലിസ് (Aelious Galis) ചക്രവര്‍ത്തി (251-253) നജ്‌റാന്‍ നഗരം ആക്രമിക്കുകയും അത് കീഴ്‌പ്പെടുത്തി നശിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ്. നമാരഹിലുള്ള പ്രശസ്ത ലിഖിതത്തില്‍ ആ ആക്രമണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ദേശാന്തര കാരവനുകള്‍ കടന്നുപോകുന്ന രാജപാതയില്‍ നിലകൊണ്ടിരുന്ന നഗരം സമ്പന്നമായിരുന്നു. തുണി, തുകല്‍ വ്യവസായങ്ങള്‍ അവിടെ തഴച്ചുവളര്‍ന്നു. പ്രവാചകന്റെ കാലത്തും തുണിവ്യവസായത്തിന് നജ്‌റാന്‍ പേരു കേട്ടതായിരുന്നു. ജൂതരാജാവായ ദുന്നുവാസ് നജ്‌റാനിലെ ക്രിസ്ത്യാനികളെ പിടികൂടി കിടങ്ങുകളിലിട്ട് ജീവനോടെ കത്തിച്ച സംഭവം പരാമര്‍ശിക്കുക വഴി വിശുദ്ധ ഖുര്‍ആന്‍ (ഉഖ്ദൂദ് അധ്യായം(6) അതിനെ മാനവസ്മൃതിയില്‍ സ്ഥിരപ്രതിഷ്ഠമാക്കുകയാണ് ചെയ്തത്. ആധുനിക കാലത്തെ ചില സഞ്ചാരികള്‍, മദീനത്തുല്‍ ഉഖ്ദൂദി (ഉഖ്ദൂദ് നഗരം) ന്റെയും ക്രിസ്ത്യന്‍ രക്തസാക്ഷികളെ ആദരിക്കാനായി ഉമറു ബ്‌നുല്‍ ഖത്ത്വാബ് അവിടെ പണിത മസ്ജിദിന്റെയും ശേഷിപ്പുകള്‍ ഇപ്പോഴും അവിടെയുണ്ടെന്ന് എഴുതിയിരുന്നു.
വിമതസ്വരമുയര്‍ത്തിയവരെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി (ഭരണകാലം 527-565) പീഡിപ്പിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍, ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനികള്‍ ധാരാളമായി നജ്‌റാനില്‍ അഭയം തേടിയിരുന്നു.7 ഇതിനൊക്കെ ശേഷമാണ് ബൈസാന്റിയന്‍ ചക്രവര്‍ത്തിമാര്‍ നജ്‌റാനില്‍ ചര്‍ച്ചുകള്‍ പണിതതും അവിടത്തെ ബിഷപ്പിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയതും (വടക്കേ അറേബ്യയിലെ ബക്‌റു ബ്‌നു വാഇല്‍ ഗോത്രത്തില്‍പെടുന്നയാളായിരുന്നു ബിഷപ്പ്).8 നജ്‌റാന്‍ താഴ്‌വരയിലെ എല്ലാവരും അല്ലെങ്കില്‍ ബന്‍ഹാരിസ് കുടുംബം ഒന്നടങ്കം ക്രിസ്തുമതം സ്വീകരിച്ചു എന്ന് വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. ബന്‍ഹാരിസ് ഗോത്രത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച കുടുംബങ്ങളുടെ തലവന്മാര്‍ക്ക് പ്രവാചകന്‍ നല്‍കിയ പ്രമാണപത്രങ്ങളില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ഇനിയും ബഹുദൈവാരാധന ഉപേക്ഷിച്ചിട്ടില്ലാത്ത ബന്ധുക്കളുമായി ബന്ധം വിഛേദിക്കാന്‍ ചില കുടുംബത്തലവന്മാരോട് ആ പ്രമാണ പത്രങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. അവരുടെ ക്രിസ്ത്യന്‍ ബന്ധുക്കളെക്കുറിച്ച് അവയില്‍ പറയുന്നുമില്ല. ഒപ്പം, നജ്‌റാന്‍ ക്രിസ്ത്യാനികളുമായി ഒരു കരാറിലെത്തിച്ചേര്‍ന്ന പ്രവാചകന്‍ (അതിനെക്കുറിച്ച് ഉടന്‍ പറയുന്നുണ്ട്), ആ കരാറിനു ശേഷം ബന്‍ഹാരിസക്കെതിരെ രണ്ട് സൈനിക ദളങ്ങളെ അയക്കുന്നുണ്ട്, ഒന്ന് ഖാലിദു ബ്‌നു വലീദിന്റെയും മറ്റേത് അലിയ്യുബ്‌നു അബീത്വാലിബിന്റെയും നേതൃത്വത്തില്‍. ഈ പടയോട്ടങ്ങള്‍ക്ക് ക്രിസ്ത്യാനികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലതാനും.9
പ്രവാചകന്റെ ഒരു കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്.10 അതില്‍ ഇങ്ങനെ വായിക്കാം:
'മുഹമ്മദില്‍നിന്ന് നജ്‌റാനിലെ ബിഷപ്പുമാര്‍ക്ക്. അബ്രഹാമിന്റെയും യിസാഖിന്റെയും ജേക്കബിന്റെയും നാമത്തില്‍. ഞാന്‍ നിങ്ങളെ സൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ക്ഷണിക്കുന്നു; സൃഷ്ടികളുമായുള്ള ഉടമ്പടി വിട്ട് അല്ലാഹുവുമായി ഉടമ്പടി ചെയ്യാനും. നിങ്ങളിത് വിസമ്മതിക്കുന്നുവെങ്കില്‍ തലവരി നല്‍കണം. തലവരിയും നല്‍കുന്നില്ലെങ്കില്‍ യുദ്ധപ്രഖ്യാപനമേ വഴിയുള്ളൂ. അഭിവാദ്യങ്ങള്‍.'
ഈ കത്തെഴുതാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. സുഹ്‌രി11 പറയുന്നത്, ഇസ്‌ലാമിക രാഷ്ട്രത്തില്‍ തലവരിച്ചുങ്കം ആദ്യമായി നല്‍കുന്നത് നജ്‌റാനികളാണ് എന്നാണ്. ഹിജ്‌റ ഒമ്പതാം വര്‍ഷം റജബ് മാസത്തില്‍ തബൂക്ക് പടയോട്ടക്കാലത്ത് ഐലായും ഈ സംവിധാനത്തിനു കീഴില്‍ വന്നതായി പറയപ്പെടുന്നുണ്ട്. അതിനു മുമ്പായിരിക്കണം നജ്‌റാനികള്‍ ഈ വ്യവസ്ഥ അംഗീകരിച്ചത്. ഏതായാലും ഇപ്പോള്‍ ഉദ്ധരിച്ച കത്ത് അവരുമായി ഉടമ്പടി ഉണ്ടാക്കുന്നതിനു മുമ്പ് എപ്പോഴോ എഴുതിയതായിരിക്കണം, ഏകദേശം ഹിജ്‌റ എട്ടിനും ഒമ്പതിനും ഇടക്കുള്ള ഒരു സന്ദര്‍ഭത്തില്‍. ബഹ്‌റൈനിലെ ജൂതന്മാരും തബൂക്ക് സൈനിക നീക്കത്തിന്റെ മുമ്പ് തന്നെ തലവരി നല്‍കാന്‍ സമ്മതിച്ചിരുന്ന കാര്യം നമുക്കിവിടെ ഓര്‍ക്കാം.
എന്തായിരുന്നാലും, നജ്‌റാനിലെ ക്രിസ്ത്യാനികള്‍ മദീനയിലേക്ക് അയച്ചത് ഒരു അറുപതംഗ പ്രതിനിധി സംഘത്തെയാണ്. അവരുടെ മതപഠന, നിയമ വേദിയായ 'മിദ്‌റാസി'ന്റെ തലവനും ബിഷപ്പുമായ അബൂഹാരിസത്തുബ്‌നു അല്‍ഖമ, വികാരി (ആഖിബ്)യായ അബ്ദുല്‍ മസീഹ്, യാത്രാസംഘത്തെ നയിച്ച അല്‍ ഐഹം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധിസംഘം വന്നത്. നമ്മുടെ ചരിത്ര കൃതികളില്‍ ധാരാളം വിശദാംശങ്ങള്‍ കാണാം.12 ഇവരുടെ വസ്ത്രങ്ങളും ഒട്ടകങ്ങളും മദീനക്കാരില്‍ വലിയ കൗതുകമുളവാക്കി. ഒരു വൈകുന്നേരം പ്രവാചകനെ കാണാനായി അവര്‍ മസ്ജിദിലേക്കാണ് വന്നത്. തങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ സമയമായെന്ന് അവര്‍ അറിയിച്ചപ്പോള്‍ പ്രവാചകന്‍ മസ്ജിദ് അവര്‍ക്ക് വിട്ടുകൊടുത്തു. ''പ്രാര്‍ഥിക്കാനായി അവര്‍ കിഴക്കോട്ടാണ് തിരിഞ്ഞത്. രാജാവിന്റെ മതം പിന്തുടരുന്ന ക്രിസ്ത്യാനികളായിരുന്നു അവര്‍; ചില കാര്യങ്ങളില്‍ അവരുടേതായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും.'' വന്നവരില്‍ രാജകീയ ക്രിസ്ത്യാനികള്‍ (ങലഹസശലേ,െ അറബിയില്‍ മലകി) ആയിരുന്നു; അല്ലാത്തവരും ഉണ്ടായിരുന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. വിഷയം സ്വാഭാവികമായും ഇസ്‌ലാം, ക്രൈസ്തവ ആശയങ്ങള്‍ തന്നെ. ഈ ചര്‍ച്ചയില്‍ എന്തിന് ജൂതന്മാര്‍ ഇടപെട്ടു എന്ന് വ്യക്തമല്ല. ഒടുവില്‍ ഈ സംവാദം ജൂതന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള തര്‍ക്കമായി പരിണമിച്ചു. പ്രവാചകന് ഈ സന്ദര്‍ഭത്തില്‍ മൂന്നാം അധ്യായത്തിലെ എണ്‍പതിലധികം ഖുര്‍ആനിക സൂക്തങ്ങളാണ് അവതരിച്ചത്. ഏതായാലും ഈ അധ്യായത്തില്‍ ആദ്യത്തെ 89 സൂക്തങ്ങള്‍ പ്രവാചകനും നജ്‌റാനികളും തമ്മില്‍ നടന്ന സംവാദങ്ങളുടെ ഓര്‍മ നിലനിര്‍ത്തുന്നവ കൂടിയാണ്. ക്രൈസ്തവതയെക്കുറിച്ച ഏതാണ്ടെല്ലാ ഇസ്‌ലാമിക വിശദീകരണങ്ങളും നമുക്കവിടെ കാണാം. അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനും സര്‍വപരിപാലകനുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് മൂന്നാം അധ്യായം ആരംഭിക്കുന്നത്. നമുക്ക് ആ സൂക്തങ്ങളെ വിശകലനം ചെയ്തു നോക്കാം. യേശു ദൈവമാണ്, അങ്ങനെയായിരുന്നിട്ടു കൂടി യേശു കുരിശിലേറ്റപ്പെട്ട് മരിച്ചു എന്ന വാദത്തിലേക്കുള്ള സൂചനയുണ്ട് അതില്‍. തുടര്‍ന്നുള്ള സൂക്തം പറയുന്നത്, മുഹമ്മദിന് അവതീര്‍ണമായ ഗ്രന്ഥം മുന്‍വേദങ്ങളായ തോറയെയും ഇഞ്ചീലിനെയും സത്യപ്പെടുത്തുന്നു എന്നാണ്. അതിനൊക്കെയും കഴിവുള്ളവന്‍ തന്നെ അല്ലാഹു. അല്‍പ്പംകൂടി മുന്നോട്ടു പോയാല്‍ ഇങ്ങനെ കാണാം: ''പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും..... പറയുക: അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്മാറുകയാണെങ്കില്‍, അറിയുക, അല്ലാഹു സത്യനിഷേധികളെ ഒരിക്കലും സ്‌നേഹിക്കില്ല. ആദം, നോഹ, അബ്രഹാം കുടുംബം, ഇംറാന്‍ കുടുംബം ഇവരെയൊക്കെ ലോകജനതകളില്‍നിന്ന് അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു'' (3:31-33). ഇവിടെ പറയുന്ന ഇംറാന്‍ മോസസിന്റെ പിതാവാണ്.
പിന്നെ ഖുര്‍ആന്‍ സംസാരിക്കുന്നത് യേശുവിന്റെ മാതാവ് മേരിയെക്കുറിച്ചാണ്. ദത്തെടുക്കുക വഴി ഇംറാന്‍ കുടുംബത്തിലെത്തിച്ചേര്‍ന്ന മേരിയുടെ ജനനവും പിന്നെയവര്‍ അത്യത്ഭുതകരമായ വിധത്തില്‍ യേശുവിന് ജന്മം നല്‍കുന്നതും വിവരിക്കുന്നു: ''തൊട്ടിലില്‍ വെച്ചു തന്നെ അവന്‍ ജനത്തോട് സംസാരിക്കും; പ്രായപൂര്‍ത്തിയെത്തിയ ശേഷവും..... അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രായേല്‍ മക്കളിലേക്കുളള ദൂതനായി അവനെ നിയോഗിക്കും'' (3:46-49). ഇതിലെ ഒടുവിലത്തെ വാക്യം ശ്രദ്ധിക്കുക. യേശു തന്റെ അനുയായികളെ ആശയപ്രഘോഷണത്തിനായി അയക്കുന്ന സന്ദര്‍ഭത്തില്‍ അവരോട് പറയുന്നത്, 'യിസ്രയേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളെ' (മത്തായി 10:6) മാത്രം പരിഗണിക്കാനാണ്. പിന്നീട് ഖുര്‍ആന്‍ യേശുവിനെ ആദമിനോട് താരതമ്യപ്പെടുത്തുന്നുണ്ട്. ആദമിന് പിതാവ് മാത്രമല്ല മാതാവും ഇല്ലായിരുന്നല്ലോ. അങ്ങനെയെങ്കില്‍ ആദമിന്റെ ജനനമല്ലേ, യേശുവിന്റെ ജനനത്തേക്കാള്‍ അത്യത്ഭുതകരം? രണ്ട് ജനനവും ദൈവത്തിന്റെ സമ്പൂര്‍ണ ശക്തിവിശേഷത്തിനുള്ള തെളിവുകള്‍ മാത്രം. ഒടുവില്‍ പറയുന്ന കാര്യങ്ങളും വളരെ ശ്രദ്ധേയം:
''നിനക്ക് യഥാര്‍ഥ ജ്ഞാനം വന്നെത്തിയ ശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ വരുന്നുവെങ്കില്‍ അവരോട് പറയുക: 'നിങ്ങള്‍ വരൂ. നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്ക് വിളിച്ചു ചേര്‍ക്കാം നമുക്ക് ഒന്നു ചേര്‍ന്ന് കൂട്ടായി അകമഴിഞ്ഞു പ്രാര്‍ഥിക്കാം, കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാകട്ടെ എന്ന്.' ഇത് സത്യസന്ധമായ സംഭവ വിവരണമാണ്. അല്ലാഹുവല്ലാതെ ഒരു ദൈവവും ഇല്ലെന്നു തീര്‍ച്ച. ആ അല്ലാഹു തന്നെയാണ് പ്രതാപിയും യുക്തിമാനും. ഇനിയവര്‍ പിന്തിരിയുന്നുവെങ്കിലോ, അറിയുക, നാശം വിതക്കുന്നവരെക്കുറിച്ച് നന്നായിട്ടറിയാം അല്ലാഹുവിന്. പറയുക: 'വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്ക് വരിക. അത് ഇതാണ്: അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' ഇനിയും അവര്‍ പിന്തിരിയുകയാണെങ്കില്‍ പറഞ്ഞേക്കുക: ഞങ്ങള്‍ ദൈവത്തിന് വിധേയപ്പെട്ടവരാണെന്ന് നിങ്ങള്‍ സാക്ഷി പറയുക'' (3:61-64). ഖുര്‍ആന്‍ നല്‍കിയ ഈ അന്ത്യശാസന(കള്ളം പറയുന്നവര്‍ക്കെതിരെ ഇരുവരും ചേര്‍ന്ന് നടത്തുന്ന ശാപപ്രാര്‍ഥന)ത്തിന്റെ പശ്ചാത്തലത്തില്‍ നജ്‌റാന്‍ പ്രതിനിധിസംഘം സ്വകാര്യ ചര്‍ച്ചക്കായി ഒരിടത്തേക്ക് മാറിനിന്നു. ഖുര്‍ആനിക സൂക്തങ്ങളില്‍ സൂചിപ്പിക്കപ്പെട്ടതുപോലുള്ള ഗുരുതര കാര്യങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. രാഷ്ട്രീയ വിധേയത്വം അംഗീകരിച്ചുകൊണ്ടുള്ള ഒരു സമാധാനക്കരാര്‍ ഉണ്ടാക്കാനും ധാരണയായി. പ്രവാചകന്‍ അവരുടെ നിര്‍ദേശം സ്വീകരിച്ചു; സമാധാനക്കരാര്‍ എഴുതിയുണ്ടാക്കി. ആ ടെക്സ്റ്റ് നാം എടുത്തു ചേര്‍ക്കുന്നുണ്ട്. തങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടപെടുന്നതിനായി ഒരാളെ നിശ്ചയിച്ചുതരണമെന്നായി അവര്‍. നിശ്ചയിച്ചുകൊടുത്തത് അബൂഉബൈദയെ. സത്യത്തോടൊപ്പം നിന്ന് മാത്രമേ വിധി നടത്താവൂ എന്ന് അദ്ദേഹത്തോട് പ്രവാചകന്‍ ആവശ്യപ്പെടുകയുണ്ടായി.
(തുടരും)
കുറിപ്പുകള്‍
1. വറഖയെക്കുറിച്ച വിശദീകരണത്തിന് ഇബ്‌നു ഹിശാം പേ: 143, ബുഖാരി 60/21/1 ഇബ്‌നു ഹിശാം പേ: 260. ജബ്‌റിനെക്കുറിച്ച് ഇബ്‌നു ഹിശാം പേ: 260. അദ്ദാസിനെക്കുറിച്ച് സുഹൈലി ക, 123. കോപ്റ്റ് ക്രിസ്ത്യാനിയായ ബാഖൂമിനെക്കുറിച്ച് അതേ കൃതി I, 130. ഇഖ്‌രിമയുടെ ഗ്രീക്ക് അടിമയെക്കുറിച്ച് അറിയാന്‍ ബലാദുരിയുടെ അന്‍സാബ് I, 744. അതേ കൃതി 342, 989 എന്നീ പേജുകളില്‍ ത്വാഇഫിലെ അസ്‌റഖ് അര്‍റൂമി എന്നൊരാളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇദ്ദേഹവും ക്രിസ്ത്യാനി തന്നെയായിരിക്കണം.
2. ഇബ്‌നു ഹിശാം പേ: 259
3. വസാഇഖ് No. 43
4. മുസ്‌ലിം- സ്വഹീഹ് 52, No: 119122
5. അദ്ദേഹത്തെക്കുറിച്ച് അറിയാന്‍ എന്റെ ലേഖനം കാണുക (Journal of Pakistan Historical Society, Karachi, 1959, VII/4, p. 231-240)
6. ഖുര്‍ആന്‍ 85: 4
7. മോബര്‍ഗ് (Moberg) എഡിറ്റ് ചെയ്ത The Book of Himyarites.
8. ഇബ്‌നു ഹിശാം, പേ: 401
9. വസാഇഖ് No. 7880, ഇബ്‌നു സഅ്ദ് 2/ പേ: 122
10. വസാഇഖ് No. 93
11. അബൂഉബൈദ് പേ: 67
12. ഇബ്‌നു ഹിശാം പേ: 380-1, 401-11
Comments