Prabodhanm Weekly

Pages

Search

2018 നവംബര്‍ 16

3076

1440 റബീഉല്‍ അവ്വല്‍ 07

വൈരുധ്യങ്ങള്‍

സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

ആധുനിക ക്രിസ്തീയ മതത്തിന്റെ തത്ത്വങ്ങള്‍ ആസ്പദിച്ചു നില്‍ക്കുന്ന പുതിയ നിയമം (The New Testament)  സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിന്റെ പുതിയ ഓരോ എഡിഷനും മുന്‍ എഡിഷനുകളില്‍നിന്ന് വ്യത്യാസപ്പെട്ടുനില്‍ക്കുന്നു. കൊണ്ടുവരുന്ന മാറ്റങ്ങള്‍ വളരെ അടിസ്ഥാനപരമായതിനാല്‍ ക്രൈസ്തവതയുടെ  അടിത്തറക്കു തന്നെയാണ് അവ ക്ഷതം വരുത്തുന്നത്. ഉദാഹരണത്തിന്, യേശുവിന്റെ അവരോഹണ(Ascension)ത്തെക്കുറിച്ച് മാര്‍ക്കോസിന്റെയും ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ മാത്രമാണ് പരാമര്‍ശമുണ്ടായിരുന്നത്. എന്നാല്‍, പുതിയ നിയമത്തിന്റെ റിവൈസ്ഡ് സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍(1952)നിന്ന് ആ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു. യേശു അവരോഹണം ചെയ്യുകയാണുണ്ടായത് എന്നതിനുള്ള തെളിവുകളായിരുന്നു ഈ പരാമര്‍ശങ്ങള്‍. അവ ഇങ്ങനെ വായിക്കാം: ''ഇങ്ങനെ കര്‍ത്താവായ യേശു അവരോട് അരുളിച്ചെയ്ത ശേഷം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു'' (മാര്‍ക്കോസ് 16:19). ''അവരെ അനുഗ്രഹിച്ച ശേഷം അവന്‍ അവരെ വിട്ടുപിരിഞ്ഞു, സ്വര്‍ഗാരോഹണം ചെയ്തു'' (ലൂക്കോസ് 24:51). മാര്‍ക്കോസിന്റെ സുവിശേഷത്തില്‍നിന്ന് ഈ പരാമര്‍ശം (16:19) മാത്രമല്ല, അതിന് തൊട്ടു മുമ്പും ശേഷവുമുള്ള കുറേ വരികളും ഒഴിവാക്കിയിരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തില്‍നിന്ന് (24:51) 'സ്വര്‍ഗാരോഹണം ചെയ്തു' (carried up into heaven) എന്ന പരമാര്‍ശം മാത്രമേ നീക്കിയിട്ടുള്ളൂ.

മത്തായിയുടെ സുവിശേഷത്തില്‍ (6:27,28) നാമിങ്ങനെ വായിക്കുന്നു: ''മനുഷ്യപുത്രന്‍ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്ക് തക്കവണ്ണം പകരം നല്‍കും. മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ട് എന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു.'' ഈ പ്രവചനം ഒരിക്കലും സത്യമായി പുലര്‍ന്നിട്ടില്ലല്ലോ. അതിനാല്‍ ഈ ഭാഗം മത്തായിയുടെ സുവിശേഷത്തില്‍ കൂട്ടിച്ചേര്‍ത്തതാകാനേ വഴിയുള്ളൂ. കാരണം ദൈവത്തിന്റെ സത്യപ്രവാചകനായ യേശു നടത്തിയ പ്രവചനം ഒരു കാരണവശാലും പുലരാതിരിക്കില്ല.

പത്രോസിനെക്കുറിച്ച് പറയുമ്പോള്‍ മത്തായിയുടെ സുവിശേഷത്തില്‍ (16:17-19) ഒരേ പേജില്‍ തന്നെ വൈരുധ്യങ്ങള്‍ കാണാം: ''യേശു അവനോട് പറഞ്ഞു: ബര്‍യോനാശിമോനേ, നീ ഭാഗ്യവാന്‍. ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവത്രെ നിനക്ക് ഇത് വെളിപ്പെടുത്തിയത്.... നീ പത്രോസ് ആകുന്നു.... സ്വര്‍ഗ രാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരുന്നു. നീ ഭൂമിയില്‍ കെട്ടുന്നത് ഒക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും.'' ഇപ്പറഞ്ഞതിന് തീര്‍ത്തും വിരുദ്ധമാണ് തൊട്ടുടനെയുള്ള ഈ വരികള്‍: ''അവന്‍ (യേശു) പത്രോസിന് നേരെ തിരിഞ്ഞ് പറഞ്ഞു: സാത്താനേ, എന്നെ വിട്ടുപോ. നീ എനിക്ക് ഇടര്‍ച്ചയാകുന്നു. നിനക്ക് ദൈവത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്ല, മനുഷ്യരെ സംബന്ധിക്കുന്ന കാര്യങ്ങളിലാകുന്നു ശ്രദ്ധ'' (മത്തായി 16:23).

കുരിശിലേറ്റി എന്ന് പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു: ''അവനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.'' രണ്ട് കള്ളന്മാരും ഒരേ തരത്തില്‍ പെരുമാറി എന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാവുക. പക്ഷേ ലൂക്കോസിന്റെ സുവിശേഷത്തില്‍ (23:39,40) മറ്റൊരു രീതിയിലാണ് ഇത് വന്നിരിക്കുന്നത്: ''തൂക്കിലേറ്റപ്പെട്ട ദുഷ്പ്രവൃത്തിക്കാരില്‍ ഒരുവന്‍ യേശുവിനെ ദുഷിച്ചുകൊണ്ട് പറഞ്ഞു: 'നീ ക്രിസ്തു ആണെങ്കില്‍ നിന്നെയും ഞങ്ങളെയും രക്ഷിക്കുക'. മറ്റവനോ അവനെ ശാസിച്ചു: ഒരേ ശിക്ഷ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലേ?'' ഈ രണ്ടാമത്തെ വിവരണത്തില്‍ ഇരു കള്ളന്മാരും ഒരേ വിധമല്ല യേശുവിനോട് പെരുമാറുന്നത്, വിരുദ്ധമായ രീതിയിലാണ്.

മാറ്റത്തിരുത്തലുകളും വൈരുധ്യങ്ങളും പുതിയ നിയമത്തില്‍ മാത്രമല്ല, പഴയ നിയമത്തിലും കാണാനുണ്ട്.1 'രാജാക്കന്മാര്‍' രണ്ടാം പുസ്തകത്തില്‍ (8:26) പറയുന്നു: ''അഹസ്യാവു (Ahaziah) രാജാവായി. അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു.'' 'ദിനവൃത്താന്തം' രണ്ടാം പുസ്തകത്തില്‍ (Chronicles II) വന്നതിന് (22:2) വിരുദ്ധമാണിത്. അതില്‍ പറയുന്നു: ''അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന് നാല്‍പത്തിരണ്ട് വയസ്സായിരുന്നു.'' മറ്റൊരു വൈരുധ്യം 'രാജാക്കന്മാര്‍' രാം പുസ്തകത്തില്‍ (24:8): ''യഹോയാഖീന്‍ (Jehoiachin) വാഴ്ച തുടങ്ങിയപ്പോള്‍ അവന് പതിനെട്ട് വയസ്സായിരുന്നു. അവന്‍ യെരൂശലമില്‍ മൂന്ന് മാസം വാണു.'' എന്നാല്‍ 'ദിനവൃത്താന്തം' രണ്ടാം ഭാഗത്ത് (36:9) ഇങ്ങനെയാണുള്ളത്: ''യഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ട് വയസ്സായിരുന്നു. അവന്‍ മൂന്നു മാസവും പത്ത് ദിവസവും യെരൂശലമില്‍ വാണു.''

'ശമുവേല്‍' (Samuel) രണ്ടാം പുസ്തകത്തില്‍ (6:23) ഇങ്ങനെ കാണാം: ''എന്നാല്‍ ശൗലിന്റെ മകളായ മീഖളി(Michal)ന്ന് അവളുടെ മരണം വരെ ഒരു കുട്ടിയും ഉണ്ടായില്ല.'' 'ശമുവേല്‍' രണ്ടാം പുസ്തകത്തില്‍ തന്നെ (21:8) ഇതിന് വിരുദ്ധമായ പരാമര്‍ശവും നാം കാണുന്നു: ''അയ്യാവിന്റെ മകള്‍ രിസ്പ, ശൗലിന് പ്രസവിച്ച രണ്ട് പുത്രന്മാരായ അര്‍മോനിയയെയും മെഫീബോശെത്തിനെയും ശൗലിന്റെ മകളായ മീഖള്‍, മെഹലോത്യര്‍ ബര്‍സില്ലായിയുടെ മകനായ അദിയേലിന് പ്രസവിച്ച അഞ്ച് പുത്രന്മാരെയും രാജാവ് പിടിച്ച് ഗിബെയോന്യരുടെ കൈയില്‍ ഏല്‍പിച്ചു.'' എന്നാല്‍ 1973-ല്‍ ഇറങ്ങിയ ബൈബിളിന്റെ ന്യൂസ്റ്റാന്റേര്‍ഡ് അമേരിക്കന്‍ വേര്‍ഷനില്‍ 'ശമുവേല്‍' രണ്ടാം പുസ്തകത്തില്‍ 21:8-ല്‍ വന്ന Michal എന്ന വാക്ക് Mirab  എന്നാക്കി മാറ്റിയിട്ടുണ്ട് (കിംഗ് ജെയിംസ് വേര്‍ഷനിലും യഹോവ സാക്ഷികളുടെ New World Translatione‑ എന്ന് തന്നെയാണുള്ളത്). വൈരുധ്യം മൂടിവെക്കാനുള്ള ശ്രമമാണിത്.

ദൈവത്തെ കാണാമോ എന്നതിനെ സംബന്ധിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലും പരാമര്‍ശമുണ്ട്. യോഹന്നാന്റെ സുവിശേഷത്തില്‍ (1:18): ''ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.'' പക്ഷേ ഉല്‍പത്തിയില്‍ (32:30) മറ്റൊരു തരത്തിലാണ് വിവരണം: ''ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല എന്ന് യാക്കോബ് പറഞ്ഞു. ആ സ്ഥലത്തിന് പെനീയേല്‍ എന്ന് പേരിട്ടു.'' ഇതിനെ പിന്തുണക്കുന്ന പരാമര്‍ശം 'പുറപ്പാട്' പുസ്തകത്തില്‍ (33:11)ലും കാണാം: ''ഒരുത്തന്‍ തന്റെ സ്‌നേഹിതനോട് സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു.'' 'പുറപ്പാടി'ല്‍ (24:9-11) വീണ്ടും: ''അനന്തരം മോശയും അഹരോനും കയറിച്ചെന്നു... അവര്‍ ദൈവത്തെ കണ്ടു, ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.''

'സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങി വന്നവനായ (സ്വര്‍ഗത്തില്‍ ഇരിക്കുന്നവനായ) മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗത്തിലേക്ക് കയറിപ്പോയിട്ടില്ല' എന്ന് യോഹന്നാന്‍ 3:13-ല്‍ കാണാം. ഇതിനു വിരുദ്ധമായ പരാമര്‍ശമാണ് ഉല്‍പത്തി (5:24)യില്‍ ഉള്ളത്: ''ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു. ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.'' 'രാജാക്കന്മാര്‍' രണ്ടാം പുസ്തകത്തിലെ ഒരു പരാമര്‍ശം (2:1) ഇങ്ങനെ: ''യഹോവ ഏലിയാവെ ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് എടുത്തുകൊള്‍വാന്‍ ഉദ്ദേശിച്ചപ്പോള്‍...'' അപ്പോള്‍ യേശുവിനെ മാത്രമാണോ ദൈവം സ്വര്‍ഗത്തിലേക്ക് എടുത്തത്? അതല്ല ഹാനോക്കിനെയും ഏലിയാവിനെയും കൂടി എടുത്തിട്ടുണ്ടോ? പഴയ നിയമത്തിന്റെ പരസ്പരവിരുദ്ധമായ നിരവധി ഭാഷ്യങ്ങള്‍ (ഹീബ്രു, ഗ്രീക്ക്, സമേരിയന്‍ പോലുള്ളവ) കാണാന്‍ കഴിയും. അവയുടെ കര്‍ത്താക്കളാരെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ക്ക് നിശ്ചയമില്ല. 'ജനങ്ങളിലെ ദൈവപ്രതിനിധികളായി കരുതപ്പെടുന്ന വളരെ ഭൂരിപക്ഷം ബൈബിള്‍ കര്‍ത്താക്കളും സംശോധകരും അജ്ഞാതരായി തുടരുന്നു' എന്ന് ഫ്രഞ്ച് ഭാഷ്യത്തില്‍ കാണാം.

ബൈബിളിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധിതീര്‍പ്പ് മാന്യവും നിഷ്പക്ഷവുമാണ്. സത്യമടങ്ങിയ പുസ്തകം തന്നെയാണ് ബൈബിളെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. പക്ഷേ അതില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. അവ അതിന്റെ യഥാര്‍ഥ സ്രോതസ്സിനെ കളങ്കപ്പെടുത്തുന്നു. സത്യത്തെ തെറ്റുകളില്‍നിന്ന് വേര്‍തിരിക്കാനുള്ള മാനദണ്ഡമായി ഇസ്‌ലാം കാണുന്നത് ഖുര്‍ആനെയും നബിചര്യയെയുമാണ്. വളരെ ലളിതമാക്കി പറഞ്ഞാല്‍, ഖുര്‍ആനും സുന്നത്തുമായി ഒത്തുവരുന്ന ബൈബിളിലെ ആശയങ്ങള്‍ സ്വീകാര്യമാണ്; അല്ലാത്തവ അസ്വീകാര്യവും. ഇവ രണ്ടിലും പെടാത്തവ വിശ്വസിക്കേണ്ടതുമില്ല, തള്ളിക്കളയേണ്ടതുമില്ല. എന്നാല്‍ അബ്രഹാം, മോസസ്, ഡേവിഡ്, യേശു തുടങ്ങിയ പ്രവാചകന്മാര്‍ക്ക് ദൈവം നല്‍കിയ അകളങ്കിതമായ മൂലവേദ പ്രമാണമുണ്ടല്ലോ, അവയില്‍ ഒരു മുസ്‌ലിം ദൃഢമായി വിശ്വസിച്ചേ പറ്റൂ. അല്ലാത്തവന്‍ മുസ്‌ലിമേ ആവുകയില്ല. 

(തുടരും)

 

കുറിപ്പുകള്‍

1. രണ്ടാം വത്തിക്കാന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ (1962-65) പഴയ നിയമത്തിലും പിശകുകളുണ്ടെന്ന് സമ്മതിക്കുന്നു: ''പഴയ നിയമത്തിലെ പുസ്തകങ്ങള്‍ യേശുവിന്റെ മുക്തി പ്രഖ്യാപനത്തിനു മുമ്പുള്ള മനുഷ്യസമൂഹത്തിന്റെ അവസ്ഥക്കനുസരിച്ചുള്ളതാണ്.  ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള വിവരങ്ങളും കാരുണ്യവാനും നീതിമാനുമായ ദൈവം മനുഷ്യരുമായി എങ്ങനെ ഇടപെടുന്നുവെന്നും അവ വെളിപ്പെടുത്തുന്നു. ഈ പുസ്തകങ്ങളും അപൂര്‍ണങ്ങളും താല്‍ക്കാലികവുമായ (Incomplete and Temporary)  ചിലത് ഉള്‍ക്കൊള്ളുന്നുവെങ്കിലും...'' 1893 നവംബര്‍ 18-ന് പോപ്പ് ലിയോ എട്ടാമന്‍ പ്രസിദ്ധീകരിച്ച Providentissimus Deus (On the Study of Holy Scripture)  എന്ന വിശുദ്ധ വേദപഠനത്തില്‍ ഇങ്ങനെ കാണാം: ''ബൈബിള്‍ പാഠത്തില്‍ പകര്‍ത്തിയെഴുത്തുകാര്‍ അബദ്ധങ്ങള്‍ വരുത്തി എന്നത് ശരിയാണ്.'' തുറന്നു സമ്മതിക്കുന്നതു തന്നെയാണല്ലോ ഏറ്റവും വലിയ തെളിവ്.

Comments

Other Post

ഹദീസ്‌

ബിദ്അത്തുകളെ കരുതിയിരിക്കുക
സുബൈര്‍ കുന്ദമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (61-64)
എ.വൈ.ആര്‍